താന്‍പാതി ദൈവം പാതി
ഒരിക്കൽ, സിൽബാരിപുരംആശ്രമത്തിലെ ഗുരുവും ശിഷ്യനായ രാജകുമാരനും കൂടി വഴിയിലൂടെ നടക്കവേ, രങ്കന്‍ എന്നു പേരായ ഒരു സാധുമനുഷ്യൻ ഭിക്ഷയെടുക്കുന്നതു കണ്ടു.
രാജകുമാരന് ദയ തോന്നി തന്റെ വിരലിലെ രത്നമോതിരം അയാൾക്കു കൊടുത്തു. അതുമായി വലിയ സന്തോഷത്തോടെ സ്വപ്നം കണ്ട് അയാൾ സ്വന്തം വിരലില്‍ അണിഞ്ഞു വീട്ടിലേക്കു മടങ്ങി. പക്ഷേ, വഴിയിൽ മുഖംമൂടിയണിഞ്ഞ ഒരു കള്ളൻ അയാളെ പിന്തുടർന്നു -
"നിൽക്കടാ, അവിടെ!"
കള്ളൻ നോക്കിയപ്പോള്‍ ഒരു പിച്ചപ്പാത്രമല്ലാതെ യാതൊന്നും കണ്ടില്ല. എന്നാല്‍, ആ ഒറ്റയടിപ്പാതയില്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞതിനാല്‍ സൂര്യപ്രകാശം ഒട്ടുമേ താഴെ പതിക്കുന്നില്ലായിരുന്നു. ഇരുണ്ട വഴിയില്‍ രത്നമോതിരം തിളങ്ങുന്നതു കണ്ട് രത്നമെന്നു മനസ്സിലാക്കിയ കള്ളന്‍ മോതിരം കൊള്ളയടിച്ചു. മല്ലനായ കള്ളനെ അനുസരിക്കാനേ അയാൾക്കു കഴിഞ്ഞുള്ളൂ.
അടുത്ത ദിവസം, രാവിലെ പതിവുപോലെ അമ്പലത്തിലേക്കു ഗുരുവും ശിഷ്യനും നടന്നപ്പോൾ വീണ്ടും രങ്കന്‍ അവരുടെ മുന്നിലൂടെ പിച്ചപ്പാത്രവുമായി പോകുന്നതു കണ്ടു.
ശിഷ്യൻ ചോദിച്ചു-
"താങ്കൾ എന്തിനാണ് ഇനിയും പിച്ചയെടുക്കുന്നത്. പ്രഭുവായി ജീവിക്കാനുള്ള പണം ഇന്നലത്തെ രത്നമോതിരം വിറ്റാൽ കിട്ടുമല്ലോ?"
അപ്പോൾ, കൊള്ളയടിച്ചു പോയ കാര്യം അയാൾ സങ്കടത്തോടെ പറഞ്ഞു.
അപ്പോള്‍, വീണ്ടും അലിവു തോന്നിയ രാജകുമാരൻ തന്റെ കഴുത്തിൽ കിടന്ന സ്വർണമാല ഊരി അയാൾക്കു കൊടുത്തു.
"ഇത്തവണ ഒരു കാര്യം ചെയ്യൂ. സ്വർണമാല ഈ തടിച്ചെപ്പിൽ അടച്ചു സൂക്ഷിച്ചു കൊണ്ടു പൊയ്ക്കോ. അമ്പലത്തിലെ സിന്ദൂരം വയ്ക്കുന്ന ഇത് കള്ളന്മാർ കൊണ്ടു പോകില്ല"
രങ്കന്‍ വീണ്ടും തുള്ളിച്ചാടി അവിടുന്നു പോയി. കള്ളന്മാര്‍ ആരും അവനെ ശ്രദ്ധിച്ചില്ല. ഇത്തവണ അയാൾ അടുക്കളയിൽ ഉപയോഗമില്ലാതെ കിടന്ന ചെമ്പുകുടത്തിൽ ചെപ്പു സൂക്ഷിച്ചു വച്ചു. കാരണം, കള്ളമാരുടെ ശല്യം തീരുന്ന മഴക്കാലത്ത്, അതു വിൽക്കാമെന്നു കരുതി.
പിന്നീട്, ഒരു ദിവസം, അയാളുടെ ഭാര്യ സ്ഥിരമായി അലക്കാനുള്ള വെള്ളമെടുക്കാൻ കൊണ്ടുപോയിരുന്ന മൺകുടം വഴിയിൽ വച്ചു താഴെ വീണു പൊട്ടി. പിന്നെ, ആ സ്ത്രീ അടുത്ത ദിവസം തുണികളെല്ലാം എടുത്ത കൂട്ടത്തിൽ അടുക്കളയിലെ ഈ കുടവും കൊണ്ടുപോയി. പിന്നെ, പുഴയില്‍ അവൾ വെള്ളം മുക്കിയെടുത്തപ്പോൾ തടിച്ചെപ്പ് വെള്ളത്തിൽ ഒഴുകിപ്പോയി. ഉപയോഗമില്ലാത്ത ചെറിയ തടിക്കഷണമെന്ന് കരുതി അതെന്താണെന്ന് അവൾ നോക്കിയതുമില്ല.
പിന്നീട്, രങ്കൻ നോക്കിയപ്പോൾ ഭാര്യ അലക്കാൻ പോയപ്പോൾ തന്റെ കുടവുമായി നീങ്ങുന്നത് ശ്രദ്ധയിൽ പെട്ടു. ചോദിച്ചപ്പോൾ ചെപ്പു നഷ്ടമായ കാര്യം രങ്കനോടു പറയുകയും ചെയ്തു.
അയാൾ വീണ്ടും നിരാശനായി. അടുത്ത ദിവസം രാവിലെ വീണ്ടും പിച്ചപ്പാത്രവുമായി പോകവേ, ഗുരുവും രാജകുമാരനും രങ്കനെ കണ്ട് ആശ്ചര്യപ്പെട്ടു.
അപ്പോൾ, രങ്കൻ നടന്ന സംഭവം വിവരിച്ചു.
ഇത്തവണ ശിഷ്യൻരാജകുമാരൻ ഗുരുവിനെ നോക്കി ചോദിച്ചു-
"ഗുരുജീ, എന്തുകൊണ്ടാണ് അയാൾക്ക് ആ സമ്പത്ത് അനുഭവിക്കാൻ യോഗമില്ലാത്തത് ?"
ഗുരുജി മറുപടി പറയാതെ, അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഒരു വെള്ളിക്കാശ് രങ്കനു നൽകി.
അപ്പോൾ, രങ്കനും ശിഷ്യനും മനസ്സിലോർത്തു -
"വെറും നിസ്സാരമായ ഒരു കാശിന് എന്തു കിട്ടാനാണ് ?"
തുടർന്ന്, ഗുരുജി പറഞ്ഞു -
"ഇനി എന്താണു സംഭവിക്കുന്നതെന്ന് ഞാൻ കാട്ടിത്തരാം''
അവർ രങ്കനെ രഹസ്യമായി അനുഗമിച്ചു.
രങ്കൻ അതുമായി പോകും വഴി ഒരു മീൻ വിൽപനക്കാരനെ കണ്ടു. അക്കാലത്ത്, പുഴമീൻ എത്ര വലുതാണെങ്കിലും നിസ്സാര വിലയേ ഉണ്ടായിരുന്നുള്ളൂ. വെള്ളമില്ലാതെ ഒരു മീൻ പിടയ്ക്കുന്നതു കണ്ട് രങ്കന്റെ മനസ്സലിഞ്ഞു.
"ഇതിനെ എന്റെ കുളത്തിൽ വളർത്താം"
കയ്യിലുള്ള ഒരു വെള്ളിക്കാശ് കൊടുത്ത് സാമാന്യം മുഴുത്ത മീനുമായി വീട്ടിലേക്കു നടന്നു. പ്രധാന പാതയിലൂടെ വീടിനടുത്തെത്തി. പിച്ചപ്പാത്രത്തിൽ വെള്ളം പിടിച്ച് അതിൽ മീന്റെ തല മുക്കി. അപ്പോഴാണ് മീനിന്റെ വായിൽ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നത് രങ്കന്റെ ശ്രദ്ധയിൽ പെട്ടത്. അയാൾ വഴിയിൽ കിടന്ന ഒരു കമ്പു കൊണ്ടു കിള്ളി പുറത്തെടുത്തപ്പോൾ പുഴയിൽ നഷ്ടപ്പെട്ട തടിച്ചെപ്പ്!
അയാൾ സന്തോഷത്തോടെ അലറിക്കൂവി -
"അവനെ കിട്ടിപ്പോയി! പിടികിട്ടിപ്പോയി നാട്ടാരേ!"
ഇതേ സമയത്ത്, യഥാർഥ സംഭവം അറിയാതെ കോസലപുരംരാജ്യത്തേക്ക് ആഭരണ വ്യാപാരിയുടെ കപട വേഷമിട്ടു പോകുകയായിരുന്നു പഴയ രത്നക്കള്ളൻ!
അയാൾ ഓടിയടുത്തു -
"നിർത്ത്! എന്നെ പിടിച്ചു കൊടുക്കരുത്. ഇതാ നിന്റെ രത്നം. ഞാൻ ഇവിടം വിട്ടു പൊയ്ക്കോളാം"
അയാൾ തുണിയിൽ പൊതിഞ്ഞ രത്നം കൊടുത്തിട്ട് ശീഘ്രം സ്ഥലം വിട്ടു!
ഇതെല്ലാം മരത്തിന്റെ മറവിൽ നിന്നു വീക്ഷിച്ച ശിഷ്യൻ ഗുരുവിനോടു ചോദിച്ചു -
"ഞാൻ നേരിട്ടു രത്നവും മാലയും കൊടുത്തിട്ട് അയാൾക്ക് പ്രയോജനമുണ്ടായില്ല. പക്ഷേ, ഒരു വെള്ളിക്കാശു കൊടുത്തത് എല്ലാ സൗഭാഗ്യത്തിനും കാരണമായി. അതെന്താണ്?"
ഗുരുജി പ്രതിവചിച്ചു -
"രത്നവും മാലയും സ്വന്തം സുഖത്തിനായി ഉപയോഗിക്കാൻ അയാൾ ആശിച്ചു. എന്നാൽ, ഞാൻ കൊടുത്ത വെള്ളിക്കാശു കൊണ്ട് ഒരു മീനിന്റെ ജീവൻ രക്ഷിക്കാനുള്ള ദയ അയാൾ കാട്ടിയപ്പോൾ, നേരത്തെ നഷ്ടപ്പെട്ട രത്നവും സ്വർണമാലയും ഭഗവാന്‍ തിരികെ കൊടുത്തു!"
ആശയം-
സത്കര്‍മ്മങ്ങളും നന്മകളും ഭഗവാന്‍ ശ്രദ്ധിക്കുന്ന വിഷയങ്ങളാണ്. പ്രവൃത്തികള്‍ ഇല്ലാത്ത നിര്‍ജീവമായ പ്രാര്‍ത്ഥനകള്‍ വെറും സമയം കളയാനുള്ള ഒരു വിദ്യയായി മാറിയിരിക്കുന്നു. നമ്മുടെ പരിധിയില്‍ വരുന്നതായ സ്വയം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ആദ്യം ചെയ്യുക. പിന്നെ, നാം അതിനപ്പുറമുള്ള കാര്യങ്ങള്‍ക്കായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക.
Comments
വളരെ നന്ദി. മുൻപൊക്കെ ബ്ലോഗിൽ സജീവം ആയിരുന്നു. നാലഞ്ച് വർഷം മുൻപ് നിർത്തി
വീണ്ടും, വളരെനന്ദി
പലതരം ആവശ്യങ്ങള്‍ക്കായി അല്ലെങ്കില്‍ വിഷമങ്ങള്‍ അലട്ടുമ്പോള്‍ ആര്‍ക്കും ലോകത്തെവിടെനിന്നും സൈറ്റിനെ സമീപിച്ചു ഇനിയും സഹായമാകട്ടെ.