ഡിജിറ്റല്‍ റീഡിംഗ്
ഡിജിറ്റല്‍ മലയാളം ബുക്കുകള്‍ വായിക്കാന്‍ ഏറ്റവും അനുയോജ്യമായത് ഏതായിരിക്കും?
പലപ്പോഴായി അനേകം പേര്‍ എനിക്ക് മെയില്‍ ചെയ്ത ഒരു ചോദ്യമാണ്. ആദ്യംതന്നെ, ഒരു കാര്യം പറയട്ടെ- നേരിട്ടുള്ള പുസ്തക വായനയുടെ സുഖം ഒന്നിലും കിട്ടില്ല! എങ്കിലും, ഇ-വായനയുടെ കാര്യം പറയട്ടെ.
നിങ്ങളുടെ മനസ്സില്‍ മൊബൈല്‍, ലാപ്, ടാബ്, ഡസ്ക് ടോപ്, സ്മാര്‍ട്ട് ടി.വി ഇ- റീഡര്‍....എന്നിങ്ങനെ പലതും ഉണ്ടാവും. എന്നാല്‍, ഇവയില്‍ ഓരോന്നിനും പലതരം പോരായ്മകള്‍ ഉണ്ടാവും.
ഒന്നാമതായി, നാം ഏറ്റവും കൂടുതല്‍ സമയം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ വലിപ്പക്കുറവ് സുഖകരമായ വായനയുടെ വില്ലനാകുന്നു. കണ്ണിന്റെ ആയാസം ഒരു പ്രശ്നമാണ്.
ഡസ്ക് ടോപ്പില്‍ വലിയ വായന കിട്ടുമെങ്കിലും മുറിയില്‍ ചെന്ന്‍ ഒരേ സ്ഥലത്തു തന്നെ വായിക്കേണ്ടിവരും. കൂടെ കൊണ്ടുപോകാന്‍ പറ്റില്ല. മാത്രമല്ല, ഒരു മേശയിലെ സ്ഥലമെടുത്ത് കൂടിയ കറന്റ് ബില്ലും ചൂടുള്ള മെഷീനും സഹിക്കണം.
ലാപ്ടോപ് കുറച്ചുകൂടി സൗകര്യമുള്ള ഒന്നാണ്. വീട്ടിലെ പലയിടങ്ങളില്‍ പോയി മടിയില്‍ വച്ചു വായിക്കാമല്ലോ. എന്നാല്‍, വാങ്ങാനുള്ള വില കൂടുതല്‍. യാത്രയില്‍ എളുപ്പമുള്ള കനം കുറഞ്ഞ മോഡലുകള്‍ക്കായി അരലക്ഷം രൂപ മുടക്കേണ്ടി വരും. വില കുറഞ്ഞവയ്ക്ക് ടച്ച് സ്ക്രീന്‍ കാണില്ല.
ടു ഇന്‍ വണ്‍ ലാപ് വളരെ പ്രയോജനം ചെയ്യും. വീട്ടില്‍ ലാപ്. വെളിയില്‍ ടാബ്. അതായത്, യാത്രയില്‍ കീബോര്‍ഡ് വേര്‍പെടുത്തി വീട്ടില്‍ വച്ചിട്ടു സ്ക്രീന്‍ മാത്രമായി കൊണ്ടുപോകാം. വലിയ ടാബ് ഉപയോഗിക്കുന്ന രസത്തോടെ വായിക്കാം. സാദാ ലാപ്പിനേക്കാള്‍ ഉയര്‍ന്ന വിലയാകുന്നു ഏക രസംകൊല്ലി.
സ്മാര്‍ട്ട് ടിവിയില്‍ ഇന്റര്‍നെറ്റ് ഡിജിറ്റല്‍ വായന അപാര വലിപ്പമുള്ള മഹാസംഭവമാണ്! പക്ഷേ, ഉയര്‍ന്ന വില, ഒരേ സ്ഥലം, മറ്റുള്ള അംഗങ്ങളുടെതായ ചാനല്‍ ആവശ്യത്തിന്റെ തള്ളിക്കയറ്റം എന്നിവ ഫലം.
ഡിജിറ്റല്‍ വായനയ്ക്കു മാത്രമായി പലതരം ഇ-ബുക്ക് റീഡര്‍ വിപണിയില്‍ ലഭ്യമാണ്. പക്ഷേ, മറ്റുള്ള വര്‍ക്കുകള്‍ അതില്‍ പറ്റില്ല അല്ലെങ്കില്‍ അസൗകര്യം ആയിരിക്കും.
അങ്ങനെ, പല കാര്യങ്ങള്‍ നോക്കിയാല്‍ കുറഞ്ഞ ചിലവില്‍ ഇലക്ട്രോണിക് വായന ലഭ്യമായ ഒന്നാകുന്നു ടാബ്. ഇപ്പോള്‍, സിം ഇടുന്നവയാകയാല്‍ എല്ലാ വിദ്യകളും എളുപ്പത്തില്‍ ചേര്‍ന്നുപോകുന്ന ഒന്നാണിത്. അതായത്, 8 മുതല്‍ 11 ഇഞ്ചുവരെയുള്ള ടാബുകളില്‍ വായിച്ചാല്‍ നമ്മുടെ കയ്യില്‍ ഒരു പുസ്തകം ഇരിക്കുന്ന ഫീല്‍ കിട്ടും.
Comments