5-മേരി റോയ്
Malayalam eBooks-480-sthreekshemam-5-mary roy
Author- Binoy Thomas, Price- FREE
മേരി റോയ് കേസ്, സ്ത്രീധനം, സ്ത്രീസമത്വം, അരുന്ധതി റോയി, പള്ളിക്കൂടം സ്കൂള്‍, കോര്‍പസ് ക്രിസ്റ്റി, അയ്മനം.
Online browser reading →download →offline reading of this safe Google Drive PDF file-480 is free. Click here-
https://drive.google.com/file/d/1SZ8i2K_w1ruW6t2n4I73-OetU8ba58R8/view?usp=sharing
സ്ത്രീക്ഷേമത്തിലും സ്ത്രീശാക്തീകരണത്തിലും നിര്‍ണായക ചുവടുവയ്പ് നടത്തിയ കോട്ടയം അയ്മനം സ്വദേശിയുടെ കാര്യം അധികമാരും ഓര്‍ക്കാറില്ല. മേരി റോയ് എന്ന സ്ത്രീ ദീര്‍ഘമായ നിയമയുദ്ധം നടത്തി പിതാവിന്റെ സ്വത്തില്‍ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണ് - 1986 ഫെബ്രുവരി24. 1916-ലെ തിരുവിതാംകൂര്‍-കൊച്ചി ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അസാധുവാക്കി സുപ്രീം കോടതി 1986 ഫെബ്രുവരി 24-ന് ചരിത്ര പ്രാധാന്യമുള്ള 'മേരി റോയ് വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' എന്ന കേസിന്റെ വിധി പ്രസ്താവം നടത്തി. വില്‍പത്രം എഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. 1951 ഏപ്രിൽ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കാനാണ് സുപ്രീം കോടതി ഉത്തരവായത്. 1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം മാത്രമാണ് ബാധകമെന്നും മറ്റെല്ലാ നിയമങ്ങളും അസാധുവാണെന്നുമായിരുന്നു ആ വിധി.
1984-ലാണ് പിതൃസ്വത്തില്‍ സ്ത്രീകള്‍ക്കും തുല്യാവകാശമുണ്ടെന്ന് കാട്ടി മേരി റോയ് സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭ ബിഷപ്പുമാരും സഭാ നേതാക്കളും മേരി റോയിയുടെ നിയമപോരാട്ടത്തിനെതിരെ യോജിക്കുകയും, അവരെ ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു. അസമിലെ തേയിലത്തോട്ടത്തിലെ മാനേജര്‍ ആയിരുന്ന റെജീബ് റോയിയെയാണ് മേരി പ്രണയ വിവാഹം ചെയ്തത്.
എന്നാല്‍, അദ്ദേഹത്തിന്റെ അമിതമായ മദ്യപാനം മൂലം ദാമ്പത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് മേരിറോയ് രണ്ട് കുട്ടികളുമൊത്ത് പിതാവിന്റെ ഊട്ടിയിലുള്ള വസതിയില്‍ താമസം തുടങ്ങി. അപ്പന്റെ വീട് മേരി കൈവശപ്പെടുത്തുമോ എന്ന് ഭയന്ന് സഹോദരന്‍ ജോര്‍ജ്, മേരിയോട് വീട്ടില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഗുണ്ടകളെ ഉപയോഗിച്ച് ബലമായി ആ വീട്ടില്‍ നിന്നുമിറക്കി. ഇതായിരുന്നു പിതൃസ്വത്തിന് വേണ്ടിയുള്ള പോരാട്ടം ആരംഭിക്കാന്‍ മേരിറോയിയെ പ്രേരിപ്പിച്ചത്.
അറുപതുകളുടെ പകുതി മുതല്‍ കീഴ്‌കോടതികളില്‍ നിന്നാരംഭിച്ച നിയമ പോരാട്ടം 1984-ല്‍ സുപ്രീം കോടതി വരെ എത്തി. മേരി റോയ് ഒറ്റയ്ക്ക് പോരാടിയത് യാഥാസ്ഥിതികതയും പുരുഷമേധാവിത്വവും പൗരോഹിത്യവും മറ്റ് സ്ഥാപിത താല്‍പര്യങ്ങളും കൂടി കലര്‍ന്ന ഒരു സമൂഹത്തോടായിരുന്നു. കേരള സമൂഹം ഒത്തൊരുമിച്ചു പോരാടിയപ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ എന്തുമാത്രം പിരിമുറുക്കത്തിലായിക്കാണും? എങ്കിലും വ്യക്തമായ സ്ത്രീക്ഷേമ ലക്‌ഷ്യം അവരെ മുന്നോട്ടു നയിച്ചു. ഒരിക്കല്‍, മേരിറോയ് ഒരു അഭിമുഖത്തില്‍ പറഞ്ഞു-
"എനിക്കുവേണ്ടി മാത്രമായിരുന്നില്ല ഞാന്‍ കോടതിയില്‍ പോയത്. അനീതിക്കെതിരെയായിരുന്നു എന്റെ പോരാട്ടം. രാജാവിന്റെ കാലത്ത് സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ നിയമം, സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നത് ഒരു വിരോധാഭാസമായിരുന്നു!" സുപ്രീംകോടതി വിധിയോടെ ക്രൈസ്തവ സമുദായം തകരുമെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. അതുവരെ, സഹോദരന്റെ സ്വത്തിന്റെ നാലില്‍ ഒന്നു ഭാഗം അല്ലെങ്കില്‍ അയ്യായിരം രൂപ- ഇതില്‍ ഏതാണോ കുറവ് അതായിരിക്കും പെണ്ണുങ്ങള്‍ക്കു പിതൃസ്വത്തായി ലഭിക്കുക!
വിധിക്ക് മുന്‍കാല പ്രാബല്യമുള്ളതുകൊണ്ട് സ്ത്രീകളൊക്കെ അവകാശം സ്ഥാപിക്കാന്‍ കോടതിയില്‍ പോകുമെന്നും കുടുംബങ്ങളില്‍ അസ്വസ്ഥതയുണ്ടാകുമെന്നൊക്കെ പള്ളികളില്‍ വൈദികര്‍ വിളിച്ചു പറഞ്ഞു. ക്രിസ്തീയ അനുഭാവമുള്ള ചില പത്ര-മാസികകളും ഈ കേസിനെതിരെ കുട പിടിച്ചു. ഈ സമയത്ത്, ചില ക്രിസ്ത്യാനി അച്ചായന്മാർ ബാങ്കുകളിൽ നിന്നെടുത്ത ലോൺ തിരിച്ചടയ്ക്കാതിരിക്കാൻ പെങ്ങമ്മാരെ കൊണ്ട് പണയ വസ്തുവിവേൽ അവകാശ വാദമുന്നയിച്ച് കേസു കൊടുപ്പിച്ചു. ഇതോടെ പല ബാങ്കുകളും അങ്കലാപ്പിലായി.
1994-ല്‍ സുപ്രീം കോടതി വിധിയിലെ മുന്‍കാല പ്രാബല്യം മറികടക്കാനായി കേരള നിയമസഭയില്‍ കൊണ്ടുവന്ന ഒരു പുതിയ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചില്ല. മേരിറോയ് കോട്ടയത്ത് കളത്തിപ്പടിയില്‍ 'കോര്‍പസ് ക്രിസ്റ്റി' എന്ന പേരില്‍ 1967-ല്‍ സ്കൂള്‍ തുടങ്ങി. പിന്നീട്, 'പള്ളിക്കൂടം' എന്ന പേരില്‍ അത് പ്രശസ്തമായി. കാലം മുന്നോട്ടു പോയപ്പോള്‍, കേസിലൂടെ കൈവന്ന തുല്യവീതത്തില്‍ കോടിമതയിലെ സ്ഥലം സഹോദരനു കൈമാറി അവര്‍ രമ്യതപ്പെടുകയും ചെയ്തു.
'ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ്' എഴുതിയ അരുന്ധതി റോയ്, മേരിറോയിയുടെ മകളാണെന്നുപോലും പലര്‍ക്കും അറിയില്ല! ഏതുനേരവും സദസ്സില്‍ പ്രസംഗിക്കുക, ടിവിയില്‍ തല കാണിക്കുക, വിവാദ പ്രസ്താവനകള്‍ പത്രത്തിലും പുസ്തകത്തിലും കൊടുക്കുക... അങ്ങനെയുള്ളവരുടെ പിറകേ പായുന്ന മലയാളിക്ക് സത്യസന്ധരെ നോക്കാന്‍ എവിടെ സമയം? woman empowerment, safety, welfare, women society, social status Malayalam eBooks.