നിരീക്ഷണ പാടവം I.Q. Series-4
ഒരു ദിവസം സ്കൂളിൽ ബിജുസാറിന്റെ ക്ലാസ് റൂമിലേക്ക് കുട്ടികൾ എത്തി. തലേ ദിവസം രാത്രി മുഴുവൻ മഴയായതിനാൽ വലിയ ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥയായിരുന്നു ആ മുറിയിൽ. അതായത്, മൂന്നാം ക്ലാസിലെ കുട്ടികൾ സ്മാർട് ക്ലാസ് കഴിഞ്ഞ് അവരുടെ സ്വന്തം 3-C ക്ലാസിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അന്നേരം, ഫാൻ കറങ്ങുന്നില്ലായിരുന്നു.
അപ്പോൾ, കുട്ടികൾ തമ്മിൽ ചെറിയൊരു തർക്കം -
"സാറേ, ഞങ്ങൾക്കു ഫാനിടണം"
"വേണ്ട സാറേ, ഞങ്ങൾക്കു തണുപ്പാ"
രണ്ടു കൂട്ടരും ഇങ്ങനെ പറഞ്ഞപ്പോൾ സാർ പറഞ്ഞു -
"ഫാൻ വേണമെന്നുള്ളവർ കൈ ഉയർത്തൂ..."
അപ്പോൾ, 16 കുട്ടികൾ കൈ പൊക്കി. പഠിക്കാൻ മിടുക്കരായ ചില കുട്ടികളും ഒരു ടീച്ചറുടെ മകനും അക്കൂട്ടത്തിലുണ്ട്.
"ഇനി, ഫാൻ വേണ്ടാ എന്നുള്ളവർ കൈ ഉയർത്തുക"
അപ്പോഴും ബാക്കിയുള്ള 16 കുട്ടികൾ കൈ പൊക്കി.
അപ്പോൾ തുല്യം - തുല്യം!
ഇനിയെന്തു ചെയ്യും? അപ്പോൾ, സാർ ചെറിയൊരു കൗശലം പ്രയോഗിച്ചു -
"നിങ്ങൾ രണ്ടു കൂട്ടരും സമനില പാലിക്കുന്നതിനാൽ, ഞാൻ ഇനി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയുന്ന ഗ്രൂപ്പിന്റെ ആവശ്യമായിരിക്കും ഞാൻ അംഗീകരിക്കുക"
എല്ലാവരും സമ്മതിച്ചു. സാർ തുടർന്നു -
"ഇപ്പോൾ ഡ്രോ ആയതിനാൽ ഞാനും കൂടി ഏതു ഗ്രൂപ്പിൽ ചേരുന്നുവോ ആ ഗ്രൂപ്പിന്റെ ആവശ്യമാകും ഭൂരിപക്ഷം. എന്നാൽ, എന്റെ ചോദ്യമിതാണ്- ഞാൻ ഏതു പക്ഷമായിരിക്കും?"
അപ്പോൾ ഒരു കുട്ടി മാത്രം ശരിയായ ഉത്തരവും അതിനുള്ള കാരണവും പറഞ്ഞു. എന്തായിരിക്കും ശരിയുത്തരം?
ഉത്തരം -
കുട്ടി പറഞ്ഞത് -
"ഞങ്ങൾ വരുമ്പോൾ സാർ ഫാൻ ഇട്ടിട്ടില്ലായിരുന്നല്ലോ. അപ്പോൾ സാറിന് ഫാൻ വേണ്ടല്ലോ. സാറിന്റെ വോട്ട് വേണ്ടെന്നായിരിക്കും"
സാർ അവനെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞു-
"മികച്ച നിരീക്ഷണവും ശ്രദ്ധയും ഒരു നല്ല വിദ്യാർഥിക്ക് ആവശ്യമാണ്. അപ്പോൾ എന്റെ വോട്ട് ശരിയുത്തരം പറഞ്ഞ ഈ മിടുക്കന്‍റെ ഫാൻ വേണമെന്നുള്ള ഗ്രൂപ്പിന് !''
Comments