5-തിരുത്തല്‍വാദികള്‍
Malayalam eBooks-250-souhrudam-5-thiruthalvaadikal.
Author- Binoy Thomas, Price- FREE.
തിരുത്തൽവാദികൾ
ബിജോ ഏതോ ദുഷിച്ച പത്രവാർത്ത കണ്ടപ്പോഴാണ് അല്പം തത്വചിന്തകൾ അയാളില്‍ തലപൊക്കിയത് -
എത്ര വലിയ യാത്രയും തുടങ്ങുന്നത് ആദ്യത്തെ ഒരു ചുവടുവയ്പിൽ നിന്നാണെന്ന് ചൈനീസ് പഴമൊഴി.
ബിജോയുടെ ഒരു സുഹൃത്ത് ഇപ്പോൾ ഒന്നാന്തരം മദ്യപാനിയാണ്. തുടക്കം കോളജ് ഹോസ്റ്റൽ മുറിയിലെ കൂട്ടുകാരന്റെ ഒരു ഗ്ലാസ് വൈനിൽനിന്ന് !
മറ്റൊരാൾ മുറുക്കാനുമായി സൗഹൃദത്തിലായി ചവയ്ക്കാൻ തുടങ്ങിയത് ഗ്രാമത്തിലെ കലുങ്കിലെ വൃദ്ധനിൽനിന്ന് ഏകദേശം 12 വയസ്സിൽ!
വേറൊരാൾ ഡൈവോഴ്സിന്റെ വക്കിലെത്തിയിരിക്കുന്നു. അവനു പ്രചോദനമായത് സുന്ദരിസഹപാഠിയുടെ പുഞ്ചിരി!
മറ്റൊരുവൻ മഹാ ധൂർത്താണ്. ആ ചങ്ങാത്തം തുടങ്ങിവച്ചത് അയലത്തെ കൂട്ടുകാരൻ ഗൾഫീന്നു കൊടുത്ത ഒരു പെര്‍ഫ്യൂം!
വേറൊരുവൻ ചെറുകിട ബ്ലേഡ്- ക്വട്ടേഷൻ പണികളാണ്. ഈ ദുശ്ശീല കൂട്ടുകൂടാന്‍ ഊർജമായത് ഒരു സിനിമ!
അങ്ങനെ എത്ര പേർ..
ചിലരെ തുടക്കത്തിൽത്തന്നെ, തിന്മയുടെയും ദുശീലങ്ങളുടെയും അബദ്ധ വിശ്വാസങ്ങളുടെയും തെറ്റായ തീരുമാനങ്ങളുടെയും- ചങ്ങാത്തത്തില്‍നിന്നു തക്ക സമയത്ത് ആരെങ്കിലും തിരുത്തിവിടുന്നു. അതോടെ രക്ഷപ്പെടുന്നു! എന്നാല്‍, ചിലരെ തിരുത്തിയാലും അവര്‍ സമ്മതിച്ചുതരില്ല. മറ്റുള്ളവരുടെ ന്യായവാദങ്ങളെ മുഖവിലയ്ക്ക് എടുക്കില്ല.
അത്തരം ഒരു അനുഭവ കഥ ബിജോ പറയുന്നത് കേള്‍ക്കൂ..
ബിജോയുടെ സുഹൃത്ത് 32 വയസ്സുള്ളപ്പോള്‍ വിവാഹ ആലോചനകള്‍ തുടങ്ങി. അയാള്‍ അല്പം ആദര്‍ശവും നീതിബോധവും ദൈവവിശ്വാസവും സത്യസന്ധതയും കൂടുതല്‍ കാട്ടുന്ന ആളാണ്. എന്നാലോ? അഭിപ്രായങ്ങളിലും വീക്ഷണങ്ങളിലും മറ്റും വിട്ടുവീഴ്ചയില്ലാതെ കടുംപിടിത്തം ഉണ്ടുതാനും.
അയാളുടെ കുടുംബ പാരമ്പര്യത്തില്‍ അനേകം പ്രശസ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടുണ്ട്.
അതിനാല്‍, ആലോചനകള്‍ വരുമ്പോള്‍ കര്‍ശന നിരീക്ഷണവും തലനാരിഴ കീറി പരിശോധനകളും കഴിയുമ്പോള്‍ ഒന്നുകില്‍ അയാളോ അല്ലെങ്കില്‍ പെണ്‍വീട്ടുകാരോ വേണ്ടെന്നു വയ്ക്കും. രണ്ടുകൊല്ലം അങ്ങനെ കടന്നുപോയി. അയാള്‍ക്ക് മുപ്പത്തിനാല്!
ഭാവിയെക്കുറിച്ചുള്ള ലേശം പേടി തുടങ്ങിയപ്പോള്‍ ബിജോയെ വിളിച്ചു കാര്യം അവതരിപ്പിച്ചു.
അപ്പോള്‍, ബിജോ പറഞ്ഞു-
“കുടുംബ സ്വത്തിന്റെ വീതം എത്രയുണ്ടെങ്കിലും പെണ്ണുങ്ങള്‍ അതൊന്നും കാര്യമാക്കില്ല. അവര്‍ക്കു പറയാന്‍ ബ്രാന്‍ഡ് വാല്യൂ ഉള്ള ജോലി വേണം. സുരക്ഷ വേണം. ഇപ്പോഴത്തെ ജോലിക്ക് കൃത്യമായ മാസവരുമാനം പോലും ഉറപ്പിക്കാന്‍ പറ്റുമോ? ചില പെണ്ണുങ്ങള്‍ക്ക് പൊങ്ങച്ചം കാണിക്കാനും കുശുമ്പു കുത്താനും എന്തെങ്കിലും വേണം. താങ്കള്‍ക്ക് ഏതു ജോലിയും തരപ്പെടുത്താന്‍ പറ്റുന്ന ബന്ധുക്കള്‍ ഉണ്ടല്ലോ. അവരുടെ സ്വാധീനം ഉപയോഗിച്ചു വേഗം രക്ഷപെടാന്‍ നോക്ക്"
തന്റെ ജീവിത വീക്ഷണത്തെ വിമര്‍ശിച്ചത് അദ്ദേഹത്തിന് അത്ര പിടിച്ചില്ല-
“അതൊന്നും ശരിയാവില്ല. എനിക്ക് ആരും ഹെല്‍പ് ചെയ്തിട്ട് അങ്ങനെ കിട്ടുന്ന പണിയൊന്നും വേണ്ട!”
പിന്നെ, അയാള്‍ വിളിക്കുന്നത് 38 വയസ്സില്‍. ബിജോയുടെ അടുത്ത നാട്ടില്‍നിന്നുള്ള ഏതോ കല്യാണ ആലോചന വന്നിട്ടുണ്ട്. ആ പെണ്‍കുട്ടി ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളതും. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം പറയുന്നു- അവര്‍ക്കും താല്പര്യമില്ല.
അദ്ദേഹത്തിന്റെ പഴയ ശൈലിക്കു കാര്യമായ മാറ്റം വന്നിട്ടില്ലെങ്കിലും ഒരു ജീവിതം കൂടി കുടുംബം ആയി മാറട്ടെ എന്നു കരുതി ബിജോ പറഞ്ഞു-
“താങ്കള്‍ ഒരു കാര്യം ചെയ്യ്...ഒരു ചെറിയ കട.. അല്ലെങ്കില്‍, പറ്റുമെങ്കില്‍ സാമാന്യം നല്ലൊരു ബിസിനെസ്സ് തുടങ്ങൂ. എന്നിട്ട്, തീരെ സാമ്പത്തികം ഇല്ലാത്ത ആലോചന നോക്ക്. കല്യാണം നടക്കും. ഒത്തുതീര്‍പ്പ് ഇല്ലെങ്കില്‍, ജീവിതം കയ്യീന്ന് പോകും"
അതിനും, അദ്ദേഹം എന്തൊക്കെയോ മുട്ടാപ്പോക്കുകള്‍ നിരത്തി. പരിഹരിക്കാനുള്ള സ്വയം തീരുമാനങ്ങള്‍ ഒന്നുമില്ലാതെ.
ആശയം-ഇന്നു പലയിടങ്ങളിലും സുഹൃത്തുക്കളോടു ഒരു പ്രയാസമോ, കാര്യത്തില്‍ അഭിപ്രായമോ ചോദിച്ചാല്‍- അതെല്ലാം കൂടുതല്‍ സങ്കീര്‍ണമാക്കി മുതലെടുപ്പു നടക്കാം. അങ്ങനെ, പ്രശ്നങ്ങളില്‍നിന്നും മോചനം ലഭിക്കാതെ ബ്ലാക്ക് മെയിലിംഗ് വഴിയായി അടിമകളെ സൃഷ്ടിക്കുകയും ചെയ്യും.
ആയതിനാല്‍, നിഷ്പക്ഷ നിസ്വാര്‍ത്ഥ സൗഹൃദങ്ങളെ ഓരോ വ്യക്തിയും നിലനിര്‍ത്തുക. ഒരുപക്ഷേ, നിങ്ങളെ ചിരിച്ചു രസിപ്പിച്ചു മുഖസ്തുതി പറയാന്‍ അവര്‍ക്കറിയില്ലായിരിക്കാം. എങ്കിലും, അവര്‍ പറയുന്ന ആശയങ്ങളെ നല്ലതെങ്കില്‍ സ്വീകരിക്കുകയും ചെയ്യുമല്ലോ.
To read online/download/offline, google drive pdf file-250, click here-
https://drive.google.com/file/d/1aqAF1igptNJ7En1TLBDnZ0LReg3a5QoQ/view?usp=sharing