Malayalam Bible stories online free reading
Malayalam eBooks of 11 Bible stories for online reading
1. സ്നാപക യോഹന്നാന്റെ പ്രഭാഷണം
യേശുക്രിസ്തു ജ്ഞാനസ്നാനം സ്വീകരിച്ചത് സ്നാപക യോഹന്നാനില്‍നിന്നും ആയിരുന്നു. ബൈബിളില്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷം മൂന്നാം അധ്യായത്തില്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധേയമാണ‌്. യോഹന്നാന‌് മരുഭൂമിയില്‍വച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അതിനുശേഷം പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്നാനം അദ്ദേഹം പ്രസംഗിച്ചുകൊണ്ടു ജോര്‍ദാന്റെ സമീപപ്രദേശങ്ങളിലേക്ക് വന്നു:"കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍; അവന്റെ പാത നേരെയാക്കുവിന്‍. താഴ്വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞ വഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും; സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും"
അങ്ങനെ ഈ പ്രവാചകന്റെ സ്വരം ശ്രവിച്ച ജനങ്ങള്‍ക്ക് ഇവന്‍തന്നെയോ ക്രിസ്തു എന്ന് യോഹന്നാനെപ്പറ്റി ചിന്തിച്ചുതുടങ്ങി. അതു മനസ്സിലാക്കിയ യോഹന്നാന്‍ അവരോടു പറഞ്ഞു:
"ഞാന്‍ ജലംകൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരുപ്പിന്റെ കെട്ട് അഴിക്കാന്പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്കു സ്നാനം നല്‍കും. വീശുമുറം അവന്റെ കയ്യിലുണ്ട്. അവന്‍ കളം വെടിപ്പാക്കി ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കുകയും പതിര‌് കെടാത്ത തീയില്‍ ദഹിപ്പിക്കയും ചെയ്യും"
അങ്ങനെ ആ വരവിനെ എളിമയോടും ആദരവോടുംകൂടി യോഹന്നാന്‍ കാത്തിരുന്നപ്പോള്‍ യേശുവിനു ജ്ഞാനസ്നാനം നല്‍കാനുള്ള ഭാഗ്യം അദ്ദേഹത്തിനു വന്നുചേര്‍ന്നു. ഇവിടെ നാം ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് പ്രചരണം നോക്കുക- എതിരാളിയെപ്പറ്റി ഒരു നല്ല വാക്കെങ്കിലും പറയാതെ അവന്‍ അധികാരത്തില്‍ വന്നാല്‍ വരാവുന്ന കുഴപ്പങ്ങളായിരിക്കും അയാള്‍ അക്കമിട്ടു നിരത്തുക. കഴിഞ്ഞ കാലങ്ങളില്‍ ഭൂതക്കണ്ണാടിവച്ചു നോക്കി കുറ്റം കണ്ടുപിടിച്ചു ചെളിവാരി എറിയും.
"എന്നെക്കാള്‍ ദുര്‍ബലനായ ഒരുവന്‍ വരുന്നു. എന്റെ ചെരുപ്പിന്റെ കെട്ട് അഴിക്കാന്പോലും അവന്‍ യോഗ്യനല്ല. വീശുമുറം അവന്റെ കയ്യില്‍ ഇല്ലാത്തതിനാല്‍ ഗോതമ്പും പതിരും വേര്‍തിരിക്കാന്‍ അവനു പറ്റില്ല"
എന്നിങ്ങനെ വീമ്പിളക്കുന്നത് തെറ്റായ പ്രവണതയാണ‌്.
ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും എളിമയുള്ള ഒരു നേതാവിനെ മഷിയിട്ടുനോക്കിയാലും കണ്ടുകിട്ടില്ല. പൊങ്ങച്ചവും അധികാരക്കൊതിയും വീമ്പിളക്കലും പൊതുരംഗം കീഴടക്കിയിരിക്കുന്നു. പുറമേ വിനയം ഭാവിക്കുന്ന ആളുകളുടെ മനസ്സിനുള്ളിലും അഹങ്കാരം കൊടികുത്തി വാഴുകയായിരിക്കും ചിലപ്പോള്‍. 'എനിക്കുശേഷം മഹാപ്രളയം' എന്നു ചിന്തിച്ചു ജീവിക്കുന്നവരും ധാരാളമായുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ നേടിയത് സ്വയം തിരിച്ചറിവാണെങ്കില്‍ വിനയം ന്യായമായും വരേണ്ടതാണ‌്. കാരണം, അറിഞ്ഞ അറിവിനേക്കാള്‍ എത്രയോ അധികമായിരിക്കും അറിയാത്തത് എന്ന്‍ അക്കൂട്ടര്‍ ചിന്തിക്കണം.
2. "My Boss is a Jewish carpenter"
ലോകവ്യാപകമായി വാഹനങ്ങളിലും വീടുകളിലും മറ്റും ഒട്ടിക്കുന്ന സ്റ്റിക്കര്‍വാചകം ആണിത്. എന്റെ ബോസ് ഒരു യഹൂദന്‍ മരപ്പണിക്കാരന്‍ എന്നു പറയുന്നത് യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നു. ഇവിടെ ഇതു പറയാനുള്ള സന്ദര്‍ഭം കേള്‍ക്കൂ:
രാജേഷ് കോട്ടയത്തെ ഒരു കടയുടെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ‌്ത സമയത്തുതന്നെ മറ്റൊരാള്‍ അവന്റെ കാറിനോട് തൊട്ടു-തൊട്ടില്ല എന്ന മട്ടില്‍ കാര്‍ മുന്നിലിട്ടു. രാജേഷിനു തന്റെ വാഹനം ഒട്ടും പിറകിലേക്ക് ഇറക്കിയിടാന്‍ പറ്റാത്ത രീതിയിലുള്ള അരമതില്‍ അവിടെ ഉണ്ടായിരുന്നു. കാര്യമായ ചെരിവുള്ള പ്രതലത്തില്‍ മുന്നിലെ കാര്‍ തിരിച്ചുപോകുമ്പോള്‍ ലേശം പിറകിലേക്ക് ഉരുണ്ടാല്‍? ഒരു മുന്‍കരുതല്‍ എന്നവണ്ണം അദ്ദേഹത്തോട് അപ്പോള്‍ത്തന്നെ രാജേഷ് പറഞ്ഞു:
"സര്‍, കാര്‍ എടുക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണേ.. സ്പേസ് ഒട്ടുമില്ല"
ഉടന്‍ വന്നു അയാളുടെ മറുപടി-
"ഞാന്‍ പുറകോട്ടു ഡ്രൈവ‌് ചെയ്യാറില്ല"
നീരസം നിറഞ്ഞ ഈ മറുപടി പറഞ്ഞിട്ട് അയാള്‍ കടയിലേക്ക് കയറിപ്പോയി. ഇതിലും ഭേദം അയാള്‍ ഒന്നും പറയാതെ പോകുന്നതായിരുന്നു എന്ന് അവനു തോന്നി. ഏതെങ്കിലും കള്ളപ്പണക്കാരനായിരിക്കും, പണമുണ്ടെന്നുകരുതി മര്യാദ കാണണമെന്നില്ലല്ലോ എന്ന് വിചാരിച്ച് അയാളുടെ കാറിന്റെ പിറകിലേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു വടിയില്‍ രണ്ടു സര്‍പ്പങ്ങള്‍ ചുറ്റിവരിഞ്ഞിരിക്കുന്ന ചിഹ്നം ഒട്ടിച്ചിരിക്കുന്നു- ഡോക്ടര്‍ ചിഹ്നം! മാത്രവുമല്ല, ഒരു എളിമയുള്ള ക്രിസ്ത്യാനി എന്ന് വിളിച്ചുകൂവുന്ന മറ്റൊരു സ്റ്റിക്കര്‍ അതിനു കുറച്ചു താഴെ പതിച്ചിട്ടുമുണ്ട് - 'My Boss is a Jewish carpenter'
വിനയവും വിദ്യാഭ്യാസവും ഒന്നിച്ചുപോകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. യഥാര്‍ത്ഥത്തില്‍, യേശു സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും എളിമയുടെയും ആള്‍രൂപമായിരുന്നു. യേശുവിന്റെ ജനനംതന്നെ ലാളിത്യത്തിന്റെ നിറകുടം ആണെന്നു കാണാം.
3. യേശുവിന്റെ ജനനം
'ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്ന് യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ലഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു.അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞു പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല' -ഇപ്രകാരമാണ‌് ബൈബിളില്‍ യേശുവിന്റെ തിരുപ്പിറവിയെ എഴുതിയിരിക്കുന്നത്.
ക്രിസ്ത്യാനി എന്നാല്‍ ക്രിസ്തുവിന്റെ അനുയായി എന്നര്‍ത്ഥം. ജനനംകൊണ്ട് എളിമയുടെ വക്താവായ യേശുവിനെ അനുകരിച്ച് ധൂര്‍ത്തും അത്യാഡംബരവും വെടിയാന്‍ ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട്. രണ്ടായിരം വര്‍ഷം മുന്‍പുള്ള ജീവിതശൈലി വേണമെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോകത്ത് ചില രാജ്യങ്ങളില്‍ കൊട്ടാരസദൃശമായ പള്ളികള്‍ പണിയുന്നുണ്ട്. എന്തിനെന്നോ?
കാലിത്തൊഴുത്തില്‍ പിറന്ന യേശുവിനെ ആരാധിക്കാന്‍!
പക്ഷേ, പലതും വിനോദസഞ്ചാരയിടങ്ങളായി മാറിയപ്പോള്‍ ഭക്തര്‍ പള്ളികളുടെ വര്‍ണ്ണപ്പകിട്ടില്‍ സെല്ഫികള്‍ എടുത്ത് ഫെയ‌്സ്ബുക്കില്‍ ഇട്ടു 'ലൈക്കുകള്‍' വാരിക്കൂട്ടി. പള്ളികള്‍ ഇങ്ങനെ നിന്നു മിന്നുമ്പോള്‍, ഭക്തരുടെ ശ്രദ്ധ പതറാന്‍ സാധ്യതയുള്ളതിനാല്‍ നന്നായി പ്രാര്‍ഥിച്ചു ദൈവത്തിന്റെ 'ലൈക്കുകള്‍' കിട്ടാന്‍ പ്രയാസമായേക്കാം!
കൂടുതല്‍ പണം ഇതിന്റെ നിര്‍മാണത്തിനായി സംഭാവന നല്‍കിയവരുടെ പേരുകള്‍ ഒരിക്കലും മാഞ്ഞുപോകാത്ത വിധത്തില്‍ ഫലകങ്ങളിലോ ഭിത്തികളിലോ കൊത്തിവയ‌്ക്കുമത്രേ! മറ്റു പ്രസിദ്ധീകരണങ്ങളിലൂടെ പേരും പെരുമയും തുകയും വിളംബരം ചെയ്യപ്പെടുന്നു. ആ ലിസ്റ്റില്‍ ഉള്ളവര്‍ പള്ളിമുറ്റത്തുനിന്ന് പൊങ്ങച്ചം പ്രഖ്യാപിക്കുന്നു:
"ഞാന്‍, ..രാജ്യത്തില്‍നിന്നും കൊണ്ടുവന്ന മിസ്റ്റര്‍ ..എന്‍ജിനീയര്‍ ….മാതൃകയില്‍ പണിത ഈ പള്ളിക്ക് ….തുക ചെലവായി"
അവിടങ്ങളിലെ ഉയര്‍ന്ന മതപുരോഹിതര്‍ അത്യാഡംബര വാഹനങ്ങളില്‍ വന്നിറങ്ങുമ്പോള്‍ കാറിന്റെ വാതില്‍വരെ ഭൃത്യര്‍ തുറന്നുകൊടുക്കണം. അതിനുശേഷമുള്ള പ്രസംഗത്തില്‍-
"കുഞ്ഞാടുകളെ, നിങ്ങള്‍ എളിമനിറഞ്ഞ ലളിതജീവിതം നയിക്കുവിന്‍" എന്നുംമറ്റും പറഞ്ഞേക്കാം. അതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനു നല്‍കിയ മഹനീയ മാതൃക കാണുക. വത്തിക്കാനിലെ ആഡംബരവസതിയായ അപോസ്റ്റോലിക് പാലസ് ഒഴിവാക്കിയതു മാത്രമല്ല, മുന്‍ഗാമികള്‍ ഉപയോഗിച്ചിരുന്ന BMW-X5, MERCEDES കാറുകള്‍ വേണ്ടെന്നുവച്ച്, 1984 RENAULT-4 പഴഞ്ചന്‍ വിന്റേജ് കാര്‍ ഉപയോഗിക്കുന്നു.
പഴയ കാലത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാലോ? ഒന്നാമത്തെ മാര്പാപ്പയെന്നു കരുതുന്ന വിശുദ്ധ പത്രോസിനെ യേശു കണ്ടെത്തിയത് എളിമയുടെ മികച്ചൊരു ദൃഷ്ടാന്തംതന്നെ.
4. ആദ്യത്തെ ശിഷ്യന്മാര്‍
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ അഞ്ചാം അദ്ധ്യായം ശ്രവിക്കൂ: ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു(യേശു) ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേസറത്ത്തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു. രണ്ടു വള്ളങ്ങള്‍ കരയോടടുത്തു കിടക്കുന്നത് അവന്‍ കണ്ടു. മീന്‍പിടിത്തക്കാര്‍ അവയില്‍നിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റെതായിരുന്നു (പത്രോസ്) വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍നിന്ന് അല്പം അകലേക്ക് വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു:
"ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക"
ശിമയോന്‍ പറഞ്ഞു:
"ഗുരോ, രാത്രി മുഴുവന് അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം"
വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്ക് കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോന്‍പത്രോസ് ഇതുകണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണു :
"കര്‍ത്താവേ, എന്നില്‍നിന്ന് അകന്നുപോകണമേ; ഞാന്‍ പാപിയാണ‌്" എന്നു പറഞ്ഞു. എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു. അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാര്-യാക്കോബും യോഹന്നാനും വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: "ഭയപ്പെടേണ്ടാ, നീ ഇപ്പോള്‍മുതല്‍ മനുഷ്യനെപ്പിടിക്കുന്നവനാകും"
വള്ളങ്ങള്‍ കരയ‌്‌ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു. യഹൂദരില്‍ അനേകം പണ്ഡിതര്‍ ഉണ്ടായിരുന്നിട്ടും മീന്‍പിടിത്തക്കാരെ തന്റെ ശിഷ്യരായി കൂടെക്കൂട്ടിയ യേശുവിന്റെ എളിമ എത്ര മഹത്തരം!
5. കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു
പിന്നീടൊരിക്കല്‍, യേശു ഒരു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ ഒരു കുഷ്ഠരോഗി വന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാര്‍ഥിച്ചു:
"കര്‍ത്താവേ, അങ്ങേക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും"
യേശു കൈ നീട്ടി അവനെ തൊട്ടുകൊണ്ട് പറഞ്ഞു: "എനിക്ക് മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ"
തല്‍ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോടു പറഞ്ഞു:
"ഇക്കാര്യം നീ ആരോടും പറയരുത്. പോയി, നിന്നെത്തന്നെ പുരോഹിതനു കാണിച്ചു കൊടുക്കുകയും മോശ കല്പ്പിച്ചിട്ടുള്ളതനുസരിച്ചു ജനങ്ങള്‍ക്ക് സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ച്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക"
ഇവിടെയും യേശു പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കാണാം. ഇന്നത്തെ നിത്യജീവിതത്തില്‍ പലരും കീര്‍ത്തി നേടാന്‍ എന്തു കോമാളിത്തരവും കാണിക്കാന്‍ മടിക്കാറില്ല.
6. ലേവിയെ വിളിക്കുന്നു
യേശു പോകുംവഴി ലേവി എന്നൊരു ചുങ്കക്കാരന്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു.
"എന്നെ അനുഗമിക്കുക"
എന്ന് യേശു അവനോടു പറഞ്ഞു. അവന്‍ എല്ലാം ഉപേക്ഷിച്ച്, എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലേവി തന്റെ വീട്ടില്‍ അവനുവേണ്ടി വലിയൊരു വിരുന്ന് നടത്തി. ചുങ്കക്കാരുടെയും മറ്റുള്ളവരുടെയും ഒരു വലിയ ഗണം അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുപ്പോടെ അവന്റെ ശിഷ്യരോട് പറഞ്ഞു:
"നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്?"
യേശു അവരോടു പറഞ്ഞു:
"ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്ക് ക്ഷണിക്കാനാണ‌്"
ഇന്നുള്ള ആവശ്യങ്ങള്‍ നിഗളത്തിന്റെയും വലിമയുടെയും പൊങ്ങച്ചത്തിന്റെയും ഭാരങ്ങള്‍ പേറുന്നവയായതിനാല്‍ എളിമയും വിനയവും എവിടെയോ അസ്തമിച്ചിരിക്കുന്നു.
7. ആരാണു വലിയവന്‍ ?
തങ്ങളില്‍ വലിയവന്‍ ആരാണ‌് എന്ന് അവര്‍ തര്‍ക്കിച്ചു. അവരുടെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത് അടുത്തുനിര്‍ത്തി, അവരോടു പറഞ്ഞു:
"എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണു നിങ്ങളില്‍ ഏറ്റവും വലിയവന്‍"
ഇതുകൂടാതെ, ബൈബിളില്‍ (ലൂക്കാ-22, 26-വാക്യം) ആരാണു വലിയവന്‍ എന്നതിന്റെ മറുപടിയായി യേശു:
"നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം"
ശിശുക്കളുടെ നൈര്‍മല്യം മനസ്സില്‍ കാത്തുസൂക്ഷിക്കുക എന്ന് പറഞ്ഞാല്‍ അത്രമേല്‍ ശുദ്ധവും കളങ്കമില്ലാത്തതും ആയ മനസ്സിനുടമ എന്നര്‍ത്ഥം. അപ്പോള്‍ യേശുവും അതുവഴി ദൈവവും ഒരുവനില്‍ നിറയുമ്പോള്‍ നമ്മുടെ കണ്ണിനു ചെറിയവന്‍ എന്നു തോന്നുന്നവന്‍ വാസ്തവത്തില്‍ വലിയവനായിത്തീരും.
8. നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍
യോഹന്നാന്‍ പറഞ്ഞു:
"ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു"
യേശു പറഞ്ഞു:
"അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ‌്"
സാധാരണയായി എതിരാളികളെ വീഴ്ത്താന്‍ എന്തു കുബുദ്ധിയും പ്രയോഗിക്കുന്ന ഇക്കാലത്ത്, യേശുവിന്റെ വിശാല കാഴ്ചപ്പാടും എളിമയും പല കാര്യങ്ങളും ഓര്‍മ്മിപ്പിക്കുന്നു. പരസ്പര ബഹുമാനവും തുല്യതാ മനോഭാവവും ആരോഗ്യകരമായ മത്സരവും നാം കാത്തുസൂക്ഷിക്കാന്‍ കടപ്പെട്ടവരാണ‌്.
9. യേശു പഠിപ്പിച്ച പ്രാര്‍ത്ഥന
യേശു ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരില്‍ ഒരുവന്‍ വന്നു പറഞ്ഞു:
"കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക"
യേശു അരുളിച്ചെയ‌്തു:
"നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കുവിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്ക് നല്കണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ"
കൊട്ടും കുരവയും ആര്‍പ്പുവിളികളും രോഗശാന്തിയുടെ അവകാശവാദങ്ങളും ആത്മപ്രശംസയും അമിതഭാഷണവും ഒന്നുമില്ലാത്ത ഈ പ്രാര്‍ഥനയില്‍ എളിമയും വിധേയത്വവും ദൈവത്തിലുള്ള ആശ്രയത്വവും ദര്‍ശിക്കാനാവും.
10. സക്കേവൂസിന്റെ ഭവനം
യേശുവിനെ കാണണം എന്നു വിചാരിച്ചു മരത്തില്‍ കയറിയ സക്കേവൂസിന്റെ കഥ വായിക്കൂ.
യേശു ജറീക്കോയില്‍ പ്രവേശിച്ചു കടന്നുപോകുകയായിരുന്നു. അവിടെ സക്കേവൂസ് എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനിയും ധനികനുമായിരുന്നു. യേശു ആരെന്ന് കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം കുറവായതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. അവന്‍ മുന്‍പേ ഓടി, ഒരു സിക്കമൂര്‍മരത്തില്‍ കയറിയിരുന്നു. യേശു അതിലെയാണു കടന്നുപോകാനിരുന്നത്. അവിടെയെത്തിയപ്പോള്‍ യേശു മുകളിലേക്ക് നോക്കിപ്പറഞ്ഞു:
"സക്കേവൂസ്, വേഗം ഇറങ്ങിവരിക. ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു"
അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു. ഇതുകണ്ടപ്പോള്‍ അവരെല്ലാവരും പിറുപിറുത്തു:
"ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ"
സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു:
"കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു"
യേശു അവനോടു പറഞ്ഞു:
"ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ‌്. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണു മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്"
എളിമയുള്ള മനസ്സിന്റെ ഉല്പന്നമായിരിക്കും മിക്കപ്പോഴും പശ്ചാത്താപം. വാശിയും വിരോധവും ദുരഭിമാനവും അസൂയയും വിനയമില്ലാത്ത മനോഭാവത്തെ സൂചിപ്പിക്കുന്നു. 'താണ നിലത്തേ നീരോടൂ' എന്ന പഴഞ്ചൊല്ല് ഓര്‍ക്കുക.
11. ശിഷ്യന്മാരുടെ പാദം കഴുകുന്നു
അത്താഴത്തിനിടയില്‍ യേശു ഒരു താലത്തില്‍ വെള്ളമെടുത്ത്, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി തൂവാലകൊണ്ട് തുടച്ചു. അതിനുശേഷം യേശു അവരോടു പറഞ്ഞു:
"ഞാന്‍ എന്താണു നിങ്ങള്‍ക്കു ചെയ‌്തതെന്ന് നിങ്ങള്‍ അറിയുന്നുവോ? നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ‌്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു"
ബൈബിള്‍ പഠിച്ചാല്‍ അതില്‍ അനേകം ജീവിതമൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാനാവും. ഒരു സ്വഭാവഗുണമായ എളിമയുടെ ചില പാഠങ്ങള്‍ ഇവിടെ പറഞ്ഞിരിക്കുന്നത് ശരിയായ അര്‍ത്ഥത്തില്‍ വിനിയോഗിച്ചാല്‍ നമ്മുടെ ലോകം നല്ലതാകും..
These are some examples of Bible online free stories in Malayalam reading. Try to absorb the fine elements of humility, simplicity and empathy etc. from the life of Jesus Christ.
Comments