കല്യാണ ആലോചനകള്‍
This is a Family life self help story in Malayalam that explains the need of marriage proposals from near by place. Otherwise, there may be a chance of cheating.
ഒരു വ്യക്തിയുടെ മൂന്നിലൊരു ഭാഗം ജീവിതം മാത്രമേ സ്വതന്ത്രമായി ജീവിക്കുന്നുള്ളൂ. ഭൂരിഭാഗമുള്ള കാലവും വിവാഹശേഷമുള്ള കുടുംബ ജീവിതമാണ്. അതിനാൽത്തന്നെ, നല്ലൊരു കുടുംബസൃഷ്ടിക്കായി കല്യാണ ആലോചന വരുമ്പോൾ തന്നെ നന്നായി ഒരുങ്ങുകയും പഠിക്കുകയും വിശകലനം ചെയ്യുകയും വേണം.
ഒരു കഥയിലേക്ക്-
സിൽബാരിപുരംദേശത്ത്, രാജശേഖരന്റെ ഒരേ ഒരു മകൾ- കുമാരി. ആ പെൺകുട്ടി എം.ബി.എ. കഴിഞ്ഞ് വലിയൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. നല്ല സൗന്ദര്യവും സ്വഭാവവും ശമ്പളവും ഒത്തുചേർന്നപ്പോൾ കല്യാണാലോചനകളുടെ ബഹളമയം. ഏതു വേണമെന്നായി വീട്ടുകാരുടെ വെപ്രാളം. ഒടുവിൽ, ഗൾഫിൽ ജോലിയുള്ള വലിയൊരു തറവാട്ടുകാരെ ബോധിച്ചു. എന്നാൽ, ഏകദേശം നൂറു കിലോമീറ്റർ അകലെയാണു പയ്യന്റെ വീട്. എങ്കിലും, ഒരു വട്ടം ആരോ അന്വേഷിച്ചിട്ടു പയ്യന്റെ (കുമാരൻ എന്നു തൽക്കാലം വിളിക്കാം) വീട്ടുകാരു നല്ലതെന്ന് പച്ചക്കൊടി കാട്ടി. കല്യാണം അത്യാർഭാടമായി നടന്നു.
പത്തു ദിവസത്തെ അവധിയും കഴിഞ്ഞ് ഗൾഫുകാരൻ കുമാരൻ തിരികെപ്പോയി. ഒരു മാസം കഴിഞ്ഞ് അവൻ തന്റെ പെണ്ണിനെ കാണാൻ മടങ്ങി വന്നു. അപ്പോൾ ബന്ധുജനങ്ങൾ പറഞ്ഞു -
"ആ പെണ്ണിന്റെ ഒരു രാജയോഗം നോക്കണേ. മാസം ഒന്നായില്ല. അപ്പഴേക്കും വിമാനത്തിൽ പറന്നിങ്ങു വന്നില്ലേ?"
ഇതുകേട്ട് കുമാരിയുടെ വീട്ടുകാർ പൊങ്ങച്ചത്തിൽ ആറാടി-
"അവന്റെ സ്വന്തം കമ്പനിയാണ്. ഇങ്ങോട്ടു പോരാൻ ആരോടും അനുവാദം മേടിക്കേണ്ട "
അങ്ങനെ ഒന്നും രണ്ടും മാസം കൂടുമ്പോൾ കുമാരൻ രാജകുമാരനെപ്പോലെ വന്നും പോയുമിരുന്നു. അതിനിടയിൽ, കുമാരിക്കു വിശേഷവുമായി.
കുമാരിക്കുള്ള ചെക്കപ്പിനായി പട്ടണത്തിലെ വലിയൊരു ഹോസ്പിറ്റലിലാണു പോകുന്നത്. ഒരു പ്രാവശ്യം അവിടെ പോയപ്പോൾ പരിചയമുള്ള ഒരു സ്റ്റാഫ് പറഞ്ഞു -
"തന്റെ ഹസ്ബന്റ് മെഡിക്കൽ ഫീൽഡിലാണു ജോലിയല്ലേ? ഇന്നലെ ഡോക്ടറെ ക്യാൻവാസ് ചെയ്യാൻ വെയിറ്റു ചെയ്യുന്നതു കണ്ടു. പക്ഷേ, ഗൾഫിൽ കമ്പനിയുണ്ടെന്നാണല്ലോ ഞാൻ കേട്ടത്?"
കുമാരി ചിരിച്ചുകൊണ്ടു പറഞ്ഞു-
"അയ്യോ, ചേച്ചീ, ആളുമാറിപ്പോയതാവും. പുള്ളിക്കാരൻ കഴിഞ്ഞ മാസം വന്നിട്ടു പോയതേയുള്ളൂ"
പക്ഷേ, ആ സ്ത്രീ ഉറച്ചുതന്നെ പറഞ്ഞു-
"ദേ, മോളേ, എന്റെ കണ്ണിനു യാതൊരു കുഴപ്പവുമില്ല. മാരിയേജിന് നിങ്ങൾ രണ്ടു പേരോടും ഞാൻ വർത്തമാനം പറഞ്ഞുകൊണ്ട് നിന്നതൊക്കെ മറന്നു പോയോ?"
"ഓ, അതുപോട്ടെ. ചേച്ചി ഇവിടെ എവിടെ കണ്ടെന്നാ പറഞ്ഞത്?"
"ആ ക്യാൻസർ ബ്ലോക്കിലെ സെക്കന്റ് ഫ്ലോർ ഓ.പി.യിൽ"
കുമാരിക്കു ദേഷ്യം വന്നെങ്കിലും പിന്നെയൊന്നും മിണ്ടിയില്ല. ഇതു കേട്ടിരുന്ന അവളുടെ മമ്മിക്ക് എന്തോ പന്തികേടു തോന്നി.
"മോളേ, നീ അവനെയൊന്നു വിളിച്ചു നോക്ക്. ചിലപ്പോൾ ഒരു മാസം മുൻപ്, അവന്റെ ഫ്രണ്ട്സ്-ഡോക്ടർമാരെ ആരെങ്കിലും കാണാൻ വന്നതാകും"
അവൾക്കു ദേഷ്യം വന്നു -
"മമ്മിക്കു വേറെ പണിയൊന്നുമില്ലേ? ആരെങ്കിലും പൊട്ടത്തരം എഴുന്നെള്ളിച്ചാൽ അതേറ്റു പിടിക്കാൻ ?"
പക്ഷേ, മമ്മി പണ്ടു മുതൽക്കേ ആരും പറയുന്നതു കേൾക്കുന്ന ശീലമില്ല. അടുത്ത നിമിഷംതന്നെ സ്വന്തം ഫോണിൽനിന്ന് കുമാരനുള്ള കോൾ വിട്ടു കഴിഞ്ഞിരുന്നു. റിങ് ചെയ്യുന്ന സമയത്ത് -
"ഓ, പിന്നേ... നിന്റെ സഹായം വേണ്ട എനിക്കവനെ വിളിക്കാൻ''
"ഹലോ, ഇതാരാണ് വിളിച്ചത്?"
"മോനേ, ഇതു ഞാനാ മമ്മി. നീയിപ്പോൾ എവിടെയാണ്?"
ഒരു നിമിഷം കുമാരൻ പതറി.
"മമ്മീ... ഞാൻ... മുംബെയിൽ ഒരു കമ്പനി ക്ലയന്റിനെ കാണാൻ വന്നതാണ്.... ഞാൻ കുറച്ചു ബിസിയാണ്. പിന്നെ വിളിക്കാം"
അവൻ ഫോൺ കട്ട് ചെയ്തു.
കുമാരി ഇതു കേട്ട് ഞെട്ടി.
"ഞാൻ ഇന്നലെ കിടക്കാൻ നേരം വിളിച്ചപ്പോൾ ദുബെയിലാണെന്നാ പറഞ്ഞത്. പിന്നെങ്ങനെയാണ് ഇപ്പോൾ മുംബെയിൽ? ചിലപ്പോൾ അർജന്റായി വന്നതായിരിക്കും"
ഇതു കേട്ട്, മമ്മി പറഞ്ഞു-
"അവനു ചിലപ്പോൾ വേറെ ബിസിനസും കാണുമായിരിക്കും. ഗൾഫിലെ അറബികൾക്ക് ഈ ആശുപത്രിയിൽ ചികിൽസാ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടായിരിക്കും"
"എന്താണെന്ന് എനിക്കറിയണം. നമുക്ക് ആ ചേച്ചി പറഞ്ഞിടത്ത് ഒന്നു ചെന്നു നോക്കാം"
അവർ ഓ.പി യിൽ ഇന്നലെ വന്ന കുമാരനെ തിരക്കി. കുമാരന്റെ ഭാര്യയാണെന്നു പറഞ്ഞപ്പോൾ അല്പം വെയിറ്റ് ചെയ്യാൻ പറഞ്ഞ ശേഷം നഴ്സ്, ഡോക്ടറെ കാണാൻ അവരെ അനുവദിച്ചു -
ഡോക്ടർ അവരോടു പറഞ്ഞു -
"നാലു വർഷമായി എന്റെ പേഷ്യന്റാണ് കുമാരൻ. അയാളോട് മാര്യേജ് പാടില്ലെന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നതാണ് !"
അത്രയും കേട്ടപ്പോഴേക്കും കുമാരിയുടെ ബോധം പോയി.
യഥാർഥത്തിൽ സംഭവിച്ചത് -
നാലു വർഷം മുൻപു കുമാരന്‍ ക്യാൻസർ രോഗിയാണെന്ന് അറിഞ്ഞപ്പോൾ ചെറുപ്പമായതിനാൽ അവനും വീട്ടുകാരും ചികിൽസിക്കാമെന്ന് ആശ്വസിച്ചു. ഇനി ആറുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് അവന്റെ വീട്ടുകാർ മറ്റൊരു പദ്ധതിയിട്ടത്. കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷമായിട്ടും കുമാരന്റെ ചേട്ടന് കുട്ടികളില്ല. ആ തറവാട്ടിലെ കണക്കറ്റ സ്വത്തുക്കളെല്ലാം അന്യാധീനപ്പെടുമത്രേ! അതിനാൽ, കുമാരനെ വിവാഹം കഴിപ്പിച്ച് അവന്റെ സന്തതിയെ ഇവിടെ വാഴിക്കുക.
അങ്ങനെ, മരിക്കാറായ കുമാരനെ വിവാഹം കഴിപ്പിച്ച് ആറുമാസം കഴിഞ്ഞപ്പോൾ അയാൾ മരണമടഞ്ഞു. ഗർഭിണിയായ കുമാരി ഒരു പെൺകുഞ്ഞിനു ജന്മം കൊടുത്തു. അവർ ആ കുഞ്ഞിനെ കുമാരന്റെ വീട്ടിൽ ഏൽപ്പിച്ച് മടങ്ങാമെന്നു കരുതിയെങ്കിലും കഥയിൽ മറ്റൊരു ട്വിസ്റ്റ് വന്നു - കുമാരന്റെ ചേട്ടന് ഒരു ആൺകുട്ടി പിറന്നിരിക്കുന്നു! ആയതിനാൽ, കുമാരിയും കുഞ്ഞും മേലിൽ ഇവിടെ വരാൻ പാടില്ലത്രേ!
ആ ചതിയുടെ കഥ തൽക്കാലം ഇവിടെ നിർത്താം.
ആശയം -
ഒരുപാടു ദൂരെയെങ്കിൽ ഇത്തരം ചതികളിൽ പെടാം. വിവരശേഖരണത്തിൽ പാളിച്ചകൾ വരാം. മറ്റുള്ളവർ തെറ്റിദ്ധരിപ്പിക്കാം. ദൂരദേശ ബന്ധങ്ങളിൽ സ്വാഭാവികമായും അകൽച്ച രൂപപ്പെടാനും സാധ്യതയുണ്ട്. കാരണം, ചടങ്ങുകളിൽ ഭാഗികമായ സഹകരണമായിരിക്കും അകല യാത്രകൾ സമ്മാനിക്കുന്നത്. പിന്നീട്, അത് അവഗണനയായി വ്യാഖ്യാനിക്കപ്പെടും.
ഓര്‍മിക്കുക- കല്യാണ ആലോചനകൾ വരുമ്പോൾ കഴിവതും സ്വന്തം നാട്ടിൽ നിന്നോ അല്ലെങ്കിൽ അടുത്തുള്ള ദേശങ്ങളോ നോക്കുക. എന്തു പ്രശ്നം വന്നാലും അത്യാവശ്യത്തിന് ഓടിവരാന്‍ അടുത്തുള്ള ബന്ധുബലം ഉപകരിക്കും! പഴമക്കാര്‍ പറയുന്ന ഒരു വാചകമുണ്ട്- “അകലെയുള്ള ബന്ധുവിനേക്കാള്‍ അടുത്തുള്ള ശത്രുവായിരിക്കും ഗുണം ചെയ്യുന്നത്"
Comments