മദ്യം തിന്മകളുടെ ചക്രവര്‍ത്തി
മദ്യം ഒഴിവാക്കാനുള്ള അമൂല്യമായ മലയാളം ഡിജിറ്റൽ പുസ്തകം!
This is a Malayalam eBook about the need of alcohol prohibition. Alcohol is an emperor of all evils!
Table of contents:
1. Supporting factors of alcohol
2. Chemistry of alcohol
3. Symptoms of alcoholism disease
4. The bad effects on family and society
5. Addiction
6. Disaster stories of alcohol victims
7. Action plan against drinks- prevention and prohibition
8. Great words of non-alcoholism
9. Live examples of alcohol hazard
മനുഷ്യനോളംതന്നെ പഴക്കമുള്ളവയാണ‌് അവന്റെ ദുശ്ശീലങ്ങളും തിന്മകളും. ഒരു ചെറിയ ദുശ്ശീലമെങ്കിലും പ്രകടിപ്പിക്കാതെ ജീവിക്കാനാവില്ല എന്നുള്ളതു തര്‍ക്കമറ്റ വസ്തുതയാണ‌്. ഓരോ ദിനവും പുതിയവ രംഗപ്രവേശം നടത്തുമ്പോള്‍ എണ്ണിയാലൊടുങ്ങാത്ത വിധം അതു പെരുകുകയാണെന്നു തിരിച്ചറിയേണ്ടതാണ‌്.
ഇന്നിന്റെ കിടമല്സരങ്ങളും പ്രശ്നങ്ങളും മാനസിക-ശാരീരിക പിരിമുറുക്കവും മറ്റും ഒരുവനെ ദുശ്ശീലങ്ങളിലേക്കും തിന്മകളിലേക്കും കൂട്ടിക്കൊണ്ടു പോകാന്‍ കാത്തിരിക്കുന്നു. അത്, പ്രലോഭനങ്ങളുടെ പെരുമഴയായി എല്ലായിടത്തും പെയ‌്തിറങ്ങുന്നുണ്ട്. ചില ദുശ്ശീലങ്ങള്‍ ഒരു വ്യക്തിയില്‍ത്തന്നെ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുമ്പോള്‍ മറ്റു ചിലത്, സാമൂഹികതിന്മയുടെ മാനം കൈവരിക്കുന്നു. അതിന്റെ കഷ്ടനഷ്ടങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറത്താണ‌്. ഉദാഹരണത്തിന‌്, കേവലം ഒരു മുറിയില്‍ ഒളിച്ചിരുന്നു കംപ്യൂട്ടറിലൂടെ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ക്കു സാക്ഷ്യം വഹിച്ചേക്കാം. എന്തായാലും, ദൂരവ്യാപകമായ വിപത്തുകള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള ദുഷിച്ച ചെയ‌്‌തികളെ നമ്മുടെ ലോകത്തില്‍നിന്നു തുടച്ചുനീക്കിയേ മതിയാകൂ. അതേസമയം, ഗുരുതരമല്ലാത്തവയെ അടക്കിനിര്‍ത്തുകയും വേണം. നമ്മുടെ ഇപ്പോഴുള്ള പരിമിതമായ അറിവില്‍, പ്രപഞ്ചത്തിലെ മനുഷ്യവാസമുള്ള ഒരേയൊരു സവിശേഷ സ്ഥാനമാണു ഭൂമി. അവിടെ പ്രപഞ്ചസ്രഷ്ടാവ‌് സര്‍വ്വ ജീവജാലങ്ങള്‍ക്കും അതിന്റേതായ അര്‍ഹതയും പ്രാധാന്യവും കനിഞ്ഞു നല്‍കിയിരിക്കുന്നു. അതിനാല്‍ത്തന്നെ ഭൂമിയില്‍ ദുശ്ശീലങ്ങളും സാമൂഹിക തിന്മകളും വിതയ‌്ക്കാന്‍ മനുഷ്യന‌് ഒരുതരിപോലും അവകാശമോ അധികാരമോ ഇല്ല. ഓരോ ദുശ്ശീലവും മറ്റുള്ളവരെ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിക്കുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കേണ്ടതുണ്ട്.
നമ്മിലെ ദുശ്ശീലങ്ങളുടെ ഇരിപ്പിടങ്ങള്‍ സുശ്ശീലങ്ങള്‍ ഏറ്റെടുക്കട്ടെ. ദുഷിച്ച ജീവിത രീതികള്‍ തിരിച്ചറിയാത്തവരും മന:പൂര്‍വ്വം അജ്ഞത നടിക്കുന്നവരുമുണ്ട്. അത്തരം ചെറുതും വലുതുമായവയുടെ ഉടമകള്‍ക്ക്, സ്വയം അവലോകനം നടത്താനുള്ള നിമിത്തമാണ‌് ഈ പുസ്തകം. ദുശ്ശീലത്തിന്റെ ചക്രവര്‍ത്തിയായ മദ്യത്തെ എങ്ങനെ ഒഴിവാക്കാം എന്നുള്ളതാണിവിടെ പ്രതിപാദ്യ വിഷയം. മറ്റുള്ള ദുശ്ശീലങ്ങളെ ഇനി വരാനിരിക്കുന്ന ഇ-ബുക്കുകളിലൂടെ വിശകലനം ചെയ്യാം. മദ്യാസക്തിയെ ഉന്മൂലനം ചെയ്യാനുള്ള ലളിതമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതു വായിച്ചിട്ട്, മദ്യപിക്കുന്ന ഒരാള്‍ ഒരുതുള്ളി മദ്യമെങ്കിലും കുറച്ചാല്‍ അല്ലെങ്കില്‍ അതിനുള്ള ഉള്പ്രേരകമാകുകയോ ചെയ‌്‌താല്‍ എന്റെ എളിയ ഉദ്യമം വിജയിച്ചെന്നു കരുതാമല്ലോ. അങ്ങനെ ഗുണമേന്മയേറിയ ജീവിതത്തിനും ലോകത്തിനും നാം കാരണമാകട്ടെ.
1.മദ്യം തിന്മകളുടെ ചക്രവർത്തി (supporting factors of alcohol)
ശുപാര്‍ശയില്ലാത്ത ഏതെങ്കിലും ഒരു മേഖല ഇന്ന് സങ്കല്പ്പിക്കാനാവുമോ? ഈ രംഗത്തും മദ്യം നായകനായി വിലസുന്നു. സ്ഥാനമാനങ്ങള്‍, ഉദ്യോഗം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവിടങ്ങളിലെല്ലാം മദ്യത്തിന്റെ അകമ്പടിയെ കരുതിയിരിക്കുക. സത്യസന്ധരായ ഉദ്യോഗസ്ഥരും ഇതിന്റെ കെണിയില്‍ വീഴാതെ ഉണര്‍ന്നിരിക്കുക. വെറുതെ ഒരു രസത്തിന‌് എന്നു പറഞ്ഞു ‘കുടി’ തുടങ്ങുന്നവരുണ്ട്. മറ്റൊരു കൂട്ടര്‍, ‘ഇമ്മിണി ബല്യ ആളാ’ എന്നു കാണിക്കാന്‍ ശ്രമിക്കുന്നു. മറ്റു ചിലരാകട്ടെ, സമൂഹത്തിലെ മാന്യത കാട്ടാന്‍ ലേശം മദ്യമൊക്കെ വേണം എന്നു വിചാരിക്കുന്നു. ഏതവസരവും മദ്യപിക്കാനുള്ള കുറുക്കുവഴിയാക്കുന്ന സൂത്രന്മാരും ചെയ്യുന്നത് മറ്റൊന്നല്ല; സുഖവും സന്തോഷവും ദു:ഖവുമൊക്കെ മദ്യപിക്കാന്‍ വേണ്ടിയുള്ള കാരണങ്ങളാക്കി മാറ്റി വേദിയൊരുക്കുന്നു. വൈന്‍ കുടിക്കുന്നത് കുലീനതയുടെ ലക്ഷണമായി കാണുന്നവരുണ്ട്. വീട്ടിലെ തലമൂത്ത കാരണവര്‍ ആയിരിക്കും തീന്മേശയില്‍ കുട്ടികള്‍ക്കുപോലും വൈന്‍ വിളമ്പുന്നത്.
തെങ്ങിന്‍കള്ളിലും പനങ്കള്ളിലും (എട്ടുശതമാനം) അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉള്ളത് വൈനിലാണെന്ന് (15%) ഓര്‍മ്മയുണ്ടായിരിക്കണം. അതിനാല്‍ വൈന്‍ കുടിക്കുന്നവരും മദ്യപര്‍ അല്ലാതെ കേമന്മാരല്ല. വൈന്‍ മാത്രമല്ല, ഏതു മദ്യവും ചുരുങ്ങിയ അളവില്‍ കഴിക്കുന്നവര്‍ക്ക് HDL Cholesterol-ന്റെ അളവു കൂട്ടുമെന്നത് നല്ലതുതന്നെ. പക്ഷേ, മദ്യാസക്തിക്കു മുന്നില്‍ അളവിന്റെ വ്യവസ്ഥയൊന്നും വിലപ്പോകില്ല. ചുവന്ന മുന്തിരിയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന Anti-oxidant ആയ Resveratrol മുന്തിരി ജ്യൂസിലും കിട്ടുമെന്നു പഠനങ്ങള്‍ ഇപ്പോള്‍ തെളിയിച്ചിട്ടുണ്ട്. പുരാതനകാലം മുതല്‍ വീഞ്ഞിന്റെ ഉപയോഗം ഉണ്ടായിരുന്നു. അന്നത്തെ പല പ്രധാന വ്യക്തികളും വീഞ്ഞ് കുടിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
അത് ആരോഗ്യ രക്ഷയ‌്ക്കല്ല, ലഹരിയോടുള്ള ദാഹം ആയിരുന്നു അവിടെ മുന്നിട്ടു നിന്നിരുന്നത് എന്നുവേണം മനസ്സിലാക്കാന്‍. മദ്യം വരുത്തിവയ‌്ക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു പറയുമ്പോള്‍ യുവതലമുറ ചൂണ്ടിക്കാട്ടുന്നത് സമീപത്തുള്ള കുടിയന്മാരായ വൃദ്ധന്മാരെയായിരിക്കും. അവരൊക്കെ ചെറുപ്പം മുതല്‍ മദ്യം ഉപയോഗിച്ചു തുടങ്ങിയിട്ട് യാതൊരു കുഴപ്പവുമില്ല എന്നാവും വാദം. അവര്‍ കുടിച്ചിരുന്നത് ശുദ്ധമായ തെങ്ങ്-പനയുടെ കള്ളായിരുന്നതിനാല്‍ ആല്‍ക്കഹോളിന്റെ ദൂഷ്യം മാത്രം സഹിച്ചാല്‍ മതിയായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതിയില്‍ മായം കലരാത്ത മദ്യം കിട്ടാന്‍ പ്രയാസമാണല്ലോ. സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ അവരുടെ കൂട്ടുകെട്ടില്‍നിന്നും മദ്യപിക്കുന്ന പരിപാടി സ്വീകരിക്കാനുള്ള സാധ്യത വളരെയേറെയാണ‌്. കൂട്ടുകാര്‍ നിര്‍ബന്ധിച്ചു കുടിപ്പിക്കുന്ന രീതിയുമുണ്ട്. കൌമാരപ്രായം എന്തു സാഹസികതയും പരീക്ഷിക്കുന്ന പ്രായമായതിനാല്‍ ഹോസ്റ്റല്‍ മുറിയും കൂട്ടുകാരുടെ വീടും മദ്യത്തിന്റെ ആദ്യ ഗ്ലാസ് നുകരാനുള്ള തട്ടകമായേക്കാം.
ഇതില്‍ കൂട്ടുകാര്‍ക്കിടയില്‍ കേമന്‍ ആവാനുള്ള ഒരു വാസനയും ദര്‍ശിക്കാവുന്നതാണ‌്. ബീയര്‍ കുടിച്ചാല്‍ സൗന്ദര്യം കൂടും, വണ്ണം വച്ചു ‘മാംസളന്‍’ ആകുമെന്നൊരു വിശ്വാസമുണ്ട്. അതു സത്യമാണ‌്. കാരണം, അതില്‍ സ്ത്രീഹോര്‍മോണ് ആയ എസ്ട്രോജന്‍ അടങ്ങിയിരിക്കുന്നതു കൊണ്ടാണ‌് ഇങ്ങനെ സ്ത്രൈണത സംഭവിക്കുന്നത്. മറിച്ച്, പുരുഷഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ കുറയ‌്ക്കുകയും ചെയ്യും. ഇതു ലൈംഗിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പല രാജ്യങ്ങളിലും സാധാരണയായി ചെറുതും വലുതുമായ ക്ലബ്ബുകളില്‍ മദ്യം വിളമ്പാറുണ്ട്. അത് ഏതാണ്ടൊരു പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമാണെന്നു പറയാതെ നിര്‍വ്വാഹമില്ല. ക്ലബ്ബിലെ ഏതെങ്കിലും ആണുങ്ങള്‍ കുടിക്കാതെ മാറിനിന്നാല്‍ അവരെ കൂട്ടുകാര്‍ ‘കിഴങ്ങന്‍’, ‘ബോറന്‍’, ‘കഥയില്ലാത്തവന്‍’, എന്നൊക്കെ വിളിച്ച് ഒറ്റപ്പെടുത്തുമെന്നുള്ളതുകൊണ്ടു ചിലര്‍ മനസ്സില്ലാമനസ്സോടെ മദ്യത്തിലേക്കു ചായും. പിന്നെയും വിട്ടുനില്‍ക്കുന്നവരെ കൂട്ടുകാരെല്ലാംകൂടി ഇതിലേക്ക് ഉന്തിയിടും. ഇനിയും ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഭാര്യമാര്‍ ‘സ്റ്റേറ്റസിന്റെ’ പേരും പറഞ്ഞ് മദ്യത്തിലേക്കു വലിച്ചിഴയ‌്ക്കും. പാശ്ചാത്യരാജ്യങ്ങളുടെ സംസ്കാരത്തിന്റെ കടന്നുകയറ്റം മറ്റു മേഖലകളിലെന്നപോലെ ഈ രംഗത്തും കൈവച്ചിരിക്കുന്നു. അങ്ങനെ സ്ത്രീകള്‍ മാത്രമുള്ള സംഘടനകളിലും ക്ലബ്ബുകളിലും മദ്യം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.
ഒരു വ്യക്തിയുടെ മനസ്സു ദുര്ബ്ബലമായിരിക്കുന്ന അവസരത്തില്‍; പ്രത്യേകിച്ച്, നിരാശ, പരാജയം, അപകര്‍ഷബോധം, അസമത്വം, അവഗണന, ഭയം, കോപം, വൈരാഗ്യം, വാശി എന്നിവ അനുഭവിക്കുന്ന സമയത്തൊക്കെ മദ്യത്തിന്റെ ആദ്യ പെഗ് എടുക്കാന്‍ സ്വയമായോ, കൂട്ടുകാരോ പ്രേരിപ്പിച്ചെന്നിരിക്കും. അതുമാത്രമോ, പ്രണയനൈരാശ്യം ബാധിച്ച വിദ്യാര്‍ഥികളും മറ്റും മദ്യത്തെ ആശ്രയിക്കാറുണ്ട്. പക്ഷേ, ഇവിടെ നിരാശ മാറിയാലും പതിവുശീലം മാറില്ല. മദ്യവുമായുള്ള ആജീവനാന്ത സൗഹൃദം സൃഷ്ടിക്കുന്ന ദുരവസ്ഥയായിരിക്കും ഫലം.
2- മദ്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു? (Chemistry of alcohol)
മദ്യം ഏതു തരത്തിലുള്ളതായാലും അതിലെല്ലാം അടങ്ങിയിരിക്കുന്നത് ഇതൈല്‍ ആല്‍ക്കഹോള്‍, സ്പിരിറ്റ്, എഥനോള്‍ എന്നപേരുകളിലെല്ലാം അറിയപ്പെടുന്ന ഒരു രാസസംയുക്തമാണ‌്. ഈ ആല്ക്കഹോളിന്റെ അളവു പലതരം മദ്യത്തിലും വ്യത്യസ്തമായിരിക്കും.
ബീയര്‍-6%, പന-തെങ്ങിന്‍കള്ള്-8%, വൈന്‍-15%, വിസ്കി, ജിന്‍, വോഡ്ക എന്നിവയില്‍ 40%, റം-ബ്രാന്‍ഡി തുടങ്ങിയവ 25-35%...ഇങ്ങനെ പോകുന്നു ശരാശരി വീര്യം. കുടിക്കുന്നതിന്റെ ഇരുപതു ശതമാനത്തോളം ആല്‍ക്കഹോള്‍ നേരിട്ട് രക്തത്തില്‍ കലരുന്നു. ദഹനപ്രക്രിയ ആവശ്യമില്ലാത്തതുകൊണ്ടാണ‌് ഇങ്ങനെ സംഭവിക്കുന്നത്. ബാക്കിയുള്ളത് കുടലില്‍നിന്നും Central Nervous System മുഖേന കരള്‍ ഉള്‍പ്പെടെ എല്ലാ അവയവങ്ങളിലും എത്തുന്നു.
ആല്‍ക്കഹോളിനെ കരളിനു ശരീരത്തില്‍ സംഭരിച്ചുവയ‌്ക്കാന്‍ പറ്റാത്തതുകൊണ്ട് ഇതിനെ ഓക്സീകരണം വഴി വിഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അമിതമായ മദ്യത്തെ ശരീരത്തിനു താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ സ്വയം സ്വീകരിക്കുന്ന പ്രതിരോധ മാര്ഗ്ഗമാണു ഛര്‍ദ്ദി.
രക്തത്തിലൂടെ തലച്ചോറിലെത്തുന്ന മദ്യം അവിടത്തെ സാധാരണ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും. അങ്ങനെ ഓര്‍മശക്തി കുറയുക, നാവു കുഴയുക, കേള്‍വിക്കും കാഴ്ചയ‌്‌ക്കും മങ്ങലുണ്ടാകുക എന്നിവയൊക്കെ സംഭവിക്കും. ശരീരം നേരെ നിര്‍ത്താന്‍പോലും കഴിഞ്ഞെന്നു വരില്ല. വികാരവിചാരങ്ങളുടെ വേലിയേറ്റവും വിവേചന ശക്തിയുടെ അഭാവവും മൂലം ആ വ്യക്തി പറയുന്നതും ചെയ്യുന്നതുമെല്ലാം ബോധപൂര്‍വ്വമായിരിക്കില്ല.
ഒരു മദ്യപന്റെ തലച്ചോറില്‍നിന്നും എപ്പോഴും മദ്യത്തിനുവേണ്ടി ഉള്‍വിളി ഉണ്ടായിക്കൊണ്ടിരിക്കും. അതിനെ മദ്യാസക്തി എന്നു പറയാം. രക്തവും മദ്യവും തമ്മിലുള്ള രാസപ്രവര്ത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഒരു രാസവസ്തുവാണ‌് Tetrahydroisoquinolines(TIQS).
തലച്ചോറില്‍ സ്ഥിരമായി പറ്റിപ്പിടിച്ചിരിക്കുന്ന ഇതിനെ നീക്കം ചെയ്യാനാവില്ല. ഇതാണ‌് മദ്യത്തിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹം സൃഷ്ടിക്കുന്നത്. മദ്യാസക്തി ഒരു ദുശ്ശീലം മാത്രമല്ല, ഒരു രോഗം കൂടിയാണ‌്. ലോകാരോഗ്യ സംഘടന 1951-ല്‍ മദ്യാസക്തി ഒരു രോഗമാണെന്നു പ്രഖ്യാപിച്ചു.
മദ്യാസക്തിക്കു പിന്നില്‍ പാരമ്പര്യഘടകവും പ്രവര്‍ത്തിക്കുന്നുണ്ട്. ചില കുടുംബങ്ങള്‍ തലമുറകളായി മദ്യത്തിന്റെ ‘ബ്രാന്‍ഡ് അംബാസഡര്‍’മാരാണെന്നു കാണാം.
മാത്രമല്ല, മദ്യത്തിന്റെ അന്തരീക്ഷം കണ്ടും കേട്ടും മണത്തും വളരുന്ന കുട്ടികളുടെ മനസ്സും ഇതിനെ വലിച്ചെടുക്കുന്നു. ലഭ്യമായ സാഹചര്യങ്ങളില്‍നിന്നും പലതും നാം അറിയാതെ തന്നെ തലച്ചോര്‍ സ്വീകരിക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം.
3. മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ (Symptoms of alcoholism disease)
സ്ഥിരം മദ്യപിക്കുന്ന ഒരാളിനെ പലതരം വിപത്തുകള്‍ കീഴടക്കും. ഒന്നാമതായി അയാളുടെ ആരോഗ്യമെങ്ങനെ നശിക്കുമെന്നു നോക്കാം. കാര്‍ഡിയോ മയോപ്പതി, അറിത്മിയ, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.. തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ആക്രമിച്ചേക്കാം. മദ്യത്തെ മെരുക്കാന്‍ കരള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍- ഫാറ്റി ലിവര്‍, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ഫൈബ്രോസിസ് ..എന്നിവയും പിടിപെടാനുള്ള സാധ്യതയുണ്ട്. മദ്യം കടന്നുപോകുന്ന വായും തൊണ്ടയും മുതല്‍ കരളും മാറിടവും വരെ 7 തരം കാന്‍സര്‍ ബാധിക്കാനുള്ള സാധ്യതയുണ്ട്.
പാന്‍ക്രിയാസിനെ മദ്യം പാന്‍ക്രിയാറ്റൈറ്റിസ് എന്ന രോഗത്തിലേക്ക് നയിച്ചേക്കാം. പ്രമേഹവും അള്‍സറും ഗൌട്ടും പിടിപെടാം. ആല്‍ക്കഹോള്‍ ഊര്‍ജ്ജദായകമായതിനാല്‍ വിശപ്പു കുറയുന്നതുമൂലം വേറെ ആഹാരം മദ്യപന്‍ കഴിക്കുന്നില്ല. അതുകൊണ്ട് പോഷകാഹാരക്കുറവു നേരിടും. അങ്ങനെ രോഗപ്രതിരോധ ശക്തി കുറഞ്ഞു നിലവില്‍ ഏതെങ്കിലും രോഗം ഉണ്ടെങ്കില്‍ അതു കൂടാന്‍ മദ്യം സഹായിക്കുന്നു; പുതിയവ തുടങ്ങാനും! മദ്യപനെ എളുപ്പം തിരിച്ചറിയുന്നത് അയാളുടെ തലച്ചോറിലെ മദ്യത്തിന്റെ സ്വാധീനം മൂലമാണ‌്. കൈകാലുകളും നാവും കുഴയുന്നു, പിച്ചും പേയും പുലമ്പുന്നു, ഓര്‍മയില്ല, സ്ഥലകാലബോധമില്ല.
അങ്ങനെ കാണുന്നവര്‍ക്കു പരിഹാസ കഥാപാത്രമാകുന്നു. മനുഷ്യന്റെ സര്‍വ്വകാര്യങ്ങളും ഏകോപിപ്പിക്കുന്നതും നിയ(ന്തിക്കുന്നതുമായ തലച്ചോറിനെ ഇങ്ങനെ ഉപദ്രവിച്ചാല്‍ പേടി, വിഷാദം, സംശയരോഗം, മറവിരോഗങ്ങള്‍, ആത്മഹത്യാ പ്രവണത, പല രൂപത്തിലും ഭാവത്തിലുമുള്ള വ്യക്തിത്വ വൈകല്യങ്ങള്‍... ചുരുക്കത്തില്‍, ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു അകാലചരമം പ്രാപിക്കും.
ശുദ്ധമായ ആല്‍ക്കഹോളിന്റെ ദൂഷ്യങ്ങള്‍ ഇങ്ങനെയെങ്കില്‍ വ്യാജമദ്യത്തിന്റെ പ്രത്യാഘാതം എന്തായിരിക്കും?വ്യാജമദ്യമുണ്ടാക്കുന്നതിന‌് ഉപയോഗിക്കുന്ന മെഥനോള്‍, ഡയാസെപം, സിലിക്കന്‍ പേസ്റ്റ്, അമോണിയം ക്ലോറൈഡ്, സാഖറിന്‍, പലതരം കീടനാശിനികള്‍... ഭീകരമായ പാര്‍ശ്വഫലങ്ങള്‍... അതിന്റെയൊക്കെ അളവുകൂടിയ സന്ദര്‍ഭങ്ങളിലാണു വ്യാജമദ്യദുരന്തങ്ങള്‍ ഉണ്ടായിട്ടുള്ളത്.
എത്ര വിലകൂട്ടിയാലും മദ്യം ജനങ്ങള്‍ വാങ്ങുമെന്നുള്ളതുകൊണ്ട് പല രാജ്യങ്ങളും ഇതിന്റെ വിലയും നികുതിയും മറ്റും തുടരെ വര്‍ദ്ധിപ്പിക്കുന്നു, ആര്‍ക്കും ഒരു പരാതിയുമില്ല.
തന്മൂലം അവിടെ മദ്യപന്റെ കുടുംബം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടും. മദ്യം വരുത്തുന്ന രോഗങ്ങളും അപകടങ്ങളും ജോലിനഷ്ടവും മൂലം ഉണ്ടാകുന്ന പണനഷ്ടവും വേറെ വരും. അങ്ങനെ കടം കയറി വീടിനെ ചുറ്റിവരിഞ്ഞു കിടപ്പാടം പോലും പോകുന്ന അവസ്ഥയില്‍ കേരളത്തില്‍ ഒട്ടേറെ ആത്മഹത്യകളും അത്തരം ശ്രമങ്ങളും നടന്നിട്ടുണ്ട്. മദ്യലഹരിയില്‍ വീട്ടിലും നാട്ടിലും വഴക്കുണ്ടാക്കുക, കൊലപാതകം, വാഹനാപകടം, മോഷണം, അശ്ലീല പ്രവൃത്തികള്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിത്യസംഭവങ്ങളായിരിക്കുന്നു.
4. മദ്യാഭ്യാസം (The bad effects on family and society)
ഉഴവൂര്‍നിന്നും പാലായിലേക്കുള്ള വഴിയിലൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു മനോജ്. റോഡ് മോശമായിരുന്നതിനാല്‍ സാവധാനമായിരുന്നു യാത്ര. കുറെ ദൂരം പിന്നിട്ടപ്പോള്‍, പാതയോരത്തുള്ള ഒരു റബര്‍മരത്തില്‍ കെട്ടിപ്പിടിച്ച്, അതിന്റെ ചുവട്ടിലിരുന്ന് ഒരാള്‍ കരയുന്നു!
അതു നോക്കിയിട്ട് അതുവഴി പോയ ചിലരാകട്ടെ, ചിരിച്ചുകൊണ്ടു നടന്നുപോയി. അതിനാല്‍ എന്തോ പന്തികേട് തോന്നിയിട്ടാവണം മനോജ് അയാളോടൊന്നും ചോദിക്കാതെ മുന്നോട്ടുപോയി. അല്പദൂരം ചെന്നപ്പോള്‍ ചെറിയൊരു കവല. അവിടത്തെ ഒരു ചായക്കടയിലേക്ക് മനോജ് കയറി. ദിവസവും നാലു ഗ്ലാസ്സ് ചായയെങ്കിലും കുടിക്കുന്നത് അവന്റെ പതിവാണ‌്, സ്ഥലവും സന്ദര്‍ഭവുമൊന്നും നോക്കാറുമില്ല.
ചായ കൊണ്ടുവന്ന ചേട്ടനോടു വഴിയില്‍ കണ്ട മനുഷ്യന്റെ കാര്യം മനോജ് ചോദിച്ചു. അയാള്‍ പറഞ്ഞു:
“ആ റബര്‍തോട്ടം ഇന്നലെ വരെ അയാളുടെയായിരുന്നു. കുടിപ്പിച്ച് കുടിപ്പിച്ച് നിസ്സാര വിലയ‌്ക്കാണ‌് വീടും പറമ്പും ഇവിടെത്തന്നെയുള്ള ഒരുത്തന്‍ തട്ടിയെടുത്തത്. കിട്ടിയതുകൊണ്ട് എവിടെങ്കിലും കിടപ്പാടം മേടിക്കുമെന്ന് ആര്‍ക്കറിയാം? പാലായിലെ ഏതോ പ്രൈവറ്റ് കമ്പനിയില്‍ തരക്കേടില്ലാത്ത ജോലിയും കുടിച്ചു നശിപ്പിച്ചു. ഭാര്യയാണെങ്കില്‍ ശുദ്ധ പാവമാ, ഒരു പെണ്കൊച്ചുള്ളത് ഏഴാം ക്ലാസ്സില്‍ എന്റെ മോളുടെ കൂടെയാ പഠിക്കുന്നത്. ഈ കുടിയന്റെ ബഹളത്തിനിടയിലും അവള്‍ ക്ലാസ്സില്‍ ഒന്നാമതാ..”
അയാള്‍ പറഞ്ഞുനിര്‍ത്തിയിട്ട് അകത്തേക്കു പോയി.
ആ കുടുംബം അവിടെനിന്നു പോയിട്ടു വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിരിക്കുന്നു. കിടപ്പാടം പോയ മനുഷ്യന്‍ പശ്ചാത്തപിച്ചു കുടിനിര്‍ത്തിയെന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ അവര്‍ക്കു തെറ്റി.
അയാള്‍ മദ്യത്തില്‍ വെള്ളത്തിനുപകരം പശ്ചാത്താപമൊഴിച്ചു കുടിക്കുന്നു. ആ സ്ഥലം കബളിപ്പിച്ചു നേടിയവന്‍ നശിച്ചുപോയെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കും തെറ്റി.
ദൈവാനുഗ്രഹം? അല്ല, പിശാചാനുഗ്രഹംകൊണ്ട് സുഖമായി കഴിയുന്നു! എന്തായാലും, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലുള്ള ഒരു എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളികളാണു ആ കുടുംബത്തിലെ മൂവരും. മിടുക്കിയായിരുന്ന കുട്ടിക്ക് സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ വീട്ടിലെ പട്ടിണി അനുവദിച്ചില്ല. കിട്ടുന്ന കൂലിക്കു മുഴുവനും മദ്യപിക്കുന്ന ഗൃഹനാഥനായതിനാല്‍ മറ്റു വഴികളൊന്നും അവര്‍ക്കുമുന്നില്‍ തെളിഞ്ഞതുമില്ല. ഇതുപോലെ മദ്യപര്‍ അനേകം കദനകഥകള്‍ കേരളത്തിനു സമ്മാനിച്ചിട്ടുണ്ട്.
കൂട്ടുകാരെ വിളിച്ചുവരുത്തി വീട്ടില്‍വച്ച് മദ്യം കഴിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്ന പരിപാടിയാണ‌്. മദ്യപരെ വീട്ടില്‍ കൊണ്ടുചെന്നു സഹായിക്കുന്നവരും ഇങ്ങനെ തന്നെ. ഈ രണ്ടുകൂട്ടരും പലതരം പരാക്രമങ്ങള്‍ അത്തരം കുടുംബങ്ങളില്‍ കാട്ടിക്കൂട്ടിയിട്ടുണ്ട്. അതിനുപുറമേ, മദ്യപരുടെ കുടുംബത്തെ സഹായിക്കാനായി എത്തുന്ന ചിലരുണ്ട്, ക്രമേണ ‘വീട്ടുഭരണം’ അവരുടെ കയ്യിലാകും.
മദ്യപിച്ചു ലക്കുകെട്ട്, കൂത്താടിനടക്കുന്ന കുടുംബനായകന്‍ വീട്ടിലുള്ളപ്പോള്‍ അവന്റെ ഭാര്യയും കുട്ടികളും തെറ്റുകളിലേക്ക് പോയാല്‍ അവരെ ചോദ്യം ചെയ്യാന്‍പോലും അയാള്‍ക്കു കഴിയാറില്ല. കുടുംബ സന്തോഷം തല്ലിക്കെടുത്തി പിഞ്ചിപ്പോയ പഴന്തുണികണക്കെ നിരവധി കുടുംബജീവിതങ്ങള്‍ കീറിപ്പറിഞ്ഞുപോകുന്നു.
മദ്യശാലയില്‍നിന്നു നല്ലതുപോലെ മോന്തിയിട്ട് ഡ്രൈവിംഗ്സീറ്റിലേക്ക് കയറിയിരിക്കാന്‍ പാടുപെടുന്ന ഒത്തിരി സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അങ്ങനെ വാഹനാപകടങ്ങളില്‍ മുഖ്യപങ്കും മദ്യപരുടെ ചെയ‌്തികളാണ‌്.
5. എങ്ങനെ മദ്യാസക്തി തടയാം? (Alcohol addiction)
പ്രശസ്തമായ ഒരു ചൈനീസ് പഴമൊഴിയുണ്ട്- "ഒരു വലിയ യാത്ര ആരംഭിക്കുന്നത് ആദ്യം വയ‌്ക്കുന്ന ചുവടുവയ‌്പില്‍നിന്നാണെന്ന്!"
മദ്യത്തിലെ ദുരിതയാത്രയും മറ്റൊന്നല്ല; ജീവിതത്തിലെ ആദ്യഗ്ലാസ് മദ്യം ഒഴിവാക്കുക എന്നതാണ‌് മദ്യാസക്തി തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം!
കടുത്ത മദ്യപരെ ലഹരിവിമുക്ത കേ(ന്ദത്തിലും ആശുപത്രിയിലുമൊക്കെ കിടത്തി ചികില്‍സിച്ചതിനുശേഷം പുറത്തുവരുമ്പോള്‍ അവരുടെ സ്വഭാവരീതികളില്‍ പ്രകടമായ മാറ്റം കാണാറുണ്ട്. ഉറക്കംതൂങ്ങികളും റോബട്ടുകളെപ്പോലെ വിചിത്രമായി പെരുമാറുന്നവരും; എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയാന്‍ വൈകുന്നവരുമൊക്കെയുണ്ട്. കാരണം, ഇതിനുവേണ്ടിയുള്ള മരുന്നുകളെല്ലാംതന്നെ തലച്ചോറിനെ സ്വാധീനിക്കുന്നവയാണ‌്. ഇന്നത്തെ നിലയില്‍ മദ്യാസക്തിക്കു പൂര്‍ണ്ണമായ ഒരു ചികിത്സയില്ലെന്നു വേണം കരുതാന്‍. സാഹചര്യം കിട്ടിയാല്‍ ‘കുടിജീവിതം’ പിന്നെയും തുടങ്ങും. പഴയ കൂട്ടുകാരൊക്കെ പിന്നെയും മദ്യപിക്കാന്‍ പ്രേരിപ്പിച്ചെന്നിരിക്കും. അതുകൊണ്ട്, താമസിക്കുന്ന സ്ഥലം മാറുന്നതു ബുദ്ധിപരമായ തീരുമാനമായിരിക്കും.
ചില ആകസ്മിക സംഭവങ്ങള്‍ മനസ്സിലുണ്ടാക്കുന്ന ആഘാതങ്ങള്‍ മദ്യത്തോടു പൂര്‍ണ്ണമായി വിടപറയാന്‍ ഇടയാക്കിയേക്കാം. അത്തരം ഒരു സംഭവത്തിലേക്ക്:
കിടങ്ങൂര്‍സ്വദേശിയായ സുരേഷ് നല്ലവണ്ണം മദ്യപിച്ചിട്ടായിരുന്നു ജീപ്പോടിച്ചിരുന്നത്. പലയിടങ്ങളിലും കയറി വീണ്ടും മദ്യപിച്ചു സന്ധ്യമയങ്ങിയപ്പോള്‍ വാഹനം ചേട്ടന്റെ വീട്ടിലേക്കുള്ള കയറ്റം കയറി മുറ്റത്തുചെന്നുനിന്നു.
പന്തു നന്നായി കാണാന്‍ പറ്റാതിരുന്നിട്ടും കുട്ടികള്‍ അപ്പോഴും അവിടെ പന്തു കളിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ‌് അവരുടെ പന്ത് ഇറക്കത്തിലേക്ക് ഉരുണ്ടുപോയത്. അതെടുക്കാന്‍ രണ്ടു കുട്ടികള്‍ താഴെ തിരയാന്‍ തുടങ്ങി.
അപ്പോഴും സുരേഷ് ജീപ്പില്‍നിന്ന് ഇറങ്ങാതെ ആരോടോ സെല്‍ഫോണില്‍ കുഴഞ്ഞു സംസാരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണത് സംഭവിച്ചത്! നിര്‍ത്തിയിട്ട ജീപ്പ് പിറകിലേക്ക് ഉരുളാന്‍ തുടങ്ങി. മദ്യലഹരിയില്‍ ആദ്യമൊന്നും അയാള്‍ക്ക് അതു മനസ്സിലായില്ല.
കുട്ടികളുടെ നിലവിളിയും ചേട്ടത്തിയുടെ അലര്‍ച്ചയും കേട്ട് ഞെട്ടിയപ്പോള്‍ വളയത്തില്‍നിന്നും പിടിവിട്ട് അയാള്‍ വലത്ത് താഴത്തെ പറമ്പിലെ പൊട്ടക്കിണറ്റിലേക്കു തെറിച്ചുവീണു.
ഈ സമയം, ജീപ് താഴെയുള്ള തിട്ടയില്‍ ഇടിച്ചു തകര്‍ന്നു. കൂട്ടനിലവിളിയും ബഹളവും മറ്റും കേട്ടപ്പോള്‍ സുരേഷ് വിചാരിച്ചത് ജീപ്പിനടിയില്‍ കുട്ടികള്‍ മരണപ്പെട്ടുവെന്നാണ‌്! പകുതിമൂടിയ പൊട്ടക്കിണറ്റില്‍ പേടിച്ച് രണ്ടു മണിക്കൂറോളം ഒളിച്ചിരുന്നതിനു ശേഷമാണ‌് നാട്ടുകാര്‍ അവനെ കണ്ടെത്തിയത്. ഇങ്ങനെ,അപകടം നടന്നിട്ടുള്ള നിരവധി ഡ്രൈവര്‍മാര്‍ കുറ്റബോധംകൊണ്ട് മദ്യത്തോടു വിടപറഞ്ഞിട്ടുണ്ട്.
മദ്യപിച്ചുകിടന്ന സമയത്ത്, കുട്ടികള്‍ക്കും മറ്റും മതിയായ ചികില്‍സ തേടുന്നതില്‍ അനാസ്ഥ മൂലം മരണം വന്നിടത്തും മദ്യത്തെ വെറുത്തവരുണ്ട്. എങ്കിലും, മദ്യപരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, ഇതൊക്കെ തീരെ ചെറിയ സംഖ്യകള്‍ മാത്രം. ഏറ്റവും പ്രധാനം, അടുത്ത തലമുറയെ ഈ വിപത്തില്‍നിന്നും രക്ഷിക്കുന്നതാണ‌്. മദ്യപരുടെ നാലഞ്ചു തലമുറകള്‍വരെ ഇതിലേക്കു വഴുതിവീഴാനുള്ള പാരമ്പര്യഘടകം പേറുന്നവരായിരിക്കും.
അവിടെ മദ്യത്തിനു പിടികൊടുക്കാതെ മികച്ച പ്രതിരോധം കെട്ടിപ്പടുക്കണം. മാതാപിതാക്കള്‍ കുട്ടികളുടെ കൂട്ടുകാരെ അറിഞ്ഞിരിക്കണം.
മദ്യത്തിന്റെ പേരുകളും ബന്ധമുള്ള കാര്യങ്ങളും തമാശയായിപ്പോലും പ്രചരിപ്പിക്കരുത്. പ്രശസ്തരൊന്നും ഇതിനായി വരാതിരിക്കട്ടെ. സിനിമകളിലും സീരിയലുകളിലും നായകന്‍ മദ്യപിച്ചു സാഹസിക പ്രവൃത്തികള്‍ചെയ്യുന്നതു കുട്ടികളും യുവാക്കളും മഹാകാര്യമായി വിചാരിക്കും. ടിവി-സിനിമാ സ്ക്രീനില്‍ ‘നിയമപ്രകാരമുള്ള മുന്നറിയിപ്പ്’ വായിക്കാന്‍പോലും പറ്റാത്ത വിധത്തിലായിരിക്കും എഴുതിയിരിക്കുന്നത്! അല്ലെങ്കിലും പ്രേക്ഷകര്‍ ആവേശം പൂണ്ടിരിക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാറില്ല. മദ്യവിപത്ത് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ചാര്‍ട്ടുകള്‍,പ്രോജക്റ്റുകള്‍ എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട നവീന ആശയങ്ങള്‍ വരട്ടെ.
മദ്യവിരുദ്ധ സെമിനാറുകള്‍, പ്രസംഗ-ക്വിസ് മത്സരങ്ങള്‍, സര്‍വേ, അഭിപ്രായ വോട്ടെടുപ്പുകള്‍, കൌണ്‍സിലിംഗ് എന്നിവയൊക്കെ പ്രയോജനപ്പെടുത്താം.
ഇപ്പോള്‍ മദ്യശീലം തുടങ്ങുന്ന പ്രായം 13-14 വയസ്സിലേക്ക് താണിരിക്കുന്നു. തീന്മേശയില്‍ വൈന്‍ വിളമ്പുന്ന ശീലം അവരെ ഭാവിയില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ആവശ്യപ്പെടുന്ന തലച്ചോറിന്റെ ഉടമകളാക്കും. കുട്ടികള്‍ ബീയര്‍ ഉപയോഗിക്കുന്നതിലും ഇതേ അപകടമുണ്ടെന്നു മാതാപിതാക്കള്‍ അറിഞ്ഞിരിക്കുക.
ദൈവവിശ്വാസവും ദൈവഭയവും ആത്മീയ ചുറ്റുപാടുകളും തരുന്ന മനക്കരുത്ത് മദ്യത്തെ തടഞ്ഞേക്കാം. ദൈവത്തില്‍ തുണ കണ്ടെത്തുന്ന മനോഭാവം, മദ്യത്തിന്റെ തുണ തേടില്ലെന്നു വിശ്വസിക്കാവുന്നതാണ‌്. അതേസമയം, ആള്‍ദൈവങ്ങളെയും ‘അത്ഭുതമരുന്നു’കളുമായി നടക്കുന്ന മുറിവൈദ്യന്മാരെയും ഒഴിവാക്കുക.
6- മദ്യത്തെ പ്രതിരോധിക്കുക ( Disaster stories of alcohol victims)
'എണ്ണയ‌്‌ക്കു പകരം ഭക്ഷണം’,‘ജോലിക്കു പകരം ഭക്ഷണം’ എന്നിവയൊക്കെ ലോകത്തു നടപ്പിലാക്കിയ പദ്ധതികളാണ‌്. എന്നാല്‍,‘കൂലിക്കു പകരം മദ്യം’എന്നൊരു രീതി നമ്മുടെ നാട്ടിലുണ്ട്.
അതായത്, മദ്യത്തിന്റെ പേരുപറഞ്ഞ് നന്നായി പണിയെടുപ്പിച്ച ശേഷം, വൈകുന്നേരം കുറച്ചു മദ്യം കൂലിയായി കൊടുക്കും, കുടിക്കുന്നവനു സംതൃപ്തിയും കൊടുക്കുന്നവനു ലാഭവും! വീടുകളിലെ ചടങ്ങുകളിലും രാഷ്ട്രീയ സമ്മേളനത്തിനുംവരെ ഈ അന്യായ പ്രവൃത്തിയെ ആരും പോഷിപ്പിക്കാതിരിക്കട്ടെ.
പന്തയം, വാഗ്ദാനം, സമ്മാനം എന്നിവയായി മദ്യത്തെ എഴുന്നെള്ളിക്കരുത്. പകരം ആരോഗ്യകരമായ കാര്യങ്ങള്‍ ഇവിടെ സുലഭമാണല്ലോ. അന്യരാജ്യങ്ങളില്‍ നടക്കുന്ന ക്രിക്കറ്റ്-ഫുട്ബോള്‍ മത്സരം മുതല്‍ ഇവിടെ നടക്കുന്ന നാടന്‍ പന്തുകളിക്കു വരെ ‘കുപ്പി പൊട്ടിച്ച്’ ആഘോഷിക്കും.
ചെറിയ അളവില്‍പോലും മദ്യം ഉപയോഗിക്കുന്നുവെന്ന് വിവരം കിട്ടിയാല്‍ പ്രണയിക്കുന്നവനെ അല്ലെങ്കില്‍ വിവാഹം ആലോചിക്കുന്നവനെ പതിയെ ഒഴിവാക്കുന്നതായിരിക്കും ഒരു പെണ്ണിന്റെ ഭാവിക്കു നല്ലത്. മറ്റു ചിലരാകട്ടെ, വിവാഹം കഴിഞ്ഞു ബീയര്‍, വൈന്‍, മറ്റു മദ്യങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനു തുടക്കമിടുമ്പോള്‍-
“ലേശം കുടിച്ചോ"
“ആണുങ്ങളായാല്‍ കുറച്ചൊക്കെ ആവാം"
“വീട്ടിലിരുന്നു കുടിക്കാം"
ഇത്തരത്തിലുള്ള അനുവാദങ്ങള്‍ ഒരു ഭാര്യയും കൊടുക്കരുത്.
7. Action plan against drinks- prevention and prohibition
നല്ല ഹോബികള്‍ ശീലമാക്കുക. എന്നും രാവിലെ വ്യായാമം ചെയ്യുന്നത് ന്യൂറോട്രാന്‍സ്മിറ്റര്‍ ‘എന്‍ഡോര്ഫിന്‍’ ഉണ്ടാക്കി ശരീരത്തെയും മനസ്സിനെയും ഉന്മേഷത്തില്‍ നിര്‍ത്തുമ്പോള്‍ മദ്യത്തിന്റെ ഉന്മാദം ഒരുപാടു വേണ്ടിവരില്ല.
മനസ്സ് മടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ കൊടുക്കണം. നല്ല ഹോബികള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ അതൊരു ലഹരിപോലെ പ്രവര്‍ത്തിക്കും.
ഓരോ ദിനവും ഇടവേള കിട്ടാത്ത രീതിയില്‍- അതായത്, മദ്യപിക്കാന്‍ പോകാന്‍ സമയവും അത്തരം ആലോചനയും ലഭിക്കാത്ത വിധത്തില്‍ ഒന്നില്‍നിന്നു മറ്റൊന്നിലേക്കു ജോലികള്‍ തെന്നി നീങ്ങട്ടെ.
മദ്യനിരോധനം എന്നത് കേരളത്തിനുമുന്‍പേ, പല രാജ്യങ്ങളും പയറ്റിനോക്കിയിട്ടുള്ളതാണ‌്; പക്ഷേ, അവിടെയൊക്കെ ഫലം വിപരീതമായിരുന്നു. മദ്യം ഉപയോഗിച്ചിരുന്നവര്‍ മയക്കുമരുന്നിലേക്കു തിരിഞ്ഞുവെന്നു മാത്രമല്ല, വ്യാജമദ്യവും അധോലോകവും പെരുകി. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനുമുന്‍പ്, ലോകരാജ്യങ്ങളുടെ ഇതുമായി ബന്ധപ്പെട്ട മികച്ച ഗവേഷണഫലങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്.
8. മഹത്തായ വചനങ്ങള്‍: (Great words of non-alcoholism)
"മദ്യം യമലോകത്തിലേക്കുള്ള മോട്ടോറിന്റെ പെട്രോള്‍”(ഉള്ളൂര്‍)
“മദ്യം അതിന്റെ സ്ഥലത്തു നല്ലതാണ‌്. പക്ഷേ, നരകമാണ‌് അതിന്റെ സ്ഥലം ”
(ജോണ്‍ ബില്ലിംഗ്സ്)
“മദ്യപിക്കുന്നത് എന്നു ജനങ്ങള്‍ ഉപേക്ഷിക്കുന്നുവോ, അന്നേ ദാരിദ്ര്യം ഇല്ലാതാകൂ"(മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്)
“മദ്യപന്‍ വിസ്കിക്കുപ്പി പോലെയാണ‌്_കഴുത്തും വയറും മാത്രം, തലയൊട്ടുമില്ല ” (അജ്ഞാതനാമാവ‌്)
“മദ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ദുര്‍ഭൂതമേ, നിനക്കു മറ്റു പേര്‍ ഒന്നുമില്ലെങ്കില്‍ ഞാന്‍ നിന്നെ ചെകുത്താന്‍ എന്നുവിളിക്കാം" (ഷേക്സ്പിയര്‍)
“മദ്യം വിഷമാണ‌്_അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് ” (ശ്രീനാരായണ ഗുരു)
“മദ്യസംസ്കാരത്തിന്റെ അനന്തരഫലമാണു ശവസംസ്കാരം ” (സുകുമാര്‍ അഴീക്കോട്)
9. മദ്യത്തിന്റെ ദുരിതകഥകള്‍ (Live examples of alcohol hazard)
പലയിടങ്ങളില്‍നിന്നു കണ്ടും കേട്ടും നിങ്ങളുടെ കണ്ണും കാതും തഴമ്പിച്ചുകാണുമായിരിക്കും. പക്ഷേ, ഈ ഭൂഗോളത്തില്‍, അത് വരുത്തിയ നാശനഷ്ടങ്ങള്‍, ദുരന്തങ്ങള്‍, ഇപ്പോഴും വരുത്തിക്കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍...എന്നിവയൊക്കെ നമ്മുടെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ എത്ര കണ്ടാലും കേട്ടാലും ഒന്നും അധികമാവില്ല. ഇവിടെ പറയുന്ന കാര്യങ്ങളെല്ലാം സംഭവകഥകള്‍ ആണെങ്കിലും പേരും സ്ഥലവും യഥാര്‍ത്ഥമല്ല.
A) മനോജിന്റെ ഒളിച്ചോട്ടം (Stories about the victims of drinks)
ഏറണാകുളത്ത്, സാമാന്യം നല്ല തിരക്കുള്ള ബിസിനസ്സ് നടത്തിവരികയായിരുന്നു മനോജ്. അത്യാഡംബരജീവിതം എല്ലാ മേഖലയിലും നയിച്ചുപോന്നിരുന്ന അയാളുടെ അരക്കോടിരൂപയുടെ കാര്‍ നോക്കി ആണ്‍സുഹൃത്തുക്കള്‍ അസൂയ പൂണ്ടപ്പോള്‍, പെണ്സുഹൃത്തുക്കളാവട്ടെ, ഭാര്യയുടെ 'പളപളാ'ന്നു മിന്നുന്ന സില്‍ക്ക്സാരികള്‍ കണ്ടു കുശുമ്പുകുത്തി പിറുപിറുത്തു. പണത്തിന്റെ പ്രഭാവം കണ്ട് അദ്ദേഹത്തെ ചില മുന്തിയ ക്ലബ്ബുകള്‍ മാടിവിളിച്ചത് തികച്ചും സ്വഭാവികമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
അവിടൊക്കെ ആദ്യമാദ്യം ചെസ്സുകളിയും ചീട്ടുകളിയും മറ്റും ആയിരുന്നെങ്കിലും ക്രമേണ മദ്യത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ മനോജിന്റെ പതനം തുടങ്ങുകയായിരുന്നു. മദ്യം ആധിപത്യം സ്ഥാപിച്ചപ്പോള്‍ കച്ചവടത്തിലുള്ള ശ്രദ്ധ കുറഞ്ഞു. ആ സമയത്ത്, ബിസിനസ്സ് എതിരാളികള്‍ മികച്ച ജനശ്രദ്ധ നേടി ആഞ്ഞുവീശിയപ്പോള്‍ അയാള്‍ കടത്തിലായി. ഒട്ടേറെ സുഹൃത്തുക്കള്‍ അയാള്‍ക്കുണ്ടായിരുന്നെങ്കിലും ഒരുവനും തിരിഞ്ഞുനോക്കിയില്ല. എല്ലാ വാതിലുകളും തനിക്കു മുന്‍പില്‍ കൊട്ടിയടച്ചത് നിസ്സഹായനായി നോക്കിനിന്നെങ്കിലും ചില സൗജന്യ ഉപദേശങ്ങള്‍ കിട്ടിയില്ലെന്ന് ദോഷം പറയരുതല്ലോ. ഒരു വര്ഷം എങ്ങനെയോ ഉന്തിയുരുട്ടി അയാള്‍ മുന്നോട്ടുപോയി. അങ്ങനെയിരിക്കെ, ഒരു ദിവസം-
'മനോജ് പൊളിഞ്ഞു'...'അവന്‍ മുങ്ങി'...
തുടങ്ങിയ സന്ദേശങ്ങള്‍ രാവിലെതന്നെ ഫോണുകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. കേട്ടതു ശരിയായിരുന്നു. അയാള്‍ വീടിന്റെ ജപ്തിഭീഷണിയെ തുടര്‍ന്ന്, ഏതോ അന്യസംസ്ഥാനം ലക്ഷ്യമിട്ട് ട്രെയിനില്‍ കയറി പോയതു കണ്ടവരുണ്ട്.
മദ്യം സമൂഹത്തിലെ എല്ലാത്തരം ആളുകളെയും ഉന്നമിട്ടുകൊണ്ടാണു നിര്‍മ്മിക്കുന്നത്. പാവപ്പെട്ടവര്‍ക്കായുള്ള വിലകുറഞ്ഞത് ഒരുവശത്ത്; വിഐപികള്‍, കോടീശ്വരന്മാര്‍ എന്നിവര്‍ക്കായി ഉണ്ടാക്കുന്നതു മറുവശത്ത്. എന്തായാലും, ഏതുതരം കീശയും കാലിയാക്കാന്‍ ശക്തിയുള്ള ഒരുവനാണ‌് മദ്യം എന്നുള്ളതില്‍ സംശയമില്ല.
ചില വിദ്വാന്‍മാരാകട്ടെ, കയ്യില്‍ കാശുള്ളവരെ ഈ ദുഷിച്ച ശീലത്തിലേക്ക് ആകര്‍ഷിച്ചു കാലില്‍ കടിച്ച കുളയട്ട പോലെ പിടിച്ചു കിടന്നാല്‍ പിന്നെ കളയാന്‍ പ്രയാസമായിരിക്കും. അങ്ങനെ അവര്‍ തടിച്ചുകൊഴുത്ത ഇരകളെ നോക്കിനടന്ന് ആക്രമിക്കും, കരുതിയിരിക്കുക.
B) മദ്യത്തിന്റെ അരങ്ങേറ്റം
കോട്ടയം ജില്ലയിലെ ഒരു കോളജ് ഹോസ്റ്റല്‍. അവിടെ ഒരു മുറിയില്‍ നാലു കൂട്ടുകാര്‍ ഒന്നിച്ച് ഒരു മേശമേല്‍ വച്ചിരിക്കുന്ന വൈന്‍കുപ്പിയില്‍നിന്നു രുചികരമായ വൈന്‍, ഗ്ലാസ്സിലേക്ക് പകരുന്നു. ഇതിന്റെ പ്രായോജകന്‍ സോനുവാണ‌്, അവന്റെ വീട്ടില്‍ എന്നും അത്താഴത്തിനുശേഷം കുടുംബനാഥന്‍ എല്ലാവര്ക്കും അല്പം വീഞ്ഞു പകരും.
അതില്‍ ഒരു കുപ്പി ഇവിടെ കൂട്ടുകാര്‍ക്കു കൊണ്ടുവന്നുവെന്നു മാത്രം. എന്നാല്‍, വൈന്‍രുചി വളരെയിഷ്ടപ്പെട്ട ബാബു പലപ്പോഴും സോനുവിനോട് വീണ്ടും കൊണ്ടുവരാന്‍ ആവശ്യപ്പെടാറുണ്ട്. ഒരിക്കല്‍ അതിനു മറുപടിയായി സോനു പറഞ്ഞു: "എടാ, നിന്റെ പരാതി തീര്‍ക്കാന്‍ ഞാന്‍ ഒരു കിടിലന്‍ സാധനം കൊണ്ടുവരുന്നുണ്ട്"
അവന്‍ വാക്ക് പാലിച്ചു. കൊണ്ടുവന്നത് ഒന്നാന്തരം വിസ്കി. പക്ഷേ, ഒരു കുഴപ്പം- ബാബു വൈന്‍ അല്ലാതെ വേറെ ഇനങ്ങളൊന്നും കണ്ടിട്ടുപോലുമില്ല. എന്നാല്‍, മറ്റു മൂന്നുപേരും മുന്‍പരിചയം ഉള്ളവരായിരുന്നു.
പതിവുപോലെ അവര്‍ കുടിക്കുന്നതു കണ്ടിട്ടും ബാബുവിന‌് ഒരു പേടി. മറ്റുള്ളവര്‍ ധൈര്യവുംകൂടി പകര്‍ന്നു നല്‍കിയപ്പോള്‍ അവന്‍ കുടിച്ചു. കുറച്ചു പിച്ചും പേയും കാണിച്ച് ഇതു തന്റെ കന്നിയങ്കം ആണെന്നു ഹോസ്റ്റല്‍മുറികളില്‍ വിളിച്ചറിയിച്ചപ്പോള്‍-
ഒരു സീനിയര്‍ വിദ്യാര്‍ഥി സോനുവിനെ വിളിച്ചു: "സോനു, ഈ കാണിച്ചത് ശരിയായില്ല. അവനെ കുടിക്കാന്‍ നിങ്ങള്‍ പഠിപ്പിച്ചുവല്ലേ?"
"ഞാന്‍, അവനെ നിര്‍ബന്ധിച്ചിട്ടില്ല. ബാബു നേരത്തേ കുടിച്ചിട്ടുണ്ടെന്നാണു ഞാന്‍ കരുതിയത്" സോനുവും വിട്ടുകൊടുത്തില്ല.
അന്ന് തുടങ്ങിയ ദുശ്ശീലം മറന്നില്ലെന്ന് ബാബു തന്റെ പ്രഫസ്സറുടെ മുറിയില്‍ അയാളോടൊപ്പം മദ്യപിച്ച് മുറി മുഴുവന്‍ ഛര്‍ദ്ദിച്ചു തെളിയിച്ചു.
കഥ അവിടെയും തീര്‍ന്നില്ല. വിദേശത്ത് പഠിക്കാന്‍ ചെന്നപ്പോള്‍ ആദ്യത്തെ പാര്‍ട്ടിയില്‍ത്തന്നെ അവിടത്തെ റഷ്യന്‍മദാമ്മ (കോഴ്സ് ഗൈഡ്) താങ്ങിപ്പിടിച്ചു കൊണ്ടുപോകേണ്ടിവന്നു.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹം മദ്യപിക്കുമോ എന്നു വിവരങ്ങളില്ല. മാതാപിതാക്കളുടെ ശ്രദ്ധയിലേക്കായി ഒരു കാര്യം പറയാം-
കഴിവതും കുട്ടികള്‍ക്ക് വീട്ടില്‍ത്തന്നെ നിന്നു പഠിക്കാനും ജോലിക്കു പോകാനും കഴിയുമെങ്കില്‍ വളരെ നന്നായിരിക്കും. ഒട്ടനവധി ദുശ്ശീലങ്ങള്‍ പുറത്തു താമസിക്കുമ്പോള്‍ കിട്ടാന്‍ സാധ്യതയുണ്ട്. കാരണം, അവിടെ നൂറു കുട്ടികള്‍ അല്ലെങ്കില്‍ ജോലിക്കാര്‍ ഉണ്ടെങ്കില്‍ നൂറു സാഹചര്യത്തില്‍നിന്നും വരുന്നവരായിരിക്കും. അതുകൊണ്ട്, വിവിധ ദുഷിച്ച രീതികള്‍ ഉള്ള ന്യൂനപക്ഷം, ബഹുഭൂരിപക്ഷത്തെയും വിപത്തിലാക്കിയേക്കാം. കൗമാരപ്രായം എന്തും പരീക്ഷിച്ചു നോക്കാന്‍ എടുത്തുചാടി പുറപ്പെടുന്ന കാലമായതിനാല്‍ ജാഗ്രത വേണം.
C) ശാന്തമ്മയുടെ പെണ്ണ് ( How alcohol affects marriage?)
കണ്ണൂര്‍ജില്ലയിലെ ഒരു നാട്ടിന്‍പുറത്തെ ശാന്തമ്മയുടെ വീട്ടില്‍ സംഭവിച്ചതും മദ്യത്തിന്റെ തിരിച്ചടിയായിരുന്നു. അതെന്താണെന്നു നോക്കാം.
ഒരുദിവസം രാവിലെ ബ്രോക്കര്‍നാണു വളരെ വിഷമത്തോടെ ശാന്തമ്മയുടെ വീട്ടിലെത്തി.
"ശാന്തമ്മേ, അതും മുടങ്ങി. നമ്മുടെ കൊച്ചിനെ അവര്‍ക്ക് വേണ്ടെന്ന്. അവര്‍ അന്വേഷണം നടത്തിയപ്പോള്‍ രാജപ്പന്റെ വെള്ളമടിയുടെ കേമം അറിഞ്ഞത്രേ.
അങ്ങനെ ഈ കല്യാണവും മുടങ്ങി. നടന്നുനടന്ന് എന്റെ ചെരിപ്പു തേഞ്ഞതു മിച്ചം. വേറെ ഏതെങ്കിലും നല്ല പയ്യന്മാരെ കിട്ടിയാല്‍ അവരെയുംകൊണ്ടു വരാം"
നാണു വാടിയ മുഖവുമായി തിരിച്ചുപോയി. തിണ്ണയില്‍ ഇട്ടിരുന്ന കസേരയില്‍ ശാന്തമ്മ തളര്ന്നിരുന്നുപോയി.
"എന്റീശ്വരാ! ഇത് ഇരുപതാമത്തെ ആലോചനയാ അതിയാന്റെ കുടി കാരണം മുടങ്ങിപ്പോയത്. എടീ, സുജേ..നീ എവിടെയാ. ഇതുവല്ലതും കേട്ടോ?"
"ഓ..അമ്മേ, ഞാന്‍ കേട്ടു. ഇതൊക്കെ ഞാന്‍ പ്രതീക്ഷിച്ചതാ. കുടിച്ചു ബോധമില്ലാതെ കണ്ണില്‍ക്കണ്ട കടത്തിണ്ണയിലും മറ്റും കിടക്കുന്നവന്റെ പെണ്ണിനു ചെറുക്കനെ കിട്ടാന്‍ ഇത്തിരി വിഷമിക്കും. എന്റെ വിധി. അല്ലാതെന്താ"
"ആ മനുഷ്യന്‍ ഇന്നിങ്ങു വരട്ടെ. ഇങ്ങനെ വിട്ടാല്‍ പറ്റില്ല"
ശാന്തമ്മ പിറുപിറുത്തുകൊണ്ടിരുന്നു.
അന്നും പതിവു തെറ്റിക്കാതെ അര്‍ദ്ധരാത്രിസമയത്ത് രാജപ്പന്‍ വളരെ വിഷമിച്ചു നടകയറിവന്നു. മറിഞ്ഞുവീഴാതെ തൂണില്‍ ചാരി നിന്നുകൊണ്ട് ശാന്തമ്മയെ കുഴഞ്ഞ ഭാഷയില്‍ വിളിച്ചു:
"എടീ..ഷാന്തംമേ..വാതില്‍ തുറക്കെഡീ.."
പെട്ടെന്ന് വാതില്‍ തുറന്ന് പുറത്തേക്കുവന്ന അവള്‍ ഒരക്ഷരംപോലും മിണ്ടാതെ അയാളെ പിടിച്ച് ഒരു തള്ളുകൊടുത്തു! ആ നിമിഷംതന്നെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ വാതില്‍ വലിച്ചടച്ചു.
അടുത്ത പ്രഭാതം സുപ്രഭാതമായിരുന്നില്ല അവര്‍ക്ക്. രാവിലെ വാതില്‍ തുറന്ന സുജ കണ്ടത് ബോധമില്ലാതെ നടയില്‍ കിടക്കുന്ന അയാളെ. വെള്ളം മുഖത്ത് തളിച്ചിട്ടും അനക്കമൊന്നുമില്ല. അയാള്‍ വീണപ്പോള്‍ നട്ടെല്ലിനു ക്ഷതം പറ്റിയിരുന്നു. പിന്നീട്, രണ്ടുമാസത്തെ ആശുപത്രിവാസവും കഴിഞ്ഞ് ഇപ്പോഴും ഒരു വീല്‍ചെയറില്‍ രാജപ്പന്റെ ജീവിതം നിരങ്ങിനീങ്ങുകയാണ‌്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ 'കല്യാണംമുടക്കി' ആയത് മനുഷ്യരല്ല. മദ്യമാകുന്നു യദാര്‍ഥ വില്ലന്‍! മദ്യപന്‍ സമ്പാദിച്ചുകൂട്ടുന്ന മാനഹാനി അത്ര പെട്ടെന്ന് മാഞ്ഞു പോകുന്ന ഒന്നല്ല.
D) അമ്മിണിയുടെ ഡ്രാക്കുളാച്ചേട്ടന്‍
മദ്യം ചിലരില്‍ ഉന്മാദം ഉണ്ടാക്കുമെങ്കില്‍ മറ്റു ചിലരില്‍ മാനസിക രോഗങ്ങളും വിഭ്രമലോകവും സൃഷ്ടിക്കും. മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വിചിത്ര സംഭവം കേള്‍ക്കൂ.
പാലായിലുള്ള അമ്മിണിയുടെ ഭര്‍ത്താവ‌് ഒരു മാന്യനായ ബാങ്ക് ഉദ്യോഗസ്ഥന്‍.
ജോലികഴിഞ്ഞു കുറച്ചു മദ്യം അകത്താക്കി യാതൊരു ഭാവവ്യത്യാസങ്ങളും പുറത്തുകാണിക്കാതെ വീട്ടിലേക്കു പോരുകയാണു പതിവു ശീലം. അവരുടെ വീടിനോടു ചേര്‍ന്ന് മീനച്ചിലാറ്റില്‍ ചെന്നുചേരുന്ന ഒരു കൈത്തോട് ഒഴുകുന്നുണ്ട്.
അവിടെ എന്നും വൈകുന്നേരം കുളിക്കാന്‍ അമ്മിണിയോടൊപ്പം കൂട്ടുകാരി ശോഭയും ഉണ്ടാകും. ദേഹത്തു സോപ്പു തേക്കുമ്പോള്‍ വേദനകൊണ്ട് നീറുന്ന അമ്മിണി വിഷമിക്കുന്നതു കാണുമ്പോള്‍ ശോഭ മിക്കവാറും ചോദിക്കും:
"എടീ.. അമ്മിണി, എങ്ങനാ നിന്റെ ദേഹത്ത് നിറയെ ചുവന്ന പാടുകള്‍ വന്നത്?"
അതിനു മറുപടിയായി എന്തെങ്കിലും കള്ളമായിരിക്കും അവള്‍ സാധാരണയായി പറയാറുള്ളത്. എന്നാല്‍, ഒരു ദിവസം കരഞ്ഞുകൊണ്ട് ആ സത്യം ശോഭയോടു തുറന്നുപറഞ്ഞു-
"ഞങ്ങളുടെ കല്യാണത്തിനു മുന്‍പുതന്നെ അയാള്‍ കുടിക്കുന്നവനായിരുന്നു. പക്ഷേ, അന്നു വീട്ടുകാര്‍ ചെറുക്കനേപ്പറ്റി അന്വേഷിച്ചപ്പോള്‍ ഇതൊന്നും ആരും പറഞ്ഞില്ല. കാരണം, അയാള്‍ വെള്ളമടിച്ചിട്ടു പൂച്ചയെപ്പോലെ പതുങ്ങിയിങ്ങു പോരും. പിന്നെ ആരറിയാന്‍? അയാള്‍ മദ്യം കഴിക്കുന്നതിനു പരാതിയൊന്നും എനിക്കില്ല. പക്ഷേ, കുഴപ്പം അതല്ല. രാത്രി കിടക്കാന്‍നേരം അവന്റെ കൂര്‍ത്ത നഖം വച്ച് എന്റെ തൊലിപ്പുറത്ത് ചോര പൊടിയുന്നതുവരെ കീറും. എന്നിട്ട്, ഒരു ഭ്രാന്തനെപ്പോലെ അതു കണ്ടു രസിക്കും "
"എന്നിട്ട് നീ അത് തടയാന്‍ നോക്കിയില്ലേ?"
"എത്ര തവണ ഏതെല്ലാം രീതിയില്‍ നോക്കി. അന്നേരം നല്ല ഇടിയും ചവിട്ടും കിട്ടും. അതിനേക്കാള്‍ ഭേദം ഇതാണല്ലോ എന്ന് കരുതി സഹിക്കുകയാ"
ശോഭ ഇതുകേട്ട് ഞെട്ടി.
"ഹോ! നിന്റെ ഡ്രാക്കുളാച്ചേട്ടന്‍ ആളു ഭയങ്കരന്‍തന്നെ"
ഇങ്ങനെ വിവിധ സാഡിസ മനോഭാവമുള്ള മനോരോഗികള്‍ പലയിടത്തുമുണ്ട്. മദ്യം അകത്തുചെല്ലുമ്പോഴായിരിക്കും അവരുടെ അസാധാരണ പെരുമാറ്റങ്ങള്‍ ശക്തിപ്രാപിക്കുന്നത്. പലതരം വിഭ്രമലോകത്തു പറന്നുനടക്കാന്‍ മദ്യം കാരണമാകുന്നു.
E) വിദേശ മദ്യം തന്നത്..
ഗള്‍ഫ് മലയാളികള്‍ക്ക് ഒട്ടേറെ കദനകഥകള്‍ പറയാനുണ്ടാകും. ഇവിടെ മദ്യം മൂലം ദുരിതം ഏറ്റുവാങ്ങിയ ഒരു സജീവിന്റെ കാര്യം എഴുതാതിരിക്കുന്നത് എങ്ങനെ?
തൊടുപുഴയിലുള്ള സജീവിന്റെ വീട്ടില്‍ അമ്മയും ജന്മനാ രോഗം ബാധിച്ച പെങ്ങളും മാത്രം. ഡ്രൈവിംഗ് അറിയാവുന്നതുകൊണ്ട്, സ്വന്തമായി വാഹനം ഇല്ലെങ്കിലും എന്നും ആരെങ്കിലും ഓട്ടത്തിനു വിളിക്കും. നല്ല സ്വഭാവക്കാരനായതിനാല്‍ ഒരു രൂപപോലും കളയാതെ വീട്ടില്‍ കൊണ്ടുവരുന്ന പ്രകൃതവുമായിരുന്നു. അപ്പോഴാണു ഡ്രൈവര്‍വീസയില്‍ ഗള്‍ഫിലേക്കുള്ള അവസരവുമായി ഒരു .സുഹൃത്ത് വന്നത്. അതേ ജോലിതന്നെ അവിടെ ലഭിച്ചു.
അവന്റെ ഭാഗ്യമെന്നു പറയട്ടെ, കമ്പനിമുതലാളിയായിരുന്ന അറബി കണിശക്കാരനായിരുന്നെങ്കിലും താമസിക്കാന്‍ എല്ലാവര്ക്കും ഒരേതരം മുറിയും മറ്റെല്ലാ സൗകര്യങ്ങളും.
അദ്ദേഹം പഠിച്ചത് സായിപ്പുമാരുടെ കൂടെ ലണ്ടനിലാണത്രേ; അതിന്റെ ഗുണമാകാം. അങ്ങനെ സജീവന്റെ 'സഹമുറിയന്മാര്‍' മൂന്നുപേരും ഇതേ കമ്പനിയിലെ എന്‍ജിനീയര്‍മാരായിരുന്നു. മാത്രമല്ല, അവന് ഓടിച്ചിരുന്ന വാഹനം ടൊയോട്ട പ്രഡോ ആണെന്നും അതിലിരിക്കുമ്പോള്‍ വിമാനം പറത്തുന്ന സുഖമാണെന്നൊക്കെ വീട്ടിലേക്കു വിളിച്ചുപറഞ്ഞു. രണ്ടുമൂന്നു മാസം കഴിഞ്ഞുകാണും, സജീവിനു മെല്ലെ അഹങ്കാരമൊക്കെ വച്ചുതുടങ്ങി.
കനത്ത ശമ്പളം വാങ്ങിയിരുന്ന റൂം മേറ്റ്സ് മദ്യം കഴിക്കുന്നതു കണ്ടപ്പോള്‍, അതുമൊരു മിടുക്കാണെന്ന് അവന്‍ ധരിച്ചെന്നു തോന്നുന്നു. ഒരുദിവസം, രാവിലെ ജോലിക്കു പോകാന്‍ ഇറങ്ങിയപ്പോള്‍ കൂട്ടുകാര്‍ മദ്യസേവ തുടങ്ങിയിരിക്കുന്നു, അവര്‍ക്ക് ലീവായിരുന്നതുകൊണ്ട്. അത് കണ്ടപ്പോള്‍ സജീവന്‍ മറ്റെല്ലാം മറന്ന് ഒരു ഗ്ലാസ് കഴിച്ചു.
ചിലപ്പോള്‍ നാട്ടിലെ നിയമലംഘനം ആളുകള്‍ നടത്തുന്നത് ഓര്‍ത്തിട്ടാവണം ഇതൊക്കെ നിസ്സാരമായി കണ്ടത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, അവന്റെ വാഹനം മറ്റൊന്നിനെ ഇടിച്ചു. ഉടന്‍ റോഡ് ബ്ലോക്ക്. ഒട്ടും താമസിയാതെ, അറബിഭാഷയില്‍ എന്തൊക്കയോ മൈക്കിലൂടെ വിളിച്ചുകൂവിക്കൊണ്ട് പൊലീസ് അവിടെത്തി സജീവിനെ സ്റ്റേഷന്‍ കാണിച്ചു.
അറബി ഉടന്‍ സ്ഥലത്തെത്തിയപ്പോള്‍ അവന്‍ ആശ്വസിച്ചു. വളരെ സൗമ്യനായി കാണപ്പെട്ട അറബിയോടു പൊലീസ് ഓഫീസര്‍ എന്തൊക്കയോ പറഞ്ഞു.
പെട്ടെന്ന്, അയാളുടെ വെളുത്ത മുഖം ചുവന്നതായി മാറി!
ഇവന്‍ മദ്യപിച്ചിരുന്നു എന്ന കാര്യം അറബിയോടു പറഞ്ഞുവെന്ന് സാരം. സജീവിനെ ഉടന്‍തന്നെ നിവര്ന്നുനില്ക്കാന്‍പോലും പറ്റാത്ത ഒരു ചെറിയ ജയില്‍മുറിയില്‍ അടച്ചു.
ഇതു മണത്തറിഞ്ഞ ഒരു മലയാളി അഭ്യുദയകാംക്ഷി ഈ 'സന്തോഷവാര്‍ത്ത' വീട്ടില്‍ അറിയിച്ചപ്പോള്‍ പൊലിഞ്ഞത് ദുര്‍ബലയായ അവന്റെ പെങ്ങളുടെ ജീവനായിരുന്നു- ഹൃദയസ്തംഭനം മൂലം.
സജീവിന്റെ പ്രായമേറിയ അമ്മയാകട്ടെ, ഭക്ഷണത്തിനു മുട്ടുവന്നപ്പോള്‍ അവിടെ അടുത്തൊരു വീട്ടില്‍ പലഹാരം ഉണ്ടാക്കാക്കുന്ന ജോലിക്കു പോയിത്തുടങ്ങി. കുറച്ചു മാസങ്ങള്‍ക്കു ശേഷം അവന്‍ നാട്ടിലേക്ക് വെറുംകയ്യോടെ മടങ്ങിയെത്തിയെന്നു പറയാന്‍ പറ്റില്ല; കൂട്ടിനായി ഗള്‍ഫിലെ മദ്യശീലവും വിമാനത്തില്‍ ഇങ്ങു പോന്നു. അതുകൊണ്ട്, ഇപ്പോഴും ആ അമ്മ പണിക്കു പോകാത്ത ദിവസം അടുപ്പില്‍ തീ പുകയില്ല.
ദയവായി ശ്രദ്ധിക്കൂ..
നിങ്ങള്‍ വിദേശങ്ങളില്‍ ജോലിക്കു പോകുന്നത് കുടിച്ചുമറിയാനല്ല. നിങ്ങളെ പിരിഞ്ഞിരിക്കുന്നതുതന്നെ വീട്ടുകാര്‍ക്കൊക്കെ വിഷമമുണ്ടാക്കുന്ന കാര്യമായിരിക്കും. അതിനുപുറമേ, മദ്യം പോലുള്ള ദുശ്ശീലവും ഉണ്ടെന്നറിഞ്ഞാല്‍ അവര്‍ക്കതു താങ്ങാന്‍ പറ്റിയെന്നു വരില്ല. ഒരു രൂപ പോലും വെറുതെ കളയാതെ സ്വയംപര്യാപ്തമായെന്ന് തോന്നുമ്പോള്‍ വേഗം തിരിച്ചുവന്ന് കുടുംബത്തോട് ചേരുമല്ലോ. ചോര നീരാക്കി ഉണ്ടാക്കിയ പണം കളയാന്‍ സാധാരണക്കാരായ ജോലിക്കാര്‍വരെ മടക്കയാത്രയില്‍ എയര്‍പോര്‍ട്ട്-മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത് ഒരു മോശം കാഴ്ചതന്നെ.
F) അല്പം ഷാപ്പ് പുരാണം
പണ്ടുകാലത്തെ ഷാപ്പുകള്‍ക്ക് അനേകം വീരചരിതങ്ങള്‍ പറയാനുണ്ടാകും. ഒട്ടേറെ അഭ്യാസികള്‍ പിറന്നും പരന്നും പറന്നും പോയ അങ്കത്തട്ടെന്നും ഇതിനെ വിളിക്കാം. അടിയും തെറിയും രക്തവും പുരണ്ട ചില ഷാപ്പുകളും അക്കൂട്ടത്തിലുണ്ട്. കേരളത്തിന്റെ അയല്സംസ്ഥാനത്ത് നടന്ന മുപ്പത്തഞ്ചുകൊല്ലം പഴകിയ ഒരു സംഭവത്തിലേക്ക് പോകാം. കരുത്തരായ സഹോദരങ്ങള്‍-ടോമിയും റോയിയും.
ഷാപ്പില്‍ പോകുന്നതും ഒരുമിച്ച്. ഒരുദിവസം ഷാപ്പില്‍ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ ടോമിയോട് ഒരാള്‍ പന്തയം വച്ചു- അരകിലോമീറ്റര്‍ അപ്പുറത്തുള്ള വീട്ടില്‍ താമസിച്ചുകൊണ്ടിരുന്ന ഒരു പൊലീസ് ഓഫീസറെ തല്ലിയാല്‍ പത്തുകുപ്പി കള്ളു ഫ്രീ. മദ്യലഹരിയില്‍ ഒട്ടും താമസിക്കാതെ അവന്‍ പോയി അദ്ദേഹത്തെ തല്ലിയിട്ട് തിരിഞ്ഞോടി. എന്നാല്‍ പിന്നീട് അദ്ദേഹം അവനെ തിരിച്ചൊന്നും ചെയ‌്തില്ല. സ്ഥലത്തെ ഗുണ്ടകളായി അവര്‍ വിലസി വന്നതിനിടയില്‍ അടുത്ത നാട്ടിലെ ഒരു മുതലാളിയുമായി ഇവര്‍ ഉടക്കി-
“നിനക്ക് ഇരുപത്തിനാലു മണിക്കൂര്‍ സമയം ഞങ്ങള്‍ തരും,അതിനുള്ളില്‍ ഈ നാടു വിട്ടു എങ്ങോട്ടെങ്കിലും പൊക്കോണം!” എന്നൊരു അന്ത്യശാസനവും മുതലാളിക്കു കൊടുത്തു. പക്ഷേ, ഇതിനുപകരമായി മുതലാളി തീരുമാനിച്ചത് ഇവരെ പരലോകത്തേക്കു വിടുന്ന കാര്യമായിരുന്നു.
അടുത്ത ദിവസം രാവിലേതന്നെ റോയി ഷാപ്പിലെത്തിയപ്പോള്‍ ഒരു കൂട്ടുകാരന്‍ തമാശ പോലെ കയ്യും കഴുത്തും ചേര്‍ത്ത് അവനെ പൂട്ടി. അതൊരു കൊലച്ചതിയായിരുന്നു. മറ്റൊരുവന്‍ നിമിഷനേരം കൊണ്ട് പിച്ചാത്തി വയറ്റില്‍ പലതവണ കയറ്റിയിറക്കി ജീവന്‍ വേര്‍പെടുത്തി. മറ്റെവിടെയോ പണിക്കു പോയിരുന്ന ടോമിയെ ഷാപ്പില്‍ അടി നടക്കുന്നുവെന്നു പറഞ്ഞ് അങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നു. അവന്റെയും വയറ്റില്‍ കുത്തുകിട്ടിയെങ്കിലും അവിടെനിന്ന് ഇറങ്ങിയോടി.
എതിരാളികള്‍ പിറകെ ഓടിയെങ്കിലും ടോമി ചെന്നു കയറിയത് നേരത്തേ അടികൊടുത്ത പൊലീസ് ഓഫിസറിന്റെ വീട്ടുമുറ്റത്ത്! അദ്ദേഹം ചാരുകസാലയില്‍ വിശ്രമിക്കുകയായിരുന്നു. അതുകണ്ട അക്രമികള്‍ മുങ്ങി. “എന്റെ ഏമാനേ...എന്നെ രക്ഷിക്കണേ...”
എന്നു വിളിച്ചുകരഞ്ഞുകൊണ്ട് ടോമി മുറ്റത്തെ മണലില്‍ വീണുരുണ്ടു. എന്നാല്‍, അദ്ദേഹം അവന്റെ ജീവന്‍ പോകുന്നതുവരെ അതു കണ്ടുകൊണ്ട് ആ കസേരയില്‍ത്തന്നെയിരുന്നു. ഇതിനിടയില്‍ വീട്ടിലുള്ളവര്‍ അവനെ രക്ഷിക്കാന്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു:
"അവനെ ഞാന്‍ രക്ഷിച്ചാല്‍ പിന്നീട് അവന്‍തന്നെ കുറേപ്പേരെ കൊല്ലും"
മരണശേഷം മാത്രമാണു ഫോണ്‍ ചെയ‌്തു പൊലീസിനെ വരുത്തിയത്. തെളിവിന്റെയും സാക്ഷിയുടെയും അഭാവത്തില്‍ പ്രതികളെ വെറുതേ വിട്ടു. പിന്നീട്, ഒരു പ്രതി ആത്മഹത്യയിലും മറ്റൊരാള്‍ മാനസികരോഗിയായും മാറിയപ്പോള്‍, മൂന്നാമന്‍ ഷാപ്പില്‍വച്ചുണ്ടായ ഒരു കത്തിക്കുത്തില്‍ കൊല്ലപ്പെട്ടു.
വജ്രതുല്യമായ കഠിനമനസ്സോടെ പ്രാണവേദന കണ്ടിരുന്ന അദ്ദേഹത്തിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ച സംഭവവും കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായി-
വീടിനു മുന്നിലെ വളവില്‍ ഒരു ബസ് അപകടം ഉണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. ഇതിനിടയില്‍, രക്തത്തില്‍മുങ്ങിയ ഡ്രൈവറെ കണ്ടപ്പോള്‍ ഹൃദയസ്തംഭനം മൂലം അദ്ദേഹത്തിനു മുന്നില്‍ പൗത്രന്‍ മരണമടഞ്ഞു!
G) ഒളിഞ്ഞുനോട്ടത്തിന്റെ കഥ
മദ്യചരിതം ആട്ടക്കഥകളില്‍, മദ്യം ലോകമെങ്ങും അനേകം ജീവിതങ്ങളെ അമ്മാനമാടിക്കൊണ്ടിരിക്കുന്നു. അത്, ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. മനുഷ്യന്‍ ചരിത്രം രേഖപ്പെടുത്തിയപ്പോള്‍ മുതല്‍ തുടങ്ങിയതാണു മദ്യത്തിന്റെ ചരിത്രവും.
ക്രൂഡ് ഓയില്‍ ഖനനം നടത്തിയെടുക്കുമ്പോള്‍ കറുത്ത കൊഴുത്ത ദ്രാവകമായിരിക്കും. അതുപിന്നെ ശുദ്ധി ചെയ്യുന്ന പല ഘട്ടത്തിലും ഓരോ ഉപോല്‍പന്നങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ. ഇതുപോലെ മദ്യവും പല അവസരങ്ങളിലും സന്ദര്‍ഭങ്ങളിലും അനേകം ഉല്‍പന്നങ്ങള്‍ പുറത്തുവിടാന്‍ ശേഷിയുള്ള ഒന്നായിരിക്കും.
അതില്‍ മനുഷ്യനു ദോഷം വരുത്തുന്നവ മാത്രമേയുള്ളൂ എന്നൊരു പ്രത്യേകതയുമുണ്ട്- മനസ്സിന്റെയും ശരീരത്തിന്റെയും പലവിധ രോഗങ്ങള്‍, ക്രൂരതകള്‍, കുടുംബ വഴക്കുകള്‍, അടിപിടി-അക്രമങ്ങള്‍, കൊലപാതകങ്ങള്‍, ലഹളകള്‍, സാമ്പത്തിക ദുരന്തങ്ങള്‍, അനാശാസ്യങ്ങള്‍...എന്നിങ്ങനെ മനുഷ്യജീവിതങ്ങളെ ചുട്ടുപൊള്ളിക്കുന്ന പലതുമുണ്ട്.
ഒളിഞ്ഞുനോട്ട വിദഗ്ധനായ ഷാജി (തിരുവനന്തപുരം സ്വദേശി) ബഹിരാകാശത്തേക്കൊന്നുമല്ല നോക്കുന്നത്. മദ്യം കഴിച്ചു രാത്രിയില്‍ വരുന്ന വരവില്‍, വഴിവക്കത്തുള്ള വീടുകളുടെ തുറന്നതും തുറക്കാത്തതുമായ വാതിലുകള്‍, ജനാലകള്‍, കുളിമുറികള്‍ തുടങ്ങിയ ഇടങ്ങളില്‍ പതുങ്ങിനിന്ന് ഒളിഞ്ഞുനോക്കുക അവന്റെ സ്ഥിരം പരിപാടിയായിരുന്നു. എന്നാല്‍, പകല്‍സമയത്ത് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ നടന്നുപോകും. ഇതേ കാരണത്താല്‍, പല തവണ നാട്ടുകാര്‍ ചവിട്ടിക്കൂട്ടിയിട്ടുമുണ്ട്. എന്നാലും അല്പനാളുകളുടെ ഇടവേളയ‌്ക്കു ശേഷം പിന്നെയും തുടങ്ങും.
ഒരു രാത്രി പതിവുപോലെ വന്നപ്പോള്‍, അടുത്ത വീട്ടിലെ ഒരു മുറിയില്‍ വെളിച്ചം കണ്ടുകൊണ്ട് മതിലില്‍ പിടിച്ചുകയറി. പെട്ടെന്ന്, കാല്‍ വഴുതി അപ്പുറത്തെ പറമ്പിലേക്കു വീണു.
വീഴ്ചയൊന്നും അവനു പുത്തരിയല്ല. ജോലിയില്‍നിന്നു പിന്‍വാങ്ങി വീട്ടില്‍ ചെന്നു നോക്കുമ്പോഴുണ്ട്, ഒരു ചെറിയ തുരുമ്പുപിടിച്ച ആണി കാലില്‍ തറച്ചിരിക്കുന്നു.
മദ്യലഹരിയില്‍ അവനതു കാര്യമാക്കിയില്ല. കുറച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ക്രമേണ കാലില്‍ പഴുപ്പു കയറി. ആശുപത്രിയിലെത്തിയ അയാളോട് ഡോക്ടര്‍ പറഞ്ഞു:
"താങ്കളുടെ കാലില്‍ കൊണ്ട ആണി മൂലം സെപ്ടിക് ആയതാണ‌്. അന്നേരംതന്നെ ഇന്ജെക്ഷന്‍ എടുക്കേണ്ടതായിരുന്നു"
അവസാനം ഷാജിയുടെ ജീവന്‍ രക്ഷിക്കാന്‍ വലതുകാല്‍ മുട്ടിനുതാഴെ മുറിച്ചു നീക്കി. ഇപ്പോള്‍ ഒളിഞ്ഞുനോക്കാന്‍ പോകാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. പകരം, സ്വന്തം കാലിലേക്ക് ഒളിഞ്ഞുനോക്കി മോങ്ങിക്കൊണ്ട് ഓരോ ദിനവും അവന്‍ തള്ളിനീക്കുകയാണ‌്.
H) തറവാടിയല്ലാത്ത മദ്യം
കേരളത്തിലെ പഴയ തറവാടുകളില്‍ മദ്യം ഉണ്ടാക്കിയ നാശം ചെറുതല്ല. ഏതെങ്കിലും തലമുറയിലെ ഒരെണ്ണം മതി മദ്യംകൊണ്ടു വീട് മുടിച്ചു തേച്ചുകഴുകി വെളുപ്പിക്കാന്‍. കോട്ടയം ജില്ലയിലെ ഒരു തറവാടിനെ ആസ്പദമാക്കി ആശയം അവതരിപ്പിക്കാം.
ആവശ്യത്തിലധികം നെല്ലും തേങ്ങയും (റബര്‍മരങ്ങള്‍ അന്നു വ്യാപകമായിട്ടില്ല) ചക്കയും മാങ്ങയും പച്ചക്കറി കൃഷികളും അങ്ങനെയെല്ലാം ഉള്ള നല്ല മണ്ണിന്റെ ഉടമയായിരുന്നു ആ തറവാട്ടിലെ കാരണവര്‍ ആയിരുന്ന ചാക്കോച്ചന്‍.
അക്കാലത്ത്, എല്ലാ വീടുകളിലും കാണുന്നപോലെ മക്കളും ആവശ്യത്തിലധികം. വീട്ടിലെയും പറമ്പിലെയും പണികള്‍ക്കായി എപ്പോഴും രണ്ടുമൂന്നു വേലക്കാരും ഉണ്ടാകും.
അയാള്‍, കുട്ടിക്കാലം മുതല്‍ക്കേ കള്ളുകുടിക്കുന്ന പരിപാടി തുടങ്ങിയിരുന്നു. അന്നൊക്കെ ഷാപ്പില്‍ പോകാതെയും കുടിക്കാം. തെങ്ങോ പനയോ കള്ളുകിട്ടാന്‍ ചെത്തുന്ന സമയത്ത് ഒരു കുപ്പിയുമായി ചെന്നാല്‍ കാര്യം വളരെ എളുപ്പം. കുടിയന്മാരുടെ പറമ്പില്‍ തെങ്ങും പനയും ചെത്തിയാല്‍ സാധാരണയായി കൂലി കള്ള് തന്നെ. എങ്ങനെയായാലും മദ്യം അകത്തുചെന്നാല്‍ അയാളുടെ തനിസ്വഭാവം പുറത്തുവരും- സ്ത്രീകളോടുള്ള അമിതമായ താല്പര്യം.
പട്ടണത്തിലേക്കും മറ്റും സൈക്കിളില്‍ കയറി പാഞ്ഞുപോകുന്നതു കാണാമെങ്കില്‍, രാത്രിയില്‍ പട്ടണത്തില്‍നിന്നും മദ്യപിച്ചു ലക്കുകെട്ട് സൈക്കിളും ഉന്തി വേച്ചുവേച്ച് നടന്നുപോരും. വരുന്ന വഴിയില്‍ സ്ഥിരം സന്ദര്‍ശിക്കുന്ന പെണ്സുഹൃത്തുക്കളുടെ കുറച്ചു വീടുകളുണ്ട്. ഇതൊക്കെ മറ്റാര്‍ക്കും ശല്യമല്ലെന്നു കരുതിയാലും ആണ്‍മക്കള്‍ കല്യാണംകഴിച്ചു കൊണ്ടുവന്ന പെണ്ണുങ്ങളോടായി പിന്നത്തെ ശല്യം. ചില രസകരങ്ങളായ ചിട്ടവട്ടങ്ങളൊക്കെ അയാള്‍ക്കുണ്ട്.
അതിരാവിലെ മരുമകള്‍ ഉണ്ടാക്കുന്ന ഒരു കട്ടന്‍കാപ്പി നിര്‍ബന്ധം. അവിടെയും തീ കായാനും ചില്ലറ സഹായങ്ങള്‍ക്കും എന്ന വ്യാജേന അടുക്കളയില്‍ പറ്റിക്കൂടും. അതുകഴിഞ്ഞ്, തിണ്ണയില്‍ ഇട്ടിരിക്കുന്ന ചാരുകസേരയില്‍ കാപ്പി കുടിക്കാന്‍ ചായും. അന്നേരം, മുറ്റമടിക്കാന്‍ സ്വന്തം ഭാര്യയല്ല, മരുമക്കള്‍തന്നെ എത്തണം, എന്നാലേ നയനസുഖം കിട്ടൂ. അപകടം മുന്‍കൂട്ടി മനസ്സിലാക്കിയ മൂത്ത മകന്റെ കുടുംബം വേറെ വീടുവച്ചു മാറി. രണ്ടാമന്റെ ഭാര്യ ഒരു ദിവസം രാവിലെ മുറ്റമടിച്ചുകൊണ്ടിരുന്നപ്പോള്‍ ചാക്കോച്ചന്റെ മനസ്സിന്റെ പിടിവിട്ട് വിളയാന്‍ ചെന്നു. കാരണം, തലേദിവസം പതിവിലും കൂടുതല്‍ കള്ളു കുടിച്ചിരുന്നതിനാല്‍ രാവിലെയും അതിന്റെ കെട്ടുവിട്ടിരുന്നില്ല. അവളുടെ കയ്യിലിരുന്ന ചൂലുകൊണ്ട് ഒരെണ്ണം അയാള്‍ക്ക് കിട്ടിയപ്പോള്‍ ഒരു പരാതിയും പറയാതെയിരുന്നെങ്കിലും അവള്‍ അതൊരു പ്രശ്നമാക്കി വേറെ വീട്ടിലേക്ക് മാറി.
എന്നാല്‍, മൂന്നാമന്റെ ഭാര്യ ശോശാമ്മ വീട്ടില്‍ വന്നുകയറിയപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റിയ പ്രതീതി അയാളില്‍ ജനിപ്പിച്ചു. മൂന്നാമന്‍, അപ്പന്റെ മദ്യശീലം അതേപടി പകര്ന്നുകിട്ടിയവന്‍ ആയിരുന്നതിനാല്‍ കടം മേടിച്ചും ലോണ്‍ എടുത്തും കുടിച്ചുതുടങ്ങി. മനസ്സില്‍ ദേഷ്യം ഇരമ്പിവന്നെങ്കിലും അവള്‍ക്കുവേണ്ടി ചാക്കോച്ചന്‍ ത്യാഗങ്ങള്‍ പലതും സഹിച്ചു. ഉണ്ടായിരുന്ന സ്ഥലം പലതും വിറ്റുതുടങ്ങി. അവസാനം, ബാങ്കില്‍നിന്ന് ജപ്തിനോട്ടീസ് ഇറങ്ങുമെന്ന് വിവരം കിട്ടിയതോടെ നിസ്സാര വിലയില്‍ തറവാട് വിറ്റുതുലച്ചു.
ഇങ്ങനെ പ്രതികൂല കാലാവസ്ഥയിലും ഉറ്റമിത്രമായ മദ്യം ഉപേക്ഷിക്കാന്‍ അപ്പനും മകനും തയ്യാറായില്ല. ഒരു കാലത്തു സുഖിച്ചു കഴിഞ്ഞവര്‍ അന്യനാട്ടില്‍ ചെന്നിട്ടും കടം മേടിച്ചും കൂലിപ്പണി ചെയ‌്തും വെള്ളംകുടിക്കു മുട്ടുവരുത്തിയില്ല. ഏതൊരു കുടിയനും നേരിടേണ്ട അനിവാര്യമായ ദുര്‍ഘടകാലം- പ്രായാധിക്യം ചാക്കോച്ചനും നേരിട്ടു; പണിക്കൊന്നും ആരും വിളിക്കുന്നുമില്ല, വിളിച്ചാല്ത്തന്നെ നന്നായി ചെയ്യാനും പറ്റുന്നില്ല.
രൂപയൊന്നും കൊടുക്കാനില്ലാത്ത നിലയില്‍ അയാളെ മരുമകളും ഒഴിവാക്കിത്തുടങ്ങിയപ്പോള്‍ നിരാശമൂലം ദുഷിച്ച രീതികള്‍ കൂടുകയാണുണ്ടായത്.
മറ്റു മക്കളുടെ വീട്ടില്‍ കയറിപ്പറ്റാനും ശ്രമങ്ങള്‍ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടാല്‍ അടുത്തടുത്ത് ചെല്ലുന്ന സ്വഭാവം എല്ലായിടത്തും ചാക്കോച്ചനെ അകറ്റി.
ഒടുവില്‍ ശോശാമ്മയുമായി വഴക്കിട്ട ചാക്കോച്ചന്‍ വീട്ടില്‍നിന്ന് ഇറങ്ങി വടക്കേന്ത്യയിലുള്ള മകളുടെ വീട് ലക്ഷ്യമാക്കി യാത്രയായെങ്കിലും അവിടെ ചെന്നെത്തിയില്ല, എവിടെയോ വച്ച് കാണാതായത്രേ. ഇതുപോലെ, അനേകം തറവാടുകളുടെ ചരമക്കുറിപ്പുകള്‍ എഴുതാന്‍ മദ്യലഹരിക്ക് കഴിഞ്ഞിട്ടുണ്ട്.
I) വിനയന‌് മദ്യം വിനയായപ്പോള്‍
ആര്‍ക്കും ഉപദ്രവം ചെയ്യാതെ മദ്യപിക്കുന്നവരും മറ്റുള്ളവരില്‍ വേദനയുണ്ടാക്കിയേക്കാം. വിനയന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠവും മറ്റൊന്നല്ല- നല്ല ശമ്പളം വാങ്ങുന്ന ജോലിയുള്ള വിനയന്റെ വീട്ടില്‍ ഭാര്യ മീനുവും രണ്ടു മക്കളും. ജോലിയുടെ ടെന്‍ഷന്‍ എന്നുപറഞ്ഞ് കിടക്കാന്‍നേരം ഒരു ഗ്ലാസ്സ് മദ്യം അകത്താക്കും. ആരും അതത്ര കാര്യമാക്കിയില്ല. ഒരു ഗ്ലാസ്സ് മദ്യം മെല്ലെ മെല്ലെ രണ്ട്...മൂന്ന്... എന്നിങ്ങനെ കൂടിയതും ആരും ശ്രദ്ധിച്ചില്ല. വിനയനു തുടര്‍ച്ചയായി ദഹനക്കേട് അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണു കാര്യങ്ങള്‍ കുഴഞ്ഞത്. നിരവധി പരിശോധനകള്‍ക്കുശേഷം മദ്യം മൂലമുണ്ടാകുന്ന കരള്‍വീക്കം ആണെന്ന് ഉറപ്പായി.
നല്ല സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ആ കുടുംബത്തിനു മേല്‍ മദ്യം പേടിയും കണ്ണീരും വര്‍ഷിച്ചു. നേരത്തെ മരിച്ചുപോകുമെന്ന് വിനയന്റെ മനസ്സില്‍ ഭീതി നിറയാന്‍ തുടങ്ങി. മൂത്ത മകള്‍ക്ക് ഇരുപതുവയസ്സ് തികയുന്നതേയുള്ളൂവെങ്കിലും അവളുടെ വിവാഹം നടന്നുകാണാന്‍ അതിയായ ആഗ്രഹം അയാള്‍ പ്രകടിപ്പിച്ചു:
"എടീ..മീനു, ഞാന്‍ കുറച്ചുനാളായി ചീത്ത സ്വപ്‌നങ്ങള്‍ കാണുന്നു. എത്രയും പെട്ടെന്ന് മോളുടെ കല്യാണം നടത്തണം"
"അതൊക്കെ നിങ്ങളുടെ കൂട്ടുകാരുടെ ഉപദേശങ്ങള്‍ കാരണം തോന്നുന്നതാ. ഒരു രോഗം വന്നാല്‍ മനുഷ്യനെ പേടിപ്പിച്ചു കൊല്ലും. എന്നായാലും അവളുടെ കല്യാണം നടത്തണം, കുറച്ചു നേരത്തേ ആയാലും കുഴപ്പമൊന്നുമില്ല. അതുകൊണ്ട് ഞാന്‍ ഓഫീസിലൊക്കെ ഒന്നു പറഞ്ഞുനോക്കട്ടെ"
രണ്ടു മാസത്തിനകം നല്ലൊരു ആലോചന വന്നപ്പോള്‍ വിവാഹം ഉറപ്പിച്ചു. വിവാഹത്തിനുവേണ്ടിയുള്ള തീയതിയും മുഹൂര്‍ത്തവും ജ്യോത്സ്യന്‍ കുറിച്ചു. പിന്നെ, വിവാഹ വസ്ത്രങ്ങള്‍ വാങ്ങുന്നതിന്റെയും ആഭരണങ്ങള്‍ എടുക്കുന്നതിന്റെയും വിവാഹം ക്ഷണിക്കുന്നതിന്റെയും തിരക്കുള്ള ദിനങ്ങള്‍...
എല്ലാവരെയും സന്തോഷം വന്നു മൂടിയപ്പോള്‍ വിനയന്‍ മരുന്നു കഴിക്കുന്നതൊക്കെ നിര്‍ത്തി. രോഗമെല്ലാം ഭേദമായെന്നു സ്വയം ആശ്വസിപ്പിച്ചുകൊണ്ട് മക്കള്‍ ഒളിച്ചുവച്ചിരുന്ന പഴയ കുപ്പി തേടിപ്പിടിച്ചു. കൂടുതലൊന്നും ആലോചിക്കാതെ വിസ്കി കഴിച്ചു. അന്നുതന്നെ തലകറങ്ങി വീണപ്പോള്‍ ആശുപത്രിയിലേക്ക്.
മദ്യം ഒളിച്ചു കഴിച്ചതൊന്നും ആരും അറിഞ്ഞില്ല. വിവാഹം നിശ്ചയിച്ച തീയതിയില്‍ത്തന്നെ നടത്താനുള്ള പന്തല്‍ ഉയര്‍ന്നു. വിവാഹത്തിന്റെ തലേന്നു രാത്രി പെട്ടെന്ന് രോഗം മൂര്‍ഛിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മരണം മദ്യത്തിന്റെ രൂപത്തില്‍ അയാളെ തട്ടിയെടുത്തു. അങ്ങനെ ആ വിവാഹപന്തല്‍ മറ്റൊന്നിനായി വഴിമാറി.
പലരും നിരത്തുന്ന ഒരു തത്വമുണ്ട്- "മദ്യം കുടിച്ചാല്‍ വയറ്റില്‍ കിടക്കണം, ചിലരെ കണ്ടാല്‍, കുടിച്ചെന്നു പറയില്ല. ആര്‍ക്കെങ്കിലും വല്ല ദോഷവുമുണ്ടോ?”
ഇതൊരു പൊള്ളയായ വാദഗതിയാകുന്നു. കാരണം, സമൂഹത്തിനു ദോഷം ചെയ്യുന്നില്ലെങ്കിലും സ്വന്തം കുടുംബത്തിനു അപാരമായ നഷ്ടം വരുത്തുന്ന മദ്യത്തെ വീടിനു പുറത്തു നിര്‍ത്താം.
J) "നെട്ടൂരാനോടാണോടാ നിന്റെ കളി?"
അല്പമെങ്കിലും മദ്യം കഴിക്കുന്ന ശീലം വിവാഹം ആലോചിക്കുന്ന ആള്‍ക്ക് ഉണ്ടെന്നറിഞ്ഞാല്‍ അത് നിസ്സാരമായി തള്ളിക്കളയരുത്. അപ്പോള്‍ത്തന്നെ അയാള്‍ കുടുംബത്തിനു ദുരിതജീവിതയാത്ര ചെയ്യുന്നതിനായി പാസ്പോര്‍ട്ട് എടുത്തുവെന്നു ചുരുക്കം. വിവാഹം നടക്കാന്‍ മര്യാദരാമന്‍ കളിക്കുന്നതാകാം. വിവാഹമെങ്ങാനും നടന്നാലോ? ദുരിതയാത്രയുടെ വീസയും കിട്ടിയെന്നു ധരിക്കണം! ആലപ്പുഴയില്‍ നടന്ന കഥ ഇവിടെ ചേര്‍ക്കുന്നു:
ജോയി പതിവുപോലെ അടുത്തുള്ള ഒരു പ്രശസ്തമായ പള്ളിയില്‍ പോയ ഒരു ആദ്യവെള്ളിയാഴ്ച തന്റെ കൂടെ ഡിഗ്രിക്കു പഠിച്ച സീനയെ കണ്ടുമുട്ടി. ക്ലാസ്സില്‍ നല്ല പെരുമാറ്റവും നല്ലതുപോലെ പഠിക്കുകയും ചെയ‌്തിരുന്ന സീനയാവട്ടെ, മനോഹരമായ ശബ്ദത്തിനുടമ. പള്ളിക്കു മുന്നില്‍നിന്നു കുറച്ചുനേരം അവര്‍ സംസാരിച്ചു.
അവള്‍ക്ക് ഏറണാകുളത്ത്, ഒരു കമ്പനിയില്‍ ജോലിയും കിട്ടി. വീട്ടുകാര്‍ ഇപ്പോള്‍ കല്യാണം ആലോചിക്കുന്നുണ്ട്. അങ്ങനെയൊരു കാര്യസാധ്യവും ഇവിടെ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുണ്ടത്രെ..
അപ്പോള്‍, ജോയി പറഞ്ഞു: "അതിനെന്താ, ഞങ്ങളുടെ നാട്ടിലേക്ക് പോരൂ..അവിടെ കുറച്ചു നല്ല പയ്യന്മാരുണ്ട്, കേട്ടോ"
അവര്‍ ചിരിച്ചു. കേരളത്തില്‍ മൊബൈല്‍ടവറുകള്‍ മുള പൊട്ടിയിട്ടില്ലാത്ത കാലം. എങ്കിലും ലാന്‍ഡ് ഫോണ്‍ നമ്പര്‍ അവര്‍ കൈമാറി. ഒരുമാസം കഴിഞ്ഞപ്പോള്‍ ജോയിയുടെ വീട്ടിലേക്ക് ഒരു ഫോണ്‍ വന്നു. വിളിച്ചത് സീനയുടെ ആങ്ങളയായിരുന്നു. പക്ഷേ, ജോയി വീട്ടില്‍ ഇല്ലാത്ത സമയം. അവന്‍ വീട്ടില്‍ വന്നയുടനെ വിളിച്ച കാര്യം വീട്ടുകാര് പറഞ്ഞെങ്കിലും തിരിച്ചുവിളിക്കാനായി ഫോണെടുത്തപ്പോള്‍ ലൈന്‍ അനക്കമില്ല.
നാളെ ഫോണ്‍ ശരിയാക്കിയിട്ടു വിളിക്കാമെന്ന് കരുതിയ അവിടെ ഫോണ്‍ ലൈന്‍ തകരാര്‍ നീക്കുന്ന ആള്‍ ഒരു കുടിയനായതുകൊണ്ട് നേര്സമയത്തൊന്നും കാര്യങ്ങള്‍ നടക്കാറില്ല. ഒരാഴ്ചയെടുത്തു ലൈന്‍ ശരിയാകാന്‍. ഇതിനിടയില്‍ ജോലിത്തിരക്കു കാരണം പുറത്തുനിന്നായാലും സീനയെ വിളിക്കുന്നത് അവന്‍ മറന്നുപോയി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍കോള്‍: "ജോയി, ഞാന്‍ സാം നെട്ടൂരാന്റെ വീട്ടില്‍നിന്നാ വിളിക്കുന്നത്. എന്റെ മാര്യേജ് കഴിഞ്ഞു.."
ഇതുകേട്ട് ജോയി ഞെട്ടി! അതുകൊണ്ട് പിന്നെ സാമും എന്തൊക്കയോ പറഞ്ഞെങ്കിലും വലിയ താല്പര്യം കൊടുത്തില്ല. കാരണമെന്തായിരിക്കും? പ്രശ്നം ഒന്നേയുള്ളൂ- സാമിന്റെ മദ്യശീലം. സാം നെട്ടൂരാന്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍. മദ്യം തൊടാത്തപ്പോള്‍ നല്ല പെരുമാറ്റം. പക്ഷേ, പള്ളിയിലെ പെരുന്നാളിനും സ്കൂള്‍ വാര്‍ഷികത്തിനും മറ്റും സാമിന്റെ വക പ്രത്യേക അടി വഴിപാട് നടക്കും. എന്നുപറഞ്ഞാല്‍, മിക്ക ആഘോഷത്തിനും കൂട്ടുകാരു കൂടി മദ്യപിക്കും. പിന്നെ അയാള്‍ക്കു തല്ലുകൊടുക്കാനും വാങ്ങാനും നല്ല മിടുക്കായിരിക്കും.
അപ്പോഴാണു ജോയി ഒരു കാര്യം ഓര്‍ത്തത്. തന്നെ സീനയുടെ ആങ്ങള ഫോണില്‍ വിളിച്ചത് ഈ കല്യാണച്ചെക്കനെക്കുറിച്ച് അന്വേഷിക്കാനായിരുന്നോ?
എന്തായാലും, സീനയുടെ വീട്ടിലേക്ക് തിരിച്ചുവിളിക്കാന്‍ തോന്നാതിരുന്ന കൃത്യനിഷ്ഠയില്ലായ‌്‌മയെ അവന്‍ ശപിച്ചു. അപ്പോഴാണ‌് ഒരു സംശയം അവന്റെ മനസ്സില്‍ ഉയര്‍ന്നുവന്നത്. ടെലിഫോണ്‍ലൈന്‍ നന്നാക്കുന്നവനും സാമും നല്ല 'കുടിക്കമ്പനി'കളായിരുന്നതിനാല്‍, 'വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്' ഒഴിവാക്കാന്‍ ഒരാഴ്ച ഫോണ്‍ കേടാക്കിയതാണോ? പിന്നീട്, ജോയി അന്വേഷിച്ചപ്പോള്‍, അങ്ങനെ ചില സൂചനകള്‍ കിട്ടുകയും ചെയ‌്തു. അപ്പോള്‍ ജോയിയുടെ മനസ്സില്‍ മുഴങ്ങിയത് സിനിമയിലെ ഒരു തമാശ ഡയലോഗ്:
"നെട്ടൂരാനോടാണോടാ നിന്റെ കളി?"
വിവാഹം കഴിഞ്ഞു ചില കുടിയന്മാര്‍ ഭേദമായി കണ്ടിട്ടുണ്ടെങ്കിലും അയാള്‍ കുറെ വര്‍ഷത്തേക്ക് ഒട്ടും നന്നായില്ല. ഒരിക്കല്‍, മദ്യപിച്ചു ബൈക്ക് ഓടിച്ചു റോഡില്‍ വീണപ്പോള്‍ കൂടെയുണ്ടായിരുന്ന നാലഞ്ചു ഫുള്‍ബോട്ടിലും പൊട്ടിവീണു. മാത്രമോ, മദ്യം തറവാട്ടില്‍ ബഹളമുണ്ടാക്കിയപ്പോള്‍ കുടുംബത്തെ ആലപ്പുഴ പട്ടണത്തിലെ ഒരു കടയുടെ മുകളിലേക്ക് പറിച്ചുനട്ടു. അതവിടെ തളിര്ത്തോ, പുഷ്പിച്ചോ, വാടിയോ എന്നൊന്നും ജോയിക്ക് വ്യക്തമായി അറിയില്ല.
K) അയാള്‍ അഴിഞ്ഞാടുകയാണ‌്..
പാലക്കാട് ജില്ലയിലെ ഒരു അണ്എയ‌്ഡഡ് സ്കൂളിലെ പ്രിസിപ്പലായിരുന്നു രമേശ്. അയാളുടെ ഭാര്യ അവിടെ ഏഴാം തരത്തില്‍ പഠിപ്പിക്കുന്നുമുണ്ട്. കുടികഴിഞ്ഞാല്‍ പല ഭര്‍ത്താക്കന്മാര്‍ക്കും ഉള്ളതുപോലെ സംശയരോഗം തുടങ്ങി. മാത്രമല്ല, ഭാര്യ തന്നേക്കാള്‍ സുന്ദരിയാണെന്ന് സ്റ്റാഫ്‌റൂമില്‍ പലരും പറഞ്ഞപ്പോള്‍ തുടങ്ങിയ രോഗത്തെ മദ്യം പോഷിപ്പിച്ചെന്നു കരുതണം.
അവന്റെ ഉപദ്രവം സഹിക്കവയ്യാതെ ഡിവോഴ്സിനു കേസ് ഫയല്‍ ചെയ്യുകയല്ലാതെ അവള്‍ക്കു വേറെ മാര്ഗ്ഗമുണ്ടായിരുന്നില്ല. കുട്ടികളുമായി സ്വന്തം വീട്ടിലേക്കു പോയിട്ടും അവിടെച്ചെന്ന് അയാള്‍ ശല്യമുണ്ടാക്കിത്തുടങ്ങി. അതില്‍ മനംമടുത്ത് ഭാര്യാപിതാവ‌് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. നാട്ടില്‍ നിന്നാല്‍ ഒരിടത്തും ജോലി ചെയ്യാന്‍ പറ്റില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അവള്‍ ഗള്‍ഫിലേക്ക് ജോലിക്കു പോയി. ഇതിനിടയില്‍, ജോലിയില്‍നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന്, മുഴുവന്‍സമയം വെള്ളമടിക്കാനായി അയാള്‍ വിനിയോഗിച്ചു.
അവള്‍ ജയം നേടിയെന്നു തോന്നിയപ്പോള്‍ അയാളുടെ മനോനില കൂടുതല്‍ വഷളായി. അങ്ങനെ, താളംതെറ്റി അഭയം പ്രാപിച്ചത് ഒരു ഡി-അഡിക്ഷന്‍ സെന്ററിലായിരുന്നു. കുറച്ചുമാസങ്ങള്‍ക്കൊടുവില്‍, മെലിഞ്ഞുണങ്ങിയ യ(ന്തമനുഷ്യന്‍ വരുന്നപോലെ രമേശ് പലയിടത്തും കറങ്ങിനടന്നു. എന്തെങ്കിലും ചോദിച്ചാല്‍ 'സിസ്റ്റം സ്ലോ' ആയി സ്വിച്ചിട്ട് പറയുന്നപോലുള്ള ഉത്തരങ്ങളും മറ്റും. ഒരു വര്ഷം കഴിഞ്ഞപ്പോള്‍ ഭാര്യ നാട്ടില്‍ അവധിക്കു വന്നു. അയാളുടെ ദയനീയ സ്ഥിതിയില്‍ മനമലിഞ്ഞ അവള്‍ കുടുംബസമേതം ചില തീര്‍ഥാടനത്തിനും വിനോദയാത്രകള്‍ക്കുമൊക്കെ പോയപ്പോള്‍ കാര്യങ്ങള്‍ കുറച്ചു മെച്ചമായി.
വിദേശത്തെ അവളുടെ സ്കൂളില്‍ത്തന്നെ അധ്യാപകന്റെ ജോലിയുടെ ഒഴിവു വന്നപ്പോള്‍ രമേശ് നിയമനം കിട്ടി സന്തോഷിച്ചു. സന്തോഷം അധികം നീണ്ടുപോയില്ല, അവിടെയും കൂട്ടുകാരും പദവികളും കിട്ടിത്തുടങ്ങിയപ്പോള്‍ മദ്യപിക്കാനുള്ള ആവേശം മനസ്സില്‍നിന്നു ചക്കമുളഞ്ഞില്‍പോലെ ഊറിയൂറിവന്നു. രമേശ് ചെല്ലുന്നിടത്തെല്ലാം അത് പറ്റിപ്പിടിച്ചു. ഇപ്പോഴും അയാള്‍ അവിടെ അഴിഞ്ഞാടുകയാണ‌്.
മദ്യപര്‍ ഒരിക്കല്‍ മദ്യത്തോടു വിട പറഞ്ഞാലും വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരും ശ്രദ്ധിക്കേണ്ട ഒരു കാര്യം- മദ്യപ സുഹൃത്തുക്കളെ യാതൊരു തരത്തിലും അടുപ്പിക്കരുത്. ദൂരേക്ക് സ്ഥലം മാറ്റാം വാങ്ങാം, വീട് വിട്ടു അന്യനാടുകളില്‍ താമസമാക്കം. അതായത്, മദ്യപിക്കാനുള്ള അനുകൂല സാഹചര്യങ്ങള്‍, വിടുതല്‍ പ്രാപിച്ചവര്‍ക്ക് പിന്നെയും കൊടുക്കരുത്.
L) മദ്യത്തില്‍ കുഴഞ്ഞ അമേരിക്കന്‍വീസ
പന്തളം സ്വദേശിയായ കുമാരന്‍ പത്താംതരം പോലും ജയിച്ചില്ല. പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ തെക്കുവടക്ക് നടക്കുന്ന കാലം. പെണ്ണുകെട്ടാനുള്ള പ്രായവുമായി. അങ്ങനെയിരിക്കെ, നല്ല സാമ്പത്തിക ഭദ്രതയുള്ള വീട്ടില്‍നിന്ന്‍ ഒരു പെണ്ണിന്റെ കാര്യവുമായി കുമാരനെ സമീപിച്ചത് അടുത്തുതന്നെ താമസിക്കുന്ന ബ്രോക്കര്‍പപ്പു.
"ഞാനൊന്ന് ചോദിക്കട്ടെ, പെണ്ണിന്റെ കൂട്ടര്‍ അമേരിക്കയിലുണ്ടന്നല്ലേ പറഞ്ഞത്. പിന്നെങ്ങനാ അവരെന്റെ കാര്യം പിടിക്കുന്നത്?"
ആദ്യമൊന്നും അയാള്‍ പറയാന്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നെ സംഗതി പറയാതെ പറ്റില്ലെന്നായി.
"അത്..അതുപിന്നെ..പെണ്ണിനു നേരത്തേ ഒരുതവണ ചെറിയ രീതിയില്‍ തലക്കൊരു പെരുപ്പ് വന്നിട്ടുണ്ട്"
"ഒന്നു പോടോ ഇവിടുന്ന്. വട്ടുള്ളതിനുപറ്റിയ വട്ടന്മാരെ എവിടെങ്കിലും കിട്ടുമോയെന്ന് നോക്ക്"
അയാള്‍ ഒന്നും മിണ്ടാതെ അവിടന്നു പോയെങ്കിലും കുമാരന്‍ വീട്ടിലില്ലാത്ത സമയം നോക്കി അപ്പനെ കാണാന്‍ വീണ്ടും വന്നു.
"നിങ്ങളുടെ ചെറുക്കന‌് ഇതിലും നല്ല ബന്ധം ഇനി കിട്ടാന്‍ പോകുന്നില്ല. ഈ കുടുംബം മുഴുവന്‍ രക്ഷപെടുന്ന കാര്യമാ. പെണ്ണിന്റെ സൂക്കേട് ഇനി വരാനൊന്നും പോകുന്നില്ലന്നേ"
ഒരുപാട് മക്കളുള്ള വലിയ കുടുംബമായതിനാല്‍ എങ്ങനെയെങ്കിലും വീട് രക്ഷപെടുമെന്ന് വിചാരിച്ച് അവര്‍ ആ വിവാഹം നടത്തി. ഉടന്‍തന്നെ കുമാരനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അതിനു പുറകേ അമ്മയെയും സഹോദരങ്ങളെയും, കുമാരനും കൊണ്ടുപോയി.
എന്നാല്‍, അവന്റെ ഒരു പെങ്ങളെ കെട്ടിയ ശശി ഒരു മദ്യപനായിരുന്നു. പെങ്ങളുടെ വിഷമം മനസ്സിലാക്കി ഏതോ വിഭാഗത്തില്‍ ശശിയുടെ വീസ പെറ്റീഷന്‍ കുമാരന്‍ ഫയല്‍ ചെയ‌്തു. അന്നത്തെ മദ്രാസ് കൊണ്സുലെറ്റ് ശശിയെ ഇന്റര്‍വ്യൂവിനു വിളിച്ചു. പോകാന്‍നേരം കുടിയനായ ചേട്ടനോട് ശശി പറഞ്ഞു:
"ചേട്ടാ, എനിക്കൊരു ധൈര്യം പോരാ. എന്റെ കൂടെ ഒന്ന് വരണം" കുടിയന്ചേട്ടന്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി. കാരണം, ഇതുപോലെ കുടിച്ചുമറിയാനുള്ള അവസരം ഉടനെങ്ങും കിട്ടില്ല, അത്രതന്നെ. മദ്രാസില്‍ ചെന്നപ്പോള്‍ ചേട്ടന്‍ പറഞ്ഞു:
"എടാ..ശശി, അവിടെ സായിപ്പന്മാര് ഓരോന്നു ചോദിക്കുമ്പോള്‍ നിനക്കു മണിമണിയായി ഇംഗ്ലീഷ് പറയണമെങ്കില്‍ കുറച്ചു വെള്ളം അകത്തുചെല്ലാതെ ഒന്നും നടക്കില്ല. അന്നേരം നിനക്ക് താനേ ധൈര്യമൊക്കെ വന്നോളും"
നല്ലതുപോലെ മദ്യം അകത്താക്കിയിട്ട് അങ്ങോട്ടു ചെന്നു. സുരക്ഷാപരിശോധന കഴിഞ്ഞ് ശശി മാത്രമായി. സായിപ്പിന്റെ അടുത്തുണ്ടായിരുന്ന ദ്വിഭാഷി ശശിയോട് മലയാളത്തില്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു. അവന്‍ എന്തൊക്കയോ പുലമ്പി. മദ്യപിച്ചുവന്ന ശശിയോടു സായിപ്പ് ദേഷ്യപ്പെട്ടു.
ശശിയാകട്ടെ, തനിക്ക് ആകെ അറിയാമായിരുന്ന മുറിഇംഗ്ലീഷ് - യൂ അണ്ടര്‍സ്റ്റാന്റ്.. മിസ്റ്റര്‍...നോട്ട് ദി പോയിന്റ്...കമോണ്‍...യെസ്..ഓക്കേ..എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും സായിപ്പ് തണുക്കുന്ന മട്ടില്ല. അന്നേരം അവനു ക്ഷമ നശിച്ചു. അടുത്തിരുന്ന ഓഫീസറെ നോക്കി പറഞ്ഞു:
"ഞങ്ങളുടെ നാട്ടില്‍ വന്നിട്ട് എന്നെ പേടിപ്പിക്കാന്‍ ഒരു സായിപ്പും വരണ്ടാ. അമേരിക്കാ..കുമേരിക്കാ..ഞാന്‍ ഒരിടത്തോട്ടും വരുന്നില്ല"
ഉടന്‍തന്നെ ദ്വിഭാഷിയായ ഓഫിസര്‍ സായിപ്പിനോട് അതും വിവര്‍ത്തനം ചെയ‌്തു. പിന്നെ സായിപ്പ് അലറിയ വാക്കുകള്‍ അവനു വ്യക്തമായി മനസ്സിലായി- "യു ഗെറ്റ് ഔട്ട്"
അങ്ങനെ ഒരിക്കല്‍ ബ്ലാക്ക് മാര്‍ക്ക് വീണ വീസ സ്വപ്നത്തില്‍ പിന്നെയും കുമാരന്‍ അമേരിക്കയിലിരുന്നു ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒരിക്കല്‍ ശശി ഉഴപ്പിയതിനു ബലിയാടായത് അവന്റെ ഭാര്യയും മക്കളുമായിരുന്നു. അമേരിക്കന്‍കാരുണ്യത്തില്‍ കുടുംബം കഴിഞ്ഞുപോയെങ്കിലും ഇരുപതുവര്‍ഷങ്ങള്‍ക്ക് ശേഷം, കുട്ടികള്‍ പറക്കമുറ്റിയപ്പോള്‍ ഗള്‍ഫിലേക്ക് പറന്നുപോയി. ദാരിദ്ര്യവും അതോടെ പറപറന്നു.
How to prevent alcohol consumption? This is an awareness program against bad habit of drinks, liquor, madyam, as free online reading Malayalam digital books.
Comments