ചെറുകഥകള്‍

ചെറുകഥ-2

This Malayalam 'eBook-51-Malayalam-short-stories-2-munvidhi'
Author- Binoy Thomas, format-PDF, size-112 KB, pages-14, price-FREE.
'മലയാളം-ചെറുകഥകള്‍--2-മുന്‍വിധി' ഡിജിറ്റല്‍ ഇ-ബുക്ക്‌
Click here-

https://drive.google.com/file/d/0Bx95kjma05ciMWhyZC0tTkZQSnM/view?usp=sharing&resourcekey=0-kYnkKVdqEfkGuuhTTdiVWQ

മുന്‍വിധി (short stories in Malayalam)

ഇന്ന് തിങ്കള്‍. ഞായറിന്റെ ആലസ്യത്തിനുശേഷം ആശുപത്രിയിലെ ഓ.പി.കൾ വീണ്ടും സജീവമാകുന്ന ദിനം. ആംബുലൻസുകൾ ശബ്ദം മുഴക്കി എങ്ങോട്ടൊക്കയോ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. രോഗികളെ നേരിടാൻ ഡോക്ടർമാർ നേരത്തേതന്നെ ഹാജരായി. പേരു വിളിക്കുന്നതും കാത്ത് രോഗികൾ അക്ഷമരായി പലയിടങ്ങളിലും നിലയുറപ്പിച്ചിരുന്നു.

എല്ലാവരുടെയും മുഖത്ത്, ആകുലതയും വേദനയും ആശയക്കുഴപ്പവും ദൈന്യവും നിറഞ്ഞുനില്പുണ്ട്; അല്ലെങ്കിലും ആശുപത്രിയില്‍ സന്തോഷത്തിന് എന്തു പ്രസക്തി? പലതരം രോഗാണുക്കൾക്കു മുന്നിൽ പൂര്‍ണ്ണമായി കീഴടങ്ങാൻ മടിച്ച രോഗികളെ ആശുപത്രിക്കാര്‍ കനത്ത ബില്ലിലൂടെ അനായാസം കീഴടക്കുന്നതും പതിവു കാഴ്ചയായി.

മിക്കവാറും എല്ലാ വകുപ്പുകളും വാരം മുഴുവനും ഓടുന്നുണ്ടെങ്കിലും ആഴ്ചയിൽ രണ്ടുദിവസം മാത്രമേ സർജറിയുള്ളൂ - തിങ്കളും വ്യാഴവും. കാരണം, സർജൻ-ഗോപിനാഥന് അല്പം ജ്യോതിഷത്തിന്റെ ഇളക്കമുണ്ട്. പേരുദോഷമുള്ള ചൊവ്വ, ബുധൻ കള്ളൻ, ശനിയുടെ അപഹാരം എന്നിങ്ങനെ പ്രശ്നങ്ങള്‍...എന്നാലോ? രോഗികളുടെ പോക്കറ്റു കീറി എല്ലാ ദിവസവും പണം സംഭരിച്ചുകൂട്ടുന്നതിന് അദ്ദേഹത്തിന് യാതൊരു സമയനോട്ടവുമില്ലായിരുന്നു.
അതേസമയം, ഒരാൾ തന്റെ പതിവ് രീതിയിൽത്തന്നെ നടകൾ ഓടിക്കയറി രോഗികളുടെ ഇടയിലൂടെ തിക്കിത്തിരക്കി പഞ്ചിങ്മെഷീനു മുന്നിലെത്തി. ചൂണ്ടാണിവിരൽ അതിലമർത്തിയപ്പോൾ 'Time- 8:59:26, Raju P.R' എന്ന് പച്ചവെളിച്ചത്തിൽ തെളിഞ്ഞതിനൊപ്പം ഒരു ബീപ് ശബ്ദവും കേട്ട് അയാള്‍ ദീർഘനിശ്വാസം വിട്ടു.

'വെള്ളയും വെളളയും' യൂണിഫോം ഇട്ടതിനുശേഷമേ പഞ്ച് ചെയ്യാവൂയെന്ന് എം.ഡി. പ്രത്യേകം പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും അയാളുടെ ചിട്ടയില്ലാത്ത ജീവിതം അതിനൊന്നും സമയം അനുവദിച്ചിരുന്നില്ല. ജോലിയിൽ കയറിയിട്ട് നാലുവർഷമായിട്ടും അവന്റെ മൂക്ക് ആശുപത്രിയിലെ പരമ്പരാഗത മണവുമായി ഒത്തുപോകാൻ കൂട്ടാക്കിയില്ല. പിന്നല്ലേ ഇത്!

സർജിക്കൽവാർഡിലെ അന്നമ്മസിസ്റ്റർ ഇടയ്ക്ക് രാജുവിനെ വിളിച്ചുകൊണ്ടിരുന്നു. ഫയലുകളുമായി അയാൾ പല വാർഡിലൂടെയും മറ്റും ചുറുചുറുക്കോടെ ഓടിയശേഷം തിരിച്ച് ഓ.പിയിലേക്ക് വന്നപ്പോൾ അവിടെ ഗോപിനാഥൻഡോക്ടറെ കാണുവാൻ സർവത്ര തിരക്ക്.
ഏകദേശം നാല്പതോളം പേർക്ക് ഇതിനോടകംതന്നെ ടോക്കൺ കൊടുത്തുകഴിഞ്ഞിരുന്നു.

രാജു എല്ലാവരെയും ഒന്നു വീക്ഷിച്ചു. ഭാഗ്യം! ഇന്നു പരിചയക്കാർ ആരുമില്ല.
"രാജൂ... താൻ എസ്-11-ലെ ദാമോദരന് വീൽചെയറുമായി ചെല്ല്. ഡോക്ടറുടെ റിലേറ്റീവാണെന്ന്. സ്കാനിങ് കഴിഞ്ഞ് തിരിച്ചു റൂമിൽ ആക്കിയിട്ട് ഇയാള് വന്നാൽ മതി."
അന്നമ്മസിസ്റ്ററിന്റെ ഉത്തരവ് അയാള്‍ക്ക്‌ ആശ്വാസമായി തോന്നി.
ഹാവൂ! സ്കാനിങ് റൂമിന്റെ മുന്നിൽ തനിക്ക് കുറേനേരം കുത്തിയിരിക്കാമല്ലോ. നഴ്സിങ് സ്റ്റേഷനിൽ ഒരു മൂലയ്ക്ക് ചേർത്തിട്ടിരുന്ന പളപളാന്ന് മിന്നുന്ന പുത്തൻവീൽചെയറുമായി വരാന്തയിലേക്ക് ഉരുണ്ടപ്പോൾ കസേരക്കാലുകളിലും മനുഷ്യക്കാലുകളിലും പോറാതെ ശ്രദ്ധിച്ച് നീങ്ങവേ,
കറുത്ത് മെലിഞ്ഞൊരു പെൺകുട്ടി നിൽക്കുന്നതു കണ്ടു.

ഇത്...ഇത്.... കുമാരൻചേട്ടന്റെ മോളല്ലേ?
"അല്ലാ... കൊച്ചിനെന്തു പറ്റി? ഇതെന്താ കൂടെ ആരുമില്ലേ..."
"അച്ഛനിന്ന് പണിയൊണ്ടായിരുന്നു"
അവള്‍ രണ്ടു ചോദ്യങ്ങളുടെ ഉത്തരം ഒന്നിലൊതുക്കി.
"ഈ കസേര ഇട്ടിരിക്കുന്നത് ഇരിക്കാൻ വേണ്ടിയാ. ഇവിടെ സൗജന്യ ചികിൽസയൊന്നുമല്ല കിട്ടുന്നത്. രൂപ കൊടുത്തിട്ടാ. ആരേം ആവശ്യമില്ലാതെ ബഹുമാനിക്കണ്ടാന്നേ..."
അല്പം കൃത്രിമഗൗരവം ഭാവിച്ചശേഷം ഒന്നു ചിരിച്ചിട്ട് അയാൾ മുന്നോട്ടു പോയി.

പക്ഷേ, അവള്‍ ഇരിക്കാൻ കൂട്ടാക്കാതെ അവിടെത്തന്നെ നിലയുറപ്പിച്ചു. രാജുവിന്റെ വീൽചെയർ കയറ്റവും ഇറക്കവും ലിഫ്റ്റും താണ്ടി മുന്നോട്ടു പോയി. രാജു എല്ലാ രോഗികളെയും വീൽചെയറിൽ പതിയെ മാത്രമേ തള്ളി നടക്കാറുള്ളൂ. മെല്ലെയാണെങ്കിൽ ഗുണം പലതാണ്. രോഗികളെ എങ്ങനെ കൊണ്ടു പോകുന്നുവെന്ന് ബന്ധുക്കൾ ശ്രദ്ധിക്കുന്നുണ്ടാവും. ആരെങ്കിലും പരാതി പറഞ്ഞാൽ സ്റ്റാഫ് മീറ്റിങ്ങിൽ വച്ച് പരസ്യമായി ഹോസ്പിറ്റൽ എം.ഡി. ശകാരവർഷം നടത്തും. അതൊഴിവാക്കാമല്ലോ.

അയാൾ എല്ലാ രോഗികളോടും പൊതുവായി പറയുന്ന ചില സുഖിപ്പിക്കൽ സൂത്രങ്ങളുണ്ട്‌ -
"ദൈവം സഹായിക്കും..."
"ഒരു കുഴപ്പവും വരില്ല..."
"ഞാൻ പ്രത്യേകമായി പ്രാർത്ഥിക്കാം..."
ഇതൊക്കെ സർജറിക്കു പോകുന്ന രോഗികൾക്ക് ആത്മബലം കൊടുക്കുമെന്ന് ഉറപ്പ്. ചിലര്‍ അമ്പതോ നൂറോ പോക്കറ്റിലിട്ടു തരും, വാസ്തവത്തിൽ അയാൾ കൈ കൊണ്ട് മേടിക്കില്ല. 'ശ്ശൊ വേണ്ടായിരുന്നു' എന്നാക്കെ പറഞ്ഞ് അല്പം വളഞ്ഞു നിൽക്കും, ഷർട്ടിന്റെ പോക്കറ്റ് വായ തുറന്നുനിൽക്കാൻ. ഹോസ്പിറ്റലിൽ മുക്കിലും മൂലയിലും CCTV ക്യാമറ വച്ചതുകൊണ്ട് കൈക്കൂലിക്ക് വിസമ്മതം പറയുന്നതും കൈ കൊണ്ട് മേടിച്ചില്ലെന്നും പറഞ്ഞ് തടിതപ്പാം.

പക്ഷേ, ഒരിക്കൽ രാജുവിന് അമളി പിണഞ്ഞു. ദൈവവചനം വീശിയത് നിരീശ്വരവാദികളുടെ നേതാവായി വിലസിയിരുന്ന ഒരുവന്റെ മുഖത്തേക്ക്! ആ മനുഷ്യനാകട്ടെ, ആശുപത്രിമുറിയിലെ ദൈവരൂപവും മതഗ്രന്ഥവും എടുത്തുമാറ്റിച്ചിട്ടുള്ള വരവായിരുന്നുപോലും! പോക്കറ്റിൽ പണത്തിനു പകരം ശകാരവാക്കുകൾ വന്നുവീണു. എങ്കിലും അത്തരം ന്യൂനപക്ഷത്തെ പേടിച്ച് നയം മാറ്റാനൊന്നും രാജു മെനക്കെട്ടില്ല.

രോഗിയുമായി സ്കാനിങ്ങ് റൂമിലേക്ക് കയറ്റിയശേഷം വീല്‍ചെയര്‍ വരാന്തയില്‍ പാര്‍ക്ക്‌ ചെയ്തു. രാജു അവിടെയൊരു സ്റ്റീൽകസേരയിൽ കാൽ കയറ്റിവച്ച് ഇരിപ്പായി. കയ്യിലെ കൂര്‍ത്ത നഖം വച്ച് നേര്‍ത്ത ശബ്ദത്തില്‍ അതില്‍ താളമടിച്ചുകൊണ്ടിരുന്നതിനൊപ്പം പലവിധ ചിന്തകളിലേക്ക് ഊളിയിട്ടു -
ആ കൊച്ചിന് സർജറി ഓ.പി.യിൽ.... ഇനിയും പത്താം ക്ലാസ് വരെ ആയിട്ടില്ല. എട്ടിലോ ഒന്‍പതിലോ ആയിരിക്കണം. ഈശ്വരാ... ഇത്ര ചെറുപ്പത്തിലേ എന്താവും? രോഗം വരാനായിട്ട് ഇപ്പോൾ പ്രായം നോട്ടമൊന്നുമില്ലാതായിരിക്കുന്നു. ങാ, അത് എന്തെങ്കിലുമാകട്ടെ, കൂടുതലായി നാട്ടുകാരുടെ കാര്യങ്ങൾ അന്വേഷിക്കാത്തതാവും ഉചിതം.

സാധാരണയായി നാട്ടുകാർ എപ്പോഴും വലിയ ശല്യക്കാരാണ്. വീട്ടിലിരുന്ന് ചീട്ടെടുക്കാൻ വിളിച്ചുപറയും. അതുമാത്രമോ? എനിക്കിവിടെ നൂറുകൂട്ടം പണി കിടക്കുന്നിടത്ത് അവരുടെ കയ്യിൽ പിടിച്ച് ഫയലും പേറി മരുന്നും വാങ്ങി വെള്ളക്കച്ചിരിയും സമ്മാനിച്ച് യാത്രയാക്കണം.
അല്ലെങ്കിലോ?
"അറ്റൻഡർരാജുവിന് എന്താ ഒരു ജാട! ഡോക്ടറാന്നാ അവന്റെ വിചാരം"
നാട്ടുകാരൻ പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്.

സഹായിക്കാമെന്നുവച്ചാൽ, സർജറി വാർഡിന്റെ ചുറ്റുവട്ടത്ത് എന്നെ കണ്ടില്ലെങ്കിൽ അന്നമ്മസിസ്റ്ററിന്റെ ചീത്ത മുഴുവൻ ഞാൻ കേൾക്കണം.
നാട്ടുകാർക്ക് എന്തെങ്കിലും പറയാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ.
മുഖമുയർത്തി നടക്കുന്നവനെ 'മേലോട്ടു നോക്കി, 'മാനത്തുകണ്ണി' എന്നൊക്കെ വിളിച്ചുകളയും. ഇനി മുഖം അല്പം താഴേക്കു പിടിച്ചു നടന്നാലോ? 'കീഴോട്ടു നോക്കി, 'ഉറക്കം തൂങ്ങി' എന്നാവും വിളിക്കുക.
പക്ഷേ, എല്ലാപേർക്കും മുഖത്തെ കൃത്യമായി പിടിക്കാൻ ഒക്കില്ലല്ലോ.

ആശുപത്രിക്കാര് എന്റെ ജോലി അറ്റൻഡർ ആയി സ്ഥിരപ്പെടുത്തിയെങ്കിലും നാട്ടുകാരുടെ വക സ്ഥിരീകരണത്തിനു പിന്നെയും താമസം വേണ്ടിവന്നു. അതും, നാട്ടിലെ ചില എഷണിപ്രമാണികൾ നേരിട്ടുവന്ന് എന്നേക്കണ്ടപ്പോളായിരുന്നു വിശ്വസിച്ചത്. അതെങ്ങനെ ഇല്ലാണ്ടിരിക്കും?
ചെറിയ ജോലിയൊന്നും ആര്‍ക്കും വേണ്ടല്ലോ.
കേരളത്തിലെ 'എന്‍ട്രന്‍സ് രോഗം' വല്ലാതങ്ങു വളര്‍ന്നിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ 'ഡോക്ടർ ഭ്രാന്ത്' ഉള്ളത് കേരളത്തിലാണെന്ന് ഏത് മഹാനാണ് പറഞ്ഞത്?

ഓ... അത് മറ്റാരുമല്ല, അന്നമ്മസിസ്റ്റർമഹതിതന്നെ-
"ജനങ്ങളെ സേവിക്കാനുള്ള സൂക്കേട് കൊണ്ടൊന്നുമല്ലന്നേ, ചുമ്മാ മൊട അല്ലാതെ പിന്നെ....I.Q 120 എങ്കിലും ഇല്ലാത്തവർ ഈ പണിക്ക് കാശു കൊടുത്ത് സീറ്റും വാങ്ങി വന്നോളും വെറുതെ മനുഷ്യരെ ബുദ്ധിമുട്ടിക്കാനായിട്ട്... സർജന്റെ കീഴിൽ കുറച്ചുകാലം ജോലി ചെയ്തവൻ MBBS ഒരു കോടി രൂപ മുടക്കി പഠിച്ചിറങ്ങിയതായിരുന്നു. പക്ഷേ, ഒരു രൂപയുടെ കഴിവും വിവരവും തൊട്ടുതീണ്ടാത്തവൻ! ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോൾ അവനെ പറഞ്ഞുവിടുകയും ചെയ്തില്ലേ?"

ഈ വക വങ്കത്തരത്തിനൊന്നും എന്നെ കിട്ടില്ല. പത്താംക്ളാസ്സിലെ പഠനം ഞാനിപ്പോഴും ഇന്നലെയെന്നപോലെ ഓര്‍ക്കുന്നുണ്ട്-
വെളുപ്പിന്, നാലുമണിനേരത്ത് പഴയ വെറ്റിലച്ചെല്ലവുമായി മുറുക്കാനായി അമ്മയെണീറ്റ് ചായിപ്പിലേക്ക് ഇറങ്ങിയിരിക്കുമ്പോൾ, തെക്കേവീട്ടിലെ മുറിയിൽ വെളിച്ചം കണ്ട് എന്നെ പ്‌രാകാന്‍ തുടങ്ങും!
എന്താ, കാര്യം?
അവിടെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന സുനിത എന്ന 'പഠിപ്പിസ്റ്റ്' രാവിലെ പഠിക്കുന്ന പണി തുടങ്ങിയിട്ടുണ്ടാകും. എന്നുവച്ചാല്‍, എനിക്കിട്ടുള്ള പണി. ഞാൻ ചായ കുടിക്കുമ്പോൾ അതിന്റെ കലിപ്പു തീരുംവരെ തള്ള അതുതന്നെ എഴുന്നെള്ളിക്കും.

എസ്.എസ്.എൽ.സി പരീക്ഷ വന്ന ചൂടുള്ള മാർച്ച്മാസത്തിൽ എല്ലാവരും വിയർത്തിരുന്ന് പഠിച്ചപ്പോൾ ഞാൻ എന്തെടുത്തു? പൊരിഞ്ഞ ക്രിക്കറ്റുകളി. അങ്ങ് ദൂരെ ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ തണുപ്പിൽ അവർ ക്രിക്കറ്റ് കളിച്ചത് ടി.വിയിൽ കണ്ട് ആവേശം പൂണ്ട് ഞാനും കൂട്ടുകാരും കളിയോടു കളിതന്നെ. ഓസ്ട്രേലിയൻ ടീമിന്റെ തകർപ്പൻ ഓപ്പണിങ് കുടവയറൻ ഡേവിഡ് ബൂൺ- ജെഫ് മാർഷും!

പിന്നെ ഗ്രെഗ് മാത്യൂസിന്റെ ചാടിത്തുള്ളിയുള്ള ബൗളിങ്ങ്!
ഉണക്ക മരത്തിനു കാറ്റു പിടിച്ചപോലെ ബ്രൂസ് റീഡിന്റെ ഏറ്!
കപിൽദേവിന്റെ ഏറിനോട് സാമ്യമുണ്ടായിരുന്ന ക്രെയിഗ് മക്ഡർമോട്ട്!
അലൻ ബോർഡറിന്റെയും സ്റ്റീവ് വോയുടെയും കിടിലൻ ബാറ്റിങ്ങ്!
കീവിസിന്റെ സഹോദരങ്ങൾ മാർട്ടിൻക്രോയും ജെഫ്ക്രോയും ബാറ്റുകൊണ്ട് പന്തുകളെ ക്രോ... ക്രോ... എന്നു കരയിച്ച് വേലിക്കപ്പുറത്തേക്ക് പായിച്ചപ്പോൾ ക്രാ...ക്രാ...ശബ്ദമുണ്ടാക്കി കിവിപക്ഷികൾ കൂട്ടത്തോടെ പറന്നുപോയി.
ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതും ശരിയല്ലെന്ന് എനിക്കുതോന്നി.

അങ്ങനെ ആസക്തികളെ ശക്തികളായി തെറ്റിദ്ധരിച്ച കാലമായിരുന്നു അതെങ്കിലും സത്യത്തിലാരും SSLC യുടെ പ്രഹര ശേഷിയെ തിരിച്ചറിഞ്ഞില്ല!
ഭാവിയുടെ ചൂണ്ടുപലകയെന്നാണ് പത്താംക്ലാസ് പരീക്ഷയുടെ മറ്റൊരു പേരെന്ന് എപ്പോഴും ഞങ്ങളെ ഓർമിപ്പിച്ചിരുന്ന ദിനേശൻസാറിനെയും ഞങ്ങൾ അവഗണിച്ചു. എന്നിട്ടോ? റിസൾട്ട് വന്നപ്പോൾ ഞാനും രണ്ടു കൂട്ടുകാരും എട്ടുനിലയിൽ പൊട്ടി.

അതിലും സഹിക്കാൻ പറ്റാത്ത മറ്റൊരു കാര്യം എന്താണെന്നു വച്ചാൽ, സുനിത ഡിസ്റ്റിങ്ങ്ഷൻ മേടിച്ച് നാട്ടിലെങ്ങും വിലസിയത്, സഹിക്കാനോ പൊറുക്കാനോ പറ്റുന്ന കാര്യമായിരുന്നില്ല. വീട്ടിലെ താരതമ്യപഠനമായിരുന്നു അസഹനീയം! ജയിക്കാൻ വെറും 210 മാർക്ക് മതിയെന്നിരിക്കെ, അവൾക്ക് 547 മാർക്ക് മേടിക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടായിരുന്നോ?
അവളെ അത്യാഗ്രഹിയെന്നും ധിക്കാരിയെന്നും ഞങ്ങൾ കൂട്ടുകാർ അടക്കം പറഞ്ഞ് പരസ്പരം ആശ്വസിപ്പിച്ചു. ഞാൻ പിന്നെ, തോറ്റെഴുത്തിനിരിക്കാൻ ശ്രമിച്ചതുമില്ലല്ലോ. 'സപ്ലി'ക്കിരുന്നാലും ഞാൻ കപ്ലംപോലെ ദുർബലനായിരിക്കുമെന്ന് ഉറപ്പ്.

എന്റെ തലേവര ഹെയർഡൈ തേച്ചതുകൊണ്ടോ, ഷാംപൂ പതപ്പിച്ചാലോ മാറുന്നതായിരുന്നില്ല. എത്രയെത്ര കടകളിൽ ഞാൻ പണിയെടുത്തിരിക്കുന്നു. മാസത്തിലെ ആദ്യ ആഴ്ച അവന്മാരുടെ മുഖം കടന്നൽ കുത്തിയപോലെ. ശമ്പളം തരാൻ മടിയാണുപോലും.
എന്തായാലും ഇവിടെ ശമ്പളം ചോദിച്ചുകൊണ്ട് മുതലാളിയുടെ പിറകേ നടക്കേണ്ട - ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടാം തീയതി പണം കയറിക്കൊള്ളും. ഹോ! അത്രയും ആശ്വാസമുണ്ട്.

അതിനിടയില്‍, ദാമോദരന്റെ ആന്തരികചിത്രം എടുത്ത ശേഷം, അകത്തുനിന്നു വിളിവന്നു-
"രാജുച്ചേട്ടാ... സ്കാനിങ് കഴിഞ്ഞു. വീൽചെയർ അകത്തേക്ക് കയറ്റിക്കോ ..."
പിന്നീട്, രോഗിയെ റൂമിൽ തിരിച്ചുകൊണ്ടാക്കിയിട്ട് മടങ്ങിവരുമ്പോഴുണ്ട് സർജിക്കൽവാർഡിനു മുന്നിലെ ഒഴിഞ്ഞ കസേരയുണ്ടായിട്ടും കുമാരൻചേട്ടന്റെ മോള്‍ തോക്കുപോലെ നിൽക്കയാണ്.
ങാ, നിൽക്കണമെങ്കിൽ നിൽക്കട്ടെ... ഇവിടാർക്കു ചേതം?

പലതരം രോഗികളും ബന്ധുക്കളും ആശുപത്രിയിലൂടെ പകച്ചു നടക്കുന്നതിനിടയിലൂടെ സമയം ആർക്കും പിടികൊടുക്കാതെ തെന്നിനീങ്ങി. ഉച്ചയായപ്പോൾ കന്റീനിലെ കഴിപ്പും കഴിഞ്ഞ് അയാൾ സിഗരറ്റിന്റെ പുകയൂതാൻ താഴത്തെ മാടക്കടയിലേക്ക് നടന്നു.
ഏതോ ഒരുവൻ വച്ചുനീട്ടിയ 50 രൂപയുടെ കാരുണ്യാ ഭാഗ്യക്കുറിയുമെടുത്ത് അതൊന്ന് നോക്കുകപോലും ചെയ്യാതെ മടക്കി പഴ്സിൽവച്ചു. തിരികെ വന്നപ്പോൾ ആ പെണ്‍കുട്ടിയെ അവിടെങ്ങും കണ്ടില്ല.
കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ അന്നത്തെ ഡ്യൂട്ടിയും കഴിയാറായിരിക്കുന്നു.

ആശുപത്രിയുടെ മെയിൻഹാളിൽ വച്ചിരിക്കുന്ന ടി.വി.യിലേക്ക് നോക്കി നിൽക്കുമ്പോൾ ഒരു ബിൽ വച്ചുനീട്ടിയിട്ട് മോളമ്മസിസ്റ്റർ പറഞ്ഞു:
"രാജു, ഈ ബില്ലും ക്യാഷും പിടിച്ചോ. ഇതൊന്ന് അടച്ചേക്ക്"
കൗണ്ടറിൽ പണമടയ്ക്കുന്നതിനിടയിൽ അയാൾ, പേരിലും തുകയിലും ഒന്നു കണ്ണോടിച്ചു-
'സുനിത പി. കുമാരൻ- 14 yrs'
ആ കുട്ടി ഇപ്പോഴും പോയില്ലേ?
അയാൾ ആറുരൂപ ബാലൻസും രസീതും മോളമ്മസിസ്റ്ററിനെ ഏല്പിച്ചപ്പോൾ അവളെക്കുറിച്ച് തിരക്കി. കുട്ടിയുടെ തുടയിലൊരു പരു പഴുത്ത് വല്ലാതായത് ഡോക്ടർ കീറിയെന്ന് വിവരം കിട്ടി. പാവം, അതിന് ബെഡ്ഡിൽ ഒന്ന് ഇരിക്കാനോ കിടക്കാനോ പോലും പറ്റുന്നില്ലത്രേ. കുറച്ചു ലാബ് ടെസ്റ്റുകളുടെ ഫലം കിട്ടിയിട്ട് വൈകുന്നേരം പോകാമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

അഞ്ചുമണി മുതൽക്കേ, ജോലിക്കാർ വീട്ടിലേക്ക് ഓടാനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞിരുന്നു. അഞ്ചരയുടെ ഡ്യൂട്ടി കഴിയുന്നവരെ കൂടെ കൂട്ടാനായി ബസ് പത്തുമിനിറ്റോളം ആശുപത്രിപ്പടിയിൽ കാത്തുകിടക്കും. അഞ്ചേകാലോടെ സുനിതയെ ആശുപത്രി മോചിപ്പിച്ചു.
അവള്‍ പതിയെ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. അല്പം കഴിഞ്ഞ്, തിരിച്ചുപോക്കിന്റെ തെളിവായ പഞ്ചിങ്ങും തീര്‍ത്ത് രാജു ബസിൽ കയറിയപാടേ ചക്രങ്ങൾ ഉരുണ്ടുതുടങ്ങി.

കോട്ടയംടൗണിലേക്ക് ചില കുഗ്രാമങ്ങൾ വഴി അലഞ്ഞുതിരിഞ്ഞ് പോകുന്ന പ്രൈവറ്റ്ബസ് ആയതുകൊണ്ട് സീറ്റു നിറയാനുള്ള ആളുകളെ അതിനു കിട്ടിയില്ല. എങ്കിലും, ഒരു വിരോധാഭാസമെന്നപോലെ സുനിത മാത്രം സൈഡു സീറ്റിന്റെ കമ്പിയിൽ മുറുക്കിപ്പിടിച്ച് നിൽക്കാൻ തുടങ്ങി. ബസിലെ കണ്ടക്ടർ അവളോട് ഇരിക്കാൻ പറഞ്ഞെങ്കിലും കേൾക്കാത്ത മട്ടിൽ നിന്നു.

നാട്ടിലെ സർക്കാർവക സ്കൂളിൽനിന്നും വിരമിച്ച ബാലൻമാഷ് അടുത്തിരിക്കുന്ന ആളിനോട് എന്തൊക്കയോ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയ്ക്ക് ഇത് ശ്രദ്ധിച്ചു:
"കുട്ടീ... നീയെന്തിനാ നിൽക്കുന്നത്... അവിടെങ്ങാനും ഇരിക്കരുതോ?"
മാഷ് ഉച്ചത്തിൽ പറഞ്ഞിട്ടും അവള്‍ അതും കേൾക്കുന്നില്ല!
അതോടെ രംഗം ചൂടുപിടിച്ചു തുടങ്ങി.

"ബാലൻമാഷ് പറഞ്ഞിട്ടും അനുസരിക്കില്ലെന്നുവച്ചാൽ?"
ആരോ പിന്തുണച്ച് പിടിച്ചുകയറി മറ്റുള്ളവരെ പ്രശ്നത്തിലേക്ക് വലിച്ചടുപ്പിച്ചു.
"അല്ലാ.... ഇപ്പോഴത്തെ പിള്ളാർക്ക് ആരെയെങ്കിലും അനുസരണയൊണ്ടോ?"
ഇതിനിടയില്‍, രാജു എന്തോ ഒന്ന് പറഞ്ഞെങ്കിലും മറ്റൊരുവന്റെ ശബ്ദം അതിനെ മുക്കി.
കുമാരന്റെ മോളാണെന്ന് മനസ്സിലാക്കിയ ഒരുവൻ പറഞ്ഞു:
"ഏയ്, കുമാരൻ എന്തു നല്ല മനുഷ്യനാ.. പണി ചെയ്ത കൂലി എത്രയാന്ന് ചോദിച്ചാൽപോലും മിണ്ടൂലാ.."

ക്രമേണ ആ നിസ്സാര കാര്യം ബസ്സിന്റെ ഡീസൽപോലെ കത്തിപ്പിടിച്ചു. ഇടയ്ക്ക് ഏതോ ഒരുവന് അവളുടെ കറുത്ത തൊലിനിറം കണ്ടിട്ട് മനസ്സിൽ ഇരുട്ടുകയറി-
"അഹങ്കാരം വെറുതെയൊന്നുമല്ല. ഇവള്‍ക്കൊക്കെ ജോലി കിട്ടാൻ എളുപ്പമല്ലേ... നേരിട്ടുള്ള നിയമനം. കുറച്ചുവർഷം കഴിയുമ്പോൾ തലപ്പത്തുള്ള ഓഫീസറായി ചുവന്ന ബോര്‍ഡ് വച്ച കാറിൽ പോകുന്നതു കാണാം..."
അയാൾ പരിഹാസച്ചിരിയോടെ തട്ടിവിട്ടു.

ഇതെല്ലാം കണ്ടുകേട്ട് രാജുവിന് കലിച്ചുവന്നു-
"ആരാന്റെ കാലില് പരു കീറിയതിന് ആർക്കാടാ ഇത്ര കുത്തിക്കഴപ്പ്?"
ആ ഗര്‍ജ്ജനം ബസിനുള്ളില്‍ തട്ടിത്തെറിച്ച് അതിവേഗം പുറത്തുപോയി ചക്രങ്ങളുടെ വേഗം കുറച്ചു. യാത്രക്കാർ നിശബ്ദരായി. അപ്പോഴേക്കും, തോല്‍വി സമ്മതിച്ച ആ പെണ്‍കുട്ടി വേദന സഹിച്ച് സീറ്റിൽ ചുരുണ്ടുകൂടിയിരിക്കാൻ വല്ലാതെ പണിപ്പെട്ടു. മറുപടിയെന്നോണം, കണ്ണീര്‍കണങ്ങള്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

ചിന്തിക്കാന്‍:
സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണിത്. പെട്ടെന്നുള്ള പ്രതികരണം പലപ്പോഴും അബദ്ധമായി ഭവിക്കാം. ഭൂരിഭാഗം ആളുകളും ഒരു സംഭവത്തെ 'തെറ്റ്' അല്ലെങ്കില്‍ 'ശരി' എന്ന് പറഞ്ഞെന്നുവച്ച് യാഥാര്‍ത്ഥ്യം അതാവണമെന്നില്ല. പലതിന്റെയും കാരണങ്ങള്‍ എളുപ്പം പിടിതരണമെന്നുമില്ല. അതിനാല്‍, ആവശ്യമില്ലാത്തിടത്ത് ഏറ്റുപിടിച്ച്‌ സംഗതികള്‍ ഊതിപ്പെരുപ്പിക്കരുത്; വിധികര്‍ത്താക്കളാകാന്‍ പോകരുത്.