കിളിയുടെ വാചകം (നാടോടിക്കഥ)
Kiliyude vachakam- Indian folk tales in Malayalam
ഒരിക്കൽ, സിൽബാരിപുരംരാജ്യം ഭരിച്ചുവന്നിരുന്നത് ത്രിവിക്രമരാജനായിരുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിനോദം പക്ഷികളെ പരിപാലിക്കുകയും അപൂർവയിനം പക്ഷികളുടെ ശേഖരണവും ആയിരുന്നു. അതിനായി നിരവധി പരിചാരകരുള്ള ഒരു പക്ഷിസങ്കേതവും നിർമ്മിച്ചു- അതോടൊപ്പം പക്ഷികളെ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്കു ശിക്ഷയും ഏർപ്പെടുത്താൻ രാജാവ് മറന്നില്ല.
എന്തായാലും, ആ രാജ്യത്ത് പക്ഷികളുടെ കച്ചവടവും പൊടിപൊടിച്ചു. പക്ഷി വളർത്തുന്ന വീടുകളെ എല്ലാത്തരം കരമൊഴിവും കൊടുത്തു. ഇതിനിടയിൽ അന്യദേശത്തു നിന്നു കൊണ്ടുവന്ന മൈന, കവളംകാളി, തത്ത എന്നിങ്ങനെയുള്ള പക്ഷികളെ രാജാവിനെ സ്തുതിക്കുന്ന വചനങ്ങൾ പ്രജകള്‍ പഠിപ്പിച്ചു. എന്നിട്ട്, രാജാവിനെ മുഖം കാണിക്കും. പക്ഷികളുടെ മുഖസ്തുതികൾ രാജാവ് കേൾക്കുന്ന മാത്രയിൽ വെള്ളിനാണയങ്ങൾ നിറഞ്ഞ പണക്കിഴികൾ സമ്മാനമായി ലഭിക്കുകയും ചെയ്യും. ആ കിളികളെ പക്ഷിസങ്കേതത്തിലേക്ക് കൂട്ടുകയാണു പതിവ്.
ഒരു ദിവസം, ഗ്രാമവാസിയായ വിറകുവെട്ടുകാരൻസോമുവിന്റെ ശ്രദ്ധ അയൽവീട്ടുകാരുടെ കിളികളുടെ 'കലപില ' ശബ്ദത്തിലായി. അയൽവീട്ടുകാരെല്ലാം കിളികളെ വർത്തമാനവും രാജസ്തുതികളും പഠിപ്പിക്കുന്നതു കേട്ട്, സോമുവിനും ഒരാഗ്രഹം തോന്നി. അയാൾ ചന്തയിൽ പോയി കാണാൻ ഏറ്റവും അഴകുള്ള മഞ്ഞച്ചുണ്ടും മഞ്ഞക്കാലും തവിട്ടു തൂവലുകളുമുള്ള മൈനയെ നല്ല വിലയ്ക്കു വാങ്ങി. അതിനു ശേഷം രാജാവിന്റെ ഗുണങ്ങൾ പറഞ്ഞു പഠിപ്പിക്കാൻ നോക്കി. പക്ഷേ, ആ കിളി തീറ്റിയെടുക്കാൻ മാത്രമേ വായ തുറക്കൂ! ചിലയ്ക്കാനായിപ്പോലും ചുണ്ടു തുറക്കുന്ന മട്ടില്ല. രാജസ്തുതികളും ദേശസ്നേഹവും പഠിപ്പിക്കാൻ സോമു പല സൂത്രങ്ങൾ പയറ്റിയെങ്കിലും തോറ്റു നിരാശനായി.
അയാൾ തലയിൽ കയ്യുംവച്ച് ഇങ്ങനെ പറഞ്ഞു -
"ഛെ! വലിയ കഷ്ടമായിപ്പോയി! പൊന്നും വില കൊടുത്ത് മേടിച്ച സാധുവായ എനിക്ക് ഇതുതന്നെ വേണം!"
ആ നിമിഷംതന്നെ അവന്റെ പക്ഷിയും അതുതന്നെ മനോഹരമായ ശബ്ദത്തില്‍ ഉരുവിട്ടു!
ഇതു കേട്ട്, സോമു ഞെട്ടി! രാജാവിനെ കളിയാക്കുന്ന പോലുള്ള ഈ വാചകം കേട്ടാൽ തന്റെ കഥ കഴിഞ്ഞതുതന്നെ!
സോമു പിന്നെ, കിളിയെ യാതൊന്നും പഠിപ്പിക്കാൻ മുതിർന്നില്ല.
അടുത്ത ദിവസം രാവിലെ, രാജാവ് പതിവുപോലെ പ്രഭാതസവാരിക്കിറങ്ങി. അങ്ങനെ നടക്കുമ്പോൾ ഓരോ വീട്ടിൽ നിന്നും പല തരം കിളികളുടെ ഒച്ച കേൾക്കുന്നതു തന്നെ രാജാവിന് വല്ലാത്തൊരു ഹരമാണ്!
പാതയോരത്തുള്ള സോമുവിന്റെ വീടിനു മുന്നിലെ കിളിക്കൂട് രാജാവിന്റെ ശ്രദ്ധയിൽപെട്ടു. രാജാവ് കൂടിനടുത്തേക്ക് വന്ന് പിറുപിറുത്തു -
"ഹായ്! എന്തു ചന്തമുള്ള മൈനയാണിത്!"
അപ്പോൾ പേടിച്ചു വിറച്ച് സോമു രാജാവിനെ വന്നു വണങ്ങി. മൈന ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടപ്പോൾ രാജാവ് ചോദിച്ചു -
''എടോ, താന്‍ ഈ മൈനയെ സംസാരിക്കാൻ പഠിപ്പിച്ചില്ലേ?"
അതു കേട്ടപ്പോൾ സോമുവിന്റെ പേടി ഇരട്ടിച്ചു. കാരണം, ഈ നശിച്ച പക്ഷി ആകെ പറയുന്ന വാചകം കേട്ടാൽ എന്റെ കാര്യത്തിൽ ഉടനൊരു തീരുമാനമാകും!
"അങ്ങുന്നേ, അടിയൻ ഒരുപാടു പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു"
പെട്ടെന്ന്, കിളി ഉച്ചത്തിൽ പറഞ്ഞു -
"ഛെ! വലിയ കഷ്ടമായിപ്പോയി! പൊന്നുംവില കൊടുത്തു മേടിച്ച സാധുവായ എനിക്ക് ഇതു തന്നെ വേണം!"
അതു കേട്ട്, രാജാവ് പൊട്ടിച്ചിരിച്ചു -
"ആയിരക്കണക്കിനു പക്ഷികളെ കണ്ടിട്ടുള്ള ഞാൻ ഇങ്ങനെയൊരു സംസാരം ആദ്യം കേൾക്കയാണ്. അതിനാൽ, ഈ മൈനയ്ക്ക് ഞാൻ പൊന്നുവില തരുന്നു!"
അനന്തരം, രാജാവ് തന്റെ അരയിലുണ്ടായിരുന്ന സ്വർണനാണയങ്ങൾ അടങ്ങുന്ന പണക്കിഴി സോമുവിനു നൽകി മൈനയുടെ കൂടുമായി സന്തോഷത്തോടെ നടന്നു നീങ്ങി. തൽസമയം, സോമു അത്ഭുതത്തോടെ എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലാക്കാതെ കണ്ണു മിഴിച്ചു നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ യാഥാർഥ്യം മനസ്സിലാക്കി സോമു സ്വയം പറഞ്ഞു -
"ആ മൈനയുടെ തലതിരിവ് എന്റെ തല തിരിഞ്ഞ ജീവിതം നേരെയാക്കിയിരിക്കുന്നു. ഭഗവാനേ, നന്ദി !"
ആശയം -
ഭാഗ്യം എന്ന ഘടകത്തെ ദൈവാനുഗ്രഹം അല്ലെങ്കിൽ പ്രകൃതിശക്തിയുടെ കടാക്ഷം എന്നൊക്കെ പറയാവുന്ന പല സന്ദർഭങ്ങളും ഓരോ വ്യക്തിയുടെ ജീവിതത്തിലും ഉണ്ടാകാം. നിരാശപ്പെടാതെ ക്ഷമയോടെ കാത്തിരിക്കണം.
Comments