മനംനിറയെ സന്തോഷം
'eBook-1.manamniraye santhosham' - This is a happiness training Malayalam self help eBook in pdf format. This is a best ever Malayalam eBook in subjects of happiness, pleasure, joy, laughing, anandam, chiri etc. Author- Binoy Thomas, size- 911 kb, page-101, Price- FREE
ആനന്ദം, സന്തോഷം, ചിരി, സംതൃപ്തി, മനസ്സുഖം, സമാധാനം, ശാന്തി പോലുള്ള വിഷയങ്ങളില്‍ മലയാളത്തിലെ ഏറ്റവും മികച്ച ഒരു പുസ്തകം 'മനംനിറയെ സന്തോഷം' നേരിട്ടുള്ള ഓണ്‍ലൈന്‍ വായനയും ഡിജിറ്റല്‍ ഇ-ബുക്ക് രൂപത്തിലും വായിക്കാം!
1. To download this safe Google Drive eBook-1 PDF file,
Click here-
2. Direct online reading is given below-
മനംനിറയെ സന്തോഷം
ആമുഖം
സന്തോഷം എന്നത് ഏറ്റവും മികച്ചൊരു ജീവിതാനുഭവം തന്നെ. മിക്കവാറും എല്ലാവരിലും സന്തോഷിക്കാന്‍ എന്തെങ്കിലുമൊക്കെ കാണുമെന്നാണു വാസ്തവം. പക്ഷേ, അത് തിരിച്ചറിയാതെ സന്തോഷം അന്വേഷിച്ചു നടന്ന് ജീവിതം വിരസമാക്കുന്ന കാഴ്ച എന്തു വിചിത്രം! സ്വന്തം സുഖത്തിനായി വെപ്രാളം പിടിക്കുന്നവര്‍ക്ക് ലഭിക്കുന്നതോ, മാനസിക പിരിമുറുക്കവും അസംതൃപ്തിയും. ചിലരാകട്ടെ, തിന്മകളും ദുശ്ശീലങ്ങളും നിറച്ചു സ്വയം സന്തോഷിപ്പിക്കാനായി ശ്രമിക്കുമ്പോള്‍ കവര്‍ന്നെടുക്കുന്നത് മറ്റുള്ളവരുടെ സന്തോഷമാണ‌്.
കേവലം ഒരു പുസ്തകം കൊണ്ട് എന്താണ‌് സന്തോഷത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കാനാവുക? നിങ്ങളുടെ മനസ്സില്‍ ഉയരാവുന്ന തികച്ചും ന്യായമായ ഒരു ചോദ്യമാണിത്. തീര്‍ത്തും മലീമസമായ ചുറ്റുപാടില്‍ കഴിയുന്ന ഒരാള്‍ പുസ്തകം വായിക്കാനേ പോകുന്നില്ല. അങ്ങനെയൊരു സംസ്കാരം അവരില്‍ പ്രതീക്ഷിക്കരുത്. ഉന്നത വിദ്യാഭ്യാസവും വേണ്ടത്ര അറിവും ചുറ്റുപാടും ഉണ്ടായിട്ടും വേറൊരു കൂട്ടര്‍ വികൃതികള്‍ കാട്ടുന്നത് ഒരു പുസ്തകത്തിനും തുടച്ചുനീക്കാനാവില്ല. കാരണം, അവര്‍ ചെയ്യുന്നത് മാത്രം ശരി എന്ന് വിചാരിക്കുന്നു. പുതിയ ആശയങ്ങളെ പുല്ലുപോലെ തള്ളും.
എന്നാല്‍, ഇതിനിടയില്‍ മറ്റൊരു സമൂഹമുണ്ട്_ തെറ്റിലേക്ക് അല്ലെങ്കില്‍ ശരിയിലേക്ക് വഴുതിവീഴുന്ന വ്യക്തിത്വം ഉള്ളവര്‍. അവര്‍ക്കു ചെറിയൊരു നേര്‍വഴിയുടെ പ്രചോദനം കിട്ടിയാല്‍ അവരങ്ങ് നന്നായിപ്പോകും! തെറ്റുകള്‍ ശരിയിലേക്ക് വഴിമാറും. ഇപ്പോള്‍ ഇത് വായിച്ചുകൊണ്ടിരിക്കുന്ന വ്യക്തി അല്‍പമെങ്കിലും മെച്ചപ്പെടുന്നത് എന്റെ ഒരു സ്വകാര്യ സന്തോഷമാണ‌്.
‘സന്തോഷം’ എന്ന പദം പുസ്തകത്തില്‍ പലയിടത്തും ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതു നിങ്ങളുടെ മനസ്സിനെ അത് സ്വാധീനിക്കാനാണ‌്. കുട്ടികള്‍ക്കും മറുനാടന്‍മലയാളികള്‍ക്കും വായിക്കാനായി ഇതിലെ വാക്കുകള്‍ ലളിതമാക്കിയിട്ടുണ്ട്, പിരിച്ചെഴുതിയിട്ടുണ്ട്. ഈ പുസ്തകം മെല്ലെ വായിച്ചുപോകേണ്ട ഒന്നാണ‌്. ഓരോ പുതിയ ശീലവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇരുപത്തിയൊന്നു ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യണമെന്നു മന:ശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട്, ഓരോ അധ്യായത്തിലേയും കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ ഒരു മാസമെങ്കിലും വേണമെന്നു ചുരുക്കം.
അറിവുകള്‍ തിരിച്ചറിവായി മാറണം. പുരാണത്തില്‍, ഇരുന്ന മരക്കൊമ്പ് മുറിച്ച കാളിദാസനെ ഓര്‍മ്മയില്ലേ? പകരം, അടുത്ത കൊമ്പിലേക്ക് മാറിയിരുന്ന് ജീവിത മരം വെട്ടുക. അങ്ങനെ ഈ ലോകത്ത് ആരും വീഴാതിരിക്കട്ടെ. നിങ്ങള്‍ നടക്കുന്ന ജീവിത പാതകളില്‍ ചതിക്കുഴികള്‍ ഉണ്ടെന്നു മുന്നറിവു കിട്ടിയാല്‍ ജാഗ്രതയോടെ ഓരോ ചുവടും വയ‌്ക്കാമല്ലോ. സന്തോഷമുള്ള ജീവിതം കൊണ്ട് ഈ ഭൂമിയെ സമ്പന്നമാക്കുക. ദുഷിച്ചവരുടെയും ക്രൂരതയുടെയും ലോകത്തിന‌് അവസാനമാകട്ടെ. ഈ ഇ-ബുക്കിലൂടെ, അകലങ്ങളിലിരിക്കുന്ന നിങ്ങളുടെ, തൊട്ടടുത്ത് എന്നു തോന്നിക്കുന്ന നല്ലൊരു സുഹൃത്താവാന്‍ ഞാന്‍ ശ്രമിക്കട്ടെ....
ബിനോയി തോമസ്
1.സന്തോഷം എന്തിന‌്?
മനുഷ്യ ജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണമായ കടന്നുപോകലിന‌് അത്യാവശ്യം വേണ്ട ഒരു ഘടകമാണ‌് സന്തോഷം. ഒരാളുടെ വാക്കുകളെയും പ്രവൃത്തികളെയും സന്തോഷം എന്ന മനോഭാവം നല്ല രീതിയില്‍ പിന്തുണയ‌്ക്കുന്നു. അയാളെ ഉത്തമ മനുഷ്യനാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുവെന്നും മനസ്സിലാക്കാന്‍ സാധിക്കും. ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മാനസിക പിരിമുറുക്കത്തോടുകൂടി എടുക്കുന്നവ പരാജയപ്പെടാനുള്ള സാധ്യത വളരെയായിരിക്കും. ഇന്ന് നാം കാണുന്ന പലതരം കുടുംബപ്രശ്നങ്ങള്‍, സാമൂഹിക വികൃതികള്‍, ഭീഷണികള്‍, എന്നിവയൊക്കെ അസംതൃപ്തമായ മനസ്സില്‍നിന്ന് ഉടലെടുക്കുന്നവയാണെന്നു കാണാം.
ഒട്ടേറെ വിഷയങ്ങളുമായി ആഹ്ലാദകരമായ ജീവിതത്തിനു ബന്ധമുണ്ടെന്നു മനസ്സിലാക്കണം. ലോകം പലതരത്തിലും വികസിച്ചു കൊണ്ടിരിക്കുന്നു. വ്യക്തിജീവിതത്തിന്റെ വ്യാപ്തിയും കര്‍മ്മമണ്ഡലവും അനുദിനം വിസ്തൃതമാകുന്നു, സങ്കീര്‍ണമാകുന്നു. പഴയ തലമുറ ഓരോ ദിനവും കൈകാര്യം ചെയ‌്തിരുന്നത് ഏതാണ്ടൊരുപോലെ. കൃഷി, അധ്വാനം, വിളവെടുപ്പ്, ഉത്സവങ്ങള്‍ തുടങ്ങിയ ലളിതമായ ജീവിതം. അവിടെ വില്ലനായി ചില സാംക്രമിക രോഗങ്ങളും കൂടാതെ, പ്രകൃതി ദുരന്തങ്ങളും ഉണ്ടായിരുന്നുവെന്നത് നേര‌്. പക്ഷേ, ഇന്നത്തെ ദിനംപ്രതിയുള്ള ടെന്‍ഷന്‍ ഒന്നുമില്ലായിരുന്നല്ലോ.
കൂട്ടുകുടുംബവും ‘നെല്ലിക്കാക്കൊട്ട’ മറിഞ്ഞപോലുള്ള കുട്ടികളും പഴങ്കഥയായി. അണുകുടുംബ വ്യവസ്ഥിതി വന്നതോടെ ഒറ്റപ്പെടലുകളും അടക്കിപ്പിടിച്ച തേങ്ങലുകളും പുറത്താരും അറിയുന്നില്ല. ദുഃഖം പങ്കിടുമ്പോള്‍ പകുതിയായി കുറയുമെന്നും; സന്തോഷം പങ്കിടുമ്പോള്‍ ഇരട്ടിക്കുമെന്നും നാം കേട്ടിരിക്കുന്നത് പകല്‍പോലെ സത്യമാണ‌്.
ഒരു രാജ്യത്തിന്റെ അഭിവൃദ്ധിയുടെ, സംതൃപ്തിയുടെ, വളര്‍ച്ചയുടെ അളവുകോല്‍ എന്ന അര്‍ത്ഥവും സന്തോഷത്തിന‌് ഇന്നു കൈവന്നിരിക്കുന്നു. അത്തരം ജനതയില്‍നിന്നും മേന്മയുള്ള പ്രവര്‍ത്തനങ്ങളും ശാന്തിയും സമാധാനവും ന്യായമായും പ്രതീക്ഷിക്കാവുന്നതാണ‌്. സന്തോഷവും പുരോഗതിയും തമ്മില്‍ പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ലോക രാജ്യങ്ങളുടെ സന്തോഷ സൂചിക (Happiness Index) നിര്‍ണയിച്ചിട്ടുണ്ട്.
ജീവിത സംതൃപ്തി, ദാരിദ്ര്യ നിരക്ക്, വോട്ടിംഗ് ശതമാനം, പ്രതിശീര്‍ഷ വരുമാനം, മലിനീകരണം, കുറ്റകൃത്യം, മത മൈത്രി, സന്നദ്ധ പ്രവര്‍ത്തനം, വിദ്യാഭ്യാസം, കലാ-സാംസ്കാരിക രംഗം, ദീര്‍ഘായുസ്സ്, ജോലിസമയം, തൊഴിലില്ലായ‌്‌മ, മനോരോഗം തുടങ്ങിയ വസ്തുതകളെ വിശകലനം നടത്തി ഫോബ്സ് മാഗസിന്‍, 155 രാജ്യങ്ങളില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ യൂറോപ്പുകാരു മുന്‍തൂക്കം നേടി. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നോര്‍വെ, സ്വീഡന്‍, നെതര്‍ലന്‍ഡ്, കോസ്റ്റാറിക്ക, ന്യൂസീലാന്‍ഡ്, കാനഡ, ഇസ്രയേല്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ യഥാക്രമം ആദ്യ പത്തില്‍ വന്നപ്പോള്‍ നമ്മുടെ ഇന്ത്യ എവിടെ? വെറും 115!
അതേസമയം, ഐക്യരാഷ്ട്ര സംഘടന (world happiness report-life evaluation score) തയ്യാറാക്കിയത് 2005-2011 കാലയളവില്‍ ലോകരാജ്യങ്ങളുടെ പ്രകടനം നോക്കിയാണ‌്. ആദ്യത്തെ പട്ടികയോടു സാമ്യം ഇതിനുമുണ്ടായിരുന്നു. യഥാക്രമം_ ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നോര്‍വെ, നെതെര്‍ലാന്‍ഡ്, കാനഡ, സ്വിറ്റ്സര്‍ലാന്‍ഡ്, സ്വീഡന്‍, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, അയര്‍ലന്‍ഡ്.... ഇന്ത്യയുടെ സ്ഥാനം 97. പൊതുവായി പറഞ്ഞാല്‍, സമ്പന്ന രാജ്യങ്ങള്‍ സന്തോഷത്തിന്റെ കാര്യത്തിലും മുന്നിലാണെന്ന് അനുമാനിക്കാം. കാരണം, കൊടും പട്ടിണിയും അരാജകത്വവും നടമാടുന്ന ഇടങ്ങളില്‍ സന്തോഷം എങ്ങനെ ഉണ്ടാകാനാണ‌്? ആഫ്രിക്കന്‍ രാജ്യങ്ങളായ ടോഗോ, ബെനിന്‍, സിയറ-ലിയോണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ സൂചികയില്‍ ഏറ്റവും പിറകിലാവാന്‍ ഇതുതന്നെ കാരണം.
എന്നാല്‍, നമ്മുടെ അയല്‍പക്കത്തുള്ള കൊച്ചുരാജ്യമായ ഭൂട്ടാന്‍ സന്തോഷത്തിന്റെ കാര്യത്തില്‍ ലോകത്തിനാകെ മാതൃകയായിരിക്കുകയാണ‌്. 1972-ല്‍ അവിടത്തെ രാജാവായിരുന്ന വാങ്ചുക് മുന്നോട്ടു വച്ച ആശയമായിരുന്നു GNH(Gross National Happiness). GNH എന്നത് GNP(Gross National Product)യെക്കാള്‍ പ്രധാനമാണ‌് എന്നതായിരുന്നു മുഖ്യ പ്രചരണം. ബുദ്ധമതത്തിന്റെ ചുവടുപിടിച്ച് ആത്മീയതയിലൂടെ മേന്മയുള്ള ജനതയാകാനുള്ള പുറപ്പാടിലാണ‌് അവരിപ്പോള്‍.
നമ്മുടെ കേരളത്തിന്റെ സ്ഥിതി എന്താണ‌്? സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇവിടത്തെ ദുരാചാരങ്ങള്‍ കണ്ടു മനം മടുത്തു പറഞ്ഞതാണ‌്_ “കേരളം ഒരു ഭ്രാന്താലയം” എന്ന്. കേരളീയരുടെ പ്രവര്‍ത്തനം കണ്ടാല്‍ അത് ഇന്നും മാറ്റമില്ലാതെ തുടരുന്നതായി കാണാം. കാലത്തിനനുസരിച്ച് ചിലതുമാറി മറ്റിനങ്ങള്‍ വന്നെന്നു മാത്രം. ഇന്ത്യയിലെ മാനസിക രോഗികളുടെ എണ്ണം, അത്തരം മരുന്നുകളുടെ ഉപയോഗം, മദ്യം, മയക്കുമരുന്ന്, ആത്മഹത്യകളുടെ എണ്ണം എന്നിവ കണക്കിലെടുത്താല്‍, കേരളം ആനുപാതികമായി കൂടുതലുള്ള സംസ്ഥാനമാണ‌്.
ഒരാള്‍, സന്തോഷിച്ചാലും ദു:ഖിച്ചാലും അത് അയാളെ മാത്രമല്ല ബാധിക്കുന്നത്. ഒരുദിവസംതന്നെ ആ വ്യക്തി ഇടപെടുന്ന സമൂഹത്തിലേക്കും പ്രതിഫലിപ്പിക്കുന്നു. കുടുംബത്തില്‍ തുടങ്ങി സമൂഹത്തിലേക്കു സംക്രമിക്കുന്ന ഒന്നാണത്. ചെറിയൊരു ഉദാഹരണം ശ്രദ്ധിക്കൂ:
ജെറി ഒരു തുണിമില്ലിന്റെ ഉടമയാണ‌്. അയാളുടെ ഭാര്യയാകട്ടെ, വലിയ കലഹപ്രിയ. ഒരുദിവസം മില്ലിലേക്കു പോകാന്‍നേരം നിസ്സാര കാര്യത്തിനു ജെറിയെ ചീത്ത വിളിച്ചെങ്കിലും അവള്‍ ധനിക കുടുംബത്തില്‍നിന്നു വന്നതുകൊണ്ട്, വായില്‍ പഴം തിരുകിയ പോലെയായിരുന്നു അദ്ദേഹത്തിന്റെ പതിവു പ്രതികരണം. അയാളുടെ മനസ്സില്‍ സമ്മിശ്ര വികാരങ്ങള്‍ വരുന്നുണ്ടെങ്കിലും ഒന്നും പ്രകടിപ്പിക്കാനാവുന്നില്ല. അന്ന് മില്ലിലെ സാധാരണ തൊഴിലാളിയായ ടോമി ജോലിയില്‍ ചെറിയൊരു പിഴവു വരുത്തി. നിറം കൊടുക്കുന്ന പ്രക്രിയയില്‍ അല്പം വ്യത്യാസം. സാരമുള്ളതല്ല. പക്ഷേ, കിട്ടിയ അവസരം ജെറി ഉള്ളിലുണ്ടായിരുന്ന ലാവാപ്രവാഹത്തെ കളറിംഗ് യൂണിറ്റിലെ മാനേജരുടെ നേര്‍ക്ക് തുറന്നുവിട്ടു.
മാനേജര്‍, സൂപ്പര്‍വൈസറെ കണക്കിനു ചീത്ത വിളിച്ചു സമാധാനിച്ചു. അയാളതു ടോമിയില്‍ തീര്‍ക്കാതെ തരമില്ലല്ലോ. എല്ലാ ജോലിക്കാരും കേള്‍ക്കെ ശകാരിച്ചത് അല്പം കൂടിപ്പോയി. ഒരു ദിവസത്തെ ശമ്പളവും പിഴയായി കൊടുക്കേണ്ടിവന്നു. അന്ന്, ടോമി വീട്ടിലെത്തിയ ഉടനെ ചായ കൊണ്ടുവന്ന ഭാര്യയുടെ നേര്‍ക്ക് കുരച്ചുചാടി; ചായ തണുത്തുപോയി പോലും. അവള്‍ മുഖം വീര്‍പ്പിച്ച് ബെഡ്റൂമില്‍ വന്നപ്പോഴാണു നാലു വയസ്സുള്ള മകന്‍ ബെഡ്ഡിലിരുന്ന്‍ കളര്‍പെന്‍സില്‍കൊണ്ട് കടലാസ്സില്‍ പടം വരയ‌്‌ക്കുന്നത് കണ്ടത്.
“ഷീറ്റില്‍ കളറുപറ്റില്ലേടാ” എന്ന് അമറിക്കൊണ്ടു കൊച്ചിന്റെ തുടയില്‍ കയ്യിലെ വിരലുകള്‍ പതിപ്പിച്ച് അവള്‍ സംതൃപ്തയായി. കൊച്ചിനു കരച്ചിലും അരിശവും ഒന്നിച്ചുവന്നപ്പോള്‍ കയ്യിലിരുന്നതെല്ലാം വലിച്ചെറിയുന്നതായിരുന്നു പിന്നത്തെ കാഴ്ച.
ഇവിടെ എന്താണു വാസ്തവത്തില്‍ നടന്നത്? മില്ലിലെ കളറില്‍ അല്പം വ്യത്യാസം വരുന്നത് അവിടെ സാധാരണയാണ‌്. പക്ഷേ, ജെറിയുടെ മനസ്സില്‍ ഉറഞ്ഞുകൂടിയ വികാരങ്ങള്‍ കലിതുള്ളിയതാണിവിടെ തുടക്കമിട്ടത്. സ്റ്റാഫിനെ പരസ്യമായി ആക്ഷേപിച്ചതും ഒഴിവാക്കാമായിരുന്നു. പിന്നെ, ടോമിയുടെ ചായ പതിവു ചൂടില്‍ത്തന്നെ, പക്ഷേ, അയാള്‍ അതിലും ചൂടിലാണല്ലോ. കൊച്ചിനെ അവള്‍ അടിച്ചതും ഒരു തരത്തിലുള്ള തിരിച്ചടിയായിരുന്നുവെന്ന് മനസ്സിലാക്കണം. കാരണം, അവന്‍ കുറച്ചു ദിവസങ്ങളായി അവിടെയിരുന്നാണു കളിക്കുന്നത്. അപ്പോഴൊന്നും അമ്മ എതിരു പറഞ്ഞിട്ടില്ലെന്നോര്‍ക്കണം.
സാധാരണക്കാരായ വ്യക്തികള്‍പോലും ദിവസേന പത്തിരുപത് ആളുകളുമായി കണ്ടുമുട്ടുന്നുവെന്നു കരുതുക. എങ്കില്‍, അവിടെയെല്ലാം സന്തോഷത്തിന്റെയും സന്താപത്തിന്റെയും വിത്തുകള്‍ വിതറാന്‍ ശേഷിയുള്ളവരാണു മനുഷ്യര്‍. അധികാരമുള്ളവരും പ്രശസ്തരും ആണെങ്കില്‍ പറയുകയും വേണ്ട. കുടുംബത്തിലെ യുദ്ധത്തിനും സമാധാനത്തിനും തുടക്കമിടാന്‍ വീട്ടിലുള്ളവര്‍ക്ക് കഴിയുന്നതുപോലെ, ഒരു രാജ്യത്തിന്റെ തലവന് വിചാരിച്ചാല്‍ ആ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളെയും രക്ഷിക്കാനും ശിക്ഷിക്കാനും കഴിയും.
അതിപുരാതന ചരിത്ര സ്മാരകങ്ങളും മികച്ച സംസ്കാരവും പ്രകൃതി കനിഞ്ഞു നല്‍കിയ എണ്ണ ശേഖരവുംകൊണ്ട് സമ്പന്നമായ ഇറാഖിന്റെ ഇപ്പോഴുള്ള സ്ഥിതി നോക്കൂ. എത്രയോ വര്‍ഷങ്ങള്‍ നീണ്ടുനിന്നതായിരുന്നു ഇറാന്‍-ഇറാഖ് യുദ്ധം. അതൊന്ന് ഒതുങ്ങി ഇറാഖ് മെച്ചപ്പെട്ട നിലയിലേക്ക് എത്തിയപ്പോഴാണ‌് അവിടത്തെ ഏകാധിപതിക്ക് സമ്പന്ന അയല്‍രാജ്യമായ കുവൈറ്റ് സ്വന്തമാക്കണമെന്നു തോന്നിയത്. അടുത്ത പറമ്പിലെ നിലത്തുവീണ മുഴുത്ത തേങ്ങാ, നാട്ടിന്‍പുറത്തുകാരന്‍ വേലി ചാടി എടുക്കുന്ന ലാഘവത്തോടെ എടുത്ത തീരുമാനം. അന്നു തുടങ്ങിയ ദുരിതം ഇപ്പോഴും തുടരുന്നു. എത്ര വലിയ കെടുതികളാണു മലയാളികള്‍പോലും ഇന്നും അനുഭവിക്കുന്നത്.
‘അഷ്ടാംഗഹൃദയം’ പ്രതിപാദിക്കുന്നത് എന്തെന്നാല്‍_ ‘എല്ലാ ജീവികളുടേയും എല്ലാ പ്രവൃത്തികളും സുഖത്തിനു വേണ്ടിയുള്ളതാണ‌്. സുഖമാകട്ടെ, ധര്‍മത്തെ കൂടാതെ ഉണ്ടാകുന്നില്ല. അതുകൊണ്ടു പ്രവൃത്തികള്‍ ധര്‍മത്തില്‍ അധിഷ്ഠിതമായിരിക്കണം.’
മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് ഒരു പുണ്യകര്‍മമാണ‌്. അത്തരം ആളുകള്‍ ഒരു നാടിന്റെ ആവശ്യമാണ‌്. അതു മനസ്സിലാക്കിയ ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ് രണ്ടാമന്‍ തന്റെ മേശപ്പുറത്ത് ഇങ്ങനെ എഴുതി: “ഈ ലോകത്തിലൂടെ നാം ഒരിക്കലേ പോകൂ. ആ യാത്രയില്‍ മറ്റുള്ളവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും ലഭിക്കുന്ന അവസരങ്ങള്‍ ഒന്നും പാഴാക്കരുത്”
സന്തോഷം നമ്മിലൊക്കെ തരുന്ന പ്രയോജനങ്ങള്‍ അളവറ്റവയത്രേ. ഇടുക്കിഡാമില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളത്തില്‍ വൈദ്യുതിയില്ല. എന്നാല്‍, തുടക്കത്തില്‍ വലിയ കുഴലിലൂടെ ഒഴുകി, താഴേയ‌്ക്കു വരുന്തോറും കുഴലിന്റെ വ്യാസം കുറഞ്ഞ് അതിസമ്മര്‍ദ്ദക്കുഴലായി മാറി മൂലമറ്റം പവര്‍ഹൌസിലെ ടര്‍ബൈന്‍ കറക്കുമ്പോള്‍ ഉണ്ടാകുന്നത് അതിഭീമമായ വൈദ്യുതിയാണ‌്. അണയുണ്ടാക്കുന്നതിനു മുന്‍പ് ആ ജലം മുഴുവന്‍ പെരിയാറിലൂടെയും മറ്റും ശാന്തമായി ഒഴുകി ശക്തിയൊന്നും പ്രകടിപ്പിക്കാതെ കടലിലെത്തുകയായിരുന്നല്ലോ. നമ്മിലുളവാകുന്ന സന്തോഷത്തിന്റെ ശക്തിയും അപാരമാണ‌്.
മറ്റുള്ളവര്‍ക്കുംകൂടി കരുത്തു പകരാന്‍ കഴിയുന്ന ഒന്നാന്തരം ഇന്ധനം. ഇന്ധനങ്ങള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. അതു തീ പിടിക്കുമ്പോള്‍ അളവറ്റ ഊര്‍ജം തരികയും യ(ന്തങ്ങളെല്ലാം പ്രവര്‍ത്തിക്കുകയും അതിവേഗം പടര്‍ന്നു പിടിക്കുകയും ചെയ്യും. പക്ഷേ, അതു തുടങ്ങിക്കിട്ടാന്‍ ഒരു തീപ്പൊരി വേണം. ആ തീപ്പൊരി നാം കൊളുത്തുന്ന സന്തോഷമല്ലാതെ മറ്റൊന്നല്ല. ഈ ആശയം തന്നെയാണു ശ്രീബുദ്ധന്‍ നമ്മെ പഠിപ്പിച്ചതും_ “ഒരു തിരിയില്‍നിന്ന‌് ആയിരം തിരി കൊളുത്തിയാലും ആദ്യ തിരിയുടെ ആയുസ്സു കുറയില്ല. പങ്കുവയ‌്ക്കുന്നതു മൂലം സന്തോഷവും ഒരിക്കലും കുറയില്ല”
സന്തോഷത്തേക്കുറിച്ചുള്ള ചില മഹത്തായ വചനങ്ങള്‍:
“സന്തോഷം പ്രാര്‍ഥനയാണ‌്, ശക്തിയാണ‌്, സ്നേഹമാണ‌്, സ്നേഹത്തിന്റെ വലയാണ‌്_ അതുപയോഗിച്ച് ആത്മാക്കളെ നേടാനാകും” (മദര്‍ തെരേസ)
“ഒരു യഥാര്‍ത്ഥ മനുഷ്യന്‍ മറ്റുള്ളവര്‍ക്കു സഹായം ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുന്നു” (ഏബ്രഹാം ലിങ്കണ്‍)
“ബാഹ്യവിഷജന്യങ്ങളായ സുഖങ്ങളെല്ലാം ദു:ഖത്തിനു കാരണങ്ങള്‍തന്നെയാണ‌്. തന്നിമിത്തം അറിവുള്ളവര്‍ അതില്‍ സന്തോഷിക്കുന്നില്ല” (ഭഗവത് ഗീത)
“നാളെ തിരിച്ചടിക്കുന്ന ആനന്ദത്തെ ആട്ടിയകറ്റുക” (ഹെര്‍ബെര്‍ട്ട്)
“ആനന്ദം പങ്കിടുമ്പോള്‍ അളവ‌് ഇരട്ടിക്കുന്നു” (ഗേഥെ)
2.സന്തോഷം എങ്ങനെ ഉണ്ടാകുന്നു?
സന്തുലിതമായ മനസ്സിന്റെ ഉല്പന്നമാണ‌് സന്തോഷം. അത് പകുതി ആശ്രയിച്ചിരിക്കുന്നത് പാരമ്പര്യ ഘടകത്തെയാണ‌്. സാധാരണ എപ്പോഴും കേള്‍ക്കാറുള്ളതാണ‌്_ “ഓ, അവന്‍ അവന്റെ അപ്പന്റെ രീതിയാ”, “അമ്മയെപ്പോലാ അവളിരിക്കുന്നത്” എന്നൊക്കെ. ജീന്‍ വഴി പകര്‍ന്നു കിട്ടുന്ന സ്വഭാവ സവിശേഷതയൊക്കെ സന്തതി പരമ്പരകള്‍ പ്രകടിപ്പിക്കുന്നിടത്ത് നമുക്ക് ഒന്നും ചെയ്യാനില്ല. എന്നാല്‍, ആ വ്യക്തിയുടെ മറ്റൊരു സ്വഭാവ പകുതിയിലാണു ചിട്ടയായ ജീവിതശൈലി കൊണ്ടും നല്ല സാഹചര്യങ്ങള്‍ മൂലവും പരിശീലനം വഴിയായും, സന്തോഷത്തിന്റെ സുഖം നിറയ‌്‌ക്കേണ്ടത്.
തലച്ചോറിലെ nucleus accumbens എന്ന ഭാഗത്ത് വൈദ്യുത ഉത്തേജനം കൊടുത്തപ്പോള്‍ സന്തോഷം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, septum pellucidum, hypothalamus എന്നിവയുടെ ഉത്തേജനവും മനുഷ്യനെ സന്തോഷിപ്പിക്കും. ശരീരത്തിലെ dopamine, വിവിധയിനം endorphins മുതലായ രാസവസ്തുക്കള്‍ ഇതിനു കാരണമാകുന്നുണ്ട്. അമിനോ ആസിഡ് tyrosine അടങ്ങിയ ഭക്ഷണം(ഇറച്ചി, ബദാം, വാഴപ്പഴം, ലിമാ ബീന്‍സ്, എള്ള്, പാലുല്പന്നങ്ങള്‍...), വ്യായാമം, നല്ല ഉറക്കം, anti-oxidants ഉള്ള ആഹാരം എന്നിവയൊക്കെ ഡോപമിന്റെ ഉല്പാദനത്തിനു സഹായിക്കും.
സന്തോഷത്തിന്റെ ഗുണമേന്മ ഏറിയ അവസ്ഥയെ ആനന്ദം, പരമാനന്ദം എന്നൊക്കെ വിളിക്കാം. ആനന്ദം എന്നാല്‍ ആന്തരികമായ അനുഗ്രഹം, ഭാഗ്യം എന്നൊക്കെ അര്‍ത്ഥം. സന്തോഷം ‘ദേ...വന്നു, ദാ...പോയി’ എന്ന പോലെയാണ‌്. എന്നാല്‍, നാം നിത്യജീവിതത്തില്‍ എപ്പോഴും കണ്ടുമുട്ടുന്നത് ആനന്ദമല്ല, സന്തോഷമാണ‌്. ആനന്ദ്, ആനന്ദന്‍(ദൈവം), നിത്യാനന്ദ, പരമാനന്ദ, കുക്കുടാനന്ദ, ആനന്ദവല്ലി എന്നൊക്കെ പേരുകള്‍ ഇട്ടതുകൊണ്ട് ആനന്ദം കിട്ടുമെന്നു കരുതരുത്. സ്ഥിരമായി നില്ക്കുന്ന ഒന്നാണ‌് ആനന്ദം. അത് നൈമിഷികമല്ല.
യോഗാ, ധ്യാനം (ആള്‍ദൈവങ്ങളുടെ ധ്യാനമല്ല), നല്ല മന:സാക്ഷി, ബോധമനസ്സിലും ഉപബോധമനസ്സിലും ഉള്ള ദിവ്യത്വം, പ്രപഞ്ചശക്തിയുമായുള്ള മനസ്സിന്റെ ഐക്യം, ധാര്‍മിക-സാത്വിക ജീവിതം, നിര്‍മലമായ സ്നേഹം, പ്രകൃതിസ്നേഹം, നിസ്വാര്‍ത്ഥസേവനം.... എന്നിങ്ങനെയുള്ള ജീവിതശൈലി ആനന്ദം നിങ്ങളില്‍ നിറയ‌്‌ക്കും. ഭാരതത്തിലെ ഋഷികള്‍ തപസ്സ്, ധ്യാനം, നിര്‍വാണം, സമാധി എന്നിവയിലൂടെയൊക്കെ കൈവരിച്ചത് ആനന്ദമാണ‌്. എങ്കിലും നേരിട്ട് ആനന്ദത്തിന്റെ പിറകേ പോകാതെ, ചെറിയ കാര്യങ്ങളിലൂടെ കൊച്ചുസന്തോഷങ്ങള്‍ നിറച്ചു പടിപടിയായി മാത്രം ആനന്ദത്തിലേക്കു പ്രവേശിക്കുന്നതാണു നല്ലത്.
ഒരു വലിയ ഉദ്യോഗസ്ഥന്‍ മനസ്സമാധാനമില്ലാതെ കൌണ്‍സിലര്‍ പറഞ്ഞതിന്‍പ്രകാരം യോഗാ പരിശീലനത്തിനു പോയിത്തുടങ്ങി. യോഗയുടെ സമയത്തു മാത്രം അല്പം ആശ്വാസം കിട്ടും, അതുകഴിഞ്ഞു പിന്നെയും പഴയമട്ടുതന്നെ. പുറമേ നിന്ന് നോക്കിയാല്‍ ആര്‍ക്കും ഒരു കുറവും അയാളില്‍ കാണാന്‍ കഴിയുകയുമില്ല. കൈക്കൂലി മേടിക്കുന്നതിന്റെ മനസ്സാക്ഷിക്കുത്ത് ആയിരുന്നു പ്രശ്നം. കൌണ്‍സിലിങ്ങിലും അതു മറച്ചുവച്ചു. നമ്മുടെ സന്തോഷത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടയുന്നവയെ ഇടിച്ചുനിരത്തിയില്ലെങ്കില്‍ ഉപബോധമനസ്സില്‍ ദീര്‍ഘകാലം കിടന്നു ഭാവിയില്‍ കുഴപ്പമുണ്ടാക്കിയേക്കാം.
പരമമായ ആനന്ദം അനുഭവിക്കാന്‍ ഒരാള്‍ പരിശീലിക്കുക തന്നെ വേണം. എന്നാല്‍, സന്തോഷത്തിന്റെ വ്യാപ്തിയും ഉപയോഗവും ദുരുപയോഗവും കൂടുതലാകയാല്‍ ഇവിടെ സന്തോഷമാണു മുഖ്യ പ്രതിപാദ്യ വിഷയം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ആനന്ദത്തിലേക്ക് ചുവടുവച്ചു നീങ്ങാനും പറ്റും. ഹാര്‍വഡ് ബിസിനസ്സ് സ്കൂള്‍ നടത്തിയ പഠനത്തില്‍, പണം സ്വന്തം കാര്യത്തേക്കാള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെലവാക്കുന്നവര്‍ കൂടുതല്‍ സന്തോഷിക്കുന്നു എന്ന് കണ്ടെത്തി! മനുഷ്യര്‍ ആഹ്ലാദിക്കുന്ന വഴികളില്‍ നന്മയും തിന്മയും ഒളിച്ചിരിപ്പുണ്ടെന്നു നാം അറിഞ്ഞിരിക്കണം. സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച്, ഓരോ വ്യക്തിയിലും സന്തോഷത്തിന്റെ ഉറവിടവും വിവിധങ്ങളായിരിക്കും.
ദൈവവിശ്വാസം, ആത്മവിശ്വാസം, സംതൃപ്തി, സ്നേഹം, നന്മ, പണം, മികച്ച ജോലി, നല്ല ഹോബികള്‍, നല്ല മാനസിക-ശാരീരിക ആരോഗ്യം, വ്യായാമം, യോഗാ, ധ്യാനം, നന്ദി, കടപ്പാട്, രുചികരമായ ഭക്ഷണം, നര്‍മബോധം, നല്ലവരുമായുള്ള സൗഹൃദം, സൃഷ്ടിപരവും ക്രിയാത്മകവും ആയ ചിന്തകള്‍, വിവാഹ ജീവിതം.... എന്നിങ്ങനെ ഒരുകൂട്ടം നേരായ സന്തോഷ വിഷയങ്ങളുണ്ട്.
അതേ സമയം, തിന്മയുടെ കൂട്ടുപിടിച്ചും സന്തോഷം വരും. അതിനെതിരെ ജാഗ്രത പുലര്‍ത്തണം. സ്വാര്‍ത്ഥത, പരദൂഷണം, ധൂര്‍ത്ത്/പിശുക്ക്, മദ്യം-മദിരാക്ഷി, മയക്കുമരുന്ന്, പുകവലി, ദുരാചാരങ്ങള്‍, അഴിമതി, ചതി.... എന്നീ ദുഷിച്ച രീതികള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. നിങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നവരുടെ അല്ലെങ്കില്‍, മറ്റുള്ളവരുടെ സന്തോഷം കരിച്ചുകൊണ്ടായിരിക്കും സ്വയം അര്‍മാദിക്കുന്നത്. നേരായ മാര്‍ഗ്ഗത്തിലൂടെ ആഹ്ലാദിച്ചുജീവിക്കാന്‍ പറ്റുമെന്നിരിക്കെ, പിന്നെന്തിനാണു വളഞ്ഞ വഴി? ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ തിന്മകളെല്ലാം തിരിഞ്ഞുനിന്നു കൊത്തുന്ന വിഷസര്‍പ്പങ്ങളാണ‌്.
ഭൂരിപക്ഷം ജനങ്ങളും താരതമ്യം ചെയ്യുന്നത് തങ്ങളേക്കാള്‍ വലിയവരോടായിരിക്കും. എന്നിട്ട്, സ്വന്തമായി ഇല്ലാത്തവയുടെ പട്ടിക തയ്യാറാക്കും, അതൊക്കെ മനസ്സിലിട്ടു നീറ്റും. ഒരുവന് ഉള്ളവയുടെ വില അറിയണമെങ്കില്‍, ഇല്ലാത്തവനോടുതന്നെ ചോദിക്കണം.
വൈകുന്നേരങ്ങളില്‍, അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ സ്ഥിരമായി വന്നിരിക്കാറുള്ള സുനീഷ് സര്‍ക്കാരുദ്യോഗം ഉള്ള ചെറുപ്പക്കാരനാണ‌്. അവിവാഹിതന്‍. ഓഫീസില്‍നിന്ന് അഞ്ചിനുമുന്‍പ് ഇറങ്ങുമെങ്കിലും വീട്ടില്‍ ചെല്ലുമ്പോള്‍ രാത്രിയാകും. ശുദ്ധവായു കിട്ടുമെന്നും കൂട്ടുകാരെ കിട്ടുമെന്നും അവന്‍ പറയുന്നുണ്ടെങ്കിലും വാസ്തവം അതല്ല. വീട്ടില്‍ ചെന്ന് കയറുമ്പോള്‍ തുടങ്ങുന്ന വഴക്കു തീരുന്നതും അവന്‍ ഉറങ്ങുന്നതും ഏതാണ്ടൊരു സമയം എന്നു പറയുന്നതാവും ശരി. അച്ഛനും അമ്മയും ഒരു പെങ്ങളും അടങ്ങുന്ന വീട്ടില്‍, വീട്ടുചെലവിനു പണം മുടക്കാന്‍ സുനീഷിനു വല്ലാത്ത മടി. കൂട്ടുകാരന്‍ ഉപദേശിച്ച തത്വമാണ‌് അവന്റെ കണ്ണിലെ കരടായി കിടക്കുന്നത്:
“എടാ, സുനീ, നിനക്ക് കിട്ടുന്ന ശമ്പളമൊക്കെ പെങ്ങളെ കെട്ടിക്കാനും വീട്ടുചെലവിനുമൊക്കെ എടുത്തങ്ങു വീശിയാല് നിനക്കൊരു കുടുംബാകുമ്പൊ കയ്യിലൊന്നും കാണില്ലാട്ടോ”
ഇതുകേട്ട് സുനീഷ് കര്‍ശന സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിച്ചതായിരുന്നു വീട്ടിലെ വഴക്കിനു കാരണമായത്. അസുഖങ്ങളുള്ള അച്ഛനടങ്ങുന്ന വീടിന്റെ ഏക അത്താണി ഇങ്ങനെ തുടങ്ങിയപ്പോള്‍ അവരുടെ ശരീരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും ആഹാരത്തിനും മനസ്സിനും ചിന്തകള്‍ക്കും പ്രതീക്ഷകള്‍ക്കും ഒക്കെ നിറം മങ്ങിത്തുടങ്ങി. പതിവുപോലെ ഒരു ദിവസം ആലിന്‍ചുവട്ടില്‍ അവന്‍ എത്തിയപ്പോള്‍ സ്ഥിരം കൂട്ടുകാരൊന്നും എത്തിയിട്ടില്ല. ഉടന്‍ സ്‍മാര്‍ട് ഫോണ്‍ കലപില കൂട്ടി.
“എടാ, അളിയാ, ഞങ്ങളെല്ലാവരുമുണ്ട്. പടം കാണാന്‍ ആനന്ദിലോട്ടു പോകുവാ. ടിക്കറ്റ് നമ്മുടെ ഡിങ്കന്‍വകയാ, നീ വാടാ...” സുഹൃത്ത് ജോമോനായിരുന്നു വിളിച്ചത്.
“ഞാനില്ലടാ, എനിക്കിന്നൊരു മൂഡില്ല”
“ഹ...ഹ...ഹ...” പെട്ടെന്നാണ‌് അടുത്തിരുന്ന ഒരു വൃദ്ധന്റെ പൊട്ടിച്ചിരി മുഴങ്ങിയത്. മുന്‍പു കണ്ടു പരിചയമില്ല. തടിച്ച പഴഞ്ചന്‍കണ്ണട, മുഷിഞ്ഞ വേഷം. അല്പം മുടിയുള്ളതിനെ നര കീഴടക്കിയിരിക്കുന്നു.
“എന്താ, ചേട്ടനു ചിരി പൊട്ടാനുംമാത്രം ഉള്ളത്? ഇവിടെ പുതിയതാ?”
“എനിക്ക് നിങ്ങളും പുതിയതുതന്നെ” അയാള്‍ മൊഴിഞ്ഞു.
അദ്ദേഹം താമസിക്കുന്നതു മൈസൂരാണെന്നും ഇവിടെ അമ്പലത്തിലെ വഴിപാടു നടത്തിയ ശേഷം നാളെ ഒന്പതിനുള്ള ട്രെയിന് തിരിച്ചുപോകുമെന്നും സുനീഷ് മനസ്സിലാക്കി. ചുരുങ്ങിയ സമയംകൊണ്ടു അയാളും സുനീഷിനെ വായിച്ചു. ദൂരെ എങ്ങോട്ടോ പോകുന്ന ഒരു വയസ്സന്‍, ശല്യമൊന്നും ചെയ്യില്ലെന്നു കരുതി അവന്‍ മനസ്സു തുറന്നു എന്നുപറയുന്നതാവും കൂടുതല്‍ ശരി. സന്ധ്യ മയങ്ങിയിട്ടും അവന്റെ ഉദാസീനമായ ഇരിപ്പുകണ്ട് വൃദ്ധന്‍ പറഞ്ഞു:
“കുഞ്ഞേ, നീ വീട്ടുകാരെ കാണാതിരിക്കാനും, ഞാന്‍ വീട്ടുകാരെ കാണാനും....കണ്ണുണ്ടായാ പോരാ, കാണണം. ഹ..ഹ..ഹ..”
“ഓ, ഞാനീ പഴഞ്ചൊല്ലു കുറെ കേട്ടതാ”
“എന്നാലേ, ഈ പഴഞ്ചൊല്ല് ഒന്നു കണ്ടുനോക്കിയാലോ?” പെട്ടെന്ന്, അയാള്‍ തന്റെ കണ്ണട ഊരിമാറ്റി. കണ്ണിന്റെ സ്ഥാനത്ത് വെളുത്ത ഒരു പാട മാത്രം! സുനീഷ് ഞെട്ടിപ്പോയി.
വൃദ്ധന്‍ തുടര്‍ന്നു പറഞ്ഞു: “എന്റെ ജീവിതത്തില് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ഒരു നിമിഷമെങ്കിലും അവളേം മോനേം കണ്ടിട്ട്....വഴിപാട് അതിനാ”
അനന്തരം, കാറ്റുപിടിച്ച ആലിലകള്‍പോലെ സുനീഷിന്റെ മനസ്സും ആടിയുലഞ്ഞു. നിമിഷങ്ങളുടെ മൗനത്തിനു ശേഷം വൃദ്ധന്റെ നേര്‍ക്കു തിരിഞ്ഞപ്പോള്‍ അദ്ദേഹം അവിടെങ്ങും ഇല്ലായിരുന്നു.
ഇപ്പോള്‍ വീട്ടിലെ പ്രിയങ്കരനാണു സുനീഷ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവനു മുന്നിലുണ്ട്: ‘അന്ന് ഞാന്‍ കണ്ട വൃദ്ധന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? മനുഷ്യനോ അതോ...’
പലതും നാം കാണാതെ പോകുന്നു അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു എന്നതാണു സത്യം. സമയം ആര്‍ക്കുവേണ്ടിയും കാത്ത് നില്‍ക്കില്ല. അതുകൊണ്ട് ഈ സമയം കണ്ണുതുറന്നു ചുറ്റും നോക്കുക. അവഗണനയുടെ കണ്ണുകള്‍ പലരേയും വേദനിപ്പിച്ചേക്കാം.
നന്മയുടെ സന്തോഷം കൂട്ടിയും തിന്മയുടെ സന്തോഷം കുറച്ചും ഒരാള്‍ മുന്നോട്ടു പോകേണ്ടത് ഏറ്റവും ചുരുങ്ങിയ പക്ഷം, സ്വന്തം വീട്ടിലെങ്കിലും ഇന്നൊരു അത്യാവശ്യമായിരിക്കുന്നു. പുത്തന്‍തലമുറയുടെ വിചിത്രങ്ങളായ സന്തോഷ ചെയ‌്‌തികള്‍ പലതും പത്ര-മാധ്യമങ്ങളിലൂടെ ദിവസവും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, ജീവിതശൈലിയില്‍ നല്ല നല്ല മാറ്റങ്ങള്‍ വരുത്തുന്ന ഒരു സന്തോഷ പരിശീലന പരിപാടി ഇനിയുള്ള അധ്യായങ്ങളിലൂടെ മനസ്സിലാക്കാം.
മഹത്തായ വചനങ്ങള്‍:
“ആനന്ദത്തിന്റെ ഉപാധി എന്ത്? ആരോഗ്യകരമായ ശരീരവും സംതൃപ്തമായ മനസ്സും” (നെയിക്സ്)
“ഓര്‍ത്തിരുന്നു സങ്കടപ്പെടുന്നതിനേക്കാള്‍ നല്ലത്, മറക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നതാണ‌്” (റോസറ്റി)
“ആത്മാവിന്റെ സന്തോഷം സ്ഥിതി ചെയ്യുന്നത് പ്രവൃത്തിയിലാണ‌്“ (ഷെല്ലി)
“നമ്മുടെ സന്തോഷത്തില്‍ മറ്റുള്ളവര്‍കൂടി പങ്കെടുക്കുമ്പോഴാണ‌് അതു പൂര്‍ണമാകുന്നത്” (പേര്‍ട്ടര്‍)
“ഇഷ്ടപ്പെടുന്നതു ചെയ്യുന്നതിലല്ല, ചെയ്യുന്നത് ഇഷ്ടപ്പെടുന്നതിലാണു സന്തോഷത്തിന്റെ രഹസ്യം കിടക്കുന്നത്” (ജയിംസ് ബാരി)
“മറ്റുള്ളവരോട് ക്ഷമിക്കേണ്ടതും അവര്‍ക്കു നല്‍കേണ്ടതും നന്ദിയോടെ ജീവിക്കേണ്ടതും നമ്മള്‍ പഠിച്ചെങ്കില്‍ സന്തോഷം നമ്മെ തേടിവരും” (ജെ.എഫ്. ന്യൂട്ടണ്‍)
“ദയ നിറഞ്ഞ പ്രവൃത്തികള്‍, സ്നേഹമുള്ള വാക്കുകള്‍ എന്നിവകൊണ്ട് ഈ ഭൂമിയെ സ്വര്‍ഗംപോലെ സന്തോഷമുള്ളതാക്കാം” (കാര്‍നെഗി)
ഈ ലോകത്ത് എത്രപേര്‍ക്കു ദൈവത്തില്‍ വിശ്വാസം ഉണ്ടാവും? കൃത്യമായി ഒരുത്തരം കിട്ടില്ല. എങ്കിലും ഏതാണ്ട് അറുപതു ശതമാനത്തോളം ആളുകളും ഏതെങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്നു എന്നാണു പഠനങ്ങള്‍ പറയുന്നത്. പ്രപഞ്ച ശക്തി, വന്‍കിട-ചെറുകിട ദൈവങ്ങള്‍, പ്രകൃതിയിലെ ഏതെങ്കിലും വസ്തുക്കള്‍, മൃഗങ്ങള്‍, പ്രാദേശിക ദൈവങ്ങള്‍, ആള്‍ദൈവങ്ങള്‍... എന്നിങ്ങനെ ആ പട്ടിക വളരെ വിശാലമാകുന്നു.
വാസ്തവത്തില്‍, ദൈവം എന്നത് ഉള്ളതാണോ? ഈ ഒരു ചോദ്യത്തിനായി എന്തെങ്കിലുമൊന്നു പറയാനായിട്ട് ശ്രമിക്കണമെങ്കില്‍ മറ്റൊരു പുസ്തകം എഴുതേണ്ടിവരും. ഈ പുസ്തകത്തിന്റെ വിഷയവും മറ്റൊന്നാണല്ലോ. ദൈവം എന്നൊരു പ്രപഞ്ച ശക്തി നിലവിലുണ്ട് എന്നു വിശ്വസിക്കുന്നതായിരിക്കും ഏതു രീതിയില്‍ നോക്കിയാലും മാനവരാശിക്കു നല്ലത്. എന്തുകൊണ്ട്?
നാം ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യാന്‍ പോകുന്ന തെറ്റുകളുടെ എണ്ണവും അളവും കുറയും. ശുഭചിന്തകള്‍ മനസ്സിനെ തണുപ്പിക്കും. അങ്ങനെ പ്രതീക്ഷകള്‍ വളര്‍ന്നു വലുതായി മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം കിട്ടും. നല്ലൊരു മനസ്സാക്ഷി ഉണ്ടാവാനും സാധ്യതയുണ്ട്. അന്നേരം നന്മകള്‍ ഉറവ പൊട്ടുന്നതു സ്വാഭാവികമാണല്ലോ. നമ്മുടെ ഉള്ളില്‍ത്തന്നെ ഒരു വഴികാട്ടിയോ സുഹൃത്തോ ഉള്ളപോലെ ദൈവ വിശ്വാസം തോന്നിപ്പിക്കുന്നത് ഏറ്റവും പ്രയോജനം ചെയ്യുന്ന അവസരമാണല്ലോ ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ, ആപത്തിന്റെ സമയം. മരണഭയം കുറച്ചുകൊണ്ട് മരണാനന്തര ജീവിതം ഉണ്ടെങ്കില്‍ വലിയൊരു നേട്ടമാകും ദൈവഭയം മുഖേന കിട്ടുന്നത്.
ഇതുകൊണ്ടൊക്കെയാവാം Intelligent Quotient(I.Q), Emotional Quotient(E.Q) എന്നിവ കൂടാതെ Spiritual Quotient(S.Q) കൂടി ഇക്കാലത്ത് ജീവിതത്തിന‌് അത്യന്താപേക്ഷികമെന്നു കരുതുന്നത്. ശരീരത്തിലെ ഒരുസംഘം അവയവങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായിട്ടാണു മനുഷ്യനു നന്നായി ജീവിക്കാനാവുന്നത്. അതുപോലെതന്നെ ബുദ്ധിമാനവും വൈകാരിക ബുദ്ധിയും ഒരു താളക്രമത്തില്‍ മുന്നോട്ടു നീങ്ങാന്‍ ആത്മീയ ബുദ്ധിയും കൂടിയേ തീരൂ.
പേരു സുഗുണന്‍ എന്നാണെങ്കിലും ദുര്‍ഗുണങ്ങളുടെ വിളനിലമായിരുന്നു അയാള്‍. മോഷണം തുടങ്ങുന്നത് നാലാം തരത്തില്‍ പഠിക്കുമ്പോള്‍ ചായക്കടയിലെ ചില്ലിട്ട അലമാരയില്‍നിന്ന് ഒരു ബോണ്ട കട്ടുകൊണ്ടായിരുന്നു. അവസരങ്ങള്‍ നോക്കിമാത്രം ചെയ്യുന്നതിനാല്‍ പോലീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയല്ല. അതുകൊണ്ടുതന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ ‘വര്‍ക്ക്’ മാത്രം. പിറന്നാള്‍ദിനമായ ഏപ്രില്‍ ഒന്നാം തീയതി പതിവിലും നേരത്തേ എണീറ്റു. മുറിയില്‍ സിനിമാ പോസ്റ്ററുകള്‍ അലസമായി ഒട്ടിച്ചിരിക്കുന്നു. ആരാധന നടന്മാരോടാണെന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ. അവരുടെ കള്ളന്‍വേഷമാണ‌് അവന്റെ മനസ്സു നിറയെ. കൊച്ചുണ്ണി-പരമു-പവിത്രന്‍-ശങ്കു-ശോഭരാജ്-ബണ്ടി ഇത്യാതി വീരന്മാരെ പ്രണമിച്ചുകൊണ്ട് ഊര്‍ജ്ജം സംഭരിച്ചു. എന്നിട്ട് വെളിയിലേക്ക് നടന്നു.
ആദ്യം കണ്ട ബസ്സില്‍ കയറി. ടിക്കറ്റ് എടുക്കാതെ അഭ്യാസിയെപ്പോലെ ഒഴിഞ്ഞുമാറി. എവിടെനിന്നോ ചെക്കിംഗ് ഇന്‍സ്പെക്ടര്‍ കയറിയതുകൊണ്ട് വേഗം ടിക്കറ്റെടുത്ത് അവന്‍ സ്വയം ശപിച്ചു. അങ്ങനെ ആദ്യത്തെ നീക്കംതന്നെ പരാജയം. അപ്പുറത്ത് നില്‍ക്കുന്ന ഒരാളിന്റെ വയറുവീര്‍ത്ത ഒരു പഴ്സ് ശ്രദ്ധയില്‍പെട്ടതുകൊണ്ട് അങ്ങോട്ടു നിരങ്ങിനീങ്ങി. അന്നേരമാണ‌് ആ യാത്രക്കാരന്റെ ഒരു വിരല്‍ അതിന്മേല്‍ പിടിച്ചിട്ടുണ്ട് എന്നു പിടികിട്ടിയത്.
“നാശം” സുഗുണന്‍ പിറുപിറുത്തു.
അങ്ങനെ ബസ് പട്ടണത്തിലെത്തി. വെറും കയ്യോടെ ഇറങ്ങി തിരക്കുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റ് ലക്ഷ്യമാക്കി അയാള്‍ നടന്നു. അതിന്റെ പ്രവേശന കവാടത്തില്‍ ‘നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ‌് എന്നെഴുതിവച്ചിരിക്കുന്നു.
“ത്ഫൂ....”
മോടിപിടിപ്പിച്ച അതിന്റെ മുറ്റത്ത് ദേഷ്യത്തോടെ ആഞ്ഞു തുപ്പിയിട്ട് അടുത്ത തീയറ്റര്‍ ലക്ഷ്യമാക്കി നടന്നു. ഏതെങ്കിലും കാറിന്റെ ഗ്ലാസ്സ് താഴ്ന്നു കിടപ്പുണ്ടോ എന്നു സൂക്ഷ്മ പരിശോധന നടത്തുമ്പോഴാണ‌് ഉണ്ടക്കണ്ണന്‍ എക്സ്-മിലിട്ടറി സെക്യൂരിറ്റി അങ്ങോട്ടു വന്നത്.
“എന്താടാ, അവിടെ?”
“എന്റെ കൂട്ടുകാരന്റെ....” മുഴുവന്‍ പറയാതെ സ്ഥലം കാലിയാക്കി. അലക്ഷ്യമായി നടന്ന് ഇടവഴിയില്‍ ആളനക്കമൊന്നുമില്ലാത്ത ഒരു വലിയ വീടിന്റെ ഗേറ്റിലൊന്നു തൊട്ടതും,
“ആരടാ...” എന്ന അലര്‍ച്ച അവനെ ഞെട്ടിച്ചു. മറ്റാരുമല്ല, ആ വീട്ടിലെ പാണ്ടന്‍ നായ!
അങ്ങനെ നിരാശയുടെ മുഖവുമായി നടന്നപ്പോഴാണ‌് ഒരു കാര്യം ഓര്‍മ വന്നത്_ ‘ഹാ, സരസുവിന്റെ വീട് ഈ വഴിക്കാണല്ലോ, ഒന്ന് കയറിയിട്ട് പോകാം’. അകലെനിന്നു പരിസരമാകെ വീക്ഷിച്ചു.
“ഹാ, കഷ്ടം! അത് അവന്‍തന്നെ. അവളുടെ കെട്ടിയോനെ ഗുജറാത്തീന്നു കെട്ടിയെടുത്തിരിക്കുന്നു, ഇവനൊക്കെ അവധിക്കു വരാന്‍ കണ്ട സമയം”
തന്നത്താന്‍ പ്‍രാകിക്കൊണ്ട് തിരികെ നടന്നു. ആകെ മടുത്തിരിക്കുന്നു, തിരിച്ചു വീട്ടിലോട്ടുതന്നെ മടങ്ങാം എന്നു വിചാരിച്ചു നിരത്തിലൂടെ നടന്നപ്പോഴാണ‌് അവന്റെ കൂട്ടുകാരന്‍ ശശിയെ കണ്ടത്. നേരെ പോയത് അടുത്തുള്ള ബാറിലേക്ക്. ശശി കാര്യമായി സല്‍ക്കരിച്ചു. സുഗുണന്‍ ഉഷാറായി ബസ്സിറങ്ങി വീട്ടിലേക്കു നടന്നു. സ്വന്തം തട്ടകത്തില്‍ എത്തിയപ്പോള്‍ മദ്യത്തിന്റെ ലഹരിയും വീറും കൂടിക്കൂടി വന്നു. പിന്നെ, തെറിവിളിയുടെ പൂരമായിരുന്നു. കണ്ണില്‍ കണ്ടവരെയൊക്കെ വിറപ്പിച്ചങ്ങനെ വിലസുമ്പോള്‍ എവിടെനിന്നോ ഒരു പൊലീസ് ജീപ് വരുന്നതു കണ്ടു. അത്രയും നേരം കുഴഞ്ഞ നാവും കാലുകളും നിമിഷനേരം കൊണ്ട് നേരെയാക്കി അവ ചെന്നുനിന്നത് ഒന്നര കിലോമീറ്ററിന്റെ ഓട്ടത്തിനു ശേഷമാണ‌്.
ഇതൊക്കെ, നമ്മെ പഠിപ്പിക്കുന്ന ചില സത്യങ്ങളുണ്ട്. തെറ്റിന്റെ അവസരങ്ങള്‍ ഒട്ടേറെ വന്നെങ്കിലും അവിടെയെല്ലാം ആരെങ്കിലും ശ്രദ്ധിക്കുന്നുവെന്ന് വരുന്ന സാഹചര്യങ്ങളില്‍ തെറ്റുകള്‍ പലതും ചെയ്യാന്‍ സുഗുണനു കഴിഞ്ഞില്ല. അങ്ങനെയെങ്കില്‍, ദൈവം എല്ലാം കാണുന്നു, കേള്‍ക്കുന്നു എന്ന് വിചാരിക്കുന്ന ഒരു വിശ്വാസിക്ക് ആ ശക്തിയുടെ കണ്ണ് മറച്ചുകൊണ്ട് എന്തെങ്കിലും ചെയ്യാനാവുമോ? ദൈവ വിശ്വാസത്തിന്റെ ഏറ്റവും നല്ലൊരു പ്രതിഫലമാണിത്. തെറ്റുകള്‍ ചെയ്യുന്ന അവസരത്തില്‍, ദൈവത്തിന്റെ കണ്ണുകള്‍ക്കു തിമിരം ബാധിച്ചിരിക്കുന്നുവെന്ന് മിക്കവരും ഊഹിക്കുന്നു. ദൂരെ ദേശങ്ങളിലേക്കു പഠിക്കാനും ജോലിക്കുമായി പോകുന്നവരുടെ ചിന്താഗതികളും ഇങ്ങനെയൊക്കെത്തന്നെ. ആരും അറിയില്ലെങ്കില്‍ എന്തും ആവാമെന്നത് കുറ്റകൃത്യങ്ങളുടെ പിന്നിലെ ശക്തിസ്രോതസ്സാണ‌്.
എറണാകുളംസ്വദേശിയായ വര്‍ക്കിസാര്‍ അവിടത്തെ സ്കൂള്‍മാഷായിരുന്നു. തിളങ്ങുന്ന കഷണ്ടിത്തല അദ്ദേഹത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് പോലെ. കുട്ടികള്‍ അദ്ദേഹത്തെ കേള്‍പ്പിച്ചും കേള്‍ക്കാതെയും മൊട്ട, ചാണ, ഒനിഡ, ഫാന്റം എന്നൊക്കെ വിളിക്കുമെങ്കിലും അതൊന്നും കേട്ടതായി സാറു നടിക്കാറില്ല. അങ്ങനെ സുദീര്‍ഘമായ സേവനത്തിനു ശേഷം വിരമിക്കല്‍ ചടങ്ങിനു വേദിയൊരുങ്ങി. എല്ലാവരുടെയും പുകഴ്ത്തല്‍ മത്സരത്തിനു ശേഷം അദ്ദേഹത്തിന്റെ ഊഴമായി. പ്രസംഗത്തിന്റെ പ്രസക്തഭാഗമിതാണ‌്:
“...എന്നെ കുട്ടികള്‍ കളിയാക്കുന്നത് എനിക്കറിയാം. എന്റെ മൊട്ടത്തല അതിനൊരു നിമിത്തമായതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ അപ്പനപ്പൂപ്പന്മാരുവഴി കിട്ടിയ സ്വത്താണിത്. ഞാന്‍ കണ്ണാടിയില്‍ എപ്പോള്‍ നോക്കിയാലും എന്നെ ഒരുപാട് ഓമനിച്ച അപ്പൂപ്പനെയാണ‌് ഓര്‍മ വരുന്നത്. പണ്ട്, ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ഒരുവന്‍ എന്നെ മൊട്ടേന്നു വിളിച്ചു കളിയാക്കി. അന്നു ഞാന്‍ വിഷമിച്ചിരിക്കുന്നതു കണ്ട് അപ്പന്‍ പറഞ്ഞു ‘എടാ, കഷണ്ടിയൊക്കെ നമ്മളാരും ഉണ്ടാക്കുന്നതല്ല. നമ്മുടെ നിയ(ന്തണത്തിലല്ലാത്ത കാര്യത്തിനെന്തിനാ വെറുതേ തല പുണ്ണാക്കുന്നത്? മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നതു പുണ്യമാന്നാ ക്രിസ്തു ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. അവരു ചിരിക്കുമ്പോ നീയും അങ്ങു ചിരിച്ചേക്കണം, അതോടെ കാര്യം തീര്‍ന്നു’ എന്ന്. എന്നോടുള്ള ദേഷ്യം കൊണ്ടല്ല, മറിച്ച് പിള്ളേര്‍ക്കൊന്നു ചിരിക്കണം, അതെനിക്കുമറിയാം, നിങ്ങള്‍ക്കുമറിയാം. എന്നുകരുതി അധ്യാപരെ കളിയാക്കുന്നതു നല്ലതെന്ന് കരുതരുത്. എനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നു പറഞ്ഞെന്നേയുള്ളൂ”
മതഗ്രന്ഥങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും പ്രാചീന സംസ്കാരവുംകൊണ്ട് സമ്പന്നമായ നമ്മുടെ ഭാരതം. ഇങ്ങനെയൊക്കെ ആണെങ്കിലും അതിലെ ആശയങ്ങള്‍ എത്ര വിശിഷ്ടമാണെങ്കിലും പ്രവൃത്തിയില്‍ കൊണ്ടുവരാതിരുന്നാല്‍ നിര്‍ജീവമായിരിക്കും.
കൊടുംവരള്‍ച്ചയുടെ പിടിയില്‍ അകപ്പെട്ട ഒരു നാട്ടില്‍ ജനങ്ങള്‍ കുടിവെള്ള ക്ഷാമവും കൃഷിനാശവും മൂലം പൊറുതിമുട്ടി. എല്ലാവര്‍ഷവും കിട്ടുന്ന മഴ പെയ്യാന്‍ മടിച്ചുനില്‍ക്കുന്നു. അങ്ങനെ വിഷമിച്ചപ്പോള്‍ ഒരു രക്ഷാമാര്‍ഗ്ഗം എന്ന നിലയിലാണു പ്രാര്‍ത്ഥിച്ചു മഴ പെയ്യിക്കുന്നതിനായി സ്ഥലത്തെ മത പുരോഹിതന്‍ പ്രാര്‍ത്ഥനാ സമ്മേളനം വിളിച്ചുകൂട്ടിയത്. മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥനയ‌്ക്കിടയില്‍ അത് സംഭവിച്ചു! ആകാശത്തു മഴക്കാറു കൂടുകൂട്ടി. എല്ലാവരും പുരോഹിതനെ വാനോളം പുകഴ്ത്തി. പരിപാടിയുടെ സ്പോണ്‍സര്‍മാരെയും പൊക്കിപ്പിടിച്ചു.
അഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും നിമിഷങ്ങളായിരുന്നു അത്. കനത്ത മഴ ആരംഭിച്ചു. എല്ലാവര്‍ക്കും വീട്ടിലേക്കു മടങ്ങണം, പക്ഷേ, ആരുടെ കയ്യിലും കുടയില്ല. അന്നേരം, ഒരു കുട്ടി മാത്രം തന്റെ കുട നിവര്‍ത്തി മെല്ലെ നടന്നുപോയി. പൊടുന്നനെ പുരോഹിതനു വീണ്ടുവിചാരമുണ്ടായി:
“എല്ലാവരും ആ പോകുന്ന കുട്ടിയെ നോക്കൂ. നമുക്കു തെറ്റുപറ്റിയിരിക്കുന്നു. അവന്റെ മാത്രം ദൈവ വിശ്വാസത്തിലായിരിക്കും ഇന്നിവിടെ മഴ ചൊരിഞ്ഞത്. ആ പ്രാര്‍ത്ഥന മാത്രമേ ദൈവം കേട്ടുകാണൂ. എന്തെന്നാല്‍, കുട കൂടെ കരുതാതെ നിങ്ങളൊക്കെ വന്നതെന്താ? ഒന്നുകില്‍ ദൈവത്തിന്റെ കഴിവിനെ സംശയിച്ചു, അല്ലെങ്കില്‍ ആ ശക്തിയില്‍ കാലതാമസം പ്രതീക്ഷിച്ചു. എന്നാല്, ഫലം കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടാണ‌് ആ കുട്ടി മാത്രം കുട കയ്യിലെടുത്തത്. അവന്റെ നിഷ്കളങ്കത ദൈവത്തിനു കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ”
ലഭിക്കുമെന്ന് ഉറപ്പുള്ള വിശ്വാസം ആനന്ദത്തിനുള്ള മാര്‍ഗ്ഗമാണ‌്. ഏറ്റവും അടുത്ത സുഹൃത്തിനോടോ ബന്ധുവിനോടോ സംസാരിക്കുമ്പോള്‍ കിട്ടുന്ന മന:സുഖം പ്രാര്‍ത്ഥനയിലൂടെ കിട്ടും. ഒരു യുവ വൈദികന്‍ തന്റെ പ്രസംഗത്തിനിടയില്‍ വൈദിക പഠനകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു:
“ഞങ്ങള്‍ വൈദിക പഠനത്തിനു പതിനാറു കുട്ടികളായിരുന്നു ചേര്‍ന്നത്. അതിന്റെ തുടക്കത്തില്‍ ഗുരുസ്ഥാനീയനായ വൈദികന്‍ പറഞ്ഞു_ ‘നിങ്ങളെ ഇതുവരെ നോക്കാന്‍ സ്വന്തം മാതാവോ പിതാവോ ഉണ്ടായിരുന്നു. ഇനി അങ്ങനെയല്ല. ക്രിസ്തുവിന്റെ അമ്മയായ മറിയമായിരിക്കും ഇനി നിങ്ങളുടെ അമ്മ. ആ മാതാവ‌് നിങ്ങളെ ശ്രദ്ധിക്കുന്നു എന്ന ജാഗ്രതയോടെ മുന്നോട്ടു നീങ്ങുക’ എന്ന്. ഇപ്പോള്‍ വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ ആ ബാച്ചില്‍ അവശേഷിക്കുന്നത് പതിനൊന്നു പേര്‍ മാത്രം”
ഈ പ്രസംഗം കഴിഞ്ഞ് വെളിയിലിറങ്ങിയ സമയത്ത് റോഷന്‍ എന്നയാള്‍ അവന്റെ ബന്ധുവായ ജോസിന്റെ കഥ പറഞ്ഞു:
“പ്രസംഗത്തില്‍ കൊച്ചച്ചന്‍, പഠനം പൂര്‍ത്തിയാക്കാതെ പോയവരുടെ കാര്യം പറഞ്ഞല്ലോ. അതില്‍ എന്റെ കസിനും പെടും. എന്നെ ചേട്ടായി എന്നു വിളിച്ചുപോന്നിരുന്ന അവന്‍ ഈ പഠനത്തിനു ചേര്‍ന്നു കഴിഞ്ഞ് ഒരു തവണ വീട്ടില്‍ വന്നപ്പോള്‍ വിളിച്ചത് എന്റെ പേരാണ‌്. പ്രായം പത്തുപതിനഞ്ച് എനിക്കു കൂടുതലുണ്ടെന്ന് ഓര്‍ക്കണം. ഞാന്‍ അന്നവനെ തിരുത്താന്‍ ശ്രമിച്ചു. പക്ഷേ, കേട്ടില്ല. പിന്നെ ഒരിക്കല്‍, ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വന്നിരുന്നു. എന്തിനെന്നോ? ജോലിയുടെ അളവും തൂക്കവും എടുക്കാന്‍. എളിമയുടെ അംശം ഒട്ടുമില്ലാത്തവന്‍ ആ പഠനത്തിന്റെ അവസാനമായപ്പോള്‍ പുറത്താക്കപ്പെട്ടു”
ദൈവം നയിക്കുന്നു എന്നു കരുതുന്നവര്‍ പ്രതിസന്ധികളെ നന്നായി നേരിടും, കാരണം അവര്‍ തനിച്ചാണെന്നു വിശ്വസിക്കുന്നില്ല. ഇന്ന്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ള മതമാണു ക്രിസ്തുമതം. ക്രിസ്തു ദൈവകല്പനകള്‍ രണ്ടു പ്രധാന കല്പനകളായി സംഗ്രഹിച്ചു. ദൈവത്തെ സ്നേഹിക്കുക, സ്വയം സ്നേഹിക്കുന്നതുപോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കുക. ഇതാണോ ഇത്ര വലിയ കാര്യം എന്ന് നിങ്ങള്‍ക്കു തോന്നിയേക്കാം. പക്ഷേ, നടപ്പില്‍ വരുത്താന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്.
ഇന്ന്, ദൈവ വിശ്വാസികളെന്ന് ഊറ്റം കൊള്ളുന്ന പല രാജ്യങ്ങളും വളരെയധികം യുദ്ധ സാമഗ്രികള്‍ ഉണ്ടാക്കുകയും കയറ്റുമതി ചെയ്യുകയും അതവരുടെ മുഖ്യ വരുമാനം എന്ന നിലയിലേക്ക് അധപതിക്കുകയും ചെയ‌്‌തിരിക്കുന്നു. ലളിതമായി പറഞ്ഞാല്‍, കാര്യങ്ങളുടെ കിടപ്പിങ്ങനെ:
കുട്ടപ്പനും തങ്കനും ബദ്ധവൈരികളായിരുന്നു. വൈരാഗ്യം കൂടിക്കൂടി വന്നപ്പോള്‍ കുട്ടപ്പന്‍ തങ്കനെ ആക്രമിക്കുമെന്ന നിലയിലായി. അതിനുവേണ്ടി ഒരു കത്തി ഉണ്ടാക്കാന്‍ ഉറ്റ ചങ്ങാതിയായ ബൈജുവിന്റെ ആലയില്‍ പറഞ്ഞു. അതുണ്ടാക്കുന്ന വേളയിലാണു തങ്കന്‍ ആ വഴി പോകുന്നത് കണ്ടത്. ബൈജുവിന്റെ കുബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവനെയും മൂപ്പുകയറ്റി തങ്കന്റെ കത്തിയുടെ പണിയും കിട്ടി. മറ്റൊരു സൂത്രവും ബൈജു പ്രയോഗിച്ചു_അവരുടെ ബന്ധുക്കളും മറ്റും ഇതില്‍ ഇടപെടാനുള്ള സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കാന്‍വേണ്ടി ഒത്തിരി ആയുധങ്ങള്‍ വേണമെന്ന്. അങ്ങനെ ഇരുകൂട്ടര്‍ക്കും ആയുധങ്ങള്‍ മത്സരിച്ചുണ്ടാകാന്‍ തുടങ്ങി. ‘പണി’ക്കാരന്‍ സമ്പന്നനായി. മറ്റവന്മാരുടെ കുടുംബങ്ങള്‍ പട്ടിണി. മാത്രമോ, വീടു മുഴുവനും ആയുധം നിറച്ചുവച്ചിരിക്കുന്നു. എങ്ങനെ സമാധാനം കിട്ടാനാണ‌്? ബൈജു ഒരു ദൈവ വിശാസിയെന്നാണ‌് വയ‌്പ‌്. ആണെങ്കില്‍ ആദ്യംതന്നെ അവരെ അതില്‍നിന്നു പിന്തിരിപ്പിക്കാമായിരുന്നു. ഇന്ന് പല രാജ്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കി അവരെ ആയുധങ്ങള്‍ അണിയിക്കുന്ന ഒരു സ(മ്പദായം നിലവിലുണ്ട്. മുട്ടനാടുകളെ തമ്മിലടിപ്പിച്ചിട്ട് ഇടയില്‍ വീഴുന്ന ചോര കുടിക്കുന്ന കുറുക്കന്മാരെപ്പോലെ ചില രാജ്യങ്ങള്‍!
പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ അടിസ്ഥാന സ്വഭാവം സ്നേഹമാണ‌്. അതില്‍നിന്നു വിരിയുന്ന പുഷ്പങ്ങളാകട്ടെ അനുകമ്പ, ഇഷ്ടം, പ്രണയം, കരുതല്‍, ഭക്തി, ദാനം, കടപ്പാട് എന്നിവയൊക്കെ. മനസ്സിനുള്ളില്‍ സ്നേഹം വച്ചുപുലര്‍ത്തുന്ന വ്യക്തികള്‍ ദൈവത്തിന്റെ സ്വഭാവംതന്നെയാണു കാണിക്കുന്നത്. ദൈവികാംശം പേറുന്ന അവരെ കാത്തിരിക്കുന്നത് മഹത്തരമായ ജീവിതമായിരിക്കുമെന്ന് ഉറപ്പിക്കാം.
വ്രതം, നോമ്പ്, ഉപവാസം എന്നിവയൊക്കെ പലരും സ്വന്തം മന:സുഖത്തിനു വേണ്ടി ചെയ്യുന്നുണ്ട്. ഒരു തരത്തിലുള്ള ത്യാഗം അല്ലെങ്കില്‍ പ്രായശ്ചിത്തം ഇതിനുണ്ടെന്നു കാണാം. മൂക്കറ്റം തിന്നുന്ന ഒരുവന്‍ അവന്റെ കൊതിയെന്ന ദുരാശയെ കടിഞ്ഞാണിട്ട് നിര്‍ത്തുന്ന പ്രക്രിയ നല്ലതാണല്ലോ. മറ്റു ദൗര്‍ബല്യങ്ങളെയും നേരിടാന്‍ ഇത്തരം പ്രവൃത്തിയിലൂടെ സാധിച്ചേക്കാം. നോമ്പുകാലത്ത് തെറ്റുകളും കുറയുന്നുണ്ട്.
പ്രാര്‍ത്ഥന എന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള സംഭാഷണമോ ചര്‍ച്ചയോ ആയി കണക്കാക്കാം. ചിലരിലതു കൌണ്‍സലിങ്ങിന്റെ ഫലമാണ‌് ഉളവാക്കുന്നത്. നല്ല സുഹൃത്തിനോടു പലതും മനസ്സുതുറന്നു(തുരന്നല്ല) പറയുമ്പോള്‍ കിട്ടുന്ന ആശ്വാസമാണ‌് ഇവിടെയും സംജാതമാകുന്നത്.
നേര്‍ച്ച, വഴിപാടുകള്‍ എന്നിവയൊക്കെ ഒരു വിശ്വാസിയുടെ സ്ഥിരം പരിപാടികളാണല്ലോ. പൊള്ളയായ അന്ധവിശ്വാസത്തിലായിരിക്കും പലതിന്റെയും അടിത്തറ. ഒരു വലിയ അഴിമതി കാണിച്ചു പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ബിജു കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു നേര്‍ച്ച. അയാള്‍ക്കു കിട്ടിയ കള്ളമുതലിന്റെ പാതി(ഏകദേശം നാലുലക്ഷം രൂപ) അടുത്തുള്ള ആരാധനാലയത്തിലെ ദൈവത്തിനു കൊടുത്തേക്കാം; പക്ഷേ, കാര്യം ദൈവം ഒതുക്കിക്കൊടുക്കണം. ഏതായാലും അവന്‍ രക്ഷപെട്ടു. രൂപ കൊടുക്കാന്‍ ചെന്നപ്പോഴാണ‌് അറിയുന്നത് അടുത്ത മാസം അവിടെ ഒരാഘോഷം ഏറ്റുനടത്താന്‍ ആളില്ലാതെ പണം പൊതുജനങ്ങളില്‍നിന്നു പിരിച്ചെടുക്കാന്‍ ആലോചന നടക്കുന്നുവെന്ന്. അവന്റെ മനസ്സില്‍ വീണ്ടും ലഡു പൊട്ടി. രൂപ അതിലേക്കിട്ടു. അങ്ങനെ പരിപാടി നോട്ടീസിന്റെ ആദ്യ പേജില്‍ പല്ലിളിച്ച സ്വന്തം ഫോട്ടോ കണ്ടു ബിജു സന്തോഷത്തില്‍ മുങ്ങിക്കുളിച്ചു.
ഇത്തരത്തിലുള്ള ഒരുപാട് അന്ധവിശ്വാസങ്ങളുണ്ട്. കള്ളനെ സഹായിച്ച് പെരുങ്കള്ളനാകാന്‍ ഒരു ദൈവത്തെയും കിട്ടില്ല. ഒരു ദൈവത്തിനും പണം, നിധി, ആഭരണം, ആയുധം എന്നിവ വേണ്ട, അതിന്റെ സൂക്ഷിപ്പുകാരനാവാനും നിന്നു കൊടുക്കില്ല എന്നുള്ളതാണു വാസ്തവം. പണമുണ്ടാക്കാന്‍ ഭക്തിയുടെ കള്ള നാണയങ്ങള്‍ ലോകത്തില്‍ ഒട്ടേറെയുണ്ട്. വിവേകപൂര്‍വ്വം ചിന്തിക്കുക, പെരുമാറുക.
മഹത്തായ വചനങ്ങള്‍:
“വിശ്വസ്തതയും ഭക്തിയും ഏറ്റവും ഉല്‍കൃഷ്ടമായ ഈശ്വര ആരാധനയാണ‌്” (സ്വാമി വിവേകാനന്ദന്‍)
“തന്റെ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ല” (ഹോമര്‍)
“ദൈവത്തോടുള്ള സംഭാഷണമാണു പ്രാര്‍ത്ഥന” (ക്ലമന്റ്)
“ഈശ്വരനോട് വിശ്വസ്തനല്ലാത്തവന്‍ മനുഷ്യനോടും വിശ്വസ്തനല്ല” (യൂങ്ങ്)
പ്രവര്‍ത്തിക്കാന്‍:
ദൈവവിശ്വാസം നമ്മില്‍ സന്തോഷത്തിനു കാരണമാകും. എല്ലാം ദൈവം നിരീക്ഷിക്കുന്നുവെന്നു വിചാരിച്ചു ജാഗ്രത പുലര്‍ത്തുക.
ഗുണമേന്മയുള്ള നമ്മുടെ ജീവിതം തന്നെയാണു ദൈവത്തിനു സമര്‍പ്പിക്കാവുന്ന ഏറ്റവും നല്ല നേര്‍ച്ചയും വഴിപാടും.
ദൈവത്തിന്റെ സ്വഭാവമായ സ്നേഹം, ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ഒറ്റമൂലിയാണ‌്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ശീലിക്കുക.
ഈ അദ്ധ്യായത്തിലെ കാര്യങ്ങള്‍ അപഗ്രഥിച്ചു ദൈവം എന്ന പ്രപഞ്ച ശക്തിയിലൂടെ സന്തോഷം അനുഭവിക്കുക.
4.ആരോഗ്യമെന്ന സന്തോഷം
ആരോഗ്യമുള്ള ഒരു ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സും കാണൂ. ഇവ രണ്ടും ഒരുപോലെ സമ്മേളിക്കുന്നിടത്ത് സന്തോഷം തിരതല്ലുമെന്നു പ്രതീക്ഷിക്കാം. ആയുര്‍വേദം പറയുന്നത് മനുഷ്യന്റെ ആയുസ്സ് നൂറ്റിയിരുപതു വര്‍ഷം നീളുന്നു എന്നാണ‌്. അപ്പോള്‍ അതിനു മുന്‍പുള്ള മരണം രോഗം മൂലമാണെന്നു നമുക്കേവര്‍ക്കും അറിവുള്ളതായിരിക്കുമല്ലോ. ആരോഗ്യമെന്നത് മാനസികമായും ശാരീരികമായും ഒരാള്‍ക്ക് അനുഭവപ്പെടുന്ന ഏറ്റവും സുഖകരമായ അവസ്ഥയാണ‌്. ഇവയെ തകര്‍ക്കുന്ന രോഗങ്ങളെ പടിക്കു പുറത്തു നിര്‍ത്താനായി നല്ലതുപോലെ നാം പരിശ്രമിച്ചേ മതിയാകൂ.
കേരളത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം അറുപത്തിനാലില്‍ നിന്ന് എഴുപതുകളിലേക്ക് കയറിയതില്‍ നമുക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല. കാരണം, നേരത്തേ വരുന്ന രോഗങ്ങളെ ആധുനിക ചികില്‍സാ സൗകര്യങ്ങളുടെ പിന്‍ബലത്തില്‍ ചികിത്സിച്ചു രോഗിയുടെ മരണം നീട്ടിക്കൊണ്ടു പോകുന്നു, അത്ര തന്നെ. പരിണാമം എന്നത് പ്രപഞ്ചത്തിലെ എല്ലാ ജീവികള്‍ക്കും ബാധകമാണ‌്. അതിനാല്‍, രോഗം വരുത്തുന്ന വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയിലും മ്യൂട്ടേഷന്‍ സംഭവിച്ച് അവരുടെ ശക്തി കൂടിക്കൂടി വരുന്നു. ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകളെ അവ ചെറുക്കുന്നു. മരുന്നുകള്‍ക്കും ശക്തി അതുകൊണ്ട് ക്രമേണ കൂട്ടേണ്ടതായി വരുന്നു. ഫലത്തില്‍, നമ്മുടെ രോഗ പ്രതിരോധ ശക്തി തകിടംമറിയുന്നു. മിക്ക രാജ്യങ്ങളും ജനങ്ങളുടെ അതിഭീമമായ ചികില്‍സാ ചെലവുകൊണ്ട് നട്ടം തിരിയുകയാണ‌്. സ്വയം ചികില്‍സയും ഒരുപാട് ആപത്തുകള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ലോകത്ത്, ഏറ്റവും കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു.
രോഗങ്ങളില്ലാത്ത മനുഷ്യരില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. വേദന സമ്മാനിക്കുന്നതിനു പുറമേ, രോഗങ്ങള്‍ സാമ്പത്തികമായി കുടുംബങ്ങളെ തകര്‍ക്കുന്ന ഒരു സ്ഥിതിവിശേഷവുമുണ്ട്. അതു കടുത്ത വിഷാദത്തിനും പിരിമുറുക്കത്തിനും കാരണമാകുമ്പോള്‍ സന്തോഷം എവിടെയോ പോയി ഒളിക്കുന്നു. പാരമ്പര്യ സ്വത്തുപോലെ കൈമാറി വരുന്ന ഒരുപറ്റം രോഗങ്ങളുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാന്‍സര്‍, ഹൃദയരോഗങ്ങള്‍, വാതം, അര്‍ശസ്, ആസ്ത്മ, ഹീമോഫിലിയ, ചില മാനസിക രോഗങ്ങള്‍, ദന്തരോഗങ്ങള്‍....എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഉദാഹരണം പറയുകയാണെങ്കില്‍, ഹൃദയ രോഗം മൂലം ഒരു കുടുംബത്തില്‍ അന്‍പതുവയസ്സിനു താഴെ രണ്ടു തലമുറയിലെ ആണുങ്ങളെ മരണം കൊണ്ടുപോയി. മൂന്നാം തലമുറയിലെ സുഹൃത്തിനെ രോഗത്തില്‍ പാരമ്പര്യ ഘടകം വഹിക്കുന്ന പങ്കിനെ വേണ്ട വിധം സൂചിപ്പിച്ചു. ഇപ്പോള്‍ ആറു മാസം കൂടിയുള്ള പരിശോധനകള്‍, ചിട്ടയായ ഭക്ഷണ ക്രമം, വ്യായാമം എന്നിങ്ങനെ അദ്ദേഹം ശ്രദ്ധാലുവാണ‌്. അങ്ങനെ അന്‍പതുവയസ്സിനു മുകളിലേക്കു പ്രായം കടന്നിരിക്കുന്നു.
മറ്റൊരുകൂട്ടം അസുഖങ്ങള്‍ നമ്മുടെ തെറ്റായ ജീവിതശൈലികൊണ്ടും ദിനംതോറുമുള്ള ഭക്ഷണരീതികൊണ്ടും ഉണ്ടാവുന്നവയാണ‌്. അതുപോലുള്ളവ ശ്രദ്ധിച്ചാല്‍ നിയ(ന്തിക്കാവുന്നതേയുള്ളൂ. മറ്റൊരു പ്രശ്നമായ മലിനീകരണം എല്ലാ മേഖലയിലും കൈ വച്ചിരിക്കുന്നു. നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം മലിനമായിരിക്കുന്നു. വീട്ടില്‍ നല്ല ഭക്ഷണം കിട്ടുമ്പോഴും കൃത്രിമ രുചിയുടെ പുറകേ പോയി അസുഖങ്ങള്‍ വരുത്തിവയ‌്ക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല.
പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ കോളജില്‍ പോയി മടങ്ങി വരികയായിരുന്നു രാജീവന്‍. അവന്റെ അമ്മ ഫോണില്‍ വിളിച്ച് പച്ചക്കറി വാങ്ങാന്‍ പറഞ്ഞു. വീട്ടില്‍ നാടന്‍ എത്തക്കാ അപ്പം ഉണ്ടാക്കിയിട്ടുണ്ട്, അതുകൊണ്ടു പുറത്തുനിന്ന് ഒന്നും കഴിക്കണ്ടെന്ന് ഓര്‍മ്മിപ്പിക്കാനും അവര്‍ മറന്നില്ല. അവന്‍ ബസ് സ്റ്റോപ്പില്‍ വന്നപ്പോള്‍ അങ്ങോട്ടുള്ള ബസ്സു വരാന്‍ പത്തു മിനിറ്റ് താമസമുണ്ട്. അടുത്തുള്ള ബേക്കറി മാടി വിളിക്കുന്നതായി അവനു തോന്നി. ഒരു ഫ്രഷ് ജ്യൂസ്, ഒരു സമോസ എന്നിവ അകത്താക്കി. വീട്ടിലെത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വയറുവേദനയും ഛര്‍ദിയും തുടങ്ങി. ആശുപത്രിയിലെ പരിശോധന കഴിഞ്ഞപ്പോള്‍ ഭക്ഷ്യ വിഷബാധ ആണെന്നു സ്ഥിരീകരിച്ചു. നല്ലതുപോലെ പഠിക്കാമായിരുന്ന കുറച്ചു ദിവസങ്ങളും അങ്ങനെ പോയിക്കിട്ടി. ആശുപത്രിചെലവു വേറെ.
ഇന്ന് പലരും വീടിനു പുറത്തെ ആഹാരം കഴിക്കുന്നത് വിശന്നിട്ടൊന്നുമല്ല. ഒരു ദുശ്ശീലം, കൊതി അല്ലെങ്കില്‍ കൃത്രിമ രുചിയുടെ പിറകേ പോകല്‍ എന്നു കരുതാവുന്നതാ. മായമില്ലാത്ത ഭക്ഷണം ഒന്നും തന്നെയില്ല എന്ന ദുരവസ്ഥയില്‍ എത്തിയിരിക്കുന്നു. കൂടുതല്‍ കാലം കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന അനുവദനീയമല്ലാത്ത രാസവസ്തുക്കള്‍, നിറങ്ങള്‍, പഴകിയ എണ്ണകള്‍ എന്നിങ്ങനെ ശരീരത്തിനു ദോഷം ചെയ്യുന്നവ വിപണിയില്‍ ധാരാളമാണ‌്. ലാഭം കൊയ്യാന്‍ സാമ്യം നില്‍ക്കുന്ന പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്ന രീതികളും നിലവിലുണ്ട്.
മായത്തിന്റെ കണക്കെടുക്കാന്‍ നില്‍ക്കുന്നതിനെക്കാളും നല്ലത് വീടിനു പുറത്തുനിന്ന് ആഹാരം കഴിയുന്നിടത്തോളം ഒഴിവാക്കുക എന്നതായിരിക്കും. വിപണിയില്‍ അനുദിനം പുതിയ മായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ വില്പനയില്‍ മുന്‍നിരയിലുള്ള കുട്ടികളുടെ പാക്കറ്റില്‍ കൊറിക്കാന്‍ കിട്ടുന്ന ചിലതില്‍ പ്ലാസ്റ്റിക്കിന്റെ അംശം ഉണ്ടെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പലതും നിങ്ങളുടെ കുട്ടികളെ ആപത്തിലേക്ക് നയിക്കും. ഒന്നു ശ്രമിച്ചാല്‍ എത്തക്കാ, ഉരുളക്കിഴങ്ങ്, കപ്പ എന്നിവയുടെ ചിപ്സ് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം. പരസ്യങ്ങള്‍ കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും ഫാസ്റ്റ് ഫുഡിന്റെ അടിമകളാക്കിയിരിക്കുന്നു.
രുചിയുള്ള ആഹാരം മിക്കവരുടെയും മനസ്സിനെ സന്തോഷിപ്പിക്കാന്‍ പോന്നവയാണ‌്. പരമ്പരാഗതമായ നാടന്‍ പലഹാരങ്ങള്‍ മനസ്സിനും വയറിനും ഒരുപോലെ പ്രിയങ്കരങ്ങളാണ‌്. ഇപ്പോഴും മുത്തശ്ശിമാരുടെ പാചക വിധികള്‍ അമൂല്യങ്ങളാണല്ലോ. പൊങ്ങച്ചത്തിന്റെയും പരസ്യത്തിന്റെയും തണലില്‍ കമ്പോളത്തിലുള്ള ഭക്ഷണമെന്ന വിഷത്തെ നമ്മുടെ വയറ്റിലേക്ക് പ്രവേശിപ്പിക്കരുത്. എന്തും ദഹിച്ചു കിട്ടുന്ന കുപ്പത്തൊട്ടി പോലെ ചിലര്‍ തങ്ങളുടെ വയറിനെ കരുതുന്നു. പലപ്പോഴും ശരീരത്തിനു വേണ്ടാത്തവയും കോശങ്ങള്‍ തെറ്റിദ്ധരിച്ചു വലിച്ചെടുക്കും. ദൂരവ്യാപകമായ വിപത്തുകള്‍ ഭാവിയില്‍ (slow poisoning) ഉണ്ടാക്കാന്‍ ശേഷിയുള്ളവയായിരിക്കാം ഇതൊക്കെ.
കീടനാശിനികളുടെ പ്രയോഗമാണു മറ്റൊരു ഭീഷണി. വ്യാപാരസംബന്ധമായ ആവശ്യത്തിനായി കേരളത്തിലെത്തിയ അയല്‍സംസ്ഥാനത്തിലെ പച്ചക്കറിക്കച്ചവടക്കാരന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്നു. കൂടെ ഇവിടെയുള്ള സുഹൃത്തും ഉണ്ടായിരുന്നു.
സുഹൃത്ത്: “ഈ ഹോട്ടലിലെ ഊണു കേമമാണ‌്, പച്ചക്കറികളൊക്കെ ഇഷ്ടം പോലെ വിളമ്പും. പിന്നെന്തിനാ ബിരിയാണി ഓര്‍ഡര്‍ ചെയ‌്തത്?” മറുപടിയായി കച്ചവടക്കാരന്‍ പറഞ്ഞു:
“എടോ, പച്ചക്കറിയൊക്കെ ഇങ്ങോട്ട് വരുന്നത് കൂടുതല്‍ വിഷമടിച്ചതാ. അവിടെ ഞങ്ങള്‍ രണ്ടുതരം കൃഷിയാ ചെയ്യുന്നത്, ഒന്നു ഞങ്ങള്‍ക്ക് ഉപയോഗിക്കാനും; മറ്റൊന്ന്, കീടങ്ങള്‍ തിന്നു ഞങ്ങളുടെ ഉല്പാദനം കുറയാതിരിക്കാന്‍ കൂടിയ വിഷമടിച്ചത് ഇങ്ങോട്ടൊക്കെ കയറ്റിവിടാനും!”
ചില ഇന്ത്യന്‍ ഭക്ഷണ പാക്കറ്റുകളും മറ്റും ഇറക്കുമതി ചെയ്യുന്നത് വിദേശ രാജ്യങ്ങള്‍ തടയാറുള്ളതു വാര്‍ത്തയാകാറുണ്ടല്ലോ. ഇവിടെ നിയമങ്ങള്‍ക്കൊന്നും ഒരു പഞ്ഞവുമില്ല. അതു നടപ്പില്‍ വരാറില്ലെന്നു മാത്രം. ആരോഗ്യം തകര്‍ക്കുന്ന മദ്യം, പലതരം മയക്കുമരുന്നുകള്‍, പുകവലി എന്നിവയൊക്കെ രോഗങ്ങളിലേക്കു മനുഷ്യരെ എത്തിക്കുന്നു. പണ്ട്, ബോംബെയില്‍ ‘മദ്യം ആരോഗ്യം തകര്‍ക്കുന്നു’ എന്ന വിഷയത്തില്‍ ഡോക്ടര്‍മാരുടെ സമ്മേളനം നടന്നു. അതു കഴിഞ്ഞയുടനേ, കുറച്ചുപേരുടെ ‘സമ്മേളനം’ മദ്യശാലയിലേക്കും നീണ്ടു. അറിവുള്ളവരുടെ ഇടയിലും ആരോഗ്യം തകരുന്നത് വിചിത്രമായ സംഗതിയാണ‌്.
ഭക്ഷണക്രമത്തില്‍, carbohydrates, vitamins, proteins, minerals, oils, fats, anti-oxidants എന്നിവയൊക്കെ വേണ്ട അനുപാതത്തില്‍ കിട്ടുന്നുണ്ടോ എന്നു പരിശോധിക്കുക. ജൈവ കൃഷിയിലൂടെ ഉണ്ടാക്കിയ ഉല്‍പന്നങ്ങള്‍ അല്പം വില കൂടുതലാണെങ്കിലും ശീലിക്കുക. രോഗ ചികില്‍സയ‌്ക്കു മുടക്കുന്നതിനെക്കാള്‍ ലാഭം അതുതന്നെയാണ‌്.
അമിത ഭക്ഷണമാണു മറ്റൊരു വില്ലന്‍. പലരും ഭക്ഷണം ഒന്ന് ചവയ‌്ക്കാനോ, രുചിക്കാനോ സമയം കൊടുക്കാതെയാണു വിഴുങ്ങുന്നത്. ഉമിനീര്‍ ഉണ്ടാകാന്‍ പോലും സമയം കൊടുക്കുന്നില്ല. പണം കൊടുക്കാതെ ഭക്ഷണം കിട്ടുന്ന ഇടങ്ങളാണു കൂടുതല്‍ പ്രശ്നമായി വരുന്നത്. വിവാഹ സല്‍ക്കാരങ്ങളിലും മറ്റും ഒരു തീറ്റ മത്സരമാണു കാണാന്‍ കഴിയുക. ‘അല്‍പ സമയം, ബഹുദൂരം’ എന്ന് അവിടെ ബോര്‍ഡ് വച്ചിട്ടുള്ളതുപോലെ തോന്നും വെപ്രാളം കണ്ടാല്‍! ഓരോ തരം ജോലിചെയ്യുന്നവര്‍ക്കും വ്യത്യസ്തങ്ങളായ ഊര്‍ജത്തിന്റെ ആവശ്യമാകയാല്‍ അതു തിരിച്ചറിഞ്ഞു വേണം ഭക്ഷിക്കാന്‍. ഓഫിസ് ജോലിക്കും കല്ലുവെട്ടുന്നവര്‍ക്കും വിനിയോഗം ഒരേ തരമല്ലല്ലോ. അധികം ഊര്‍ജത്തിന്റെ ചെലവില്ലാത്തവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കപ്പെടുന്നു. അമിതവണ്ണം വരുന്ന ഒരു പ്രധാന വഴിയാണിത്. ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന കാലറിയുടെ പട്ടിക ലഭ്യമാണെങ്കിലും അതുനോക്കുന്നത് അത്ര പ്രായോഗികമല്ല. ഒരു ദോശയുടെ കാലറി കിട്ടുമെങ്കിലും അതിന്റെ കൂടെ തട്ടുന്ന ചമ്മന്തിയുടെ അളവും കാലറിയും കിട്ടാന്‍ പ്രയാസമാണ‌്. തിരക്കുള്ള ജീവിതത്തില്‍, മറ്റു ചില രീതികള്‍ കണക്കിലെടുക്കാം. ശരീരത്തിന്റെ തൂക്കം എത്രയാവണം എന്നു കണക്കുകൂട്ടാന്‍ ചില എളുപ്പ വഴികളുണ്ട്.
Broca Index(BI)_ ഇതനുസരിച്ച്, ഒരാളുടെ സെന്റിമീറ്ററില്‍ ഉള്ള ഉയരത്തില്‍നിന്നു നൂറു കുറച്ചാല്‍ കിട്ടുന്നതായിരിക്കണം അയാളുടെ ന്യായമായ തൂക്കം.
Body Mass Index(BMI)_ ഒരാളുടെ മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗ്ഗത്തെ അയാളുടെ ഭാരം കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നത് എത്രയെന്നു നോക്കുക. Normal range ആയ 18.5നും 25നും ഇടയിലായിരിക്കണം അത്. 25നും 30നും ഇടയിലാണെങ്കില്‍ അമിതവണ്ണത്തിനു തൊട്ടടുത്തുള്ള അപകടവഴിയിലാണെന്നു മനസ്സിലാക്കാം. 30-നു മുകളില്‍ അമിതവണ്ണക്കാര്‍മാത്രം.
വ്യായാമം ആരോഗ്യത്തിന്റെ ഉറ്റ മിത്രമാണ‌്. ദിവസവും വ്യായാമം ചെയ്യുന്നവരുടെ മാനസിക-ശാരീരിക അവസ്ഥ സന്തോഷത്തിന‌് അനുകൂലമായിരിക്കും. അരമണിക്കൂര്‍ നേരം നടന്നാല്‍ കിട്ടാവുന്ന ഒന്നാണിത്. എന്നാല്‍, പറമ്പിലുംമറ്റും പണി ചെയ്യുന്നവരും അധ്വാനം വേണ്ട ജോലിയിലുള്ളവരും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരും വേറെ വ്യായാമം ചെയ്യേണ്ടിവരുന്നില്ല. വ്യായാമം ഒട്ടും ബാധ്യതയായി തോന്നാതെ വളരെ ആസ്വദിച്ചു കളിക്കുന്ന കോഴയില്ലാത്ത ക്രിക്കറ്റുകളിയും നാടന്‍പന്തുകളിയും മറ്റും തരുന്ന പ്രയോജനങ്ങള്‍ വ്യായാമത്തിന്റെ സൗഹൃദത്തിന്റെ ഉല്ലാസത്തിന്റെ നിമിഷങ്ങളായിരിക്കും.
നാം കഴിക്കുന്ന ഭക്ഷണം ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുത്തവ ആണെങ്കില്‍ മരുന്നിന്റെ ഫലം ചെയ്യും. പ്രകൃതിതന്നെ പാകം ചെയ‌്തു നമുക്കു നല്‍കുന്നവയാണു പഴങ്ങള്‍. ചക്കയും മാങ്ങയും പപ്പായയും ആഞ്ഞിലിപ്പഴവും സപ്പോട്ടയും പേരക്കയും പാഷന്‍ഫ്രൂട്ടും വാഴപ്പഴവും മള്‍ബറിപ്പഴവും ഞാവല്‍പഴവും നാരങ്ങയും നെല്ലിക്കയും... മുതലായ പഴങ്ങളൊക്കെ ഔഷധ ഗുണങ്ങളും അടങ്ങിയവയാണ‌്. ലോകത്തിലെ ഏറ്റവും വലിയ പഴമായ ചക്കപ്പഴമാണ‌് ഉപയോഗിക്കപ്പെടാതെ പോകുന്നതിലും ഒന്നാമന്‍. പോഷക സമൃദ്ധമായ ചക്കപ്പഴത്തെ വെറും ‘കണ്‍ട്രി’യാക്കുന്നു. പകരം, ഗമയും കീടനാശിനിയും ചേര്‍ന്ന മുന്തിരിരാജനെയും മറ്റും തീന്മേശയിലേക്ക് എഴുന്നെള്ളിക്കുന്നു.
ഒരു വീട്ടിലെ അടുക്കളയില്‍ രസകരമായ ഒരു കുറിപ്പ് ഒട്ടിച്ചിരിക്കുന്നു: “വെളിയില്‍നിന്നുള്ള ഭക്ഷണങ്ങള്‍ ഒന്നും സ്വീകരിക്കുന്നതല്ല, ദയവായി ക്ഷമിക്കുക” എന്ന്. തിരക്കിയപ്പോള്‍ കാരണം പറഞ്ഞത്_ ഒരിക്കല്‍ അവിടെ വന്ന അതിഥികള്‍ കുറച്ചു പലഹാരങ്ങള്‍ കൊണ്ടുവന്നിരുന്നു. അതില്‍നിന്ന് അവരുടെ കൊച്ചിനു salmonella bacteria മൂലം ഭക്ഷ്യ വിഷബാധ ഉണ്ടായി ഗുരുതരമാക്കി. പിന്നീട് അത്തരം വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ‌്.
പുറത്തെ ഭക്ഷണം മാത്രം തിന്നാന്‍ വിധിക്കപ്പെട്ടവരുണ്ട്. നിരന്തരം യാത്ര ചെയ്യുന്നവരും പാചകത്തിനു സൗകര്യമില്ലാത്തവരും ഒക്കെയുണ്ട്. നല്ല വില്‍പനയുള്ള ഇടങ്ങളില്‍നിന്നു കഴിക്കുക, പഴകാന്‍ സമയം കിട്ടില്ല. കഴിയുന്നതും ഇറച്ചിവച്ച് ഉണ്ടാക്കുന്നത് ഉപയോഗിക്കാതിരിക്കുക. തിളപ്പിച്ച വെള്ളം അല്ലെങ്കില്‍ മിനറല്‍വാട്ടര്‍ കുടിക്കുക.
ഒരു ബയോകെമിസ്ട്രി പ്രഫസറുടെ ക്ലാസ്സ്റൂം ആണു രംഗം. അദ്ദേഹം ലളിതമായി ക്ലാസ്സെടുക്കുന്ന ആളും ഒരു സരസനുമാണ‌്. ഇടയ‌്ക്ക് ഒരു ചോദ്യം: “നിങ്ങള്‍ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രാധാന്യം എന്തിനു കൊടുക്കും?”
സൗന്ദര്യം, സമ്പത്ത്, സ്ത്രീധനം, കാര്‍ എന്നിങ്ങനെ പല തമാശകളും വിദ്യാര്‍ഥികള്‍ തട്ടിമൂളിച്ചു.
“പ്ഫഹഹഹഹാ....” സ്വതസിദ്ധമായ അദ്ദേഹത്തിന്റെ അട്ടഹാസം അടങ്ങിയപ്പോള്‍ പറഞ്ഞു:
“നിങ്ങള്‍ ജീവിത പങ്കാളിയുടെ ആരോഗ്യമാണ‌് ഏറ്റവും പ്രധാനമായി കണക്കിലെടുക്കേണ്ടത്, അതുണ്ടെങ്കില്‍ മറ്റെല്ലാം പിന്നാലേ വന്നോളും”
മഹത്തായ വചനങ്ങള്‍:
“അധ്വാനവും അധ്യയനവും പ്രാര്‍ത്ഥനയും ആരോഗ്യത്തിന്റെ മൂന്നു താക്കോലാണ‌്. ഏതെങ്കിലും ഒന്നിന്റെ അഭാവം ആരോഗ്യത്തെ ബാധിക്കും” (ഗാന്ധിജി)
“ആരോഗ്യമാണ‌് ഒരുവന്റെ ആദ്യ സ്വത്ത്. നേരത്തേ കിടക്കുകയും നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യുന്നത് അവനെ ആരോഗ്യവും സമ്പത്തും ബുദ്ധിയും ഉള്ളവനാക്കുന്നു” (ഫ്രാന്‍ക്ളിന്‍)
“ആരോഗ്യമുള്ള ഒരു ശരീരം ആത്മാവിന‌് അതിഥിമുറിപോലെ. അനാരോഗ്യമുള്ള ശരീരം ജയിലും” (ബേക്കണ്‍)
പ്രവര്‍ത്തിക്കാന്‍:
നല്ല ശാരീരിക മാനസിക ആരോഗ്യമില്ലാതെ ഒരാള്‍ക്കു സന്തോഷിക്കാന്‍ ആവില്ല. മറ്റു വ്യായാമങ്ങളില്ലെങ്കില്‍, നിര്‍ബ്ബന്ധമായും അര മണിക്കൂര്‍ ദിവസവും നടക്കുക. നല്ല ഉണര്‍വ്വും സന്തോഷവും കിട്ടും.
തിരഞ്ഞെടുത്ത ഗുണമേന്മയുള്ള മിതഭക്ഷണം കഴിക്കുക. വീട്ടിലെ ഭക്ഷണം ശീലമാക്കുക. നിങ്ങള്‍ക്കു വേണ്ട പച്ചക്കറി-പഴങ്ങളുടെ കൃഷി ചെയ്യുക.
5.വിനോദശീലവും സന്തോഷവും
ഒരു യ(ന്തം തുടര്‍ച്ചയായി പണിയെടുക്കുമ്പോള്‍ ചൂടാകും, തേയ‌്മാനം ഉണ്ടാകും, ഘര്‍ഷണം മൂലം കാര്യക്ഷമത കുറയും. അപ്പോള്‍, നാം എന്തു ചെയ്യും? വിശ്രമം അനുവദിച്ച് ഗ്രീസും ഓയിലും മറ്റും ഇട്ടുകൊടുക്കും, കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്യും. ഇന്ന്, ഭൂമിയിലെ ഏറ്റവും മഹത്തരമായ യ(ന്തമാണ‌് മനുഷ്യനെന്ന മഹായ(ന്തം. കാര്യക്ഷമമായ ജീവിതത്തിന‌്, തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിനു സുഗമമായി മുന്നോട്ടു പോകാന്‍, വിശ്രമവും വിനോദവും അത്യാവശ്യമാണ‌്.
ഓരോ ദിവസത്തോടുമുള്ള മല്‍പിടുത്തത്തിനു ശേഷം ക്ഷീണിക്കുന്ന മനസ്സും ശരീരവും വിശ്രമിക്കുന്ന സമയമാണ‌് ഉറക്കം. ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ കിട്ടുന്ന നല്ല ഉറക്കം ഏവര്‍ക്കും ആവശ്യമാണുതാനും. ഉറക്കം പൂര്‍ണ വിശ്രമം ആകയാല്‍ പിന്നെ മറ്റൊരു വിശ്രമത്തിന്റെ ആവശ്യമില്ല. എന്നാല്‍, ശരീരത്തിന്റെ വയ്യാത്ത അവസ്ഥകളില്‍ ഇതൊന്നും ബാധകമല്ല, ചിലപ്പോള്‍ മാസങ്ങളോളം വിശ്രമിക്കേണ്ടിവരും. വിശ്രമമെന്നാല്‍ വെറുതെ ഇരിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്, അലസത, വിരസത, മടി എന്നൊക്കെയാണ‌് വെറുതെ സമയം കൊല്ലുന്നതിനെ പറയുന്നത്. ‘അലസന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ‌്’ എന്നുകൂടി ചേര്‍ത്തുവായിക്കണം.
വിനോദത്തിന്റെയും സന്തോഷത്തിന്റെയും അനന്തമായ സാദ്ധ്യതകളുള്ള ദിനങ്ങളിലൂടെയാണു നാം ഇന്നു കടന്നുപോകുന്നത്. ടി.വി., ഇന്റര്‍നെറ്റ്, സ്മാര്‍ട് ഫോണ്‍, കംപ്യൂട്ടറുകള്‍, ഹോം തീയറ്റര്‍ എന്നിവയിലൂടെ സംഗീതം, സിനിമ, തമാശകള്‍, ലോക കാഴ്ചകള്‍...എന്നിങ്ങനെ അഭിരുചിയറിഞ്ഞു സന്തോഷിപ്പിക്കാന്‍ സാങ്കേതിക വിദ്യ വളരെയേറെ പുരോഗമിച്ചിരിക്കുന്നു. വിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരാളുടെ ക്രിയാത്മകമായ പങ്കാളിത്തം ഇല്ല, വെറും ആസ്വാദനം മാത്രമേയുള്ളൂ. അവിടെയാണു ഹോബികളുടെ പ്രാധാന്യം.
നിത്യവും ചെയ്യുന്ന സന്തോഷവും ആസ്വാദനവും നിറഞ്ഞ ഒരു ശീലത്തെ ഹോബിയെന്നു വിളിക്കാം. ഒരാളുടെ ആഹ്ലാദകരമായ ജീവിതത്തിനായി ഒരു ഹോബിയെങ്കിലും കൂടിയേ തീരൂ. സൗഹൃദ സംഭാഷണങ്ങള്‍, സോഷ്യല്‍മീഡിയ, സംഗീതം പഠിക്കുക-പാടുക, പുസ്തക വായന, ഡ്രൈവിംഗ്, നീന്തല്‍, സംഗീത ഉപകരണങ്ങളുടെ വായന, യാത്രകള്‍ ചെയ്യുക; സ്റ്റാമ്പ്, നാണയം, ഫോട്ടോ, പുരാതന വസ്തുക്കള്‍_ എന്നിവയുടെ ശേഖരണം, യോഗാ, പ്രസംഗം, അഭിനയം, അവതാരകര്‍, സൗജന്യ സേവനങ്ങള്‍, പെയിന്റിംഗ്, മീന്‍പിടിത്തം, വളര്‍ത്തുമൃഗങ്ങള്‍, ഹാംറേഡിയോ...എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര ഹോബികളുണ്ട്. ഹോബികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചെലവു കുറഞ്ഞവയും ദൂഷ്യങ്ങള്‍ ഇല്ലാത്തവയും സ്വീകരിക്കുക. സാഹസിക വിനോദങ്ങള്‍ ചിലപ്പോള്‍ അപകടകാരികള്‍ ആയേക്കാം. trekking, para-gliding, sky-diving, mountaineering, surfing തുടങ്ങിയവയൊക്കെ രസകരമാണെന്നു തോന്നിയാലും അപകടം എന്തെങ്കിലും സംഭവിച്ചാല്‍? അത്തരം ഇരകള്‍ ഇന്ത്യയില്‍ ആരും സഹായത്തിനില്ലാതെ നരകിക്കുന്നുണ്ട് എന്ന വസ്തുത മറക്കരുത്.
ഹോബികളുടെ പ്രതിനിധിയായി, ഒരു പ്രധാന ഹോബിയായ വായനയെപ്പറ്റി മാത്രം ഇവിടെ കുറച്ചുകാര്യങ്ങള്‍ പറയാം.
എന്തിനാണു നാം വായിക്കുന്നത്?
ഇന്ന് നാം ലോകത്തില്‍ കാണുന്ന ഉയര്‍ച്ചയുടെ പിന്നില്‍ വായന ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വായന ഒരു അത്ഭുത പ്രതിഭാസംതന്നെ. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള അറിവു സമ്പാദിക്കാനായി നാമെല്ലാം വായിച്ചേ മതിയാകൂ. ബാല്യത്തില്‍ തുടങ്ങുന്ന ഈ പ്രക്രിയ ചിലപ്പോള്‍ ജീവിതസായാഹ്നം വരെ തുടരുന്നു. വിദ്യാഭ്യാസം, ജോലി, ഹോബി....ഇങ്ങനെ അതിനുള്ള വ്യാപ്തി വളരെ വലുതായിരിക്കും. വാര്‍ധക്യത്തില്‍ അല്ലെങ്കില്‍ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോകുമ്പോളും കടുത്ത ഏകാന്തതയിലും കൈത്താങ്ങാവും പുസ്തകങ്ങള്‍ തരുന്ന സന്തോഷം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഭാവിയേത്തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു പ്രതിഭാസം. അതുകൊണ്ട് മൂല്യമുള്ള ഒരു ഹോബിയായി ഇതിനെ കരുതാം.
ഏറ്റവും നന്നായി പഠനകാലത്ത് വായനയെ പ്രയോജനപ്പെടുത്തുന്ന ഒരു വിദ്യാര്‍ഥി ഉയര്‍ന്ന നിലയിലേക്ക് എത്തുന്നത് സ്വാഭാവികമാണല്ലോ. പഴയ സ്ഥിതിയില്‍നിന്നു മാറി ഇപ്പോള്‍ കേരളത്തിലെ യുവതീയുവാക്കള്‍ സിവില്‍ സര്‍വീസ് പോലുള്ള ഉന്നതജോലികളില്‍ എത്തിപ്പെടുന്നുണ്ട്. അവരുടെയെല്ലാം മികവിന്റെ അടിസ്ഥാനം ഒന്നുമാത്രം—പരന്ന വായന. ചെറുപ്പം മുതല്‍ക്കേ തുടങ്ങുന്ന വായനാശീലമാണ‌് അവരുടെ ശക്തിയുടെ ഉറവിടം. വായന നല്‍കുന്ന അറിവ‌് സ്വന്തം ജീവിതത്തില്‍ ഉടനീളം സഹായഹസ്തം നീട്ടുന്നത് പലരും അറിയാറില്ല. അതായത്, അറിവു തിരിച്ചറിവായി മാറണം. വായിച്ചത് പ്രയോഗത്തില്‍ വരുത്തണം.
“വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും!”
കുഞ്ഞുണ്ണിമാഷിന്റെ പ്രശസ്തമായ പദ്യശകലത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ഒരു നല്ല പുസ്തകം നൂറ് അധ്യാപകരെക്കാളും മഹത്തരമെന്നു പണ്ഡിത മതം.
ഒരു മനുഷ്യായുസ്സ് മുഴുവനും കൊണ്ടും കൊടുത്തും നീങ്ങിയാല്‍ മാത്രമേ ജീവിത പരീക്ഷണങ്ങളില്‍ വിജയിക്കാനാവൂ. സ്വഭാവരൂപീകരണത്തിന് സഹായിക്കുന്ന നല്ലൊരു ഉപകരണമാണു പുസ്തകം എന്നത് തര്‍ക്കമറ്റ വസ്തുതയാണ‌്. മലയാളി മലയാളം തന്നെ വായിക്കാന്‍ തിരഞ്ഞെടുക്കണം. ഒരു നാടിന്റെ സ്പന്ദനം അതിന്റെ മാതൃഭാഷയിലാണ‌്_ സംസ്കാരവും അതില്‍ത്തന്നെ. മലയാളിക്ക് മലയാളം മാതൃഭാഷ. പക്ഷേ, ഇന്ന് മലയാള അധ്യാപക ജോലിയുടെ അഭിമുഖത്തിനു വരെ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍! ഇംഗ്ലീഷ് ഒരു ലോകഭാഷ ആയതുകൊണ്ട് അത് രണ്ടാം ഭാഷയായി പഠിച്ചിരിക്കേണ്ടത് ആവശ്യം തന്നെ. എന്നാല്‍ ആ പഠനം മലയാളം ഉപേക്ഷിച്ചു കൊണ്ടാവരുത്.
മനുഷ്യ തലച്ചോറുകളുടെ കാര്യക്ഷമതയെ വര്‍ധിപ്പിക്കുന്ന പ്രക്രിയയാണു പുതിയ ഭാഷകള്‍ പഠിക്കുന്നതുമൂലം കൈവരുന്നത്. പണ്ഡിത ശ്രേണിയിലുള്ളവരെല്ലാംതന്നെ നിരവധി ഭാഷകളില്‍ വൈദഗ്ധ്യം നേടിയവരായിരുന്നു. പ്രാചീന മനുഷ്യര്‍ കല്ലുകളിലും ഗുഹകളിലും ലിപികള്‍ കൊത്തിവച്ചു. പിന്നെ കാലം മുന്നോട്ടു പോയപ്പോള്‍ മൃഗത്തിന്റെ തൊലിയിലും വൃക്ഷത്തിന്റെ തൊലിയിലും കോറിയിട്ട് അറിവിന്റെ തെളിവുകള്‍ നമുക്കു തന്നു. അതിനുശേഷം ചെമ്പുതകിടിലും മനുഷ്യന് എഴുതാനായി. പുരാതന ഈജിപ്ത് വംശം പാപ്പിറസ് എന്ന, ഇന്നത്തെ പേപ്പറിന്റെ മുന്‍ഗാമിയെ അവതരിപ്പിച്ചു. നമ്മുടെ നാട്ടില്‍ അച്ചടിയും കടലാസ്സും വന്നെത്തുന്നതിനു പിന്നെയും എത്രയോ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു. കടലാസ്സിനു മുന്‍പു നാരായംകൊണ്ട് പനയോലയിലെഴുതിയ മലയാളം നമ്മുടെ ലൈബ്രറികളിലും മ്യൂസിയങ്ങളിലും മറ്റും ഇന്നും ജീവിക്കുന്നു. ചെപ്പേട് എന്നറിയപ്പെട്ട ചെമ്പുതകിടിന്മേല്‍ ആലേഖനം ചെയ്യപ്പെട്ട പഴയ മലയാള നാടിന്റെ ചരിത്രവും സംസ്കാരവും നല്‍കുന്ന അറിവും അമൂല്യംതന്നെ. വട്ടെഴുത്തും കോലെഴുത്തും എഴുതിയ ശിലാസനങ്ങളിലൂടെ മലയാളത്തിന്റെ പരിണാമ ദശ നമ്മെ വിളിച്ചറിയിക്കുന്നു. അതെ, മലയാള ഭാഷ തുടര്‍ച്ചയായ പരിണാമത്തിലൂടെ കടന്നു പൊയ‌്‌ക്കൊണ്ടിരിക്കുന്നു.
ഇന്ന്, ഉന്നത സാങ്കേതിക വിദ്യ എല്ലാ മേഖലയിലുമെന്ന പോലെ വായനയുടെ കാര്യത്തിലും നമ്മെ ഒട്ടേറെ സഹായിക്കുന്നുണ്ട്. നമുക്ക് വായിക്കാനായി കടലാസ്സിനു പുറമേ ഡിജിറ്റല്‍ രൂപത്തിലും കാത്തിരിക്കുന്നു. ഇലക്ട്രോണിക് പത്രങ്ങളും പുസ്തകങ്ങളും സര്‍വ്വസാധാരണമായി. ലോകം മുഴുവനും കൈവെള്ളയില്‍ ആക്കുന്ന സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റ് നമ്മുടെ വായന വളരെ വേഗത്തിലും എളുപ്പത്തിലും ആക്കിയെന്നു പറയാം.
ഇലക്ട്രോണിക് വായനയുടെ ഗുണങ്ങള്‍ എന്തെല്ലാമാണ‌്?
വളരെ പെട്ടെന്ന് വായനക്കാര്‍ക്ക് കിട്ടുന്നു. സന്തതസഹചാരിയായ സ്മാര്‍ട്ട് ഫോണില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അത് സാധ്യമാകും. പ്രിന്റ് പുസ്തകങ്ങള്‍ വാങ്ങാനായി ഒരു യാത്രതന്നെ വേണ്ടി വരുമെന്ന് ഓര്‍ക്കുക. സമയലാഭമെന്നത് ചെറിയ കാര്യമല്ലല്ലോ.
ഒരു ട്രെയിന്‍യാത്ര ഓര്‍ത്തുനോക്കൂ. പലരും വിരസമായി ജാലകത്തിലൂടെ പുറത്തേക്കു നോക്കി സമയം കൊല്ലുന്നു. വായനാശീലം ഉള്ളവരെങ്കിലും കയ്യിലൊരു പുസ്തകം കരുതുക എന്നത് അസൗകര്യമായേക്കാം, എന്നാല്‍ സ്മാര്‍ട്ട്‌ഫോണും ഇ-വായന സാധ്യമാക്കുന്ന ഉപകരണങ്ങളും (ഇ-റീഡറും കിന്റിലും ഐ പാഡും സോണിയും വിങ്കും പോലുള്ളവ) ഒരു ലൈബ്രറി കൂടെക്കൊണ്ടു നടക്കുന്ന പ്രയോജനം നല്‍കും. മാത്രവുമല്ല, അറിവ‌്, ആഹ്ലാദം, ജോലി, ആശയവിനിമയം, വായന എന്നിങ്ങനെ ഒരേ സമയം പലതരം ധര്‍മം നിര്‍വഹിക്കുന്നവ വളരെ രസകരമായ ഒന്നായി കരുതാം.
സമയലാഭത്തിനു പുറമേ, ചെലവു കുറവുള്ള വായനയാണ‌് ഇ-വായന. അനേകം സൗജന്യ പുസ്തകങ്ങളും പെട്ടെന്ന് ലഭിക്കും. പല പ്രസാധകരും പ്രിന്റ് പുസ്തകങ്ങളെ അപേക്ഷിച്ച് ഡിജിറ്റല്‍ പതിപ്പുകള്‍ വില കുറച്ചാണു വില്‍ക്കുന്നത്.
എഴുത്തുകാരനു റോയല്‍റ്റി കൂടുതലും ലഭിക്കും. സാധാരണ പ്രിന്റ് പതിപ്പുകള്‍ക്ക് ഏഴുമുതല്‍ പത്തുവരെ ശതമാനം, ഡിജിറ്റലില്‍ നാല്പതിലേറെ ആകാം. ഉദാഹരണത്തിന‌്, ആമസോണ്‍കമ്പനി എഴുപതു ശതമാനം വരെ കൊടുക്കുന്നു!
വിദേശ രാജ്യങ്ങളിലുള്ള വായനക്കാരന് പ്രിന്റ് മലയാളം പുസ്തകങ്ങള്‍ കിട്ടാനും പ്രയാസങ്ങളുണ്ട്. എന്തിനധികം, നാട്ടിലെ പുസ്തകം വാങ്ങാനും സമയനഷ്ടം, യാത്രാചെലവ‌് എന്നിവയൊക്കെ പുസ്തകവിലയെക്കാളും കൂടുതലായി വന്നേക്കാം.
ഇന്ന്, പലര്‍ക്കും സ്വന്തമായി കൊച്ചു ലൈബ്രറിയുണ്ട്. എന്നാല്‍, പുസ്തകങ്ങള്‍ സൂക്ഷിച്ചുവയ‌്‌ക്കാനായിരിക്കും ഏറെ ബുദ്ധിമുട്ട്. സ്ഥലപരിമിതി മാത്രമല്ല, എണ്ണം കൂടുമ്പോള്‍ തിരഞ്ഞു കണ്ടെത്താനും സമയനഷ്ടം. ഇതൊന്നും ഇ-ബുക്കുകള്‍ക്കില്ല.
നല്ല അലമാരകള്‍ ഉണ്ടെന്നിരിക്കട്ടെ. എങ്കിലും കുറച്ചു വര്‍ഷങ്ങള്‍ പഴക്കമുള്ളവ വീണ്ടും വായിക്കാനോ, റഫറന്‍സിനോ എടുക്കുമ്പോഴാവും അലര്‍ജിയും അകമ്പടിരോഗങ്ങളും നമ്മെ പിടികൂടുന്നത്. ഇവിടെ ഡിജിറ്റലുകളുടെ സേവനം അമൂല്യം.
വീട്ടിലെ പുസ്തകശേഖരം, ജോലിസ്ഥലത്ത് അല്ലെങ്കില്‍ പെട്ടെന്ന് ഉപയോഗിക്കേണ്ട അവസരത്തില്‍ ലഭ്യമാകാത്തതിനാല്‍ നിരാശയാവും സമ്മാനിക്കുക. വെറും സെക്കന്റ്കൊണ്ട് പുതിയ വിദ്യ കാര്യം നേടുന്നത് വളരെ ഉപകാരപ്രദമായിരിക്കും.
നിമിഷങ്ങള്‍കൊണ്ട് ലോകമെങ്ങും പരക്കാനുള്ള വേഗം ഡിജിറ്റലുകള്‍ കൈവരിക്കും. ഇതേ കാര്യം ഫിസിക്കല്‍പുസ്തകങ്ങള്‍ നേടാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും.
നമ്മുടെ ഇഷ്ടം അനുസരിച്ച് ഫോണ്ട് സ്വീകരിക്കാനും വലിപ്പം ക്രമീകരിക്കാനും കൃതിയില്‍തന്നെ വാക്കുകള്‍ തെരയാനും അങ്ങനെ ഒട്ടേറെ സജ്ജീകരണങ്ങളും മിക്ക ഇ-ബുക്കിലും ഉണ്ട്.
പക്ഷേ, മലയാള ഇ-വായന കുറച്ച് പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ലോകത്തിലെ ഒരു സങ്കീര്‍ണ്ണ ഭാഷയാണു നമ്മുടെ മലയാളം. അത് സംസ്കൃതത്തിന്റെയും തമിഴിന്റെയും സംഭാവന സ്വീകരിച്ച സങ്കര ഭാഷയെന്നു പറയാം. ‘ശബ്ദതാരാവലി’ എന്ന മഹത്തായ മലയാള ഗ്രന്ഥം നല്‍കുന്ന പദങ്ങളുടെ അര്‍ത്ഥ വ്യാപ്തി നമ്മെ ഞെട്ടിക്കും. അതേസമയം, പത്രങ്ങളെല്ലാംതന്നെ എളുപ്പമുള്ള ഭാഷ സ്വീകരിച്ചിരിക്കുന്നു. അത് കൂട്ടക്ഷരങ്ങള്‍ ഒഴിവാക്കി സംസ്കൃതചുവയുള്ള പദങ്ങളെ ലളിതമാക്കിയിരിക്കുന്നു. പ്രിന്റ് പുസ്തകത്തില്‍ ഇഷ്ടമുള്ള ഫോണ്ട് സ്വീകരിക്കാം. എന്നാല്‍, ഇ-ബുക്കുകള്‍ മലയാളത്തില്‍ യൂണികോഡ് സ(മ്പദായത്തില്‍ ആയതിനാല്‍ പല പരിമിതികളും ഉണ്ട്. സൗജന്യമായി ചുരുക്കം ഫോണ്ടുകള്‍ മാത്രം. യാതൊരു എകോപനവുമില്ലാതെ പലതരം ഫോണ്ടുകള്‍ പലതരം കമ്പ്യൂട്ടറുകളില്‍ തോന്നിയതുപോലെ ഇന്നും ഉപയോഗിക്കുന്നു. ചില സോഫ്റ്റ്‌വെയറില്‍ ചിലത്...ചിലപ്പോള്‍ പണിതീരാത്ത വീടുപോലെ തോന്നുന്ന മലയാള ഫോണ്ട് കിട്ടും.
നമുക്ക് സ്വീകരിക്കാവുന്ന വായനാരീതി എങ്ങനെ ആവണമെന്ന് നോക്കാം. എല്ലാവരും ജീവിക്കുന്നത് വളരെ വേഗം കൂടിയ ഒരു ലോകത്താണല്ലോ. സമയം അമൂല്യ വസ്തുവായി കാണുന്ന കാലമാണിത്. അത് വായനയുടെ കാര്യത്തിലും ബാധകമാണ‌്. വായനയുടെ ലക്ഷ്യം അനുസരിച്ചായിരിക്കണം അതിന്റെ വേഗതയും. പത്രം നോക്കുന്നത് പെട്ടെന്നാണ‌്. ഒരു തരം സ്കാനിംഗ്. എന്നാല്‍, പരീക്ഷാ പഠനത്തിനു മനസ്സിരുത്തി പഠിക്കേണ്ടി വരും. എന്നാല്‍ ഒരു കാര്യം റഫര്‍ ചെയ്യാനാണെങ്കില്‍ മറ്റൊരു രീതി. വായനയുടെ വേഗത കൂട്ടി ഒരുപാട് സമയം ലാഭിച്ച് ചുരുങ്ങിയ കാലത്തില്‍ ഒട്ടേറെ മികച്ചവ വായിക്കാന്‍ പരിശീലിക്കണം.
സാധാരണപുസ്തകം വാങ്ങാനായി പോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രമുഖ എഴുത്തുകാരുടെ എല്ലാ പുസ്തകങ്ങളും ഒന്നുപോലെ അല്ല. അമൂല്യമായതും വെറുംചവറും ഒരേ തൂലികയില്‍നിന്നു വന്നെന്നിരിക്കും. പുസ്തകച്ചന്തകള്‍ നന്നായി പ്രയോജനപ്പെടുത്തുക. വിലയിരുത്തി സമയമെടുത്ത് തീരുമാനിക്കാനവിടെ അവസരം ഉണ്ട്. കടകളില്‍ ഒട്ടും സമയം കിട്ടില്ല. ജില്ലാ-സംസ്ഥാന ലൈബ്രറികളില്‍ അംഗത്വം നേടുക. മികച്ച വാങ്ങേണ്ട കൃതികള്‍ കണ്ടെത്താന്‍ ഇതു സഹായിക്കും.
പല പ്രശസ്തരായ എഴുത്തുകാരും നേരിട്ട ഒരു പ്രശ്നമായിരുന്നു പുസ്തകങ്ങളുടെ ആധിക്യം. മറ്റു മുറികളും തികയാതെ വന്നപ്പോള്‍ അടുക്കളയിലുംവരെ പുസ്തകം സൂക്ഷിച്ചവരും ഉണ്ട്. കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും പഠിക്കണം. എണ്ണത്തില്‍ കുറവും അതേസമയം അമൂല്യ ശേഖരവുമാവട്ടെ നിങ്ങളുടെ ലൈബ്രറി. അടുക്കും ചിട്ടയും ഉള്ള വായനാമുറി നല്ല വായനയ‌്‌ക്കു നിങ്ങളെ പ്രേരിപ്പിക്കുമെന്നു തീര്‍ച്ച. പുസ്തകം ഓരോന്നും നമ്പര്‍ ഇട്ടു സൂക്ഷിക്കുക. ഓരോ വിഷയത്തിനും നൂറു നമ്പര്‍ എങ്കിലും ഇടവേള കൊടുക്കുക. പുതിയ പുസ്തകം മേടിക്കുന്ന അവസരത്തില്‍ ആ ഒരേ സീരീസില്‍ തുടങ്ങാനാവും. ഉദാഹരണത്തിന‌്, ചെറുകഥകള്‍ നൂറിലാണ‌് എങ്കില്‍ നോവല്‍ ഇരുനൂറുതൊട്ടു തുടങ്ങുക.
വാരികകളും പത്രങ്ങളും മാസികകളും പരസ്യചാക്കുകളാണ‌്. നാലഞ്ചുപേജുകള്‍ മാത്രമേ നിങ്ങള്‍ക്കു വേണ്ടത് അതിലുള്ളൂ എങ്കില്‍ എന്തിനു മുഴുവന്‍ലക്കം സൂക്ഷിച്ചു സ്ഥലം കളയണം? ആ പേജുകള്‍ മാത്രം കീറിയെടുത്ത് വിഷയം തിരിച്ചു ഫയല്‍ ചെയ‌്താല്‍ മതിയാകും. അങ്ങനെ ഇടം ലാഭിക്കാം.
ഒരിക്കലും പുസ്തകങ്ങള്‍ നേരിട്ട് പൊടി കയറുന്ന വിധത്തില്‍ സൂക്ഷിക്കരുത്. അടച്ച അലമാരകളില്‍ അവയെ രക്ഷിക്കുക. ഒരു പുസ്തകത്തിനുമേല്‍ ലോഡ് പോലെ അടുത്ത വരി പുസ്തകം വയ‌്ക്കരുത്. ഒരു നിര മാത്രം എന്ന രീതിയില്‍ തട്ടുകള്‍ ക്രമീകരിക്കുക. അകത്തേക്കും നിരകള്‍ വരാതെ നോക്കുക. കനംകുറഞ്ഞ processed wood അലമാരകള്‍ ഇതിനായി ഉപയോഗിക്കാം. അല്ലെങ്കില്‍ സ്റ്റീല്‍ അലമാരകള്‍ അളവുകൊടുത്ത് വേണ്ടവിധം ഉണ്ടാക്കണം. പുറമേ ഗ്ലാസ്സ് ഉള്ള അലമാരകളായിരിക്കും നല്ലത്. കാരണം വൃത്തിയായി ക്രമീകരിച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഗ്ലാസ്സിലൂടെ കാണുമ്പോള്‍ അതെടുത്തു വായിക്കാനായി നിങ്ങളേയും മറ്റുള്ളവരേയും പ്രചോദിപ്പിക്കും. ഒരൊറ്റ വലിയ ഷെല്‍ഫിനെക്കാളും നല്ലത്, പുനക്രമീകരണം ചെയ്യാനാവുന്ന ചെറിയ യൂണിറ്റുകളാണ‌്.
മുഴുവന്‍ ബുക്കുകളുടെയും ഒരു കാറ്റലോഗ് തയ്യാറാക്കുന്നത് ഏറെ തപ്പുന്ന സമയം ലാഭിക്കും. അതും ഡിജിറ്റല്‍ നല്ലത്.
ഇനി വായനമുറിയില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടാവണം എന്ന് നോക്കാം. വീതി കുറഞ്ഞു നീളം കൂടിയ മേശ നല്ലത്. ചൂട് കുറവും റേഡിയേഷന്‍ ഇല്ലാത്തവയും നിസ്സാര വൈദ്യുതി എടുക്കുന്നതുമായ എല്‍.ഇ.ഡി. ബള്‍ബുകള്‍ ആയുസ്സിലും മുന്‍പിലാണ‌്. അത്തരം ബള്‍ബുകള്‍ ഉപയോഗിക്കുക. സി.എഫ്.എല്‍. ചൂടും വികിരണങ്ങളും പുറപ്പെടുവിക്കുന്നതു കൊണ്ട് ഒഴിവാക്കണം. അരണ്ടതും തീവ്രതയുള്ളതും ആയ പ്രകാശവും കണ്ണിനു ഹാനികരമായിരിക്കും. മിതമായ നിലയില്‍ അത് ക്രമീകരിക്കുക. സാധാരണയായി ചിലതരം ജോലി ചെയ്യുന്നവര്‍ക്കും എഴുത്തുകാര്‍ക്കും രണ്ടു മേശ വേണ്ടിവരും. പെട്ടെന്നുള്ള കാര്യങ്ങള്‍ക്കും; ക്രമമായ കാര്യങ്ങള്‍ക്കും. കാരണം, ഓരോന്നിനും വേണ്ടി ഒരേ മേശ ഉപയോഗിക്കുമ്പോള്‍ പ്രവൃത്തിയുടെ ഒഴുക്ക് നഷ്ടപ്പെടും. മിടുക്കരായ വിദ്യാര്‍ഥികളുടെ വായനാമുറിയും മിടുക്കുള്ളതായിരിക്കുമെന്ന് ഓര്‍മ്മയിലിരിക്കട്ടെ.
അധികമായാല്‍ അമൃതും വിഷം എന്ന് കേട്ടിരിക്കുമല്ലോ. വായനയുടെ കാര്യത്തിലും ഇത് ശരിയാണ‌്. മാരത്തോണ്‍വായന ഒഴിവാക്കണം. ഒറ്റയിരുപ്പില്‍ മുക്കാല്‍ മണിക്കൂറില്‍ കൂടുതല്‍ വായിക്കരുത്. കണ്ണിനും കഴുത്തിനും നട്ടെല്ലിനും ചീത്തയാണ‌്. അധികനേരം താഴോട്ടു നോക്കി വായിക്കുന്നവരില്‍ സ്പോണ്ടിലോസിസ് പോലുള്ള രോഗങ്ങള്‍ പിടിപെടാം. അതിനായി റൈറ്റിംഗ് ബോര്‍ഡ് പോലുള്ളവ വച്ച് പുസ്തകം മുഖത്തിന്റെ നിലയിലേക്ക് ഉയര്‍ത്താം. മാത്രമല്ല, തലചാരാനും പറ്റുന്ന കസേര ഉപയോഗിക്കുക. ഹാന്‍ഡ് റെസ്റ്റ് ഇല്ലാത്ത കസേര ഉപയോഗിക്കാനും പാടില്ല. അതുപോലെ ഉറക്കമിളച്ചുള്ള വായനയും പഠനവും ആരോഗ്യം തകര്‍ക്കും. പഠനത്തിനുള്ള വായന രാവിലെ ആദ്യംതന്നെ ആവണം. വിനോദത്തിനുള്ള വായന ബോറടിച്ചിരിക്കുമ്പോളും യാത്ര ചെയ്യുമ്പോഴും ആവാം. ബസ്സില്‍ യാത്രയുടെ സമയത്ത് വായന അരുത്; കേരളത്തിലെ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒട്ടും പാടില്ല! കാരണം, ആനക്കുഴികളിലെ തുടര്‍ചലനങ്ങള്‍ കണ്ണിന്റെ ആരോഗ്യം കളയും.
ഓരോ പുസ്തകവും വായിക്കുമ്പോഴും പ്രധാനപ്പെട്ട കാര്യങ്ങള്‍ അടിവരയിട്ടു ശീലിക്കണം. പിന്നീട് വായിക്കുമ്പോള്‍ കാര്യങ്ങള്‍ പിടികിട്ടാനായി സഹായിക്കും, സമയം ലാഭിക്കാം. അതുപോലെ, സ്വന്തം പുസ്തകം ആണെങ്കില്‍ അതിന്റെ വശത്ത് പുതിയ ആശയങ്ങള്‍, കുറിപ്പുകള്‍, വിമര്‍ശനങ്ങള്‍ എന്നിവയൊക്കെ എഴുതുന്നത് നല്ലതാണ‌്. ചിലര്‍ മറ്റൊരു നോട്ട് ബുക്ക് ഇതിനായി സൂക്ഷിക്കാറുണ്ട്. പഠിക്കാനും മറ്റും ഇരിക്കുമ്പോള്‍ ദിശയും പ്രധാനമായിരിക്കും. കിഴക്ക് അറിവിന്റെ ദിശ എന്നാണ‌് അറിയപ്പെടുന്നത്. അതായത്, ഭൂമിയുടെ കാന്തിക മണ്ഡലത്തെ മാനിച്ച് കിഴക്കോട്ടു നോക്കിയിരുന്ന് വായിക്കുക, പഠിക്കുക, ജോലി ചെയ്യുക. മറ്റൊരു രസകരമായ കാര്യമുള്ളത്_ പുസ്തകംമാത്രം വായിക്കാനായി കടം കൊടുക്കരുത്. മിക്കവാറും തിരിച്ചുതരില്ല!
പുസ്തകത്തിനുള്ള പേപ്പര്‍ ഉണ്ടാക്കണമെങ്കില്‍ എത്ര മരങ്ങളിലായിരിക്കും മഴു വീഴേണ്ടത്. കൂടാതെ, പേപ്പര്‍ നിര്‍മാണ ഘട്ടത്തില്‍ പരിസര മലിനീകരണം ഉണ്ടാകുന്നുമുണ്ട്. പഴയ പുസ്തകങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജികള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയൊക്കെ നോക്കുമ്പോള്‍ ഇ-പ്രസിദ്ധീകരണങ്ങള്‍ ഗുണകരങ്ങളായിരിക്കും. 2017 മുതല്‍ ഇ-ബുക്കുകള്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായങ്ങള്‍.
പുസ്തകം ഫിസിക്കലോ ഡിജിറ്റലോ ആകട്ടെ, ഒരു പുസ്തകം ഒരേസമയം തരുന്നത് പലതരം ജീവിതങ്ങളുടെ പകര്‍പ്പുകളാണെന്നു തീര്‍ച്ച. സാധാരണക്കാരന് സ്വജീവിതം നന്നായി ജീവിച്ചു തീര്‍ക്കണമെങ്കില്‍ അതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ‌്.
മഹത്തായ വചനങ്ങള്‍:
“വിശ്രമവേള എന്തെങ്കിലും പ്രയോജനകരമായത് ചെയ്യുവാനുള്ള സമയമാണ‌്” (നോവ)
“ശരീരത്തിനു വ്യായാമം പോലെയാണു വായന മനസ്സിന‌്‍” (റിച്ചാര്‍ഡ് സ്റ്റീല്‍)
“വായനപോലെ ചെലവു ചുരുങ്ങിയതും ആനന്ദം നീണ്ടു നില്‍ക്കുന്നതുമായ മറ്റൊരു വിനോദമില്ല” (ലേഡി മൊന്റെഗ്)
“സാമ്രാജ്യ അധിപനായിരുന്നില്ലെങ്കില്‍ ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ‌് എനിക്കിഷ്ടം” (നെപ്പോളിയന്‍)
പ്രവര്‍ത്തിക്കാന്‍:
സന്തോഷത്തിനുള്ള പ്രധാന വഴിയായ വിനോദം ആര്‍ക്കും ദോഷകരമല്ലാതെ ആസ്വദിക്കുക. ഏതൊരാള്‍ക്കും ഒരു നല്ല ഹോബിയെങ്കിലും ഉണ്ടായിരിക്കണം. അത് സന്തോഷവും ഉന്മേഷവും നല്‍കും. സാഹസിക വിനോദങ്ങള്‍ ഒഴിവാക്കണം.
6.നന്മയിലൂടെ സന്തോഷത്തിലേക്ക്...
മറ്റൊരാളുടെ നന്മയിലേക്ക് വെളിച്ചം വീശുന്ന അവസരങ്ങള്‍ പലപ്പോഴും വീണുകിട്ടാറുണ്ട്. അത് ചെറുതോ വലുതോ ആകട്ടെ. സേവനം മഹത്തരമായതായിരിക്കണം എന്ന്‍ നിര്‍ബന്ധം പിടിച്ചാല്‍ വെറുതെ കാത്തിരിക്കേണ്ടിവരും, ഫലത്തില്‍ ഒന്നും നടക്കുകയുമില്ല. ചെറിയ ചെറിയ നന്മകളും ലോകം ആവശ്യപ്പെടുന്നുണ്ട്. ‘പലതുള്ളി പെരുവെള്ളം’ എന്നപോലെ നന്മകള്‍ നിറഞ്ഞുകവിയട്ടെ.
ഒരു പെട്രോള്‍ പമ്പിലെ ജോലിക്കാരായിരുന്നു അജയനും രമേശും. ടയറില്‍ കാറ്റു നിറച്ചുകൊടുക്കുന്നതും ജോലിയുടെ ഭാഗമാണ‌്. എല്ലാ ദിവസവും ടയറിലെ ട്യൂബിന്റെ അടപ്പ് (dust cap) കുറച്ചെണ്ണം തറയില്‍ കിടക്കുന്നത് രമേശ് പെറുക്കിയെടുത്ത് നീല യൂണിഫോമിന്റെ പോക്കറ്റിലിടും, പിന്നെ അതില്ലാത്ത ടയറുള്ള വാഹനങ്ങള്‍ വരുമ്പോള്‍ അതു പിരിച്ചുകയറ്റി വിടും. ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോള്‍ രമേശ് ചോദിച്ചു:
“എടാ, അജയാ, എയറടിക്കുന്നിടത്ത് എങ്ങനാ കുറച്ചു പിരിയടപ്പ് നിലത്തുകിടക്കുന്നത്? നീ ശരിക്കു മുറുക്കാത്തതാ?”
“ഹോ, ഇതുപോലൊരു മണ്ടന്‍, ഞാനത് ഇട്ടിട്ടുവേണ്ടേ മുറുകാന്‍. ഒന്നും തരാതെ പോകുന്നവനിട്ടൊക്കെ ഇരിക്കട്ടെ ഒരു പണി, എനിക്കിത്രേം ഉപകാരമൊക്കെ ചെയ്യാനല്ലേ പറ്റൂള്ളൂ” അജയന്‍ ഊറിച്ചിരിച്ചു.
“അതിന‌്, മുതലാളി ‘നോ ടിപ്സ് പ്ലീസ്’ എന്നു ബോര്‍ഡ് കെട്ടിത്തൂക്കിയാല്‍ ആരെങ്കിലും വല്ലതും തരുവോ? ശ്ശൊ, നിന്റെയൊരു കാര്യം” രമേശ് അങ്ങനെയാണു പ്രതികരിച്ചത്.
ഒരേ വേദിയില്‍ത്തന്നെ നന്മയും തിന്മയും ചെയ്യാന്‍ ഇവരെപ്പോലെ തന്നെ പലര്‍ക്കും സന്ദര്‍ഭങ്ങള്‍ ഒത്തുവരും. ബസ്സിലും മറ്റും നാം ഇരുന്ന് യാത്ര ചെയ്യുമ്പോഴാവും കുഞ്ഞുങ്ങള്‍, രോഗികള്‍, വൃദ്ധന്മാര്‍ എന്നിവരൊക്കെ സീറ്റ് കിട്ടാതെ വലയുന്നത്. കൊച്ചു നന്മയുടെ അവസരമാണിതൊക്കെ. സന്തോഷമെന്നാല്‍ സേവനമാണെന്ന് രബീ(ന്ദനാഥ് ടഗോര്‍ പ്രസ്താവിച്ചിട്ടുണ്ട്.
പണ്ട്, ഒരു കാട്ടില്‍ നിരാശനായി കൊച്ചുശലഭം ഇലയുടെ തണലില്‍ തനിച്ചിരിക്കുന്നത് കണ്ടിട്ട്, അതുവഴി വന്ന സന്യാസി വിവരം തിരക്കിയപ്പോള്‍_
ശലഭം: “എനിക്കു നാണമാകുന്നു ഇങ്ങനെ തുള്ളിച്ചാടി നടക്കാന്‍. നിങ്ങള്‍ മനുഷ്യര്‍ക്കൊക്കെ ഒരുപാട് ആയുസ്സ്. എനിക്കോ, കുറച്ചുദിവസങ്ങള്‍ മാത്രം ആയുസ്സ്, അത് തേന്‍ കുടിക്കാന്‍ പോയാലും ഇല്ലെങ്കിലും തീരും. ഞാന്‍ ഇവിടിരുന്നു ചത്തോളും”
സന്യാസി: “ദീര്‍ഘകാലം ചുറ്റുപാടും സന്തോഷിപ്പിക്കാന്‍ ദൈവം മനുഷ്യനു ആയുസ്സു കൂട്ടിക്കൊടുത്തിരിക്കുന്നു. അവര്‍ക്കു ഭാരിച്ച കടമയാണു ചെയ‌്തുതീര്‍ക്കാനുള്ളത്. അതുപോലെ ഇവിടെ നീ പാറിപ്പറന്നു നടക്കുന്നതു കാണാന്‍ എന്തു രസമാണ‌്. മറ്റുള്ള ജീവികളെ സന്തോഷിപ്പിക്കാനായിട്ടാണു നിന്നെയും ഭഗവാന്‍ സൃഷ്ടിച്ചിരിക്കുന്നത്. ചെറുജീവിതത്തിനു ചെറിയ കടമ”
ഇതു കേട്ടിട്ട് ശലഭം തൃപ്തനായില്ല.
“എന്നിട്ടാണോ, വേടന്മാരുടെ കുട്ടികള്‍ എന്റെ കൂട്ടുകാരെ വളഞ്ഞു പിടിച്ചുകൊണ്ടു പോയത്?”
“വാസ്തവം അതല്ല. അവരെ ഓമനിക്കാന്‍ പിടിക്കുന്നതാണ‌്. അന്നേരം രക്ഷപെടാന്‍ നോക്കുമ്പോള്‍ ചിറകൊടിഞ്ഞു പോകും. നാട്ടിലെ കുട്ടികള്‍ക്കുപോലും ശലഭങ്ങളെ എന്തിഷ്ടമാണെന്നോ? ശലഭങ്ങളെ കൂട്ടമായി വളര്‍ത്തുന്ന രാജ്യങ്ങള്‍ വരെയുണ്ട്. അതേസമയം കുട്ടികള്‍ പാമ്പിനെ, കീരിയെ, ഓന്തിനെ, പട്ടിയെ, പൂച്ചയെ, എലിയെ... ഒക്കെ കണ്ടാല്‍ കല്ലെറിയാതെ വിടില്ല. നിന്നെ എല്ലാവരും കണ്ട് ആഹ്ലാദിക്കട്ടെ. അടുത്ത പറമ്പില്‍ ചെത്തിപ്പൂവു പൂത്തിട്ടുണ്ട്. നിറച്ചു തേനാ, അവിടെ നിന്റെ കൂട്ടുകാരുടെ ബഹളമാ”
“ലാലലാ...ലല്ലാലീ...” മൂളിപ്പാട്ടുപാടിക്കൊണ്ടു ശലഭം തുള്ളിച്ചാടി അങ്ങോട്ടു പറന്നു.
അറിഞ്ഞും അറിയാതെയും നമ്മുടെ സാമീപ്യം പലരുടെയും നന്മയ‌്ക്കു കാരണമായേക്കാം. ഒന്നുകൂടി ശ്രമിച്ചാല്‍ വന്‍കിട നന്മകളും സഹൃദയര്‍ പുറപ്പെടുവിക്കും. അങ്ങനെ കുറച്ചുപേര്‍ നമ്മുടെ സമൂഹത്തില്‍ ഉള്ളതുകൊണ്ടാണ‌് ഈ ഭൂമി ഇങ്ങനെയൊക്കെ മുന്നോട്ടു പോകുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവമാണ‌് ഇനി പറയുന്നത്:
മുന്‍പരിചയമില്ലാത്ത റിജോയും സുജയും ട്രെയിനില്‍ അടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. റിജോ എന്‍ജിനീയര്‍, സുജ ടീച്ചറാണ‌്. രണ്ടുപേര്‍ക്കും എറണാകുളത്താണു ജോലി. അപ്പോഴാണ‌് ഒരു പയ്യന്‍ പത്തുരൂപയുടെ ഒരു കൂട്ടം പുസ്തകങ്ങളുമായി അങ്ങോട്ടുവന്ന് സീറ്റില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പാകത്തില്‍ വച്ചിട്ടുപോയത്. പെട്ടെന്നു സുജ മറ്റൊന്നും ശ്രദ്ധിക്കാതെ കുറച്ചുനേരമെടുത്ത് പുസ്തകത്തിലൂടെ ഓട്ടപ്രദക്ഷിണം നടത്തി നാലു പുസ്തകങ്ങള്‍ എടുത്തു. മറ്റുള്ളവര്‍ക്കൊന്നും കാര്യമായി പുസ്തകം നോക്കാന്‍ കിട്ടിയില്ലെന്ന് അവള്‍ മനസ്സിലാക്കി. അന്നേരം പയ്യന്‍ വന്ന് ബാക്കിയുള്ളത് എണ്ണിനോക്കി രൂപയും വാങ്ങി അടുത്ത ബോഗിയിലേക്കു നീങ്ങി.
“പുസ്തകങ്ങള്‍ എനിക്കു ജീവനാണ‌്. ഞാന്‍ പരിസരം മറക്കും. സോറി, സാറിനൊന്നും...” അവള്‍ ചോദ്യഭാവത്തിലവനെ നോക്കി.
“ഞാന്‍ റിജോ. സാറുവിളി വേണ്ട. പിന്നെ, ഞാന്‍ മലയാളം ബുക്സ് ഒന്നും വായിക്കാറില്ല. എവിടെ സമയം കിട്ടാന്‍?”
“ഓ, എന്റെ പേരു പറയാന്‍ മറന്നു_ സുജ”
അങ്ങനെ പല പൊതുവിഷയങ്ങളും അവരു സംസാരിച്ചെങ്കിലും വ്യക്തിപരമായതൊന്നും ചോദിക്കാതെ തികച്ചും മാന്യമായ പെരുമാറ്റം അവര്‍ പരസ്പരം കൈമാറി. കോട്ടയത്ത് റിജോ ഇറങ്ങാന്‍നേരം സുജ ഒരു പുസ്തകം അവനു കൊടുത്തിട്ടു പറഞ്ഞു:
“ഗിഫ്റ്റ് ആയിട്ട് എന്റെ വക ഒരു പുസ്തകമിരിക്കട്ടെ” അവള്‍ വാങ്ങിയ നാലുപുസ്തകത്തില്‍ ഒരെണ്ണമെടുത്ത് അവനുനേര്‍ക്കു നീട്ടി.
“ഏയ‌്, അതിന്റെ ആവശ്യമില്ല, വായിച്ചിട്ട് എപ്പോഴെങ്കിലും കാണുകയാണെങ്കില്‍ തിരികെ തന്നേക്കാം”
ഫോണ്‍ നമ്പര്‍ ചോദിക്കണമെന്നു രണ്ടു പേരുടെയും മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ദുരഭിമാനം അതിനു സമ്മതിച്ചില്ല. അന്നു രാത്രി ഉറങ്ങാന്‍നേരമായിരുന്നു അവളുടെ പുസ്തകത്തിന്റെ കാര്യം ഓര്‍ത്തത്. അതിന്റെ കവര്‍ പോലും നോക്കാതെയാണു ബാഗിലേക്ക് നിക്ഷേപിച്ചത്. അതെടുത്ത്, മനസ്സില്ലാ മനസ്സോടെ അലക്ഷ്യമായി താളുകള്‍ മറിച്ചു. ബോറടിച്ചിട്ട് അത് മേശമേലിട്ടു. മുറിയിലെ ബള്‍ബ് കെടുത്താന്‍നേരമാണു ഫാനിന്റെ കാറ്റുകൊണ്ട് ഒന്നുരണ്ടു താളുകള്‍ പൊങ്ങിനില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ‘മദ്യത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന തലക്കെട്ട്. അതൊന്നു നോക്കിക്കളയാം എന്ന മട്ടില്‍ അല്‍പനേരം നിന്നു വായിച്ചു. പിന്നെ ഇരുന്നു വളരെ ശ്രദ്ധയോടെ വായിച്ചു.
ഗ്രന്ഥകാരന്റെ എഴുത്തിലെ മികവ‌് അവനെ വല്ലാതെ സ്വാധീനിച്ചു. ആ അധ്യായത്തില്‍ മദ്യത്തിന്റെ ഗുണവും ദോഷവും രോഗങ്ങളും ജീവിതത്തെ ദോഷകരമായി ബാധിക്കുന്നതും വളരെ വ്യക്തമായി പ്രതിപാദിച്ചിരുന്നു. മുന്‍പും ഇത്തരം വിഷയങ്ങള്‍ വായിച്ചുണ്ടെങ്കിലും സുജ കൊടുത്ത പുസ്തകമെന്ന ‘എന്തോ ഒരിത്’ അതിനെ പിന്തുണച്ചു. മികച്ച ശമ്പളം വാങ്ങുന്ന റിജോ ചിലപ്പോഴൊക്കെ മദ്യം ഉപയോഗിക്കുന്ന കൂട്ടത്തിലായിരുന്നു. ഒരു മാസം മുന്‍പു സ്ഥലം മാറി വന്ന സുഹൃത്ത് മദ്യത്തിന്റെ അടിമ ആയതിനാല്‍ റിജോ ഭാവിയില്‍ മുഴുക്കുടിയന്‍ ആകാനുള്ള തുടക്കത്തിലാണ‌് സുജയുടെ ഈ പുസ്തകം വഴിമുടക്കിയത്.
അങ്ങനെ പലതും ആലോചിച്ചു റിജോ ഒരു തീരുമാനമെടുത്തു_ ‘ഇനി വല്ലപ്പോഴും മാത്രം, അതും അളവുകുറച്ച്’
പല തവണ ട്രെയിനില്‍ അവന്റെ കണ്ണുകള്‍ അവള്‍ക്കായി പരതിയെങ്കിലും റിജോ നിരാശനായി. മൂന്നു മാസംകൊണ്ട് മദ്യത്തോടു പൂര്‍ണമായും അവന്‍ വിട പറഞ്ഞു. ഒരു ദിവസം കോട്ടയത്തേക്ക് അവന്‍ ട്രെയിനില്‍ ഇരുന്നപ്പോള്‍ത്തന്നെ ഉറങ്ങിപ്പോയി. അന്നു കമ്പനിയില്‍ ജോലിഭാരം കൂടുതലായിരുന്നു.
“ഹേ, മിസ്റ്റര്‍, എന്റെ പുസ്തകം മടക്കിത്തരാമെന്നു പറഞ്ഞിട്ട്...”
പെട്ടെന്ന് റിജോ കണ്ണുതുറന്നു. അവളെക്കണ്ട് അവനു സന്തോഷം നിയ(ന്തിക്കാനായില്ല.
“ഞാന്‍ എവിടെയൊക്കെ തെരഞ്ഞെന്നോ, പുസ്തകം മടക്കിത്തരാനല്ല, ഒന്നു കാണാന്‍”
“എന്റെ നാടായ തിരുവല്ലയിലെ സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയിട്ടു രണ്ടര മാസമായി. ഇന്ന്‍ അവിചാരിതമായി പഴയ സ്ഥലത്ത് ഒന്നു പോകേണ്ടിവന്നു. അതുകൊണ്ടാ ഈ വഴി...”
അവരുടെ വാചാലതയില്‍ സ്നേഹം രൂപം കൊണ്ടു. അതു വിവാഹത്തിലും കലാശിച്ചു. ഇപ്പോള്‍ അവര്‍ക്കു രണ്ടുകുട്ടികള്‍. ഇതൊക്കെ നമ്മെ ഓര്‍മിപ്പിക്കുന്നതെന്താണ‌്? നന്മയുടെ നിക്ഷേപം ചെറുതായിരിക്കാം പക്ഷേ, ഫലം ചിലപ്പോള്‍ ഭാവിയെത്തന്നെ മാറ്റിമറിക്കും! ദുശ്ശീലങ്ങളൊക്കെ ഓടിയൊളിക്കാനും ഇതൊക്കെ കാരണമായേക്കാം.
മറ്റുള്ളവര്‍ക്കു സന്തോഷവും സംതൃപ്തിയും കൊടുക്കാന്‍ പറ്റാത്ത നിലയിലാണു നിങ്ങളെങ്കിലും അവര്‍ക്കതു ലഭിക്കട്ടെ എന്നു മനസ്സില്‍ വിചാരിക്കുന്നതുതന്നെ നിങ്ങളിലെ നന്മയുടെ സൂചകമാണെന്നു വിശ്വസിക്കണം.
വാക്കും പ്രവൃത്തിയും ആശയങ്ങളും പണവും എല്ലാം മറ്റുള്ളവരുടെ നന്മയിലേക്ക് വകയിരുത്താം. വിശന്നിരിക്കുന്നവനു ഭക്ഷണമാണു വേണ്ടത്, അല്ലാതെ ഉപദേശമല്ല. കുട്ടികളുടെ പഠനച്ചെലവുകള്‍ക്ക് പ്രാര്‍ത്ഥനയല്ല, പണമാണു വേണ്ടത്. മരണാസന്നനായ രോഗിക്കു നിങ്ങളുടെ സാമീപ്യമായിരിക്കാം വേണ്ടത്, അല്ലാതെ പണത്തിന‌് അവിടെ പ്രസക്തിയില്ല. യുദ്ധപ്രിയരായ രാജ്യങ്ങള്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കാനേ പറ്റൂ. അതേസമയം, കുഴിയില്‍ വീണ വണ്ടി കയറ്റാന്‍ നിങ്ങളുടെ കായിക ശക്തി ഉന്തിത്തള്ളി ചെല്ലണം. അങ്ങനെ നമ്മുടെ ദാനങ്ങള്‍ക്ക് പരിധിയില്ല.
അടുത്തുള്ള ഒരു വീട്ടിലേക്കു സ്കൂള്‍മാഷ് ഒരു നോട്ടീസ് കൊടുക്കാനായി ചെന്ന സമയത്ത് അവിടെ അപ്പനും മകനും തമ്മില്‍ ഒരു തര്‍ക്കം നടക്കുന്നു. വിഷയം ഇതാണ‌്: പഴയ തുണികളൊക്കെ മകന്‍ ഒരു പിച്ചക്കാരനു കൊടുത്തുവിട്ടു.
അപ്പന‌് അതിഷ്ടമായില്ല. ഇതൊക്കെ കള്ളന്മാരുടെയും മാഫിയക്കാരുടെയും പണിയാണെന്നും തുണികള്‍ തേച്ചുമിനുക്കി വീണ്ടും ഫുട്പാത്ത് കച്ചവടത്തിനും കൊണ്ടുവരുന്ന തട്ടിപ്പുകാരാണ‌് അവരൊക്കെ എന്നുമുള്ള അപ്പന്റെ വാദം അവനും സമ്മതിച്ചുകൊടുത്തില്ല. പൊരിഞ്ഞ വാഗ്വാദത്തിനൊടുവില്‍, തീരുമാനം മാഷിനു വിട്ടു: “നിങ്ങള്‍ പത്ര വാര്‍ത്തകളെ അന്ധമായി വിശ്വസിക്കരുത്. ഈ വീട്ടിലെ പഴന്തുണിയൊക്കെ എന്തിനു സൂക്ഷിക്കാന്‍ സ്ഥലം കളയുന്നു? അതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടാകട്ടെ. കൊടുക്കാതെ പറമ്പില്‍ ഇട്ടാലും കത്തിച്ചു കളഞ്ഞാലും പരിസര മലിനീകരണം ആണുണ്ടാവുക. അയല്‍സംസ്ഥാനത്ത് ഇതൊക്കെ എത്തിച്ചു കുറച്ചു മിനുക്കുപണികളൊക്കെ ചെയ്യിച്ച് അവ തിരിച്ചുവരുന്നുണ്ട്. പക്ഷേ, ഇതുകൊണ്ട് എത്ര കുടുംബങ്ങളാണു ജീവിച്ചുപോകുന്നത് എന്നറിയാമോ? ഉപയോഗശൂന്യമായ സാധനങ്ങള്‍ക്ക് നമ്മുടെ വീട്ടിലും മനസ്സിലും സ്ഥാനം കൊടുക്കരുത്” അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള വിധിപ്രസ്താവന അവര്‍ക്കു സ്വീകാര്യമായിരുന്നു.
ഇനി മറ്റൊരു സംഭവത്തിലേക്ക് വരാം. സാധു സുന്ദര്‍സിംഗ് അദ്ദേഹത്തിന്റെ ഒരു അനുഭവം വിവരിക്കുന്നത് ഇപ്രകാരമാണ‌്: ഗംഗാതീരത്ത്, ഒരു സന്യാസി തന്റെ ഒരു കൈ വായുവില്‍ നീട്ടിപ്പിടിച്ചു ജനങ്ങളെ അനുഗ്രഹിക്കുന്നതു കണ്ടു. ആ കൈ താഴേക്കു കൊണ്ടുവരുന്നില്ല. തുടര്‍ന്ന് സന്യാസി ഇങ്ങനെ പ്രസംഗിച്ചു:
“ഞാന്‍ ഈ കൈകൊണ്ട് ഒരുപാട് അധര്‍മങ്ങള്‍ ചെയ‌്‌തിട്ടുണ്ട്. പിന്നീട് ജ്ഞാനം ലഭിച്ചപ്പോള്‍ ആ കൈക്കു ശിക്ഷ കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഈ കൈ പൊങ്ങിയ നിലയിലായി”
ഇതുകേട്ടതിനുശേഷം സന്യാസിയെ തനിച്ചുകണ്ടു സാധു സുന്ദര്‍സിംഗ് പറഞ്ഞു:
“അങ്ങേക്ക് ഈ കൈ കൊണ്ട് മനുഷ്യരെ സഹായിച്ചുകൊണ്ട് അതിനു പ്രായശ്ചിത്തം ചെയ്യാമായിരുന്നില്ലേ?”
ഇന്നു പലരും നന്മയുടെ നിമിത്തമാകാന്‍ നില്‍ക്കാതെ പല ഒഴികഴിവുകള്‍ പറയുന്ന കാഴ്ച കാണാം. കാരണങ്ങള്‍ നിരത്താന്‍ വളരെ എളുപ്പമാണ‌്. ഞാനതു കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല, ചോദിക്കാതെ ഞാന്‍ എങ്ങനെ മനസ്സിലാക്കും... ഇത്തരത്തിലുള്ള എതിര്‍വാദങ്ങള്‍ ഉന്നയിച്ചു സ്വയം ന്യായീകരിക്കാനും മറ്റുള്ളവരെ ബോധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ പതിവാണല്ലോ.
മഹത്തായ വചനങ്ങള്‍:
“പരസ്പരം ജീവിത ക്ലേശം ലഘൂകരിക്കാനല്ലെങ്കില്‍ പിന്നെ നാമെന്തിനു ജീവിക്കണം?” (എലിയറ്റ്)
“ലോകഭാരം ആര്‍ക്കെങ്കിലും ലഘൂകരിക്കുന്ന ആരുംതന്നെ ഈ ലോകത്തില്‍ ഉപയോഗമില്ലാത്തവനല്ല” (ഡിക്കന്‍സ്)
“ഉപകാരം ചെറുതാണെങ്കിലും ഒരു സന്ദര്‍ഭത്തെ സംബന്ധിച്ച് അതിനു ലോകത്തേക്കാള്‍ വലിപ്പമുണ്ട്” (തിരുവള്ളുവര്‍)
“നന്മയാണ‌് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപം” (തോറ)
“നന്മയെന്നത് തെറ്റു ചെയ്യാതിരിക്കുന്നതു മാത്രമല്ല, തെറ്റ് ചെയ്യാന്‍ ആഗ്രഹമില്ലാതിരിക്കല്‍കൂടിയാണ‌്” (ഡമൊക്രാറ്റ്സ്)
“നിങ്ങള്‍ നേടിയ ബഹുമതിയുടെയും ബിരുദത്തിന്റെയും വലിയ കണക്കല്ല, നന്മയുടെ ചെറിയ കണക്കായിരിക്കും ദൈവം നോക്കുക” (ഹബാര്‍ഡ്)
“മനസ്സ് മുന്‍കൂട്ടി നന്മകള്‍ കൊണ്ടു നിറച്ചില്ലെങ്കില്‍ തിന്മ അവിടെ ആധിപത്യം ഉറപ്പിക്കും” (ജോണ്‍സന്‍)
പ്രവര്‍ത്തിക്കാന്‍:
ചെറിയ നന്മയാണെങ്കിലും ചെയ്യാന്‍ മടിക്കരുത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യുക. വാക്ക്, പ്രവൃത്തി, പണം, ആശയങ്ങള്‍...എന്തിനധികം, കരുണയുള്ള ഒരു നോട്ടം പോലും നന്മയാകും. നന്മ ചെയ്യാനും സ്വീകരിക്കാനും സന്നദ്ധരാകുക. ഇതെല്ലാം സന്തോഷത്തിന്റെ ശക്തമായ ഭാവങ്ങളാണ‌്.
7.സന്തോഷമാകുന്ന കടപ്പാട്
സാധാരണ മിക്കവാറും പുസ്തകങ്ങളുടെ തുടക്കത്തിലും സമര്‍പ്പണം അല്ലെങ്കില്‍ കടപ്പാട് രേഖപ്പെടുത്തിയ ഒരു പേജ് ഉണ്ടായിരിക്കും. ഈ പുസ്തകത്തിന്റെ തുടക്കത്തിലും ഞാന്‍ അതുപോലൊന്ന് എന്തെഴുതുമെന്നു വിചാരിച്ചപ്പോഴാണ് ചില ചിന്തകള്‍ മനസ്സിലേക്കു കടന്നു വന്നത്.
നാം വിചാരിക്കുന്നതിനേക്കാള്‍ അപ്പുറത്താണു കടപ്പാടിന്റെ പാദമുദ്രകള്‍. ഏറ്റവും കൂടുതല്‍ പുസ്തക സമര്‍പ്പണം കണ്ടുവരുന്നത് ദൈവത്തിനും മാതാപിതാക്കള്‍ക്കും പിന്നെ ഭാര്യയ‌്ക്കും ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും. എന്നാല്‍ വാസ്തവം എന്താണ്? കടപ്പാട് അവിടെ തീരുന്നുണ്ടോ? മാതാപിതാക്കളോട് കടപ്പെട്ടിരിക്കുമ്പോള്‍ അവരുടെ അപ്പനപ്പൂന്മാരില്ലെങ്കില്‍ അവരും നമ്മളും ഇല്ല. അപ്പോള്‍ പിന്നിലേക്ക് അനന്തമായി നീളുന്ന കടപ്പാട്. സഹോദരങ്ങള്‍, ജീവിതപങ്കാളി, കുട്ടികള്‍ എന്നിവരും നമ്മെ സഹായിക്കുന്നവരാണ‌്. അതു കൂടാതെ, ഗുരുജനങ്ങളോടും നാം കടപ്പെട്ടിരിക്കുന്നു. ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവര്‍ ഏകദേശം നൂറിലേറെ അധ്യാപകരുടെ ശിക്ഷണം കിട്ടിയവരാകും.
ഒരു നെന്മണി_ കൃഷിയിടങ്ങള്‍, പണിക്കാര്‍, സംഭരണക്കാര്‍, വിതരണക്കാര്‍, കടകള്‍... കടന്നു പാചകവും കഴിഞ്ഞാണു നമ്മുടെ വായിലെത്തുന്നത്. അതുപോലെ, കൂട്ടുകാര്‍ എല്ലാ വ്യക്തികളുടെയും സ്വഭാവത്തില്‍ പങ്കുപറ്റുന്ന ശക്തിയായിരിക്കും. അതല്ലാതെ, നാം അറിയുക പോലുമില്ലാത്ത എത്രയോ ഗവേഷകരുടെ ഫലമായിട്ടാണ‌് ഇതെനിക്ക് എഴുതാനും നിങ്ങള്‍ക്കു വായിക്കാനും പറ്റുന്നത്? മുറിയിലുള്ള വൈദ്യുതിയും വൈദ്യുത ഉപകരണങ്ങളും കമ്പ്യൂട്ടറും അനുബന്ധസാധനങ്ങളും വീടും മറ്റും ഉണ്ടാക്കിയവരോടും കടപ്പെട്ടിരിക്കുന്നു. പേന, പത്ര-മാസികകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയും ജീവനില്ലാത്തവ ആണെങ്കിലും മനസ്സില്‍ ജീവിക്കുന്നവയാണ‌്. അതിന്റെ പിന്നിലും മറ്റും എത്ര പേരുടെ അധ്വാനമാണുള്ളത്.
വായുവും വെള്ളവും വെളിച്ചവും തരുന്ന ഈ ഭൂമിയോടും നാം കടപ്പെട്ടിരിക്കുന്നു. ഭൂമിയുടെ ഊര്‍ജസ്രോതസ്സ് എവിടെനിന്നാണ‌്? സൂര്യനില്‍നിന്നും. സൂര്യനുള്‍പ്പെടുന്ന സൗരയൂഥം, ക്ഷീരപഥം കേ(ന്ദമാക്കി ചുറ്റിത്തിരിയുന്നു. milkyway galaxy അതിന്റെ നിലനില്പിനു മറ്റു പ്രപഞ്ച കേ(ന്ദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ ഈ പ്രപഞ്ചത്തോടും അതിന്റെ സ്രഷ്ടാവായ ദൈവമെന്ന പ്രപഞ്ച ശക്തിയോടും കടപ്പെട്ടിരിക്കുന്നു.
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ കടപ്പാടിന്റെയും കടമയുടെയും വില മനസ്സിലാക്കിയ ബുദ്ധിമാനായിരുന്നു. അദ്ദേഹം പറഞ്ഞത്:
“എന്റെ ആന്തരികവും ബാഹ്യവുമായ ജീവിതം, മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അസംഖ്യം ആളുകളുടെ പ്രയത്നങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ അനുഭവിക്കുന്ന നന്മകള്‍ അതേ അളവില്‍ത്തന്നെ മറ്റുള്ളവര്‍ക്കു പങ്കിടേണ്ടതാണെന്നു ഞാന്‍ ദിവസവും ഒരു നൂറു തവണയെങ്കിലും ഓര്‍ക്കാറുണ്ട്”
കടപ്പാടും നന്ദിയും പരിഗണനയും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്നവരായിരിക്കും. സ്നേഹശൂന്യത തല പൊക്കുന്നത് ഇതൊക്കെ മറക്കുമ്പോഴാണ‌്. നാം ഈ നിമിഷത്തില്‍ എന്തായിരിക്കുന്നുവോ, അതിന‌് എണ്ണിയാലൊടുങ്ങാത്ത ജീവനുള്ളതും ഇല്ലാത്തതുമായ അനേകം കാര്യങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും കടപ്പെട്ടിരിക്കുന്നു. ഇതൊക്കെ നന്നായി മനസ്സിലാക്കുന്ന ഒരാള്‍ക്ക് തന്റെ മനസ്സിലെ അഹങ്കാരവും അമര്‍ഷവും ധൂര്‍ത്തും സ്വാര്‍ഥതയുമെല്ലാം പോയി സമഭാവനയോടെ സഹജീവികളെ കാണാനുള്ള ഉള്‍കാഴ്ച കിട്ടുന്നതായിരിക്കും.
പണ്ട്, വൈദ്യുതി എത്തിയിട്ടില്ലാത്ത കുറവിലങ്ങാട് ഗ്രാമം. നാണിയമ്മ എന്ന വൃദ്ധയുടെ ഭര്‍ത്താവ‌് പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പു മരിച്ചു. കുട്ടികളും ഇല്ലാതിരുന്ന അവര്‍ ആ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അവരുടെ മനസ്സിനെ സന്തോഷിപ്പിച്ചിരുന്ന പ്രധാന കാര്യമായിരുന്നു സന്ധ്യാസമയത്തുള്ള രാമായണ വായന. ഒരു ദിവസം പതിവുപോലെ വായനയും കഴിഞ്ഞു കഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൊണ്ട് ഒരു കുമ്പിള്‍ കഞ്ഞി കുടിച്ചുകാണും, എവിടെനിന്നോ ഒരു വണ്ട് കഞ്ഞിയിലേക്കു വന്നുവീണു. അതിനെ എടുത്തുകളയാന്‍ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ വണ്ട് വീണ്ടും പറന്നുപൊങ്ങി രക്ഷപെട്ടു. ദേഷ്യം കൊണ്ട് നാണിയമ്മ പല്ലില്ലാത്ത മോണ ഞെരിച്ചു.
“നാശം പിടിച്ച വെളക്ക്...”
തല്‍ക്ഷണം അവരു വിളക്കെടുത്ത് മുറ്റത്തേക്ക് ഒരേറു കൊടുത്തു! ആ മണ്‍വിളക്ക് ചെറുകഷണങ്ങളായി പൊട്ടിച്ചിതറി. കുറച്ചുനേരം എന്തൊക്കയോ പിറുപിറുത്തുകൊണ്ടിരുന്നു. നേര്‍ബുദ്ധി തിരിച്ചുകിട്ടിയപ്പോള്‍ കരച്ചിലായി പിന്നെ.
“യ്യോ...എന്റെ വിളക്ക്...ഞാനെങ്ങനാ എന്റെ രാമായണം...” തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി.
പത്തുവര്‍ഷം മുന്‍പു കുറുപ്പന്തറ ചന്തയില്‍നിന്നു മേടിച്ച മണ്‍വിളക്കായിരുന്നു അത്. അതിന്റെ വെളിച്ചത്തില്‍ ഇത്രയും കാലം രാമായണ പാരായണം ചെയ‌്‌തു സന്തോഷിച്ചിരുന്നത് ഒരു നിമിഷം കൊണ്ടു മറന്നു. വിളക്ക് വണ്ടിനെ വിളിച്ചുവരുത്തിയ പോലെയാണു നാണിയമ്മ പ്രതികരിച്ചത്. പാവം വിളക്കെന്തു പിഴച്ചു? വര്‍ഷങ്ങളായി വിളക്കിന്റെ നെഞ്ചിനുള്ളില്‍ ചൂടായിരുന്നു. എണ്ണ ചരടിലൂടെ വലിച്ചുകയറ്റി പ്രകാശം പരത്തി അതിന്റെ കടമ നന്നായി നിര്‍വഹിച്ചു.
ഇതുപോലെ പ്രകാശമേകുന്ന അനേകം വ്യക്തികള്‍ നമുക്കു ചുറ്റുമുണ്ട്. അവസാന തുള്ളി എണ്ണയും കത്തിച്ചുതീര്‍ന്നിട്ട് ആരും എണ്ണ പകരാനുമില്ലാതെ കരിന്തിരി കത്തിയപോലെ അവസാനം വീടിന്റെ ഒരു കോണിലേക്ക് ചില മാതാപിതാക്കള്‍ വലിച്ചെറിയപ്പെടുന്നു. മറിച്ചും സംഭവിക്കാം_ മൂത്ത മകളെ നഴ്സ് ജോലിക്കു വിദേശത്തേക്കു വിട്ടിട്ടു കുടുംബം ധൂര്‍ത്തില്‍ മുഴുകി, ഒരു കറവപ്പശു കണക്കെ വിവാഹം ബോധപൂര്‍വം വൈകിക്കുന്ന മാതാപിതാക്കളും അനേകമുണ്ട്. എരിഞ്ഞുതീരാന്‍ വിധിക്കപ്പെട്ടവര്‍ നിരവധിയാണ‌്. കടപ്പാടു മറന്ന് പല ബന്ധങ്ങളും തകര്‍ത്തുകളഞ്ഞിട്ട് പിന്നെ വിലപിച്ചിട്ടു കാര്യമില്ല. മണ്‍വിളക്കുപോലെ ഒന്നും പൊട്ടിച്ചിതറാതെ നോക്കണം.
പാലായിലുള്ള റോയിയുടെ വീട്ടില്‍ great dane ഇനത്തില്‍ പെട്ട നായയെ വളര്‍ത്തുന്നുണ്ട്. ഒരു ദിവസം അയാള്‍ കുടുംബ സഹിതം ഒരു കല്യാണത്തില്‍ പങ്കെടുക്കാനായി പോയപ്പോള്‍ വീടു പൂട്ടിയെങ്കിലും പട്ടിക്കൂട് പൂട്ടാന്‍ മറന്നു. നായ വീടിന്റെ പിന്നിലൂടെ ഓടി റോഡിലേക്ക്. പിന്നെ, സ്കൂള്‍ വിട്ട നേരത്ത് കുട്ടികള്‍ നില്‍ക്കുന്നിടത്തേക്ക് കുതിച്ചെത്തി. കരിമ്പുലി പോലുള്ള അത് കുട്ടികളെ വിറപ്പിച്ചുകൊണ്ട് അവരുടെ ചുറ്റും ഓടിനടന്നിട്ട് ചിലരുടെ ദേഹത്തേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു. അവരെല്ലാം ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും അടുത്തേക്കു വന്നില്ല. പെട്ടെന്നാണതു സംഭവിച്ചത്:
“പോടാ, എടാ, വീട്ടീപ്പോടാ...ഹി...ഹീ...ഹീ..ഹി...” നായയുടെ പുറത്ത് കൈകൊണ്ട് ഒരടി! അടികിട്ടിയതും നായ തിരിച്ചു വീട്ടിലേക്കു പാഞ്ഞു. ചിരിനിര്‍ത്താതെ അയാള്‍ നടന്നുപോയി.
“ഹോ... ആ... വട്ടന്‍... വന്നില്ലായിരുന്നെങ്കില്‍....” ഒരു കുട്ടി വിക്കിവിക്കി പറഞ്ഞു. കുട്ടികള്‍ അയാളെ കാണുമ്പോഴൊക്കെ കളിയാക്കി ചിരിക്കുക പതിവായിരുന്നു. എങ്കിലും അയാള്‍ എപ്പോഴും ചിരിയുടെ വിഭ്രമലോകത്താണ‌്. ഈ സംഭവത്തിനു ശേഷം കുട്ടികളാരും ആ രക്ഷകനെ കളിയാക്കിയില്ല. ആ കുട്ടികളും ഒരു ടീച്ചറും മുന്നിട്ടിറങ്ങിയതുകൊണ്ട് ഇപ്പോള്‍ ആ മനോരോഗി ഒരു പുനരധിവാസ കേ(ന്ദത്തിലാണ‌്.
ഈ മനോരോഗി കഴിഞ്ഞ ഒരു വര്‍ഷമായി അവിടെ അലഞ്ഞുതിരിഞ്ഞിട്ടും ചിലര്‍ പരിഹസിച്ചു, മറ്റു ചിലര്‍ സഹതപിച്ചു, ഒരുകൂട്ടര്‍ കണ്ടില്ലെന്നു നടിച്ചു. ഇപ്പോഴാണ‌് സഹായഹസ്തമെത്തിയത്. ഒരു വിധത്തിലും മുന്‍വിധി നടത്താനാവാത്ത കടപ്പാടും സമര്‍പ്പണവും നന്ദിയും വന്നേക്കാവുന്ന അവസരങ്ങള്‍ ഓരോ ജീവിതത്തിലുമുണ്ടാകും. അവയെ കണ്ടില്ലെന്നു നടിക്കരുത്.
മനോജ് ഒരു അനുശോചന സമ്മേളനത്തില്‍ പങ്കെടുക്കവെ, തന്റെ അടുത്തിരുന്ന ആള്‍ ഒരു ചെറുകഷണം കടലാസ്സില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതു കണ്ടു. എന്തോ കോഡ് ഭാഷ പോലെ.
അതിനുശേഷം ബസ്സില്‍ കയറിയപ്പോള്‍ അയാള്‍ മനോജിന്റെ സീറ്റിലാണു വന്നിരുന്നത്. കുശലാന്വേഷണത്തിനിടയ‌്ക്ക്_
“ചേട്ടനെന്താ ആ പരിപാടിക്കിടെ കടലാസ്സില്‍ മറുഭാഷ എഴുതുന്നതു കണ്ടത്?”
“ആ...അതു മോനെ, എനിക്കു വിദ്യാഭ്യാസം കുറവാ. എഴാംതരത്തില്‍ പഠിക്കുമ്പോ പഠിത്തം നിര്‍ത്തി. ഇപ്പൊ, കുറച്ചു സാമൂഹ്യ പരിപാടിയൊക്കെ ഉണ്ട്. ഇവിടിപ്പൊ പ്രസംഗിച്ചത് കോശിഡോക്ടറാ, അതു ഞാന്‍ കുറിച്ചെടുത്തതാ ഇത്. അല്ലെങ്കി മറന്നുപോകും. എനിക്ക് എവിടെങ്കിലുമൊക്കെ സംസാരിക്കാന്‍ ഉപകരിക്കും”
അറിവുള്ളവരെ മാതൃകയാക്കുന്നതും ആശ്രയിക്കുന്നതും ഒരു നല്ല കാര്യമാണ‌്. ഇന്റര്‍വ്യൂ നടക്കുമ്പോള്‍ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണ‌്, ആരാണു താങ്കളുടെ റോള്‍ മോഡല്‍ എന്ന്. മൂല്യങ്ങളും ആദര്‍ശങ്ങളും പാലിക്കാന്‍ നല്ലൊരു മാതൃക സ്വീകരിക്കുക.
മഹത്തായ വചനങ്ങള്‍:
“എന്റെ ദൗര്‍ബല്യങ്ങള്‍ക്കായി ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. അവയിലൂടെ ഞാന്‍ എന്നെത്തന്നെയും എന്റെ കടമയെയും, ദൈവത്തെയും കണ്ടെത്തി” (ഹെലന്‍ കെല്ലര്‍)
“സ്നേഹം ആത്മസമര്‍പ്പണംകൊണ്ടു മാത്രമേ നേടാന്‍ കഴിയൂ” (കബീര്‍)
“കൃതജ്ഞത കുലീനവും സൗഭാഗ്യ ഹൃദയത്തിന്റെ ലക്ഷണവുമാണ‌്” (സെക്കര്‍)
പ്രവര്‍ത്തിക്കാന്‍:
ചെറിയ കടപ്പാടും നന്ദിയും പോലും മറന്നുപോകാതെ ഡയറിയില്‍ കുറിച്ചിടുക. കിട്ടിയ അളവില്‍ കൊടുക്കാനും നമ്മെ അത് ഓര്‍മ്മിപ്പിക്കും. ഇതൊക്കെ സ്നേഹത്തിന്റെ രൂപഭേദങ്ങള്‍ തന്നെ. അവിടെ അഹങ്കാരമൊക്കെ ഓടിയൊളിക്കും. സന്തോഷം വിരിയും. അതിനാല്‍, ഈ പുസ്തകത്തിന്റെ കടപ്പാട് “പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളോടും...” എന്നാവട്ടെ.
എവിടെയെങ്കിലും നന്ദിയും കടപ്പാടും മറന്നു നിങ്ങള്‍ പ്രവര്‍ത്തിച്ചുവോ? ചിന്തിക്കുക. അങ്ങനെയെങ്കില്‍, സ്വയം തിരുത്തുക. ആനന്ദിക്കുക.
8.കുടുംബത്തിലെ സന്തോഷം
കൂടുമ്പോള്‍ ഇമ്പമുള്ളതു കുടുംബം. അവിടെ സന്തോഷവും ഉണ്ടാകും. ചില കുടുംബങ്ങളില്‍ സന്തോഷത്തിന്റെ ഒരു തരിപോലുമില്ല കണ്ടുപിടിക്കാന്‍. ജീവിതകാലത്തെ വിവാഹത്തിനു മുന്‍പും വിവാഹത്തിനു ശേഷവും എന്നു വേണമെങ്കില്‍ രണ്ടായി തിരിക്കാം. കുറച്ചുകൂടി വ്യക്തമാക്കാം. ബാല്യവും കൌമാരവും ഉള്‍പ്പെടുന്ന ഒന്നാം ഭാഗത്തില്‍ കളിച്ചുരസിച്ചുനടക്കുന്ന ഒരു കാലം. രണ്ടാം ഭാഗം ഏകദേശം 25-30 വയസ്സുകള്‍ക്കിടയില്‍ വിവാഹത്തോടുകൂടി തുടങ്ങുന്നു. പിന്നീടത്, ജീവിതത്തിന്റെ മൂന്നില്‍രണ്ടു ഭാഗവും കയ്യടക്കുന്നു. കൂടുതലും ഒരു വ്യക്തി കുടുംബജീവിതത്തിലൂടെ യാത്ര ചെയ്യുന്നതിനാല്‍ കുടുംബസന്തോഷത്തിന്റെ പ്രാധാന്യം മനസ്സിലായല്ലോ.
അമേരിക്കന്‍ശമ്പളവും ചൈനീസ്ഭക്ഷണവും ബ്രിട്ടീഷ‌്‌വീടും ഇന്ത്യന്‍ഭാര്യയും ഒരുവനു ലഭിച്ചാല്‍ അവന്‍ സൗഭാഗ്യവാനായി എന്നൊരു രസകരമായ പ്രയോഗമുണ്ട്. സുദീര്‍ഘമായ ഇന്ത്യന്‍ കുടുംബ ബന്ധങ്ങളെ ലോകം ബഹുമാനത്തോടെയാണ‌് നോക്കിക്കാണുന്നത്. എന്നാല്‍, അന്ധമായ വിദേശ അനുകരണം മൂലം മലയാളികുടുംബങ്ങള്‍ക്കും വിള്ളലുകള്‍ വന്നുതുടങ്ങിയിരിക്കുന്നു. “അപ്പാ, ക്ഷമിക്കണം...” എന്നു പറഞ്ഞിരുന്ന കുട്ടികള്‍ ഇപ്പോള്‍ “സോറീഡാ...” എന്നു പരിഷ്കരിച്ചു. മുതിര്‍ന്ന മക്കള്‍പോലും മാതാപിതാക്കളുടെ തോളില്‍ കയറിയിരുന്ന് “ഞങ്ങള്‍ ഫ്രണ്ട്സിനെപ്പോലെയാ” എന്നു പ്രഖ്യാപിക്കുന്നു!
ശൈശവത്തിലും ബാല്യത്തിലും കുട്ടികള്‍ മാതാപിതാക്കളെ മാതൃകയാക്കി സ്വഭാവം രൂപപ്പെടുത്തുന്നു. കുടുംബ വഴക്കുകള്‍ ഉള്ള വീടുകളിലെ കുട്ടികള്‍ ഭാവിയില്‍ അതുതന്നെ ആവര്‍ത്തിച്ചേക്കാം.
രാജിയുടെയും സ്മിതയുടെയും കുട്ടികള്‍ ഒരേ ക്ലാസ്സിലാണു പഠിക്കുന്നത്. എന്നാല്‍ കുട്ടികള്‍ കൂട്ടുകാരെന്നു പറയുക വയ്യ. കാരണം രാജിയുടെ മകന്‍ ക്ലാസ്സിലെ സ്ഥിരം വഴക്കാളിയെന്നു വേണമെങ്കില്‍ പറയാം. ഒരു ദിവസം എങ്ങനെയോ അവന്റെ പുസ്തകം സ്മിതയുടെ മകന്റെ ബാഗില്‍ വന്നുപെട്ടു. വീട്ടില്‍ ചെന്ന് കൊടുത്തേക്കാം എന്നുകരുതി സ്മിത രാജിയുടെ വീട്ടിലേക്കു നടന്നു. അഞ്ചുമിനിറ്റിന്റെ നടപ്പിനുള്ള ദൂരം മാത്രം. വീടിന്റെ മുറ്റത്ത് വന്നപ്പോഴേ അകത്തു വലിയ ബഹളം കേള്‍ക്കാം. രാജിയും ഭര്‍ത്താവും തമ്മിലാണ‌് അശ്ലീലം പെരുമഴയായി ചൊരിയുന്നത്. കോളിംഗ് ബെല്‍ അമര്‍ത്താനായി അവള്‍ കൈ ഉയര്‍ത്തിയെങ്കിലും വേണ്ടെന്നു വച്ച് തിരിഞ്ഞു നടന്നു. കാരണം, താന്‍ ഇതുമുഴുവന്‍ കേട്ടെന്നുവേണ്ട എന്നവള്‍ കരുതി.
ആരാധനാലയത്തിലും മറ്റും വളരെ നന്നായി പ്രകടനം നടത്തിയിരുന്ന കുടുംബം. അവിടെനിന്ന് അവള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. വിരോധാഭാസമെന്നപോലെ ആ വീടിന്റെ വാതിലിനു മുകളില്‍ ഒരു തകിടില്‍ ഇങ്ങനെ എഴുതിയിരുന്നു: “.....ദേവന്‍ ഈ വീടിന്റെ നായകന്‍”
അറിഞ്ഞോ അറിയാതെയോ അതിലെ അവസാന അക്ഷരങ്ങള്‍ മാഞ്ഞുതുടങ്ങിയിരുന്നു! ആ കുടുംബത്തിലെ വഴക്കുതന്നെ മകന്റെ സ്വഭാവത്തിന്റെയും ആധാരം. ഒരു കൈ ദൈവത്തിന്റെ തോളിലും മറുകൈ പിശാചിന്റെ തോളിലും വച്ചുനടക്കുന്നത് രണ്ടുവള്ളത്തില്‍ ഒരേസമയം കാലു വയ‌്ക്കുന്നതുപോലെയാണ‌്, വെള്ളത്തില്‍ വീഴാതെ തരമില്ലല്ലോ.
കുടുംബത്തില്‍ ഇപ്പോള്‍ നല്ല സംസാരം കുറഞ്ഞിരിക്കുന്നു. ടി.വിയില്‍ നല്ല പരിപാടികള്‍ ഉണ്ടെങ്കിലും എപ്പോഴും ചീത്തയായവ അനുകരിക്കാനുള്ള ത്വര മനുഷ്യരില്‍ കൂടുതലാണല്ലോ. നിലവാരം കുറഞ്ഞ സീരിയല്‍സംസ്കാരം വികലമായ ചിന്തകള്‍ ഉണ്ടാക്കും. കുട്ടികളില്‍ കുടുംബങ്ങളുടെ ദുഷിച്ച ചിത്രം പതിഞ്ഞു തെറ്റിദ്ധാരണ ഉടലെടുക്കും. അങ്ങനെ ടി.വി., കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ചേര്‍ന്ന് വീടുകളിലെ ഓരോ മുറിയും ഒറ്റപ്പെട്ട ദ്വീപുകളാക്കി മാറ്റിയിരിക്കുന്നു. തുറന്നു പറഞ്ഞാല്‍ മുളയിലേ നുള്ളാവുന്ന പ്രശ്നങ്ങള്‍ വന്‍വൃക്ഷങ്ങള്‍ ആകുന്നതിന്റെ പിന്നില്‍ ഇത്തരം വിടവുകളാണ‌് മൂലകാരണമാവുക.
കുടുംബത്തില്‍ പരദൂഷണത്തിനുള്ള ഇടം കൊടുക്കരുത്. അങ്ങനെയൊന്ന് പ്രമോദിന്റെ ജീവിതത്തിലും ഉണ്ടായി.
പതിവുപോലെ രാകേഷിന്റെ വീട്ടില്‍ കൂട്ടുകാരെല്ലാം എത്തിച്ചേര്‍ന്നു. രണ്ടുമൂന്നു മണിക്കൂര്‍ എന്തെങ്കിലും കളികള്‍, പാട്ട്, ചീട്ടുകളി, സെല്‍ഫോണ്‍, ടി.വി കാണല്‍...ഇതൊക്കെ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സംസാരിക്കാനായി എടുത്തിടുന്ന വിഷയം പരദൂഷണം തന്നെ. അന്ന്‍ അജോ മാത്രം വന്നില്ല, എവിടെയോ അവനു പോകാനുണ്ടത്രേ. അവന്‍ എവിടെപ്പോയതാ എന്ന ഒരു ചോദ്യത്തില്‍ തുടങ്ങിയ സംസാരം പിന്നെ അവനെക്കുറിച്ചുള്ള ദുഷിച്ച സംസാരമായി മാറി. എല്ലാവരും ആവോളം പരിഹസിച്ചു.
അപ്പോഴാണു പ്രമോദിനൊരു കൌതുകം തോന്നിയത്. എന്നെക്കുറിച്ച് ഇവര്‍ക്കു നല്ല മതിപ്പാണല്ലോ. എന്താവും, അതൊന്നു കേട്ടാലോ? അവന്‍ മെല്ലെ സെല്‍ഫോണ്‍ voice recording ആക്കിയിട്ട് അല്പം മാറ്റിവച്ചു. ഉടനെ പ്രമോദ് അവിടെനിന്നിറങ്ങി, വീട്ടിലൊരു അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞാണ‌് ഇറങ്ങിയത്. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അങ്ങോട്ടു വീണ്ടും ചെന്നു.
“എന്റെ സെല്‍ എടുക്കാന്‍ മറന്നു” അങ്ങനെ വീണ്ടും തിരിച്ചു വീട്ടിലേക്ക്. മുറിയുടെ വാതില്‍ അടച്ച ശേഷം വലിയ താല്പര്യത്തോടെ ഫോണ്‍ നോക്കി. അവന്‍ അവിടെനിന്നും ഇറങ്ങിയ നിമിഷം തന്നെ അവരുടെ നായകന്‍ പ്രമോദായി മാറി. ആദ്യത്തെ ഒന്നുരണ്ടു വാചകങ്ങള്‍ നല്ലവയെങ്കിലും പിന്നെ സ്വരം മാറി. പരദൂഷണങ്ങള്‍.... എല്ലാം വലിയ ആരോപണങ്ങള്‍.... മിക്കവയും സത്യം ഒട്ടുമില്ലാത്ത നിറം പിടിപ്പിച്ച കഥകള്‍! വെറും ഊഹാപോഹങ്ങള്‍!
പ്രമോദ് തരിച്ചിരുന്നുപോയി. കുറച്ചുകഴിഞ്ഞ് പ്രമോദിനു ബോധോദയം ഉണ്ടായി. അല്പം മുന്പ്, അജോയെ താനുംകൂടിയല്ലേ പരിഹസിച്ചത്? ഏതായാലും ഈ കൂട്ടുകെട്ട് ഇനി മുന്നോട്ടുവേണ്ട. അവന്‍ അങ്ങനെ സമാധാനിച്ചു.
പരദൂഷണത്തിന്റെ പ്രത്യേകത എന്തെന്നാല്‍, എല്ലാവരേക്കുറിച്ചും തരംകിട്ടുമ്പോള്‍ പറയും, ഇന്നു കേട്ടു സുഖിക്കുന്നവന്‍ നാളത്തെ ഇരയായിരിക്കും. പല കുടുംബങ്ങളിലും ഏഷണി വരുത്തുന്ന പൊല്ലാപ്പ് ചെറുതല്ല.
കുടുംബ ബന്ധങ്ങളെ ഉലയ‌്‌ക്കുന്ന അനേകം വിഷയങ്ങളുണ്ട്. മദ്യസേവ പ്രധാന വില്ലനാണ‌്. മയക്കുമരുന്നുകളും വിവാഹേതര ബന്ധങ്ങളും വലിയ വിപത്തില്‍ കലാശിക്കാറുണ്ട്. ‘പലനാള്‍ കള്ളന്‍ ഒരുനാള്‍ കുടുങ്ങും’ എന്നാണു ചൊല്ല്. വ്യക്തിത്വ വൈകല്യങ്ങള്‍ ഒരുപാടുണ്ട്, സന്തോഷം കളയുന്നവ. മാതൃകാപരമായ ജീവിതത്തിനു നല്ല ശ്രദ്ധ ആവശ്യമാണ‌്.
കുടുംബ സുഹൃത്തുക്കളുമായുള്ള ബുദ്ധിപരമായ അകലം സൂക്ഷിക്കുന്നതു നല്ലതുതന്നെ. കൂടുതല്‍ അകന്നാലും കൂടുതല്‍ അടുത്താലും ഒരുപോലെ ദോഷം. എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ കടന്നുവരാന്‍ സ്വാത(ന്ത്യം ഉള്ളവരെ സൂക്ഷിക്കുന്നതു നന്ന്. ഒരാള്‍ മാത്രമുള്ള സമയത്തും കടന്നുവന്നു പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
പൊന്‍കുന്നം സ്വദേശിയായ രാജന്റെ പ്രധാന പരിപാടി മിക്ക ദിവസങ്ങളിലും ധ്യാനത്തിനു പോകുകയെന്നതാണ‌്. തനിച്ചല്ല, ഭാര്യയും കൂടെയുണ്ട്. വീട്ടിലെ രണ്ടു പെണ്‍കുട്ടികളെ, അവരുടെ വീട്ടില്‍ റബര്‍വെട്ടുന്ന ഒരു മധ്യവയസ്കനോട് “വീട്ടിലൊന്നു ശ്രദ്ധിച്ചേക്കണം” എന്നുപറഞ്ഞ് ഏല്‍പ്പിച്ചിട്ടാണു പോകുന്നത്. ഒരു ദിവസം അയാളെ ജോലിയില്‍നിന്നു പുറത്താക്കി. കാരണം, അയാളുടെ ‘ശ്രദ്ധ’ കൂടിപ്പോയത്രേ!
‘made for each other’, ‘perfect match’, ‘ideal couple’ എന്നൊക്കെ കേള്‍ക്കാറുണ്ട്. പക്ഷേ, വാസ്തവം എന്താണ‌്?
ദമ്പതികള്‍ 60-70 ശതമാനം വരെയൊക്കെ യോജിപ്പു പ്രതീക്ഷിച്ചാല്‍ മതിയെന്നാണ‌്. കാരണം, അവര്‍ വെവ്വേറെ സാഹചര്യങ്ങളില്‍നിന്നും വരുന്ന രണ്ടു വ്യക്തികളാണല്ലോ. പല പുറംപൂച്ചുകള്‍ കണ്ടുകണ്ട് ദമ്പതികള്‍ കുറ്റവും കുറവും ഒന്നുമില്ലാത്ത ജീവിതം പ്രതീക്ഷിക്കരുത്. പങ്കാളിയുടെ കുറവുകള്‍ പരസ്പരം ക്ഷമിക്കാനുള്ള സഹനശക്തി എവിടെയുണ്ടോ അവിടെ സന്തോഷമുണ്ട്, സമാധാനമുണ്ട്. കാരണം, പൂര്‍ണത ദൈവത്തിനു മാത്രമുള്ളതാണ‌്, മനുഷ്യനായാല്‍ തെറ്റുകള്‍ കാണിക്കും.
ദുരഭിമാനം, അപകര്‍ഷതാബോധം, അഹങ്കാരം, ധൂര്‍ത്ത്, പൊങ്ങച്ചം, അവിശുദ്ധ ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ കുടുംബത്തിനു ചേര്‍ന്നതല്ല. ഭാര്യയും ഭര്‍ത്താവും friend എന്ന നിലയില്‍നിന്ന് ഉയര്‍ന്ന് companion എന്ന രീതിയില്‍ പങ്കാളിയെ കാണുമ്പോള്‍ സന്തോഷമുള്ള കുടുംബമാകും അത്.
മഹത്തായ വചനങ്ങള്‍:
“മനുഷ്യനെ സംസ്കരിക്കുന്ന ഉത്തമമായ ഉപകരണമാണു ദാമ്പത്യം” (റോബര്‍ട്ട് ഹാള്‍)
“കുടുംബത്തിന്റെ ഐക്യം സ്നേഹത്തിലാണിരിക്കുന്നത്” (ബെന്‍സന്‍)
“സൗഭാഗ്യപൂര്‍ണമായ കുടുംബം ഭൂമിയിലെ സ്വര്‍ഗമാണ‌്” (ബൌറിംഗ്)
“നല്ല ഭവനങ്ങള്‍ക്കേ നല്ല രാജ്യം സൃഷ്ടിക്കാന്‍ സാധിക്കൂ” (ജെ.കുക്ക്)
“കുഞ്ഞുങ്ങളെ ഉത്തമ പൌരന്മാരാക്കുന്നതിനും സല്‍സ്വഭാവികളാക്കുന്നതിനുമുള്ള പരിശീലനക്കളരിയാണു ഭവനം. സ്നേഹമില്ലെങ്കില്‍ ഭവനമില്ല” (ബൈറന്‍)
“അപവാദ പ്രചരണത്തിനുള്ള ഏറ്റവും നല്ല മറുപടി മൗനമാണ‌്” (വാഷിങ്ടണ്‍)
“നിരാശ നിറഞ്ഞ മനസ്സിന‌് ഒരു വാക്കുകൊണ്ട് ആശ്വാസം നല്‍കാം” (കെ.പി. കേശവമേനോന്‍)
“അന്ധകാരത്തെ പഴിക്കുന്നതിലും ഭേദം ഒരു കൈത്തിരിയെങ്കിലും കത്തിക്കുന്നതാണ‌്” (ഏബ്രഹാം ലിങ്കണ്‍)
പ്രവര്‍ത്തിക്കാന്‍:
ആയുസ്സിന്റെ ഭൂരിഭാഗവും വിവാഹജീവിതമാകയാല്‍ സന്തോഷം കിട്ടുന്ന രീതിയില്‍ ജാഗ്രതയോടെ മുന്നോട്ടു നീങ്ങുക. ഒരാളുടെ ഏറ്റവും വലിയ സുഹൃത്ത് ജീവിത പങ്കാളിതന്നെ. ക്ഷമയും ത്യാഗവും പ്രകടിപ്പിക്കുക. സ്നേഹിക്കാന്‍ മാത്രമേ പരസ്പരം മത്സരിക്കാവൂ. കുട്ടികളുടെ നല്ല ഭാവി നല്ല കുടുംബത്തെ ആശ്രയിച്ചിരിക്കും.
9.സാമ്പത്തിക സന്തോഷം
പണത്തിനു സന്തോഷം നല്‍കാനാവുമോ? തീര്‍ച്ചയായും. പക്ഷേ, എല്ലാ സന്തോഷവുമല്ല, ചില പരിധികളുണ്ട്. എന്നാലും ഭൂരിഭാഗം സന്തോഷങ്ങളും പണം കൊടുത്തു വാങ്ങാന്‍ കിട്ടുന്നതുകൊണ്ടാണല്ലോ അതിന്റെ പുറകേ മനുഷ്യര്‍ ഓടിനടക്കുന്നത്. അതുകൊണ്ടുതന്നെ, സാമ്പത്തിക സുരക്ഷിതത്വം ഇക്കാലത്ത് എല്ലാവരുടെയും മുഖ്യ ലക്ഷ്യമാണ‌്.
വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ പാരമ്പര്യ സ്വത്തുള്ളതു കളയാതിരുന്നാല്‍ മതിയാകും. എന്നാല്‍, ഭൂരിപക്ഷത്തിനും നന്നായി ജീവിക്കണമെങ്കില്‍ പണം കൂടിയേ മതിയാകൂ. ഉന്നത പഠനത്തിന്റെ മുഖ്യ ലക്ഷ്യവും അതുതന്നെ. സേവനമൊക്കെ രണ്ടാമത്തെ കാര്യമാണ‌്. എന്നാല്‍, ജോലി ചെയ്യുന്ന ആളിന്റെ സംതൃപ്തി ഒരു സുപ്രധാന ഘടകമായിരിക്കും. ഉയര്‍ന്ന ശമ്പളമുള്ള ചില ജോലികള്‍ കളഞ്ഞിട്ടു പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ജോലിയിടങ്ങളില്‍ പിരിമുറുക്കമുള്ള അന്തരീക്ഷമാണെങ്കില്‍ അവിടെ കൂടുതല്‍ ഉല്‍പാദനം നടക്കുന്നില്ല, മറിച്ച്, കുറച്ചു മയമുള്ള മേലുദ്യോഗസ്ഥരും ചിരിയും തമാശയും മറ്റുമുള്ള ഇടങ്ങളിലായിരിക്കും കൂടുതല്‍ ജോലി നടക്കുന്നത്. എന്നുവച്ചാല്‍, കൂടുതല്‍ ഉഴപ്പുമാകരുത്.
എല്ലാ സ്കൂളിലും_ കുട്ടികളുടെ ഭാവി വിദ്യാഭ്യാസം, ജോലി സാധ്യത, തൊഴില്‍ മേഖലയുടെ ഗുണദോഷങ്ങള്‍, ശമ്പളം, അഭിരുചിനിര്‍ണ്ണയം എന്നുതുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനും സ്റ്റാഫ് ഉണ്ടായിരിക്കണം. counselling പഠിച്ചവര്‍ ആയാല്‍ ഏറെ നന്ന്. എങ്ങോട്ടു തിരിയണം, എവിടെ, എങ്ങനെ, എപ്പോള്‍... എന്നൊക്കെ നന്നായി മനസ്സിലാക്കി ജോലി തിരഞ്ഞെടുക്കുന്ന ആള്‍ തീര്‍ച്ചയായും മനസ്സുഖം നേടും.
പരസ്യങ്ങളും ഗ്ലാമറും നോക്കി ജോലി തിരഞ്ഞെടുക്കുന്നവര്‍ മനംമടുപ്പുണ്ടായി മറ്റു വഴികളിലേക്ക് തിരിയുന്നതു കാണാം.
പി.എച്ച്.ഡി നേടിയ ക്ലാര്‍ക്ക്, മെഡിസിന്‍ ബിരുദം നേടിയ ഗായകന്‍, എം.ബി.എ ഉള്ള ചിത്രകാരന്‍, എം.ടെക് കഴിഞ്ഞ തിരക്കഥാകൃത്ത്, ഐ.എ.എസ് ഉപേക്ഷിച്ചു പോയ രാഷ്ട്രീയക്കാരന്‍, എം.സി.എ കയ്യിലുള്ള പൊലീസുകാരന്‍.... അങ്ങനെ പലരേയും നമുക്കു ചുറ്റും കണ്ടുമുട്ടാവുന്നതാണ‌്. കയ്യിലെ ഉന്നത ബിരുദങ്ങളുമായി ബന്ധമില്ലാത്ത ജോലി!
മനുഷ്യ സേവനം ഇല്ലാത്ത ജോലികളായിരിക്കും സാധാരണ മടുപ്പുളവാക്കുന്നത്. മതിയായ ശമ്പളവും ഇല്ലെങ്കില്‍ പ്രശ്നമാണ‌്. അപകടം നിറഞ്ഞ ജോലികള്‍ സന്തോഷത്തോടെ ചെയ്യണമെന്ന് ആരും വിചാരിക്കില്ല. ആഫ്രിക്കന്‍ കല്‍ക്കരി ഖനിയില്‍ വര്‍ഷങ്ങളായി ജോലിയെടുക്കുന്ന ഹാരിസ് തന്റെ സാഹസിക ജീവിതത്തെക്കുറിച്ച് ടി.വിയിലൂടെ പങ്കുവച്ചത് ലോക തൊഴിലാളിദിനത്തിലായിരുന്നു:
“ഖനി ഇടിഞ്ഞും വെള്ളം കയറിയും തീ പിടിച്ചും സ്ഫോടനങ്ങള്‍ മൂലവും ലോകത്ത് എവിടെയെങ്കിലും അപകടം നടന്നത് ഞാന്‍ അവധിക്കു വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയും കുട്ടികളും എനിക്കു മുന്നില്‍ നിരത്തും. ചൈനയിലെ ഖനി ദുരന്തം നടന്ന സമയത്ത് ഈ ജോലി നിര്‍ത്താന്‍ വളരെ ബലം പിടിച്ചതാണ‌്.
അപകടം പിടിച്ച പണിയായതിനാല്‍ കമ്പനി ഉയര്‍ന്ന ശമ്പളവും മറ്റുമാണു തരുന്നത്. ഖനിയില്‍ ഇറങ്ങിയാല്‍ പിന്നെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും മുകളിലെത്തുന്നത്. മനസ്സു നേരെയാക്കാന്‍ രണ്ടുമാസം കൂടുമ്പോള്‍ ഒരുമാസം അവധി തരും. ജോലി ഓരോ വര്‍ഷവും നിര്‍ത്തണമെന്ന് വിചാരിക്കും, അതങ്ങനെ നീണ്ടുപോകും. വലിയ അപകട ഇന്‍ഷുറന്‍സ് ഉള്ളതുകൊണ്ട് വീട്ടുകാരു രക്ഷപെടുമെന്ന് ഞങ്ങള്‍ ജോലിക്കാരു തമാശയായി പറയാറുണ്ട്” അപകടം നിറഞ്ഞ തൊഴിലായാലും പ്രതിഫലം അയാളെ സന്തോഷിപ്പിക്കുന്നു; കുടുംബസ്നേഹവും.
മാനവ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ തൊഴിലിനു വിധേയരായവര്‍ അടിമകളായിരുന്നു. ഒരു ചരിത്ര ഗവേഷകന്‍ കൂടിയായ വിനോദ സഞ്ചാരി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ചില സ്മാരകങ്ങളും നിര്‍മ്മിതികളും ഒഴിവാക്കി. ടൂര്‍ഗൈഡ് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു:
“ഞാന്‍ പ്രകൃതിയുടെ കരവിരുത് ആസ്വദിക്കാനാണു ലോക സഞ്ചാരം നടത്തുന്നത്. ലോകത്തിലെ ഭൂരിഭാഗം മനുഷ്യ അത്ഭുത നിര്‍മ്മിതികളിലും പണിയെടുത്തത് അടിമകളായിരുന്നു. ചങ്ങലകൊണ്ടു ബന്ധിച്ച നിലയില്‍ പണിയെടുത്തവര്‍...മര്‍ദ്ദനമേറ്റു മരിച്ചവര്‍...ആരോഗ്യമില്ലാത്തവരെയും പരിക്കുപറ്റിയവരെയും പണിക്കിടയില്‍ കൊന്നുതള്ളി! ഒരു മനുഷ്യസ്നേഹിയെന്ന നിലയില്‍ ആ ചോരയും കണ്ണീരിന്റെ ഉപ്പുരസവുമുള്ള ഇടങ്ങള്‍ എനിക്കു കാണേണ്ട. എങ്ങനെ എനിക്കതൊരു വിനോദ സഞ്ചാരമാകും?”
ഇന്നും അടിമപ്പണികള്‍ ലോകമെങ്ങുമുണ്ട്. കാലില്‍ ചങ്ങല കാണില്ലായിരിക്കാം, പക്ഷേ, അവരുടെ മനസ്സുകളെയും സന്തോഷങ്ങളെയും ചങ്ങലക്കിട്ടിരിക്കുന്നു. തൊഴില്‍ നിയമങ്ങളെല്ലാം വളരെ ഭംഗിയായി ഫയലിലെ കടലാസ്സുകളില്‍ ഉറങ്ങുന്നു. സര്‍ക്കാരു ജോലിയുള്ളവര്‍ മികച്ച ശമ്പളം വാങ്ങുമ്പോള്‍ സ്വകാര്യമേഖലയുടെ അവസ്ഥ ദയനീയമാണ‌്.
എല്ലാ മാസവും ഒന്നാം തീയതി ശമ്പളം കിട്ടുമ്പോള്‍ പലചരക്കുകടയിലെ പറ്റുതീര്‍ക്കുന്ന സോമന്‍ പതിവുതെറ്റിച്ചു പത്താം തീയതി കുറച്ചു രൂപയുമായി കടയുടമയുടെ അടുക്കലെത്തി.
“എന്തുപറ്റി സോമാ, കുറച്ചുദിവസായല്ലോ കണ്ടിട്ട്?”
അപ്പോള്‍ സോമന്റെ കണ്ണുനിറഞ്ഞു.
“എന്റെ ജോലി പോയി ചേട്ടാ, അഞ്ചാറുവര്‍ഷായി നിന്ന കടയാ. ഞാനെന്തെങ്കിലും കൊള്ളരുതാത്തതു കാണിച്ചിട്ടാണേല്‍ സാരമില്ലായിരുന്നു. ചിക്കങ്കുനിയാവന്ന് ഒരാഴ്ച കിടപ്പിലായി. കാലൊന്നു നൂര്‍ത്തി ഒന്നുനേരെ നില്‍ക്കാന്‍പറ്റിയാ പണിക്കു വരാമെന്നു ഞാന്‍ കെഞ്ചിപ്പറഞ്ഞിട്ടും അവരു വേറെ ആളേ എടുത്തു”
ഇങ്ങനെ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ചപ്പോള്‍ ആശുപത്രിക്കാരും അനുബന്ധ വ്യവസായങ്ങളും കൊഴുത്തുതടിച്ചപ്പോള്‍ പാവപ്പെട്ടവര്‍ മെലിഞ്ഞ കാഴ്ച നാം കണ്ടതാണ‌്.
കൊല്ലത്ത് ഒരു സ്ഥാപനത്തിന്റെ മുന്നില്‍ പന്തലുകെട്ടി സമരം നടത്തുന്നു. ആ കൂട്ടത്തില്‍ ചിന്നം വിളിക്കുന്ന പരിചയക്കാരനെ കണ്ടപ്പോള്‍ ജിതേഷ് അയാളോട് വിവരം തിരക്കി. ശമ്പള വര്‍ധനയാണ‌് അവരുടെ ആവശ്യം.
“നിങ്ങളുടെ സ്ഥാപനത്തില്‍ കരാര്‍ തൊഴിലാളികള്‍ ഉണ്ടോ?”
“കുറച്ചുപേരുണ്ട്”
“അവരുടെ ശമ്പളമൊക്കെ എങ്ങനെ?”
“ഞങ്ങളുടെ പകുതിപോലുമില്ല”
“എങ്കില്‍ പണിയും അവര്‍ക്കു കുറവായിരിക്കും അല്ലെ?”
“അല്ല ജിതേഷ്, അവരെല്ലാം നന്നായി പണിയുന്നവരാ. അല്ലെങ്കില്‍ വര്‍ഷംതോറുമുള്ള കരാറു പുതുക്കില്ല. അതുകൊണ്ട് സമരത്തിനുമില്ല”
“അപ്പോള്‍ കാര്യമങ്ങനെയാണ‌്. ഒന്നു ചോദിക്കട്ടെ, താനും ബ്രദറും ഒരു കല്യാണത്തിനു പോയെന്നു കരുതുക. സല്‍ക്കാരത്തിനിടയില്‍ ഇയാള്‍ക്കു ബിരിയാണിയും അവനു ദോശയും കൊടുത്തെന്നു കരുതുക. എന്തുചെയ്യും?”
“ജിതേഷ് എന്തു മണ്ടത്തരമാ ഈ പറയുന്നെ? നടക്കുന്ന കാര്യം വല്ലതുമുണ്ടെങ്കില്‍ പറയ‌്, പിന്നെ, ചോദിച്ചതുകൊണ്ട് പറയാം, ഞങ്ങള്‍ ഇറങ്ങിപ്പോരും”
സഹപ്രവര്‍ത്തകരെ സഹോദരങ്ങളായി കാണുന്നിടത്ത് അസമത്വം ഒരിക്കലും തലപൊക്കില്ല. കാരണം, എല്ലാവരും കുടുംബം പുലര്‍ത്താന്‍ ജോലിക്കു വരുന്നതാണല്ലോ. ‘ഞാന്‍ മാത്രം വളരണം, മറ്റുള്ളവര്‍ തളരണം’ എന്നുള്ള മനോഭാവം മലയാളികളില്‍ കൂടുതലായി കണ്ടുവരുന്നു.
ഗുജറാത്തിലെ ഒരു സോപ് ഫാക്ടറിയിലെ ജോലിയില്‍ സോനു ചേര്‍ന്നിട്ട് ഒരു വര്‍ഷമാകുന്നു. 20 ലക്ഷം സോപ് വില്‍പന നേട്ടം വന്നപ്പോള്‍ ഫാക്ടറി സമ്മാനം പ്രഖ്യാപിച്ചു. പതിനായിരം രൂപ വിലയുള്ള മ്യൂസിക് സിസ്റ്റം എല്ലാ ജോലിക്കാര്‍ക്കും. പൊതുവേ സംഗീത പ്രേമിയായ സോനുവിന്റെ വീട്ടിലെ കൊച്ചുപോലും സമ്മാനം കിട്ടുന്ന ദിവസത്തിനായി കാത്തിരുന്നു. ഒടുവില്‍ ആ സുദിനം വന്നെത്തി. ക്യൂവില്‍ നിന്ന സോനുവിന്റെ ഊഴമായി.
“താങ്കളുടെ പേരു ലിസ്റ്റില്‍ ഇല്ല” സോനു ഞെട്ടി!
കാരണം, ഒരുവര്‍ഷം തികച്ച ജോലിക്കാര്‍ക്കു മാത്രമേ കൊടുക്കുന്നുള്ളൂ എന്ന് അവിടെ അലിഖിത നിയമം ഉണ്ടത്രേ. സോനുവിനു രണ്ടുദിവസം കൂടിയുണ്ടെങ്കില്‍ ഒരുവര്‍ഷസേവനം തികയും. എങ്കില്‍ ആ കാര്യം നോട്ടീസ് ബോര്‍ഡില്‍ കൊടുക്കാമായിരുന്നല്ലോ. ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന ചൊല്ല് മുതലാളിക്ക് അറിയാഞ്ഞിട്ടല്ല. മറിച്ച്, ആനപ്പുറത്തിരിക്കുന്ന മുതലാളി പട്ടിയെ എന്തിനു പേടിക്കണം?
അടുത്ത ദിവസം, കുടിയന്മാരായ ജോലിക്കാര്‍ പതിനായിരം രൂപയുടെ പാട്ടുപെട്ടി മൂവായിരം രൂപയ‌്ക്കു വരെ ലേലം വിളിച്ചുകൊണ്ടു നടന്നു. പക്ഷേ, സോനു വേണ്ടെന്നു പറഞ്ഞു. മറ്റു ചില വിദ്വാന്മാരാകട്ടെ, വിതരണം നടത്തിയ കടയില്‍ത്തന്നെ തിരികെ കൊടുത്ത് മൂവായിരംരൂപ വാങ്ങി.
കിട്ടുന്ന പണം ധൂര്‍ത്തടിക്കാതെ ജീവിക്കുക എന്നതും ചെറിയ കാര്യമല്ല. പൊങ്ങച്ച സംസ്കാരം കേരളത്തിന്റെ മുഖമുദ്രയാണ‌്. അരക്കോടിയുടെ വീടു പണിയാനായി ഇരിക്കുമ്പോള്‍ അപ്പുറത്തൊരു വീട് ആ നിരക്കില്‍ വന്നാല്‍ പിന്നെ ഒരു കോടിയുടെ ലക്ഷ്യമായി. അതിനു ബാങ്കില്‍നിന്ന് കടവും വാങ്ങി ജീവിതം പിരിമുറുക്കത്തിലാക്കുന്ന മലയാളി! അയല്‍പക്കത്തെ കാറു നോക്കിയിട്ടുവേണം അതിനുമുകളില്‍ വച്ചുപിടിക്കാന്‍! എന്തിനധികം, ഒരു സാരി/ചുരീദാര്‍ ഒരു ചടങ്ങിന‌് എന്ന രീതിവരെ നിലവിലുണ്ട്. പൊതുവേ, സ്ത്രീകളാണു പൊങ്ങച്ചത്തിന്റെയും അസൂയയുടെയും ബ്രാന്‍ഡ് അംബാസഡര്‍മാര്‍. കോണ്‍ക്രീറ്റ് വീടുകള്‍ 25-50 വര്‍ഷങ്ങള്‍ക്കിടയില്‍ നശിക്കുന്നു. എങ്കിലും, പടുകൂറ്റന്‍ സൗധങ്ങള്‍ മലയാളിയുടെ ഹരം തന്നെ.
മഹത്തായ വചനങ്ങള്‍:
“മനുഷ്യവംശത്തിന‌് ഉപകാരം ചെയ്യാന്‍ ഉദ്ദേശിക്കുന്നവന്‍ ജോലി ചെയ്യുന്നു” (ഹെന്‍റി ഫോര്‍ഡ്)
“സമ്പത്ത് സല്‍പ്രവൃത്തികളായി മാറ്റിയവനാണ‌് ഏറ്റവും സമ്പന്നന്‍” (കോള്‍ട്ടന്‍)
“പണമെന്നതു കയ്യില്‍ വരുമ്പോള്‍ ഗുണമെന്നുള്ളതു ദൂരത്താകും” (കുഞ്ചന്‍നമ്പ്യാര്‍)
പ്രവര്‍ത്തിക്കാന്‍:
സേവനവും പ്രതിഫലവും ഒത്തിണങ്ങിയ ജോലി സ്വീകരിക്കുക. പിരിമുറുക്കമുള്ള ജോലി ആരോഗ്യം കളയും. പണം കൊണ്ടുള്ള ധൂര്‍ത്തും പൊങ്ങച്ചവും ആപത്തുകള്‍ സമ്മാനിക്കാനിടയുണ്ട്. ലളിതവും എന്നാല്‍ സുന്ദരവും ആയ ശൈലി പുലര്‍ത്തുക.
10.നര്‍മ്മം...ചിരി...സന്തോഷം
നര്‍മ്മഭാവന പുഞ്ചിരിയിലേക്കും ചിരിയിലേക്കും നയിക്കും. അങ്ങനെ ചിരിക്കുന്ന മുഖം ഒരാളുടെ സൗന്ദര്യം ഏറ്റവും കൂടുതല്‍ വെളിപ്പെടുത്തുന്ന ഒന്നായിമാറും. ഫലിതം പറയാനും ആസ്വദിക്കാനും കഴിവുള്ളവര്‍ സന്തോഷത്തിന്റെ വഴിയിലാണെന്നു പറയാം. ചിരിയുടെ വ്യാപ്തി വളരെ വലുതാകയാല്‍ അത് എപ്പോള്‍ എവിടെവച്ചും പൊട്ടിപ്പുറപ്പെടാം. തെളിഞ്ഞ മനസ്സിന്റെ പ്രതിഫലനം മുഖത്തുള്ള പുഞ്ചിരിയായി മാറുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രതിഭാസം മാത്രം. ഒരു ശിശുവിന്റെ നിര്‍മലമായ ചിരി ഏതു ശിലയും അലിയിക്കാന്‍ പോന്നവയാണല്ലോ.
ഒരു ശരാശരി മലയാളി എങ്ങനെയൊക്കെ ചിരിക്കുമെന്നു വിചാരിക്കുന്നതുതന്നെ രസകരമായ കാര്യമായിരിക്കും. കുഞ്ചന്‍ നമ്പ്യാര്‍, ശീവൊള്ളി, വെണ്മണി, സഞ്ജയന്‍, ഇ.വി. കൃഷ്ണപിള്ള, വാണക്കുറ്റി, വേളൂര്‍ കൃഷ്ണന്‍കുട്ടി, തോമസ് പാലാ, ടി.എം. വര്‍ഗീസ് എന്നിവരുടെ കൃതികളൊക്കെ മലയാളിയെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, ടോംസ്, യേശുദാസന്‍, അബു എന്നിവരൊക്കെ നമ്മെ ചിരിപ്പിച്ചുചിന്തിപ്പിച്ചവരാണല്ലോ. ആത്മീയതയിലൂടെ ചിരിപ്പിച്ച മാര്‍ ക്രിസോസ്റ്റം, ശ്രീ രവിശങ്കര്‍ എന്നിവരുമുണ്ട്. എന്നാലിന്നു ചിരി കൂടുതലും കയ്യടക്കി വച്ചിരിക്കുന്നത് ടി.വി-മൊബൈല്‍-സോഷ്യല്‍ മീഡിയ-സിനിമാ തമാശകളല്ലേ? പലതരം ചിരിയിലേക്ക് ഒന്നെത്തിനോക്കാം.
ചിലരുടെ ചിരിശബ്ദം കേട്ടാല്‍ കേള്‍ക്കുന്നവനും ചിരിവരും. കോഴി കൊക്കുന്നതും കുപ്പിയുടെ അടപ്പ് തെറിച്ചതും സോഡാക്കുപ്പി തുറന്നതും ആടുകരഞ്ഞതും പശു അമറിയതും പോലുള്ള പലയിനങ്ങള്‍! ആസ്മാ-ക്ഷയരോഗികളുടെ ഒച്ചയില്ലാത്ത വിസിലടിക്കുന്ന ചിരിയും വേറിട്ട ഒന്നാണ‌്.
അനാഥരുടെ ദയനീയ ചിരിയും ഭ്രാന്തന്റെ പൈശാചിക ചിരിയും രണ്ടു വ്യത്യസ്ത അവസ്ഥകള്‍ നമ്മെ വരച്ചുകാട്ടുന്നു. ഏറ്റവും കൂടുതല്‍ വില്പനയുള്ള ഒന്നാണ‌് പരിഹാസച്ചിരി.
ഓരോ തൊഴിലിനോടും ബന്ധമുള്ള ചിരികളുമുണ്ട്. കള്ളന്റെ കള്ളച്ചിരി, കാമുകന്റെ ശൃംഗാരച്ചിരി, രാഷ്ട്രീയക്കാരന്റെ വെളുക്കെച്ചിരി, ഗുണ്ടയുടെ കൊലച്ചിരി, നാടകത്തിലെ കൃത്രിമച്ചിരി എന്നിവ അവയില്‍ ചിലതുമാത്രം.
പണ്ട്, ഓരോ കൊട്ടാരത്തിലും രാജാവിനെയും സദസ്സിനെയും ചിരിപ്പിക്കാന്‍ കൊട്ടാരവിദൂഷകന്‍ എന്നൊരു തസ്തിക ഉണ്ടായിരുന്നു. അവര്‍, എന്നും എവിടുന്നെങ്കിലും ചിരിക്കാനുള്ള വക തേടിപ്പിടിച്ചു സദസ്സില്‍ വിളമ്പണം. അല്ലെങ്കില്‍ ‘എട്ടിന്റെ പണി’ കിട്ടും! അതു പണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ ഓരോ ആഴ്ചയിലും പുതിയ ‘നമ്പറു’കള്‍ക്കായി കോമഡിതാരങ്ങള്‍ ചാനലുകളിലൂടെ ഓടി നടക്കുന്നു, അല്ലെങ്കില്‍ വേറെ ആളുകള്‍ ഗോളടിക്കും.
എല്ലാം നന്നായി വിറ്റുപോയതിനാല്‍ പുതിയ നിലവാരമുള്ള തമാശകള്‍ക്കു വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
മനസ്സില്‍ എന്തു പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ചിരിപ്പിക്കുന്ന ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ‌് സര്‍ക്കസ് കോമാളികള്‍. ചില തുണിക്കടകളിലും മറ്റും സ്വാഗതം ചെയ്യാന്‍ സുന്ദരികളായ പെണ്‍കുട്ടികളെ നിര്‍ത്താറുണ്ട്. അവര്‍ക്ക് ഇരിക്കാന്‍ അനുവാദമില്ല. തലവേദനയുണ്ടെങ്കിലും കാലുവേദന ഉണ്ടെങ്കിലും വയറുവേദനയുണ്ടെങ്കിലും ചുണ്ടില്‍ ഒരു പുഞ്ചിരി തുന്നിപ്പിടിപ്പിച്ചിരിക്കണം. കാശുള്ളവന്റെ അധികാരച്ചിരിയും ഇല്ലാത്തവന്റെ വിനയച്ചിരിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ‌്.
മരണശിക്ഷയുടെ നേരത്തും നേരമ്പോക്കു പറഞ്ഞു ചിരിച്ച ആളായിരുന്നു സോക്രട്ടീസ്! കണ്ടുപിടിത്തത്തിനിടയില്‍ കെപ്ലെര്‍, ആര്‍ക്കിമിഡീസ് എന്നിവരൊക്കെ തുള്ളിച്ചാടി ചിരിച്ചവരെന്നു ചരിത്രം. അങ്ങനെ വ്യത്യസ്തത പുലര്‍ത്തുന്നവരുമുണ്ട്. ഒരിക്കല്‍ വിചിത്രമായ ഒരു സമരമുറ കര്‍ണാടകയില്‍ നടന്നു. ബംഗാരപ്പ മുഖ്യമ(ന്തിയായിരിക്കെ, ഒരു കര്‍ഷക സംഘടന തുടര്‍ച്ചയായി ഉച്ചഭാഷിണിയിലൂടെ സമരച്ചിരി മുഴക്കിക്കൊണ്ടായിരുന്നു പ്രതിഷേധിച്ചത്! ഡാവിഞ്ചി വരച്ച ‘മൊണാലിസ’യുടെ ദുര്‍ഗ്രഹമായ ചിരി പഠനത്തിനുവരെ വിഷയമായിരിക്കുന്നു.
ഒരിക്കല്‍, ചാള്‍സ് ലാംബിന്റെ നാടകം സിനിമയാക്കിയപ്പോള്‍ ഒരുദിനം മാത്രമേ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചുള്ളൂ. തികഞ്ഞ പരാജയമായിരുന്നു. ആ ചിത്രം കണ്ടു കൂകിച്ചിരിച്ചവരില്‍ അദ്ദേഹവും ഉണ്ടായിരുന്നു. അതിന്റെ കഥാകൃത്ത് താനാണെന്ന് മനസ്സിലാകാതിരിക്കാന്‍ കണ്ടുപിടിച്ച സൂത്രം.
അതേസമയം, കോട്ടയത്തെ ഒരു തീയറ്ററില്‍ രണ്ടുതരം സീറ്റുകള്‍_ കൂടിയ ടിക്കറ്റുനിരക്കുള്ളതു പിറകിലും മുന്‍പിലുള്ള സീറ്റുകള്‍ കുറഞ്ഞ നിരക്കുള്ളതും. ഏറ്റവും വലിയ രസമെന്തെന്നു വച്ചാല്‍, സിനിമയിലെ തമാശകളൊക്കെ വരുമ്പോള്‍ മുന്നിലുള്ള സാധാരണക്കാരു മാത്രം ചിരിക്കും. പിറകിലുള്ളവര്‍ക്ക് ചിരി വരാഞ്ഞിട്ടല്ല, വളരെ വിഷമിച്ചു ചിരിയെ പിടിച്ചുനിര്‍ത്തിയിരിക്കുന്നു. കാരണം ഞങ്ങള്‍ മുന്നിലുള്ളവരെപ്പോലെ ചിരിച്ചാല്‍ പിന്നെ അവരും ഞങ്ങളും തമ്മിലെന്തു വ്യത്യാസം? സംശയിക്കേണ്ട, പൊങ്ങച്ചത്തിന്റെ ലോക തലസ്ഥാനം കേരളമാണ‌്!
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ നര്‍മം പുരട്ടിയ വാക്കുകളിലൂടെ ലളിതമായി തരണം ചെയ‌്‌ത രണ്ടു സിനിമാതാരങ്ങളെ നോക്കുക; ഗിന്നസ് പക്രു, ഇന്നസന്റ് എന്നിവര്‍ അവരുടെ അമളികള്‍ വരെ തമാശയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. ക്യാന്‍സര്‍ രോഗം ബാധിച്ച ഇന്നസന്റിന്റെ നര്‍മബോധവും ശുഭാപ്തി വിശ്വാസവും രോഗത്തെ തരണം ചെയ്യാന്‍ സഹായിച്ചു.
ഗിന്നസ് പക്രുവും ന്യൂനതകളെ ചിരിച്ചുതള്ളുന്നു. എന്നാല്‍, മറ്റൊരു നടന് അസുഖം വന്നിട്ട് ഒളിച്ചോടി നടന്നു. എല്ലാവരും അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞുകളിയാക്കി എന്നൊക്കെ വിചാരിച്ച് അദ്ദേഹം രോഗതീവ്രത കൂട്ടുകയാണുണ്ടായത്. ഇപ്പോഴും ഭേദമായ രോഗം മറച്ചുപിടിച്ച് അമര്‍ഷം കൊണ്ട് നടക്കുന്നു. മലയാള സിനിമയ‌്ക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹം ഒരിക്കലും ചെറുതാകാന്‍ പോകുന്നില്ല എന്ന സത്യം മനസ്സിലാക്കാതെ പോയി. എല്ലാവരെയും തൃപ്തിപ്പെടുത്തി ആര്‍ക്കും ജീവിക്കാന്‍ പറ്റില്ല കാരണം ‘അമ്മയെ തല്ലിയാലും രണ്ടുണ്ടു പക്ഷം’ എന്നാണല്ലോ.
അസ്ഥാനത്തുള്ള ചിരി ആപത്താണ‌്.
സ്ഥലജലവിഭ്രമത്തില്‍ പെട്ട ദുര്യോധനനെ പാഞ്ചാലി കളിയാക്കി ചിരിച്ചതാണു മഹാഭാരത യുദ്ധത്തിനുള്ള ഒരു കാരണം. സൗഹൃദച്ചിരികള്‍ കൂട്ടുകാരെ സൃഷ്ടിക്കുമ്പോള്‍ പരിഹാസച്ചിരികള്‍ കൂട്ടുകള്‍ നശിപ്പിക്കും. ആരോഗ്യത്തില്‍ ചിരിക്കുള്ള പങ്ക് കണക്കിലെടുത്ത് ലാഫിംഗ് ക്ലബ്ബ്, ചിരിയരങ്ങ്, ഹാസയോഗ എന്നിവയൊക്കെ ഉള്ളതു നല്ലതായിരിക്കും. കണ്ണാടിയില്‍ നോക്കി ചിരി പരിശീലിക്കുന്നവരുമുണ്ട്.
മഹത്തായ വചനങ്ങള്‍:
“ചിരിക്കൂ, ലോകം മുഴുവന്‍ നിങ്ങളൊത്തു ചിരിക്കും. കരയൂ, നിങ്ങള്‍ തനിച്ചു കരയേണ്ടി വരും” (വില്‍കോക്സ്)
“ചിരിക്കുന്നതിനെക്കാള്‍ ഏറെ ശ്രദ്ധേയമായി ആളുകളുടെ സ്വഭാവത്തില്‍ മറ്റൊന്നില്ല” (ഗേഥെ)
“സന്തോഷമില്ലാത്ത മനുഷ്യന്‍ ജീവിക്കുന്നില്ല, അവനെ മൃതനായി പരിഗണിക്കാം” (സോഫോക്ലിസ്)
പ്രവര്‍ത്തിക്കാന്‍:
പുഞ്ചിരിക്കുന്ന മുഖം നിങ്ങളുടെ നല്ല അവസ്ഥയെ സൂചിപ്പിക്കുന്നു, മനസ്സിന്റെ കണ്ണാടിപോലെ. നര്‍മം ആസ്വദിക്കുന്നതും പങ്കിടുന്നതും പ്രശ്നങ്ങളെ ലളിതമായി നേരിടാനുള്ള പ്രാപ്തി നല്‍കും. ആയുസ്സു വര്‍ധിപ്പിക്കുന്ന ഒന്നാണു ചിരിമരുന്ന്.
11.വിലക്കേണ്ട സന്തോഷങ്ങള്‍
പുസ്തകത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ തിന്മയുടെ സന്തോഷങ്ങള്‍ വളരെയേറെയുണ്ട്. ഇതുവരെയുള്ള അധ്യായങ്ങളില്‍ നല്ല വഴികള്‍ കുറച്ചു പറഞ്ഞുതന്നു. എന്നാല്‍, ചീത്തയായ സന്തോഷങ്ങളെ തടയാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും എടുക്കേണ്ടതുണ്ട്. ചില തെറ്റായ ജീവിത ശൈലികളെക്കുറിച്ച് സൂചിപ്പിക്കാം.
സ്വന്തം കാര്യം സിന്ദാബാദ് അഥവാ സ്വാര്‍ഥത കൊണ്ടുനടക്കുന്നവരുണ്ട്. രൂപേഷ് പതിനാലു ലക്ഷം രൂപയുടെ കാര്‍ വാങ്ങി. സുഹൃത്ത് അവനെ കണ്ടപ്പോള്‍ ചോദിച്ചു:
“ഇതിന്റെ വിലകൊടുത്താല്‍ ഈ കമ്പനിക്കുതന്നെ eight seater suv ഉണ്ടായിരുന്നല്ലോ. എന്താ വേണ്ടെന്നു വച്ചത്?”
രൂപേഷിന്റെ മറുപടി വിചിത്രമായിരുന്നു:
“എടാ, അതെടുത്താല്‍ വഴിയില്‍ കണ്ടവനെയൊക്കെ കയറ്റേണ്ടിവരും, ഇതാണെങ്കില്‍ വലിയ ശല്യം ഒന്നുമില്ല”
സ്വാര്‍ഥതയുടെ മറ്റൊരു കഥ കേള്‍ക്കൂ:
തിരുവല്ലയിലുള്ള വിനീഷ് സാമ്പത്തിക ഞെരുക്കത്തില്‍ ഇരുന്ന സമയം. സ്വകാര്യ സ്ഥാപനത്തിലെ ജോലിയിലെ വരുമാനം കൊണ്ടു കാര്യങ്ങള്‍ നടക്കുന്നില്ല. ഭാര്യ പ്രസവിച്ച് ഒരുമാസം ആകുന്നു അതും സിസേറിയന്‍. അപ്പോഴായിരുന്നു സുഹൃത്ത് ബാബു വിദേശത്തുനിന്നും നാട്ടില്‍ വന്നിരിക്കുന്നത് അറിഞ്ഞത്. അവന്റെ ഭാര്യ പ്രസവിച്ചു കൊല്ലത്തെ ഒരു ആശുപത്രിയില്‍. കുഞ്ഞിനെ കാണാന്‍ തനിച്ചുപോകാമെന്നു പറഞ്ഞ വിനീഷിനോട് ഭാര്യ പറഞ്ഞു:
“അയാളിപ്പോള്‍ നല്ല നിലയിലാണല്ലോ. വിദേശത്തു വിനീഷിന‌് എന്തെങ്കിലും ജോലിക്കു സാധ്യതയുണ്ടോന്നു ചോദിക്ക്. നിങ്ങളൊന്നും ആരോടും ചോദിക്കുന്ന സ്വഭാവം പണ്ടേയില്ലല്ലോ. അതുകൊണ്ട് ഞാനുംകൂടി വരാം”
“എടീ, സിസേറിയന്‍ കഴിഞ്ഞിട്ട് ഇപ്പോള്‍ നിനക്ക് യാത്ര ചെയ്യാനാകുമോ?”
“എനിക്ക് ആകാമായിട്ടല്ല, പക്ഷേ, അതിലും വലുതാണു ജോലിക്കാര്യം. പിന്നെ, അവരെയൊക്കെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ”
അങ്ങനെ കുഞ്ഞിനേയും കൂട്ടി അവര്‍ ആശുപത്രിയില്‍ ചെന്നു. ബാബു മര്യാദയോടെ ഇടപെട്ടെങ്കിലും അവന്റെ ഭാര്യ വിനീഷിന്റെ കുഞ്ഞിനെയും ഭാര്യയേയും ഒന്നു നോക്കിയതുപോലുമില്ല. ചിലപ്പോള്‍ അത് ഒരു സ്വഭാവ രീതിയായിരിക്കും എന്നു കരുതിയിരുന്നപ്പോഴാണ‌് മൊബൈല്‍ ഫോണില്‍ ഒരുപാട് സംസാരിക്കുന്നതു കണ്ടത്. ഇറങ്ങാന്‍നേരം ബാബുവിനോട് ജോലിക്കാര്യം പറഞ്ഞു. ബാബു പറഞ്ഞു:
“എന്റെ ബ്രദര്‍ അവിടെ വന്നത് HSMP വിസയിലാണ‌്. ഇപ്പോള്‍ അതു നിര്‍ത്തി. അവനിപ്പോള്‍ അവിടെയാ. ഇപ്പോള്‍ അങ്ങനെ ചാന്‍സ് ഒന്നുമില്ല”
ഇപ്പോഴുള്ള സൗഹൃദങ്ങള്‍ മിക്കവയും പൊള്ളയായിരിക്കും. സ്വാര്‍ത്ഥതയും അസൂയയും അതിനെ വിഴുങ്ങിയിരിക്കുന്നുവെന്നു മാത്രമല്ല, അതൊരു ബാധ്യത ആകുമോയെന്ന് പലരും ഇന്നു ഭയപ്പെടുന്നു. യാതൊരു മുടക്കുമുതലും വേണ്ടാത്ത ഒരു കൈചൂണ്ടിയാകാന്‍പോലും ആരും നിന്നുകൊടുക്കാറില്ല. ചുരുക്കം ചില കൈചൂണ്ടികളെ കാണാറുണ്ട്. അങ്ങനെ ഒരാളാണു മനോജിനു തുണയായത്. അവന്‍ ടി.വി വാങ്ങാന്‍ കോട്ടയത്തു വന്നപ്പോള്‍ അടുത്തുകണ്ട ഒരാളോട് :
“ചേട്ടാ, ഇവിടെയൊരു .....ടിവിയുടെ വലിയ കട....അത് എവിടെയാ?”
“ആ കടയില്‍ വില കൂടുതലാ, പരസ്യ ബഹളം മാത്രമേയുള്ളൂ. താങ്കളൊരു കാര്യം ചെയ്യൂ. വേണ്ട മോഡലിന്റെ ആ കടയിലെ വില കുറിച്ചെടുത്തിട്ടു ....കടയില്‍ ചെന്നുനോക്ക്. ഞാന്‍ അവിടുന്നാ മേടിച്ചത്. ഇവിടന്നു നാലഞ്ചു കിലോമീറ്റര്‍ മാറിയായതിനാല്‍ വിലക്കുറവാ”
മനോജ് അവിടെനിന്നു വാങ്ങി. രൂപ രണ്ടായിരത്തോളം കുറവു കിട്ടി. ചോദിച്ച കടയുടെ പേരുമാത്രം പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നെങ്കിലും ഒരു കൈചൂണ്ടി ആകാന്‍ ആ വഴിപോക്കനു കഴിഞ്ഞു.
കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവം. ഒരു ഇടവഴിയിലൂടെ യുവതി നടന്നുപോയപ്പോള്‍ കള്ളന്‍ പെട്ടെന്നു ചാടിവീണ‌് അവരുടെ തടിച്ച ‘സ്വര്‍ണ’മാല പൊട്ടിച്ചുകൊണ്ടോടി. അതുകണ്ട ഒരാള്‍ അവന്റെ പിറകേ ഓടി. ഏറ്റവും പിറകിലായിരുന്ന അവള്‍ വിളിച്ചുകൂവി:
“അതവന്‍ കൊണ്ടോക്കോട്ടെ...വരവുമാലയാ അത്...”
പക്ഷേ, അതു കള്ളനും അയാളും നിര്‍ഭാഗ്യവശാല്‍ കേട്ടില്ല. മല്‍പിടുത്തത്തിനിടയില്‍ പരാജയം മണത്ത കള്ളന്‍ അരയില്‍ ഒളിപ്പിച്ചിരുന്ന പിച്ചാത്തിയെടുത്ത് ആ രക്ഷകന്റെ വയറ്റില്‍ ആഞ്ഞുകുത്തി. ആശുപത്രിയില്‍ ചെല്ലുന്നതിനുമുന്‍പേ അയാള്‍ മരിച്ചു. ഇവിടെ കള്ളന്‍ മാത്രമല്ല കുറ്റവാളി.
കുറ്റവാളികളെ പ്രോല്‍സാഹിപ്പിക്കുന്നവരും കുറ്റത്തിന്റെ പങ്കുപറ്റുന്നുണ്ട്. സ്വര്‍ണ നിറത്തിലുള്ള മാല വെറും 25 രൂപയുടെയാണെന്ന് കള്ളന്‍ എങ്ങനെ മനസ്സിലാക്കും? ഡല്‍ഹിയില്‍ ഒരു യുവതിയുടെ പീഡന കൊലപാതകം രാത്രിയില്‍ സിനിമാ കണ്ടുകഴിഞ്ഞു മടങ്ങവേ ആയിരുന്നു. ആ സിനിമാ പകല്‍ കാണാന്‍ പോയിരുന്നെങ്കിലോ? സഞ്ചാര സ്വാത(ന്ത്യവും വസ്ത്രധാരണ സ്വാത(ന്ത്യവുമൊക്കെ ഇന്ത്യയില്‍ വെറുതെ പറയാന്‍ കൊള്ളാം. ഇതൊന്നും മദ്യം, മയക്കുമരുന്ന്, മറ്റു മനോരോഗങ്ങള്‍ ഉള്ളവരൊന്നും കണക്കിലെടുക്കില്ല എന്നോര്‍ക്കണം.
ഒറ്റപ്പെട്ട വലിയ വീടുകളില്‍ പ്രായം വളരെയായ അമ്മച്ചിമാരുടെ കഴുത്തില്‍ കിടക്കുന്ന മാലയുടെ വലിപ്പം പട്ടിയെ പൂട്ടുന്ന തുടലിന്റെ അത്രയും വരും. വിദേശമലയാളികള്‍ നാട്ടില്‍ വരുമ്പോള്‍ ഗമ കാണിക്കാന്‍ മേടിച്ചുകൊടുത്തിട്ടു പോകുന്നതായിരിക്കും അവയില്‍ പലതും. ആ മാല കള്ളന്മാരോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു:
“അമ്മച്ചിയും വേലക്കാരിയും മാത്രമുള്ള ഈ വലിയ വീട്ടിലെ പത്തുപവന്റെ ഉരുപ്പടിയാ ഞാന്‍. കള്ളന്മാര്‍ക്കുള്ള ഈ സുവര്‍ണാവസരം പാഴാക്കരുതേ! എന്നെ പറിച്ചുകൊണ്ടുപോകൂ!”
തിരുവനന്തപുരം നഗരത്തിലെ ഒരു കോളജ് കാമ്പസ്. കൂട്ടുകാരായ ജിഷയും നിമ്മിയും സ്കൂട്ടറുകള്‍ മരത്തണലില്‍ വച്ചിട്ടു പതിവുപോലെ വര്‍ത്തമാനം പറയുകയായിരുന്നു. അന്നേരം മറ്റൊരു കൂട്ടുകാരി അങ്ങോട്ടു വന്നു. സ്കൂട്ടറുകളെ ഒന്നു നോക്കിയിട്ട് അവള്‍ പറഞ്ഞു:
“നിങ്ങള്‍ രണ്ടുപേരും പല കാര്യത്തിലും മാച്ചാണല്ലോ. പിന്നെന്താ, സ്കൂട്ടര്‍ മാത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിപ്പോയത്?”
നിമ്മിയുടെ മറുപടി ഉടന്‍ വന്നു: “ഞാനീ ജിഷയോടു പലതവണ പറഞ്ഞതാ, ബ്ലാക്ക് വേണ്ടെന്ന്, ചെളി പറ്റിയാല്‍ അറിയില്ല. തുരുമ്പുപിടിച്ചാലും അറിയില്ല”
“വെള്ള നിറമായാ പിന്നെ എപ്പോഴും തൂത്തുതുടയ‌്ക്കാനേ നേരം കാണൂ” ജിഷയും വിട്ടുകൊടുത്തില്ല.
ദുശ്ശീലങ്ങളും ഇതുപോലെതന്നെ. നമ്മുടെ വ്യക്തിത്വത്തില്‍ ചെളിപിടിച്ചപോലെ തോന്നുന്ന ഇത് യഥാസമയം തുടച്ചുകളഞ്ഞില്ലെങ്കില്‍ ജീവിതം തുരുമ്പിക്കും, ദ്രവിച്ചില്ലാതാകും.
തെറ്റുകളും ദുശ്ശീലങ്ങളും പുറകോട്ടുപോയി തിരുത്താനാവില്ല. കാരണം, സമയചക്രം മുന്നോട്ടുമാത്രമേ ഉരുളുകയുള്ളൂ. പുഴയില്‍ ദിവസവും രാവിലെ കുളിക്കാന്‍ വരുമായിരുന്ന ഒരാള്‍, കുളികഴിഞ്ഞു വീട്ടില്‍ ചെന്നതിനുശേഷമാണ‌്, മോതിരം കളഞ്ഞുപോയെന്നു മനസ്സിലാക്കിയത്. ഉടന്‍തന്നെ പുഴയുടെ അടുക്കല്‍ ചെന്ന് പരാതിപ്പെട്ടു:
“എന്റെ മോതിരം നിന്റെ ശക്തമായ ഒഴുക്കിലാണു പോയത്. നീ എനിക്കു തിരിച്ചുതരണം, അതെവിടെയെന്നു കാട്ടിത്തരണം”
“ഹേ, മണ്ടനായ മനുഷ്യാ, നിന്റെ മോതിരത്തിനുവേണ്ടി വെള്ളത്തെ ഞാന്‍ തടഞ്ഞുനിര്‍ത്തിയാല്‍ ഇവിടെ വെള്ളപ്പൊക്കമുണ്ടാകും. ഈ ജലപ്രവാഹം കടലമ്മയിലാണു ലയിക്കുക. അതു നീരാവിയായി വീണ്ടും മഴയുണ്ടാക്കി ഇതിലേ ഒഴുകിവരേണ്ടതാണ‌്. അതു പ്രകൃതിനിയമം. അതെനിക്ക് പാലിച്ചേ മതിയാകൂ. ഇന്നലെ കുളിച്ച വെള്ളത്തില്‍ ഇന്നു കുളിക്കണമെന്നു വാശി പിടിക്കുന്നപോലുള്ള മണ്ടത്തരമാണത്”
പല തെറ്റുകളും തിരിച്ചുപോയി നേരെയാക്കാന്‍ പറ്റാത്തവയായിരിക്കും. മനസ്സിന്റെ ചില മുറിവുകള്‍ കാലത്തിനു ഉണക്കാന്‍ പറ്റിയെന്നു വരില്ല. അധര്‍മങ്ങള്‍ നടപ്പിലാക്കാന്‍ മനുഷ്യര്‍ ചില മുട്ടുന്യായങ്ങളുടെ കൂട്ടുപിടിക്കും. എന്നിട്ട്, അതിലൂടെ സന്തോഷിക്കുകയും ചെയ്യും.
ഗുരുകുല സ(മ്പദായം നിലവിലുണ്ടായിരുന്ന പഴയ കാലം. രാജാവിന്റെയും മ(ന്തിയുടെയും മക്കള്‍ ആശ്രമത്തിലെ ഗുരുവിന്റെ അടുക്കല്‍നിന്നു കുറച്ചുവര്‍ഷങ്ങള്‍ നീണ്ട വിദ്യാഭ്യാസം നേടി. പഠനത്തിനൊടുവില്‍ കൊട്ടാരത്തിലേക്കുള്ള മടക്ക യാത്രയുടെ സമയമായി. ഗുരു അവരെ വിളിച്ചതിനുശേഷം പറഞ്ഞു:
“നിങ്ങളുടെ പഠനം പൂര്‍ത്തിയായിരിക്കുന്നു. നിങ്ങള്‍ വന്ന സമയത്തെക്കാള്‍ കാട് ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു. എന്നാല്‍, ഏതു ദിക്കിലൂടെ പോയാലും കൊട്ടാരത്തിലെത്താനുള്ള പ്രധാന വഴിയില്‍ എത്തിച്ചേരും. സ്വയ രക്ഷയ‌്‌ക്കായി നിങ്ങള്‍ അഞ്ചുപേര്‍ക്കും ഓരോ മഴു തന്നുവിടുന്നു. എന്നാല്‍, ഓരോ ആളും തനിച്ചു യാത്ര ചെയ്യണം”
അവര്‍ യാത്ര തുടങ്ങി. ഒന്നാമന്‍ കുറെ ദൂരം ചെന്നപ്പോള്‍ അകലെ ഒരു പുള്ളിമാന്‍ നില്‍ക്കുന്നത് കണ്ടു.
“ഹാ, തടിച്ചുകൊഴുത്ത മാന്‍, അതിനെ കൊന്ന് ഇറച്ചിയുമായി രാജസന്നിധിയില്‍ ചെന്ന് ആഘോഷിക്കണം”
അവന്‍ കയ്യിലുള്ള മഴുവുമായി അതിന്റെ മുന്നിലേക്ക് ചാടി വീണെങ്കിലും അതെങ്ങോ പോയി മറഞ്ഞു. കലിപൂണ്ട അവന്‍ മഴു തലങ്ങും വിലങ്ങും വീശി. അതേസമയം, രണ്ടാമന്‍ മറ്റൊരു വഴിയിലൂടെ നടന്നപ്പോള്‍ അവനും ഒരു മാന്‍ വഴിയില്‍ കിടക്കുന്നതു കണ്ടു.
“ഇതിനെ കൊന്നിട്ട് മനോഹരമായ തോലുരിയണം, കൊമ്പും തലയും എടുക്കണം. എന്നിട്ട്, കൊട്ടാരത്തിന്റെ ചുവരില്‍ പതിക്കണം. അതുകാണുമ്പോള്‍ പിന്നീട് എല്ലാവരും എന്നെ ഒരു വീരനായി ഓര്‍ക്കുമല്ലോ”
പക്ഷേ, അവനും നിരാശയായിരുന്നു ഫലം. മാന്‍ അവനെയും പറ്റിച്ചു കടന്നുകളഞ്ഞു. മൂന്നാമന്‍ നടന്ന പാതയിലും മാന്‍ കാണപ്പെട്ടു. അവന്‍ ചിന്തിച്ചത് മറ്റൊരു രീതിയിലായിരുന്നു.
“ഇതിനെ ഇണക്കി വളര്‍ത്തണം. കൊട്ടാരത്തിനുള്ളില്‍ ഒരു കൂട്ടില്‍ വളര്‍ത്തിയാല്‍ എനിക്ക് എന്നും സന്തോഷം നല്‍കാന്‍ ഇതിനാവും”
അയാള്‍ അതിനുവേണ്ടി വള്ളികൊണ്ട് കുടുക്കുണ്ടാക്കി എറിഞ്ഞെങ്കിലും അത് വിദഗ്ധമായി ഓടിക്കളഞ്ഞു. നാലാമന്‍ മറ്റുള്ളവരെപ്പോലെ ആയിരുന്നില്ല. അവന്‍ മാനിനെ കണ്ടമാത്രയില്‍ ധര്‍മസങ്കടത്തിലായി. കാരണം മുന്നേ പോയ മൂവരും ചിന്തിച്ചതൊക്കെ അവനും തോന്നി. പക്ഷേ, ഒരു പ്രശ്നം:
“ഗുരുവിനു കുറച്ചു ജ്ഞാന ദൃഷ്ടിയൊക്കെ വശമുണ്ട്. ഞാന്‍ വല്ല ഉടായിപ്പും കാണിച്ചെന്ന് അറിഞ്ഞാല്‍ നാണക്കേടാ. ഒരുപാട് ധര്‍മമൊക്കെ പഠിപ്പിച്ചുവിട്ടതല്ലേ?”
അതിനു പകരമായി ഒരു സൂത്രം അവന്‍ കണ്ടുപിടിച്ചു. “ഇതിനെ കെട്ടിവലിച്ചു മുന്നില്‍ നടത്തുക. ഏതെങ്കിലും വന്യമൃഗങ്ങള്‍ മുന്നില്‍ വരികയാണെങ്കില്‍ മാനെ തിന്നോളും, ഞാന്‍ സുരക്ഷിതനായി” അവിടെ കണ്ട പഴം പറിച്ചുകൊടുത്തെങ്കിലും അടുത്തുവരാതെ മാന്‍ ദൂരെ ഒളിച്ചു.
അഞ്ചാമന്റെ മുന്നിലും മാന്‍ വന്നു. അതിന്റെ സൗന്ദര്യം കണ്ടിട്ട് അവന്‍ പറഞ്ഞു:
“ഭഗവാനേ, അങ്ങയുടെ ഈ സുന്ദരസൃഷ്ടിയിലും നിന്റെ മഹത്വം ഞാന്‍ ദര്‍ശിക്കുന്നു. ഇതിനു ഞാന്‍ എന്താണു തിന്നാന്‍ കൊടുക്കുക?”
അവന്‍ കുറച്ച് ഇലകള്‍ പറിച്ചിട്ടുകൊടുത്തു. അതു തിന്നുകൊണ്ടിരുന്നപ്പോള്‍ പുറത്തു തലോടി. പിന്നീട് ഒരു വഴികാട്ടിയേപ്പോലെ മാന്‍ മുന്നില്‍ നടന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നാടു കാണാറായി. പെട്ടെന്ന് മാന്‍ എങ്ങോട്ടോ പോയി മറഞ്ഞു. അങ്ങനെ അവന്‍ കൊട്ടാരത്തിലെത്തി.
അതേസമയം, മറ്റു നാലുപേരും അലഞ്ഞുതിരിഞ്ഞു വീണ്ടും ആശ്രമത്തിലെത്തി. അവരെ കണ്ട ഗുരു പറഞ്ഞു:
“എന്റെ സാന്നിധ്യം ഇല്ലെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നുള്ള അവസാന പരീക്ഷയായിരുന്നു ആ മാനിന്റെ രൂപത്തില്‍ വന്നത്. അതില്‍ ഒരാള്‍ മാത്രം വിജയിച്ച് കൊട്ടാരത്തിലെത്തി. നിങ്ങള്‍ ഒരുവര്‍ഷം കൂടി ഇവിടെ ഇനിയും പഠിക്കണം. അധര്‍മത്തിനായി മഴുമാത്രമല്ല, ഒരിക്കലും മനസ്സിലെ ആയുധംപോലും പുറത്തെടുക്കരുത്”
ഇന്ത്യയിലെ അഴിമതികളൊക്കെ ഇന്നു ലക്ഷങ്ങളില്‍നിന്നു കോടികളിലെത്തിയിരിക്കുന്നു. ഒരു വാഴക്കുല കട്ടാല്‍ അവന്‍ കള്ളനായി മുദ്ര കുത്തപ്പെടും. എന്നാല്‍ കോടികള്‍ കട്ടെടുക്കുന്നവനൊക്കെ അഴിമതിക്കാരന്‍ മാത്രമായി മാന്യത നേടുന്നു. പണം ആവശ്യത്തില്‍ കൂടുതല്‍ സംഭരിക്കുകയെന്നത് ചിലരുടെ മനോരോഗമായി മാറിയിരിക്കുന്നു. അകാലചരമമടയുന്ന റോഡ് ടാറിങ്ങും പാലങ്ങളും എത്ര ജീവനുകള്‍ പരലോകത്തേക്കു കൊണ്ടുപോയിരിക്കുന്നു! അതിന്റെ രക്തക്കറയുള്ള കൈക്കൂലികൊണ്ടു സന്തോഷിക്കുന്നത് പ്രപഞ്ചശക്തിയെ വെല്ലുവിളിക്കുന്നതിനു തുല്യമല്ലേ? കൈക്കൂലിയുടെ അനന്തസാധ്യതയുള്ള കാലത്തിലാണു ഇപ്പോള്‍ നാം ജീവിക്കുന്നത്. അവയില്‍ ചിലത് തലമുറകളിലേക്ക് ശാപം പകരുന്നവയായിരിക്കും.
കേരളത്തില്‍ ഒരു വര്‍ഷം പന്തീരായിരം കോടിയുടെ മുകളില്‍ മദ്യം വില്‍ക്കുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത്രയും കോടി കുടുംബസന്തോഷമാണു നശിപ്പിക്കുന്നത്. കാരണം, ആ തുക മലയാളികുടുംബങ്ങളുടെ സന്തോഷത്തിനും അഭിവൃദ്ധിക്കും സുസ്ഥിതിക്കും ഉപയോഗിക്കേണ്ടതായിരുന്നു. മയക്കുമരുന്ന്, പുകവലി എന്നിവയൊക്കെ വിഭ്രാന്തിയുടെ സന്തോഷം നല്‍കുന്നു. ഇത്തരം ദുഷിച്ച ശീലങ്ങള്‍ കുടുംബങ്ങളെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണ‌്.
കുടുംബാംഗങ്ങള്‍ സദാചാരബോധം, മൂല്യബോധം, നീതി എന്നിവയൊക്കെ ജാഗ്രതയോടെ പാലിക്കുവാന്‍ കടപ്പെട്ടവരാണ‌്. വ്യക്തി-സമൂഹ-രാജ്യ-ലോക നന്മകള്‍ തുടങ്ങുന്നത് നമ്മുടെ കുടുംബങ്ങളില്‍നിന്നാണ‌്...സന്തോഷത്തില്‍നിന്ന്...
മഹത്തായ വചനങ്ങള്‍:
“സ്വാഭാവികവും ധാര്‍മികവുമായ എല്ലാ തിന്മകള്‍ക്കും കാരണം സ്വാര്‍ഥതയാണ‌്” (എഡ്മണ്ട്സ്)
“മിത്രങ്ങളെ തൂക്കി അളന്നറിയാനുള്ള ഏക ത്രാസ് അധപതന കാലഘട്ടം ഒന്നുമാത്രമാണ‌്” (പ്ലൂട്ടാര്‍ക്ക്)
“ദുശീലങ്ങളെ നിയ(ന്തിക്കാത്ത പക്ഷം അവ അത്യാവശ്യങ്ങളായി പരിണമിക്കും” (സെയിന്റ് അഗസ്റ്റിന്‍)
“ഒരു ദു:സ്വഭാവത്തിനുവേണ്ടി ചെലവഴിക്കുന്ന പണംകൊണ്ട് രണ്ടു കുട്ടികളെ വളര്‍ത്താം” (ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍)
“അന്യര്‍ക്കു സന്തോഷം വേണമെങ്കില്‍ നിങ്ങള്‍ കാരുണ്യം ശീലിക്കുക. നിങ്ങള്‍ക്കു സന്തോഷം വേണമെങ്കില്‍ നിങ്ങള്‍ കാരുണ്യം ശീലിക്കുക” (ദലൈലാമ)
പ്രവര്‍ത്തിക്കാന്‍:
ദുശ്ശീലങ്ങളെ സന്തോഷത്തിനായി കൂട്ടുപിടിക്കരുത്. പണം സമ്പാദിക്കുന്നത് നേരായ വഴിയിലൂടെ എന്നുറപ്പാക്കുക. സ്വാര്‍ത്ഥത നീങ്ങിപ്പോകട്ടെ. എല്ലാവരും സന്തോഷിക്കട്ടെ..