മുത്തശ്ശിക്കഥകൾ-5 , 7-രൂപാന്തരം
Malayalam eBook-92-grandma stories-5, eBooks-242-muthassikkathakal-7-roopantharam' Author- Binoy Thomas, format-PDF, price-.FREE
'മുത്തശ്ശിക്കഥകള്‍-7- രൂപാന്തരം'
To download this safe Google Drive PDF eBook file-242, Click here-https://drive.google.com/file/d/1DJXF0DYWDgUPfD30qbEYnjkA6VlLFbcO/view?usp=sharing
To download this safe Google Drive eBook- 92 file- Click here-
വിദ്യ സർവ്വധനാൽ പ്രധാനം (മുത്തശ്ശിമാരുടെ പഴങ്കഥകൾ)
ഉണ്ണിക്കുട്ടന്റെ ഓണപ്പരീക്ഷ തീർന്ന ദിവസം. അവൻ വീട്ടിലെത്തിയതും തോളിലെ ബാഗ് എടുത്ത് കട്ടിലിലേക്ക് ഒരേറ്! ശബ്ദം കേട്ട് നാണിയമ്മ വന്നു ചോദിച്ചു: "ന്താ, ഉണ്ണീ .. നീ ഈ ചെയ്തത്? പഠിക്കണ പുസ്തകം എറിഞ്ഞാല് ദോഷാന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതല്യേ"
"ഞാനിനി പഠിക്കാൻ പോണില്ല. ഇന്നത്തെ പരീക്ഷ ഭയങ്കര പാടായിരുന്നു" "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ? പഠിച്ചില്ലേ അറിവുണ്ടാകുമോ, നല്ല ജോലി കിട്ടുവോ?" അവൻ പകൽ മുഴുവനും മുഖം വീർപ്പിച്ചു നടന്നു. ഇക്കാര്യം നാണിയമ്മയുടെ മനസ്സിലുണ്ടായിരുന്നു. ഉറങ്ങാൻ നേരം ഉണ്ണിക്കുട്ടനോട് അതിനു പറ്റിയ കഥ പറഞ്ഞു തുടങ്ങി- പണ്ടുപണ്ട്.. സിൽബാരിപുരം രാജ്യത്തിലെ ഒരു ഗ്രാമം. അവിടെ കേശു എന്നു പേരുള്ള മരം വെട്ടുകാരനുണ്ടായിരുന്നു.
അയാൾ നാട്ടിലെയും കാട്ടിലെയും വൻമരങ്ങൾപോലും ഒറ്റയ്ക്ക് വെട്ടിയിടും. പിന്നെ മുറിക്കുന്നതും ആന വലിച്ചുകൊണ്ടു പോകുന്നതുമൊക്കെ വേറെ ആളുകൾ മുഖേന ചെയ്തു കൊള്ളും. ഒരു ദിവസം, അവൻ പതിവുപോലെ മരംവെട്ടാനായി പോയി. ലക്ഷണമൊത്ത തേക്കിൻതടി കിട്ടാൻ വേണ്ടി കാടിനുള്ളിലേക്കു കയറി. കുറെ ദൂരം നടന്നപ്പോൾ ജന്മി പറഞ്ഞ പ്രകാരം വണ്ണമുള്ള തേക്ക് കണ്ടു പിടിച്ചു.
അതിന്റെ ചുവട്ടിലെ വേര് തെളിയാനായി മണ്ണും പള്ളയുമൊക്കെ മാറ്റിയപ്പോൾ ഒരു പോട് കണ്ണിൽപ്പെട്ടു. തടിക്കു കേടുണ്ടെങ്കിൽ വേറെ മരം നോക്കാമെന്ന് അയാൾ വിചാരിച്ചു. ആ മരപ്പൊത്തിലേക്ക് കയ്യിട്ടപ്പോൾ എന്തോ ഒന്ന് കയ്യിൽ തടഞ്ഞു. ചെറിയൊരു പെട്ടിയായിരുന്നു അത്. പണ്ടുകാലത്തെ യുദ്ധസമയത്ത്, നാടുവിടുമ്പോൾ ആളുകൾ സ്വർണവും വൈരക്കല്ലുകളും മറ്റും ഇങ്ങനെ ഒളിച്ചു വച്ചിട്ട് ഓടി രക്ഷപ്പെടുന്ന കാര്യം കേശുവിന്റെ തലയിൽ മിന്നി! ഉടനെ, പണിയായുധങ്ങൾ കൊണ്ടുവന്ന ചാക്കിലേക്ക് പെട്ടിയെടുത്തിട്ടു. വേഗം അയാൾ തിരികെ വീട്ടിലെത്തി. കേശുവും ഭാര്യയും കൂടി പെട്ടിയുടെ പൂട്ട് പൊളിച്ചു നോക്കിയപ്പോൾ ഞെട്ടിപ്പോയി! കനമുള്ള പെട്ടിയായിരുന്നുവെങ്കിലും അകത്ത് നിധിയൊന്നുമില്ല. ഒരു പനയോലയിൽ എന്തൊക്കെയോ കുറിച്ചിരിക്കുന്നു. എഴുതാനും വായിക്കാനും അറിയില്ലാത്ത അവർ പരസ്പരം നോക്കി കണ്ണുമിഴിച്ചു.
അവരുടെ പ്രതീക്ഷ മങ്ങി. നിരാശയോടെ, എഴുത്തോലയുമായി അവർ അടുത്തുള്ള വീട്ടിൽ ചെന്ന് വായിപ്പിക്കാൻ ശ്രമിച്ചു. ആ വീട്ടുകാരും കൈമലർത്തിയെങ്കിലും സംസ്കൃത ഭാഷയാണ് ഇതെന്ന് അവർ സംശയം പ്രകടിപ്പിച്ചു.
പിന്നീട്, കേശു അടുത്തുള്ള ആശ്രമത്തിലെത്തി ഗുരുവിനെ കാണിച്ചു. അദ്ദേഹം അതു വായിച്ചിട്ട് ഇങ്ങനെ പറഞ്ഞു: "ഈ പനയോല ആരെയും കാണിക്കാതെ പെട്ടിയിൽ അടച്ച് വീട്ടിൽ ഭദ്രമായി സൂക്ഷിക്കുക. വലിയ സ്വര്‍ണനിധി നിന്റെ കുടുംബത്തിനു വന്നു ചേരും എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്" കേശുവിന് സന്തോഷമായി. അയാൾ പെട്ടി പത്തായത്തിൽ പൂഴ്ത്തിവച്ചു. ഒരു മാസം കഴിഞ്ഞിട്ടും കഷ്ടപ്പാടുകൾ കൂടിയതല്ലാതെ യാതൊരു ഐശ്വര്യവും കേശുവിന്റെ കുടുംബത്തിനു വന്നില്ല! അയാളും ഭാര്യയും വീണ്ടും നിരാശയിലാണ്ടു. "എന്തായാലും ഗുരുവിനോട് ഒന്നുകൂടി ചോദിച്ചു നോക്കാം" കേശു വീണ്ടും ആശ്രമത്തിലെത്തിയപ്പോൾ അവിടം അടഞ്ഞുകിടക്കുകയായിരുന്നു. അവിടെ കണ്ട ഒരാളോടു ഗുരുവിനെപ്പറ്റി അന്വേഷിച്ചു- "ഗുരുവിന് പകർച്ചവ്യാധിയാണെന്ന് പറഞ്ഞു ഇവിടം വിട്ടുപോയി. പാവം! ഞങ്ങളെ രക്ഷിക്കാനായി ഓടിയതാണ് !" കേശു നടന്നുനടന്ന്, മറ്റൊരു ഗ്രാമത്തിലെ സന്യാസിയെ കണ്ട് മുൻപുണ്ടായ കാര്യങ്ങൾ ബോധിപ്പിച്ചു.
എഴുത്തോല കാട്ടിയപ്പോൾ അയാൾ പറഞ്ഞു: "മുൻപ് പറഞ്ഞതു തന്നെയാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഭദ്രമായി ഇത് ആരും കാണാതെ സൂക്ഷിച്ചോളൂ" ഇത്തവണ കേശു തട്ടിൻപുറത്ത് പെട്ടി ഒളിച്ചു വച്ചു. പക്ഷേ, ഒരു മാസം കഴിഞ്ഞിട്ടും കാര്യങ്ങൾ പഴയതുപോലെ. രണ്ടാമത്തെ ആശ്രമത്തിലേക്ക് കേശു ചെന്നെങ്കിലും ആ സന്യാസിയുടെ സഹോദരൻ മരിച്ചതിനാൽ ആ നാട്ടുരാജ്യത്തിലേക്ക് അദ്ദേഹം പോയതായി അറിവുകിട്ടി. അതോടെ കേശുവിന് വല്ലാത്ത വിഷമമായി.
ഈ ഐശ്വര്യം കെട്ട പെട്ടിയും അതിലെ വിവരങ്ങളും വായിക്കുന്നവർക്ക് കൂടി കഷ്ടകാലം വന്നു ചേരുന്നതിനാൽ ഇത് അടുത്തുള്ള നദിയിലെ ഒഴുക്കുവെള്ളത്തിലേക്ക് എറിഞ്ഞു കളയാമെന്ന് കേശു പിറുപിറുത്തു: "ഈ നശിച്ച പെട്ടി ഇനി ആരും തുറക്കാതെ കടലിൽ ചെന്നു ചേരട്ടെ" അയാൾ നദിയിലേക്കുള്ള കൽപടവുകൾ ഇറങ്ങിച്ചെന്നപ്പോൾ ഒരു വ്യദ്ധൻ അവിടെ കുളിക്കുന്നുണ്ടായിരുന്നു. "ഞാൻ മാറിത്തരാം. ചിതാഭസ്മം ഇവിടെ ഒഴുക്കിക്കൊള്ളൂ.." ആ വൃദ്ധന്റെ തെറ്റിദ്ധാരണയും വിനയവും കണ്ട് കേശു അതുവരെയുള്ള കഥ പറഞ്ഞു. അപ്പോൾ, വൃദ്ധൻ പറഞ്ഞു - "എനിക്ക് അന്ധവിശ്വാസങ്ങളെ ഒട്ടും പേടിയില്ല. മാത്രമല്ല, എന്റെ ഗുരുകുല പഠനത്തിനിടയിൽ, സംസ്കൃതം വായിക്കാൻ പഠിച്ചിട്ടുമുണ്ട്. പെട്ടിയിലെ വിവരങ്ങൾ ഞാൻ ഒന്നു വായിക്കട്ടെ" പനയോലയിലെ വിവരങ്ങൾ അദ്ദേഹം ഇപ്രകാരം വായിച്ചു- "കിഴക്കൻമലയിലെ ഒന്നാമത്തെ ഗുഹയിൽ ഒന്നാമത്തെ കല്ല് ഉന്തി മാറ്റിയാൽ ഒരു സഞ്ചി നിറയെ സ്വർണനാണയങ്ങൾ ലഭിക്കും. തെക്കൻമലയിലെ രണ്ടാമത്തെ ഗുഹയിലെ രണ്ടാമത്തെ കല്ല് ഉന്തി മാറ്റിയാൽ ഒരു സഞ്ചി നിറയെ രത്നക്കല്ലുകൾ കിട്ടും"
ഇതുകേട്ട് കേശു കൽപടവിൽ തളർന്നിരുന്നു പോയി! പനയോല വായിച്ച ആദ്യത്തെയാൾ ദുർഘടമായ വഴിയിലൂടെ കിഴക്കൻമലയിലെ സ്വർണം എടുത്തപ്പോൾത്തന്നെ ക്ഷീണിച്ചതിനാൽ തെക്കൻമലയിലേക്ക് പോകാൻ പറ്റിയില്ല. സ്വർണം നിറഞ്ഞ സഞ്ചിയുമായി അയാൾ ദൂരദേശത്തേക്ക് രക്ഷപ്പെട്ടു. ആദ്യത്തെ ആൾ അടുത്തുള്ള കിഴക്കു മലയിൽ പോയിരിക്കുമെന്നു രണ്ടാമൻ മനസ്സിലാക്കി ദൂരെയുള്ള തെക്കൻമലയിലെത്തി വൈരക്കല്ലുകളുടെ സഞ്ചിയുമായി നാടുവിട്ടു.
ഇപ്രകാരം, നിധിയുടെ വിവരം മറച്ചുവച്ച് രണ്ടുപേരും കേശുവിനെ ചതിച്ച് നാടുവിടുകയായിരുന്നെന്ന് വൃദ്ധൻ പറഞ്ഞു മനസ്സിലാക്കി. കേശു ദുഃഖത്തോടെ വീട്ടിലേക്ക് മടങ്ങി. അയാൾ തന്റെ ആയുസ്സു മുഴുവനും മരം വെട്ടുകാരനായി ജീവിച്ചു. പട്ടിണിയും കഷ്ടപ്പാടുമെല്ലാം ഒരിക്കലും അയാളെ വിട്ടുപോയില്ല.
ഗുണപാഠം- (message of this bedtime online story)
വിദ്യ സർവധനാൽ പ്രധാനംതന്നെ. അറിവ് എപ്പോഴാണ് ഒരാളുടെ സഹായത്തിന് എത്തുകയെന്ന് ആർക്കും പറയാനാകില്ല. എവിടെയും അറിവില്ലാത്തവർ കബളിപ്പിക്കപ്പെടും. മാത്രമോ? അറിവുള്ളവരെപ്പോലും പറ്റിക്കാൻ അറിവുള്ള മറ്റുള്ളവര്‍ സകല വിദ്യയും ദുരുപയോഗപ്പെടുത്തുന്ന കാലമാണിത്. അവിടെ, മുന്നറിവ് ജാഗ്രത നൽകി നമ്മെ രക്ഷിച്ചേക്കാം.