അറബിക്കഥകള്‍ -1
This Malayalam 'eBook-21-ayirathonnu-ravukal-arabikkathakal-1' is a series of Persian Arabian Fantasy literature. Author- Binoy Thomas, Price- FREE
'ആയിരത്തൊന്ന്-രാവുകള്‍-അറബിക്കഥകള്‍-1' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക് രൂപത്തിലുള്ള ഈ പരമ്പര പേര്‍ഷ്യന്‍ അറേബ്യന്‍ സാഹിത്യത്തിലെ മികച്ച കൃതിയാണ്. രാത്രിയില്‍ സുല്‍ത്താന്‍ ശ്രവിച്ച ആയിരത്തൊന്ന് കഥകള്‍ ഓണ്‍ലൈന്‍ വായനയിലേക്ക്..
To download this pdf eBook Google drive file, click here-
കഥകളുടെ ലോകത്തെ ഒരു വിസ്മയമാകുന്നു 'ആയിരത്തൊന്ന് രാവുകള്‍'. അറബിക്കഥകള്‍ എന്ന പേരിലും ഇവ പ്രശസ്തമാണ്. അറബിഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതി ഇപ്പോള്‍ അനേകം ലോകഭാഷകളില്‍ ലഭ്യമാണ്. ഇതില്‍ ഒട്ടേറെ അറബ്-പേര്‍ഷ്യന്‍ നാടോടിക്കഥകളും ഉള്‍പ്പെടുന്നുണ്ട്. അനേകം സാഹിത്യകാരന്മാരും വിവര്‍ത്തകരും ഈ കഥകളുടെ സമാഹരണത്തില്‍ വിവിധ തരത്തില്‍ പങ്കാളികളായി.
ഇറാഖില്‍ 9-10 നൂറ്റാണ്ടുകള്‍ക്കിടയില്‍ കിട്ടിയ അറബിക്കഥകള്‍ ഇത്തരത്തില്‍ ലഭ്യമായ ഏറ്റവും പഴക്കമേറിയ കൃതിയാണ്. 'അലാവുദ്ദീനും അത്ഭുത വിളക്കും', 'ആലിബാബയും 41 കള്ളന്മാരും', 'സിന്‍ബാദ് കഥകള്‍' എന്നിങ്ങനെ ഒട്ടേറെ കഥകള്‍ ഏവരെയും രസിപ്പിക്കുമെന്നു തീര്‍ച്ചയാണ്.
ഞാന്‍ എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍, ഏതോ പ്രസാധകര്‍ മലയാളത്തില്‍ സമ്പൂര്‍ണ കൃതിയായി 'ആയിരത്തൊന്ന് രാവുകള്‍' പല വാല്യങ്ങളായി പുറത്തിറങ്ങിയപ്പോള്‍ പുസ്തകം പോലെ വിലയും കനത്തതായിരുന്നുവെന്ന് ഓര്‍മിക്കുന്നുണ്ട്.
പൂമ്പാറ്റയും ബാലരമയും കുറച്ചു 'മൊട്ടായി'കളും വാങ്ങി നുണയുന്ന എനിക്കത് അപ്രാപ്യവുമായിരുന്നു. എന്നാല്‍, എന്റെ കൂട്ടുകാരന്റെ ബന്ധുവായ കവി-ഉണ്ണികൃഷ്ണന്‍കാഞ്ഞിരത്താനത്തിന്റെ കൈവശമുണ്ടായിരുന്ന ഈ അറബിക്കഥകള്‍ അവനു വായിക്കാന്‍ കൊടുത്തപ്പോള്‍ എനിക്കും മുഴുവന്‍ വായിക്കാനായെന്നു നന്ദിയോടെ സ്മരിക്കട്ടെ. വായനയിലൂടെ ഭാവനയുടെ ഒരു മായാപ്രപഞ്ചം സൃഷ്ടിക്കുന്ന ഒരു പ്രത്യേക അനുഭവമായിരുന്നു അത്.
ഇതിന്റെ ഇതിവൃത്തത്തിലേക്ക് ഒന്നു കണ്ണോടിക്കാം- ഷഹരിയാര്‍ എന്നൊരു സുല്‍ത്താന്‍ തന്നെ ചതിച്ച രാജ്ഞിയെ വധിച്ചതുകൂടാതെ അന്നാട്ടിലെ ഓരോ കന്യകയെയും വിവാഹം ചെയ്ത ശേഷം ആദ്യരാത്രിയുടെ അന്ത്യയാമത്തില്‍ കൊന്നൊടുക്കി കോപം തീര്‍ത്തുകൊണ്ടിരുന്നു. ഒടുവില്‍, മന്ത്രിയുടെ മകളായ ഷഹര്‍സാദയുടെ ഊഴവും വന്നുചേര്‍ന്നു. സുല്‍ത്താനുമായുള്ള ആദ്യരാവില്‍, അവള്‍ ബുദ്ധിപരമായി കഥ പറയുവാന്‍ തുടങ്ങി. പൂര്‍ണമാകാത്ത തരത്തില്‍ ഓരോ കഥയും രാത്രിയില്‍ സുല്‍ത്താനോട് പറഞ്ഞ് അദ്ദേഹത്തിന്റെ കഥ കേള്‍ക്കാനുള്ള ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.
അങ്ങനെ ആ അറബിക്കഥകള്‍ ആയിരത്തൊന്നു രാവുകള്‍ തുടര്‍ച്ചയായി നീണ്ടുപോയി. ഒടുവില്‍, അദ്ദേഹത്തിന്റെ മനസ്സും അവളിലേക്ക് രൂപാന്തരപ്പെട്ടതിനാല്‍ മറ്റുള്ള കന്യകകള്‍ രക്ഷപെടുകയും ചെയ്തു. അവള്‍ പറഞ്ഞ കഥകള്‍ ഈ മഹത്തായ കൃതിയുടെ പിറവിക്കു കാരണമായി.
ഓരോ കഥയും എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന പ്രതീക്ഷയോടെ..
ബിനോയി തോമസ്.
അറബിക്കഥകള്‍ (Arabian stories, 1001 Arabian Nights, One Thousand One Nights)
അറബിക്കഥകളുടെ തുടക്കം.. ( The beginning of Arabikadhakal)സുല്‍ത്താന്‍ ഷഹരിയാര്‍ ഒന്നിനും ഒരു കുറവില്ലാതെ വളരെ സന്തോഷവാനായി രാജ്യം ഭരിച്ചുവരികയായിരുന്നു. പ്രജകളും രാജ്യവും സമ്പല്‍ സമൃദ്ധിയില്‍ മതിമറന്നു.
ഒരു ദിവസം-
സുല്‍ത്താന്‍ ഞെട്ടിക്കുന്ന ആ രഹസ്യം തിരിച്ചറിഞ്ഞു- രാജ്ഞി തന്നെ ചതിച്ചിരിക്കുന്നു; വിശ്വാസ വഞ്ചന പൊറുക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. കോപാഗ്നിയില്‍ തിളച്ച അദ്ദേഹം രാജ്ഞിയെ വധിച്ചു!
എന്നിട്ടും മനസ്സുഖം ലഭിച്ചില്ല. ദുഃഖം മാറുവാനായി സഹോദരനായ ഷംസവുമൊത്ത് ഷഹരിയാര്‍ ഒരു യാത്ര പുറപ്പെട്ടു. ഷംസം പല തരത്തിലും കോപം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും സുല്‍ത്താനു സ്വീകാര്യമായില്ല.
അങ്ങനെ ഒരു ദിനം, അവര്‍ കടല്‍തീരത്ത് എത്തിച്ചേര്‍ന്നു. ഇരുവരും കാറ്റേറ്റ് ഇരിക്കുമ്പോള്‍ അവിടേക്ക് വെള്ളത്തിലൂടെ എന്തോ ഒന്ന് വരുന്നതു കണ്ടു. ഒരാള്‍ മാറോടു ചേര്‍ത്തുപിടിച്ച വലിയൊരു പെട്ടിയുമായി നീന്തി വരുന്ന കാഴ്ച!
ഷഹരിയാറും ഷംസവും പെട്ടെന്നുതന്നെ അടുത്തുള്ള മരത്തിന്റെ മറവില്‍ ഒളിച്ചിരുന്ന് അതെന്താണെന്ന് സൂക്ഷിച്ചു നോക്കി. അതൊരു മനുഷ്യനായിരുന്നില്ല- ഭൂതമായിരുന്നു. ഭൂതം മെല്ലെ ഏഴു ചങ്ങലകളാല്‍ ബന്ധിച്ച പെട്ടി തുറന്നു. അതില്‍നിന്നും അതിസുന്ദരിയായ ഒരുവള്‍ പുറത്തുവന്നു. ഭൂതത്താന്‍ എവിടെനിന്നോ വിവാഹനാളില്‍ തട്ടിയെടുത്ത യുവതിയായിരുന്നു അവള്‍. ഭൂതം വാത്സല്യപൂര്‍വ്വം അവളുടെ മടിയില്‍ തലവച്ചു മണല്‍പ്പരപ്പില്‍ കിടന്നു.
ഭൂതം ഉറക്കമായപ്പോള്‍ മണ്ണുകൊണ്ട് മടിയോളം വരുന്ന ഒരു കൂനയുണ്ടാക്കി അതില്‍ ആ തല ഇറക്കിവച്ച് യുവതി എണീറ്റ് ചുറ്റും നോക്കി. അപ്പോള്‍, ഒളിച്ചിരുന്ന സുല്‍ത്താനെയും ഷംസത്തിനെയും കണ്ടുപിടിച്ചു.
അവര്‍ രണ്ടുപേരോടും, തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന് യുവതി ശഠിച്ചു. എന്നാല്‍, രാജാവും ഷംസവും ഇതിനെ എതിര്‍ത്തപ്പോള്‍ അവള്‍ ഒരു ആഭരണപ്പെട്ടി തുറന്നു കാണിച്ചു. അതിനുള്ളില്‍ നിറയെ പലതരത്തിലുള്ള വിലപിടിച്ച മോതിരങ്ങള്‍!
"ഇത്രയധികം മോതിരങ്ങള്‍ നിനക്ക് എവിടെനിന്ന് ലഭിച്ചു?" രാജാവിന് അത്ഭുതം അടക്കാനായില്ല. അപ്പോള്‍ അവള്‍ പറഞ്ഞു:
"ഞാന്‍ ഇതുവരെ ആരുടെയൊക്കെ ഭാര്യയായിരുന്നുവോ അവരുടെയെല്ലാം കയ്യില്‍നിന്നും ഒരു മോതിരം വാങ്ങും, ഒരു അടയാളം പോലെ"
രാജാവ് കോപാന്ധനായി. ഏഴു താഴിട്ടു പൂട്ടിയിട്ടും ഇവള്‍?
"ഇവള്‍...കൊടും പാപിയാണ്. ഏഴു താഴിട്ടു പൂട്ടിയിട്ടും ഇങ്ങനെ എത്രയേറെ പുരുഷന്മാരെ ഇവള്‍ ചതിച്ചിരിക്കുന്നു? അങ്ങനെയെങ്കില്‍, നാട്ടില്‍ സുഖമായി കഴിയുന്ന സ്ത്രീകളുടെ കഥയോ?"
ഷഹരിയാറിന്റെ സ്ത്രീവിദ്വേഷം ഇത് ആളിക്കത്തിച്ചു. അദ്ദേഹം ഷംസമിനോട് അലറി:
"ഞാന്‍ ഒരിക്കലും ഒരു സ്ത്രീയെയും ഇനി വിശ്വസിക്കില്ല..ഇല്ല.."
ഷംസം പലതും പയറ്റിയിട്ടും അദ്ദേഹത്തിന്റെ മനസ്സില്‍ വൈരാഗ്യവും വാശിയും കൂടിക്കൂടി വന്നു. പിന്നീട്..
"ഷംസം, നമുക്ക് കൊട്ടാരത്തിലേക്ക് തിരികെ പോകാം. ഇതുപോലെ പുരുഷവര്‍ഗ്ഗത്തെ ചതിക്കുന്ന സ്ത്രീകളെ ഒന്നടങ്കം ഒരു പാഠം പഠിപ്പിച്ചിട്ടേ എനിക്ക് ഇനി വിശ്രമമുള്ളൂ.."
അവര്‍ ഇരുവരും കൊട്ടാരത്തിലെത്തി. സുല്‍ത്താന്‍ ഷഹരിയാര്‍ ഒരു കല്പന പുറപ്പെടുവിച്ചു: "ഈ നാട്ടില്‍നിന്നും എല്ലാ ദിവസവും രാത്രിയില്‍ ഒരു കന്യകയെ എന്റെ മണിയറയില്‍ എത്തിക്കണം"
ആ കന്യകകളെ മണിയറയില്‍ സൂക്ഷിച്ചിരുന്ന വാള്‍കൊണ്ട് പുലര്‍ച്ചെ തലവെട്ടുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അങ്ങനെ മണിയറയില്‍ ചോരപ്പുഴയൊഴുകി. വധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ തലതല്ലിക്കരഞ്ഞു. കന്യകകള്‍ ആരും സ്വമേധയാ മുന്നോട്ടു വരില്ലാത്തതിനാല്‍ മന്ത്രി അതിനൊരു പോംവഴി കണ്ടു പിടിച്ചു- രാജ്യത്തിലെ എല്ലാ കന്യകകളുടെയും പേരെഴുതി നറുക്കിട്ട് ഇരകളെ കണ്ടുപിടിക്കുക! മന്ത്രി പതിവുപോലെ ഒരു ദിനം നറുക്കിട്ടപ്പോള്‍,
'ഷഹര്‍സാദ!'
മന്ത്രി ഞെട്ടിത്തെറിച്ചു!
തന്റെ പൊന്നുമകള്‍! അയാള്‍ പൊട്ടിക്കരഞ്ഞു. കല്പന പ്രകാരം സുല്‍ത്താന്റെ മണിയറയിലേക്ക് ഷഹര്‍സാദയ്ക്കു പോകാനുള്ള സമയമടുത്തു. കരഞ്ഞുകൊണ്ടിരുന്ന പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ട് അവള്‍ പറഞ്ഞു:
"ദൈവത്തിന്റെ ഇഷ്ടം ഇതാണെങ്കില്‍ അങ്ങനെ നടക്കട്ടെ..ഒന്നുകില്‍ ഞാന്‍ മരിക്കും..അല്ലെങ്കില്‍ ഈ രാജ്യത്തിലെ കന്യകകള്‍ക്ക് ഈ ദുര്‍വിധി ഒരിക്കലും ഇനിയുണ്ടാവില്ല"
അങ്ങനെ ദുഃഖഭാരത്താല്‍ യാത്ര ചോദിക്കുന്നതിനു മുന്‍പ്, അനുജത്തി ദുന്യസയെ അടുത്തു വിളിച്ച് ഇപ്രകാരം പറഞ്ഞു:
"കൊട്ടാരത്തില്‍വച്ച് ഞാന്‍ രക്ഷപെടാനായി ഒരു തന്ത്രം പ്രയോഗിക്കും- എന്റെ അന്ത്യാഭിലാഷമായി നിന്നെ കാണണമെന്ന് പറയും. നീ അവിടെ വന്ന്‍ കാണുമ്പോള്‍ അവസാനമായി ഒരു കഥ പറയണമെന്ന് എന്നോട് ആവശ്യപ്പെടണം"
അങ്ങനെ ഷഹര്‍സാദ കൊട്ടാരത്തിലെത്തി രാത്രിയില്‍ മണിയറയില്‍ പ്രവേശിച്ചു. അവളുടെ അംഗലാവണ്യത്തില്‍ മതിമറന്ന സുല്‍ത്താന്‍ ചോദിച്ചു:
"പ്രിയേ, നിനക്ക് അവസാനമായി എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ?"
"എനിക്ക്..എന്റെ അനുജത്തിയെ ഒന്നു കാണണമെന്നുണ്ട്. ദയവായി അങ്ങ് അതിനു സമ്മതിച്ചാലും"
അങ്ങനെ ദുന്യസ അവിടെ എത്തപ്പെട്ടു. ചേച്ചിയെ കണ്ട മാത്രയില്‍ ഒരു കഥ കേള്‍ക്കണമെന്ന ആഗ്രഹവും അവള്‍ സുല്‍ത്താനോട് ഉണര്‍ത്തിച്ചു. അങ്ങനെ ഷഹര്‍സാദ മെല്ലെ ഹൃദ്യമായ ഭാഷയില്‍ കഥ പറഞ്ഞു തുടങ്ങി. കഥയില്‍ ലയിച്ച സുല്‍ത്താന്‍ തന്റെ വാളും ഇരയുമൊക്കെ മറന്ന് നേരം പുലര്‍ച്ചയായി. ആ കഥ പൂര്‍ത്തിയാക്കാതെ തന്ത്രപൂര്‍വ്വം അവിടെ നിര്‍ത്തി.
ഇതേ സമയം, സുല്‍ത്താന്‍ അവളോട് ചോദിച്ചു:
"ഷഹര്‍സാദ, പറയൂ..പിന്നെന്ത് സംഭവിച്ചു? കേള്‍ക്കട്ടെ.."
ഇതിന്റെ ബാക്കി കഥ ഇന്നു രാത്രി പറയാമെന്ന് അവള്‍ പറഞ്ഞത് അദ്ദേഹം അനുസരിച്ചു. ആദ്യം കഥ മുഴുവന്‍ പറഞ്ഞുതീരട്ടെ, പിന്നെ മറ്റുള്ള കാര്യമെന്നു സുല്‍ത്താന്‍ ചിന്തിച്ചു. അങ്ങനെ ഒന്നും രണ്ടുമല്ല, ആയിരത്തൊന്നു രാവുകള്‍ തുടര്‍ച്ചയായി കഥ കേട്ടിരുന്ന അദ്ദേഹം ഒടുവില്‍, സ്ത്രീകള്‍ എല്ലാവരും മോശക്കാരല്ല എന്ന നിഗമനത്തിലെത്തി. വാളും വധശിക്ഷയും ഒഴിവാക്കി ഷഹര്‍സാദയുമൊത്ത് സന്തോഷമായി ജീവിച്ചു. ആ രാത്രികളില്‍ പറഞ്ഞ കഥകള്‍ പില്‍ക്കാലത്ത് 'ആയിരത്തൊന്നു രാവുകള്‍' എന്ന പേരില്‍ പ്രശസ്തമായി. ഇനിയും അനേകം രസകരമായ അറബിക്കഥകൾ (Arabikathakal)