പ്രാർത്ഥനയുടെ മനോഭാവം
സിൽബാരിപുരംരാജ്യം പുരോഗതി പ്രാപിച്ചിരുന്ന കാലം.
അന്ന്, പ്രധാന ക്ഷേത്രത്തിലെ ഉൽസവമായിരുന്നു. അതിനിടയിൽ പലതരം ആളുകള്‍ തിങ്ങി നിറഞ്ഞ സദസ്സിൽ പ്രശസ്തനായ സന്യാസി പ്രസംഗിക്കാനെത്തി. സർവമത പ്രാർഥന കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു -
"ഇനി നിങ്ങളുടെ വ്യക്തിപരമായ പ്രാർഥനകൾ മൗനം വെടിയാതെ ഈശ്വരനു സമർപ്പിക്കാനുള്ള സമയമാണ്"
ആ സമയത്ത്, ഓരോ ആളിന്റെ പ്രാർഥനയും സന്യാസിക്ക് വെളിപ്പെട്ടു-
മരം വെട്ടുകാരൻ പ്രസന്നമായ കാലാവസ്ഥ നോക്കി വ്യാകുലപ്പെട്ടു-
"എന്റെ ഭഗവാനേ, നല്ല കാറ്റും മഴയും വരുത്തണമേ. കാട്ടിൽ അങ്ങനെ വന്നാലും എനിക്കു ഗുണമൊന്നുമില്ലല്ലോ. ഈ നാട്ടിലെ വഴിമുടക്കിക്കൊണ്ടു മരങ്ങൾ കടപുഴകണമേ''
വൈദ്യൻ ഇങ്ങനെ പ്രാർഥിച്ചു -
"ഭഗവാനേ, പലതരം രോഗങ്ങൾ പിടിപെട്ട് ജനങ്ങൾ എന്റെ പക്കൽത്തന്നെ ചികിൽസയ്ക്കു വരണമേ''
ശവപ്പെട്ടി കച്ചവടക്കാരൻ -
"ഭഗവാനേ, ആ വൈദ്യന്റെ ചികിൽസ ഫലിക്കാതെ എനിക്ക് കച്ചവടം കിട്ടണേ"
വർക്ഷോപ്പ് ഉടമ പ്രാർഥിച്ചു-
"ഭഗവാനേ, പുതിയ വണ്ടികൾക്കു വരെ വേഗം തകരാറ് വരണേ"
പല്ലു ചികിൽസകൻ പ്രാർഥിച്ചു -
"ദൈവമേ, മധുരമെല്ലാം തിന്ന് എല്ലാവരുടെയും പല്ലു ദ്രവിക്കണമേ"
വക്കീൽ -
"ഈശ്വരാ, മനുഷ്യരുടെ വഴക്കുകൾ രമ്യതയിലാകരുതേ. എല്ലാവരെയും എന്റെ അടുക്കലേക്ക് വിടണമേ''
കുടയുണ്ടാക്കുന്നവന്‍-
“ദൈവമേ, ഇത്തവണ കാലവര്‍ഷവും തുലാവര്‍ഷവും അതിശക്തമായിരിയിരിക്കണേ"
ദുര്‍ന്നടപ്പുകാരി-
"എല്ലാവരുടെയും ദാമ്പത്യ ജീവിതം അടിച്ചു പിരിയണേ"
ചായക്കടക്കാരന്‍-
"എല്ലാ വീട്ടിലും ഭാര്യ വഴക്കിട്ട് ആഹാരമൊന്നും ഉണ്ടാക്കരുതേ"
ജന്മി-
"കുടിയാന്മാരുടെ കുട്ടികള്‍ ഒരിക്കലും വിദ്യാലയത്തില്‍ പോകാതെ എന്റെ കൃഷിയിടത്തില്‍ പണിക്കു വരണേ"
തെങ്ങുകയറ്റക്കാരൻ-
"ഭഗവാനേ, ഇന്നാട്ടിലെ തെങ്ങുകൾക്കെല്ലാം ആകാശം മുട്ടുന്ന ഉയരം കൊടുക്കണേ. അല്ലെങ്കിൽ വീട്ടുകാരെല്ലാം തോട്ടി കൊണ്ട് തേങ്ങയിട്ടാൽ എന്റെ കുടുംബം പട്ടിണിയാകുമേ"
വട്ടിപ്പലിശക്കാരൻ -
"ദൈവമേ, ആളുകൾ ധൂർത്തന്മാരും സുഖലോലുപരുമാകട്ടെ. കയ്യിലെ പണം തീർന്ന് കടം മേടിക്കാൻ എന്റെ പക്കലേക്കു വരട്ടെ"
ട്യൂഷൻ അധ്യാപിക -
"ഭഗവാനേ, ക്ലാസിൽ കുട്ടികൾക്ക് ഒന്നും മനസ്സിലാകരുതേ. അവർ ഉഴപ്പട്ടെ. വിശദമായി ഞാൻ പറഞ്ഞു കൊടുത്തോളാമേ"
എന്നാൽ, കള്ളൻ ഇങ്ങനെ പ്രാർഥിച്ചു -
"ഭഗവാനേ, എല്ലാവരുടെ വീട്ടിലും പണവും സ്വർണ്ണവും കുന്നുകൂടട്ടെ"
പൂക്കച്ചവടക്കാരി-
"ഭഗവാനേ, ഇന്നാട്ടിലെ എല്ലാ ചെറുപ്പക്കാരുടെയും കല്യാണം പെട്ടെന്നു നടക്കണേ, പൂക്കച്ചവടം പുരോഗതിയാക്കണേ"
ആശയം -
പ്രാർഥനകളും രണ്ടുതരമാണ്. മറ്റുള്ളവരെ ബോധിപ്പിക്കാനുള്ളതും സ്വയം ഈശ്വരനെ ഉണർത്തിക്കാനുള്ളതും. അവിടെ സ്വാർഥതയുടെ ലോകവും കടന്നു വരാം. 'തൻകാര്യം പൊൻകാര്യം' എന്ന സ്വാർഥത പ്രാർഥനയിൽ വരുന്നതൊക്കെ തികച്ചും സ്വാഭാവികം മാത്രം. പക്ഷേ, നിസ്വാര്‍ഥവും ദേശസ്നേഹവും സമര്‍പ്പണവും ത്യാഗവും അടങ്ങുന്ന പലരുടെയും പ്രാര്‍ത്ഥനകള്‍ ചിലപ്പോള്‍ വെറും പ്രദര്‍ശന വസ്തു മാത്രമാകാം!
Comments