Tenalirama stories online reading
Tenali Rama 9 wonderful Malayalam eBooks stories for kids. Enjoy online reading, its free!(രസകരമായ തെനാലിരാമന്‍കഥകള്‍)
ജീവചരിത്രം (Biography, profile of Tenali Rama, the famous palace clown)
ബുദ്ധിയും യുക്തിയും നിറഞ്ഞ രസപ്രദമായ ഇന്ത്യന്‍കഥകള്‍ എന്നു തെനാലിരാമന്‍കഥകളെ വിശേഷിപ്പിക്കാം. ആന്ധ്രയിലെ കൃഷ്ണാ ജില്ലയിലെ ഗാര്‍ലപ്പാട് ഗ്രാമത്തില്‍ രാമയ്യയുടെ മകനായി രാമന്‍ ജനിച്ചു. രാമന്റെ കുഞ്ഞുനാളില്‍ത്തന്നെ, പിതാവ് മരണമടഞ്ഞതിനാല്‍ അമ്മയുടെ നാടായ ഗുണ്ടൂര്‍ ജില്ലയിലെ തെനാലിഗ്രാമത്തില്‍ ജീവിച്ചുപോന്നു. അങ്ങനെ തെനാലിരാമന്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തനായി. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം 'തെനാലി രാമലിംഗ' എന്നായിരുന്നു. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായരുടെ (1509-1529) വിദൂഷകനായി പിന്നീട് സേവിച്ചു വന്നപ്പോള്‍ അദ്ദേഹത്തിനു ചെയ്യാന്‍ പറ്റിയ കാര്യങ്ങളും അനുഭവങ്ങളും ഒന്നാന്തരം കഥകളായി മാറി.
വികടകവി, തെലുങ്കു കവി എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. നര്‍മബോധവും കൗശലവും നിറഞ്ഞ ബുദ്ധിമാനായ ഈ തെലുങ്കു ബ്രാഹ്മണന്‍, രാജാവിനും ഏറെ ഇഷ്ടമുള്ള വ്യക്തിത്വംകൊണ്ട് മികച്ച സേവനം കാഴ്ചവച്ചു. അവസാനം, പാമ്പുകടിയേറ്റ് മരണം മുന്നില്‍ കണ്ട തെനാലിരാമന്‍, രാജാവിനെ കാണാന്‍ ആഗ്രഹിച്ച് ആളെ പറഞ്ഞുവിട്ടെങ്കിലും തെനാലിയുടെ തമാശയായി കരുതി രാജാവു വന്നില്ല. മരണശേഷം അവിടെയെത്തിയ രാജാവ‌് വാവിട്ടു നിലവിളിച്ചു. അങ്ങനെ, അനശ്വരമായ കഥകള്‍ ലോകത്തിനു സമ്മാനിച്ച് അദ്ദേഹം യാത്രയായി. വായനയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ആ സുവര്‍ണ കഥകള്‍ ഓരോന്നായി വീണ്ടും നിങ്ങളുടെ മുന്നിലേക്ക്.....
ബിനോയി തോമസ് (പുനരാഖ്യാനം)
1. ദേവിയുടെ അനുഗ്രഹം
തെനാലിരാമൻ കുട്ടിക്കാലത്ത് മഹാ വികൃതിയായിരുന്നു. അവന്റെ പന്ത്രണ്ടാം വയസ്സിൽ പഠനവും അവസാനിച്ചു. എങ്കിലും ഗുരുവിന്റെ പക്കൽനിന്ന് വേണ്ടുന്ന അറിവ് ഇതിനോടകം അവന്‍ സമ്പാദിച്ചു കഴിഞ്ഞിരുന്നു. മടിയനായിരുന്ന രാമൻ പണിക്കൊന്നും പോകാതിരുന്നതിനാൽ കുടുംബം പട്ടിണികൊണ്ട് വീർപ്പുമുട്ടി. എന്നാലോ? വായാടിയായിരുന്ന രാമൻ നാട്ടുകാരുമായി വഴക്കിട്ട് തല്ലു കൊടുക്കുകയും വാങ്ങുകയും ചെയ്തുകൊണ്ടിരുന്നു. അതേസമയം, മുഖസ്തുതിയും കള്ളവും പറയുന്നത് രാമന് ഇഷ്ടമായിരുന്നില്ലതാനും. ആരുടെ മുഖത്തു നോക്കിയും അപ്രിയസത്യങ്ങള്‍പോലും വെട്ടിത്തുറന്ന് പറയുന്ന ശീലമായിരുന്നു അവന്റേത്.
ഒരിക്കൽ, തെനാലി ഗ്രാമം വരൾച്ചകൊണ്ട് വല്ലാതെ വലഞ്ഞു. അരുവികളും കുളങ്ങളും പുഴകളും വറ്റിവരണ്ടു. കൃഷി നശിച്ച് ഗ്രാമം പട്ടിണി നേരിടുന്ന സമയം. കന്നുകാലികൾ ചത്തൊടുങ്ങി. ജനങ്ങൾ പൂജകളും പ്രാർത്ഥനകളും മന്ത്രങ്ങളും പരീക്ഷിച്ചെങ്കിലും മഴ കനിഞ്ഞില്ല. ചിലർ അവിടം വിട്ടുപോകാനും തുടങ്ങി. അപ്പോഴാണ് ആ ഗ്രാമത്തിലേക്ക് അന്യദേശത്തുനിന്ന് ഒരു സന്യാസി വന്നു ചേർന്നത്.
അത്ഭുതം! അദ്ദേഹം അവിടെ കാലു കുത്തിയ പാടേ തെനാലിയിൽ മഴ പെയ്യാൻ തുടങ്ങി. ആളുകൾ സന്തോഷത്താൽ തുള്ളിച്ചാടി. നാട് രക്ഷപ്പെടുത്തിയ സന്യാസിയെ ആളുകൾ വണങ്ങി. അദ്ദേഹത്തോട് അവർ പറഞ്ഞു:
"അങ്ങ് ഇവിടെ വന്നത് ഞങ്ങളുടെ മഹാഭാഗ്യമാണ്. അല്ലെങ്കിൽ ഇവിടം മരുഭൂമി പോലെ നശിക്കുമായിരുന്നു!"
ഇതു കേട്ടുകൊണ്ടാണ് തെനാലിരാമൻ അങ്ങോട്ടു വന്നത്.
"ഈ സന്യാസി ഇവിടെ വന്നില്ലെങ്കിലും ഇതേ സമയത്ത് മഴ പെയ്യുമായിരുന്നു"
തെനാലിയുടെ അഭിപ്രായം കേട്ട് ആളുകൾ ക്ഷുഭിതരായി.
സന്യാസിയെങ്ങാനും ശപിച്ചാൽ? ഇവൻ മാത്രമല്ല, തങ്ങളുടെ ഗ്രാമം മുഴുവനും നശിക്കുമെന്ന് അവർ ഭയപ്പെട്ടു. എന്നാൽ, സന്യാസിയാകട്ടെ ഒന്നും മിണ്ടിയില്ല.
സന്യാസിയുടെ മുന്നിൽ ധിക്കാരം കാട്ടിയ രാമനെ അവർ തല്ലാനൊരുങ്ങി. അപ്പോൾ രാമൻ എല്ലാവരോടുമായി പറഞ്ഞു:
"നിങ്ങൾ ദയവായി ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കുക. അടുത്ത നാട്ടിലെ ഒരു പനമരത്തിൽ പഴുത്ത പനമ്പഴം നിറഞ്ഞുനിന്ന സമയത്ത്, ഒരു കാക്ക പനയിൽ വന്നിരുന്നു. പന അല്പംപോലും കുലുങ്ങിയില്ല. എങ്കിലും പൊടുന്നനെ അതിലൊരു പഴം താഴെ വീണു. മരച്ചുവട്ടിലിരുന്ന് വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന ഏതാനും പമ്പരവിഡ്ഢികൾ ഇതു കണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു - 'കാക്ക മരത്തിൽ വന്നിരുന്നതു കൊണ്ടാണ് പനമ്പഴം വീണതെന്ന്!' ഇത് തികച്ചും അന്ധവിശ്വാസം തന്നെ. അങ്ങനെതന്നെയാണ് നിങ്ങള്‍ ഇപ്പോള്‍ പറയുന്ന കാര്യവും"
ഇതു കേട്ട് ആളുകൾ രാമനെ വീണ്ടും പുച്ഛിച്ചു തുടങ്ങി. അന്നേരം, മഹാജ്ഞാനിയായ സന്യാസി അവനെ അടുത്തേക്ക് വിളിച്ചു. അല്പനേരം രാമനുമായി സംസാരിച്ചപ്പോൾത്തന്നെ അവന്റെ വിശാലമായ ചിന്താഗതിയും അറിവും അദ്ദേഹത്തിനു വ്യക്തമായി. അങ്ങനെ രാമനിൽ മതിപ്പു തോന്നിയ അദ്ദേഹം പറഞ്ഞു:
"നിനക്കു ഞാൻ ചില ഉപദേശങ്ങൾ തരാം. കാളിമന്ത്രവും പഠിപ്പിക്കാം. അതുമൂലം നീ കേമനാകും"
പിന്നീട്, സന്യാസിയിൽനിന്നും കാളിമന്ത്രം പഠിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞു:
"നീ ഇവിടെയുള്ള കാളിക്ഷേത്രത്തിൽ ഇന്ന് അർധരാത്രിയിൽ ചെന്ന് തുടര്‍ച്ചയായി മന്ത്രം ജപിക്കുക. ദേവിയുടെ അനുഗ്രഹം നിനക്കു ലഭിക്കും"
അനന്തരം, സന്യാസി അവിടെ നിന്നും യാത്രയായി. ഗ്രാമനിവാസികൾ തെനാലിരാമനെ ബഹുമാനത്തോടെ നോക്കി നിന്നു.
അന്ന് രാത്രിയില്‍ രാമന്‍ കാളിക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അര്‍ദ്ധരാത്രിയോടെ അവിടെ എത്തിച്ചേര്‍ന്നു. അമ്പലത്തിനുള്ളില്‍ കടന്ന്, മന:പാഠമാക്കിയ കാളിമന്ത്രം ജപിക്കാന്‍ തുടങ്ങി. കാളീദേവി പുറത്തുപോയിരിക്കുന്ന സമയമായിരുന്നു അത്! താമസിയാതെ രാമന്‍ ഉറക്കമായി.
കാളീദേവി ഉഗ്രരൂപത്തില്‍, ആയിരം തലകളും മുഖങ്ങളും അനേകം പല്ലുകളുമായി നീണ്ട മുടിയോടും കൂടി തിരികെ പ്രത്യക്ഷപ്പെട്ടു. രാമന്‍ നോക്കിയപ്പോള്‍ കൈകള്‍ രണ്ടുമാത്രം. എന്തോ ഓര്‍ത്തിട്ടെന്നപോലെ രാമന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
“നീ എന്താണ് ചിരിക്കുന്നത്?”
“ഞാന്‍ ഒരു കാര്യം ഓര്‍ത്തു ചിരിച്ചു പോയതാണ്. എനിക്ക് മൂക്കൊലിപ്പ് വരുമ്പോള്‍ തുടച്ചുതുടച്ച് എന്റെ കൈകള്‍ മടുത്തുപോകാറുണ്ട്. അങ്ങനെയെങ്കില്‍, ആയിരം മൂക്കുള്ള ദേവിക്ക് മൂക്കൊലിപ്പ് വന്നാലോ? ആ രണ്ടു കയ്യും വച്ചുകൊണ്ട് ആയിരം മൂക്ക് എന്തു ചെയ്യും? ....ഹ..ഹ...ഹ...ഹൊ!..”
രാമന്റെ വര്‍ത്തമാനം കേട്ടിട്ട് ദേവിക്കും ചിരി വന്നു.
രാമനില്‍ സംപ്രീതയായി രണ്ട് സ്വര്‍ണക്കിണ്ണങ്ങള്‍ അവനു നേരെ നീട്ടിയിട്ടു പറഞ്ഞു:
“വലത് കിണ്ണത്തിലെ പാല്‍ കുടിച്ചാല്‍ നീ വളരെ അറിവുള്ളവനാകും. ഇടതുകിണ്ണത്തിലെ പാലിന് പുളിരസമുണ്ട്. അത് കുടിച്ചാല്‍ നിനക്ക് ധനവാനാകാം"
“അടിയനൊരു സംശയം, ധനം പുളിക്കുമെന്നു പഴമക്കാര് പറയുന്നത് എന്തുകൊണ്ടാണ് ദേവി?”
“മിക്കവാറും ധനവും സമ്പാദിക്കുന്ന വഴികള്‍ മധുരിക്കുന്നവയല്ല. ഇതില്‍നിന്ന് ഏതെങ്കിലും ഒരു കിണ്ണം മാത്രം നീ എടുത്തുകൊള്ളൂ"
“എനിക്ക് രണ്ടു കിണ്ണത്തിലെയും പാലിന്റെ രുചി അറിയണം"
“എങ്കില്‍, ഇതാ രണ്ടു കിണ്ണവും. ഇതില്‍ വിരല്‍ തൊട്ട് നാവില്‍ വച്ചു നോക്കൂ"
രണ്ടും വാങ്ങിയ രാമന്‍, പെട്ടെന്ന് മുഴുവന്‍ പാലും അകത്താക്കി!
കാളി ദേഷ്യപ്പെട്ടു. അപ്പോള്‍ രാമന്‍ പറഞ്ഞു:
"അടിയനു ധനവും അറിവും ഒരുപോലെ വേണം. എന്നോടു ക്ഷമിച്ചാലും"
“എന്നെ ധിക്കരിച്ച നീ ഒരു വികടകവി ആയിത്തീരട്ടെ"
“ദേവീ, അടിയനു മാപ്പു തരണം. എനിക്ക്... വികടകവിയല്ല, കവിതന്നെ ആകണം"
രാമന്‍ കരയാന്‍ തുടങ്ങി. മനസ്സലിഞ്ഞ കാളീദേവി പറഞ്ഞു:
“നീ ഒരേ സമയം കവിയും വികടകവിയുമാകും. എന്നാല്‍, ഒരു വിദൂഷകന്‍ എന്ന നിലയില്‍ നീ പ്രശസ്തനാകും"
അനുഗ്രഹിച്ച ശേഷം, ദേവി അപ്രത്യക്ഷയായി.
രാമന്‍ പെട്ടെന്ന്‍ കണ്ണുതുറന്നു. ഇതൊക്കെയും, ക്ഷേത്രത്തില്‍ മന്ത്രം ജപിക്കുന്നതിനിടെ താന്‍ കണ്ട സ്വപ്നമായിരുന്നു!
2. രാജപുരോഹിതന്റെ വഞ്ചന
കാളീദേവിയുടെ അനുഗ്രഹം സിദ്ധിച്ച തെനാലിരാമൻ കവിതകളും മറ്റും എഴുതിത്തുടങ്ങി. വർഷങ്ങൾ പലതും കടന്നുപോയി. രാമൻ, മങ്കമ്മ എന്ന യുവതിയെ വിവാഹം കഴിച്ചു. അവർക്ക് ഒരു ആൺകുട്ടി പിറന്നു. അങ്ങനെ ചെലവുകൾ കൂടിക്കൂടി വന്നു. കാര്യമായ വരുമാനമൊന്നുമില്ല. കുടുംബം പട്ടിണിയും കഷ്ടപ്പാടുംകൊണ്ട് പൊറുതിമുട്ടി. തന്റെ കഴിവുകൾകൊണ്ട് തെനാലിയിൽ കാര്യമായൊന്നും ചെയ്യാനില്ല.
എന്നാൽ, വിജയനഗരത്തിലെ കൃഷ്ണദേവരായരുടെ കൊട്ടാരത്തിൽ എന്തെങ്കിലും ജോലി തരപ്പെട്ടാൽ മാത്രമേ തന്റെ കുടുംബം രക്ഷപ്പെടുകയുള്ളൂ- രാമൻ അങ്ങനെ ചിന്തിച്ചു. പക്ഷേ, തനിക്ക് വിജയനഗരത്തിൽ ഒരു പരിചയക്കാരൻപോലുമില്ലല്ലോ. കൊട്ടാരത്തിൽ കയറിക്കൂടണമെങ്കിൽ സഹായിക്കാൻ ആരെങ്കിലുമുണ്ടായിരിക്കണം. അങ്ങനെ രാമൻ വിഷമിച്ച് ഓരോ ദിനവും തള്ളി നീക്കി.
ഒരു ദിവസം, രാമന്റെ ചെവിയിൽ ആ സന്തോഷ വാർത്തയെത്തി. താൻ കാത്തിരുന്ന സുവർണാവസരം. കൊട്ടാരത്തിലെ ഒരു പ്രധാന വ്യക്തി തന്റെ അയൽഗ്രാമത്തിൽ എത്തിച്ചേർന്നിരിക്കുന്നു. രാജപുരോഹിതൻ എന്ന പദവിയുണ്ടായിരുന്ന താതാചാരിയായിരുന്നു അത്. അദ്ദേഹം മംഗലഗിരിഗ്രാമത്തിലെ ക്ഷേത്രത്തിൽ പൂജകളും പ്രാർഥനകളും നിറവേറ്റാൻ അതിനടുത്ത് താമസമാക്കിയിട്ടുണ്ടത്രെ. അദ്ദേഹത്തിന്റെ പ്രീതി സമ്പാദിച്ച് കൊട്ടാരത്തിൽ കയറിപ്പറ്റാമെന്ന് രാമൻ കണക്കുകൂട്ടി.
രാമൻ കഴിയുന്നത്ര വേഗത്തിൽ മംഗലഗിരിയിലേക്കു നടന്നു. താതാചാരിയുടെ അടുത്തുചെന്ന് തന്റെ ലക്ഷ്യം അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
"നീ എന്റെ സേവകനായി ഇവിടെ താമസിക്കൂ... ഞാൻ തിരികെ കൊട്ടാരത്തിലെത്തുമ്പോള്‍ നിയമനകാര്യം ശരിയാക്കാം"
രാമൻ ഇതുകേട്ട് വളരെയധികം സന്തോഷിച്ചു.
കൊട്ടാരത്തിലേക്കു കൊണ്ടുപോയാലും ശമ്പളം കൊടുക്കാതെ തന്റെ വീട്ടുപണികളുംകൂടി ഈ മണ്ടൻരാമനേക്കൊണ്ട് ചെയ്യിക്കാമെന്നായിരുന്നു രാജപുരോഹിതന്റെ കുബുദ്ധിയില്‍ തെളിഞ്ഞത്.
അദ്ദേഹം ഈ അവസരം നന്നായി മുതലെടുത്തു. അവിടെയുണ്ടായിരുന്ന സകല പണികളും രാമനെ ഏൽപ്പിച്ചു. അതെല്ലാം ഒരു അടിമയെപ്പോലെ രാമൻ ചെയ്തുപോന്നു.കുറച്ചുകാലം അങ്ങനെ കഴിഞ്ഞപ്പോൾ, ഒരു ദിവസം തെനാലിരാമൻ താനെഴുതിയ 'ലിംഗപുരാണം' എന്ന കാവ്യം താതാചാരിയെ കാണിച്ചു. അത് വായിച്ചപ്പോൾ രാമന്റെ പാണ്ഡിത്യം അറിഞ്ഞ് അദ്ദേഹം ഞെട്ടി!
അസൂയ തോന്നിയെന്നു മാത്രമല്ല, രാമൻ കൊട്ടാരത്തിലെത്തിയാൽ കേമനായി തനിക്കുതന്നെ ദോഷം ചെയ്യുമെന്ന് രാജപുരോഹിതൻ ഊഹിച്ചു. ഇവൻ വിജയനഗരത്തിലെത്തി വിജയിക്കാൻ ഒരിക്കലും അവസരം കൊടുത്തുകൂടാ. എന്നാൽ, അതു പുറമേ ഭാവിക്കാതെ രാമനെ പുകഴ്ത്തി.
ഏതാനും ദിവസങ്ങൾക്കുശേഷം രാജപുരോഹിതൻ കൊട്ടാരത്തിലേക്ക് മടങ്ങിയപ്പോൾ അയാൾ വീണ്ടും രാമനെ ഓർമ്മിപ്പിച്ചു:
"കൊട്ടാരത്തിൽ എത്തുന്ന നിമിഷംതന്നെ നിന്റെ കാര്യം രാജാവിനോടു പറഞ്ഞ് എല്ലാം ശരിയാക്കിയിട്ട് ഒരു ദൂതനെ തെനാലിയിലേക്ക് അയച്ച് കൊട്ടാരത്തിലേക്ക് വിളിപ്പിക്കാം"
അയാളുടെ ചതി മനസ്സിലാക്കാതെ എല്ലുമുറിയെ പണിയെടുത്തിരുന്ന രാമൻ ക്ഷീണമൊന്നും വകവയ്ക്കാതെ സന്തോഷവാനായി തെനാലിയിലെ സ്വന്തം വീട്ടിലേക്കും മടങ്ങി.
തെനാലിയിലെത്തിയ രാമൻ തനിക്കു കൊട്ടാരത്തിലെ വിദൂഷകജോലി ലഭിച്ചെന്നും അറിയിപ്പ് ഉടൻ വരുമെന്നും വീമ്പിളക്കി. അല്ലെങ്കിലും, രാമൻ പണ്ടേ ഒരു വായാടിയായിരുന്നല്ലോ. എന്നാൽ, കാത്തിരിപ്പിന്റെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. എന്താണ് സംഭവിച്ചതെന്നു രാമനു മനസ്സിലായില്ല. കൊട്ടാരത്തിൽനിന്ന് അറിയിപ്പൊന്നും കിട്ടിയില്ല.
താതാചാരി തന്നെ പറ്റിച്ചതായിരിക്കുമോ?
അല്ലെങ്കിൽ, അദ്ദേഹത്തിന് എന്തെങ്കിലും ആപത്ത് പിണഞ്ഞിരിക്കുമോ? ഒന്നുമറിയില്ല.
ഇനിയും കാത്തിരുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് രാമനു തോന്നി. ഇതിനിടയിൽ രാമനെ നാട്ടുകാർ 'കൊട്ടാര വിദൂഷകൻ' എന്നു കളിയാക്കാനും തുടങ്ങിയിരുന്നു.
ഒടുവിൽ, മറ്റു പോംവഴികളൊന്നും ഇല്ലെന്നു തോന്നിയതിനാല്‍, കൊട്ടാരത്തിലേക്ക് ചെല്ലാൻ അറിയിപ്പു കിട്ടിയെന്ന് രാമന്‍ നാട്ടുകാരോടു കളവു പറഞ്ഞു. അങ്ങനെ, കുടുംബസമേതം തെനാലിരാമൻ വിജയനഗരം ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ഒരുപാടു ദിവസങ്ങളുടെ ദുരിതം നിറഞ്ഞ യാത്ര വേണ്ടിവന്നു വിജയനഗരത്തിലെത്താൻ. അവിടെയുള്ള ഒരു ചെറിയ വീട്ടിൽ കുടുംബത്തെ താമസിപ്പിച്ച ശേഷം ധൃതിയിൽ രാജപുരോഹിതന്റെ വീട് തേടിയിറങ്ങി. അന്നുതന്നെ അത് കണ്ടുപിടിച്ചു. വലിയ വീടായിരുന്നു അത്. അതിന്റെ മുന്നിൽ നിന്നിരുന്ന ഭൃത്യന്മാരോട് രാമൻ വിവരം ധരിപ്പിച്ചു. കുറച്ചു കഴിഞ്ഞ് താതാചാരി വീടിന്റെ മുന്നിൽ വന്നു നിന്ന് ഒരു അപരിചിതനെ കാണുന്ന ഭാവത്തില്‍ രാമനെ നോക്കി.
"ഞാൻ... തെനാലിരാമനാണ്. മംഗലഗിരിയിലെ അങ്ങയുടെ വീട്ടിൽ പണിയെടുത്തിരുന്ന ആളാണ്. അങ്ങ് എന്നെ ഓര്‍ക്കുന്നില്ലേ? കൊട്ടാരത്തിലെ ജോലിക്കാര്യം തേടി വന്നതാണ്"
"എനിക്കു നിന്നെ അറിയില്ല. ഈ ഭ്രാന്തനെ പിടിച്ചു പുറത്താക്കൂ"
അത് കേൾക്കേണ്ട താമസമേ വന്നുള്ളൂ. ഭൃത്യന്മാര്‍ ഓടിയടുത്തു.
ആ നിമിഷംതന്നെ രാമനെ ഭൃത്യന്മാർ തൂക്കിയെടുത്ത് വെളിയിലേക്ക് എറിഞ്ഞു!
വീണിടത്തുനിന്ന് കരഞ്ഞുകൊണ്ട് എഴുന്നേറ്റു നടക്കുന്നതിനിടയിൽ തെനാലിരാമൻ കോപംകൊണ്ട് ജ്വലിച്ചു:
"ഈ ദുഷ്ടനെ ഞാൻ വെറുതെ വിടില്ല. വഞ്ചകന്‍! എന്നെങ്കിലും ഞാൻ ഇതിനു പകരം വീട്ടും, തീർച്ച.."
3. തെനാലിരാമൻ കൊട്ടാരത്തിലേക്ക്..
രാജപുരോഹിതനിൽനിന്നും തിരിച്ചടി കിട്ടിയ തെനാലിരാമൻ അതിലൊന്നും തളരാതെ കൊട്ടാരത്തിലെ ഏതെങ്കിലും ജോലിയിൽ കയറിപ്പറ്റാൻ പല അവസരങ്ങളും നോക്കി. എങ്കിലും, അതെല്ലാം പരാജയത്തിൽ കലാശിച്ചു.
അങ്ങനെയിരിക്കെ, വല്ലപ്പോഴുമൊക്കെ കൃഷ്ണദേവരായരുടെ കൊട്ടാരത്തിന്റെ ദർബാർഹാളിൽ നടത്തിവരുന്ന പണ്ഡിത സദസ്സ് വന്നുചേർന്നു. രാജ്യത്തിന്റെ വിദൂരസ്ഥലത്തുനിന്നുപോലും പലവിദ്വാൻമാരും പണ്ഡിതശ്രേഷ്ഠരും അവിടെയെത്തിയിരുന്നു.
തർക്കശാസ്ത്രത്തിലും വാഗ്വാദത്തിലും പേരുകേട്ടവരും അക്കൂട്ടത്തിലുണ്ട്. വിജയികൾക്കു മാത്രമല്ല, രാജാവിന്റെ പ്രീതി പിടിച്ചുപറ്റുന്നവർക്കും നിരവധി സമ്മാനങ്ങൾ ലഭിക്കുമെന്നതിനാൽ എല്ലാവർക്കും ഇഷ്ടപ്പെട്ട സദസ്സായിരുന്നു അത്. അയൽരാജ്യങ്ങളിലെ രാജാക്കന്മാർക്ക് ഇതൊക്കെ അഭിമാനത്തിന്റെ പ്രശ്നംകൂടിയാണ്. ബുദ്ധിമാൻമാരുടെ രാജ്യമെന്ന് അറിയപ്പെടാൻ ഏതു രാജാവും ആഗ്രഹിക്കുന്ന കാര്യമാണല്ലോ.
തെനാലിരാമനും അവിടെയെത്തി ദർബാർഹാളിന്റെ പിറകിലായി സ്ഥാനം പിടിച്ചു. അപ്പോഴത്തെ വാഗ്വാദവിഷയം 'മായ ' എന്ന പ്രതിഭാസത്തേക്കുറിച്ചായിരുന്നു. പലരും തങ്ങളുടെ വാദഗതികൾ അവതരിപ്പിച്ചു. അതിനിടയിൽ ഒരു പ്രമുഖ പണ്ഡിതൻ ഇങ്ങനെ പ്രസ്താവിച്ചു:
"നാം കാണുന്ന ഈ ലോകത്തിലെ സർവ്വതും മായയാണ്. നമ്മുടെ സന്തോഷങ്ങളും സുഖങ്ങളും ജയപരാജയങ്ങളുമെല്ലാം വെറും തോന്നലുകൾ മാത്രമാണ്. അതെല്ലാം തികച്ചും സാങ്കൽപികമെന്ന് ഞാൻ പറയുന്നു. നമ്മുടെയെല്ലാം വിചാരങ്ങൾ മൂലം സുഖവും ദു:ഖവും നേടുകയാണ് വാസ്തവത്തിൽ ചെയ്യുന്നത് "
സദസ്സിലുണ്ടായിരുന്നവരെല്ലാം ബഹുമാനത്തോടെ പണ്ഡിതനെ നോക്കി തല കുലുക്കിയതല്ലാതെ ആരും അതിനെതിരെ ഒന്നും മിണ്ടിയില്ല. രാജാവ് സദസ്സിലേക്കു നോക്കിയെങ്കിലും അവർ മുഖം കുനിച്ചു. സ്വന്തം കൊട്ടാര പണ്ഡിതന്മാരും ഇതിനോട് അനുകൂലിച്ച് പരാജയം സമ്മതിച്ച മട്ടിൽ ഇരിക്കുന്നതുകണ്ട് അദ്ദേഹത്തിന് വല്ലാത്ത ലജ്ജ തോന്നി.
ഇതു തന്നെ പറ്റിയ അവസരമെന്നു കരുതി രാജാവിന്റെ മുന്നിലേക്ക് തെനാലിരാമൻ നടന്നടുത്തു.
"അല്ലയോ, മഹാരാജാവേ, ഈ പണ്ഡിതൻ പറഞ്ഞതിനോട് എനിക്ക് വിയോജിപ്പുണ്ട്. വിചാരങ്ങളാണ് സുഖവും ദു:ഖവും തരുന്നതെന്നാണല്ലോ അദ്ദേഹം പ്രസ്താവിച്ചത്. അത് നേരു തന്നെയാണോ എന്നു നമുക്ക് പരീക്ഷിച്ചു നോക്കാം. അങ്ങയുടെ തിരുമനസ്സുകൊണ്ട് ഇവിടെ വിഭവസമൃദ്ധമായ സദ്യ ഇപ്പോൾ നടത്തുമ്പോൾ നാം എല്ലാവരും ഭക്ഷിക്കണം. എന്നാൽ, ഈ പണ്ഡിതൻ മാത്രം ഭക്ഷിക്കാതെ മാറി നില്ക്കട്ടെ. ഭക്ഷണം കഴിക്കുവെന്ന് അവിടെ മാറിനിന്നു കൊണ്ട് വിചാരിക്കട്ടെ. അദ്ദേഹത്തിന്റെ വിശപ്പ് മാറുമോ?"
സദസ്യർ എല്ലാവരും ഇതുകേട്ട് പൊട്ടിച്ചിരിച്ചു. കലശലായ വിശപ്പുണ്ടായിരുന്നതിനാൽ പണ്ഡിതന് സദ്യ ഒഴിവാക്കുന്ന കാര്യം ആലോചിക്കാൻ പോലും പറ്റുന്ന കാര്യമായിരുന്നില്ല. പണ്ഡിതൻ, രാമന്റെ വാദം അംഗീകരിച്ചു കൊണ്ട് തോൽവി സമ്മതിച്ചു.
രാജാവ് അഭിമാനത്തോടെ സദസ്യരെ നോക്കി പുഞ്ചിരിച്ചു.
രാമന്റെ ബുദ്ധിയിലും യുക്തിയിലും സംതൃപ്തി ദർശിച്ച രാജാവ് തെനാലിരാമനെ പരിചയപ്പെട്ടു. ഉടൻതന്നെ, നൂറ് സ്വർണ്ണനാണയങ്ങൾ അടങ്ങിയ തുണിസഞ്ചിയെടുത്ത് സമ്മാനമായി രാമനു നൽകി.
കുറെക്കാലത്തേക്ക് കുടുംബ കാര്യങ്ങൾ പട്ടിണിയില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ അത് ധാരാളമായിരുന്നു. മാത്രമോ? കൊട്ടാരത്തിലെ ജോലി കിട്ടിയില്ലെങ്കിലും താൻ രാജാവിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ജോലിസ്വപ്നം മുമ്പത്തേക്കാൾ എളുപ്പമായിരിക്കുന്നു! രാമൻ ഇപ്രകാരം ചിന്തിച്ചു കൊണ്ട് ആഹ്ളാദത്തോടെ വീട്ടിലേക്ക് മടങ്ങി.
4. തെനാലിരാമന്‍ വിദൂഷകനായ കഥ
പണ്ഡിതനെ തോല്‍പ്പിച്ച് രാജാവില്‍നിന്ന് സ്വര്‍ണങ്ങള്‍ കിട്ടിയ സംഭവം തെനാലിയെ കൂടുതൽ ഉന്മേഷവാനാക്കിയെന്നു പറയേണ്ടിയിരിക്കുന്നു. പിന്നീട്, രാജാവിന്റെ സാന്നിദ്ധ്യമുള്ളതും തന്റെ കഴിവ് തെളിയിക്കാൻ പറ്റുന്നതുമായ സംഭവങ്ങൾ കൊട്ടാരത്തിൽ നടക്കുന്നുണ്ടോയെന്ന് രാമൻ നിരീക്ഷിച്ചു വന്നു.
കുറച്ചു നാളുകൾക്കു ശേഷം, ദൂരത്തുനിന്ന്, ഒരു മായാജാലക്കാരൻ കൊട്ടാരത്തിന്റെ അങ്കണത്തിലെത്തി. ഒട്ടേറെ ചെപ്പടിവിദ്യകളും ഇന്ദ്രജാലവുമൊക്കെ അയാൾക്ക് അറിയാമായിരുന്നു. അവ ഓരോന്നായി സദസ്സിൽ മുന്നിൽ കാണിച്ചു തുടങ്ങി. സദസ്യർ കയ്യടിച്ച് ആർപ്പുവിളികൾ മുഴക്കി. അതു കേട്ട് കൂടുതൽ പ്രജകൾ അവിടെ തടിച്ചു കൂടി. വൈകാതെ രാജാവും അവിടെ സന്നിഹിതനായി.
കൊട്ടാര മാന്ത്രികർക്കു പോലും അറിയാത്ത പല തരത്തിലുള്ള പ്രകടനങ്ങൾ നടത്തിയ ശേഷം അയാൾ ആ ജനക്കൂട്ടത്തിനു മുന്നിൽ ഒരു വെല്ലുവിളി മുഴക്കി:
"ഈ വിജയനഗര രാജ്യത്തിലെ ആർക്കെങ്കിലും എന്നോട് ഇത്തരം വിദ്യകളിൽ മൽസരിച്ചു ജയിക്കാനാവുമോ?
ഇല്ല. ആർക്കും എന്നെ തോൽപ്പിക്കാനാവില്ല.
ആരെങ്കിലും എന്നെ തോൽപ്പിച്ചാൽ അയാൾക്ക് എന്റെ തല വെട്ടാനുള്ള അധികാരമുണ്ടായിരിക്കുന്നതാണ്"
യഥാർഥത്തിൽ, ആ വെല്ലുവിളി തന്നോടുതന്നെ എന്നപോലെയാണ് രാജാവിന് അനുഭവപ്പെട്ടത്. ഇത്രയും വലിയൊരു വെല്ലുവിളി വിജയനഗര കൊട്ടാരത്തിൽ വന്ന് ഏതോ ഒരു പരദേശി നടത്തിയിരിക്കുന്നു. എന്നിട്ടും എന്റെ കൊട്ടാര മാന്ത്രികർ പോലും പേടിച്ചുനിൽക്കുകയാണ്. എല്ലാവരും തോൽവി സമ്മതിച്ച മട്ടിൽ നിശബ്ദരായിരിക്കുന്നു. അതേസമയം, തെനാലിരാമന്റെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. ആൾക്കൂട്ടത്തിനിടയിലൂടെ നടന്ന് മുന്നിലെത്തി രാജാവിനെ താണു വണങ്ങിയ ശേഷം ജാലവിദ്യക്കാരനോട് പറഞ്ഞു:
"താങ്കളുടെ വെല്ലുവിളി നേരിടാൻ ഞാൻ ഒരുക്കമാണ്. ഞാൻ കണ്ണടച്ചുകൊണ്ട് ചെയ്യുന്ന ജാലവിദ്യ താങ്കൾക്ക് കണ്ണുതുറന്ന് ചെയ്യാൻ സാധിക്കുമോ?"
മാന്ത്രികന്റെ പുച്ഛഭാവത്തിലുള്ള മറുപടി ഉടൻ വന്നു:
"ഹും... നിങ്ങൾ കണ്ണടച്ച് വേലത്തരം കാണിക്കൂ... ഞാൻ കണ്ണുതുറന്ന് നിഷ്പ്രയാസം അതുതന്നെ ചെയ്യുന്നതായിരിക്കും"
രാമന്റെ സൂത്രം എന്താണെന്നറിയാൻ രാജാവും പ്രജകളും ആകാംക്ഷയോടെ കാത്തു നിന്നു. പെട്ടെന്ന്, രാമന്റെ ആവശ്യപ്രകാരം കൊട്ടാരത്തിലെ പാചകശാലയിൽ നിന്ന് ഒരു പാത്രം നിറയെ മുളകുപൊടി അവിടേക്ക് കൊണ്ടുവന്നു.
എന്നിട്ട്, തെനാലി കണ്ണടച്ചുപിടിച്ചു കൊണ്ട് മുളകുപൊടി കണ്ണിനു മീതെ കൺപോളയിൽ തേച്ചുപിടിപ്പിച്ചു. അല്പസമയത്തിനു ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകിക്കളഞ്ഞു.
"ഞാൻ കാണിച്ച വിദ്യ കണ്ണു തുറന്ന് ഇനി മാന്ത്രികൻ കാണിക്കൂ...."
സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ മാന്ത്രികൻ ഞെട്ടിവിറച്ചു. കണ്ണിൽ മുളകുപൊടി പുരട്ടിയ ശേഷം കണ്ണുതുറന്നു പിടിക്കാൻ ആർക്കുംതന്നെ പറ്റുന്ന കാര്യമല്ല. തോൽവി സമ്മതിച്ചു കൊടുത്താൽ തന്റെ കഴുത്തിനുമേൽ തല കാണില്ല!
മഹാമാന്ത്രികൻ പേടിച്ചുവിറച്ചുകൊണ്ട് അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അയാളെ ഭടന്മാർ കുറച്ചു ദൂരം ഓടി വളഞ്ഞിട്ടു പിടിച്ചു തിരികെ കൊണ്ടുവന്നു.
"താങ്കൾ ഭയപ്പെടാതിരിക്കുക. ഈ ചെറുകാര്യത്തിന് തല വെട്ടേണ്ടതായി ഒന്നുമില്ല. തന്റെ പൊങ്ങച്ചവും അഹങ്കാരവും ഞാൻ വെട്ടിക്കളഞ്ഞല്ലോ. അതു തന്നെ ധാരാളമായി''
രാമന്റെ വാക്കുകൾ കേട്ട് അതിവേഗം മാന്ത്രികൻ സ്ഥലം കാലിയാക്കി. ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന രാജാവ് തന്റെ അരികിലേക്ക് രാമനെ വിളിച്ചു:
"തെനാലിരാമാ... നീ വീണ്ടും എന്റെ അഭിമാനം കാത്തു. ഈ കൗശലവും രസികത്വവും എന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നു. അതിനാൽ, ഇന്നുമുതല്‍ കൊട്ടാര വിദൂഷകനായി നിന്നെ ഞാൻ നിയമിച്ചിരിക്കുന്നു"
കൃഷ്ണദേവരായർ ഭരിക്കുന്ന വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാര വിദൂഷകൻ!
തെനാലിരാമന്റെ വർഷങ്ങളായുള്ള ആഗ്രഹം സഫലമായിരിക്കുന്നു!
5. തെനാലിയുടെ പ്രതികാരം (The revenge of Tenali)
തെനാലിരാമൻ വളരെ ചിട്ടയോടെയും ശ്രദ്ധയോടെയും കൂടി കൊട്ടാരത്തിലെ വിദൂഷക ജോലി ചെയ്തു തുടങ്ങി. ഇതിനിടയിൽത്തന്നെ താതാചാരി എന്ന രാജപുരോഹിതനോട് പ്രതികാരം ചെയ്യാനുള്ള പഴുതുകളും രാമൻ തേടിക്കൊണ്ടിരുന്നു. ജോലിക്കിടയിലും മറ്റും യാതൊരു തെറ്റുകുറ്റങ്ങളും താതാചാരിയിൽ കണ്ടെത്താനായില്ല. അതുകൊണ്ട് തെനാലി മറ്റു വഴികൾ ആലോചിച്ചു.
താതാചാരി വെളുപ്പിനു നാലുമണിക്ക് ഉണർന്നശേഷം നേരെ പോകുന്നത് കുറച്ചകലെയുള്ള തുംഗഭദ്രാനദിയിൽ കുളിക്കാനാണ്. അതിനുശേഷം കൊട്ടാരത്തിലേക്കും.
അങ്ങനെ പോകുന്ന വഴിയിലെങ്ങാനും താതാചാരിയെ കുടുക്കാനുള്ള മാർഗമുണ്ടോയെന്ന് നോക്കി ഒരു ദിവസം രാവിലെ രാമൻ അയാളെ രഹസ്യമായി പിന്തുടർന്നു. നദിക്കരയിലെത്തിയ ഉടനെ താതാചാരി മുഴുവൻ ഉടുവസ്ത്രങ്ങളും അഴിച്ചു കരയിൽ വച്ചശേഷം മുങ്ങിക്കുളിക്കാൻ തുടങ്ങി.
അപ്പോഴാണ് രാമന് ഒരു ആശയം തോന്നിയത്-
രാജപുരോഹിതൻ പൂർണ നഗ്നനായി കുളിക്കാൻ പാടില്ലെന്ന് ശാസ്ത്ര വിധിയുള്ളപ്പോൾ ഇയാൾ അതു ലംഘിച്ചിരിക്കുന്നു. പൊടുന്നനെ രാമൻ അയാളുടെ വസ്ത്രങ്ങളെല്ലാമെടുത്ത് ഒളിച്ചുവച്ചു.
കുളി കഴിഞ്ഞ് വസ്ത്രങ്ങൾ നോക്കിയപ്പോൾ അവിടൊന്നുമില്ലെന്നു കണ്ട താതാചാരി ചുറ്റുപാടും നോക്കി.
അപ്പോൾ അതാ, രാമൻ ഒന്നുമറിയാത്തവനേപ്പോലെ നടന്നു പോകുന്നു.
ഇതിനുപിന്നിൽ അവന്റെ സൂത്രമാണെന്ന് താതാചാരിക്കു മനസ്സിലായി. വസ്ത്രങ്ങൾ മുഴുവനും കരയ്ക്കു വച്ചത് രാജാവിനെ തെളിവു സഹിതം അറിയിച്ചാൽ അതു പ്രശ്നമാകയാൽ-
"ഏയ്... തെനാലിരാമാ ... എന്റെ വസ്ത്രങ്ങൾ തിരികെ തരൂ ... "
താതാചാരി നാണം മറയ്ക്കാൻ വെള്ളത്തിൽ ഇറങ്ങിനിന്നു.
"ഓഹോ... അപ്പോൾ നിങ്ങളെന്റെ പേര് ഓർക്കുന്നുണ്ട്. തന്റെ മാളികമുറ്റത്തേക്ക് എന്നെ വലിച്ചെറിഞ്ഞതും ഓർക്കുന്നുണ്ടാവുമോ?"
"രാമാ... എന്നോടു ദയവു ചെയ്ത് ക്ഷമിക്കണം, തുണികൾ മടക്കിത്തരണം"
"ശരി. അങ്ങനെയാവട്ടെ. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. പഴയതിനു പ്രായശ്ചിത്തമായി നിങ്ങളുടെ തോളിലിരുത്തി കൊട്ടാരംവരെ എന്നെ കൊണ്ടു പോകണം"
"അത്...ശരി...ഞാൻ സമ്മതിച്ചു രാമാ ..."
വസ്ത്രങ്ങൾ തിരികെ കൊടുത്ത ശേഷം രാമനെ തോളിലേറ്റി അയാൾ നടക്കാൻ തുടങ്ങി.
അപ്പോഴേയ്ക്കും നേരം വെളുത്തിരുന്നതിനാൽ ഇതു കണ്ട ആളുകൾ കൂകിച്ചിരിക്കാനും തുടങ്ങി. കൊട്ടാരത്തിന്റെ അടുത്തെത്തിയപ്പോൾ തെനാലി ഉച്ചത്തിൽ ബഹളവും ആരവങ്ങളും മുഴക്കാൻ തുടങ്ങി. കൊട്ടാരത്തിന്റെ ഉയർന്ന മട്ടുപ്പാവിൽ ഉലാത്തുകയായിരുന്ന രാജാവ് ഇതു കണ്ടെന്നു തെനാലിക്ക് ബോധ്യമായി. അതു കാണാത്ത മട്ടിൽ കൂടുതൽ ആഹ്ളാദ പ്രകടനമാണു തെനാലി കാഴ്ചവച്ചത്. തെനാലിയുടെ ധിക്കാരത്തിൽ രാജാവ് കലിപൂണ്ടു. ഭടന്മാരെ ഉടൻ വിളിച്ചു വരുത്തിയിട്ടു കൽപ്പിച്ചു-
"താഴെ വഴിയിലൂടെ രണ്ടുപേർ ഇങ്ങോട്ടു വരുന്നുണ്ട്. അതിൽ തോളിലിരിക്കുന്നവനെ നിലത്തു വലിച്ചിട്ട് നല്ലതുപോലെ അടികൊടുക്കണം"
അതുകേട്ട ഉടന്‍, ഭടൻമാർ വടികളുമായി താഴേക്കു പാഞ്ഞു.
ഇതൊക്കെ മുൻകൂട്ടി മനസ്സിലാക്കിയ രാമൻ കൊട്ടാരക്കെട്ടിന്റെ മറവിലേക്കു കയറിയപ്പോൾ പെട്ടെന്ന് തോളിൽനിന്നിറങ്ങി പറഞ്ഞു:
"അല്ലയോ, രാജപുരോഹിതാ... ഞാൻ ചെയ്തത് അല്പം കടന്നുപോയി. ഇതിനു പരിഹാരമായി കൊട്ടാരത്തിനുള്ളിലേക്കുള്ള വഴി മുഴുവൻ ഞാൻ അങ്ങയെ ചുമന്നുകൊള്ളാം."
അയാൾ സന്തോഷത്തോടെ രാമന്റെ ചുമലിൽ കയറി.
നിമിഷങ്ങൾക്കകം ഭടൻമാർ കുതിച്ചെത്തി താതാചാരിയെ വലിച്ചു നിലത്തിട്ടു പൊതിരെ തല്ലാൻ തുടങ്ങി. അയാൾ ഉച്ചത്തിൽ നിലവിളിച്ചു. എന്താണു സംഭവിക്കുന്നതെന്നു പോലും അയാൾക്കു മനസ്സിലായില്ല!
അങ്ങനെ താതാചാരിയുടെ നന്ദികേടിനും ക്രൂരതയ്ക്കും തെനാലി പകരം വീട്ടി.
6. തെനാലിയുടെ വധശിക്ഷ
കൃഷ്ണദേവരായർ ഏറെക്കാലമായി ബഹുമാനിച്ചു വന്നിരുന്ന ആളായിരുന്നു രാജപുരോഹിതൻ. കൊട്ടാരത്തിൽ അയാൾ നിയമിതനായിട്ട് ഏറെ വർഷങ്ങളായിരിക്കുന്നു. രാമൻ ചതിയിൽപ്പെടുത്തി രാജപുരോഹിതനെ തല്ലുകൊള്ളിച്ച വിവരം രാജാവ് അറിഞ്ഞപ്പോൾ അത്യന്തം കോപാകുലനായി. രാമൻ വെറുമൊരു വിദൂഷകൻമാത്രം.
ജോലിയിൽ പ്രവേശിച്ച് കുറച്ചു നാളുകൾ പിന്നിട്ടപ്പോൾത്തന്നെ രാജപുരോഹിതന്റെ തോളിൽ കയറിയിരുന്ന് നിന്ദിച്ചിരിക്കുന്നു. മാത്രമല്ല, എന്റെ രാജകല്പനയെപ്പോലും കബളിപ്പിച്ചിരിക്കുന്നു. രാജാവ് അങ്ങനെ ചിന്തിച്ച് ഒരു ഉറച്ച തീരുമാനം കൈക്കൊണ്ടു.
രാജാവിന്റെ ആജ്ഞ പ്രകാരം തെനാലിയെ അവിടെ ഹാജരാക്കി.
"ഇവൻ രാജപുരോഹിതനെയും എന്നെയും അപമാനിച്ചിരിക്കുന്നു. ഈ ദുഷ്ടന്റെ തല വെട്ടിയ ശേഷം രക്തക്കറ പുരണ്ട വാൾ എന്നെ കാണിക്കുകയും വേണം!"
ഒന്നും മിണ്ടാതെ നിന്ന രാമനെ ഭടന്മാർ വധിക്കാനായി പുറത്തേക്കു നടത്തി. സാധാരണയായി വധശിക്ഷ നടപ്പാക്കിയിരുന്നത് കുറച്ചകലെയുള്ള കാടിനുള്ളിൽ വച്ചായിരുന്നു.
അക്കൂട്ടത്തിൽ രണ്ടു ഭടന്മാർക്ക് രാമന്റെ പ്രവൃത്തിയുടെ പൊരുൾ പിടികിട്ടിയിരുന്നു. കാരണം, താതാചാരിയുടെ വീട്ടിൽവച്ച് രാമനെ മുറ്റത്തേക്ക് എറിയാൻ അവരും കൂടിയിരുന്നു. അതുകൊണ്ട് തെനാലിയോട് സൗമ്യമായ പെരുമാറ്റമായിരുന്നു അവരുടേത്. എന്നാൽ, തന്നെ മുറ്റത്ത് എറിഞ്ഞ ഭടന്മാരുടെ മുഖമൊന്നും തെനാലി ഓർക്കുന്നുണ്ടായിരുന്നില്ല. എങ്കിലും തെനാലി രക്ഷപ്പെടാൻ ഒരു സൂത്രം പ്രയോഗിച്ചു നോക്കി. കാട്ടിലേക്ക് കയറുന്ന വഴിയിൽവച്ച് തെനാലി ആ ഭടന്മാരോടു പറഞ്ഞു:
"എന്നെ വിട്ടയച്ചാൽ നൂറു സ്വർണനാണയങ്ങൾ നിങ്ങൾക്ക് എന്റെ വീട്ടിൽനിന്ന് തന്നുകൊള്ളാം"
കുറച്ചുനേരം ആശയക്കുഴപ്പത്തിൽ നിന്ന ശേഷം സ്വർണമെന്ന പ്രലോഭനത്തിൽ അവർ വീണു.
ഇനി ഒരിക്കലും ഈ രാജ്യത്ത് കണ്ടുപോകരുതെന്ന വ്യവസ്ഥയിൽ രാമനെ കാടിനുള്ളിലേക്ക് കയറ്റി വിട്ടു. രാമനു പകരമായി ഒരാടിനെ വെട്ടിയ ചോരക്കറ പുരണ്ട വാൾ രാജാവിനെ കാണിക്കുകയും ചെയ്തു.
രാമനെ വധിച്ച വാർത്ത നാടെങ്ങും പരന്നു. ഇത് രാജപുരോഹിതനെ വളരെയധികം സന്തോഷിപ്പിച്ചു. ചില പ്രജകൾക്ക് ഇതിൽ ദു:ഖമുണ്ടായിരുന്നുതാനും.
വധശിക്ഷയിൽനിന്നും രക്ഷപ്പെട്ട രാമൻ രാത്രിയിൽ രഹസ്യമായി വീട്ടിലെത്തി ഭാര്യയ്ക്കും അമ്മയ്ക്കും ചില നിർദ്ദേശങ്ങൾ നൽകിയ ശേഷം അവിടെ നിന്ന് ഒളിവിൽ പോയി.
അടുത്ത ദിവസം രാവിലെ തെനാലിയുടെ അമ്മയും ഭാര്യയും കൂടി രാജാവിന്റെ മുന്നിലെത്തി വിലപിച്ചു:
"ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാമനെ അങ്ങ് വധിച്ചു കളഞ്ഞല്ലോ. ഞങ്ങളെങ്ങനെ ഇനി ജീവിക്കും?"
അവരുടെ കഷ്ടപ്പാടുകൾ നിരത്തി കറച്ചു നേരം കരഞ്ഞപ്പോൾ രാജാവിന്റെ മനസ്സലിഞ്ഞു-
"നിങ്ങൾ കരയാതിരിക്കൂ.... ഓരോ മാസവും കൊട്ടാര ഖജനാവിൽനിന്ന് അൻപത് സ്വർണനാണയങ്ങൾ നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നതായിരിക്കും"
അവർ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.
തെനാലിരാമന്റെ വധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പിന്നീടുള്ള ദിവസങ്ങളിൽ ജനങ്ങൾ നാട്ടിലെങ്ങും സംസാരിക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ കൊട്ടാരത്തിലും ഇതേ വാർത്തകൾ നിറഞ്ഞുതുടങ്ങി.
"തെനാലിരാമൻ ഒരു ബ്രാഹ്മണൻ ആകയാൽ ബ്രാഹ്മണഹത്യ ശാപമാണ്. രാജാവ് ഇങ്ങനെ ചെയ്തതിനാൽ ഈ രാജ്യം മുഴുവനും നശിക്കും"
രാജാവ് ഈ സംസാരം കേൾക്കാനിടയായി. അടിയന്തരമായി രാജപുരോഹിതനെയും ജ്യോതിഷ പണ്ഡിതരെയും വിളിച്ചുകൂട്ടി പ്രതിവിധി അന്വേഷിച്ചു. അവർ ഒരു തീരുമാനത്തിലെത്തിച്ചേർന്നു- തെനാലിയുടെ ഗതികിട്ടാതെ അലയുന്ന പ്രേതത്തെ കാട്ടിലെ ആൽമരത്തിൽ തളയ്ക്കണമെന്ന്. അതിൻപ്രകാരം രാജപുരോഹിതനും ഏതാനും ജ്യോതിഷ പണ്ഡിതരുംകൂടി കാട്ടിലേക്കു പുറപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് തെനാലിരാമന് മുന്നറിവു കിട്ടിയിരുന്നു.
അർധരാത്രിയിൽ കറുത്തവാവു ദിവസത്തിൽ ആലിൻചുവട്ടിലെത്തിയതും ദേഹത്തു മുഴുവനും കരിതേച്ചിരുന്ന രാമൻ അലർച്ചയോടെ അവരുടെ മുന്നിലേക്ക് എടുത്തുചാടി!
തെനാലി ബ്രഹ്മരക്ഷസ്സായി മാറിയിരിക്കുന്നു!
അവർ ജീവനുംകൊണ്ട് നാലുപാടും ചിതറിയോടി. ഒടുവിൽ കൊട്ടാരത്തിൽ അഭയം പ്രാപിച്ചു. ഇതറിഞ്ഞ രാജാവ് വീണ്ടും അങ്കലാപ്പിലായി. അടുത്ത പ്രഭാതത്തിൽ രാജാവ് ഇങ്ങനെ വിളംബരം ചെയ്തു -
"ബ്രഹ്മരക്ഷസിനെ തളയ്ക്കുന്ന ആൾക്ക് ആയിരം സ്വർണനാണയം സമ്മാനമായി ലഭിക്കുന്നതായിരിക്കും"
സമ്മാനം വലുതായിരുന്നുവെങ്കിലും ആരും മുന്നോട്ടു വന്നില്ല. മാത്രമോ?പേടികൊണ്ട് ആളുകൾ രാത്രിയിൽ വീടിനു വെളിയിൽ ഇറങ്ങാതായി. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നറിയാതെ രാജാവ് കുഴങ്ങി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു സന്യാസി രാജാവിനെ മുഖം കാണിച്ചു. രക്ഷസ്സിനെ തളയ്ക്കാമെന്നും ബ്രാഹ്മണഹത്യാപാപം ഒഴിവാക്കാമെന്നും സന്യാസി രാജാവിനെ അറിയിച്ചു. പ്രതിഫലമായി ആയിരം സ്വർണനാണയവും അതു കൂടാതെ താൻ ചോദിക്കുന്ന ഒരു ഇളവും അനുവദിക്കണമെന്നും സന്യാസി ആവശ്യപ്പെട്ടു.
വളരെ വിഷമത്തിലായിരുന്ന രാജാവ് ആ രണ്ടുകാര്യവും സമ്മതിച്ചു.
പെട്ടെന്ന്, സന്യാസി തന്റെ താടിയും മുടിയുമൊക്കെ ഇളക്കി മാറ്റി. അത് മറ്റാരുമായിരുന്നില്ല- തെനാലിരാമൻ!
ജീവനോടെ തെനാലിരാമൻ തന്റെ മുന്നിൽ നിൽക്കുന്നതു കണ്ട് രാജാവിനു സമാധാനമായി. രാജാവ് സന്തോഷത്തോടെ ആയിരം സ്വർണനാണയം രാമനു സമ്മാനിച്ചു. പ്രതിഫലമായി സമ്മതിച്ചിരുന്ന ഇളവ് രാമന്‍ ആവശ്യപ്പെട്ടപ്പോള്‍ വധശിക്ഷ ഒഴിവാക്കുകയും ചെയ്തു.
7. തെനാലിയുടെ കുതിര (Super stories of Tenali Raman)
വിജയനഗര സാമ്രാജ്യത്തെ ആക്രമിക്കാൻ മുഗൾ ചക്രവർത്തിമാർ ഉത്തര ഭാരതത്തിൽനിന്നും വരാൻ സാധ്യതയുണ്ടെന്ന് ചില സൂചനകൾ കൃഷ്ണദേവരായർരാജാവിനു ലഭിച്ചു. രാജ്യസുരക്ഷ ഇനിയും വർധിപ്പിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. കുതിരപ്പടയാണ് കൂടുതൽ ശക്തിപ്പെടുത്തേണ്ടത്.
അതിനു വേണ്ടി വലിയ വില കൊടുത്ത് അന്യദേശത്തുനിന്നും നൂറു കുതിരകളെ കൊട്ടാരത്തിലെത്തിച്ചു. ഈ കുതിരകളെ നന്നായി വളർത്തി പരിപാലിക്കാൻ താൽപര്യമുള്ള പ്രജകളെ ഏൽപിക്കാനായിരുന്നു രാജാവിന്റെ പദ്ധതി. ഇതിനായി ഓരോ കുതിരയ്ക്കും മാസംതോറും വേണ്ടിവരുന്ന ചെലവുകൾക്കായി ഖജനാവിൽ നിന്നും ഇരുപത് സ്വർണ നാണയങ്ങൾ അനുവദിക്കാനും തീരുമാനമായി.
തെനാലിരാമൻ ഇതറിഞ്ഞ് അത്ഭുതപ്പെട്ടു. കുതിരയെ നോക്കാൻ ഖജനാവിൽ നിന്നും പണം ധൂർത്തടിക്കുന്ന ഒരു പദ്ധതിയായിട്ടാണ് രാമനു തോന്നിയത്.
പ്രജകളിൽ പലരുടേയും വീടുകൾ പട്ടിണിയിലാണ്. അതിനൊരു കാരണവുമുണ്ട് - അന്യരാജ്യത്തുള്ളവർ ആക്രമിക്കുമെന്ന ഭയത്താൽ സൈന്യ സന്നാഹങ്ങൾക്കു ഭീമമായ തുകയാണു നീക്കിവച്ചിരിക്കുന്നത്. ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള തുകയൊക്കെ വെട്ടിക്കുറച്ചിരിക്കുന്നു. എന്തായാലും വേണ്ടില്ല, കുതിരയെങ്കിൽ കുതിര; തനിക്ക് നാണയങ്ങൾ കിട്ടിയാൽ മതിയെന്ന് രാമൻ വിചാരിച്ചു.
അങ്ങനെ, മാസം തോറുമുള്ള പൊൻനാണയങ്ങളിൽ കണ്ണുവച്ച് തെനാലിയും ഒരു കുതിരയെ വളർത്താൻ ഒരുങ്ങി. രാമൻ കുതിരയുമായി വീട്ടിലെത്തി. പക്ഷേ, അതിനെ നോക്കാൻ യാതൊരു താൽപര്യവും ഇല്ലാത്തതിനാൽ
വേണ്ടുന്ന വിധത്തിലുള്ള ഭക്ഷണമൊന്നും കുതിരയ്ക്ക് രാമൻ കൊടുക്കാതായി. ഏതാനും ദിവസം കൊണ്ടുതന്നെ കുതിര മെലിഞ്ഞു തുടങ്ങി.
ആരെങ്കിലും കുതിരയെ കണ്ടാലോ? താൻ വേണ്ട വിധം കതിരയെ നോക്കുന്നില്ലെന്ന വാർത്ത കൊട്ടാരത്തിൽ അറിയാൻ പാടില്ല. അടുത്ത കാലത്തൊന്നും യുദ്ധമുണ്ടാകാനുള്ള യാതൊരു സാധ്യതയുമില്ലാത്തതിനാൽ കുതിരയെ തിരികെ കൊട്ടാരത്തിലെത്തിക്കുകയും വേണ്ടല്ലോ. അതിനുവേണ്ടി കുതിരയെ ഒരു അടഞ്ഞ മുറിയിൽ പാർപ്പിച്ചു. മുറിയുടെ ഭിത്തിയിലുണ്ടായിരുന്ന ചെറു ജനാലയിലൂടെ കുറച്ചു വയ്ക്കോൽ മാത്രം കുതിരയ്ക്കു കൊടുത്തു വന്നു.
ആറുമാസം കഴിഞ്ഞപ്പോൾ നൂറു കുതിരകളുടെയും പരിപാലനം എങ്ങനെയെന്ന് രാജാവിന് നേരിട്ടു കാണണമെന്ന് കല്പന പുറപ്പെടുവിച്ചു. അതിൻപ്രകാരം തടിച്ചുകൊഴുത്ത കുതിരകളുമായി മറ്റുള്ളവരെല്ലാം കൊട്ടാരത്തിലെത്തി. അതു നോക്കി പ്രജകളുടെ ആത്മാർഥതയിൽ രാജാവിനു വളരെ സംതൃപ്തി അനുഭവപ്പെട്ടു.
കുതിരകളുടെ എണ്ണം നോക്കിയപ്പോൾ നൂറെണ്ണമില്ല. തൊണ്ണൂറ്റി ഒൻപത്! ഒരു കുതിരയെ കാൺമാനില്ല. രേഖകൾ നോക്കിയപ്പോൾ തെനാലിയാണ് കുതിരയെ ഇനിയും കൊണ്ടുവരാത്തത്.
"ആരവിടെ... തെനാലിയെ വിളിക്കൂ...."
ഇതേസമയം, കൊട്ടാരത്തിലുണ്ടായിരുന്ന തെനാലിരാമന്‍ എന്താണ് ഇതിനൊരു പോംവഴിയെന്ന് തല പുകയ്ക്കുകയായിരുന്നു.
തെനാലി രാജാവിന്റെ മുന്നിലെത്തി.
"എന്താ... നിന്റെ കുതിരയെ ഇവിടെ കൊണ്ടുവരാത്തത്?"
"തിരുമനസ്സ് എന്നോടു ക്ഷമിച്ചാലും. എന്റെ കുതിര ഭയങ്കര വികൃതിയാണ്. എനിക്കു കൊണ്ടുവരാൻ സാധിക്കില്ല. കടിക്കാനും തൊഴിക്കാനും വരുന്ന ഒരു പോക്കിരിയാണത്. അതുകൊണ്ട് ഇവിടത്തെ അശ്വസേനയിലെ ഏറ്റവും മികച്ച ആൾ.... അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു... നീണ്ട താടിമീശയുള്ള ഒരാൾ.... അദ്ദേഹത്തിനു മാത്രമേ ആ കുതിരയെ ഇവിടെ കൊണ്ടുവരാൻ പറ്റുകയുള്ളൂ..."
"ഓ...ഹോ... ശരി... അയാളെ ഉടൻ തെനാലിയുടെ വീട്ടിലേക്ക് പറഞ്ഞു വിടൂ''
രാജാവിന്റെ തീരുമാനം പോലെ വിദഗ്ദ്ധനായ കുതിരപ്പടയാളിയോടൊപ്പം രാമൻ വീട്ടിലെത്തി. കുതിരയെ കെട്ടിയിരിക്കുന്ന ഇരുൾ നിറഞ്ഞ മുറി അയാൾക്കു കാട്ടിക്കൊടുത്തു.
"രാമൻ എന്തിനാണ് ഇതിനെ ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നത്?"
"ഈ കുതിരയുടെ ശല്യം സഹിക്കവയ്യ. ഇവന്റെ വികൃതി എന്താണെന്ന് അറിയണമെങ്കിൽ താങ്കൾ ജനാലയിലൂടെ തലയിട്ട് അകത്തേക്ക് നോക്കൂ..."
കുതിരപ്പടയാളി ആകാംക്ഷയോടെ തല അകത്തു കടത്തിയ നിമിഷംതന്നെ അയാളുടെ നീളമുള്ള കുറച്ചു താടിരോമങ്ങൾ കുതിര കടിച്ചെടുത്തു!
അയാൾ വേദനകൊണ്ട് പുളഞ്ഞു!
വാസ്തവത്തിൽ, കുതിരയ്ക്ക് അമളി പിണഞ്ഞതായിരുന്നു. കാരണം, തെനാലി കൊടുക്കുന്ന കച്ചിയാണെന്ന് പാവം അതു തെറ്റിദ്ധരിച്ചിരിക്കുന്നു.
പടയാളി അതിവേഗം കൊട്ടാരത്തിലേക്ക് പാഞ്ഞു. അയാൾ രാജാവിനെ വണങ്ങിയിട്ടു പറഞ്ഞു:
"തിരുമനസ്സേ... രാമൻ പറഞ്ഞതു സത്യമാണ്. കുതിര എന്റെ മുഖത്താണ് ആക്രമിച്ചത്. ഭാഗ്യവശാൽ, കടിയേറ്റത് താടിരോമത്തിലായെന്നു മാത്രം"
"ഛെ...! ലജ്ജാവഹം. അഭ്യാസിയായ താൻ എന്താണ് അതിനെ തിരികെ കൊണ്ടു വരാതിരുന്നത്?"
"അടിയനോടു പൊറുക്കണം. അത്തരത്തിലുള്ള കുതിരയെ സേനയിൽ ചേർക്കുന്നത് അപകടമാകയാൽ അങ്ങയുടെ കല്പന പോലെ ചെയ്യാമെന്ന് കരുതി "
"ഹും... ആ കുതിരയെ എനിക്ക് ഇപ്പോൾത്തന്നെ കാണണം. നാം ഉടൻ തന്നെ തെനാലിയുടെ വീട്ടിലേക്ക് പുറപ്പെടുകയാണ്"
രാജാവ് കതിരപ്പുറത്ത് അങ്ങോട്ടു കുതിച്ചു.രാജാവിനെ കണ്ടപാടേ തെനാലി കുഴങ്ങി. താൻ പിടിയിലായതു തന്നെ. രാജാവ് കുതിരയുടെ മുറി തുറന്ന് അതിനെ കണ്ടു. പോക്കിരിയായ ഒരു മല്ലൻകുതിരയ്ക്കു പകരം അവിടെ കണ്ടത് വെറും എല്ലും തോലുമായി ഉണങ്ങിയ ചുള്ളിക്കമ്പു പോലുള്ള കുതിര !
"രാമാ... ഇതിന് ഭക്ഷണമൊന്നും കൊടുക്കാതെ നീ എന്നെ പറ്റിക്കുകയായിരുന്നു അല്ലേ?"
"അല്ല... സത്യമായും അതല്ല തിരുമനസ്സേ... ഇത്രയും ദുർബലനായ ഇവൻതന്നെയാണ് കുതിരപ്പടയാളികളിലെ കെങ്കേമനായ ആളിന്റെ മുഖത്ത് ആക്രമിച്ചത്. അങ്ങനെയുള്ള ഇതിനെ വയറുപൊട്ടെ തീറ്റി കൊടുത്ത് ഒരു തടിമാടൻകുതിര ആക്കിയാലുള്ള അപകടം ഒന്നോർത്തു നോക്കിയാലും!"
രാമൻ പറഞ്ഞതിലും ന്യായം ഉണ്ടെന്നു തോന്നിയതിനാൽ രാജാവിന്റെ കോപമടങ്ങി.
ഇതുതന്നെയാണ് ഉചിതമായ സന്ദർഭമെന്നു കണ്ട് രാമൻ കുതിരയെ ശാസിച്ചു:
"രാജ്യത്തെ നിരവധി കുടുംബങ്ങളിലെ മനുഷ്യർപോലും ഭക്ഷണമില്ലാതെ വലയുമ്പോൾ നിനക്ക് മൂക്കുമുട്ടെ തിന്നാൻ ഞാൻ എന്തായാലും തരില്ല!"
രാമന്റെ വാക്കുകളിലെ പൊരുൾ രാജാവിനു പിടികിട്ടി.
ഏറെ വൈകാതെ സുരക്ഷാ ചെലവുകൾ വെട്ടിക്കുറച്ചു. ജനങ്ങളുടെ പട്ടിണി മാറ്റാനുള്ള പദ്ധതികൾക്ക് കൂടുതൽ പണം ഖജനാവിൽ നിന്നും നീക്കിവച്ചു കൊണ്ടുള്ള കല്പനയും രാജാവ് പുറപ്പെടുവിച്ചു.
തന്റെ സൂത്രങ്ങൾ ഫലം കണ്ടതിൽ തെനാലി സന്തോഷിച്ചു.
8. സ്വര്‍ണമാമ്പഴം (Bedtime stories in Malayalam for kids)
തെനാലിരാമൻ വിദൂഷകനായി കൊട്ടാരത്തിൽ ജോലി ചെയ്തു വന്നിരുന്ന കാലത്തെ ഒരു സംഭവം-
കൃഷ്ണദേവരായർചക്രവർത്തിയുടെ അമ്മ തികഞ്ഞ ഈശ്വരഭക്തയായിരുന്നു. ദാനധര്‍മങ്ങളില്‍ യാതൊരു മടിയും വരുത്തിയിരുന്നില്ല. ഒരിക്കൽ, അവർ മകനോടു പറഞ്ഞു:
"നല്ലയിനം പഴങ്ങൾ പാവങ്ങൾക്കു ദാനം ചെയ്യുന്നത് മഹാപുണ്യമായി ഞാൻ കരുതുന്നു. അതിനാൽ നീ എനിക്ക് ഏറ്റവും നല്ല പഴങ്ങൾ കൊണ്ടുവന്നു തരണം"
അമ്മയെ അത്യധികം സ്നേഹിച്ചിരുന്ന രാജാവിന് പിന്നീട് അതേക്കുറിച്ചു മാത്രമായി ചിന്ത. ഏറ്റവും നല്ല പഴങ്ങൾ ഏതാണ്? അതെവിടെ കിട്ടും?
അദ്ദേഹം പലരോടും അഭിപ്രായം തേടിയപ്പോൾ ഏറ്റവും മികച്ച പഴം രത്നഗിരിയിലെ മാമ്പഴങ്ങളെന്ന് വിവരം ലഭിച്ചു. ഒട്ടും താമസിയാതെ അതു കൊട്ടാരത്തിലെത്തിക്കാനുള്ള നടപടികൾ കൈക്കൊണ്ടു. എന്നാൽ, രത്നഗിരിയിൽ അപ്പോൾ മാമ്പഴക്കാലം അല്ലാത്തതിനാൽ അത് കൊട്ടാരത്തിലെത്തിയപ്പോൾ കുറെ വൈകി. പക്ഷേ, അതിനു മുൻപു തന്നെ ആ മാതാവ് നാടുനീങ്ങി.
രാജാവിനു വലിയ ദു:ഖമായി. തന്റെ അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റാതെയാണ് മരണം സംഭവിച്ചത്. അതിനു പ്രായശ്ചിത്തം ചെയ്ത് ദോഷമകറ്റാൻ രാജാവ് കൊട്ടാരത്തിലെ ബ്രാഹ്മണ പണ്ഡിതന്മാരെ വരുത്തി അഭിപ്രായം ആരാഞ്ഞു-
"അമ്മയുടെ ആത്മാവിനു പുണ്യം കിട്ടാൻ ഒരു വഴിയുണ്ട്. മാമ്പഴം ദാനം ചെയ്യാതെ മരിച്ചതുകൊണ്ട് അതിനു പകരമായി ഓരോ സ്വർണമാമ്പഴം വീതം കുറച്ചു ബ്രാഹ്മണർക്കു ദാനം ചെയ്താൽ മതിയാകും തിരുമനസ്സേ..."
ഈ ഉപദേശികൾ അത്യാഗ്രഹികളായിരുന്നു. സൂത്രത്തിൽ സ്വർണമാമ്പഴം കിട്ടുന്നതായിരുന്നു അവരുടെ പദ്ധതി. അവരുടെ കള്ളത്തരം മനസ്സിലാക്കാതെ രാജാവ് സമ്മതവും നൽകി.
ഇത് തെനാലിരാമൻ അറിഞ്ഞു. ഉപദേഷ്ടാക്കളെ ഒരു പാഠം പഠിപ്പിക്കണമെന്നു തെനാലി തീരുമാനിച്ചു. അവരെ ചെന്നുകണ്ട് തെനാലി പറഞ്ഞു:
"ചക്രവർത്തിയുടെ മാതാവിന്റെ ശ്രാദ്ധദിനത്തിൽതന്നെയാണ് എന്റെ അമ്മയുടെ ശ്രാദ്ധദിനം. രാജാവ് നൽകുന്ന ദാനംപോലെ അന്നേദിവസം നിങ്ങൾക്ക് സമ്മാനം തരണമെന്ന് എനിക്കും ആഗ്രഹമുണ്ട് "
അതു കേട്ടയുടനെ അവർ സന്തോഷംകൊണ്ട് വീർപ്പുമുട്ടി.
കാരണം, തെനാലിക്കും ഇപ്പോൾ നല്ല സമ്പത്തുണ്ടല്ലോ.
"രാമാ... ചെറിയ സമ്മാനമാണെങ്കിൽപോലും അത് സ്വീകരിക്കുന്നതിനു ഞങ്ങൾക്കു സന്തോഷമേയുള്ളൂ"
രാജാവിന്റെ കയ്യിൽനിന്ന് അവർ സ്വർണമാമ്പഴം വാങ്ങിയിട്ട് രാമന്റെ വീട്ടിലേക്ക് ചെന്നു. പണ്ഡിതന്മാരെല്ലാം അകത്തു കയറിയപ്പോൾ സ്വീകരണമുറിയുടെ വാതിൽ രാമന്റെ ഭൃത്യന്മാർ പുറത്തുനിന്ന് അടച്ചു.
അപ്പോൾ രാമൻ പണ്ഡിതന്മാരോടു പറഞ്ഞു:
"രാജാവിന്റെ അമ്മയുടെ അവസാനത്തെ ആഗ്രഹം നൽകിയ സമ്മാനമാണല്ലോ നിങ്ങളുടെ കയ്യിലുള്ള സ്വർണമാമ്പഴങ്ങള്‍. അതേപോലെ, എന്റെ അമ്മ വാതരോഗം പിടിപെട്ട് കിടന്നപ്പോൾ എന്നോടും ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എനിക്കത് കൊടുക്കാൻ സാധിച്ചില്ല"
ആകാംക്ഷയോടെ അവർ ചോദിച്ചു:
"എന്തായിരുന്നു അത്? ബ്രാഹ്മണർക്കു നൽകുന്ന പുണ്യകർമ്മമാകട്ടെ ആ സമ്മാനം"
തെനാലി പറഞ്ഞു:
"അമ്മയുടെ മരവിച്ച കാലിൽ ചുട്ടുപഴുത്ത കമ്പി തൊടുവിക്കണമെന്ന് പറഞ്ഞെങ്കിലും എനിക്കു നിറവേറ്റാനായില്ല!"
അപ്പോഴാണ് രാമന്റെ കെണിയായിരുന്നു ഇതെന്ന് അവർക്കു പിടികിട്ടിയത്.
പെട്ടെന്ന്, ചുട്ടുപഴുത്ത കമ്പികളുമായി ഭൃത്യന്മാർ പണ്ഡിതന്മാരുടെ കാലുകൾ ലക്ഷ്യമാക്കി തൊടാൻ ഓടിയടുത്തു!
"രാമാ...ക്ഷമിക്കൂ...സ്വർണമാമ്പഴം നീയെടുത്തോ..."
അലറിക്കരഞ്ഞുകൊണ്ട് അവര്‍ മുറിയിലൂടെ തലങ്ങും വിലങ്ങും ഓടി.
അന്നേരം, തെനാലിയുടെ ആജ്ഞപ്രകാരം ഭൃത്യന്മാർ ശാന്തരായി.
രാജാവിൽനിന്നും കിട്ടിയ സ്വർണമാമ്പഴമെല്ലാം രാമനെ ഏൽപ്പിച്ച ശേഷം അവർ ഓടി രക്ഷപ്പെട്ടു.
രാമൻ കൊട്ടാരത്തിലെത്തി രാജാവിന്റെ അടുക്കലെത്തി വിവരങ്ങൾ പറഞ്ഞ് സ്വർണമെല്ലാം അവിടെ സമർപ്പിച്ചു.
"തിരുമനസ്സേ... അങ്ങയുടെ ഖജനാവിൽനിന്ന് ഇത്തരത്തിലുള്ള ധൂർത്ത് അനുവദിക്കരുതേ. സ്വര്‍ണമാമ്പഴം കൊടുക്കണമെന്നില്ല, സാധുക്കൾക്ക് അന്നദാനം നടത്തിയാലും പുണ്യകർമമാണല്ലോ"
ഇതുകേട്ട് രാജാവിനു സന്തോഷമായി. തെനാലിയുടെ ബുദ്ധിശക്തിയില്‍ അദ്ദേഹത്തിനു മതിപ്പുതോന്നുകയും ചെയ്തു.
9. കള്ളന്‍ (Amazing short story of Tenali Rama)
തെനാലിരാമന്‍ തന്റെ വിദൂഷക ജോലിയോട് വളരെ സത്യസന്ധത പുലര്‍ത്തിയിരുന്നു. രാജാവിന്റെ ഉറക്കമുണര്ന്നാല്‍ അവിടെ ഹാജരാകും, പിന്നെ രാജാവ‌് രാത്രി ഉറക്കം പിടിക്കുന്നതുവരെ കൂടെ കാണും. പതിവുപോലെ ഒരു ദിവസം, രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.
നേരിയ നിലാവുള്ള രാത്രി. തന്റെ തോട്ടമാകെ വരണ്ടിരിക്കുന്നു, വെള്ളം നനയ‌്ക്കാന്‍ സമയം ഇനിയും കിട്ടിയില്ലല്ലോ എന്ന് വിചാരിച്ചു വീടിനടുത്തെത്തിയപ്പോള്‍,
അതാ, നില്‍ക്കുന്നു രണ്ടു കള്ളന്മാര്‍ പുരയിടത്തില്‍!
അവര്‍ പതുങ്ങിനില്‍ക്കുന്നതു കാണാത്ത മട്ടില്‍ സാധാരണ രീതിയില്‍ തെനാലി വീട്ടിലേക്കു കയറി. കള്ളന്മാര്‍ അവിടെ കാത്തിരുന്നത് എല്ലാവരും ഉറങ്ങാന്‍വേണ്ടിയായിരുന്നു.
അവരുടെ ഉദ്യമം മനസ്സിലാക്കിയ തെനാലി ഭാര്യയെ ഉറക്കെ വിളിച്ചു:
"എടീ...മങ്കമ്മേ...."
അവളെ കണ്ണിറുക്കി കാണിച്ചിട്ട് ഉറക്കെ പറഞ്ഞു:
"നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കള്ളന്മാരുടെ ശല്യം കൂടിവരുന്നു. അതുകൊണ്ട്, വീടിനുള്ളില്‍ സ്വര്‍ണനാണയങ്ങളും ആഭരണങ്ങളും സൂക്ഷിക്കുന്നത് അത്ര പന്തിയല്ല. നീ ആ പെട്ടിയിങ്ങെടുക്ക്. നമ്മുടെ കിണറ്റിനടിയില്‍ ഭദ്രമായി സൂക്ഷിക്കാം, ഒരുവനും സംശയിക്കില്ല. ആവശ്യസമയത്ത്, എളുപ്പത്തില്‍ വെള്ളം വറ്റിച്ച് എടുക്കാമല്ലോ"
ഇതുകേട്ട് കള്ളന്മാര്‍ ഇരുട്ടത്ത് തല കുലുക്കി സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, കാര്യം മുഴുവനും പിടികിട്ടാത്ത ഭാര്യയോടു തെനാലി രഹസ്യമായി വിവരം പറഞ്ഞു:
"എടീ, രണ്ടു കള്ളന്മാര്‍ വീടിനു പിറകില്‍ ഒളിച്ചു നില്‍പ്പുണ്ട്, അവരെ ഒരു പാഠം പഠിപ്പിക്കണം"
അവള്‍ ഒരു കല്ലെടുത്ത് പെട്ടിയില്‍ അടച്ചു. അതും പിടിച്ചുകൊണ്ട് നാലുപാടും നോക്കിയ ശേഷം വെപ്രാളം അഭിനയിച്ചുകൊണ്ട് തെനാലിരാമന്‍ അതെടുത്ത് കിണറ്റിലിട്ടു.
"പ്ളും"
ആ ഭാരമേറിയ പെട്ടി ആഴമുള്ള വെള്ളത്തിലേക്ക് ഊളിയിട്ടു.
മടങ്ങിയെത്തിയ തെനാലിരാമന്‍ അവളോടു പറഞ്ഞു:
"നാളെ നമുക്കു പറമ്പ് നനച്ചു കൊടുക്കേണ്ടിവരില്ല"
പിന്നെ, തെനാലിയും ഭാര്യയും സുഖമായി ഉറക്കം പിടിച്ചു.
പുറത്ത്, ഇതെല്ലാം കണ്ടുനിന്ന കള്ളന്മാര്‍ വാസ്തവത്തില്‍ പേടിത്തൊണ്ടന്മായിരുന്നു. കിണറ്റില്‍ ഇറങ്ങി പെട്ടിയെടുക്കാനുള്ള ധൈര്യം പോരായിരുന്നു. മാത്രമല്ല, പാള കെട്ടിയ കയറാകട്ടെ, ദുര്‍ബലവും. അതിനുപകരം, മെല്ലെ ശബ്ദമുണ്ടാക്കാതെ വെള്ളം കോരി വറ്റിക്കാനുള്ള ശ്രമം തുടങ്ങി. അവര്‍ വിചാരിച്ചിരുന്നത് കുറച്ചു വെള്ളമേ കിണറ്റില്‍ ഉള്ളൂ എന്നാണ‌്!
പക്ഷേ, കിണറ്റിലെ വെള്ളം കോരിയെടുത്ത് തോട്ടത്തില്‍ ഒഴുക്കിയെങ്കിലും അതു തീര്‍ന്നില്ല. ഇരുട്ടായതിനാല്‍ കിണറിന്റെ അടിവശം വ്യക്തമായി കാണാനും സാധിച്ചില്ല. 'സ്വര്‍ണപ്പെട്ടി' ഉപേക്ഷിച്ചു പോകാനും പറ്റില്ലല്ലോ.
അങ്ങനെ നേരം പുലരാന്‍ തുടങ്ങി. ഇതിനോടകംതന്നെ കള്ളന്മാര്‍ തളര്‍ന്ന് ഉറങ്ങിപ്പോയിരുന്നു. വിശ്രമിച്ചിട്ട് ബാക്കി വെള്ളം കോരാമെന്നു വിചാരിച്ചു കാണണം!
അപ്പോള്‍, കിണറ്റുകരയില്‍ തെനാലിരാമന്‍ ചെന്നിട്ട് ഇപ്രകാരം പറഞ്ഞു;
"വളരെയധികം നന്ദി നിങ്ങളോട് ഞാന്‍ പറയട്ടെ, രണ്ടുപേരും കൂടി നന്നായി എന്റെ പറമ്പ് നനച്ചല്ലോ"
അതുകേട്ട് ഞെട്ടിയുണര്‍ന്ന കള്ളന്മാര്‍ ശരം കണക്കെ പാഞ്ഞു!
അവരുടെ ഓട്ടം കണ്ടുനിന്ന രാമനും ഭാര്യയും ചിരിച്ചു ചിരിച്ചു മണ്ണു കപ്പി! ഈ കഥ കേട്ട് രാജാവും കുറെ നേരം പൊട്ടിച്ചിരിച്ചു.
ഈ പരമ്പര പിന്നീട് തുടരും...
Labels: Thenali Raman Tenali Rama stories in Malayalam free online reading, digital series ebooks, folk tales, Krishnadevarayar, Andhra pradesh, Telugu, Telangana kathakal.
Comments