self help malayalam ebooks
സെല്‍ഫ് ഹെല്‍പ് ഇ-ബുക്കുകള്‍
ഒരിക്കല്‍ ഞാന്‍ എറണാകുളത്തുനിന്നും ഉച്ചകഴിഞ്ഞ് 2:40-ന്റെ മെമു ട്രെയിനില്‍ കോട്ടയത്തേക്ക് മടങ്ങിയപ്പോള്‍ കണ്ട കാഴ്ചകളെക്കുറിച്ച് ചിലത് പറയട്ടെ.
ദീര്‍ഘദൂര തീവണ്ടികളില്‍ സീറ്റ് പിടിക്കാനായി അത് നില്‍ക്കുന്നതിനു മുന്നേ തന്നെ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ചിലര്‍ ശ്രമിക്കുന്നു....
ചില സ്ത്രീകള്‍ സാരി പോലുള്ള വസ്ത്രങ്ങളും ധരിച്ചു തട്ടിവീഴാന്‍ പാകത്തിന് ഓടുന്നു....
മറ്റു ചിലര്‍ ചലിക്കുന്ന ട്രെയിനിന്റെ അരികത്തുകൂടി പ്ലാറ്റ്ഫോമിലൂടെ ഫോണില്‍ മുഴുകി അലക്ഷ്യമായി നടക്കുന്നു....
ഇനി ഞാന്‍ കയറിയ ട്രെയിനില്‍ കണ്ട കാര്യങ്ങളോ?
ഓടുന്ന ട്രെയിനില്‍ വാതില്‍ക്കല്‍ നിന്നുകൊണ്ട് ഫോണില്‍ സംസാരിക്കുമ്പോള്‍ കൂറ്റന്‍ വാതില്‍ അടയുമെന്ന് ചിന്തിക്കാതെ ചിലര്‍ ദൗര്‍ഭാഗ്യം പരീക്ഷിക്കുന്നു....
തിളച്ച ചായപ്പാത്രവുമായി വരുന്നവരെ വീഴിക്കാനെന്ന പോലെ കാലും നീട്ടി ഇരിക്കുന്നവര്‍....
അഴുക്കു പുരണ്ട കാലുകള്‍ സീറ്റില്‍ ചവിട്ടി ഇരിക്കുന്നവര്‍....
ട്രെയിന്‍ശബ്ദത്തെ തോല്‍പ്പിക്കുംവിധം അച്ചടക്കമില്ലാതെ സംസാരിക്കുന്നവര്‍....
കാലിലും കയ്യിലും കഴുത്തിലും ചെവിയിലും സ്വര്‍ണം നിറച്ചു കുലുക്കി മോഷ്ടാക്കളെ വിളിച്ചു വരുത്തുന്ന കുട്ടികള്‍....
ഇതൊക്കെ നിങ്ങള്‍ സ്ഥിരമായി കാണുന്ന സാക്ഷരകേരളത്തിന്റെ രീതി തന്നെ. ഞാന്‍ പറയാന്‍ വന്നത് വാസ്തവത്തില്‍, മറ്റൊരു കാര്യമാണ്. ഭൂരിഭാഗം ആളുകളും ഫോണില്‍ വ്യാപൃതരായിരിക്കുമ്പോള്‍ എന്റെ എതിര്‍സീറ്റില്‍ ഇരിക്കുന്ന യുവതിയും യുവാവും മാത്രം ഫോണ്‍ ഉപയോഗിക്കുന്നില്ല! അവര്‍ കമിതാക്കള്‍ അല്ലെങ്കില്‍ ദമ്പതികള്‍ ആയിരിക്കാം. യുവതിയുടെ കറുത്ത ചുരീദാര്‍പോലെ ഇരുനിറമുള്ള മുഖത്തും കറുത്ത കാര്‍മേഘങ്ങള്‍ നിറഞ്ഞിരുന്നു. യുവാവ് എന്തൊക്കയോ അവളുടെ ചെവിയില്‍ പിറുപിറുക്കുന്നുണ്ട്. പക്ഷേ, വീര്‍ത്തുകെട്ടിയ മുഖത്തുനിന്നും മറുപടിയൊന്നും ഇല്ലെന്നു മാത്രം. അതേസമയം, ഞാന്‍ യാത്രയില്‍ വാങ്ങിയ മാസികയും വായിച്ച് സമയം പോയതറിഞ്ഞില്ല. കോട്ടയം അടുക്കാറായപ്പോള്‍, ആ യുവതിയുടെ പൊട്ടിക്കരച്ചില്‍ കേട്ടാണ് അങ്ങോട്ട് വീണ്ടും ശ്രദ്ധിച്ചത്. അയാള്‍ വീണ്ടും സ്വകാര്യമായി എന്തൊക്കയോ അവളോട് മന്ത്രിച്ചുകൊണ്ടിരുന്നു. ട്രെയിന്‍ വേഗം കുറച്ചപ്പോള്‍ "പോട്ടടീ...സാരമില്ല...ഞാനൊരു തമാശയ്ക്ക്..." എന്നിങ്ങനെ അവന്‍ പറയുന്നതു കേട്ടു. അതിനു പകരമായി അവള്‍ ആകെ കരഞ്ഞു പറഞ്ഞത് ഇത്ര മാത്രം- "ആ ഫോട്ടോ നെറ്റില്‍ എത്ര പേര്‍ കണ്ടുകാണും"
യാത്രക്കാര്‍ പലരും അവരെ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ യുവാവ് വല്ലാതെ വിളറി. ഉടന്‍തന്നെ കോട്ടയത്ത് ഞാന്‍ ഇറങ്ങിയതിനാല്‍ പിന്നെന്തു സംഭവിച്ചുവെന്ന് അറിയില്ല. അങ്ങനെ, പലതും ഇപ്പോള്‍ എന്റെ ചിന്തയിലേക്ക് കയറിവരികയാണ്.
മനുഷ്യന്റെ ജീവിതം സുഗമമാക്കുന്ന വളരെയധികം സാങ്കേതിക വിദ്യകള്‍ ഒരു വശത്ത് വികസിപ്പിക്കുമ്പോള്‍ മറുവശത്ത്, എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാമെന്ന് കണ്ടുപിടിച്ച് ജീവിതങ്ങളെ ദുഷിപ്പിക്കുന്നു. ലോകത്തിന്റെ ഭാവി ഇനിയും പ്രശ്നങ്ങളിലേക്ക് കൂപ്പുകുത്താന്‍ വെമ്പല്‍ കൊള്ളുകയാണ്. സമത്വം സമം അസമത്വം എന്നൊരു രാസസമവാക്യം വന്‍കിട കമ്പനികള്‍വരെ ഉണ്ടാക്കി വച്ചിരിക്കുന്നു. മൂല്യശോഷണം ആഗോള പ്രതിഭാസമായി മാറി. ധാര്‍മികത ധര്‍മമായി പോലും കൊടുക്കാന്‍ മടിക്കുന്ന കാലം. അശ്ലീലവും ആഭാസ വസ്ത്രധാരണവും അപഥ സഞ്ചാരവുമെല്ലാം ട്രെന്‍ഡ്, ഫാഷന്‍ എന്നൊക്കെ പുതുതലമുറ ധരിച്ചു വച്ചിരിക്കുന്നു!
ഇവയോടെല്ലാമുള്ള പ്രതികരണമായി എന്റെ എളിയ ശ്രമമായ മലയാളംപ്ലസ്.കോം വെബ്‌സൈറ്റില്‍ ആദ്യ പുസ്തകമായ 'മനംനിറയെ സന്തോഷം' എന്ന സെല്‍ഫ്-ഹെല്‍പ് ഇ-ബുക്ക് ഇറങ്ങി. അത് തയ്യാറാക്കാന്‍ ആറുമാസം വേണ്ടിവന്നു.
'self-help is the best help' എന്ന പഴമൊഴിയില്‍ കഴമ്പുണ്ട്. ഒരു വ്യക്തി അഭിമുഖീകരിക്കുന്ന പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും സെല്‍ഫ്-ഹെല്‍പ് പുസ്തകങ്ങള്‍ ഉത്തരം നല്‍കുന്നുണ്ട്. അങ്ങനെ, മനുഷ്യനെ മെച്ചപ്പെടുത്താന്‍ ഇവയ്ക്കുള്ള കഴിവു കൊണ്ടായിരിക്കണം 'self-improvement' എന്ന പേരിലും ഈ പുസ്തക ശാഖ അറിയപ്പെടാന്‍ കാരണമായത്. 1859-ല്‍ സാമുവേല്‍ സ്മൈല്‍സ് എഴുതിയ പുസ്തകം ഇതിന്റെ തുടക്കമായി പരിഗണിക്കപ്പെടുന്നുണ്ട്. 'motivational-inspirational' ബുക്കുകള്‍ ഇതുപോലെ സ്വയം സഹായികള്‍ തന്നെ. ഈ സൈറ്റിലെ ബുക്കുകള്‍ സ്വയം സഹായിക്കുന്ന ഒന്നായി മാറട്ടെ.
Comments