മലയാളം ഇ-ബുക്കുകള്‍ എന്തിന്?
നമുക്കേവര്‍ക്കും അറിവുകള്‍ പകര്‍ന്നു നല്‍കുന്ന അച്ചടിച്ച
പുസ്തകങ്ങളെ നിങ്ങളേപ്പോലെതന്നെ എനിക്കും വലിയ ഇഷ്ടമാണ്. എന്നാല്‍, പുസ്തക അലമാര ഇപ്പോള്‍ തുറന്നാല്‍ തുമ്മല്‍-ജലദോഷം എന്നിവയും കടന്നു
ചിലപ്പോള്‍ പനിവരെ പിടിച്ചെന്നിരിക്കും. ഒരു പുസ്തകം തപ്പിയെടുക്കണമെങ്കിലോ
ഒരുപാടു സമയവും പോകും. അലമാര ലാഭിക്കാന്‍ പുസ്തകം ഞെരുക്കിവെക്കുമ്പോള്‍
പുസ്തകത്തിനു നമ്പര്‍ ഇട്ടതൊക്കെ വെറുതെ. ഒരാവശ്യത്തിനു കൊള്ളാത്ത അറിവുകള്‍ ഒരു
നഷ്ടം തന്നെയായിരിക്കും.
ജോലിസമയത്ത് അല്ലെങ്കില്‍ ഒരു വാഗ്വാദ സമയത്ത് വേണ്ട
അറിവു ഷെല്‍ഫില്‍ വിശ്രമിച്ചിട്ടെന്തു പ്രയോജനം?
അങ്ങനെയാണു 2010-ല്‍ ബ്ലോഗ്
എഴുതിത്തുടങ്ങിയത്. എന്നാല്‍, മലയാളം ചില്ലക്ഷരങ്ങള്‍ ഇവിടെ
ചതുരക്കട്ടപോലെ, ചില അക്ഷരങ്ങള്‍ രൂപമാറ്റമോ
അപ്രത്യക്ഷമാകുകയോ ഒക്കെ സംഭവിക്കുന്ന രീതി ഒ.എസ്, സോഫ്റ്റ്‌വെയര്‍, ബ്രൌസര്‍, ഫോര്‍മാറ്റ്, ഫോണ്ട്
എന്നിവയൊക്കെ ആശ്രയിച്ചു പലയിടത്തും പലതായിരിക്കും. അതുകൊണ്ട് പഴയ പോസ്റ്റുകള്‍
പലതും കളഞ്ഞു.
അതും മടുപ്പുളവാക്കിയപ്പോള്‍ പ്രിന്‍റ് പുസ്തകം മതിയെന്നു
തീരുമാനിച്ച് ചില പ്രസാധകരെ സമീപിച്ചപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ വളരെയധികം
കാലതാമസമുണ്ടാകുന്നത് എഴുത്തിനുള്ള താല്പര്യം കളയുമെന്നതിനാല്‍ പിന്നെ സമീപിച്ചത്,
സെല്‍ഫ് പബ്ലിഷേഴ്സ് വെബ്സൈറ്റുകളെ. എന്നാല്‍,
നല്ല സൈറ്റുകള്‍ മലയാളം ഇ ബുക്കുകള്‍ എടുക്കുന്നില്ല. അതുകൊണ്ട്, ഇംഗ്ലീഷ് ഇ ബുക്കുകള്‍ രണ്ടെണ്ണം പ്രസിദ്ധീകരിച്ചെങ്കിലും അതില്‍
ഇക്കിളിയൊന്നും ഇല്ലാതിരുന്നതുകൊണ്ടും സായിപ്പിന്‍റെ ഇംഗ്ലീഷിനോട് മല്ലിടാന്‍
കഴിവില്ലാത്തതുകൊണ്ടും നല്ലൊരു വിജയം കണ്ടില്ല.
അങ്ങനെ മലയാളം പി.ഡി.എഫ്. ഇ ബുക്കുകള്‍ പലയിടത്തും പരീക്ഷിച്ചെങ്കിലും
ഫ്രീ എന്നു പറഞ്ഞു തുടങ്ങുന്ന പല സൈറ്റുകള്‍, കാലുവാരുന്ന
പണി കാണിക്കും. അതായത്, പരസ്യങ്ങളും ഇമെയില്‍ ശല്യങ്ങളും ഓണ്‍ലൈന്‍
പേയ്മെന്‍റിനുള്ള ബുദ്ധിമുട്ടും, റോയല്‍റ്റി
കിട്ടാനുള്ള താമസവും മറ്റു പല തടസ്സങ്ങളും എഴുത്തുകാരനെയും വായനക്കാരനെയും തമ്മില്‍
അകറ്റുമെന്നു മനസ്സിലായപ്പോഴാണ‌് ഇങ്ങനെ ഒരു മലയാളം ഇ ബുക്ക് സൈറ്റ് തുടങ്ങിയത്.
ഇതിന്‍റെ ചില പ്രത്യേകതകള്‍-
1. ഓണ്‍ലൈന്‍വായനയും ഡൌണ്‍ലോഡ് ചെയ്ത‌് ഓഫ്‌ലൈന്‍വായനയും എക്കാലവും
സാധ്യമാകുന്നു.
2. ഇ ബുക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍
ആവശ്യമില്ല.
3. വായനക്കാരനെ ശല്യം ചെയ്യുന്ന പരസ്യ-ഇമെയില്‍ ശല്യവും ഇല്ല.
4. ഇടത്-വലത്-മുന്നാക്ക-പിന്നാക്ക ചായ‌്‌വുകള്‍ ഒന്നുമില്ലാതെ
കഴിവതും നിഷ്പക്ഷ വായന കിട്ടുന്നു.
5. അനേകം വ്യത്യസ്ത വിഷയങ്ങളില്‍ ഇ ബുക്ക് പ്രതീക്ഷിക്കാം.
ഇ ബുക്കുകള്‍ പരിസ്ഥിതി സൗഹാര്‍ദമാണ്, മരങ്ങള്‍
വെട്ടിക്കുഴച്ചുണ്ടാക്കുന്ന പേപ്പര്‍ വേണ്ടാത്ത വായനരീതിയാണിത്.
തുണിയുടുക്കാന്‍ മറന്നാലും സെല്‍ഫോണ്‍ കയ്യിലെടുക്കാന്‍ മറക്കാത്ത
കാലമായതിനാല്‍, എവിടെയും എപ്പോഴും ഫോണില്‍ പെട്ടെന്ന്‍
എളുപ്പത്തില്‍ വായിക്കാം. യാത്രയിലും കാത്തിരിപ്പിന്‍റെ സമയത്തും വളരെയേറെ
പ്രയോജനം കിട്ടും. പ്രായമായവര്‍ക്കും എതെങ്കില്ലും ബലഹീനതകള്‍ ഉള്ളവര്‍ക്കും
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ വായിക്കാനുള്ള എളുപ്പവഴിയാണ‌് ഇത്തരം ഡിജിറ്റല്‍
സ്ക്രീന്‍ റീഡിംഗ്. മാത്രമല്ല, അലര്‍ജിയുണ്ടാക്കാത്തതും
ഇരുട്ടത്തും അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയും കുറച്ചും വായിക്കാന്‍ പറ്റുന്ന ഭാരം
കുറഞ്ഞ പുസ്തകങ്ങള്‍പോലെ ഫോണ്‍/ടാബ് കൈകാര്യം ചെയ്യാമല്ലോ. അങ്ങനെ അങ്ങകലെ,
ഏതെങ്കിലും വയ്യാത്ത അപ്പച്ചന്മാരും അമ്മച്ചിമാരുമൊക്കെ
എളുപ്പത്തില്‍ വിശ്രമകാലം വായനയിലൂടെ നീക്കട്ടെ.
കുട്ടികളും യുവതലമുറയും സ്മാര്‍ട്ട്ഫോണ്‍-ടാബ് ഒരുപാടു സമയം
ഉപയോഗിക്കുന്നവരാകയാല്‍, അവരില്‍ വായനാശീലം വളര്‍ത്താന്‍ ഇ-
ബുക്കുകള്‍ പ്രയോജനപ്പെടും. എന്‍റെ മലയാളം ഇ ബുക്ക് വെബ്സൈറ്റ്, വിരല്‍ത്തുമ്പില്‍ വായന വരുത്തുന്ന ഉറ്റമിത്രമായി മാറട്ടെ.
എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും നന്മയും നേരുന്നു..
Comments