6-മുത്തശ്ശിക്കഥകള്‍
This Malayalam 'eBooks-181-muthassikkathakal-6-kilikkoodu' is a series of childrens literature- short moral bed time stories for a quality life specially designed for children as traditional muthassikkadhakal. Author- Binoy Thomas, format-PDF, price-.FREE. 'മുത്തശ്ശിക്കഥകള്‍-6- കിളിക്കൂട് ' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക് രൂപത്തിലുള്ള ഈ പരമ്പരയിലെ കുട്ടികളുടെ മുത്തശ്ശിക്കഥകളില്‍ ഓരോന്നിലും നന്മയുടെ സാരാംശം ഉള്ളവയാണ്. സാരോപദേശകഥകള്‍, ഹിതോപദേശകഥകള്‍, ഗുണപാഠകഥകള്‍, സദുപദേശകഥകള്‍ എന്നിവയെല്ലാം അടങ്ങുന്നതാകുന്നു മുത്തശ്ശിക്കഥകള്‍. To download this safe Google Drive pdf eBook file-181, Click here-https://drive.google.com/file/d/10uWJ48KXDA91rl2HY8MEtVUxYj3x6frA/view?usp=sharing
കിളിക്കൂട് (മുത്തശ്ശി കഥ)-
പകലിന്റെ പ്രകാശം മങ്ങിത്തുടങ്ങി. കുറെക്കഴിഞ്ഞ് സൂര്യൻ അസ്തമിച്ചതോടെ കിളികളും മറ്റു ജന്തുക്കളും മരങ്ങളിലും കൂടുകളിലും പൊത്തുകളിലും മാളങ്ങളിലും ചേക്കേറി. കന്നുകാലികൾ തനിയെ കാലിത്തൊഴുത്തിലേക്ക് വന്നുകയറി. അന്നേരം, ഉണ്ണിക്കുട്ടൻ വീടിന്റെ വരാന്തയിലിരുന്ന് കഥപുസ്തകം വായിക്കുകയായിരുന്നു. അപ്പോഴാണ് മാവിന്റെ ചില്ലയിൽ ഞാന്നുകിടന്നിരുന്ന കൂട്ടിലേക്ക് ചെറിയ ചൂളംവിളിയോടെ ഒരു കുരുവി കൂടണഞ്ഞത്.
"ഹായ്, നാളെയാവട്ടെ. നിന്റെ കൂടു പറിച്ചെടുത്ത് ഞാൻ സ്കൂളിൽ കൊണ്ടുപോയി കൂട്ടുകാരെ കാണിക്കുന്നുണ്ട് "
ഇതുകേട്ട്, നാണിയമ്മ അകത്തേ മുറിയിൽ നിന്ന് ശകാരിച്ചു -"എന്താ ഉണ്ണീ.. നിന്റെ കഥപുസ്തകത്തില് കിളിക്കൂട് നശിപ്പിക്കാൻ പഠിപ്പിക്കുന്നുണ്ടോ? "
ഉണ്ണിക്കുട്ടൻ ഇതു കേട്ട് മുഖം വീർപ്പിച്ചു. നാണിയമ്മയോടു പിണങ്ങിയാണ് ഉറങ്ങാൻ കിടന്നത്. പതിവുപോലെ അന്നും ഒരു കഥ അവർ ഉണ്ണിയോടു പറഞ്ഞു തുടങ്ങി-
ഒരിക്കൽ, സിൽബാരിപുരംകൊട്ടാരം ധർമ്മപാലരാജാവ് ഭരിച്ചു വന്നിരുന്ന സമയം. പേരുപോലെതന്നെ ധർമ്മം പാലിക്കാൻ കഴിവതും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഒരിക്കൽ, പണ്ഡിത സദസ്സ് കൂടിയപ്പോൾ ഒരു നിർദ്ദേശം ഉണ്ടായി-
"കൊട്ടാരത്തിനു മുന്നിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന വൻമരം കാരണം അകലെ പ്രധാന വീഥിയിലൂടെ പോകുന്നവർക്ക് കൊട്ടാരപ്രൗഢി കാണാൻ സാധിക്കുന്നില്ല. അതു വെട്ടിക്കളഞ്ഞ് പകരമായി രാജ്യത്തെ ഏറ്റവും വലിയ കൊടിമരം സ്ഥാപിക്കണം"
അവർ ഈ തീരുമാനം രാജാവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനും സമ്മതമായി. പണ്ട്, ആ മരത്തിനു ചുറ്റും ഓടിക്കളിച്ചിരുന്നുവെന്ന് മുത്തച്ഛൻപോലും പറഞ്ഞിരുന്നത് രാജാവിന്റെ ഓർമയിൽ വന്നു. വെട്ടാൻ പോകുന്ന വൃക്ഷത്തെ ഒന്നുകൂടി വീക്ഷിച്ച് രാജാവ് അതിന്റെ ചുവട്ടിലെത്തി.
അപ്പോൾ, ഒരു കുരുവി രാജാവിനെ നോക്കി തുടർച്ചയായി ചിലയ്ക്കാൻ തുടങ്ങി. അങ്ങോട്ടു നോക്കിയപ്പോൾ അതിനടുത്തായി കുരുവിക്കൂടും അദ്ദേഹം കണ്ടു.
"എന്തായിരിക്കും കുരുവി എന്നെ നോക്കി പറയുന്നത്? എന്തെങ്കിലും ആപൽസൂചനയായിരിക്കുമോ?"
രാജാവ് ആശങ്കയോടെ കൊട്ടാരജ്യോതിഷപണ്ഡിതനോടു ചോദിച്ചെങ്കിലും അയാൾ പറഞ്ഞു-
"അല്ലയോ, മഹാരാജൻ, മനുഷ്യർക്ക് കിളികളുടെ ഭാഷ അറിയില്ലല്ലോ. അതിനാൽ എന്നോടു ദയവായി പൊറുത്താലും"
രാജാവ് നിരാശനായി. ഇതിനിടയിൽ, രാജ്യത്തെ ഏതോ ആശ്രമത്തിലുള്ള ഒരു യോഗിവര്യൻ കിളികളോട് സംസാരിക്കുന്നതായി അറിവു ലഭിച്ചു.
ഉടൻതന്നെ യോഗിയെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി.
യോഗിവര്യൻ അടുത്ത പ്രഭാതത്തിൽ തനിയെ ആ വൃക്ഷത്തിന്റെ ചുവട്ടിൽ ചെന്നപ്പോൾത്തന്നെ കിളി വീണ്ടും ചിലയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ജ്ഞാനദൃഷ്ടിയില്‍ അതെല്ലാം ഗ്രഹിച്ച ശേഷം രാജാവിനെ കാര്യങ്ങൾ ബോധിപ്പിച്ചു -
"തിരുമനസ്സേ, ആ കിളിയുടെ കൂട്ടിലുള്ള നാലു മുട്ടകളും വിരിയാറായിരിക്കുന്നു. മരം ഇപ്പോൾ വെട്ടിയാൽ കുഞ്ഞുങ്ങളെ നഷ്ടപ്പെടുമെന്നാണ് കുരുവി പറഞ്ഞത് "
"ഓ...ഹോ...അതിനെന്താ, കുരുവിക്ക് വേറെ ദൂരെപ്പോയി കൂടു വച്ചു താമസിക്കരുതോ? എന്തായാലും മുട്ട വിരിഞ്ഞ് അവറ്റകൾ പറന്നു പോയിക്കഴിഞ്ഞ് മരം വെട്ടാൻ കൽപനയാകാം. ഇതാണോ ഇത്ര വലിയ കാര്യം?"
രാജാവ് ആശ്വസിച്ചു.
"മറ്റൊരു വ്യവസ്ഥ കൂടിയുണ്ട് തിരുമനസ്സേ... കുരുവികളുടെ പൂർവികർ പറഞ്ഞ ഒരു സംഭവം കിളി എന്നോടു പറഞ്ഞു. പണ്ട്, ഈ രാജ്യത്ത് കുരുവികൾ ഏറ്റവും കൂടുതൽ വസിച്ചിരുന്നത് ഇവിടെയായിരുന്നു. കൊട്ടാരം പണിതപ്പോൾ അനേകം വന്മരങ്ങള്‍ മനുഷ്യർ നശിപ്പിച്ചു. അതിനാൽ, പഴയ പോലെ കൊട്ടാരത്തിന്റെ പിറകുവശത്തുള്ള സ്ഥലത്ത് നൂറ് മരങ്ങൾ രാജാവ് വളർത്തണം. കാലക്രമേണ, അതിന്മേല്‍ അനേകം കൂടുകളും കിളികള്‍ വച്ചാല്‍ മാത്രമേ അന്നത്തെ ശാപത്തിൽനിന്ന് വിടുതൽ കിട്ടുകയുള്ളൂ. രാജാവിന് കൊട്ടാരംപോലെതന്നെയാകുന്നു അവര്‍ക്ക് കിളിക്കൂട്. അവരുടെ മുട്ടകള്‍ രാജാവിന്റെ സന്തതികളെപ്പോലെയും വലുതാണെന്ന് ആ കിളി പറഞ്ഞു! "
യാതൊരു മടിയും കൂടാതെ ആ വ്യവസ്ഥ രാജാവ് അംഗീകരിച്ചു. വരും തലമുറയിൽ പോലും തോട്ടം നശിക്കാതിരിക്കാൻ അദ്ദേഹം ഈ കൽപന തോൽച്ചുരുളിൽ എഴുതി വച്ചു.
ആശയത്തിലേക്ക്...(idea of this nanny tales)
ഇപ്പോൾ വികസനമെന്ന പേരിൽ മരങ്ങൾ എവിടെയും വെട്ടി നീക്കുന്നു. വീടുകൾ വസിക്കാനുള്ളത് എന്ന സങ്കൽപം മാറി കെട്ടിടം, കൊട്ടാരം, സൗധം, മാളിക എന്നൊക്കെയുള്ള രൂപകല്പനയിലൂടെ വെറും പൊങ്ങച്ചമായി മാറി. വഴിയിലൂടെ പോകുന്നവർക്ക് പ്രൗഢി നന്നായി ആസ്വദിക്കാനായി മുറ്റത്തെയും പറമ്പിലെയും മരങ്ങൾ മുറിച്ചുനീക്കുന്നു. അവിടമാകെ തറയോട് നിരത്തി ഒരു കൂട്ടം ജീവജാലങ്ങളുടെ വാസസ്ഥലം നഷ്ടപ്പെടുന്നു.
ഇതിനെതിരായി കുട്ടികളും മുതിർന്നവരും ഒരേ പോലെ പ്രകൃതി സ്നേഹം പ്രകടമാക്കട്ടെ. അതൊക്കെ ഉൽകൃഷ്ട ജീവിതത്തിനുള്ള പിന്തുണയായി നാം അറിയാതെതന്നെ പ്രകൃതി രൂപാന്തരപ്പെടുത്തും!
"തനിക്കുണ്ടാവുന്ന സുഖ ദുഃഖങ്ങള്‍പോലെ തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്നവന്‍ അത്യന്തം ശ്രേഷ്ഠനാകുന്നു" (ഭഗവദ്ഗീത)