പുരാണകഥകള്‍-1-പ്രത്യാശയുടെ ഫലം
This Malayalam eBooks-65-puranakathakal-1-prathyashayude falam is a series of mahapurana tales. Author- Binoy Thomas, format-pdf, file size-77 kb, page-7, price- FREE.
ഭാരതീയരുടെ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിച്ച മഹാപുരാണങ്ങളില്‍ ശിവപുരാണം, വിഷ്ണുപുരാണം, ബ്രഹ്മപുരാണം, നാരദപുരാണം, ഭാഗവതപുരാണം എന്നിവയെല്ലാം വളരെ ശ്രദ്ധേയം. ഇത് ശിവപുരാണം അടിസ്ഥാനമാക്കിയുള്ള പ്രത്യാശയുടെ ഫലം എന്ന കഥ.
To download this safe Google drive pdf file-65, Click here-
1. പ്രത്യാശയുടെ ഫലം (മലയാളം പുരാണകഥകള്‍ )
ഒരിക്കൽ പരമശിവനും ശ്രീപാർവതിയും കൂടി സന്തോഷത്തോടെ ഭൂമിയിലെ ഓരോ കാഴ്ചകൾ ആസ്വദിച്ച് പോകുകയായിരുന്നു.
അതിനിടയിൽ, ഒരു സ്ഥലത്തിനു മീതെ എത്തിയപ്പോൾ അവിടമാകെ വരൾച്ച ബാധിച്ചതായി പാർവ്വതി ശ്രദ്ധിച്ചു.
ഉടൻതന്നെ പാർവ്വതി ശിവനോടു ചോദിച്ചു:
"പണ്ട്, നാം ഇതിലൂടെ പോയപ്പോൾ വളരെ മനോഹരമായ സ്ഥലമായിരുന്നല്ലോ ഇത്. എന്നാൽ, ഇപ്പോൾ ഈ ഭൂപ്രദേശമെല്ലാം എങ്ങനെയാണ് ഒരു പുൽക്കൊടി പോലുമില്ലാതെ ഇങ്ങനെയായത്?"
"ലോകം സദാസമയവും മാറിക്കൊണ്ടിരിക്കുന്ന ഒന്നാകയാൽ ഇങ്ങനെയൊക്കെ വന്നു ഭവിക്കുന്നു. വരൂ... വെറുതെ അതിനേക്കുറിച്ച് സംസാരിച്ച് സമയം കളയേണ്ട"
ശിവൻ മുന്നോട്ടു പോകാൻ ശ്രമിച്ചപ്പോൾ പാർവ്വതി അവിടത്തന്നെ നിന്നുകൊണ്ട് പറഞ്ഞു:
"ഈ സ്ഥലത്തിന്റെയും ഇവിടെ പാർക്കുന്ന ഗ്രാമവാസികളുടെയും ഇനിയുള്ള ഭാവി എപ്രകാരമായിരിക്കുമെന്ന് അങ്ങ് പറഞ്ഞുതന്നിട്ടേ ഞാൻ ഇനി യാത്രയുള്ളൂ"
അപ്പോൾ ശിവൻ പറഞ്ഞു:
"ഇനിയുള്ള പന്ത്രണ്ടു വർഷങ്ങൾ ഇവിടെ ഒരു തുള്ളി മഴ പെയ്യില്ല. അങ്ങനെ ഇവിടെ ജീവിക്കുന്നവർ പട്ടിണിമൂലം മരണമടയും. മരിക്കാത്തവർ നരകതുല്യമായി ജീവിക്കും"
പാർവതി ഇതു കേട്ട് ഞെട്ടി!
"ഹൊ! ഭയങ്കരംതന്നെ! എന്തിനാണ് അവരെ ഇങ്ങനെ ദുരിതത്തിലാക്കുന്നത്?
അങ്ങയുടെ കയ്യിലിരിക്കുന്ന കുഴൽ ഒന്ന് ഊതിയാൽ മഴ പെയ്യുമല്ലോ. അന്നേരം അവരുടെ നാശനഷ്ടങ്ങളും ദുരിതങ്ങളുമെല്ലാം തീരില്ലേ?"
"അങ്ങനെയല്ല പ്രിയേ, ഇവിടെ പന്ത്രണ്ടു വർഷത്തെ ദുരിത ഫലങ്ങൾ അനുഭവിക്കണമെന്ന് ഒരു വിധിയുണ്ട്"
പരമശിവന്റെ മറുപടി കേട്ട് പാർവതി വിഷമത്തോടെ താഴേക്കു നോക്കിയപ്പോൾ അതാ, ദൂരെ ആ വരണ്ട ഭൂമിയിലൂടെ എന്തോ നീങ്ങുന്നു!
"അതെന്താ അവിടെ മുന്നോട്ടുപോകുന്നത്?"
പാർവതിയുടെ ചോദ്യത്തിന് മറുപടിയായി ശിവൻ പറഞ്ഞു:
"അതൊരു പാവം കർഷകൻ. അയാൾ കൃഷിയിറക്കാൻ പാടം ഉഴുതു മറിക്കുകയാണ് "
അപ്പോൾ പാർവതിക്ക് ആശ്ചര്യമായി.
"മഴ പെയ്യാത്ത അവിടെ എന്തു കിട്ടാനാണ് അയാൾ ഈ വേല ചെയ്യുന്നത്?"
"ഇപ്പോൾ പാടം ഉഴുവുന്നതിൽ പ്രയോജനമൊന്നുമില്ലെന്ന് അയാൾ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, അവൻ പ്രത്യാശ വെടിഞ്ഞിട്ടില്ല. താമസിയാതെ മഴ പെയ്യുമെന്നും അപ്പോൾ പെട്ടെന്ന് വിത്ത് എറിയാനുമുള്ള ആ പ്രതീക്ഷയാൽ ഇങ്ങനെ ചെയ്തു പോകുന്നതാണ്"
പാർവതി വീണ്ടും വിഷമിച്ചെങ്കിലും ഒരാശയം മനസ്സിലുദിച്ചു.
"അങ്ങ് പന്ത്രണ്ട് വർഷമൊക്കെ കുഴൽ ഊതാതിരുന്നാൽ കുഴലൂത്ത് അങ്ങ് മറന്നു പോയാലോ? മറക്കാതെ ഇടയ്ക്കൊക്കെ ഒന്ന് ഊതാമല്ലോ?"
അതുകേട്ട് ശിവൻ സന്തോഷപൂർവം തന്റെ കുഴൽ ചുണ്ടിൽവച്ച് ഊതി.
അത്ഭുതം!
പെട്ടെന്ന് മാനത്ത്, മഴക്കാറ് ഉരുണ്ടുകൂടി. ഇടിവെട്ടിന്റെ അകമ്പടിയോടെ മഴ തിമിർത്തു പെയ്തു. വിത്തുകൾ പാടത്തേക്ക് വാരിയെറിഞ്ഞ ആ കർഷകനോടൊപ്പം ഗ്രാമവാസികൾ ആനന്ദനൃത്തം ചവിട്ടി.
പാർവതി കുസൃതിയോടെ പരമശിവനെ പറ്റിച്ച മട്ടിൽ നോക്കി ചോദിച്ചു:
"ഇവിടം പന്ത്രണ്ടു വർഷത്തെ വറുതിയിലായിരിക്കുമെന്ന് അങ്ങ് പറഞ്ഞിട്ട് ഇപ്പോൾ എന്താണ് സംഭവിച്ചത് ?"
അനന്തരം പരമശിവൻ പറഞ്ഞു:
"നോക്കൂ.. പാർവതീ.. ഒരു മനുഷ്യന്റെ വിധി ആർക്കും നിശ്ചയിക്കാൻ സാധ്യമല്ല.
പ്രത്യാശയുളളിടത്ത് അത് ഈശ്വരനിയോഗംപോലെ മാറിമറിയുന്ന ഒന്നായിരിക്കും. ഈ കൃഷിക്കാരന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെ. അയാളുടെ പ്രത്യാശയുടെ മുൻപിൽ വരൾച്ചയുടെ വിധി മാറിക്കൊടുത്തു”
ആശയം ..
മനുഷ്യന്റെ ജീവിത യാത്രയ്ക്ക് വേണ്ട ഒന്നാന്തരം ഇന്ധനമാണ് പ്രത്യാശ. അതുള്ളവര്‍ക്ക് പ്രകൃതിയിലെ ഓരോ അണുവും ലക്ഷ്യപ്രാപ്തിക്കായി പിന്തുണയ്ക്കുന്നു. അങ്ങനെ പല നേട്ടങ്ങളും കൈവരിക്കാന്‍ അവനെ പ്രാപ്തനാക്കുന്നു. അതേസമയം, ദുരാശകളെ പ്രത്യാശകളായി തെറ്റിദ്ധരിക്കരുത്.