സ്ത്രീക്ഷേമം-സ്ത്രീശാക്തീകരണം-1
Malayalam eBooks-86-sthreekshemam-1-'penthoonukal' is a part of woman empowerment series. sthreeshakthi, sthreeshaktheekaranam, women human rights, equality, feminism, feminist, mental, sex harassment, blind belief, social injustice, inequality, dowry, sathi, devadasi, Kerala, India, freedom, female gender...
Author- Binoy Thomas, book format-pdf, price- FREE.
സ്ത്രീക്ഷേമം-'പെണ്‍തൂണുകള്‍' പരമ്പരയിലെ ആദ്യത്തെ കഥ. സ്ത്രീശാക്തീകരണം, സ്ത്രീക്ഷേമം, സ്ത്രീശക്തി, പീഡനങ്ങള്‍, സ്ത്രീധനം, തുല്യത, ലിംഗവിവേചനം, കേരളം, ദുരാചാരങ്ങള്‍, അനീതി, സതി, ദേവദാസി സമ്പ്രദായം, വിധവാവിവാഹം, അഗ്നിശുദ്ധി, ഫെമിനിസം, ഫെമിനിസ്റ്റ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വായിക്കാം.
പെണ്‍തൂണുകള്‍
കേരളത്തിലെ ഓരോ നഗരത്തിലെയും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ അനേകം പെൺകുട്ടികളും മുതിര്‍ന്ന സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്. അവരുടെ തൊഴിൽ നിയമം അനുസരിച്ച് പകൽ വൈകി ജോലി ചെയ്യിക്കരുതെന്ന് ലേബർ റൂൾസ് ഉണ്ടെങ്കിലും അതൊക്കെ കടലാസിൽ ഉറങ്ങുകയാണ്.
കടകളിലും വസ്ത്രവ്യാപാരശാലകളിലും മറ്റും, പകലിന് ഇരുട്ടുവീണാലും ജോലിയെന്ന അടിമപ്പണി നീണ്ടുപോകുകയാണ്. ജോലിക്കാരില്‍ മിക്കവര്‍ക്കും സാമ്പത്തിക ഞെരുക്കംമൂലം സ്കൂട്ടർപോലും ഇല്ലാത്തവരുമാണല്ലോ.
അതിനാൽ, എല്ലാ പട്ടണങ്ങളിലും ഇത്തരം ജോലിക്കാർ ബസിൽ കയറി വേഗം വീട്ടിലെത്താനായി പ്രാണഭീതിയോടെ ഓടുന്നതു പതിവുകാഴ്ചയാണ്.
ആദ്യമായി കോട്ടയം നഗരത്തിലെ ഒരു കഥയാവട്ടെ.
കോട്ടയത്തെ ഒരു ടെക്സ്റ്റൈൽസിൽനിന്നും സന്ധ്യമയങ്ങിയപ്പോൾ രണ്ടു സെയിൽസ് ഗേൾസ് അവരുടെ ജോലി കഴിഞ്ഞ് തിരുനക്കര ബസ് സ്റ്റോപ്പിലേക്ക് ഓടി. പടിഞ്ഞാറൻപ്രദേശമായ തിരുവാർപ്പ് ബസിലേക്ക് അവർ പറന്നുകയറി. പക്ഷേ, അതിനോടകംതന്നെ സ്ത്രീസംവരണ സീറ്റുകളെല്ലാം തീർന്നിരിക്കുന്നു. അതേസമയം, പുരുഷപ്രജകളുടെ ഒരു സീറ്റ് കാലിയായിക്കിടപ്പുണ്ട്. അതിനൊരു കാരണവുമുണ്ട്- അവരെല്ലാം ആ സമയത്ത്, മദ്യം വാങ്ങാൻ ക്യൂ നിൽക്കുകയായിരുന്നല്ലോ.
കിട്ടിയ തക്കത്തിന് രണ്ടു യുവതികളും സീറ്റിലേക്ക് ഇരുന്നു- അല്ല, തളർന്നുവീണു.
ജോലിക്കിടയിൽ സംസാരം കസ്റ്റമേഴ്സിനോടു മാത്രമാകയാൽ, ഇപ്പോൾ പരസ്പരം സംസാരിക്കാൻ അവർക്കു കൊതിയായെന്നു തോന്നി-
"എടീ...തേഡ് ഫ്ലോറിലെ ഷൈല ജോലി നിർത്തീന്ന്"
"അതെന്താ? നീരു കുറയാനുള്ള മരുന്നു കഴിച്ചിട്ട് വരൂന്ന് ആരോ പറയുന്നതു കേട്ടല്ലോ"
"അങ്ങനല്ല, ഇനീം ഇങ്ങനെ ഏസീൽ നിന്നാൽ മുട്ടിന് സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞു. പാവം പേടിച്ചു പോയി. അവൾടെ ഹസ്ബൻഡ് കുടിച്ചിട്ട്.... മഹാ പേയാ"
"അതു ശരിയാ. പക്ഷേ, ഇരുന്നോണ്ട് ജോലി എവിടെ കിട്ടാനാണ്?"
"അതു പോട്ടെ. നമുക്കും ഇതൊക്കെത്തന്നെയാ വരാൻ പോണത്!"
"ഉം... എന്റെ ഉപ്പൂറ്റിക്കാണ് വേദന. ഒടുക്കത്തെ തണുപ്പല്ലേ"
"ഹ..ഹ.. കസ്റ്റമേഴ്‌സിനെ സുഖിപ്പിക്കുന്നതാ"
"എനിക്ക് കലിച്ചു വരുന്നുണ്ട്. ആളില്ലാത്തപ്പഴ് ഇരിക്കാനൊരു സ്റ്റൂൾ തന്നാലെന്താ"
"ഓ... പിന്നേ... നീ പുളുത്തും. എടീ... ആറു മാസം മുൻപത്തെ ഇന്റർവ്യൂ നീ ഓർക്കുന്നുണ്ടോ? റിഡക്ഷന് ആളു വന്നതു പോലെയാണ് പിള്ളേര് വന്നത്. ഇവിടെ തലകുത്തി നിൽക്കാനും ആളേ കിട്ടും!"
ഈ സമയത്ത്, രണ്ടു മൂന്നു മിനിറ്റിനുള്ളിൽ ബസിൽ നിറയെ ആളായി. അപ്പോള്‍,
ആളുകൾക്കിടയിലൂടെ കുഴഞ്ഞ നാവും കാലുകളുമായി രണ്ടു പേർ തുഴഞ്ഞു മുന്നോട്ടു നീങ്ങി. രണ്ടു മല്ലൻമാർ!
ഒരുവൻ ഈ യുവതികളുടെ സീറ്റിനു മുകളിലേക്ക് നോക്കിയിട്ട് അമറി-
"ആഹാ... തമ്പുരാട്ടിമാര് രണ്ടും കൊള്ളാലോ. ആണുങ്ങളുടെ സീറ്റിലാ കയറി നെളിഞ്ഞിരിക്കുന്നത്"
ഓണമായതിനാൽ അവരുടെ സ്വർണ നിറമുള്ള യൂണിഫോം സാരി കണ്ടിട്ടാണ് കുടിയൻ 'തമ്പുരാട്ടി'യെന്നു വിളിച്ചത്!
യുവതികൾ കേൾക്കാത്ത മട്ടിൽ ഇരുന്നു.
അന്നേരം, പിറകിലിരുന്ന ആണുങ്ങളിൽ ചിലർ ഇതിനെ അനുകൂലിച്ചു -
"അതെയതെ. ഇവരെന്തിനാ ആണുങ്ങളുടെ സീറ്റിൽ?"
പിന്തുണ കിട്ടിയപാടേ രണ്ടാമൻ നിലപാട് കടുപ്പിച്ചു-
"മര്യാദയ്ക്ക് സീറ്റീന്ന് രണ്ടും എണീറ്റേ...''
അവന്റെ ശബ്ദം ഉയർന്നപ്പോൾ അവർ പേടിച്ച് സീറ്റിൽനിന്ന് പെട്ടെന്ന് എണീറ്റ് മുന്നോട്ട് നീങ്ങിനിന്നു.
മല്ലൻമാർ രാജ്യം പിടിച്ചടക്കിയ സന്തോഷത്തോടെ ഇരുന്ന് ഏതോ വീരവാദങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടയിൽ യുവതികളുടെ ജോലി അറിയാവുന്ന ഏതോ ഒരാൾ പിറകിൽനിന്നു വിളിച്ചു പറഞ്ഞു-
"കഷ്ടം! ഒരു ദിവസം മുഴുവൻ നിന്നോണ്ട് ജോലി ചെയ്തിട്ടു വരുന്നവരാ. ചെന്നിട്ട് വീട്ടിലെ പണിയും ചെയ്യണം"
ബസ് അപ്പോള്‍, ഒരു സ്റ്റോപ്പിൽ നിർത്തിയ സമയത്തായതിനാൽ മല്ലൻമാർ അതു കേട്ടു-
"ഇവളുമാരുടെ തൊലിവെളുപ്പുകണ്ട് ഒരുത്തനും അധികം ഇളകേണ്ട. കാരാപ്പുഴത്തോട്ടിൽ കിടക്കും, പറഞ്ഞേക്കാം"
മല്ലൻ പറയുന്നതുകേട്ട് ബസിലുള്ളവരിൽ ഭൂരിഭാഗവും ചിരിച്ച് ദൗർബല്യവും നിസംഗതയും വെളിപ്പെടുത്തി.
ഇത്തരം കാര്യങ്ങളൊക്കെ നാട്ടുനടപ്പല്ലേ എന്നാവും ഇപ്പോള്‍ നിങ്ങള്‍ വായനക്കാരും ചിന്തിച്ചത്. ശരിയാണ്. സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ പലതും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ്, കോട്ടയത്തെ ഒരു വലിയ കടയില്‍നിന്നും ജോലി കഴിഞ്ഞ് ചങ്ങനാശ്ശേരി അപ്പുറം ബസിറങ്ങിയ യുവതി അതിനടിയില്‍പെട്ട് മരണമടഞ്ഞപ്പോള്‍ മരവിച്ച കയ്യിലെ വാച്ചില്‍ സമയം രാത്രി 9:30!
ചില നിര്‍ദേശങ്ങള്‍...
സ്ത്രീകൾ ജോലി ചെയ്യുന്നിടത്ത് വെള്ളം കുടിക്കാനും മൂത്രശങ്ക തീർക്കാനും മറ്റുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കണം.
ജോലിസ്ഥലത്തുനിന്നു മാറാൻ അനുവദിക്കാതെ ജോലിക്കാരില്‍ മൂത്രാശയ രോഗങ്ങൾ, കിഡ്നി - യൂറിൻ - സ്റ്റോൺ ഉണ്ടാകാം.
തിരക്കില്ലാത്ത സമയത്ത് ഇരിക്കാന്‍ ചെറു കസേരകള്‍ കൊടുക്കുക.
ഗര്‍ഭിണികള്‍ക്ക് മതിയായ വിശ്രമവും അവധിയും അനുവദിക്കുക.
രണ്ട് ഷിഫ്റ്റ് ജോലി ആക്കുക. രാത്രിയില്‍ ജോലി നീണ്ടാല്‍ സുരക്ഷിത താമസ സൗകര്യം ഏര്‍പ്പെടുത്തുക.
എ.സി. തണുപ്പുള്ള തറകളില്‍ തുടര്‍ച്ചയായി നിന്നാല്‍ വെരിക്കോസ്, കാല്‍ മുട്ടുകളില്‍ നീര്, വാതം, ഗൌട്ട് തുടങ്ങിയ രോഗങ്ങള്‍ വരാം.
അര്‍ഹിക്കുന്ന വേതനം കൊടുക്കുക.
ദമ്പതികളെ ജോലിക്ക് എടുത്താല്‍ ഒരുമിച്ച് സുരക്ഷിതമായി വീട്ടില്‍ പോകുമല്ലോ.
ഇരുചക്ര വാഹനം വാങ്ങാന്‍ കടയുടമയ്ക്ക് സഹായിക്കാം.
കടകളില്‍ സാധനം വാങ്ങുന്നവര്‍ നന്നായി പെരുമാറിയാല്‍, ഉടമസ്ഥര്‍ ജോലിക്കാരോട് അമിത വിധേയത്വം കാണിക്കാന്‍ പറയില്ല.
കടയുടെ 5-10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരെ ജോലിക്ക് വയ്ക്കാം. ഏറെ അകലെയുള്ളവര്‍ വീട്ടിലെത്തുമ്പോള്‍ രാത്രി വൈകി അപകടവും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാകാം.