5-സൗഹൃദ നിലവാരം
This Malayalam eBooks-219-career-guidance-5-souhruda nilavaram.Author- Binoy Thomas, pdf format, price- FREE.
അപരിചിതമായ വഴികൾ
നാം അപരിചിതമായ ഒരു വഴിയിലൂടെ വാഹനത്തിൽ യാത്ര ചെയ്ത് ഒരു നാൽക്കവലയിൽ എത്തിയെന്നു കരുതുക..
സാധാരണയായി എന്താണു ചെയ്യുക?
മുന്നിൽ മൂന്നു വഴികൾ- ഇടത്, വലത്, പിന്നെ നേരേയുള്ളതും.
അപ്പോൾ നമ്മുടെ കണ്ണുകൾ ദിശാസൂചകങ്ങളിലെ സ്ഥലനാമങ്ങളും ദൂരവും പെട്ടെന്ന് വായിച്ച് വേണ്ടതായ വഴി തിരഞ്ഞെടുത്ത് യാത്ര ചെയ്യുന്നു.
ഏതാണ്ട്, ഇതുപോലെ തന്നെയാകുന്നു സൗഹൃദങ്ങൾ കരിയറിൽ ചെയ്യുന്നത്. നല്ല സുഹൃത്തുക്കൾ നല്ല ദിശയിലേക്കും, മറ്റുള്ളവർ ഭാവി ഇരുളടയുന്ന ദിക്കിലേക്കും അല്ലെങ്കിൽ, നേട്ടങ്ങളില്ലാത്തതോ ഫലം പുറപ്പെടുവിക്കാത്തതോ ആയ പ്രദേശത്തുമൊക്കെ നമ്മെ എത്തിച്ചേക്കാം.
അത്തരം ഒരു സംഭവ കഥ വായിക്കൂ..
ബിജോ, കുറവിലങ്ങാട് ദേവമാതാ കോളേജിൽ ബിരുദത്തിനു ചേർന്നു. സയൻസ് ഗ്രൂപ്പിൽ പ്രീഡിഗ്രിക്കും അവൻ അതേ കോളജിൽത്തന്നെയായിരുന്നു പഠിച്ചത്. അക്കാലത്ത്, പ്രശസ്തമായ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്ററുകൾ കാര്യമായി ഇല്ലാത്ത സമയമായിരുന്നു. സയൻസ് ഡിഗ്രിക്കു വേണ്ടി ചേരുന്ന കുട്ടികളിൽ കുറച്ചു പേരെങ്കിലും എൻട്രൻസ് പരീക്ഷയ്ക്കു പഠിക്കുന്നതും സ്വാഭാവികമായിരുന്നു.
അക്കൂട്ടത്തിൽ, ക്ലാസില്ലാത്തപ്പോഴും ലഞ്ച് ബ്രേക്കിനും മറ്റും ലൈബ്രറിയിലെ ഗൈഡുകൾ വായിക്കാനും ചില വിദ്യാർഥികൾ സമയം കണ്ടെത്തും.
അക്കൂട്ടത്തിലെ പ്രധാനിയായിരുന്നു ബിജോ. പരമാവധി ചോദ്യങ്ങളും ഉത്തരങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ പഠിച്ച് പരീക്ഷയിൽ ഉന്നത മാർക്കും നേടി മെഡിക്കൽ പ്രവേശനം കിട്ടുമെന്നായിരുന്നു അവന്റെ വിശ്വാസപ്രമാണം.
ഒരു ദിവസം, ബിജോ വരാന്തയിലൂടെ നടന്നു വരുന്നു.
അപ്പോൾ, ബി.എസ്.സി. ഫിസിക്സ് ഒന്നാംവർഷം പഠിക്കുന്ന എമ്മാനുവൽ അവനെ കാത്തുനിൽപ്പുണ്ടായിരുന്നു-
"ബിജോ, പാലായിൽ ഒരു പ്രൊഫസർ ഫിസിക്സിനു മാത്രമായി എൻട്രൻസിനു ക്ലാസെടുക്കുന്നുണ്ട്. കാരണം, ഫിസിക്സിന്റെ മാർക്കാണ് റാങ്ക് നിശ്ചയിക്കുന്നത്. സാറിന്റെ വീട്ടിലായിരിക്കും ക്ലാസ്. പക്ഷേ, നാല് സ്റ്റുഡൻസ് എങ്കിലുമില്ലാതെ ക്ലാസ് തുടങ്ങില്ല. താൻ എങ്ങനെ? ചേരുന്നുണ്ടോ?"
"ഞാൻ...വീട്ടിലൊന്നു ചോദിച്ചിട്ട് നാളെ പറയാം"
"എമ്മാനുവൽ, ഒരു കാര്യം- ഇയാൾക്ക് ഫിസിക്സ് ഡിഗ്രിക്കു കൂടി പഠിക്കാൻ സമയം കിട്ടുമോ? ടഫ് സബ്ജക്റ്റല്ലേ?"
"ഏയ്, ഞാൻ വെറുതെ ഡിഗ്രിക്ക് ചേർന്നതാണ്. ക്ലാസിൽ എന്നും വരാറില്ല"
പൊതുവേ, ഗൗരവക്കാരനായ ഇമ്മാനുവൽ കൂടുതലായി സംസാരിക്കാതെ ക്ലാസിലേക്കു കയറി. ബിജോ ലൈബ്രറിയിലിരുന്ന് നന്നായി പഠിക്കുന്നതു കണ്ടിട്ടാകാം എമ്മാനുവൽ അങ്ങനെ ചോദിച്ചത്. വീട്ടിലെത്തി ബിജോ കാര്യം അവതരിപ്പിച്ചു. പക്ഷേ, അന്നത്തെ കാലത്തിനൊപ്പിച്ച് വീട്ടുകാർ പറഞ്ഞു-
"അതൊന്നും നടക്കുന്ന കാര്യമല്ല. കാശുള്ളവര്‍ അങ്ങനെ പലതും കാണിക്കും. നീ അതുകണ്ട് തുള്ളാന്‍ നില്‍ക്കേണ്ട"
അപ്പോൾ, ബിജോ മറ്റൊരു ആശയം അവതരിപ്പിച്ചു-
"ഡിഗ്രിക്ക് ഒരുപാടു പഠിക്കാനുണ്ട്. അതും എൻട്രൻസും കൂടി ഒന്നിച്ചു നോക്കിയാൽ ഒന്നും കിട്ടില്ല. അതു കൊണ്ട് ഒരു വർഷം വീട്ടിലിരുന്നു ഗൈഡ് നോക്കി പഠിച്ചാൽ ചിലപ്പോൾ...."
"ഹും..എന്നിട്ടുവേണം പ്രീഡിഗ്രി തോറ്റുപോയിട്ട് വീട്ടിൽ കുത്തിയിരിക്കുകയാണെന്ന് നാട്ടുകാരെ കൊണ്ടു പറയിപ്പിക്കാൻ!"
ചേട്ടൻ കോപിച്ചു.
"എനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയെന്ന് എല്ലാർക്കും അറിയാമല്ലോ. എന്റെ ക്ലാസിലാണ് താഴത്തെ വീട്ടിലെ പയ്യനും. പിന്നെന്താ?"
"എന്നാൽ, കോളേജീന്ന് പ്രശ്നമുണ്ടാക്കി പുറത്താക്കിയെന്നും കണ്ണുമടച്ചങ്ങ് നാട്ടുകാരു പറയും! ഹും.. സത്യാവസ്ഥ ചോദിക്കാൻ അവന്റെ വീട്ടിലൊന്നും ആരും ചെല്ലാൻ പോണില്ല"
പിന്നെ, ബിജോ വെറുതെ തർക്കിക്കാനൊന്നും പോയില്ല.
പിന്നെയും ഒരു വർഷം കൂടി കടന്നു പോയി. അവന്റെ ബിരുദ പഠനം രണ്ടാം വർഷത്തിലേക്കു കടന്നു.
ഒരു ദിവസം, ബിജോ രാവിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ യമഹാ ബൈക്കിൽ കറുത്ത തുണി ബാഗും കൊളുത്തിയിട്ടു ചീറിപ്പാഞ്ഞു പോകുന്ന ആളിനെ നോക്കിയപ്പോൾ – എമ്മാനുവൽ!
ഏറ്റുമാനൂർ ദിശയിലേക്കു എല്ലാ ദിവസവും ഒരേ സമയത്തു തന്നെ പോയപ്പോൾ ബിജോ ഈ വിവരം കോളേജിലെ ഫിസിക്സ് ക്ലാസിൽ തിരക്കി.
എമ്മാനുവലിന് കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയിരിക്കുന്നു! അതേസമയം, ഒരിക്കൽ പോലും തന്നെ കാണാതെ മട്ടിൽ പോകുന്ന എമ്മാനുവലിനെ നോക്കി ബിജോ മനസ്സിൽ പറഞ്ഞു-
"ഹൊ! അവന്റെ ഒരു ജാട. ഒന്നു ചിരിച്ചെന്നുവച്ച് എന്താ?"
വർഷങ്ങൾ പിന്നെയും കടന്നു പോയി. ഒരു സാദാ ബിരുദവുമായി ജോലി തപ്പി ബിജോ നടക്കുമ്പോൾ അയാൾ പിറകിലെ കാലത്തെ ഒന്നു തിരിഞ്ഞു നോക്കി.
ഒരിക്കൽ, എമ്മാനുവൽ എന്നെ അയാളുടെ നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിച്ചു. താൻ ഉയർന്നില്ല. അതേസമയം, തന്റെ നിലവാരത്തിലേക്ക് താഴാൻ അയാൾ ഇപ്പോൾ ഒരുക്കവുമല്ല! തന്നെ മൈൻഡ് ചെയ്യാത്തതിൽ അങ്ങനെയും ഒരു കാര്യമുണ്ടായിരിക്കാം.
ആശയത്തിലേക്ക്..
കരിയറിൽ സൗഹൃദങ്ങൾക്കും ഒരു സ്ഥാനമുണ്ട്. വിദ്യാർഥികൾ പൊതുവെ, തങ്ങൾക്കു പറ്റുന്ന കംഫർട്ട് സോൺ നോക്കി കൂട്ടാവും. നന്നായി പഠിക്കുന്ന കുട്ടികൾ ഭൂരിഭാഗവും ഗൗരവക്കാരും മിതഭാഷികളുമായിരിക്കും. കോളേജിന്റെ നിറവും സിനിമാക്കഥകളും ആനുകാലിക രാഷ്ട്രീയ കാര്യങ്ങളുമൊന്നും അവർ അറിഞ്ഞതായി ഭാവിക്കില്ല. എന്നാൽ, സാധാരണ കുട്ടികൾ അവരെ അനുകരിച്ചാൽ കരിയര്‍ പുരോഗതിയിലേക്കു നീങ്ങിയേക്കാം. അതേസമയം, ഉഴപ്പുന്ന സൗഹൃദത്തിലൂടെ മിടുക്കരായ അനേകം കുട്ടികൾ നശിച്ചതിനും വിദ്യാലയങ്ങളും കലാലയങ്ങളും മൂകസാക്ഷികളാണ്!
To download this safe Google Drive PDF eBooks file-219, click here-
https://drive.google.com/file/d/19KvF2LdtZBFIl0ruZfj8tC93Hnamk7Y5/view?usp=sharing