കരിയര്‍ പരാജയം (Career failure)

This is a small story about career failure of a man. Success is something related to the present day achievements and not on future dreams. 

ഓഫീസിലെ ജോലിയിൽനിന്ന് ഒരാഴ്ചയായി കുമാർ അവധിയിലാണ്. കാരണം അന്വേഷിച്ചപ്പോൾ വീട്ടുമുറ്റത്ത് വീണിട്ട് ദേഹമാകെ കുപ്പിച്ചില്ലു കൊണ്ടെന്നാണ് വിവരം.

പുതിയതായി ജോലിക്കു കയറിയ മനോജിന്റെ അടുത്തിരുന്ന ആള്‍ തമാശയായി പറഞ്ഞു -

"കുമാർസാര്‍ ഗ്ലാസ് ഫാക്ടറിയിലെ ജോലി കൂടി ചെയ്യുന്നുണ്ടോ? ദേഹം മുഴുവനും മുറിയാൻ?"

അപ്പോൾ, സതീഷ് ചിരിച്ചു കൊണ്ടു പറഞ്ഞു -

"ഗ്ലാസും കുപ്പിയും എപ്പോഴും ഉപയോഗിക്കുന്ന ആളാണ്. കുപ്പിയിലെ ചുവന്ന വെള്ളം ഗ്ലാസിൽ ഒഴിച്ചു കുടിച്ചാൽ പിന്നെ ആരാണു വീഴാത്തത്?"

അതുകേട്ട്, മറ്റുള്ളവരും കൂടി ചുണ്ടിൽ ചിരി ഫിറ്റു ചെയ്തു.

മദ്യപനാണ് കുമാർസാറെന്നു മനോജിനു പിടികിട്ടി. മറ്റൊരു ദിവസം മനോജ് വേറൊരു സ്റ്റാഫിനോടു വിവരം തിരക്കി.

അയാൾ പറഞ്ഞു -

"മനോജ്, അയാൾ ചെറുപ്പകാലത്ത് തുടങ്ങിയതല്ല മദ്യപാനം. കോളേജിലും മറ്റും പഠിക്കുന്ന സമയത്ത് കുമാർ എന്തിനും ഏതിനും മിടുമിടുക്കനായിരുന്നു. അങ്ങനെ, ഡിഗ്രി കഴിഞ്ഞ് സിവിൽ സർവീസ് എക്സാം എഴുതാൻ തയ്യാറെടുത്തു. ആദ്യ ചാൻസിൽത്തന്നെ പ്രിലിംസ് കിട്ടി. പിന്നെ, ഫൈനൽ പരീക്ഷയ്ക്ക് നന്നായി തയ്യാറെടുത്തെങ്കിലും അവസാന ഘട്ടമായ ഇന്റർവ്യൂവിൽ എത്താൻ കഴിഞ്ഞില്ല. ഫൈനലിലെ പരാജയം അദ്ദേഹത്തെ പാടേ തകർത്തു കളഞ്ഞു! പിന്നെ, പ്രിലിമിനറി മൂന്നു തവണ കൂടി എഴുതിയെങ്കിലും ഫൈനലിൽ എത്തിയതുമില്ല. ആളു നല്ല ബ്രൈറ്റായതു കൊണ്ട് ആ സമയത്ത് നമ്മുടെ കമ്പനീടെ ടെസ്റ്റ് ഈസിയായി കടന്നു. എന്നാൽ, സിവിൽ സർവീസ് നിരാശയിൽ തുടങ്ങിയതാണ് വെള്ളമടിക്കുന്ന പരിപാടി"

മനോജ് ആശ്ചര്യത്തോടെ ചോദിച്ചു -

"ഇപ്പോൾ, സാറിനു നല്ല ജോലിയാണല്ലോ ഉള്ളത്. പിന്നെയെന്തിനാണ് കുടിക്കുന്നത്?"

"ഓരോ മനുഷ്യന്റെ തലേവര! അല്ലാണ്ടെന്താ?"

ആശയം -

കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പറഞ്ഞു സ്വയം ആശ്വസിച്ചു പോയ കുറുക്കന്റെ സാമാന്യബോധം പോലും ചിലപ്പോൾ മനുഷ്യനില്ലെന്നു കാണാം. ഉള്ളതിന്റെ പിറകേ പോകാതെ ഇല്ലാത്തതിന്റെ പിറകേ പോകുകയും അതിന്റെ പേരിൽ നീറുകയും ചെയ്യുന്നത് എറ്റവും കൂടുതലായി കാണപ്പെടുന്നത് കരിയറിലാണ്. നിങ്ങളുടെ നഷ്ടബോധം എന്തു തന്നെയായാലും നിലവിലുള്ള കരിയറിനെ തകർക്കാൻ അനുവദിക്കരുത്. സമയവും കാലചക്രവും പിറകോട്ടു പോകുന്ന വിദ്യ നിലവിൽ ആർക്കും അറിയില്ലല്ലോ. എന്നാലോ?  നഷ്ടപ്പെട്ടതായ കരിയറിനെ മറികടക്കുംവിധം വേറെ വഴിയിലൂടെ വിജയം കൊയ്തു പ്രായശ്ചിത്തം ചെയ്യാന്‍ നമ്മളില്‍ പലര്‍ക്കും കഴിയും! 

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍