എറിഞ്ഞാൽ പൂച്ച നാലുകാലിൽ!
പ്രാചീന സിൽബാരിപുരംരാജ്യത്ത് അനേകം അന്ധവിശ്വാസങ്ങളും മന്ത്രവാദികളും മന്ത്രവാദിനികളുമൊക്കെ ഉണ്ടായിരുന്ന കാലമായിരുന്നു അത്.
രുക്കു എന്ന മന്ത്രവാദിനി ഒരു ഗുഹയിലാണു ജീവിച്ചിരുന്നത്. ഒപ്പം, ഒരു കറുമ്പിപ്പൂച്ചയും അവർക്കു കൂട്ടായി ഗുഹയിലുണ്ടായിരുന്നു. ഈ മന്ത്രവാദിനി ഒരു മാന്ത്രിക വടിയിൽ കയറിയിരുന്നാൽ ഉടൻ പറക്കുകയായി. വടിയുടെ പിന്നിൽ കറുമ്പിയും അള്ളിപ്പിടിച്ചു കിടന്നുകൊള്ളും.
അങ്ങനെ, ഒരു പ്രാവശ്യം ആകാശത്തുകൂടി പറക്കവേ, ശക്തമായ കൊടുങ്കാറ്റ് വീശിത്തുടങ്ങി. പക്ഷേ, ഓർക്കാപ്പുറത്ത്, ആഞ്ഞുവീശിയ കാറ്റിൽ അവർ താഴേക്കു പതിച്ചു!
കൊടുംകാട്ടിൽ വന്നു വീണപ്പോഴേക്കും രുക്കുവിന്റെ ബോധം പോയി. എന്നാൽ, ഭാഗ്യത്തിന് കറുമ്പിപ്പൂച്ചയ്ക്ക് പരിക്കൊന്നും പറ്റിയില്ല.
തന്റെ യജമാനത്തിയെ വിളിച്ചുണർത്താൻ ചെന്ന പൂച്ച ഞെട്ടിവിറച്ചു!
ഒരു വലിയ പെരുമ്പാമ്പ്, മന്ത്രവാദിനിയെ വിഴുങ്ങാൻ വാ പൊളിച്ചു നിൽക്കുന്നു!
പൂച്ച പിന്നെ, ഒരു നിമിഷം പോലും പാഴാക്കിയില്ല. പാമ്പിന്റെ കഴുത്തിലേക്കു പറന്നു വീണ് നഖങ്ങൾ ആഴ്ത്തി അള്ളിപ്പിടിച്ചു. എന്നിട്ട്, പാമ്പിന്റെ കഴുത്ത് കടിച്ചു മുറിക്കാൻ തുടങ്ങി. പാമ്പ് ശക്തമായി പൂച്ചയെ കുടഞ്ഞു കളയാനായി പുളഞ്ഞെങ്കിലും കറുമ്പിപ്പൂച്ച ഒട്ടും പിന്മാറിയില്ല.
ഇതിനിടയിൽ, സീൽക്കാരവും ചീറ്റലും കേട്ട് മന്ത്രവാദിനി എണീറ്റിരുന്നു. താമസിയാതെ, പാമ്പിന്റെ കഴുത്തറ്റു വീണു!
മന്ത്രവാദിനി ഉടൻ തന്നെ കറുമ്പിപ്പൂച്ചയെ എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു -
"എന്റെ ജീവൻ രക്ഷിച്ചതു കൊണ്ട് പകരമായി ഞാൻ നിനക്ക് ഒരു വരം നൽകുന്നു- ഇനിമേൽ എത്ര ഉയരത്തിൽനിന്നു നീയും നിന്റെ വംശവും വീണാലും നാലു കാലിൽ സുരക്ഷിതമായിട്ടായിരിക്കും നിലം തൊടുക!"
അന്നു മുതലാണ്, പൂച്ചകളെ എത്ര ഉയരത്തിൽ നിന്നു വലിച്ചെറിഞ്ഞാലും നിലം തൊടാന്‍ നേരം, വീഴാതെ അവറ്റകള്‍ നാലു കാലിൽ നിൽക്കാൻ തുടങ്ങിയതത്രെ!
Comments