പരിസ്ഥിതി-സംരക്ഷണം-1

This Malayalam eBooks-70-environment-protection-1 is an eco-friendly book series about our nature, forest conservation, water pollution, air pollution, noise pollution, plastics, vehicles, smog, fog, green house effect, ecology etc.
Author- Binoy Thomas, format -PDF, pages-8, size- 94 kb, price-free
പരിസ്ഥിതി-സംരക്ഷണം, വായു, വെള്ളം, ശബ്ദം എന്നിവയുടെ മലിനീകരണം, പ്ലാസ്റ്റിക്‌, ഗ്രീന്‍ ഹൗസ് എഫക്റ്റ്‌- ഹരിതഗൃഹ പ്രഭാവം, മൂടല്‍ മഞ്ഞ്, പുകമഞ്ഞ്‌, പ്രകൃതിയെ ബാധിക്കുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പരമ്പരയിലെ ആദ്യത്തെ ഇ-ബുക്ക്  'ചില പരിസ്ഥിതി കാര്യങ്ങള്‍' വായിക്കൂ..

പതിവു തെറ്റാതെ കഴിഞ്ഞ ജൂൺ 5-ന് ലോക പരിസ്ഥിതി ദിനം വന്നുപോയി. കാലാവസ്ഥ തകിടം മറിഞ്ഞെന്നും ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വേനൽച്ചൂട് കാണുന്നതെന്നും വൃദ്ധജനങ്ങൾവരെ പറഞ്ഞ ചൂടേറിയ വേനലാണു കഴിഞ്ഞത്. കേരളത്തിലെ ചില സ്ഥലങ്ങളിൽ 40°C-നു മുകളിലേക്ക് രസമാപിനിയിലെ രസം ഉയർന്നു. പലർക്കും സൂര്യതാപം ഏറ്റു.(സൂര്യാതപം ശരിയായ പ്രയോഗമെങ്കിലും അതിനൊരു ചൂടില്ല). നമുക്കു മാത്രമല്ല, ലോകമെങ്ങും ഉഷ്ണ തരംഗം ഉയർത്തിയതിനു പിന്നിൽ 'എൽ നിനൊ' (സ്പാനിഷ് ഭാഷയിൽ ,ആൺകുട്ടി) എന്ന പ്രതിഭാസമായിരുന്നു. അങ്ങനെ, ഇതുവരെയുള്ള ഏറ്റവും ചൂടേറിയ വർഷമായി 2015 മാറി. എന്തായാലും ഇനിയങ്ങോട്ട് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് യു.എൻ.സയന്റഫിക് റിപ്പോർട്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നു-

• ആഗോള താപനം മൂലം സമുദ്ര ഭക്ഷണ സമ്പത്ത് കുറയുന്നു

• ചോളത്തിന്റെ ഉൽപാദനം 4% കുറഞ്ഞു

• കാപ്പിയുടെ ഉൽപാദനത്തിൽ ഇടിവ്. ബ്രസീലിലെ വരൾച്ചയിൽ കാപ്പിത്തോട്ടങ്ങൾ നശിച്ചു

• ഫ്രാൻസ്, ഇറ്റലി, കലിഫോർണിയ എന്നിവിടങ്ങളിലെ പഴങ്ങൾക്കും ഉൽപാദനത്തിൽ ഇടിവ് നേരിട്ടു. വൈൻ പോലുള്ളതിന്റെ ഉൽപാദനം കുറഞ്ഞു

• തേനീച്ചകളുടെ അഞ്ചിൽ രണ്ടു ഭാഗത്തിനും വംശനാശം നേരിട്ടു. പ്രകൃതിയിലെ രണ്ടര ലക്ഷത്തിലധികം വരുന്ന സസ്യലോകത്തിന്റെ പരാഗണത്തിൽ തേനീച്ച വലിയ പങ്കുവഹിക്കുന്നുണ്ട്. അതിൽത്തന്നെ ഭക്ഷ്യയോഗ്യമായവ 90-നു മുകളിലാണ്

• കൊക്കോ ഉൽപാദനത്തിൽ മുൻനിര രാജ്യമായ (ലോകവിപണിയുടെ 70%) ഘാനയിൽ ഊഷ്മാവ് 2 ഡിഗ്രി കൂടിയപ്പോൾ ചോക്കലേറ്റ് ഉൽപാദനം ഇടിഞ്ഞു

നാം മനസ്സിലാക്കേണ്ട മറ്റുള്ളവയിലേക്ക് ഒന്ന് കണ്ണോടിക്കാം-

• മനുഷ്യന്റെ നിലനിൽപ്പിന് വേണ്ടുന്ന ശുദ്ധമായ വായു-വെള്ളം-ഭക്ഷണം-ശബ്ദം എന്നിവയുടെ മലിനീകരണ തോത് വലിയ വെല്ലുവിളി ഉയർത്തുന്നവയാണ്. വിവിധ ഊർജ്ജ ഉറവിടങ്ങൾ പലതരത്തിലുള്ള മാലിന്യങ്ങൾ പുറത്തു വിടുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ വിഷവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുന്നു.

• ഭൂമിയിലെ ജലത്തിൽ ശുദ്ധജലമാകട്ടെ, വെറും 3% മാത്രം. അതിന്റെ മൂന്നിൽ രണ്ടു ഭാഗവും അന്റാർട്ടിക്ക, ആർട്ടിക് മേഖലയിലെ ഹിമപാളികളാകുന്നു. 2025-ൽ ലോകജനതയുടെ മൂന്നിൽ രണ്ടു പേർക്കും ശുദ്ധജലം ലഭിക്കില്ലെന്നു കണക്കുകൾ പറയുന്നു.

• ഇനി ലോകത്തിലെ ഭക്ഷണത്തിന്റെ കാര്യം നോക്കിയാലോ? 1 ബില്യൻ (100 കോടി) ആളുകൾ പോഷണമില്ലാതെയും മറ്റൊരു ബില്യൻ ജനങ്ങൾ പട്ടിണിയിലും കഴിയുമ്പോൾ 1.3 ബില്യൻ ടൺ ഭക്ഷണം പാഴായിപ്പോകുന്നു.

• കൂടാതെ, ഓരോ വർഷവും 13 മില്യൻ (130 കോടി) ഹെക്ടർ വനം അപ്രത്യക്ഷമാകുന്നു. വനങ്ങൾ ക്രമേണ കുഗ്രാമങ്ങൾ-നാട്ടിൻപുറങ്ങൾ- പട്ടണങ്ങൾ-മെട്രൊ നഗരങ്ങൾ എന്നിങ്ങനെ രൂപാന്തരം പ്രാപിക്കുന്നു.

ആഗോളതലത്തിലുള്ള കാര്യങ്ങളിൽ നാം വെറും കാഴ്ചക്കാർ മാത്രമെങ്കിലും നമുക്ക് ചെയ്യാനാകുന്ന പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾ ചിലത് പരീക്ഷിച്ചു നോക്കൂ..

• പട്ടണ നിവാസികൾക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് വാഹനങ്ങൾ പുറത്തേക്കു വിടുന്ന വിഷവാതകങ്ങൾ. മെട്രോ നഗരങ്ങളിൽ പ്രാണവായു കുറഞ്ഞ് ശ്വാസകോശ രോഗങ്ങൾ, ചർമരോഗങ്ങൾ, അലർജി എന്നിവയുണ്ടാക്കുന്ന സ്മോഗ് (പുകമഞ്ഞ്) പുതിയ നഗരങ്ങളിലേക്കും കടന്നു കയറിയിരിക്കുന്നു.

• അതിനാല്‍, യഥാസമയം, വാഹന എൻജിൻ ട്യൂൺ ചെയ്ത് ബഹിർഗമിക്കുന്ന പുക നിയന്ത്രിക്കുക.

• പെട്രോൾവാഹനങ്ങൾ വാങ്ങാനും ഉപയോഗിക്കാനും ശ്രദ്ധിക്കുക. ഡീസൽ പൂർണമായി ജ്വലിച്ച് ഊർജമാകാതെ മാലിന്യം കൂടുതൽ പുറത്തു വിടുന്നു.

• കഴിവതും പൊതുവായ വാഹനഗതാഗതത്തെ ആശ്രയിക്കുക. ഒരാള്‍ക്ക് വളരെ എളുപ്പത്തില്‍ ബസില്‍ പോയി വരാവുന്ന സ്ഥലങ്ങളിലും മറ്റും പൊങ്ങച്ചത്തിന്റെ പേരില്‍ സ്വന്തം വാഹനം ഉപയോഗിക്കുന്നത് വേണ്ടെന്നു വയ്ക്കുക.

• ഇന്ധനക്ഷമത കൂടുതൽ ലഭിക്കുന്ന രീതിയിൽ 50-55 km/hr വാഹനമോടിക്കുക. മെല്ലെപ്പോക്കും അതിവേഗവും മലിനീകരണം കൂട്ടും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇരപ്പിച്ചു പോകുന്നതും ധനനഷ്ടവും മലിനീകരണവും ഉണ്ടാക്കും.

• പ്ലാസ്റ്റിക് പറ്റുന്നത്ര ഒഴിവാക്കണം. പ്ലാസ്റ്റിക് സഞ്ചികൾക്കു പകരം തുണി/പേപ്പർ ബാഗുകൾ ഉപയോഗിക്കാം. കടകളിൽ വച്ചുതന്നെ പുതിയ ഉൽപന്നങ്ങൾ ആവരണം ചെയ്തിരിക്കുന്ന പ്ലാസ്റ്റിക് കവറുകൾ വേണ്ടെന്നു വയ്ക്കുക. പറ്റുമെങ്കിൽ എല്ലായ്പ്പോഴും ഒരു ബാഗ് കൂടെ കരുതുക. പ്ലാസ്റ്റിക് ഉണ്ടാകുന്നതിനു മുൻപേ ഉണ്ടായിരുന്ന പ്രകൃതിദത്ത ഉൽപന്നങ്ങൾ ഉപയോഗിച്ചു നോക്കുക.

• പ്ലാസ്റ്റിക് നിര്‍മ്മിത ബക്കറ്റ്, ജാർ, പാത്രങ്ങൾ, ടാപ്പുകൾ, വാതിലുകൾ, കസേരകൾ മേൽക്കൂര, ഷീറ്റുകൾ എന്നിവയ്ക്ക് പകരം തടി, സ്റ്റീൽ, അലൂമിനിയം ഉപയോഗിക്കാം.

• പ്ലാസ്റ്റിക്‌- ചവിട്ടികൾ, മെത്ത, കയർ എന്നിവ ഒഴിവാക്കി ചകിരിയില്‍ നിന്നുള്ള കയര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക.

• പ്ലാസ്റ്റിക്‌- ചാക്കുകള്‍ക്കു പകരം ചണച്ചാക്കുകള്‍ വേണം ഉപയോഗിക്കാന്‍.

• പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്. കത്തിച്ചു കളയുമ്പോള്‍ അന്തരീക്ഷം ഡയോക്സിൻ പോലുള്ള വിഷവാതകങ്ങൾ പുറപ്പെടുവിക്കും.

• മുറ്റത്തും പറമ്പിലും വീഴുന്ന ഇലകള്‍ ഒരെണ്ണം വിടാതെ കത്തിച്ചു കളയുന്ന വൃത്തിയുടെ ദുശ്ശീലം പ്രകൃതിയെ മലിനമാക്കുന്നു.

• മുറ്റത്തെ മരങ്ങൾ വെട്ടിക്കളഞ്ഞ് ടൈലുകൾ പാകരുത്. ഭൂമിയിൽ ജലം ആഴ്ന്നിറങ്ങാൻ അനുവദിക്കുക.

• റബറും പ്ലാസ്റ്റിക്കും കത്തുമ്പോൾ സമീപവാസികൾക്കും അസഹ്യമായ ഗന്ധവും ശ്വാസം മുട്ടലും വരാൻ ഇടയാകും. ആസ്ത്മയും ശ്വാസകോശ രോഗങ്ങളും ഉള്ളവരെങ്കില്‍ വലിയ ദ്രോഹമായിരിക്കും അത്.

• കാടു കാണാൻ പോകുന്നവരുടെ കയ്യിൽ കാട്ടുതീ ഉണ്ടാക്കുന്ന യാതൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തുക. അലക്ഷ്യമായി തീ കൂട്ടി പാകം ചെയ്യരുത്. പുകവലിച്ച ശേഷം കുറ്റികൾ എറിയാതിരിക്കുക.

• അപകടങ്ങളും ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്ന പടക്കങ്ങൾ, വെടിക്കെട്ട്, എന്നിവ ചെയ്യാതിരിക്കണം. കാണികളായി നിന്ന് അതിനു പിന്തുണ കൊടുക്കരുത്.

• ട്രാഫിക് സിഗ്നൽ പച്ചയാകാൻ 5...4...3... എന്നിങ്ങനെ കാണുമ്പോൾത്തന്നെ പിന്നിലുള്ള വാഹനങ്ങൾ ഹോൺ മുഴക്കി ശബ്ദമലിനീകരണം നടത്തരുത്.

• ഗുണനിലവാരമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക. ഇ-മാലിന്യങ്ങള്‍ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാകയാൽ താൽക്കാലിക ലാഭം നോക്കി ഇറക്കുമതി ചെയ്യപ്പെടുന്ന അന്യരാജ്യ വസ്തുക്കൾ വാങ്ങരുത്.

• മെർക്കറി, ഈയം എന്നിവയില്ലാത്ത LED ബൾബുകൾ ഉപയോഗിക്കുക.

• ഫാൻ, ടി.വി. ബൾബുകൾ എന്നിവ ആവശ്യമില്ലാത്തപ്പോൾ - ഉദാഹരണത്തിന് ഫോണിൽ സംസാരിക്കുമ്പോഴും മറ്റും സ്വിച്ച് ഓഫ് ചെയ്യണം.

• ബസിലും മറ്റും യാത്ര ചെയ്യുന്നവർ അമിത നേരം വസ്ത്രങ്ങൾക്ക് ഇസ്തിരിയിട്ട് വൈദ്യുതി പാഴാക്കരുത്.

• ചോർച്ചയുള്ള ടാപ്പുകൾ യഥാസമയം ശരിയാക്കുക.

• പല്ലുകൾ ബ്രഷ് ചെയ്യുമ്പോൾ ടാപ് അടയ്ക്കാൻ മറക്കരുത്.

• വാട്ടർ ടാങ്ക് പത്തു മിനിറ്റിൽ നിറയുമെങ്കിൽ എഴോ എട്ടോ മിനിറ്റിൽ ഓഫ് ചെയ്യുക. ടാങ്ക് കവിഞ്ഞൊഴുകി ജലം പാഴാകുന്നത് ഒഴിവാക്കാം. ചിലയിടങ്ങളില്‍ അടുത്ത വീട്ടുകാര്‍ ഫോണില്‍ വിളിച്ചാണ് 'ഓവര്‍ ഫ്ലോ' പറയുന്നത്!

• കുട്ടികള്‍ ഉള്ള വീടുകളില്‍ ചെന്നാല്‍ നാം കാണുന്നത് പ്ലാസ്റ്റിക്‌ കളിപ്പാട്ടങ്ങളുടെ കൂമ്പാരമായിരിക്കും. വേണ്ടതില്‍ കൂടുതല്‍ വാങ്ങുന്ന ഉപഭോഗ-പൊങ്ങച്ചസംസ്കാരത്തെ സംസ്കരിക്കുക.

• പരിസ്ഥിതിയുടെ ഭാഗമായ വന്യമൃഗങ്ങളെ അന്ധവിശ്വാസങ്ങളുടെ പേരിൽ വംശനാശത്തിലേക്ക് തള്ളിയിടരുത്. ആനക്കൊമ്പ്, ആനവാൽ, പുലിനഖം, പാമ്പിൻ വിഷം, കടുവത്തോൽ, കാണ്ടാമൃഗത്തിന്റെ കൊമ്പ്, മയിൽപ്പീലി, ഇരുതലമൂരി, വെള്ളിമൂങ്ങ, മാൻതോൽ, കസ്തൂരിമാൻ, കാളത്തല, കരിങ്കുരങ്ങ്-രസായനം, മുള്ളൻപന്നി, നീരാളി, നക്ഷത്രയാമ..എന്നിങ്ങനെ പലതും മനുഷ്യര്‍ പിടിച്ചു വീടുകളില്‍ വളര്‍ത്തുകയോ, സാധനങ്ങള്‍ സൂക്ഷിച്ചു പൂജിക്കുകയോ, കയറ്റി അയയ്ക്കുകയോ ചെയ്യരുത്.

കടലാസുകളുടെ മലിനീകരണത്തിന്റെ ചില കണക്കുകള്‍ നോക്കാം..

മരങ്ങള്‍ അന്തരീക്ഷത്തിലുള്ള CO2 ആഗീകരണം ചെയ്യുമെന്ന് നാം പഠിച്ചിട്ടുണ്ട്.

• ഒരു മരം ഏകദേശം 7.5 മുതല്‍ 13 kg വരെ CO2 ഓരോ വര്‍ഷവും വലിച്ചെടുക്കുന്നുണ്ട്. ഒരു ഏക്കര്‍ വനത്തിലെ മരങ്ങള്‍ ഇങ്ങനെ 2.6 ടണ്‍ ഒരു വര്‍ഷം സംഭരിക്കുന്നു.

• ഒരു ടണ്‍ പത്രക്കടലാസ്സിനുവേണ്ടി മറിഞ്ഞുവീഴുന്നത് ശരാശരി 12 മരങ്ങളായിരിക്കും. എന്നാല്‍, ബുക്ക്-ഓഫിസ് ഉപയോഗങ്ങള്‍ക്കുള്ള നല്ല പേപ്പര്‍ ഉണ്ടാക്കാന്‍ 24 മരം വേണ്ടിവരും.

• കാനഡയില്‍, ഒരു വര്‍ഷം, 50 മില്ല്യന്‍ പ്രിന്റ്‌ ബുക്കുകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ കൂടെ 50,000 മെട്രിക് ടണ്‍ CO2 ഉണ്ടാകുന്നുണ്ട്.

• അതേസമയം, ഒരു ബുക്ക് ഏകദേശം 4.5 kg CO2 ഉണ്ടാകാന്‍ കാരണമാകുന്നു.

• ഒരു ബുക്ക് അതിന്റെ മുഴുവന്‍ ജീവിതകാലത്ത്, ഏകദേശം 34 kg CO2 ഉണ്ടാക്കും.

• കാരണം, മരം മരിക്കുന്നതുകൂടാതെ, പേപ്പര്‍ ഉണ്ടാക്കുന്നതും കൊണ്ടുപോകുന്നതും ദുരുപയോഗം ചെയ്യുന്നതും ബുക്കുകള്‍ ആവശ്യത്തിലധികം പ്രിന്റ്‌ ചെയ്യുന്നതുമൊക്കെ മലിനീകരണത്തിനിടയാകും.

• അത് കത്തിച്ചുനശിപ്പിക്കുമ്പോഴും അല്ലെങ്കില്‍ ഏറ്റവും അവസാനം ജീര്‍ണ്ണിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.

അതുകൊണ്ട്, മരങ്ങളെ പേപ്പര്‍ ആവശ്യങ്ങള്‍ക്കുവേണ്ടി മുറിച്ചിട്ടാല്‍ എന്ത് സംഭവിക്കും? ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഘടനതന്നെ മാറിമറിയും. അതിനാല്‍ ഇ-ബുക്കുകള്‍ എന്ന ഡിജിറ്റല്‍ ബുക്കുകള്‍ ഉപയോഗിക്കുക. കാരണം, സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്, ലാപ്ടോപ് എന്നിവയൊക്കെ മറ്റുള്ള ആവശ്യങ്ങളിലേക്ക് വാങ്ങി ഉപയോഗിക്കുന്നതിനൊപ്പം വായനയും നടക്കും.

നാം മറക്കരുത്..

നമ്മുടെ നല്ലൊരു ഭൂമിയിലെ വായുവും വെള്ളവും ഭക്ഷണവും ശബ്ദവും മാത്രമല്ല, ശൂന്യാകാശവും വരെ മനുഷ്യരുടെ വികസനപ്രവര്‍ത്തനങ്ങള്‍ മൂലം അനുദിനം മലിനമായിക്കൊണ്ടിരിക്കുന്നു. കടലിലും പ്രതിദിനം ടണ്‍കണക്കിന് മാലിന്യം വന്നടിയുന്നു. നമ്മുടെ നിയന്ത്രണത്തില്‍ ഉള്ള കാര്യങ്ങളെ ഇന്നുതന്നെ പഠനവിധേയമാക്കി പരിസ്ഥിതിയെ രക്ഷിക്കൂ..

https://drive.google.com/file/d/0Bx95kjma05cic2lUSDVrbWptajA/view?usp=sharing&resourcekey=0-CP7qAfCdv8J0-mjynE9Bpg

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍