Interview sancharam
ഇന്റര്‍വ്യൂ സഞ്ചാരം- ഒരു ആക്ഷേപഹാസ്യം നിറഞ്ഞ കഥ.
ബിനീഷ് ഇന്റർവ്യൂവിന് പതിവുപോലെ പഠനരേഖകളുടെ ചാക്കുമെടുത്ത് യാത്രയായി. ഇന്റർവ്യൂസമയം പത്തു മണിക്ക്. കുറെ അകലെയായതിനാൽ വളരെ നേരത്തേ ഒൻപതേകാലിനു സ്ഥലത്തെത്തി. കാരണം, പ്രതികൂല യാത്രാ സന്ദർഭങ്ങളെയും മുന്നേ കാണണമല്ലോ.
എന്നാൽ, അടിപൊളി ബിൽഡിങ്ങിൽ റിസപ്ഷനു മുന്നിൽ ഒൻപതേകാലിനു കുത്തിയിരിപ്പു തുടങ്ങി. പല ഉദ്യോഗാർഥികളും ആകാംക്ഷയോടെയും അമ്പരപ്പോടെയും ഇരിപ്പുറയ്ക്കാതെ വിഷമിക്കുന്നുണ്ടായിരുന്നു. കാരണം, പറയാൻ അല്പം ഗമയുള്ള പോസ്റ്റാണ് സബ് എഡിറ്റർ. എന്നാൽ, ബിനീഷിന് ഇതൊന്നും അത്ര പുതുമയുള്ളതായിരുന്നില്ല. കാരണം, കൊക്ക് എത്ര കുളം കണ്ടതാണ്? അവന്റെ മനസ്സും പുറവുമെല്ലാം പലതരം അഭിമുഖം വഴിയായി തഴമ്പിച്ചിരുന്നല്ലോ.
പത്തു മണിക്കൊന്നും അഭിമുഖം തുടങ്ങിയില്ല. സ്ഥാപനത്തിന്റെ എം.ഡി. വേറൊരു സഞ്ചാരത്തിലാണത്രേ. രണ്ടു മണിക്കൂർ വൈകി പന്ത്രണ്ടിനു തുടങ്ങിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഇന്റർവ്യൂ അംഗങ്ങൾ ഊണിനു പോയത്രെ.
ഉദ്യോഗാർഥികളില്‍ ഭക്ഷണം കഴിക്കേണ്ടവർക്കു പോകാമെന്ന് റിസപ്ഷനിലെ സുന്ദരിക്കോത കൃത്രിമച്ചിരിയോടെ പറഞ്ഞു. പിന്നെ, ബിനീഷ് ഹോട്ടലിൽ കയറിയപ്പോള്‍ സപ്ലയര്‍ ഒറ്റ ശ്വാസത്തില്‍ 'അപ്പം...ദോശ... മസാലദോശ...പൊറോട്ട...മുട്ട...കടല...ബീഫ്...ചിക്കന്‍....' ഇത്യാദി പറഞ്ഞതില്‍ നിന്നും പൊറോട്ടയും ലിസ്റ്റില്‍ പറയാത്ത സാമ്പാറും വായിലേക്ക് കോരിയൊഴിച്ചു. എന്നിട്ട്, വായൂ വലിച്ച് തിരികെയെത്തി- അല്ലെങ്കിൽ നല്ല സീറ്റിൽ ഇരിക്കാൻ കിട്ടില്ല, കയ്യില്ലാത്ത അഡീഷണൽ പ്ലാസ്റ്റിക് കസേരകളിൽ വളഞ്ഞുകുത്തി ഇരിക്കേണ്ടി വരും.
അങ്ങനെ, ഇരിക്കാൻ കിട്ടിയതിന്റെ അടുത്ത സീറ്റിൽ മൂടുറപ്പിച്ചത് പ്രൈവറ്റ് സ്കൂളിലെ പ്രായമേറിയ ഒരു അധ്യാപകനായിരുന്നു. അയാളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ ചില വിവരങ്ങൾ ലഭിച്ചു-
ഈ സബ് എഡിറ്റർ ജോലി സ്ഥിരനിയമനമൊന്നുമല്ല. ഓഫീസിൽ ഇരുത്താതെ പീസ് വർക്ക് ആണത്രേ. മാസാമാസം അതിന്റെ കൂലി കൊടുക്കുകയുമില്ല. ലോകബാങ്കിന്റെതു പോലെ വർഷാവസാനമുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയാണ്. ആദ്യമാസം ചെയ്തതിന്റെ രൂപ അടുത്ത മാസം തരാമെന്നു പറയും. ഒരു രൂപ പോലും കിട്ടാത്തതിനാൽ അടുത്ത മാസം...
'ഒരു ഉദ്യോഗാർഥിയുടെ ആത്മരോദനം' എന്നലറിയാൽ ഒരു രൂപ പോലും കിട്ടാതെ പുറത്തു പോകാം. ക്ഷമയുടെ നെല്ലിപ്പലക കണ്ട് ഒരു വർഷം പിന്നിട്ടാൽ എല്ലാം കൂടി തരും.
അടുത്ത വർഷത്തെ പണികൾ കിട്ടുമോയെന്നറിയാനുള്ള നിസംഗതയായിരുന്നു ആ സാറിന്റെത്. എങ്കിലും അദ്ദേഹം പറഞ്ഞതു മുഴുവൻ ബിനീഷ് വിഴുങ്ങാതെ കയ്യാലപ്പുറത്തെ തേങ്ങ പോലെ വിവരങ്ങൾ ഉരുട്ടിക്കയറ്റിവച്ചു. ഇന്റർവ്യൂ കഴിഞ്ഞാൽ മാത്രമേ ശരിയുടെ, തെറ്റിന്റെ, ഭാഗത്തേക്കു വീഴ്ത്തണമോ എന്നു തീരുമാനിക്കാനാവൂ.
ഏകദേശം മൂന്നു മണിയോടെ ബിനീഷിന്റെ ഊഴമായി. പ്രശസ്തനായ എം.ഡി രാജാവിന്റെ സിംഹാസനം പോലെ തോന്നിക്കുന്ന ചെയറിൽ ഇരിക്കുന്നു. ഒരു മൂലയിൽ നീൽകമൽപ്ലാസ്റ്റിക് കസേരയിൽ വളഞ്ഞുകൂടി പല്ലിളിച്ചുകൊണ്ട് പ്രായമായ മനുഷ്യൻ ഇരിപ്പുണ്ട് -അദ്ദേഹത്തെ കണ്ട മാത്രയിൽ ബിനീഷിന് ആളെ പിടികിട്ടി.
ഇരുന്നയുടൻ, മുതലാളി ചോദിച്ചു -
"ഇദ്ദേഹത്തെ അറിയുമോ?"
ബിനീഷ് ആ പ്രഫസറുടെ പേരു പറഞ്ഞു. പിന്നെ, എം.ഡി.മുതലാളിയുടെ കളിയാക്കൽ തുടങ്ങുകയായി. ലക്ഷ്യം ഒന്നേയുള്ളൂ- സ്വയം കഴിവുകെട്ടവനെന്നു വരുത്തിത്തീർത്ത് കുറഞ്ഞ ശമ്പളത്തിന് ബിനീഷിനെ സംസ്കരിച്ചെടുക്കുക. അയാൾ വല്ലാതെയങ്ങ് ആളായി പെരുമാറിയെങ്കിലും തിരുവായ്ക്ക് എതിർവാ ഇല്ലെന്ന മട്ടിൽ പ്രഫസർ ശവംകണക്കെ വിനീതദാസനായി ഇരിക്കുകയാണ്.
എംഡി പറഞ്ഞു-
"എന്തായാലും ഇവിടെ വരെ വന്നതല്ലേ. ഇയാളുടെ കുറച്ചു സാംപിൾ വർക്കു കാണാതെ പറ്റില്ല. താഴെ ഓഫീസിൽ നിന്നും ചെയ്യേണ്ടതു കിട്ടും''
മുൻപു വിവരങ്ങൾ കൈമാറിയ അധ്യാപകനെ മനസ്സാ വണങ്ങി തേങ്ങയുടച്ചു.
11,
12 ക്ലാസുകളുടെ
റഫറൻസ് പുസ്തകങ്ങൾ
പ്രസിദ്ധീകരിക്കുന്നതുമായി
ബന്ധപ്പെട്ട് വിഷയങ്ങൾ
രസകരമായും ബാലിശമായും
എഴുതണമെന്ന് കുട്ടികളുടെ
എഴുത്തുതോഴനായ പ്രഫസർ അപ്പോൾ
നിർദ്ദേശിക്കുകയും ചെയ്തു.
ആ
ആഴ്ചയിൽത്തന്നെ രാവും പകലും
കഷ്ടപ്പെട്ട് എഴുതി തയ്യാറാക്കി
ബിനീഷ് തിരികെ സ്ഥാപനത്തിലെത്തി.
അതിന്റെ
മേൽനോട്ടം വഹിക്കുന്ന ആളിനെ
കാണിച്ചപ്പോൾ അയാള്‍
പറഞ്ഞു
-
"ഇങ്ങനെ സിംപിളായി എഴുതിയാൽ കാര്യമില്ല. കണ്ടന്റ് വളരെ ഗൗരവം ഉള്ളതായിരിക്കണം"
"സാർ, പ്രഫസർ ഇങ്ങനെ കുട്ടികൾക്കു രസകരമാക്കണമെന്നു പറഞ്ഞിരുന്നു"
അയാൾ പുഞ്ഞച്ചിരിയോടെ കലിച്ചു-
"ആഴ്ചയിൽ രണ്ടു ദിവസം ഒന്നു തല കാണിച്ചിട്ടു പോകുന്ന അയാളു പറയുന്ന പോലൊന്നും ഇവിടെ കാര്യം നടക്കില്ല. ഈ മാറ്റർ എഡിറ്റ് ചെയ്തു കണ്ടന്റ് സീരിയസ് ആക്കി റീ-സബ്മിറ്റു ചെയ്യ്. ഇയാള് ഇങ്ങോട്ടു വരേണ്ട കാര്യമില്ല. വേഡിലാക്കി മെയിൽ ചെയ്‌താൽ മതി"
വീണ്ടും മൂന്നു ദിവസത്തെ പരിശ്രമത്തിനൊടുവിൽ ഇ-മെയിൽ ചെയ്തു. പിന്നെ, യാതൊരു അനക്കവുമില്ല. ഫോൺ ചെയ്തിട്ടും മന:പൂർവ്വമായി അവർ ഒഴിവാക്കുകയും ചെയ്തു.
അപ്പോഴാണ് മറ്റൊരു സൂത്രം മനസ്സിലായത്- ഏകദേശം പത്തു പേരോളം അഭിമുഖത്തിന് ഉണ്ടായിരുന്നവർക്കെല്ലാം ഇങ്ങനെ ഓരോ സാംപിൾ വർക്കു കൊടുത്തിട്ട് ആരെയും എടുത്തില്ലെങ്കിലും തൽക്കാലം അവർക്കു പിടിച്ചു നിൽക്കാം. ഒരു രൂപ പോലും മുടക്കില്ല! പല രൂപത്തിലുള്ള സബ്ജക്റ്റ് മാറ്റര്‍ കയ്യിലായി.
പക്ഷേ, ബിനീഷിന് ഏകദേശം ഏഴു ദിവസത്തെ അധ്വാനവും 500 രൂപയിൽ കൂടുതലും നഷ്ടമായി! ഇതൊക്കെ, ആരറിയുന്നു?
വിമര്‍ശനകഥയിലെ ആശയം - Malayalam satire stories online reading
ഇത്തരം കണ്ണിൽ ചോരയില്ലാത്ത അനേകം ഇന്റർവ്യൂ മാമാങ്കങ്ങൾ എവിടെയെല്ലാം നടന്നിരിക്കുന്നു? ഇനിയെത്ര നടക്കാനിരിക്കുന്നു?
അനേകം അവാർഡുകൾ വാരിക്കൂട്ടിയ എഴുത്തുകാരൻപ്രഫസറെ വെറുതെ ബ്രാൻഡ് ചെയ്ത് മനുഷ്യന്റെ കണ്ണിൽ പൊടിയിടുകയാണ് ആ സ്ഥാപനത്തിൽ ചെയ്യുന്നത്. കനത്ത യു.ജി.സി ശമ്പളവും പിന്നെ, ഇപ്പോള്‍ പെൻഷനും വാങ്ങുന്ന ആ പ്രഫസർ, ഒരു മുതലാളിയുടെ റാൻമൂളിയാകുന്നത് എന്തിന്?
ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളെ ഇന്ത്യയിലെ കൂലിത്തൊഴിലാളികളായി കാണുന്ന മുതലാളിയാകട്ടെ, മോട്ടിവേഷന്‍ സ്പീച്ചാന്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നു!
interview lapse, job aspirant, candidate, Kerala, India.
Comments