ചെറിയ ദുശ്ശീലം ആദ്യം മാറ്റുക!
ഒരു കാലത്ത്, സിൽബാരിപുരംരാജ്യത്ത് പുതുവർഷ ആരംഭം വലിയ ആലോഷമായിരുന്നു.
അങ്ങനെ, ചിങ്ങം-ഒന്ന് വന്നെത്തി. അന്നേ ദിവസം, അത്ഭുത സിദ്ധികളുള്ള ഗുരുജിയുടെ ആശ്രമത്തിൽ രാവിലെ മുതൽ വലിയ തിരക്കാണ്. പുതുവർഷത്തിൽ, ഗുരുജിയുടെ അനുഗ്രഹം കിട്ടിയാൽ ആ വർഷം മുഴുവൻ നേട്ടങ്ങൾ ഉണ്ടാകുമത്രെ.
ഓരോ വർഷവും ആളുകൾ കൂടി വരികയാണ്. ഇത്രയും തിരക്ക് ഗുരുജിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. വരാന്തയും മുറ്റവും മുഴുവൻ തിങ്ങിനിറഞ്ഞ ആളുകൾ ആശ്രമത്തിന്റെ സ്വകാര്യതയ്ക്കു ശല്യമായതിനാൽ, ഇത്തവണ ഗുരുജി അനുഗ്രഹത്തിനു മുൻപായി ഒരു നിബന്ധന മുന്നോട്ടുവച്ചു-
"എല്ലാവരും, നിങ്ങളുടെ ഏതെങ്കിലും ഒരു ദു:ശീലം സ്വന്തം ജീവിതത്തിൽ നിന്ന് കളയണം. ഒഴിവാക്കിയ ദു:ശീലം ഏതെന്ന് എന്നോടു പറയുകയും വേണം, അന്നേരം ഞാൻ അനുഗ്രഹിക്കുകയും ചെയ്യും"
ആളുകൾക്ക് അതിനോട് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഓരോരുത്തരായി അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്നു വന്നു.
ഒന്നാമൻ പറഞ്ഞു -
"ഗുരുജീ, ഞാൻ ഉച്ചയുറക്കം നിർത്തി. അതെന്റെ ദു:ശീലമായിരുന്നു. എന്നെ അനുഗ്രഹിച്ചാലും"
ഗുരുജി പറഞ്ഞു - "നിന്റെ ഉറക്കം നിന്റെ മാത്രം കാര്യമാണ്. എന്നാൽ, നിന്റെ പശുക്കളെ മേയാൻ അഴിച്ചുവിട്ടിട്ട് പുഴയിൽ കുളിക്കാൻ പോകുമ്പോൾ ചില സാധുകർഷകരുടെ കൃഷിഫലങ്ങൾ തിന്നു നശിപ്പിക്കുന്നുണ്ട്, അടുത്ത വർഷം വരുമ്പോൾ അതു നിർത്തിയിട്ട് അനുഗ്രഹത്തിനായി വരിക"
അയാൾ അനുഗ്രഹവും കിട്ടി മുന്നോട്ടു നടന്നപ്പോൾ സ്വയം പറഞ്ഞു -
"മേയാൻ വേണ്ടി പശുക്കളെ അഴിച്ചു വിട്ടാലേ വളരുകയുള്ളൂ. കയറിൽ കെട്ടിയ പശുവിന് പാൽ കുറയും"
രണ്ടാമൻ മുറിയിൽ വന്നു -
"ഗുരുവേ, ഞാൻ നഖം കടിക്കുന്ന ദുശ്ശീലം നിർത്തി"
ഗുരുജി അനുഗ്രഹിച്ച വേളയിൽ പറഞ്ഞു -
"അതു നന്നായി. പക്ഷേ, പരദൂഷണം നിർത്തിയിട്ട് അടുത്ത വർഷം വരണം''
അയാൾ പോകുംവഴി പിറുപിറുത്തു-
"യാതൊരു കാര്യവുമില്ലാതെ എന്നേപ്പറ്റി ആളുകൾ പരദൂഷണം പറയുമ്പോൾ എനിക്കും വെറുതെയിരിക്കാൻ പറ്റുമോ?"
മൂന്നാമൻ- "ഗാലിപ്പുകയിലയുടെ ഉപയോഗം ഞാൻ നിർത്തി"
ഗുരുജി - "ഏറെ നന്നായി മകനേ. ഇനി വരുമ്പോൾ കള്ളുകുടി ഉപേക്ഷിക്കണം”
അയാൾ നടക്കുന്ന വേളയിൽ പിറുപിറുത്തു-
"പുകയിലയുടെ ദുശ്ശീലം നിർത്തിയതു തന്നെ വലിയൊരു സംഭവമായിപ്പോയി. കള്ള് ഒഴിവാക്കാനൊന്നും പറ്റുന്ന കാര്യമല്ല"
നാലാമൻ - "ഗുരുജീ, ഞാൻ വട്ടിപ്പലിശയ്ക്കു പണം കടം കൊടുക്കുന്ന പണി നിർത്തി"
ഗുരുജി - "വളരെ നന്നായി മകനേ. അങ്ങനെയെങ്കിൽ, നേരത്തേ പണയത്തിൽ തട്ടിയെടുത്ത കൃഷിയിടങ്ങൾ സാധുക്കൾക്കു വീതിച്ചു കൊടുത്തിട്ട് അടുത്ത വർഷം വരിക"
ആ മുതലാളി പോയവഴി ശാപവാക്കുകൾ ഉരുവിട്ടു-
"കഴിഞ്ഞ മുപ്പതു വർഷങ്ങളായി ഞാൻ ചെയ്തു വരുന്ന പണിക്ക് ഇനി ഗുരുജിയുടെ ഉപദേശമെന്തിന്? എനിക്കു വയസായതുകൊണ്ട് പലിശപ്പണി വേണ്ടെന്നു വച്ചതാണല്ലോ. എന്നു കരുതി ഞാനുണ്ടാക്കിയ സാമ്രാജ്യം ദാനം കൊടുക്കാൻ എനിക്കാവില്ല"
അഞ്ചാമൻ - "ഞാനൊരു ഗുസ്തിക്കാരനാണ്. എനിക്കിഷ്ടമില്ലാത്തതു കണ്ടാൽ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ദുശ്ശീലം എനിക്കുണ്ടായിരുന്നു. ഞാനിതാ അത് ഉപേക്ഷിച്ചിരിക്കുന്നു"
ഗുരുജി - "എനിക്ക് ഏറെ ഇഷ്ടമായി. നിന്റെ ഉരുക്കു ശരീരം കൊണ്ട് അയലത്തെ വീടുനിർമ്മാണത്തിന് ഉപകാരമാക്കുക"
അയാൾ നടന്നു നീങ്ങവേ, ചുണ്ടനക്കി-
"അങ്ങനത്തെ പണിക്കു പോയാൽ തൊലി നിറം മങ്ങും. പരിക്കു പറ്റിയാൽ ശരീരപ്രദർശനങ്ങൾക്കും മത്സരങ്ങള്‍ക്കും ഭംഗിയുണ്ടാകില്ല''
അതിനു പിറകേ പലരും ഗുരുജിയുടെ മുന്നിൽ വന്നു പോയി. പിന്നീട്, ഒരു വർഷം കഴിഞ്ഞു. അടുത്ത ചിങ്ങമാസം ഒന്നാം തീയതി പ്രഭാതമായി.
അപ്പാൾ ഗുരുജിയോട് ശിഷ്യൻ ചോദിച്ചു-
"ഗുരുജീ ഒരാളുപോലും ഇങ്ങോട്ടു വന്നില്ലല്ലോ. എന്തെങ്കിലും രാജകല്പനയെ ഭയന്നാകുമോ?"
ഗുരുജി പുഞ്ചിരിച്ചു -
" രാജകല്പനയല്ല, അവരുടെ സ്വന്തം മനസ്സിന്റെ കല്പന കാരണം ഇനിയൊരിക്കലും ഇങ്ങോട്ട് വരില്ല. എന്റെ കണ്ണിൽ പൊടിയിടാൻ ചെറിയ ദുശ്ശീലങ്ങൾ മാറ്റാനേ അവർ തയ്യാറുള്ളൂ. വലുതും ദോഷമുള്ളതും പ്രധാനമായതുമായ ദുശ്ശീലങ്ങളെ അത്രമേൽ സ്നേഹിക്കയാൽ അതൊന്നും ആളുകൾക്ക് ഉപേക്ഷിക്കാനാവില്ല"
ആശയം -
പുതുവർഷപ്പുലരി, ജന്മദിനം, ഉൽസവ ദിനം, നേർച്ച ദിനം, വഴിപാടു ദിനം, മാതാപിതാക്കളുടെയോ വിശുദ്ധരുടെയോ ഓർമ്മ ദിനങ്ങൾ, എന്നിങ്ങനെയുള്ള ഏതെങ്കിലും ഒരു ദിവസത്തിൽ വർഷത്തിൽ ഒരു ദുശ്ശീലമെങ്കിലും കളയാൻ ശ്രമിക്കുക. കൂടുതൽ ശ്രമിച്ചാൽ ഓരോ മാസത്തിന്റെയും ആദ്യ ദിനത്തിൽ ഓരോ ദുശ്ശീലങ്ങളെ ഉപേക്ഷിക്കാനാവും!
കൊച്ചുകൊച്ചു ദുശ്ശീലങ്ങളെ ആദ്യം കളയാന്‍ നോക്കുക. വലിയവ തുടച്ചുനീക്കാന്‍ ഭൂരിഭാഗം ആളുകള്‍ക്കും പ്രയാസമായിരിക്കും. ചിലപ്പോള്‍, ഒരായുസ്സില്‍ അസാധ്യവുമായിരിക്കും! എന്നാല്‍, ഇപ്പോള്‍- ഈ നിമിഷം- വായനക്കാര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുക!
Comments