Motivational stories in Malayalam

സ്വര്‍ണക്കലം (മോട്ടിവേഷന്‍ കഥകള്‍)

പണ്ടുപണ്ട്... സിൽബാരിപുരംരാജ്യം വീരപാലു എന്ന രാജാവ് ഭരിച്ചു വന്നിരുന്ന കാലം. അദ്ദേഹത്തിനു മുൻപ് ഭരിച്ചിരുന്ന രാജാക്കന്മാരുടെ പ്രധാന വിനോദം 'നായാട്ട്' എന്ന പേരില്‍ പ്രശസ്തമായ മൃഗവേട്ടയ്ക്കു പോകുന്നതായിരുന്നു. വേട്ടമൃഗങ്ങളുമായി തിരികെ കൊട്ടാരത്തിലെത്തുന്നത് ഒരു ധീരകൃത്യമായി അവർ കരുതിയിരുന്നു. എന്നാൽ, വീരപാലുരാജാവിന് ഇതിലൊന്നും താൽപര്യമുണ്ടായിരുന്നില്ല.

അദ്ദേഹം നല്ലൊരു പ്രകൃതിസ്നേഹിയായിരുന്നു. രാജ്യമാകെ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതും വഴിയരികിൽ ഭംഗിയുള്ള പൂച്ചെടികൾ വളർത്തുന്നതും അദ്ദേഹത്തിന് പ്രിയങ്കരമാണ്. കൊട്ടാരംവകയായി നല്ലൊരു ഉദ്യാനം ഉണ്ടാക്കാനും മറന്നില്ല.

ക്രമേണ രാജ്യമാകെ പച്ചപ്പുനിറഞ്ഞ് കൂടുതൽ മനോഹരമായി. ദിവസങ്ങളോളം കാൽനടയായി യാത്ര ചെയ്യുന്നവർക്ക് ഒട്ടും വെയിൽ കൊള്ളാതെ തണൽമരങ്ങൾ ആശ്വാസമേകി. ഭാരമേറിയ ചുമടുകൾ വലിച്ചിരുന്ന കാളവണ്ടികളിലെ കാളകൾക്കും ക്ഷീണമറിയാതെ വേഗം കിട്ടി. ചന്തയിലെ കച്ചവടക്കാർക്കും കൃഷിക്കാർക്കും പണിക്കിടയിൽ മരച്ചുവട്ടിൽ വിശ്രമിക്കാനും സാധിച്ചിരുന്നു.

സമ്പല്‍സമൃദ്ധിയുടെ കുറച്ചു വർഷങ്ങൾ അങ്ങനെ പിന്നിട്ടു. കൃഷിയും കച്ചവടവും വഴിയായി സ്വര്‍ണവും ധാന്യവുമെല്ലാം കൊട്ടാര ഖജനാവില്‍ നിറഞ്ഞു. അയല്‍രാജ്യമായ കോസലപുരത്തെ രാജാവ് ഈ രാജ്യത്തിന്‍റെ സുഹൃത്തുമായിരുന്നതിനാല്‍ യുദ്ധകാര്യങ്ങള്‍ക്കൊന്നും പണം നീക്കിവയ്ക്കേണ്ടിവന്നില്ല.

ഒരിക്കൽ, ഒരു വേനൽക്കാലത്ത്, രാജ്യത്തെ വനത്തിനുള്ളിൽ എവിടെയോ കാട്ടുതീ പടർന്നു പിടിച്ചു. ഒട്ടും വൈകാതെ കാറ്റിന്റെ അകമ്പടി സേവിച്ച് തീ കാടു മുഴുവനും വിഴുങ്ങി. വലിയ പച്ചമരങ്ങൾപോലും കത്തിനശിച്ചു. വന്യമൃഗങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങി. അതോടെ ഉൾവനങ്ങളിൽ നിന്നും ഉറവ പൊട്ടുന്ന അരുവികൾ നിലച്ചു.

കാടിനോടു ചേര്‍ന്നുകിടന്നിരുന്ന നിരവധി വീടുകളും അഗ്നിക്കിരയായി. പിന്നീടുള്ള കാലത്ത്, അവിടുന്ന് നാട്ടിലൂടെ ഒഴുകിയിരുന്ന തോടുകളും വറ്റിവരണ്ടു. ഇതെല്ലാം കണ്ട് രാജാവിന് വളരെ സങ്കടമായി. വർഷങ്ങൾ കൊണ്ട് താൻ വളർത്തിയെടുത്ത കൊട്ടാര ഉദ്യാനത്തിലെ ചെടികൾവരെ കരിഞ്ഞിരിക്കുന്നു.

നാട്ടിലെ മരങ്ങളും ഉണങ്ങിത്തുടങ്ങി. കാലവർഷത്തിലെ മഴയും കുറഞ്ഞു വന്നതിനാൽ കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടു. പാതയോരത്തുള്ള ചെടികൾ കരിഞ്ഞതും രാജാവ് വ്യസനത്തോടെ നോക്കിനിന്നു. ഇതെല്ലാം നിലനിർത്താനായി കുടിവെള്ളത്തിനുള്ള ജലം, ചെടി നനയ്ക്കാൻ എടുക്കുന്നതു ശരിയല്ലെന്ന് രാജാവിനു തോന്നിയതിനാൽ അങ്ങനെ ചെയ്തതുമില്ല.

രാജ്യമാകെ വരൾച്ച ബാധിച്ചതിനാൽ ജനങ്ങൾക്ക് കൃഷിയിൽ നിന്നുള്ള വരുമാനം തീരെ കുറഞ്ഞുവരികയും ചെയ്തു. കൊട്ടാരത്തിലാകട്ടെ, പത്തായപ്പുരകളിലെ ധാന്യങ്ങള്‍ തീര്‍ന്നപ്പോള്‍ രാജാവിന്റെ കല്പനപ്രകാരം സ്വര്‍ണം വിറ്റ് കോസലപുരത്തെ ധാന്യങ്ങള്‍ വാങ്ങിത്തുടങ്ങി.

പണ്ടെങ്ങോ, രാജവീഥിയുടെ അരികത്തായി കൊട്ടാരംവകയായി ഒരു പൊതുകിണർ ആഴത്തിൽ കുത്തിയിട്ടുണ്ടായിരുന്നതിനാൽ അകലെയുള്ള ഗ്രാമവാസികൾവരെ അവിടെനിന്നായിരുന്നു കുടിവെള്ളം കൊണ്ടുപോയിരുന്നത്. സാധാരണയായി, സ്ത്രീകൾ കുടങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ച് ചുമന്നുകൊണ്ടു പോകും.

അവർ സംഘങ്ങളായിട്ടു വർത്തമാനം പറഞ്ഞു നടക്കുന്നതിനാൽ ചൂടിന്റെ ആയാസം കുറച്ചൊക്കെ മറക്കാനും കഴിഞ്ഞിരുന്നു.

ഒരു ദിവസം - രാജാവിന്റെ മുന്നിലെത്തി വിദൂഷകൻ ഒരു കാര്യം ഉണർത്തിച്ചു -

"അങ്ങുന്നേ... നമ്മുടെ രാജവീഥിയിൽ ഒരു സ്ഥലത്തെ ചെടികൾക്ക് യാതൊരു നാശവുമില്ലാതെ പൂത്തുലഞ്ഞു നിൽക്കുന്നു. മരുഭൂമിയിൽ വളരുന്ന തരം ചെടികളായിരിക്കാം. അവയ്ക്കു വെള്ളമില്ലാതെ വളരാമല്ലോ"

ഇതുകേട്ട്, രാജാവ് പൊട്ടിച്ചിരിച്ചു -

"എടോ, താൻ എന്തു വിഢിത്തമാണ് ഈ പറയുന്നത്? പണ്ട്, ധാരാളം മഴയുണ്ടായിരുന്ന കാലത്ത്, എന്റെ കല്പന പ്രകാരം രാജപാതയിൽ നട്ടുവളർത്തിയ ചെടിയാണത്. ആരെങ്കിലും അതിനു വെള്ളമൊഴിച്ചതുകൊണ്ട് കരിയാതെ നിന്നതായിരിക്കും"

"അടിയന് ഒരു സംശയം അങ്ങുന്നേ... അങ്ങനെയെങ്കിൽ പാതയുടെ മറുവശത്ത് ഇതേ ചെടികൾ ഉണ്ടായിരുന്നത് കരിഞ്ഞുണങ്ങി നിൽക്കുന്നുണ്ടല്ലോ"

"ഓഹോ... അങ്ങനെയെങ്കിൽ ഞാനത് കാണാൻ പോകുന്നുണ്ട്"

സാധാരണയായി രാജാവ് എങ്ങോട്ടെങ്കിലും ഒന്നിറങ്ങിയാൽ ഒരു സംഘം ഭടന്മാരും പ്രജകളും പിന്തുടരുന്ന പതിവുണ്ട്. അത് ഒഴിവാക്കാനായി രാജാവ് പ്രഛന്നവേഷത്തിൽ വഴിയിലൂടെ നടന്നു വിദൂഷകൻ പറഞ്ഞ സ്ഥലത്തെത്തി. പൂച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നതു കണ്ട് രാജാവിന് അതിയായ സന്തോഷം തോന്നി.

പക്ഷേ, രാജാവിന് ഒരു സംശയം - ആരാണ് ചെടികൾക്ക് വെള്ളമൊഴിക്കുന്നത്? കണ്ടു പിടിച്ചിട്ടു തന്നെ കാര്യം.

ഒരു മരച്ചുവട്ടിൽ രാജാവ് ഒളിച്ചിരുന്നു. പലരും കിണറ്റിൽനിന്നും വെള്ളം കോരി കൊണ്ടു പോകുന്നുണ്ടെങ്കിലും ആരും ചെടികളെ ഒന്നു നോക്കുന്നതുപോലുമില്ല. വൈകുന്നേരമായപ്പോൾ ഒരാൾ കമ്പിന്റെ രണ്ടറ്റത്തും തൂക്കിയ മൺകലങ്ങളിൽ വെള്ളവുമായി വരുന്നതു കണ്ടു. അവന്റെ ഓട്ടക്കലത്തിൽ നിന്നും വീഴുന്ന വെള്ളത്തുള്ളികളാണ് ചെടികളുടെ ജീവ രഹസ്യമെന്നു രാജാവിനു പിടികിട്ടി.

ഇയാൾ എന്തായിരിക്കും കലത്തിന്റെ ഓട്ട അടയ്ക്കാത്തത്? ബുദ്ധിമാന്ദ്യമുള്ള ആളായിരിക്കാം. രാജാവ് അവനെ രഹസ്യമായി പിന്തുടർന്നു.

അവന്‍ വീടിനുളളിൽ കയറി അല്പനേരം കഴിഞ്ഞ് ചന്തയിലേക്കുള്ള വഴിയിലൂടെ നടന്നു പോയി. പിന്നീട്, ആ വീട്ടിലേക്ക് രാജാവ് പ്രവേശിച്ചപ്പോൾ വലതുവശത്തുള്ള ചെറിയ മുറിയിലെ പഴഞ്ചൻകയറുകട്ടിലിൽ ഒരു വൃദ്ധയായ സ്ത്രീ കിടപ്പുണ്ടായിരുന്നു.

പെട്ടെന്ന്, എന്തോ ശബ്ദം കേട്ട് വൃദ്ധ ചോദിച്ചു -

"മോനേ.. സുകേശാ.. നീ പോയില്ലേ?"

വൃദ്ധയ്ക്ക് കണ്ണു കാണാൻ വയ്യെന്നു രാജാവിനു മനസ്സിലായി. അദ്ദേഹത്തിനു പലതും അറിയണമെന്നുണ്ടായിരുന്നു. പക്ഷേ, ശബ്ദം തിരിച്ചറിയാതിരിക്കാനായി അദ്ദേഹം ഒന്നു മൂളുക മാത്രം ചെയ്തു.

അപ്പോൾ വൃദ്ധ പിറുപിറുക്കാൻ തുടങ്ങി -

"ന്റെ, സുകേശാ.. നീ എത്ര നാളായി ഈ വയസ്സിയ്ക്ക് പൊട്ടക്കലത്തിൽ വെള്ളമെടുത്തോണ്ടു വരുന്നു.. എന്റെ കയ്യില് നിനക്ക് തരാൻ ഒന്നൂല്ല. ഈ പൊട്ടക്കലം മാത്രമേയുള്ളൂ കുഞ്ഞേ...എനിക്കു പോകാൻ സമയമായെന്നു തോന്നണ്. ഇന്നു രാത്രി ഇടിവെട്ടി മഴ പെയ്യും. തോരാത്ത മഴ... ആദ്യം നിന്റെ പൊട്ടക്കിണറ്റില്‍ ഒരിക്കലും വറ്റാത്ത വെള്ളം നിറയും....പിന്നെ...നിനക്കെന്തിനാ കലം? ങാ...പിന്നെയും അതിന് ആവശ്യമുണ്ട്-സ്വര്‍ണം സൂക്ഷിക്കാന്‍. അതിനുള്ളില്‍ മഴവെള്ളം പോലെ പൊന്ന് നിറയും...ഹി..ഹി..രാജ്യം മുഴുവന്‍ പണ്ടത്തെപ്പോലെ പച്ചപ്പു നിറയും. ഇനിയങ്ങോട്ട് സമൃദ്ധിയുടെ കാലം വരും... "

വൃദ്ധയുടെ വാക്കുകളെ പ്രായമായവരുടെ ജല്പനങ്ങളായി കരുതിയ രാജാവ് ഉടൻ തന്നെ യാതൊന്നും മിണ്ടാതെ തിരികെ കൊട്ടാരത്തിലെത്തി. എങ്കിലും വിദൂഷകനോട് അവരുടെ വീട്ടുകാര്യങ്ങൾ തിരക്കിവരാന്‍ കല്പന കൊടുത്തു. ഏതാനും മണിക്കൂറിനുള്ളില്‍ വിദൂഷകന്‍ മടങ്ങിയെത്തി വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു-

കുറച്ചകലെയുള്ള കാടിനോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തിലായിരുന്നു നാണിയമ്മ എന്ന പേരുള്ള വൃദ്ധ താമസിച്ചിരുന്നത്. അന്നത്തെ, കാട്ടുതീ അവിടെയുള്ള അനേകം വീടുകളെയും നശിപ്പിച്ചു. നാണിയമ്മയുടെ വീടും അക്കൂട്ടത്തില്‍ നശിച്ചു. പുല്ലുമേഞ്ഞ വീട്ടിലെ സര്‍വതും ഒരു നിമിഷം കൊണ്ട് ചാരമായി മാറിയത് കണ്ടു നാണിയമ്മ നിലവിളിച്ചു.

എന്നാല്‍, അവിടെ ഒരു മണ്‍കലം മാത്രം നശിക്കാതെ അവശേഷിച്ചു!കാരണം, ഒരിക്കല്‍ അത് തീയില്‍ ചുട്ടെടുത്തതായിരുന്നു! തീയില്‍ കുരുത്തത് എന്തിന് പേടിക്കണം?

ആ കലം മാത്രമെടുത്ത് നാണിയമ്മ എങ്ങോട്ടെന്നില്ലാതെ നടന്നു. കനത്ത ചൂടുകാരണം, മരംവെട്ടുകാരനായ സുകേശന്‍റെ വീടിനു മുന്നില്‍ എത്തിയപ്പോള്‍തന്നെ വല്ലാതെ തളര്‍ന്നിരുന്നു. ഉടന്‍, പരവേശപ്പെട്ടു കഞ്ഞിവെള്ളം കുടിക്കാന്‍ അവനോടു ചോദിച്ചു. അത് കൊടുത്ത ശേഷവും കണ്ണിനു കാഴ്ച്ചക്കുറവുള്ള വൃദ്ധയെ പറഞ്ഞയയ്ക്കാന്‍ സുകേശനു മനസ്സുവന്നില്ല.

അങ്ങനെ, അപ്പോള്‍ മുതല്‍ അവിടെ അവര്‍ ഒരുമിച്ചു താമസിച്ചുതുടങ്ങി. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുകേശന്റെ കയറുകട്ടിലില്‍ വൃദ്ധ കിടപ്പിലാകുകയും ചെയ്തു. അവരുടെ കലത്തിന്റെ ഓട്ട ചുണ്ണാമ്പു കൊണ്ട് അടയ്ക്കാമെന്നു സുകേശന്‍ പറഞ്ഞെങ്കിലും വൃദ്ധ അതിനു സമ്മതിച്ചില്ല.

അതിന് അവര്‍ക്കൊരു കാരണവുമുണ്ടായിരുന്നു- കാട്ടുതീയില്‍പോലും നശിക്കാത്ത ഈ ഓട്ടക്കലം ഒരിക്കല്‍ ഭാഗ്യം കൊണ്ടുവരുമെന്ന്! പിന്നീട്, നേരിയ ചോർച്ചയെ സുകേശൻ കാര്യമാക്കിയില്ലതാനും.

വിദൂഷകന്‍ ഇപ്രകാരം പറഞ്ഞുകഴിഞ്ഞ ശേഷം രാജാവ് പള്ളിയുറക്കത്തിനായി പോയി.

അന്ന്, അർദ്ധരാത്രിയിൽ ശക്തമായ ഇടിമുഴക്കം കേട്ടാണ് രാജാവ് ഞെട്ടിയുണർന്നത്! ഉടൻ തന്നെ കനത്ത മഴ തുടങ്ങി. തുള്ളിക്കൊരു കുടം എന്ന കണക്കെ മഴ തിമിർത്തുപെയ്തു തുടങ്ങി. അപ്പോഴാണ് വൃദ്ധയുടെ വാക്കുകൾ രാജാവിന്റെ മനസ്സിൽ വീണ്ടും മുഴങ്ങിയത്!

ഉടന്‍, രാജാവ് ഖജനാവിലെ ഒരു സ്വര്‍ണക്കിഴിയുമായി തന്റെ ഭടന്മാരോടൊപ്പം മഴയെ വകവയ്ക്കാതെ സുകേശന്റെ വീട്ടിലേക്കു കുതിച്ചു. പക്ഷേ, അവിടെയെത്തിയപ്പോള്‍ ആ വൃദ്ധയ്ക്കു ജീവനില്ലായിരുന്നു!

എങ്കിലും, രാജാവ് അവിടെയുണ്ടായിരുന്ന ഓട്ടക്കലത്തിലേക്കു സ്വര്‍ണനാണയങ്ങള്‍ കുടഞ്ഞിട്ടു. നേരം പുലര്‍ന്നപ്പോള്‍ വൃദ്ധയെ രാജ്യബഹുമതികളോടെ കൊട്ടാരവളപ്പില്‍ സംസ്കരിച്ചു. സുകേശന്, കൊട്ടാരത്തിന്‍റെ മരപ്പണിശാലയില്‍ ജോലി കൊടുക്കാനും വീരപാലു രാജാവ് മറന്നില്ല.

ഓരോ മനുഷ്യ ജന്മത്തിനും അതിന്റേതായ മൂല്യവും അവസരവും അതിജീവനവും പ്രകൃതി കല്പിച്ചു തന്നിരിക്കുന്നത് വെവ്വേറെ തരത്തിലോ മേഖലയിലോ ആയിരിക്കാം. ഒരേ ശരീരത്തിലെ വിവിധ അവയവങ്ങള്‍ക്ക് പലതരം ധര്‍മങ്ങള്‍ എന്നപോലെ. ഏറ്റവും പ്രധാനമായത് ശിരസ്സാണെങ്കിലും ഓരോന്നും അതിന്റെ കടമ നന്നായി നിറവേറ്റുമ്പോള്‍ മാത്രമാകുന്നു സുഗമമായ മനുഷ്യപ്രകൃതമാവുന്നത്!

ഓരോ മനുഷ്യനും തന്റെ ജീവിതമാകെ അദൃശ്യമായ ഓട്ടക്കലവും തലയില്‍ വച്ചുകൊണ്ട് സഞ്ചരിക്കുകയാണ്!

നല്ലവരുടെ ഓട്ടക്കലത്തില്‍നിന്ന് അവര്‍ കടന്നുപോകുന്ന മണ്ണിലേക്ക് സ്നേഹവും നന്മകളും ഇറ്റിറ്റുവീഴുന്നു!

അതേസമയം, ദുഷ്ടരുടെ ഓട്ടക്കലത്തില്‍നിന്ന് പാതയിലേക്ക് തിന്മകളുടെ വികൃതരൂപങ്ങള്‍ വീഴുന്നു!

ഓരോ വ്യക്തിയും- സ്വന്തം ഓട്ടക്കലത്തില്‍നിന്ന് ചോരുന്നത് എന്താണെന്ന് ഇപ്പോള്‍ത്തന്നെ ചിന്തിക്കുമല്ലോ!

ബിജേഷിന്റെ പ്രതികാരം (പ്രചോദന കഥകള്‍)

ബിജേഷ് ജോലി കഴിഞ്ഞു വരുന്ന വൈകുന്നേരം.

അഞ്ചരയ്ക്കുള്ള ബസ് പിടിക്കാനായി കോട്ടയത്ത് കാത്തു നിൽക്കുമ്പോൾ,

വീടിനടുത്തു നിന്നും മൂന്ന് ബസ് സ്റ്റോപ്പിനപ്പുറമുള്ള ഒരു മധ്യവയസ്കൻ അവനെ പരിചയപ്പെടാനായി വന്നു.

സംഗതി ഇതാണ്- അയാൾ കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ വർഷങ്ങളായി ജോലി ചെയ്തു വരികയാണ്. പക്ഷേ, ശമ്പളക്കുറവും ജോലിഭാരവും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്. അതുകൊണ്ട് വീട്ടുകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കുറച്ചുകൂടി നല്ല ജോലിക്കായി നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

ബിജേഷിന്റെ കമ്പനിയിൽ കരാർ വ്യവസ്ഥയിൽ ഇടയ്ക്ക് അല്പം പ്രായക്കൂടുതൽ ഉള്ളവരെയും എടുക്കാറുണ്ട്. അത്തരത്തിൽ ഒഴിവുകൾ വരുമ്പോൾ ബിജേഷ് അയാളെ അറിയിക്കണമെന്നായിരുന്നു ആ മനുഷ്യന്റെ ആവശ്യം.

ബിജേഷ് അയാളെ അടിമുടിയൊന്നു വീക്ഷിച്ചു. നല്ല വിനയത്തോടെയുള്ള സംസാരവും മാന്യമായ വസ്ത്രധാരണവും, എളിമയുള്ള ശരീരഭാഷയും കണ്ടപ്പോൾ സാധുവായ മനുഷ്യനെന്നു തോന്നി.

"ചേട്ടാ, ഞാൻ ഇക്കാര്യം മനസ്സിൽ വച്ചോളാം. എന്തെങ്കിലും ചാൻസ് വരുമ്പോൾ അറിയിക്കാം കേട്ടോ"

ബിജേഷ് അടുത്ത ദിവസംതന്നെ കമ്പനിയിലെ അത്തരം ജോലി ചെയ്യുന്ന സ്റ്റാഫുകളുടെ മേൽനോട്ടം വഹിക്കുന്ന സാറിനോട് വിശദ വിവരങ്ങൾ തിരക്കി. ഉടൻ ഒഴിവില്ലെങ്കിലും പരീക്ഷയുടെ ഘടനയും ഇന്റർവ്യൂ ശൈലിയും മനസ്സിലാക്കി ബിജേഷ് ബുക്കിൽ കുറിച്ചുവച്ചു. കാരണം, ജോലിയൊഴിവ് ബോക്സ് നമ്പരായി സ്ഥാപനത്തിന്റെ പേരില്ലാതെയാകും വരിക. എല്ലാ ആഴ്ചത്തേയും ബുധൻ മാത്രമേ പരസ്യം വരികയുള്ളൂവെന്ന് സാർ ഉറപ്പുപറയുകയും ചെയ്തു.

ഒന്നു രണ്ടു മാസം കടന്നു പോയി. ഇതിനിടയിൽ ആ മനുഷ്യൻ ബിജേഷിനോട് വളരെ ബഹുമാനത്തോടും വിനയത്തോടും ബസിലൊക്കെ കാണുമ്പോൾ ഓടിവന്നു സംസാരിക്കാറുണ്ട്.

എന്നാൽ, ക്രമേണ അയാളുടെ സാധു രൂപഭാവങ്ങൾ മാറിത്തുടങ്ങി. ബിജേഷിനെ കാണുമ്പോൾ ഒഴിവാക്കി മാറിനിൽക്കാൻ തുടങ്ങി. ഒഴിവുകൾ ഒന്നും അയാളോട് റിപ്പോർട്ട് ചെയ്യാത്തതിലുള്ള വിഷമം സ്വാഭാവികമാകാം എന്നു കരുതി ബിജേഷ് പത്രത്തിലെ നോട്ടം ഒഴിവാക്കിയില്ല.

ഏകദേശം, ആറുമാസം കഴിഞ്ഞ് ഒരു ചൊവ്വാഴ്ച വൈകുന്നേരം അഞ്ചര മണിക്കുള്ള ബസ് വൈകി. ബിജേഷ് അപ്പുറത്തു മാറിനിന്നിരുന്ന മേൽപറഞ്ഞ മനുഷ്യന്റെ അടുത്തുചെന്ന് ചോദിച്ചു-

"നമ്മുടെ ബസ്‌ കാണുന്നില്ലല്ലോ. രാവിലെ എട്ടരയ്‌ക്ക് ചേട്ടൻ പോരുന്ന ട്രിപ്, ഈ ബസുണ്ടായിരുന്നോ?"

പെട്ടെന്ന്, അയാളുടെ കുത്തി വീർത്ത മോന്തായത്തിൽനിന്ന് വലിയൊരു മറുപടി വന്നു-

"ആ...."

അതിനുശേഷം, പെട്ടെന്ന്, മുഖം വെട്ടിത്തിരിക്കുകയും ചെയ്തു!

പുഛ സ്വരത്തിലുള്ള ഒരക്ഷരമായി അയാൾ "ആർക്കറിയാം" എന്നാവാം ഉദ്ദേശിച്ചത്!

ബിജേഷിനുള്ള ഒന്നാന്തരം പ്രഹരമായിരുന്നു അത്. കാരണം, ആയാസമില്ലാത്ത ഉപകാരമെങ്കിലും നൂറുകൂട്ടം ജോലികൾക്കും വീട്ടുകാര്യങ്ങൾക്കും ഇടയിൽ പരസഹായം മറക്കാതിരുന്ന് പ്രവർത്തിക്കുക എന്നത് ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്.

അയാൾക്കു മുന്നിൽ താനും തന്റെ സമയവും തോറ്റു പോയതിൽ വിഷമം തോന്നുകയും ചെയ്തു. ഇനി അയാൾക്കായി ഒന്നും അന്വേഷിക്കേണ്ടതില്ലല്ലോ- കാരണം, അയാള്‍ ഒരു സാധുജീവിയല്ല, പാവം ക്രൂരനാണ്!

അടുത്ത ദിനം- ബുധൻ രാവിലെ പത്രം ഓടിച്ചു വായിക്കുന്നതിനിടയിൽ - താൻ മാസങ്ങളായി 'ആ' അപരിചിതനായി തേടിക്കൊണ്ടിരുന്ന ഒരു ബോക്സ് പരസ്യം വന്നിരിക്കുന്നു!

'Wanted clerk on contract at Kottayam for a reputed company. Age- 45-55 yrs...'

എന്നിങ്ങനെ തുടങ്ങുന്ന കുറച്ചു വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. അപ്പോൾ, പുഞ്ചിരിയോടെ ബിജേഷ് സ്വയം പറഞ്ഞു -

"ദൈവമുണ്ട്.... ഒരു ദിവസം മുൻപായിരുന്നെങ്കിൽ അവന്‍ ജയിച്ചേനെ”

എങ്കിലും, കഴിഞ്ഞ ആറുമാസമായി ചെയ്തത് പാഴ്‌വേലയായി തീരുന്നതില്‍ നഷ്ടബോധം തോന്നി. അന്നുതന്നെ, നാലുപേരുടെ ഫോണ്‍നമ്പര്‍ തപ്പിയെടുത്ത് അവരെ അറിയിച്ചപ്പോള്‍ ബിജേഷിനു നല്ല ആശ്വാസം തോന്നി.

പക്ഷേ, എന്തുകൊണ്ടോ ജോലി അവര്‍ക്കു കിട്ടിയില്ല. ചിലപ്പോള്‍, അവര്‍ സ്വകാര്യമേഖലയിലെ അമിത ജോലിക്കിടയില്‍ ബിജേഷ് പറഞ്ഞ പ്രകാരം തയ്യാറെടുത്തില്ലായിരിക്കാം.

ചിന്തിക്കുക.... മനുഷ്യരെ മനസ്സിലാക്കാൻ ഇക്കാലത്ത് വളരെ ബുദ്ധിമുട്ടാണ്. ദുഷ്ടജനങ്ങള്‍ നല്ലവരെന്ന് നടിക്കാന്‍ അടവുകൾ പതിനെട്ടും പുറത്തെടുത്ത് പയറ്റുന്ന കാലം. തിരിച്ചടികളുടെ നടുവിൽ സൻമനസ്സുകൾ പോലും പിന്തിരിയുന്നതിലും അത്ഭുതപ്പെടാനില്ല.

അതേസമയം, നന്മകളുടെ കാലതാമസം ഒരു കുറ്റമായി കാണരുത്. ചിലര്‍ നിവൃത്തികേടിന്റെ കാലത്ത്, നന്മയും പ്രത്യുപകാരവും കടപ്പാടുമൊക്കെ എപ്പോഴെങ്കിലും ചെയ്യാന്‍ പറ്റുമെന്നു പ്രത്യാശിച്ചുകൊണ്ട് ഡയറിയില്‍ കുറിച്ചിടുന്നു!

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍