മുത്തശ്ശിക്കഥകള്‍ -4-സ്വയംവരം

This Malayalam 'eBook-62-muthassikkadhakal-4-swayamvaram' is a series of children literature- short moral bed time stories for a quality life specially designed for children as traditional muthassi kathakal. Author- Binoy Thomas, format-PDF, size-110 KB, pages-15

'മുത്തശ്ശിക്കഥകള്‍-സ്വയംവരം' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പരയിലെ കുട്ടികളുടെ മുത്തശ്ശിക്കഥകളില്‍ ഓരോന്നിലും നന്മയുടെ സാരാംശം ഉള്ളവയാണ്. സാരോപദേശകഥകള്‍, ഹിതോപദേശകഥകള്‍, ഗുണപാഠകഥകള്‍, സദുപദേശകഥകള്‍ എന്നിവയെല്ലാം അടങ്ങുന്നതാകുന്നു മുത്തശ്ശിക്കഥകള്‍.
Download this eBook for future offline reading or making your ready to use digital library. Best wishes!
To download this safe Google Drive eBook-62 file-
Click here-

https://drive.google.com/file/d/0Bx95kjma05cidEowa2gxU3VwNzQ/view?usp=sharing&resourcekey=0-AqpeBgmu9ZSiv_b8Pd_VCg

സ്വയംവരം എന്ന കഥ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും വായിക്കാം. ഓൺലൈൻ ആയി ഇപ്പോൾ മറ്റൊരു കഥ വായിക്കുമല്ലോ.

വളയാൻ മടിക്കാത്തവർ (Online bedtime stories in Malayalam for children)

വൈകുന്നേരം സ്കൂൾ കഴിഞ്ഞെത്തിയ ഉണ്ണിക്കുട്ടൻ ചിരിയും കളിയുമൊന്നുമില്ലാതെ വീട്ടിലേക്ക് കയറിയപ്പോൾതന്നെ നാണിയമ്മയ്ക്ക് സംഗതി പിടികിട്ടി - ടീച്ചറിന്റെ കയ്യീന്ന് അടി കിട്ടിക്കാണും; അല്ലെങ്കിൽ ക്ലാസ്സിൽ തല്ലുകൂടിക്കാണണം.
"എന്താ ഉണ്ണിക്കുട്ടാ... കൂട്ടുകാരുമായി വഴക്കിനു പോയോ നീയ്?"
"അമ്മൂമ്മേ...ഞാനല്ലാ വഴക്കിട്ടത്. മോങ്കുട്ടനാ. അവനെന്നെ 'പോടാ... പന്നപ്പുല്ലേ'ന്ന് വിളിച്ചു"
"ഹി..ഹി.. അവൻ വെറുതെ, സിനിമായിലെ കളിതമാശ പറഞ്ഞതിന് ..ന്റെ ഉണ്ണിക്കുട്ടനെന്തിനാ വെഷമിക്കണത്?"

"പുല്ലെന്ന് വച്ചാൽ ഞാനും മുറ്റത്തെ പുല്ലും ഒരുപോലാന്നാണോ?"
"ന്റെ.. കുട്ടനെ വല്ലോരും പുല്ലെന്ന് പറഞ്ഞാൽ അങ്ങനാകുമോ"
ഉണ്ണിക്കുട്ടന് ദേഷ്യം വന്നു തുടങ്ങി.
"ങാ.. എങ്കിപ്പിന്നെ പുല്ലേന്ന് വിളിച്ചോണ്ട് എന്താ ഗുണം?"
"വില കുറഞ്ഞ നിസ്സാരനാന്ന് കാണിക്കാൻവേണ്ടി പറേണതാ. എന്നുവച്ച്, പുല്ലിനുമില്ലേ അതിന്റെതായ ശക്തിയും വിലയുമൊക്കെ.. അവരുടെ ഒരു കഥ ഞാൻ നിനക്കു കിടക്കാന്നേരം പറഞ്ഞു തരാം"

"ഇപ്പോത്തന്നെ വേണം"
ഉണ്ണിക്കുട്ടൻ ചിണുങ്ങിത്തുടങ്ങി.
"ഇപ്പോ.. എനിക്കു വേറെ നൂറുകൂട്ടം പണി അടുക്കളേല്‍ കെടക്കണ്... ഉറങ്ങാൻ നേരം പറയാം"
തര്‍ക്കിക്കാന്‍ നില്‍ക്കാതെ അവൻ കളിക്കാനായി അയലത്തെ വീട്ടിലേക്ക് ഓടി. അത്താഴം കഴിഞ്ഞ് കിടന്നപ്പോൾ കഥ കേൾക്കാനായി അവന്റെ കുഞ്ഞു കാതുകൾ ചെവിയോർത്തു. നാണിയമ്മൂമ്മ പറഞ്ഞുതുടങ്ങി:

ഒരിടത്തൊരിടത്ത്, ഒരു പറമ്പിന്റെ നടുക്കായി വലിയൊരു മരം നിന്നിരുന്നു. ധാരാളം കിളിക്കൂടുകൾ അതിലുണ്ടായിരുന്നു. ആ കിളികൾ പലതരം പാട്ടുകൾ പാടി. കായ്കൾ തിന്നാൻ മൽസരിച്ചു. മറ്റു ദേശങ്ങളിലെ പക്ഷികളും പറക്കലിനിടയില്‍ വിശ്രമിക്കാന്‍ ഇടം തേടിയിരുന്നത് ആ മരക്കൊമ്പുകളില്‍ ആയിരുന്നു. പക്ഷികളുടെ നേതാവായിരുന്ന ചെമ്പന്‍പരുന്തും എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ തലയെടുപ്പോടെ സ്ഥാനംപിടിക്കും. 

അതല്ലാതെ, വേറെയും ജീവികള്‍ അവിടെയുണ്ടായിരുന്നു. അണ്ണാനും മറ്റും അതിന്റെ ശിഖരങ്ങളിലൂടെ കുത്തിമറിഞ്ഞു. ചിലന്തികൾ പലയിടത്തും വലകൾ നെയ്ത് ഇരകളെ പിടിച്ചുകൊണ്ടിരുന്നു. മരത്തിന്റെ പൂവുകളിൽ തേനുണ്ണാൻ ഈച്ചകൾ പറന്നിറങ്ങി.
നാനാതരത്തിലുള്ള ഉറുമ്പുകൾ വരിവരിയായി മരത്തിലൂടെ കയറിയിറങ്ങുന്നുണ്ടായിരുന്നു. ഇതേ സമയത്ത്, മരച്ചുവട്ടിലെ പൊത്തുകളിൽ എലികളും പാമ്പുകളും വീടുണ്ടാക്കി.

ആദ്യമൊക്കെ ആ വൃക്ഷം അതില്‍ സന്തോഷിച്ചു. എന്നാല്‍, പിന്നീട് ഇതെല്ലാം കണ്ടുകണ്ട് മരം ക്രമേണ അഹങ്കാരിയായിത്തീർന്നു. ചുറ്റുവട്ടത്തുണ്ടായിരുന്ന ചെറു മരങ്ങളെയും ചെടികളെയും അത് കളിയാക്കാൻ തുടങ്ങി. ശക്തനായ മരത്തിനു മുന്നിൽ മറ്റുള്ളവ നാണിച്ചു തലതാഴ്ത്തി.
അങ്ങനെയിരിക്കെ, ഒരു വേനൽക്കാലം.

ഒരു ദിവസം, മരം തന്റെ കാൽച്ചുവട്ടിലേക്ക് നോക്കിയപ്പോൾ അവിടെ ചെറിയ പുൽകൂട്ടങ്ങൾ വളർന്നു നിൽക്കുന്നതായി കണ്ടു. അത് പുല്ലുകളെ നോക്കി അട്ടഹസിച്ചു.
"ഹേയ്... പുൽകൂട്ടമേ.. നിങ്ങളുടെ ഒരു ദുർഗതി നോക്കൂ... ആരെങ്കിലും വന്ന് ചവിട്ടിമെതിച്ച് പോകാതിരുന്നാൽ നിങ്ങളുടെ ഭാഗ്യം. ഏതെങ്കിലും കന്നുകാലികൾ വന്നാലോ? നിങ്ങൾ അവരുടെ വയറ്റിലേക്ക് പോകും. നിങ്ങളുടെ കഥയും അതോടെ കഴിഞ്ഞു"
ഇതു കേട്ട് പുൽക്കൊടികൾ പേടിച്ചു വിറച്ചു. 

അതുകൊണ്ടും ആ വൃക്ഷം അതിന്റെ വീരകഥകൾ നിർത്താൻ കൂട്ടാക്കിയില്ല.
"എത്രയധികം ജീവികളാണ് എന്നെ ആശ്രയിച്ച് കഴിയുന്നതെന്നു നോക്കൂ! എന്നാൽ നിങ്ങളോ? എല്ലാം വിധിയെന്ന് കരുതി സമാധാനിക്കൂ..."
അപ്പോഴും പുൽകൂട്ടങ്ങൾ ഒന്നും മിണ്ടാതെ വിഷമിച്ച്‌ നിന്നതേയുള്ളൂ. അവരുടെ നേതാവായ പുൽരാജൻപോലും നട്ടെല്ലു വളച്ചു നിലത്തു മുഖം പൂഴ്ത്തി. രാവും പകലും ഓരോന്നായി കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ആ വേനലിനുശേഷം, മഴക്കാലം ആരംഭിച്ചു.

ശക്തമായ മഴയ്ക്കിടയിൽ ഒരു ദിനം. ജീവികള്‍ ആരുംതന്നെ ഇര തേടാന്‍ പുറത്തുപോയില്ല. ചെമ്പന്‍പരുന്ത് ധൃതിയില്‍ അവിടെ പറന്നിറങ്ങി. അത് എല്ലാവരോടുമായി പറഞ്ഞു:
"കൂട്ടരേ, നമ്മുടെ കിഴക്കന്‍നാട്ടില്‍ ശക്തമായ കാറ്റു വീശി കനത്ത നാശം വിതച്ചിരിക്കുന്നു. ഇങ്ങോട്ടും ഇന്നു രാത്രിയില്‍ കാറ്റടിച്ചേക്കാന്‍ സാധ്യതയുണ്ട്. ഇവിടെനിന്നും രക്ഷപ്പെടുകയാണു ബുദ്ധി. എന്റെ മരവും കൂടും പടിഞ്ഞാറുദേശത്താണ്. നിങ്ങളും അങ്ങോട്ടു പോന്നോളൂ..."
ഉടന്‍തന്നെ ചെമ്പന്‍പരുന്ത് പറന്നുപോയി. എല്ലാവരും ഇതുകേട്ട് പേടിച്ചുവിറച്ചു. കിളികൾ വീടൊഴിഞ്ഞു നേതാവിന്റെ പിറകേ പറന്നു. പേടിച്ച് പൂക്കളും കായ്കളും കൊഴിഞ്ഞു വീണു.

ഈച്ചകളും വണ്ടുകളും പടിഞ്ഞാറുള്ള നല്ല സ്ഥലങ്ങളിലേക്ക് പറന്നകന്നു. മാളങ്ങളിൽ വെള്ളം കയറിയതിനാൽ എലികളും പാമ്പുകളും അതൊഴിഞ്ഞ് അപ്പുറത്തെ ഉയർന്ന പറമ്പിലേക്ക് ഓടി.
രാത്രിയായപ്പോള്‍ കിഴക്കുനിന്ന് കാറ്റിന്റെ ഭയങ്കര ശബ്ദം കേട്ടുതുടങ്ങി. അതിനു മുന്നോടിയായി സാമാന്യം ശക്തമായ കാറ്റു വീശി.

എന്നാല്‍, പുല്‍കൂട്ടങ്ങള്‍ കാറ്റിനോട് ഗുസ്തി പിടിക്കാതെ അതിനൊപ്പിച്ച്‌ നൃത്തം ചവിട്ടി. അപ്പോഴും ആ മരം ഇതൊക്കെ നിസ്സാരമെന്ന മട്ടിൽ തലയുയര്‍ത്തി കാറ്റിനോട് വിളിച്ചുപറഞ്ഞു:
"കഴിഞ്ഞ നൂറ്റമ്പത് വര്‍ഷമായി ഇവിടെ നില്ക്കുന്ന ഞാന്‍, എത്രതരം കാറ്റിനെ കണ്ടിരിക്കുന്നു! നിന്റെ പരാക്രമം എന്നോടു വേണ്ടാ.."
അതിനു പിറകേ കൊടുങ്കാറ്റ് വീശി. അതിന്റെ ഹുങ്കാരത്തിനു മുന്നിൽ വൃക്ഷത്തിന്റെ അഹങ്കാരം ഒന്നുമല്ലാതായി. മരം തന്റെ ശിഖരങ്ങൾകൊണ്ട് കാറ്റിനോട് ഏറ്റുമുട്ടി.

തോൽവി ഉറപ്പായപ്പോൾ ചില്ലകൾ ഒതുക്കിപ്പിടിച്ച് രക്ഷപ്പെടാനായിയിരുന്നു മരത്തിന്റെ പിന്നത്തെ നീക്കം. എന്നാൽ, ഉഗ്രപ്രതാപിയായ കൊടുങ്കാറ്റ് ആ മരത്തെ പിഴുതെറിഞ്ഞു.
അടുത്ത പ്രഭാതത്തിൽ പറമ്പിനോട് ചേർന്ന് ഒരു ലോറി വന്നു നിന്നു. അതിൽ നിന്നും തടിമാടന്മാരായ കുറച്ചു പേർ ചാടിയിറങ്ങി. അവർ കടപുഴകിയ മരത്തെ നിർദ്ദയം വെട്ടിമുറിച്ച് ലോറിയിൽ കയറ്റി തടിമില്ലിലേക്കു പോയി.
ചുവന്ന മരക്കറ അവിടമാകെ കെട്ടിക്കിടന്ന് അസഹ്യമായ ഗന്ധവും ഉണ്ടാക്കുന്നുണ്ടായിരുന്നു.

ഇതെല്ലാം ഒരു അത്ഭുതം കണക്കെ പുൽകൂട്ടം കാണുന്നുണ്ടായിരുന്നു. അപ്പോൾ പുൽരാജൻ പറഞ്ഞു:
"കൊടുങ്കാറ്റിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആകാശം മുട്ടെ നിന്ന മരത്തിനു കഴിഞ്ഞില്ല. എന്നാൽ, ആ കഴിവ് ദുർബലരായ നമുക്ക് ദൈവം തന്നിരിക്കുന്നു! മരം പണ്ട് പറഞ്ഞപോലെ എല്ലാം വിധിയാണ്!"
കഥ മനസ്സിലായെന്ന മട്ടില്‍, ഉണ്ണിക്കുട്ടന്‍ തലയാട്ടിക്കൊണ്ട് മെല്ലെ ഉറക്കത്തിലേക്ക് ചാഞ്ഞു.

ഗുണപാഠം (value of this story) :

ഈ ലോകത്തിന്റെ പൂര്‍ണതയ്ക്ക് ചെറിയവരും വേണ്ടതാണെന്ന് വലിയവര്‍ ഓര്‍ക്കുക. നൂറു സ്വര്‍ണത്തൂമ്പ കൈവശം ഉള്ളവനും കഠിനമായ ജോലിക്ക് ഒരു ഇരുമ്പുതൂമ്പയുടെ ആവശ്യം വന്നേക്കാം. അതിനാല്‍ ചെറിയവരെ ആരും കളിയാക്കാതിരിക്കട്ടെ.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍