Science super facts
This 5 science super fact stories (ESP) are taken from my Malayalam eBooks collection for direct fast online reading.
നമ്മുടെ പ്രപഞ്ചത്തില്‍ അനന്തമായ രഹസ്യങ്ങള്‍ ഒളിച്ചിരിക്കുന്നു. അതിനെ അനാവരണം ചെയ്യാനുള്ള മനുഷ്യരുടെ ശ്രമമാകുന്നു ശാസ്ത്ര ഗവേഷണങ്ങള്‍. നമ്മുടെ ഇന്ത്യയും ഗവേഷണങ്ങള്‍ക്കിടയില്‍ നന്നായി മുന്നേറുന്നുണ്ട്. അതേസമയം, സോഷ്യല്‍മീഡിയ, ഇന്റര്‍നെറ്റ് വഴിയായി അനേകം പേടിപ്പിക്കുന്ന കാര്യങ്ങളും തെറ്റായവയും പ്രചരിക്കുന്നുമുണ്ട്. ശാസ്ത്ര കൗതുകങ്ങളും പ്രപഞ്ചരഹസ്യങ്ങളും മറ്റും നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ഒരു പരമ്പരയാണിത്. (Cosmology, science mystery, ESP)
1. പക്ഷികള്‍ എവിടെപ്പോകുന്നു?
പ്രായമായ പക്ഷികൾ മരിച്ചുകിടക്കുന്നത് നാം കാണാറില്ല. എന്തുകൊണ്ട്?
ഇതിന്റെ കാരണം, എന്തോ അത്ഭുത പ്രതിഭാസമെന്നും അജ്ഞാത ശക്തിയുണ്ടെന്നും അജ്ഞാതകേന്ദ്രത്തിലേക്ക് പക്ഷികള്‍ പോകുന്നുവെന്നും ചില അബദ്ധ വിശ്വാസങ്ങൾ പലരും പറയാറുണ്ട്. സോഷ്യല്‍മീഡിയയിലും ഇന്റര്‍നെറ്റിലും ഇങ്ങനെ പ്രചരിക്കുന്നുമുണ്ട്. പക്ഷേ, ശാസ്ത്ര സത്യങ്ങൾ മനസ്സിലാക്കൂ..
പ്രകൃതിയിൽ ഒരു ഫുഡ് ചെയിൻ നില നിൽക്കുന്നു. ഓരോ ജീവിയെയും ആഹാരമാക്കാനായി മറ്റുള്ള ജന്തുക്കളെ പ്രകൃതി ഏർപ്പാടാക്കിയിട്ടുണ്ട്.
പക്ഷികളെ തിന്നുന്നവർ -
മനുഷ്യൻതന്നെ അനേകം പക്ഷികളെ തിന്നും. കോഴി, താറാവ്, കാട, ഗിനിക്കോഴി, പച്ചിലക്കുടുക്ക, കൊക്ക്, കുളക്കോഴി, കാക്ക, പ്രാവ് തുടങ്ങി അനേകം.
ഇനി, പക്ഷികളെ തിന്നുന്ന മറ്റു പക്ഷികളാണ് പരുന്ത്, എറിയൻ, മൂങ്ങ, കഴുകൻ, പ്രാപ്പിടിയൻ, മുതലായവ.
ഉടുമ്പ്, പട്ടി, മുതല, പൂച്ച, പാമ്പ്, എലി, മരപ്പട്ടി, കീരി, എന്നിങ്ങനെ അനേകം ജന്തുക്കൾ പക്ഷികളെ തിന്നുന്നു.
ഈ രീതിയിൽ ഭൂരിഭാഗം പക്ഷികളും ഇരയാക്കപ്പെടുന്നു.
മറ്റുള്ളവയ്ക്ക് അപകട മരണം സംഭവിക്കുന്നു- വണ്ടിയിടി, കറന്റുകമ്പി, കീടനാശിനി, വിഷക്കായ തുടങ്ങിയവ
മിച്ചമുള്ള വയസ്സായ പക്ഷികളെയും രോഗം ബാധിച്ച പക്ഷികളെയും നമുക്കു കാണാൻ കിട്ടില്ല. പക്ഷികൾ ഒന്നു ക്ഷീണിച്ചാൽ അവയെ മറ്റുള്ളവ നോട്ടമിടുമെന്ന് പേടിച്ച് കുറ്റിക്കാടുകളിലും മരപ്പൊത്തുകളിലും ആൾപാർപ്പില്ലാത്ത സ്ഥലങ്ങളിലും പക്ഷികൾ ഒളിക്കും. അത് നമുക്ക് കാണാൻ പറ്റില്ല. അവിടിരുന്ന്, അവറ്റകള്‍ മരിക്കുന്നു അല്ലെങ്കില്‍, അവയെ മറ്റുള്ള ജന്തുക്കള്‍ ആഹാരമാക്കുന്നു.
വയ്യാത്ത കിളികൾ വെള്ളക്കെട്ട്, തോട്, പുഴ, കായൽ, കടൽ എന്നിവയിൽ മരിച്ചു വീഴാറുണ്ട്. വെള്ളം കുടിക്കാനായി പരവേശപ്പെട്ട് ഇറങ്ങുന്നവയുമുണ്ട്. അവ ഒഴുകി കടലിൽ ചെല്ലും.
കടലിനു മീതെ പറക്കുന്ന പക്ഷികളിൽ ഭൂരിഭാഗവും പറക്കുന്നതിനിടയിൽ മരിച്ചു വീഴുന്നു. ഉദാഹരണത്തിന്, കുമരകത്തിനു വരാൻ റഷ്യയിൽ നിന്നു പോരുന്ന സൈബീരിയൻ കൊക്കുകളുടെ വലിയ സംഘങ്ങളിൽ വിരലിൽ എണ്ണാവുന്നവ മാത്രം ഇവിടെ വരും. ചില വർഷം ഒന്നുപോലും എത്തില്ല. അവർ നക്ഷത്രങ്ങൾ നോക്കിയാണ് പറക്കുന്നത്. മനുഷ്യരെപ്പോലെ ഗൂഗിൾ മാപ് നോക്കാൻ ഫോൺ ഇല്ലല്ലോ.
ഇനി മറ്റൊരു കാര്യം- നാം കാണുന്ന പക്ഷികളിൽ ഏറ്റവും കൂടുതൽ കാക്കകളാണ്. അവയെല്ലാം നിരവധി കിലോമീറ്ററോളം പറന്നു നടന്ന് ഒരു പ്രദേശത്തിന്റെ പൊതു സ്വത്താണ്. നാം കാണുന്ന പറമ്പിലെ പക്ഷികൾതന്നെ മറ്റുള്ളവരുടെ പറമ്പിലും കാണുന്നു. അതു കൊണ്ട് മരിച്ചു കിടക്കാൻ വ്യാപകമായ സ്ഥലമുണ്ട്. പ്രകൃതിയിൽ നോക്കിനിന്നാൽ, മനുഷ്യനെ സന്തോഷിപ്പിക്കുന്ന ഉല്ലാസപ്പറവകളാണ് പക്ഷികൾ എന്നതിൽ സംശയമില്ല.
2. ആല്‍മരവും കൊന്നമരവും
ആല്‍മരത്തിനു കീഴില്‍ രാത്രിയില്‍ ഉറങ്ങിയാല്‍ പ്രേതബാധ ഉണ്ടാവുമോ?മനോരോഗം ഉണ്ടാകുമോ? ഇങ്ങനെ പലതരം ദോഷങ്ങള്‍ വരുമെന്ന് ചില പ്രചാരണങ്ങള്‍ കണ്ടതിനാല്‍ ഇതിലെ ശാസ്ത്ര കൗതുകം ശ്രദ്ധിക്കുക-
ഇന്ത്യയില്‍ ആല്‍മരത്തിനു വളരെയേറെ പ്രചാരം കിട്ടിയതിനാല്‍ വൃക്ഷരാജന്‍ എന്നു വിളിക്കപ്പെടുന്നു.
ശ്രീബുദ്ധന്‍, ഈ മരത്തിനു ചുവട്ടില്‍ ഇരുന്നു ധ്യാനിച്ച് ബോധോദയം കിട്ടിയതിനാല്‍ ബുദ്ധമതത്തില്‍ ആലിനു ശ്രേഷ്ഠമായ സ്ഥാനമുണ്ട്. ആല്‍മരത്തിന്റെ വേരില്‍ ബ്രഹ്മാവും, മധ്യത്തില്‍ മഹാവിഷ്ണുവും, അഗ്രത്തില്‍ പരമശിവനും കുടികൊള്ളുന്നുവെന്നു ഹിന്ദുമതവും വിശ്വസിക്കുന്നു. അതിനെ പ്രദക്ഷിണം വയ്ക്കുന്നത് പുണ്യമായി കരുതുന്നു.
ആയതിനാല്‍, പണ്ട്, കാവുകളിലും അമ്പലപ്പറമ്പ്, ക്ഷേത്രവളപ്പുകളിലും ആല്‍മരം വച്ചുപിടിപ്പിച്ചിരുന്നു. മാത്രമല്ല, കവലകളില്‍ തണല്‍മരമായും ഭാരതം മുഴുവന്‍ ഇവയെ കാണാമായിരുന്നു. ആര്യന്മാരുടെ പുണ്യവൃക്ഷമായതിനാല്‍ അരയാല്‍ എന്ന പേരു കിട്ടിയെന്നു കരുതപ്പെടുന്നു.
ഭൂമിയില്‍, ഏകദേശം അറുനൂറോളം ആല്‍മരം ഇനങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഏകദേശം നാല്‍പത്തഞ്ചു തരം ഉണ്ടെന്നു കാണാം. ഇതില്‍- അരയാല്‍, പേരാല്‍, കല്ലാല്‍, കാരാല്‍, ഇത്തിയാല്‍, ചിറ്റാല്‍, കൃഷ്ണനാല്‍ എന്നിവ പ്രധാനപ്പെട്ടവ.
ഇംഗ്ലിഷുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ബനിയകള്‍ എന്ന കച്ചവടക്കാര്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ കച്ചവടം ചെയ്യുന്നതു കണ്ട് 'ബനിയന്‍ ട്രീ' എന്ന ഇംഗ്ലീഷ് പേരും കിട്ടി. ശാസ്ത്ര നാമം - 'ഫൈക്കസ്' അതില്‍ അനേകം സ്പീഷീസ് ഉണ്ട്. (Ficus, Banyan tree)
ധാരാളം, പ്രാണവായു (ഓക്സിജന്‍) പകല്‍ സമയത്ത് ഇതിന്റെ ഇലകള്‍ പുറത്തുവിടുന്നു. അതേസമയം, രാത്രിയില്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടും. അപ്പോള്‍, അതിനു ചുവട്ടില്‍ കിടന്നുറങ്ങിയാല്‍ ആരോഗ്യത്തിനു ദോഷമാകുമെന്നു പണ്ടുള്ളവര്‍ മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനമാക്കി പറഞ്ഞത് ഇപ്പോഴത്തെ ചില ആളുകള്‍ തെറ്റിദ്ധരിക്കുകയും ചെയ്തു!
കൊന്നമരത്തെ കുറിച്ച്....
രാമായണം ആസ്പദമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ ഒരു കഥയെ (Tree mythology)കുറിച്ച് പറയട്ടെ-
'കൊന്നമരത്തിന് ആ പേര് കിട്ടാന്‍ കാരണം, ബാലിയെ വധിക്കാന്‍ ശ്രീരാമന്‍ മറഞ്ഞു നിന്ന മരമാണ് അത്!'
ഇത് തെറ്റായ വാദമാണ്. കേരളത്തിന്റെ പുഷ്പവും, തായ്‌ലൻഡിലെ ദേശീയ പുഷ്പമാണ് കാഷ്യ ഫിസ്റ്റുല (Cassia fistula)എന്ന ശാസ്ത്രീയ നാമമുള്ള കൊന്നമരം. പുരാണങ്ങളിൽ രാജ വൃക്ഷം, ദീർഘഫല, നൃപേന്ദ്ര, സ്വർണഭൂഷണ, കർണികാരം, ചതുരംഗുല എന്നിങ്ങനെ അറിയപ്പെടുന്നു.
ഇംഗ്ലീഷിൽ ഗോൾഡൻ ഷവർ ഫ്ലവർ (Golden shower flower) എന്നറിയപ്പെടുന്നു.
സംസ്കൃതത്തിൽ ആരഗ്വധം (ആരഗ് + വധം) എന്നാൽ രോഗങ്ങളെ കൊന്നത് എന്ന അർഥത്തിൽ ആയിരിക്കാം 'കൊന്നമരം' പേരു കിട്ടിയത്. കാരണം, ഒട്ടേറെ ആയുർവേദ മരുന്നുകൾക്കായി ഇതിനെ ഉപയോഗിക്കുന്നുമുണ്ട്.
രാമായണം മലയാള പരിഭാഷ കിഷ്കിന്ധാകാണ്ഡം വായിച്ചാല്‍ വൃക്ഷങ്ങളുടെ മറവിൽ നിന്ന് ശ്രീരാമൻ അമ്പെയ്തു ബാലിയെ വധിച്ചു എന്നല്ലാതെ മരത്തിന്റെ പേരൊന്നും കാണാനാവില്ല.
3. ഇ-കോളി ബാക്ടീരിയ
Escherichia Coli (E. coli) എന്ന ബാക്ടീരിയ വിഷയമാക്കി അറിഞ്ഞോ അറിയാതെയോ ചില പ്രകൃതിജീവന ഉപാസകർ തെറ്റിദ്ധാരണ പരത്തുന്നുണ്ട്-
“മനുഷ്യന്റെ വയറ്റില്‍ കിടക്കുന്ന ഇ.കോളി ബാക്ടീരിയ കുഴപ്പമില്ല. പക്ഷേ, കുടിവെള്ളത്തിലും ഭക്ഷണത്തിലും ഇതു കണ്ടാല്‍ എല്ലാവരും ബഹളമാണ്. അലോപ്പതിക്കാര്‍ ഉടനെ അതിനു ചികിത്സയും തുടങ്ങും. അതേസമയം, മലം ഉപയോഗിച്ചുള്ള ഫീക്കല്‍ ട്രീറ്റ്മെന്റ് മറുവശത്ത് അലോപ്പതിക്കാര്‍ തുടങ്ങുകയും ചെയ്തു!”
ശാസ്ത്ര സത്യം - ഇ- കോളി ബാക്ടീരിയ പല Strains - പല കൂട്ടർ മനുഷ്യ ശരീരത്തിലെ കുടലിൽ ഉണ്ട്. അതിൽ ഭൂരിഭാഗം ഇനങ്ങളും ഉപകാരികളും നിർഗുണങ്ങളും ആണ്. എന്നാൽ, അവയിൽ ഏകദേശം 6 തരം രോഗം വരുത്തുന്ന പതോജനിക് കൂട്ടരാണ്. മലിനജലം പരിശോധിക്കാനുള്ള ടെസ്റ്റിനു പോലും ഇവയുടെ സാന്നിധ്യം അളക്കുന്നു.
അപ്പോൾ നിങ്ങൾ ചിന്തിക്കും - എന്നാൽ അത് രോഗമുണ്ടാക്കില്ലേ?
ഇല്ല. കുടലിനുള്ളിൽ അവയ്ക്കു ശേഷിയില്ല. പക്ഷേ, അവ മലത്തിലൂടെ പുറത്തു പോയി വീണ്ടും മലിനജലത്തിലൂടെയും അഴുക്കു ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ ഈ 6 തരങ്ങൾ ഏതെങ്കിലും കയറിയാൽ-
മൂത്രനാളീ രോഗങ്ങൾ, വയറിളക്കം, ശ്വാസകോശ പ്രശ്നങ്ങൾ, ന്യൂമോണിയ തുടങ്ങി മരണം വരെ ഉണ്ടാക്കും. കാരണം, വെളിയിൽ വച്ച് ഈ ബാക്ടീരിയകൾക്ക് രോഗ ശക്തി കൂടുന്നു.
എന്നാല്‍, ആരോഗ്യമുള്ള ആളിന്റെ മലം,
നല്ല ബാക്ടീരിയയുടെ കോളനി ആയിരിക്കും. അത് നേരിയ അളവില്‍ ദുര്‍ബലമായ വയര്‍-കുടല്‍ ഉള്ളവര്‍ കഴിക്കുമ്പോള്‍ ആരോഗ്യമുള്ള അണുക്കളുടെ വ്യാപനം നടന്ന് വയറും കുടലും മലാശയവും മറ്റും ശുദ്ധീകരിക്കുന്നു! പല രോഗങ്ങളും കളയുന്ന മരുന്നുപോലെ പ്രവര്‍ത്തിക്കും.
4. വിറ്റാമിൻ സി
കിവിപ്പഴം, ഓറഞ്ച്, മുന്തിരി, നാരങ്ങ, കാപ്സിക്കം, നെല്ലിക്ക, പപ്പായ എന്നിവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകമാണ് അസ്കോര്‍ബിക് ആസിഡ് അഥവാ വിറ്റമിന്‍ സി. Ascorbic acid vitamin C
വെള്ളത്തില്‍ ലയിക്കുന്നതും വേവിച്ചാല്‍ നഷ്ടപ്പെടുന്നതും ആയ ജീവകമാണിത്. ആയതിനാല്‍ പ്രകൃതിയില്‍ ലഭിക്കുന്ന പഴങ്ങള്‍ നേരിട്ട് കഴിക്കുക. ഒരു ദിവസം മനുഷ്യനു വിറ്റമിന്‍ സി 45 മില്ലിഗ്രാം വേണമെന്ന് WHO നിര്‍ദേശിക്കുന്നു.
ഭൂരിഭാഗം ജീവികള്‍ക്കും പറ്റുമെങ്കിലും- മീന്‍, പക്ഷികള്‍, വവ്വാല്‍, ഗിനിപ്പന്നി, കുരങ്ങുകള്‍, മനുഷ്യര്‍ എന്നിവര്‍ക്ക് ശരീരത്തില്‍ ജീവകം സി ഉണ്ടാക്കാന്‍ പറ്റില്ല. അതിനാല്‍ ആഹാരത്തിലൂടെ കൊടുക്കണം. മത്സ്യം, മാംസം, എണ്ണകള്‍ എന്നിവയില്‍ ജീവകം സി ഇല്ല എന്നോര്‍ക്കുമല്ലോ.
ജീവകം സി -ഗുണങ്ങള്‍
1.രോഗപ്രതിരോധ ശക്തിയെ കൂട്ടുന്നു.
2. അര്‍ബുദ കോശങ്ങളെ തടയുന്നു, തളര്‍ത്തുന്നു.
3. രക്തത്തിലെ ലെഡ് കളയുന്നു.
4. അമിത രക്തസമ്മര്‍ദം, സ്ട്രോക്ക്, ഹൃദയരോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.
5. കണ്ണിന്റെ തിമിര രോഗം കുറയ്ക്കുന്നു.
6. ഇരുമ്പിന്റെ ആഗീരണം ശരീരത്തില്‍ കൂട്ടുന്നു.
6. മുറിവ് ഉണക്കുന്നു.
7. ജലദോഷ സാധ്യതയും അലര്‍ജിയും കുറയുന്നു.
8. അമിതവണ്ണം കുറച്ചു ശരീരഭാരം താഴുന്നു.
വിറ്റമിന്‍ സി-യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാകുന്നു സ്കര്‍വി. പണ്ട്, കടൽ യാത്ര നടത്തിയ ക്രിസ്റ്റഫർ കൊളംബസിനും വാസ്ക്കോഡ ഗാമയ്ക്കും ജംയിസ് കുക്കിനും ആത്മവിശ്വാസം നഷ്ടപ്പെടാനിടയായത് ഈ രോഗം മൂലമാണ്. നീണ്ട കടൽവാസകാലത്ത് കപ്പലോട്ടക്കാരെ ബാധിച്ച ഈ രോഗം മോണപഴുപ്പ്, പല്ലു കൊഴിയൽ, ആന്തരിക രക്തസ്രാവം, കഠിനമായ ക്ഷീണം, എല്ലും തോലുമായി ദാരുണമായി മരിക്കുന്ന ഈ രോഗം അവരെ ഭീതിപ്പെടുത്തി.
1747-ൽ ഡോ. ജയിംസ് ലിൻഡ് നാരങ്ങാനീരു കൊടുത്ത് ഈ രോഗം തടയാമെന്ന് തെളിയിച്ചു. 1920-ൽ ജാക് സെസിൽ ഡ്രമണ്ട് ഇതിന് വൈറ്റമിൻ 'സി' എന്ന് പേരിട്ടു. നാരങ്ങയിൽ നിന്ന് 1929-ൽ ആൽബർട്ട് സെന്റ് ജോർജി ഇതിനെ വേർതിരിച്ചു. 1933-ല്‍ 'സി' കൃത്രിമമായി നിർമ്മിക്കാൻ തുടങ്ങി.
മനുഷ്യ ശരീരത്തിൽ സുപ്രാ റീനല്‍ ഗ്ലാന്റില്‍(അഡ്രിനൽ) ഏറ്റവും കൂടുതൽ 'സി' സംഭരണം ഉള്ള ഇടമാണ്. കൂടാതെ, പിട്യൂട്ടറി, കണ്ണുകള്‍, കരള്‍, ഓവറി എന്നിവിടങ്ങളില്‍ സംഭരിക്കുന്നു.
പിരിമുറുക്കം കൂടുമ്പോള്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ സ്രവിച്ച് ശരീരം അപകടത്തിലാവുന്നു. ദേഷ്യവും പിരിമുറുക്കവും വരുമ്പോൾ തരണം ചെയ്യുവാൻ 'സി' ധാരാളം വേണം. ചില ഗവേഷകർ ഇതിനെ Missing Stress Hormone എന്ന് വിളിക്കുന്നത് വെറുതെയല്ല.
5. ഉറുമ്പുകൾ ചെറുതല്ല !
പലപ്പോഴും മനുഷ്യർ വെല്ലുവിളിക്കുമ്പോൾ പറയുന്ന കാര്യമാണ്-
" നീ എന്റെ കാൽച്ചുവട്ടിലെ ഉറുമ്പാണ് "
എന്നു വച്ചാൽ, എപ്പോൾ വേണമെങ്കിലും ചവിട്ടിയരയ്ക്കപ്പെടാമെന്ന്! എതിരാളിയെ അത്രയ്ക്കു നിസ്സാരമായി കാണുന്നുവെന്ന് അർത്ഥം.
എന്നാൽ, ഉറുമ്പിന്റെ പേര് ദുരുപയോഗം ചെയ്യാൻ മനുഷ്യന് യോഗ്യതയുണ്ടോ?
ഒന്നു പരിശോധിക്കാം -
ഉറുമ്പിന്റെ Ants characteristics colony അച്ചടക്കം ശ്രദ്ധിച്ചോ? അവർ നിരനിരയായി പണിക്കു പോകുന്നവരാണ്. അച്ചടക്കം പഠിക്കണമെങ്കിൽ മനുഷ്യർ അവരെ നോക്കണം
പ്രതിസന്ധികളെ അവർ തരണം ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ഉദാഹരണത്തിന്, ഉറുമ്പുകൾ നിരയായി പോകുന്ന വഴിയിൽ നിങ്ങൾ കൈവച്ചാൽ അവർ വഴി മാറിപ്പോകും. വേറെ തടസ്സം വച്ചാൽ ചുറ്റിക്കറങ്ങി മുന്നോട്ടു നീങ്ങും. അവർക്ക് ഇഷ്ടമുള്ള ഭക്ഷണം വച്ചിരിക്കുന്ന പ്ലാസ്റ്റിക് / പേപ്പർ കവറുകൾ കടിച്ചു മുറിക്കും. അതായത്, തടസ്സങ്ങളും പ്രതിസന്ധികളും അവർക്കു വെറും പുല്ലാണ്! എന്നാൽ, മനുഷ്യരെ നോക്കിയാലോ? ഒരു പരീക്ഷയോ, ബിസിനസ് പരാജയമോ, പ്രണയനിരാസമോ വന്നാൽ ആത്മഹത്യ ചെയ്യുന്ന ഭീരുക്കൾ!
ഇനി കഠിനാധ്വാനത്തിന്റെ കാര്യം നോക്കിയാലോ? യാതൊരു മടുപ്പുമില്ലാതെ ഭൂരിഭാഗം ഉറുമ്പുകളും അവരുടെ ഭാരത്തിന്റെ 10-50 ഇരട്ടിവരെ ചുമന്നുകൊണ്ടു പോകും! ചില വിഭാഗങ്ങൾ ഇതിലും അനേക മടങ്ങ് ചുമന്നുകൊണ്ടു പോകും. അമേരിക്കൻ ഉറുമ്പു ഗവേഷകർ ശക്തിയുള്ള ഇനം ഉറുമ്പിന്റെ ഭാരത്തിന്റെ 5000 ഇരട്ടി അതിന്റെ തലയിൽ വച്ചു കൊടുത്തപ്പോഴാണ് കഴുത്തൊടിഞ്ഞത്! മനുഷ്യർക്ക് അവരുടെ തുല്യഭാരം പോലും ചുമക്കാൻ പറ്റുന്നില്ല.
ജോലിക്കിടയില്‍ ഉറുമ്പുകള്‍ ചായ കുടിക്കാനും വാചകമടിക്കാനും പോകില്ല! നോക്കുകൂലിയും ട്രേഡ് യൂണിയനും വേണ്ട! മടി ഒട്ടും ഇല്ല.
മനുഷ്യർ- "അതു നീ ചെയ്യേണ്ട പണിയാണ്. എന്റേതല്ല" എന്നൊക്കെ പറഞ്ഞ് ജോലി ചെയ്യാൻ വിമുഖത കാട്ടുന്നു.
ഉറുമ്പുകൾ ധീരന്മാരാണ്. നമ്മുടെ കാൽചുവട്ടിലൂടെ നീങ്ങുന്ന ഉറുമ്പുകളെ വെറുതെ ശല്യം ചെയ്താൽ അവറ്റകൾ ആഞ്ഞു കടിക്കും, നാം ചവിട്ടിത്തേക്കുമെന്ന് പേടിച്ചു പിന്മാറില്ല! അതേ സമയം, മനുഷ്യർ ഒരു ജീവിതം തീരുന്നതിനിടയ്ക്ക് ആരെയൊക്കെ എന്തിനെയൊക്കെ പേടിക്കണം? പ്രതികരിക്കാനാവാതെ എവിടെയെല്ലാം പഞ്ചപുച്ഛമടക്കി നിൽക്കേണ്ടി വരുന്നു!
ഉറുമ്പുകളുടെ ആസൂത്രണ പാടവം നോക്കുക. അവർ ക്ഷാമ കാലത്തേക്ക് സാധനങ്ങൾ ഗോഡൗണിൽ സ്റ്റോക്ക് ചെയ്യും. മനുഷ്യന് ഇത്രയും ദീർഘവീക്ഷണം പലപ്പോഴും ഉണ്ടാകാറില്ല.
ഇനി ശേഖരിച്ചു വച്ചതിന്റെ പങ്കിടൽ ശേഷിയും അതിനുള്ള മനോഭാവവും ഉറുമ്പുകൾക്കു കൂടുതലാണ്. മൽസരമോ ആർത്തിയോ മടിയോ കൂടാതെ അവർ ചെയ്യുമ്പോൾ മനുഷ്യരെ നോക്കിയാൽ ആർത്തിയോടെ പണം സമ്പാദിച്ച് സ്വാർഥതയോടെ കുന്നുകൂട്ടുന്നു.
ഭൂമിയിലെ എല്ലാ ജന്തുകളുടെയും എണ്ണത്തിന്റെ നാലിലൊന്ന് ഉറുമ്പുകളാണ്. എണ്ണത്തിലും ഉറുമ്പുകൾക്കു പിറകിലാണു നാം.
ഘ്രാണശക്തിയിൽ ഉറുമ്പുകൾ നമ്മേക്കാൾ വളരെ മുന്നിലാണ്. ഒരു തരി പഞ്ചസാര കിടന്നാൽ അവ തേടി നിമിഷങ്ങൾക്കുള്ളിൽ ഉറുമ്പു കൂട്ടം എത്തും.
ഉറുമ്പുകളുടെ ടീം സ്പിരിറ്റും ടീം വർക്കും കണ്ടാൽ നാം അത്ഭുതപ്പെടുത്തും. ആരും പണി ചെയ്യാതെ പാര വച്ച് നടക്കുന്നില്ല!
ഉറുമ്പുകൾ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാറില്ല. കാരണം, അവർ സദാസമയവും കർമ്മനിരതരായി ചലിച്ചുകൊണ്ട് സ്വന്തം കാര്യത്തിൽ വ്യാപൃതരായിരിക്കുന്നു. മനുഷ്യഗണം നേരേ മറിച്ചും !
ഉറുമ്പുകള്‍ ധൃതിയില്‍ വരിവരിയായി നടന്നു നീങ്ങി മറ്റൊരു സ്ഥലത്തേക്ക് ദേശാടനം നടത്തുമ്പോള്‍ പഴമക്കാര്‍ പറയും- “മഴ വരുന്നുണ്ട്, ഉറുമ്പ് കൂടുമാറുകയാണ്" അങ്ങനെ, മണ്ണിനടിയിലെ അവരുടെ വാസസ്ഥലത്ത് വെള്ളം കയറുന്നതു മനസ്സിലാക്കുന്ന ഉറുമ്പുകള്‍ മികച്ച കാലാവസ്ഥ നിരീക്ഷകര്‍ കൂടിയാണ്.
6. യഹൂദരുടെ ബുദ്ധിശക്തി
നൊബേൽസമ്മാനം നേടിയ ആളുകളിൽ 20% യഹൂദരാണ്(ജൂതര്‍) Jews. അവർ ലോകജനതയുടെ വെറും 0.2% മാത്രമേ വരൂ. Scientist of Scientists എന്നറിയപ്പെടുന്ന ഐൻസ്റ്റീൻ ജൂതനാണ്. അദ്ദേഹത്തിന്റെ തലച്ചോര്‍, ഗവേഷണങ്ങള്‍ക്കായി പതോളജിസ്റ്റ് ഡോ.തോമസ് ഹാര്‍വെ ഗ്ലാസ് ജാറില്‍ എടുത്തു സൂക്ഷിച്ചു. ഇപ്പോള്‍, Muttar museum, USA -ല്‍ സൂക്ഷിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ തലച്ചോറില്‍ inferior parietal region 15%, മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വലുതായിരുന്നു. മാത്രമല്ല, pre-frontal cortex സങ്കീര്‍ണമായ ചുളിവുകളോടെ കാണപ്പെട്ടു. 76 വയസ്സിലെ സാധാരണക്കാരുടെ തലച്ചോറിന്റെ ജീര്‍ണതയും ചുരുക്കവും അതില്‍ കാണാനായില്ല!
Physics, Chemistry, medicine Nobel കിട്ടിയ ചില ജൂതർ-
Baeyer, Haber, Calvin, Paulberg, Hoffman, Kohn, Ehrlich, Landsteiner, Muller, Krebs, Prusinor, Nathans, Kornberg, Nirenberg, Bohr, Hertz.
ലോകജനതയിൽ 0.2% വരുന്ന യഹൂദവംശം USA- യേക്കാൾ ആളോഹരി വിജയം നൊബേൽ വിജയ കാര്യത്തിൽ നേടുന്നു.
ഇനി അമേരിക്കൻ ഐക്യനാടുകളിൽ 2.2% വരുന്ന ഈ ജനതയുടെ അവിടത്തെ നേട്ടം നോക്കുക -
പ്രശസ്തമായ കോളേജ് ഫാക്കൽറ്റി- 30%
ഐവി ലീഗ് വിദ്യാർഥികൾ - 21 %
ടൂറിങ് അവാർഡ് - 25%
അതിസമ്പന്ന വിഭാഗം -23%
ഓസ്കർ നേടിയ ഫിലിം സംവിധായകർ- 38%
അതായത്, യഹൂദർക്ക് I. Q. ലോക ശരാശരിയേക്കാൾ 20% കൂടുതലാണ്!
ജൂതരുടെ ശരാശരി IQ. 117 വരും. അതിനാൽത്തന്നെ, ലോകത്തെ ശാസ്ത്ര ഗവേഷണത്തിനു വേണ്ട ശരാശരി IQ.145-നുമേൽ അവർ പോകുന്നു.
എങ്ങനെയാണ് യഹൂദർ നേട്ടങ്ങൾ കൈവരിക്കുന്നത്?
1. ജൂത വംശം അവരുടെ വംശത്തിൽ നിന്നാണ് കഴിവതും വിവാഹം ചെയ്യുന്നത്. ബുദ്ധിയുള്ള വംശം ജീനിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.
ഉദാഹരണത്തിന്, ഫോർട്ട് കൊച്ചി-മട്ടാഞ്ചേരി യഹൂദർ വിവാഹത്തിനായി ഇസ്രയേലിലേക്കു പോകാറുണ്ട്.
2. ജൂതരുടെ ദേശീയ വിനോദം പോലെയാണ് ചെസ് കളി. അത്, ബുദ്ധിയെ ഉണർത്തുന്നു.
3. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ, സിനഗോഗിൽ Scholar Debate നടത്തുന്നത് യഹൂദ പണ്ഡിതരുടെ പരമ്പരാഗത രീതിയാണ്. തർക്കശാസ്ത്രം (dialectics) അറിവു നേടാനുള്ള മൽസരം ഉണ്ടാക്കും.
ബൈബിളിൽ, യേശു ബാലനായിരുന്നപ്പോൾ അവരുമായി തർക്കിച്ചതായി പരാമർശമുണ്ട്.
4. ഭൂരിഭാഗം ആളുകൾക്കും ഏതെങ്കിലും ഒരു കലാപ്രാവീണ്യമോ സംഗീത ഉപകരണമോ കാണും. ഏറ്റവും കൂടുതൽ വീടുകളിൽ വയലിൻ ഉണ്ട്.
5. പല ലോകരാജ്യങ്ങളിലും ജൂതവംശം ഒട്ടേറെ മത പീഢനങ്ങൾ അനുഭവിച്ചതിനാൽ അവർക്ക് വിജയിക്കണമെന്നു വാശിയുണ്ട്. ഓരോ വിജയവും തലയിൽ ഡോപമിൻ കൂടുതൽ ഉൽപാദിപ്പിച്ച് മോട്ടിവേഷൻ നൽകുന്നു. അതിനാൽ കഠിനാധ്വാനികളാണ്.
6. ശുഭാപ്തി വിശ്വാസികളാണ്. തോറ എന്ന ജൂത മത ഗ്രന്ഥത്തിലെ അനേകം നിയമങ്ങൾ അവർ പാലിക്കുന്നു.
7. Tay-sachs, Niemann-pick, Gauchers disease എന്നീ രോഗങ്ങൾ താരതമ്യേന ജൂതരിൽ കൂടുതലാണ്. അങ്ങനെ, dendrite growth കൂടാനും IQ. കൂടാനും സഹായിക്കുമത്രെ.
8. കുറഞ്ഞ രോഗ നിരക്കും രോഗാണുക്കളുടെ ആക്രമണവും കുറഞ്ഞ മരുന്നുപയോഗവും അവരെ ശക്തരാക്കുന്നു.
ഈ ലോകത്ത് ഏറ്റവും കൂടുതൽ അനുയായികൾ ഉള്ളത് ആർക്ക്?
ഏറ്റവും കൂടുതൽ ആളുകൾ ആദരിക്കുന്ന സ്ത്രീ?
ജന്മനാ യഹൂദരായിരുന്ന യേശുക്രിസ്തു, മറിയം.
Comments