muthassi kadhakal short stories
മുത്തശ്ശിക്കഥകള്‍, ചെറുകഥകള്‍ (Bedtime stories for kids, children's fiction)
മലയാളം ചെറുകഥകള്‍ നമ്മുടെ ഭാഷയുടെ ജീവനാഡികളാണ്. ഓരോ നാടിനും തനതായ സാഹിത്യ കാര്യങ്ങള്‍ പലതും നമ്മോടു പറയാനുണ്ടാകും. ഞാന്‍, വെറും ഇരുപതുകിലോമീറ്ററിനപ്പുറത്ത് താമസം മാറ്റിയപ്പോള്‍ കേട്ടത്, പുതിയ നാടന്‍പ്രമേയങ്ങള്‍!അങ്ങനെയെങ്കില്‍, ഇനിയും കേള്‍ക്കാത്ത എത്രമാത്രം ചൊല്ലുകള്‍ വാമൊഴിയായി കേരളത്തില്‍ ഒഴുകിനടക്കുന്നുണ്ടാവണം? അതെല്ലാം പഴയ മുത്തശ്ശിമാരുടെ രസകരങ്ങളായ മുത്തശ്ശിക്കഥകള്‍തന്നെ. (nanny tales, muthassi kadhakal) അങ്ങനെ വരുമ്പോള്‍ ചെറുകഥകളുടെ പിറവി അവരിലൂടെയാണെന്ന് കരുതാം. ഇവ കല്പിതകഥയുടെ (ഫിക്ഷന്‍) ഭാഗമാണ്. അവയില്‍ കെട്ടിച്ചമച്ചതും; മൃഗങ്ങള്‍, ഐതിഹ്യങ്ങള്‍, പഴഞ്ചൊല്‍-നാട്ടുകൃതികള്‍, നാടോടിസാഹിത്യം, കാടുകള്‍, കാവുകള്‍, മിത്തുകള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്ന മനോഹരമായ ഭാവനയുടെ സൃഷ്ടികളായ ചെറിയവ വലിയ സാഹിത്യകൃതികള്‍ക്കും കാരണമായി. ചെറിയൊരു ആശയത്തെ അധികം കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇല്ലാതെ പൂര്‍ണമാക്കുന്ന സാഹിത്യ വിസ്മയം എന്നു ചെറുകഥയെ വിശേഷിപ്പിക്കാം. അവിടെ- നന്മ, എളിമ, സദുപദേശം, ജീവിതമാതൃക, സാന്ത്വനം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍- വിറ്റമിന്‍ഗുളികപോലെ വല്യമ്മച്ചിമാര്‍ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞുകൊടുത്തിരുന്നത് അവരുടെ മികച്ച സ്വഭാവ രൂപീകരണത്തില്‍ നല്ലൊരു പങ്കു വഹിച്ചിരുന്നു.എന്നാല്‍, ഇന്ന് മലയാളിക്കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും ടിവിയും സോഷ്യല്‍ മീഡിയയും തരുന്നവയാകയാല്‍, അതില്‍, ചതിയും വഞ്ചനയും വികൃതികളും ദുഷിച്ച കാര്യങ്ങളും പഠിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടേക്കാം. അതിന്‍റെ ഫലമോ? കുട്ടികള്‍ മുത്തശ്ശിമാരോട് മിണ്ടുന്നതുതന്നെ കുറഞ്ഞിരിക്കുന്നു. മക്കളുടെ അവഗണന നിമിത്തം അവരുടെ കഥ പറച്ചില്‍ പരാതിയിലും പരിദേവനത്തിലും മാത്രമായി ചുരുങ്ങുന്നു.
ഒട്ടും അറിയപ്പെടാത്ത ആളുകള്‍ എഴുതിയ മികച്ച പുസ്തകങ്ങളും കൃതികളും വന്‍എഴുത്തുവൃക്ഷങ്ങള്‍ പടര്‍ന്നുപന്തലിച്ചപ്പോള്‍ സ്വാഭാവികമായും ആ തണലില്‍, വെള്ളവും വെളിച്ചവും വളവും കിട്ടാതെ മുരടിച്ചുപോയി.
(Malayalam short stories, cherukadhakal digital books, pdf online free, muthassikathakal)
ഒടുവില്‍, മക്കള്‍ അവര്‍ക്ക് വൃദ്ധമന്ദിരങ്ങളിലും മറ്റും അഡ്മിഷന്‍ വാങ്ങിക്കൊടുക്കുമ്പോള്‍ ആ കൂട്ടായ്മയില്‍ സമാന നാവുകള്‍ ദുഃഖങ്ങള്‍ പരസ്പരം പറഞ്ഞ് ആശ്വസിക്കുന്നു.
ഇത്തരം കുടുംബചിത്രങ്ങള്‍ കണ്ടു വളരുന്ന കുഞ്ഞുങ്ങള്‍ ഇതുതന്നെ പിന്നെ ആവര്‍ത്തിക്കുന്നതും പതിവ്. ഇതൊന്നുമല്ലാതെ, പ്രായമായവരും കാലത്തിനൊപ്പം നീന്തി പഴമകളിലെ നന്മകളെ മന:പൂര്‍വം മറന്നിടത്തും പ്രശ്നങ്ങള്‍ തലപൊക്കിയിട്ടുണ്ട്. ചെറുകഥകളുടെ തുടക്കം കണ്ടെത്താന്‍ ഒരിക്കലും പറ്റില്ല.
വാമൊഴി, ശിലാലിഖിതം, മൃഗത്തോല്‍, മരത്തോല്‍, ചെപ്പേടുകള്‍, താളിയോലകള്‍ എന്നിവയൊക്കെ കഴിഞ്ഞ് നിലവിലുള്ള അച്ചടിച്ച താളുകള്‍ നല്ല വായനയിലേക്ക് നമ്മെ നയിച്ചു. അതും പിന്നിട്ടു ഡിജിറ്റല്‍ ഇ ബുക്കുകള്‍, ഓഡിയോ ബുക്സ്..ഇനി എന്തെല്ലാം വായനവിപ്ലവങ്ങള്‍ വരാനിരിക്കുന്നു?കുട്ടികളുടെ താങ്ങും തണലുമായി നിന്നിരുന്ന മുത്തശ്ശിമാരുടെ കഥകള്‍ക്ക് ലക്ഷണമൊത്ത ആദ്യത്തെ മലയാള ചെറുകഥയെന്നു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത് 1889-ല്‍ 'വിദ്യാവിനോദിനി'യില്‍ vidyavinodini പ്രസിദ്ധീകരിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍നായരുടെ 'വാസനാവികൃതി' ആയിരുന്നു.
പിന്നീട്, നസ്രാണിദീപിക, മലയാള മനോരമ, ഭാഷാപോഷിണി, മാതൃഭൂമി എന്നിവയിലൂടെ മലയാളികള്‍ ഇത്തരം കൃതികള്‍ ധാരാളമായി വായിച്ചറിഞ്ഞു. അതിനിടയില്‍, അനേകം പുസ്തക പ്രസാധകര്‍ എത്തിയതോടെ നമ്മുടെ വായനാലോകം പരപ്പാര്‍ന്നതായി. നോവല്‍, യാത്രാവിവരണം, സ്ക്രിപ്റ്റ് തുടങ്ങിയ സാഹിത്യ രൂപങ്ങളിലെല്ലാം വളര്‍ന്നു വലുതായിരിക്കുന്നത് എഴുത്തുകാരന്‍റെ മനസ്സില്‍ അങ്കുരിക്കുന്ന കൊച്ചു കഥാബീജംതന്നെയാണ്. കേരളത്തിന്‍റെ നന്മയും പൈതൃകവും പെരുമയും വിളിച്ചോതുന്ന മഹത്തരങ്ങളായ കൃതികളും എഴുത്തുകാരും വളരെയധികമാണ്. അവാര്‍ഡ്, ബുക്ക് റിലീസ്, പരസ്യം, ബുക്ക് റിവ്യൂ, പ്രശസ്തരുടെ അവതാരിക, വിമര്‍ശനങ്ങള്‍, പരാമര്‍ശങ്ങള്‍ എന്നിവയൊക്കെ കിട്ടാതെ പലതും വിസ്മൃതിയിലായി.
അതിന്‍റെ രാഷ്ട്രീയവും കളികളും ലോബിയുമൊക്കെ അവിടെ മത്സരിച്ച് അച്ചടിക്കട്ടെ. ഒരു വായനക്കാരന്‍ മനസ്സില്‍ വിചാരിക്കുന്ന സമയത്ത് വായിക്കാന്‍ പാകത്തിലുള്ള മുത്തശ്ശിക്കഥകളും ചെറുകഥകളും മലയാളം ഡിജിറ്റല്‍ ഇ ബുക്സ് മാതൃകയില്‍ എന്‍റെ മലയാളംപ്ലസ് വെബ്‌സൈറ്റില്‍ പിഡിഎഫ് ഓണ്‍ലൈന്‍ബുക്ക് രൂപത്തില്‍ വായിക്കൂ..ഇപ്പോൾ, കൂടുതൽ സൗകര്യത്തിൽ വായിക്കാൻ ഓൺലൈൻ വായനയും ലഭ്യമാണ്!
ഒരേ വിലയുള്ള സമയം! (മുത്തശ്ശിക്കഥകൾ, Grandma stories)
ഉണ്ണിക്കുട്ടന്‍റെ ഓണപ്പരീക്ഷ കഴിഞ്ഞ് പത്തുദിവസത്തെ അവധി കിട്ടി. രാവിലെതന്നെ മടല്‍ബാറ്റുമായി ക്രിക്കറ്റ് കളിക്കാന്‍ അപ്പുറത്തെ തെങ്ങിന്‍തോപ്പിലേക്ക് ഓടും. എന്നാല്‍, അന്ന് പതിവിനു വിപരീതമായി വെയിലാകുന്നതിനു മുന്‍പ് തിരികെയെത്തിയതു കണ്ട് നാണിയമ്മൂമ്മ ചോദിച്ചു:“എന്താ, ഉണ്ണിക്കുട്ടാ..ഇന്നു കളിയൊന്നും ഇല്ലാത്തെ?”
“വിനീഷ് റബര്‍ബോള്‍ മേടിക്കാന്‍ കവലയ്ക്ക് പോയതാ. ഞങ്ങള്‍ അവനെ നോക്കിയിരുന്ന് വെറുതേ ഒത്തിരി സമയം കളഞ്ഞു. അവന്‍ കവലേന്ന് അമ്മവീട്ടിലേക്ക് പോയെന്ന്. പറഞ്ഞിട്ട് പോകാന്‍മേലായിരുന്നോ"
അന്നു രാത്രി ഉറങ്ങാന്‍നേരം ഉണ്ണിക്കുട്ടന്‍ കഥ കേള്‍ക്കാന്‍ കിടന്നപ്പോള്‍-
“അമ്മൂമ്മേ, ഇന്നു ചെറിയ കഥ പോരാ. ഒത്തിരി വലുത് വേണം"
“ന്റടുത്ത് ചെറിയ കഥയൊക്കെയേ ഒള്ളൂ കുട്ടാ..”
അവന്‍ ചിണുങ്ങിത്തുടങ്ങി.
വാശി പിടിച്ചു കരഞ്ഞാല്‍ അമ്മൂമ്മ ഏതു കാര്യവും സമ്മതിക്കുമെന്ന് അവനറിയാം. പണ്ട്, അമ്പലപ്പറമ്പില്‍ ഏതോ ഗുരു പറഞ്ഞ കഥ അപ്പോള്‍ മുത്തശ്ശിക്ക് ഓര്‍മ്മ വന്നു.
“ഇന്ന്, കൂട്ടുകാരന്‍ വിനീഷ് കാണിച്ചതെന്താ? നിങ്ങളുടെ കളിക്കാനുള്ള സമയം കളഞ്ഞു. അത് ശരിയായില്ല. പണ്ട്, സമയത്തെപ്പറ്റി ഒരു ഗുരുജി പറഞ്ഞ കഥ ഞാന്‍ കുട്ടനോടു പറയാം"
പണ്ടു പണ്ട്, സിൽബാരിപുരം എന്നൊരു നാട്ടുരാജ്യമുണ്ടായിരുന്നു. അവിടത്തെ വിക്രമന്‍ രാജാവ് നീതിമാനും ധർമ്മിഷ്ഠനുമായിരുന്നുവെങ്കിലും ദേവപ്രീതിക്കായുള്ള പൂജകളിലും യാഗങ്ങളിലും അമിത ശ്രദ്ധയും താൽപര്യവും കൊടുത്തിരുന്നതിനാൽ ഭരണകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല.
മന്ത്രിമാരെ അന്ധമായി വിശ്വസിച്ചു പോന്നു. കൊട്ടാരത്തിനടുത്തുള്ള സ്ഥലങ്ങളിലെല്ലാം പല തരത്തിലുള്ള വികസനങ്ങൾ ഉണ്ടായിരുന്നതിനാല്‍ ആളുകൾക്ക് നന്നായി ജീവിച്ചു പോകാൻ സാധിച്ചിരുന്നു.
അതു കണ്ട് രാജാവിന് സംതൃപ്തിയും അഭിമാനവും തോന്നി. എന്നാൽ, ഗ്രാമങ്ങളിൽ വിവിധ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും രാജാവിനെ അറിയിക്കാതെ കുബുദ്ധികളായ മന്ത്രിമാർ മൂടിവയ്ക്കുകയായിരുന്നു പതിവ്. രാജ്യകാര്യങ്ങളിൽ സഹായിക്കാനായി മൂന്നു മന്ത്രിമാരാണ് അദ്ദേഹത്തിന്റെ സദസ്സിലുണ്ടായിരുന്നത്. അവരിൽ ശങ്കുണ്ണി എന്നു പേരുള്ള മന്ത്രിയായിരുന്നു നീതിന്യായ കാര്യങ്ങളുടെയും ഖജനാവിന്റെയും ചുമതല വഹിച്ചിരുന്നത്. അയാൾ ആരുമറിയാതെ അഴിമതി നടത്തിയും കള്ളന്മാരെ രഹസ്യമായി സഹായിച്ചും സ്വർണ്ണ നാണയങ്ങൾ സമ്പാദിച്ചുകൂട്ടി. അതിനാൽ, കളവ് നടന്നിടത്തെല്ലാം കള്ളൻമാർ പിടിയ്ക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു പതിവ്.
അല്ലെങ്കിലോ? മന്ത്രിയുടെ ഒത്താശയോടെ നിരപരാധികളെ ചതിയിൽപ്പെടുത്തി കള്ളന്മാരായി മുദ്രയടിച്ച് തടവറയിലേക്ക് തള്ളും. മറ്റു രണ്ടു മന്ത്രിമാരും ഇതിനെ പിന്തുണച്ചിരുന്നു. കാരണം, കള്ളപ്പണത്തിന്റെ കുറച്ചു ഭാഗം ശങ്കുണ്ണി അവർക്കും കൊടുത്തിരുന്നു. അവിടത്തെ ഗ്രാമങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസമൊന്നും കിട്ടിയിരുന്നില്ല. കാരണം, മിക്കവാറും ഗുരുക്കന്മാരും ഗുരുകുലങ്ങളും ആശ്രമങ്ങളുമെല്ലാം രാജകൊട്ടാരത്തിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അവിടെ മന്ത്രിമാരുടെയും മതപണ്ഡിതന്മാരുടെയും മറ്റും വ്യക്തമായ സ്വാധീനമുണ്ടായിരുന്നതിനാൽ വിദ്യാഭ്യാസമൊക്കെ മുന്തിയ പ്രജകൾക്കു മാത്രം.
ഗ്രാമത്തിലുള്ളവർ സ്വാഭാവികമായി തഴയപ്പെട്ടു. എന്നാൽ, ഗ്രാമത്തിൽ നല്ല കഴിവുള്ളവരും തെളിഞ്ഞ ബുദ്ധിശക്തിയുള്ളവരുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവരൊക്കെ വിറകു വെട്ടിയും മൺപാത്രങ്ങൾ ഉണ്ടാക്കിയും തടിപ്പണികൾ ചെയ്തുമൊക്കെ ജീവിച്ചു പോന്നു.
സിൽബാരിഗ്രാമത്തിലെ ചന്തുവും അത്തരത്തിലുള്ള ആളായിരുന്നു. ഗുരുകുലങ്ങളിൽ പഠിച്ചിട്ടില്ലെങ്കിലും ചന്തു ബുദ്ധിമാനാണ്. അയാളുടെ ജോലി എന്തെന്നോ?
മൺപാത്രങ്ങൾ ചന്തയിൽനിന്നു വാങ്ങിയ ശേഷം തലച്ചുമടായി നടന്ന് വീടുകളിലും മറ്റും കൊണ്ടുപോയി ചെറിയൊരു ലാഭത്തിൽ വിൽക്കുക.
വീടുകൾ തമ്മിൽ വലിയ അകലമുണ്ടായിരുന്നതുകൊണ്ട് ഒരു ദിവസംതന്നെ എത്ര ദൂരം നടക്കുമെന്ന് പറയാൻ വയ്യ. വീട്ടിലെ അടുപ്പ് പുകയാനുള്ളതിനു കിട്ടിയാൽ തിരികെ വീട്ടിലേക്കു നടക്കും. അല്ലെങ്കിൽ ഏതെങ്കിലും ആൽത്തറയിലോ കടത്തിണ്ണയിലോ മറ്റോ കിടന്നുറങ്ങി അടുത്ത പ്രഭാതത്തിൽ വീണ്ടും വീടുകയറിയിറങ്ങും.
അങ്ങനെയിരിക്കെ, ഒരു ദിവസം - കനത്ത മഴയായിരുന്നതിനാൽ ചന്തു ചന്തയിലേക്ക് വൈകിയാണു പുറപ്പെട്ടത്. അവിടെയെത്തി മൺകലങ്ങളും മൺകുടങ്ങളും വല്ലക്കൊട്ടയിൽ അടുക്കിയ ശേഷം ചുമടുമേന്തി നടന്നു. മഴ വീണ്ടും പെയ്തു തുടങ്ങി. അയാൾ അടുത്തു കണ്ട കടത്തിണ്ണയിൽ ഭാരമിറക്കി വച്ച ശേഷം അവിടെ കുത്തിയിരുന്നു. മഴയുടെ താളവും ചന്തുവിന്റെ ക്ഷീണവും കൂടിയായപ്പോൾ ഒന്നു മയങ്ങണമെന്നു തോന്നി. അയാൾ തറയിലേക്ക് ഒരു തോർത്തു വിരിച്ച് അതിൽ മലർന്നു കിടന്നു. രാത്രിയിൽ എപ്പോഴോ ഒരു ശബ്ദം കേട്ടാണ് ചന്തു ഞെട്ടിയെണീറ്റത്. തൊട്ടപ്പുറത്തെ പലചരക്കുകടയുടെ മുകളിലത്തെ നാലു തടിയൻമാരായ കള്ളന്മാർ ഓടിളക്കി മാറ്റുന്നു! പെട്ടെന്നു ചന്തുവിന്റെ മനസ്സിലേക്ക് തിരമാലകള്‍പോലെ ചിന്തകള്‍ അടിച്ചുകയറി.
ബഹളം കൂട്ടി ആളുകളെ വിളിച്ചുവരുത്തി ഇവരെ കുടുക്കിയാലോ? വേണ്ട. അത് അപകടം വിളിച്ചുവരുത്തും. ഞാന്‍ രാത്രിയിലും മറ്റും വിജനമായ കുറുക്കുവഴിയിലൂടെയും മറ്റും ചുമടുമായി വരുമ്പോള്‍ കള്ളന്മാരുടെ കൂട്ടാളികള്‍ ആക്രമിക്കാനിടയുണ്ട്. ഒച്ചയുണ്ടാക്കാതെ വല്ലക്കൊട്ടയുടെ മറവിലേക്ക് ചന്തു ഒതുങ്ങിയിരുന്നു. ചന്തയിലെ നല്ല കച്ചവടം നടക്കുന്ന കടയാണിത്. കള്ളന്മാർ നാടാകെ സ്വൈരവിഹാരം നടത്തുകയാണ്. ആരെങ്കിലുമൊക്കെ കള്ളന്മാരെ സഹായിക്കുന്നുണ്ടെന്ന് തീർച്ചയാണ്. അല്ലെങ്കിൽ അയലത്തെ നിരപരാധിയായ രാമൻ കള്ളന്മാരുടെ ചതിയിൽപ്പെട്ട് തടവറയിൽ ഒടുങ്ങുകയില്ലല്ലോ.
ഇത്തവണയും മറ്റാരെങ്കിലുമൊക്കെ തടവറയിലേക്കു പോകും. ഈ കള്ളന്മാരും രക്ഷപ്പെടും.
അപ്പോൾ, ദേഹമാസകലം വിറപ്പിക്കുന്ന മറ്റൊരു ചിന്ത അവന്റെ മുന്നിൽ കൊള്ളിയാൻ മിന്നി. വൈകുന്നേരത്തെ മഴ തുടങ്ങിയതുമുതൽ താൻ ഈ കടത്തിണ്ണയിൽ കയറിയിരിക്കുകയായിരുന്നല്ലോ. ചന്തയിൽ വന്നവരിൽ പലരും തന്നെ കണ്ടിട്ടുണ്ടാവുമെന്നു തീർച്ചയാണ്. ഈ മോഷണത്തിൽ ഞാനായിരിക്കും ചിലപ്പോൾ പിടിയ്ക്കപ്പെടുക!
എന്റെ ഭഗവാനേ..!
ഞാൻ കുടുങ്ങിയല്ലോ! ഇനിയെന്തു ചെയ്യും?
ചന്തു ശ്വാസമടക്കി കുറച്ചുനേരംകൂടി നോക്കിയിരുന്നു.
കള്ളന്മാർ ഒരു നിറചാക്കുമായി വെളിയിൽ വന്നു. പിന്നെ മുന്നോട്ടു നടന്നു. അപ്പോഴാണ് അയാൾക്ക് ഒരു ബുദ്ധി തോന്നിയത്. ഇവരെ പിന്തുടർന്നാൽ കള്ളന്മാരുടെ സങ്കേതം പിടികിട്ടും, അപകടം പിടിച്ച പണിയാണ്. സൂക്ഷിച്ചില്ലെങ്കിൽ അവർ നാലു പേരും കൂടി തന്റെ കഥ കഴിയ്ക്കും.
അവർ പോയതിനു പിറകേ ഇരുട്ടിന്റെ മറവു പിടിച്ച് പാത്തും പതുങ്ങിയും ചന്തു കുറച്ചു ദൂരം നടന്നു, അവസാനം ഒരു മാളിക പോലെ തോന്നിപ്പിക്കുന്ന വീട്ടിലേക്ക് കള്ളന്മാർ ചാക്കുമായി കയറി. അവിടെ കുറച്ചധികം മാളിക വീടുകളുണ്ട്.
വ്യാപാരികളും കൊട്ടാരത്തിലെ പ്രധാനികളുടെയുമൊക്കെ താമസിക്കുന്നിടം- ഇത്തരം വീടുകളിൽ മൺപാത്രങ്ങൾ നേരിട്ടു ചന്തയിൽ നിന്ന് നിസ്സാര വിലയിൽ കൊടുക്കുന്നതിനാൽ ചന്തു ആ പ്രദേശത്തുകൂടി പോയാലും വിൽക്കാൻ ഒരിടത്തും കയറുന്ന പതിവില്ല. അവിടെ ഇനിയും നിന്നാൽ അപകടമെന്നു തോന്നി ചന്തു ഇരുട്ടിലൂടെ തിരികെ ഓടി കടത്തിണ്ണയിലെ കുട്ടയുമെടുത്ത് വേഗത്തിൽ വീട്ടിലേക്കു നടന്നു.
അടുത്ത പ്രഭാതത്തിൽ, ചന്തു ഉണർന്നത് കൊട്ടാരത്തിലെ ഭടന്മാർ വീടിന്റെ വാതിലിൽ മുട്ടുന്നതു കേട്ടാണ്.
ചന്തു ഭയപ്പെട്ടതുതന്നെ സംഭവിച്ചിരിക്കുന്നു!
ഭടൻമാർ അവനെ പിടിച്ചുകെട്ടി കൊട്ടാരത്തിലെത്തിച്ചു.
ചന്തയിലെ കടയിൽ മോഷണം നടത്തിയ കള്ളനെ പിടിച്ചുവെന്ന് പെരുമ്പറകൊട്ടി അറിയിച്ചപ്പോൾ കൊട്ടാര മുറ്റത്ത് നടത്തുന്ന ശിക്ഷ കാണാനുള്ള സന്തോഷത്താല്‍ ആളുകൾ തടിച്ചുകൂടി.
" ഗ്രാമത്തിൽനിന്ന് ചന്തയിലെത്തിയ ഈ കള്ളന് നൂറ് ചാട്ടവാറടി കിട്ടിയേക്കും"
"ഏയ്, ഇവന് ഇനി തടവറയിൽ കഴിയാം"
പലരും അവര്‍ക്കു തോന്നിയപോലെ അടക്കം പറഞ്ഞു.
ഉടൻ, മന്ത്രിയും കുറച്ചു ഭടൻമാരും രംഗപ്രവേശം ചെയ്തു. മന്ത്രിശങ്കുണ്ണി ശിക്ഷ പ്രഖ്യാപിച്ചു -
"കള്ളൻ ചന്തുവിന് അഞ്ചു വർഷത്തെ തടവറ വാസം ഞാൻ വിധിച്ചിരിക്കുന്നു"
ചാട്ടവാറിന്റെ തുമ്പത്ത് ചന്തു പുളയുന്നതു കാണാൻ പറ്റാതെ ആളുകള്‍ നിരാശരായി.
"ഹും.. നടക്കടാ.. അങ്ങോട്ട്..”
ഭടൻമാർ ആക്രോശിച്ചു.
പെട്ടെന്ന്, ചന്തു നിലവിളിച്ചു-
"മന്ത്രിതിരുമനസ്സ് അടിയന്റെ ഒരാഗ്രഹം സാധിച്ചു തരണം. തടവറയിലേക്ക് പോകുന്നതിൽ മുൻപ് എനിക്ക് അവസാനമായി രാജാവിനെ ഒന്നു മുഖം കാണിക്കണം"
"നീ തടവറയിൽ കിടന്നു മരിക്കാനുള്ളവൻതന്നെ. അതുകൊണ്ട് നിന്റെ അന്ത്യാഭിലാഷം സാധിക്കുന്നതാണ്. രാജാവ് നിന്നെ കണ്ടാൽ ശിക്ഷ ഇനിയും കൂടിയേക്കും. പൂജ കഴിഞ്ഞ് ഇവിടെ രാജാവ് എഴുന്നെള്ളുന്നതായിരിക്കും"
ജനങ്ങൾ അതു കേട്ട് പൊട്ടിച്ചിരിച്ചു.
പൊള്ളുന്ന വെയിലത്തു നിന്ന ചന്തു വല്ലാതെ വിഷമിച്ചു. ആ സമയമത്രയും താൻ എങ്ങനെ രക്ഷപ്പെടുമെന്ന് ചന്തു തല പുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നു.
പൂജ കഴിഞ്ഞ് വൈകുന്നേരമായപ്പോൾ രാജാവും മന്ത്രിയും അങ്ങോട്ട് എഴുന്നെള്ളി. രാജാവ് പട്ടു വിരിച്ച പീഠത്തിൽ ഇരുന്നുകൊണ്ട് ചന്തുവിനോടു ചോദിച്ചു:
"ഹും.. ഒരു കള്ളനായ നിനക്ക് എന്നെ കാണണമെന്ന് പറയാൻ ലജ്ജയില്ലേ?"
"ഇല്ല, തിരുമനസ്സേ. ഒന്നാമതായി ഞാൻ കള്ളനല്ല. മാത്രമല്ല, അങ്ങ് ഒരു കള്ളനാണുതാനും"
"ധിക്കാരീ.. എന്നെ കള്ളനെന്നു വിളിച്ച നിന്റെ ശിക്ഷ എന്താണെന്ന് നിനക്കറിയാമോ?"
"അറിയാം, മഹാരാജാവേ.. പരമാവധി ശിക്ഷയായ വധശിക്ഷയിൽ കൂടുതലായി ഒന്നും ലഭിക്കില്ലെന്ന് അറിയാം. എന്നാൽ ചെയ്യാത്ത കുറ്റത്തിന് എന്റെ നാട്ടുകാരും എന്നേപ്പോലെ ചതിയിൽപെട്ട് ശിക്ഷ വാങ്ങുന്നതിന് ഒരു അവസാനം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്"
"നീ എന്നെപ്പോലും കള്ളനെന്ന് വിളിക്കുന്നു. ഹും.. കള്ളന്മാർ ഇങ്ങനെ വീമ്പിളക്കുന്നത് സാധാരണമാണ്!"
"മഹാരാജാവേ, ഞാൻ വെറുതെ പറഞ്ഞതല്ല. അങ്ങയെ കാണാൻ ഈ പൊരിവെയിലത്ത് വൈകുന്നേരംവരെ നിൽക്കുകയായിരുന്നു. എന്റെ വില പിടിച്ച സമയമാണ് രാജാവ് മോഷ്ടിച്ചത് "
"ഹ...ഹ... ഒരു കള്ളന്റെ സമയത്തിന് എന്തെങ്കിലും വിലയുണ്ടോ?"
രാജാവിന്റെ മറുപടി കേട്ട് എല്ലാവരും ആർത്തുചിരിച്ചു. എന്നാൽ, ചന്തു വിട്ടുകൊടുക്കാനുള്ള ഭാവമില്ലായിരുന്നു.
"തീർച്ചയായും. എന്റെ നിരപരാധിത്വം എത്രയും വേഗം തെളിയിച്ചിട്ടു വേണം എന്റെ വീട്ടിലെത്താൻ. ഭാര്യയും മക്കളും ഇന്നുകൂടി പട്ടിണിയിലാകുന്ന കാര്യം ഓർക്കാൻകൂടി വയ്യാ. പക്ഷേ, രാജാവ് വൈകുന്നേരം വരെ പൂജ നടത്തിയപ്പോൾ എന്റെയും കുടുംബത്തിന്റെയും സമയമാണ് യഥാർഥത്തിൽ മോഷ്ടിച്ചത്!"
ഇതുകേട്ട് എല്ലാവരും ചന്തുവിനെ പരിഹസിച്ചു.
ഇത്തവണ രാജാവു മാത്രം ചിരിച്ചില്ല. അൽപം ആലോചിച്ച ശേഷം രാജാവ് പറഞ്ഞു:
"നീയൊരു കള്ളനല്ലെങ്കിൽ നിന്റെ സമയത്തിനുപോലും ഒരു വിലയും ലക്ഷ്യവുമുണ്ട്. അങ്ങനെയെങ്കിൽ ഞാൻ ഒരു സമയക്കള്ളനായി മാറും. നിന്റെ യുക്തി ഞാൻ സമ്മതിക്കുന്നു. അതിനാൽ, നീയൊരു കള്ളനല്ലെന്നു തെളിയിക്കാൻ ഒരവസരം നിനക്കു തന്നിരിക്കുന്നു. അതിൽ പരാജയപ്പെട്ടാൽ കഴുത്തിനുമേൽ തല കാണില്ല!''
കിട്ടിയ തക്കത്തിന്, ചന്തു അതുവരെയുള്ള സംഭവങ്ങൾ പെട്ടെന്ന് രാജാവിനെ ബോധിപ്പിച്ചു. ഇതുകേട്ട് ശങ്കുണ്ണിമന്ത്രി ഞെട്ടി!
"ഇവനെങ്ങനെ മോഷണമുതൽ വച്ചിരിക്കുന്ന ഒളിസങ്കേതത്തേക്കുറിച്ച് വിവരം കിട്ടി? ഇവൻ അപകടകാരിയാണ്. ഏതുവിധേനയും ഇത് തടയണം"
മന്ത്രി ആരും കേള്‍ക്കാതെ പതിയെ പിറുപറുത്തു.
അല്പനേരം രാജാവ് ആശയക്കുഴപ്പത്തിലായി. ഉടൻതന്നെ മന്ത്രിശങ്കുണ്ണി രാജാവിനോട് അഭ്യർത്ഥിച്ചു:
"രാജാവേ, അങ്ങ് ഈ കള്ളൻ പറയുന്നതൊന്നും വിശ്വസിക്കരുതേ. ഇവന്റെ ഗ്രാമത്തിലുള്ളവരെല്ലാം കള്ളന്മാരും ദുഷ്ടന്മാരുമാണ്. അങ്ങ്, ഇവന് വധശിക്ഷ തന്നെ നൽകിയാലും "
പൊടുന്നനെ, ചന്തു ദയനീയമായി അപേക്ഷിച്ചു:
"തിരുമനസ്സേ.. എന്റെ അപേക്ഷ നിരസിക്കരുതേ... കള്ളൻമാരുടെ സങ്കേതം ഞാൻ അങ്ങയെ കാട്ടിത്തരാം. എന്റെ കൂടെ വരാൻ ദയവുണ്ടാകണം"
വെപ്രാളം പുറമേ കാട്ടാതെ വീണ്ടും മന്ത്രി സൂത്രം പ്രയോഗിച്ചു:
"മഹാരാജാവ് ഒരു കള്ളനു പിറകേ പോകുന്നത് നമ്മുടെ രാജ്യത്തിനാകെ നാണക്കേടാണ്. അതിനാൽ, ഞാനും ഭടൻമാരും ഇവൻ പറഞ്ഞ സ്ഥലത്ത് നോക്കിയിട്ടു വരാം"
"ശരിയാണ് മന്ത്രി പറഞ്ഞത്. നിങ്ങൾ വേഗം സത്യമറിഞ്ഞിട്ടു തിരികെ വരൂ"
രാജാവിന്റെ കല്പന കേട്ടതേ അവർ അങ്ങോട്ടു പാഞ്ഞു. കുറച്ചു പ്രജകളും അതിനു പിറകേ ഓടി.
ചന്തു വീണ്ടും ഭയന്നു വിറച്ചു!
മന്ത്രി തിരികെ വന്ന് അവിടെങ്ങും ഒന്നും കണ്ടില്ലെന്ന് പറഞ്ഞാൽ തന്റെ ജീവിതം അതോടെ തീർന്നു. ഞൊടിയിടയിൽ ചന്തുവിന്റെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു-
"തിരുമനസ്സേ.. അടിയനോടു പൊറുത്താലും. വധശിക്ഷയെ ഭയന്ന് ഞാൻ വെപ്രാളത്തോടെ പറഞ്ഞപ്പോൾ മോഷണസങ്കേതം മാറിപ്പോയിരിക്കുന്നു. ഇരുട്ടത്ത് അകലെ നിന്നു കണ്ടതാകയാൽ സ്ഥലം മാറിപ്പോകുമെന്ന് ഞാൻ ഭയക്കുന്നു. അതുകൊണ്ട് രാജാവുപോലും പേടിക്കുന്ന കൊള്ളസങ്കേതം ഞാൻതന്നെ കാട്ടിത്തരാം"
"ഓഹോ.. എങ്കിൽ നാം അതൊന്നു കണ്ടിട്ടു തന്നെ ഇനിയുള്ള നടപടികൾ...ഹും.. ആരവിടെ..ഇവന്റെ കയ്യിലെ കെട്ടുകള്‍ അഴിക്കൂ.. മുന്നിലുള്ള ഭടന്റെ കുതിരപ്പുറത്ത് ഇവനെയും കൂടി കയറ്റൂ.. അവൻ വഴി കാണിച്ചുകൊള്ളും"
മന്ത്രിയും ഭടൻമാരും പോയ നേർവഴിയിലൂടെ അവിടെയെത്തുമ്പോൾ വൈകുമെന്ന് ചന്തു ഭയന്നു. കലങ്ങൾ ചുമന്നുകൊണ്ട് എളുപ്പവഴിയിലൂടെ നടക്കുന്ന ശീലം ചന്തുവിന് ഇവിടെ തുണയായി.
കുറുക്കുവഴികളിലൂടെ കുതിരകൾ മാളികമുറ്റത്തെത്തിയതും; മന്ത്രിയും കൂട്ടരും വന്നതും ഒരുമിച്ച്!
രാജാവിന്റെ മുഖം കോപം കൊണ്ട് ചുവന്നു.
"എന്ത്? മന്ത്രി ശങ്കുണ്ണിയുടെ മാളികയാണോ ഈ കള്ളൻ കൊള്ളസങ്കേതമായി നമ്മെ കാട്ടിത്തന്നിരിക്കുന്നത്?"
അത് മന്ത്രിയുടെ മാളികയാണെന്ന് അറിഞ്ഞ ചന്തു ഭയന്നു വിറച്ചു. മന്ത്രിയുടെ സഹായം ഉണ്ടെങ്കിൽ കള്ളന്മാർ രക്ഷപ്പെടുകതന്നെ ചെയ്യും.
എങ്കിലും ധൈര്യം കൈവിടാതെ ചന്തു പറഞ്ഞു:
"എനിക്ക് തീർച്ചയുണ്ട്, മഹാരാജാവേ... ഇവിടെത്തന്നെയാണ് കൊള്ളമുതൽ ഒളിപ്പിച്ചിരിക്കുന്നത്"
മന്ത്രി ഉടൻതന്നെ പറഞ്ഞു-
"രാജാവേ.. എന്റെ വീടു മുഴുവൻ ഭടൻമാർ അരിച്ചുപെറുക്കട്ടെ.."
ഭടൻമാർ എല്ലാ മുറികളിലും നോക്കിയെങ്കിലും യാതൊന്നും കിട്ടിയില്ലെന്ന് രാജാവിനെ അറിയിച്ചു.
രാജാവ് കലിപൂണ്ട് അരയിലെ വാൾ എടുത്ത് ചന്തുവിനു നേരേ പിടിച്ച് അലറി-
"ഇനിയും നിനക്ക് കള്ളം പറഞ്ഞ് പിടിച്ചുനിൽക്കാൻ ശക്തിയുണ്ടോ?"
അതിനു മറുപടിയൊന്നും പറയാൻ ചന്തുവിന് ശക്തിയില്ലായിരുന്നു.
"മഹാരാജാവിനെപ്പോലും ചതിച്ച ഈ കള്ളനെ ഇനി ഒരു നിമിഷംപോലും കൊടുക്കരുത്. ഇപ്പോൾത്തന്നെ അങ്ങ് വധശിക്ഷ നടപ്പാക്കിയാലും"
മന്ത്രി ആവേശത്തോടെ പറഞ്ഞു.
എന്നാല്‍, ചന്തു അയാളെ നോക്കിയപ്പോൾ മന്ത്രി ഒന്നു പതറി. ശങ്കുണ്ണിയുടെ ശ്രദ്ധ അകത്തുള്ള ഏതോ മുറിയിലേക്കു പാളുന്നതായി ചന്തുവിന് തോന്നിയതിനാൽ-
"മഹാരാജാവേ.. മോഷണ വസ്തുക്കൾ ഈ മുറികളിൽത്തന്നെയുണ്ട്. പക്ഷേ, അത് എവിടെയെന്ന് ഞാൻതന്നെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു"
മരണവക്കിൽ നിന്നുകൊണ്ട് ചന്തുവിന്റെ പോരാട്ട വീര്യം കണ്ട് രാജാവ് അത്ഭുതപ്പെട്ടു! തുടർന്ന്, ചന്തു മാളികയുടെ ഓരോ മുറിയിലും ഓടി നടന്നു. എങ്കിലും ഒന്നും കിട്ടിയില്ല!
ചന്തുവിന്റെ സകല ധൈര്യവും ചോർന്നുപോയി.
“ഈ മാളിക മുറ്റത്ത് ഇവനുള്ള ശിക്ഷ നാം നടപ്പാക്കാന്‍ പോകുന്നു!”
രാജാവ് അട്ടഹസിച്ചപ്പോള്‍ മുറ്റത്തുള്ള പ്രജകളെല്ലാം ആര്‍ത്തുവിളിച്ചു-
“കള്ളന്‍ചന്തു തുലയട്ടെ..മഹാരാജാവ് നീണാള്‍ വാഴട്ടെ..”
തന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കിയ ചന്തു ശങ്കുണ്ണിമന്ത്രിയെ അവസാനമായി ഒരുവട്ടംകൂടി നോക്കി. എല്ലാവരുടെയും ശ്രദ്ധ രാജാവിലും കള്ളനിലും ആയതിനാല്‍ മന്ത്രി രക്ഷപ്പെട്ട ആശ്വാസത്തോടെ സ്വീകരണ മുറിയിലേക്ക് അത്യാര്‍ത്തിയോടെ എത്തിനോക്കിയ സമയമായിരുന്നു അത്.
ആ നിമിഷംതന്നെ ചന്തു അവസാനത്തെ അടവ് പുറത്തെടുത്തു!
പെട്ടെന്നാണ് അത് സംഭവിച്ചത്!
ചന്തു ഭടന്മാരെ തള്ളിമാറ്റി സ്വീകരണമുറിയിലേക്ക് ഓടിക്കയറി അലറിവിളിച്ചു-
“മന്ത്രിക്കള്ളന്റെ കള്ളമുതല്‍ ഞാന്‍ കണ്ടുപിടിച്ചേ...!”
മറ്റൊന്നും ആലോചിക്കാതെ പരിഭ്രാന്തനായ മന്ത്രി ഓടിച്ചെന്ന് നിന്നത് തറയുടെ ഒരു വശത്തുള്ള മനോഹരമായ പരവതാനിയുടെ മുകളിലായിരുന്നു. കൃത്യമായ സ്ഥലം മനസ്സിലാക്കിയ ചന്തു ഞൊടിയിടയില്‍ പരവതാനി വലിച്ചുനീക്കി. അപ്പോഴേക്കും മന്ത്രി കുഴഞ്ഞു വീണു!
തറയില്‍ നിലവറയിലേക്ക് തുറക്കുന്ന ചെറുവാതില്‍ കണ്ടു. അതിനുള്ളില്‍ സൂക്ഷിച്ചുവച്ചിരുന്ന സ്വര്‍ണവും വെള്ളിയും വൈരക്കല്ലുകളും കണ്ട് രാജാവു പോലും അമ്പരന്നു!
“ഹൊ! ഭയങ്കരം! എന്റെ ഖജനാവിനേക്കാള്‍ സമ്പത്ത് ഇവിടെയുണ്ട്. ഇതെല്ലാം കൊട്ടാരത്തിലേക്ക് സംഭരിക്കൂ...നാം ഇതിന്റെ തീര്‍പ്പ് കൊട്ടാരസദസ്സില്‍വച്ച് തീരുമാനിക്കും”
നിരവധി ചാക്കുകളില്‍ നിറച്ച നിധിയുമായി ഭടന്മാരും, കൈകള്‍ ബന്ധിച്ച നിലയില്‍ മന്ത്രിയും അനേകം പ്രജകളുടെ അകമ്പടിയോടെ കൊട്ടാരത്തിലെത്തി.
കൊട്ടാരസദസ്സില്‍-
രാജാവിന്റെ കല്പനയ്ക്കായി ആളുകള്‍ ചെവിയോര്‍ത്തു:
“സത്യത്തിനുവേണ്ടി അവസാന നിമിഷംവരെ പോരാടി നമ്മുടെ രാജ്യത്തെ ആപത്തില്‍ നിന്നും രക്ഷിച്ച ചന്തുവിനെ നാം മന്ത്രിയായി നിയമിച്ചിരിക്കുന്നു! കള്ളന്‍ശങ്കുണ്ണിയും സഹായികളും മരണംവരെ കല്‍ത്തുറുങ്കില്‍ കിടക്കട്ടെ. കൂട്ടുകള്ളന്മാരായ രണ്ടു മന്ത്രിമാര്‍ നമ്മുടെ ശത്രുരാജ്യത്തേക്ക് രക്ഷപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ തടവറയിലുള്ള നിരപരാധികളെയെല്ലാം നാം വിട്ടയയ്ക്കുകയാണ്. ഒരു രാജാവിന്റെ സമയത്തിന്റെ യഥാര്‍ഥ വില എന്നെ ബോധ്യപ്പെടുത്തിയത് ചന്തുവാണ്. ഇനിമേല്‍ മാസത്തില്‍ ഒരു ദിവസം മാത്രമേ പൂജകളും മറ്റും ഉണ്ടായിരിക്കയുള്ളൂ."
ഇതില്‍ സന്തോഷിച്ച് പ്രജകള്‍ ഒന്നാകെ ആര്‍ത്തുവിളിച്ചു-
“കള്ളന്‍ശങ്കുണ്ണി തുലയട്ടെ..”
“ചന്തു മന്ത്രി ജയിക്കട്ടെ..”
"വിക്രമരാജാവ് നീണാള്‍ വാഴട്ടെ..”
ഗുണപാഠം (Moral of the story for kids)
ഓരോ വ്യക്തിയുടെ ജീവിതത്തിലും സമയത്തിന് അതിന്റേതായ വിലയുണ്ട്. ആരും ആരുടെയും സമയം കവര്‍ന്നെടുക്കാതിരിക്കട്ടെ. സമയംകൊല്ലികളെ ഒഴിവാക്കുക. സമയത്തില്‍ കൃത്യനിഷ്ഠ പാലിച്ച് മുന്നോട്ടുള്ള നല്ല കാര്യങ്ങള്‍ക്കായി സന്ദര്‍ഭം സമ്പാദിക്കാവുന്നതാണ്.
Comments