ഗുരുത്വം
സിൽബാരിപുരംകൊട്ടാരത്തിൽ പുതിയൊരു കൃഷിമന്ത്രിയെ നിയമിക്കാൻ തീരുമാനമായി. അതിനുള്ള രാജകല്പന വിളംബരം ചെയ്തു.
അതിൻപ്രകാരം കൃഷി വിജ്ഞാനമുള്ള പത്തുപേരെ രാജസഭയിലെ പണ്ഡിതന്മാർ തെരഞ്ഞെടുത്തു. ഈ പത്തുപേരിൽ ഒരാളായിരിക്കും അടുത്ത മന്ത്രിയാവുക.
അന്ന്, ചിങ്ങമാസം ഒന്നാം തീയതിയായിരുന്നു. അവർ പത്തുപേരും അകലെയുള്ള ആശ്രമത്തിലെ ഗുരുജിയുടെ അനുഗ്രഹം വാങ്ങി അന്നു തന്നെ സന്ധ്യയ്ക്കു മുൻപ് തിരികെ കൊട്ടാരത്തിലെത്തുന്ന ഒരു ചടങ്ങുകൂടി ബാക്കിയുണ്ട്. അതിനു ശേഷം രാജാവിന് ഇഷ്ടമുള്ളയാളെ മന്ത്രിയായി വാഴിക്കും.
അങ്ങനെ, അതിരാവിലെ പത്തുപേരും യാത്രയായി. കുറെ ദൂരം പിന്നിട്ടപ്പോൾ അവർക്കൊരു കായൽ കടക്കണമായിരുന്നു. കായലിന്റെ അക്കരെയാണ് ഗുരുജിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നത്. അതിനാൽ, ആശ്രമംവകയായി ഒരു കടത്തുകാരനും വള്ളവും അവിടെയുണ്ട്. അയാൾ ഇവരെ സ്വാഗതം ചെയ്തു-
"വരൂ ... നമുക്ക് ആശ്രമത്തിലേക്കു തോണിയിൽ പോകാം. എല്ലാവരും നന്നായി പിടിച്ചിരുന്നോണം. വളരെ ആഴമുള്ള കായലാണ്"
ഇതു കേട്ടയുടൻ, ചിന്തു എന്നു പേരായ ഒരുവന് പേടിയായിത്തുടങ്ങി. അവൻ പറഞ്ഞു -
"എനിക്ക് ഈ വെള്ളം കണ്ടിട്ട് പേടിയാകുന്നു. ഞാനിവിടെ നിന്നോളാം. നിങ്ങൾ പോയി വന്നോളൂ''
ഇതുകേട്ട് കൂടെയുണ്ടായിരുന്ന ഒൻപതു പേരും പരിഹസിച്ചു-
"വെള്ളം കണ്ടാൽ പേടിക്കുന്ന നീയൊക്കെ മന്ത്രിയായാൽ കൃഷിക്കാരെല്ലാം പേടിക്കണം"
പക്ഷേ, കടത്തുകാരന് കളിയാക്കൽ അത്ര രസിച്ചില്ല. അയാൾ ചോദിച്ചു -
"താങ്കൾക്ക് നീന്തൽ അറിയില്ലേ?"
"അറിയാം"
"എങ്കിൽ അതൊന്നു കാണട്ടെ "
അതു പറഞ്ഞതിനൊപ്പം കടത്തുകാരൻ ചിന്തുവിനെ തള്ളി വെള്ളത്തിലിട്ടു!
വെള്ളത്തിൽ വീണ് ആദ്യം അവൻ നിലവിളിച്ചു. ആരും രക്ഷിക്കാൻ കൂടെ ചാടാത്തതിനാൽ സ്വയം നീന്തി കരയ്ക്കു കയറി.
അപ്പോൾ, കടത്തുകാരൻ ചോദിച്ചു -
"ഇപ്പോൾ തന്റെ പേടി പോയില്ലേ?"
അവൻ അണച്ചുകൊണ്ടു പറഞ്ഞു -
"ഉവ്വ്. എത്ര ആഴമുണ്ടെങ്കിലും നീന്തൽ ഒരു പോലെയാണ്"
"ഉം... ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലല്ലോ"
പിന്നെ, അവർ എല്ലാവരും ഒന്നിച്ച് അക്കരെയെത്തി. ആശ്രമത്തിലെത്തിയപ്പോൾ അവിടെ ഗുരുജി ഉണ്ടായിരുന്നില്ല. അവർ പത്തുപേരും അങ്കലാപ്പിലായി.
അന്നേരം, ഒരു ശിഷ്യൻ അറിയിച്ചു -
"ഗുരുജി ഇവിടില്ല. ചിലപ്പോൾ നാളെയേ വരികയുള്ളൂ. ഇന്നു വരികയാണെങ്കിലും വൈകിയേക്കാം"
അവർ പരസ്പരം നോക്കി. ഒടുവിൽ ഒരു തീരുമാനമെടുത്തു- സന്ധ്യയാകുന്നതിനു മുൻപ് കൊട്ടാരത്തിൽ എത്തിച്ചേരുക.
ഇവിടെയും ചിന്തു വ്യത്യസ്തനായി -
"ഗുരുവിനെ കാണാതെ തിരികെ ചെന്നാൽ ചടങ്ങ് പൂർത്തിയാകുമോ?”
മറ്റൊരുവൻ പറഞ്ഞു -
"സന്ധ്യയ്ക്കു മുൻപ് കൊട്ടാരത്തിൽ എത്തണമെന്നുള്ളത് രാജകല്പനയാണ്"
ചിന്തു ആശയക്കുഴപ്പത്തിലായി.
അപ്പോൾ മറ്റൊരാൾ പറഞ്ഞു -
"നമ്മൾ ഇന്ന് ഇവിടെത്തുമെന്ന് കൊട്ടാരത്തിൽനിന്ന് അറിയിപ്പു ഗുരുജിക്ക് കൊടുത്തിട്ടുണ്ട്. പിന്നെ, ഗുരുജിയില്ലാത്തത് നമ്മുടെ കുറ്റമല്ല''
അവർ ഒൻപതുപേരും അതിനോടു യോജിച്ചു മടക്കയാത്രയായി. സന്ധ്യക്കു മുന്നേ കൊട്ടാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ചിന്തുവിന്റെ ചിന്ത മറ്റൊരു വഴിക്കായിരുന്നു. മന്ത്രിയായില്ലെങ്കിലും സാരമില്ല, അതിനേക്കാൾ വലുതാണ് ഗുരുജിയുടെ അനുഗ്രഹം!
കുറച്ചു കഴിഞ്ഞപ്പോൾ ഗുരുജി ആശ്രമത്തിലെ ഒരു മുറിയിൽ നിന്ന് പുറത്തു വന്ന് ചിന്തുവിനെ ആശ്ലേഷിച്ചു!
ചിന്തുവിന് അത്ഭുതമായി-
"അങ്ങ് എന്താണ് എല്ലാവരെയും കാണാൻ കൂട്ടാക്കാതിരുന്നത്?"
ഗുരുജി അവനെ മുന്നിലിരുത്തി പറഞ്ഞു കൊടുത്തു -
"ഇവിടത്തെ കടത്തുകാരൻ എന്റെ ശിഷ്യനായിരുന്നു. നീ വെള്ളത്തിൽ വീണപ്പോൾ മറ്റുള്ള ഒൻപതുപേരും മനസ്സിൽ വിചാരിച്ചത് മന്ത്രിസ്ഥാനത്തിന് ഒരാളെങ്കിലും കുറയട്ടെ എന്നാകാം. അല്ലെങ്കിൽ, ആപത്തിൽ രക്ഷിക്കാനുള്ള മനസ്സില്ല! അവർ മന്ത്രിയായാൽ കൃഷിക്കാരന്റെ കൃഷിനാശത്തിലും കടത്തിലും മറ്റും എന്തെങ്കിലും സഹായമാകുമോ? പിന്നെ, മറ്റൊന്നുകൂടിയുണ്ട്. ഞാൻ ഇന്നു വരില്ലെന്ന് ആരോടും ഉറപ്പു പറഞ്ഞില്ലല്ലോ. വൈകുന്നേരം കൊട്ടാരത്തിൽ ചെല്ലാൻ പറ്റുന്ന സമയമെങ്കിലും അവർക്കു കാത്തിരിക്കാമായിരുന്നു"
ശേഷം, ചിന്തുവിനെ അനുഗ്രഹിച്ച് ഗുരുജി യാത്രയാക്കി. വൈകുന്നേരത്തിനു മുൻപ്, അവൻ കൊട്ടാരത്തിലെത്തി. ചിന്തു ഗുരുജിയെ കാത്തിരുന്നു മടുത്ത് തിരികെ പോന്നുവെന്നു മറ്റുള്ളവര്‍ വിചാരിക്കുകയും ചെയ്തു.
രാജസഭയിലേക്ക് പത്തുപേരെയും വിളിച്ചു. രാജാവ് പറഞ്ഞു -
"ഗുരുജി അനുഗ്രഹിച്ച ചിന്തുവാണ് കൃഷിമന്ത്രിയാകാൻ ഏറ്റവും യോഗ്യനെന്ന് ഞാൻ മനസ്സിലാക്കുന്നു"
ഉടൻ, മറ്റുള്ളവർ പറഞ്ഞു -
"ഞങ്ങൾ അങ്ങയുടെ രാജകല്പന അതേപടി അനുസരിക്കുകയാണ് ചെയ്തത് "
അപ്പോൾ, രാജാവ് പറഞ്ഞു -
"എന്റെ കല്പനയേക്കാള്‍ മഹത്തായതാണ് ഗുരുവിന്റെ അനുഗ്രഹം. ഞാന്‍ മാത്രമല്ല, അനേകം രാജാക്കന്മാരും മന്ത്രിമാരും പണ്ഡിതരുമെല്ലാം ഗുരുജിയുടെ ശിഷ്യഗണത്തില്‍പ്പെടുന്നു! ഗുരുവിനേക്കാള്‍ വലിയ ശിഷ്യനില്ല!"
അവർ ലജ്ജിച്ചു തലതാഴ്ത്തി.
ആശയം -
ഏതുതരം മനുഷ്യരുടെയും പുന:സൃഷ്ടിക്ക് തക്കതായ ശക്തിയുള്ള സേവനമാണ് ഗുരുക്കന്മാർ ചെയ്യുന്നത്. എങ്കിലും, അധ്യാപക സമൂഹം ഇക്കാലത്ത് വലിയ വെല്ലുവിളി നേരിടുകയാണ്.
പണ്ടത്തെ പിതാGയും, മാതാGയും, ഗുരുGയും തന്നിരുന്ന Guരുത്വം നാം മറന്നു പോയിരിക്കുന്നു!
പിന്നെ, പാർലെ-G, 2G, 3G, 4G, Gൂഗിൾ, ഇമോGകൾ എന്നിങ്ങനെ പലതും വന്നു!
മനുഷ്യന്റെ ഗുണത്തിനും സൗകര്യങ്ങൾക്കുമായി ആധുനിക സഹായങ്ങൾ വന്നെങ്കിലും അതൊക്കെ ദുരുപയോഗം ചെയ്യാനായി മനുഷ്യരുടെ വെപ്രാളം!
വില കൂടിയ ഫോണിന്റെ ഭൂരിഭാഗം കാര്യങ്ങളും വാങ്ങുന്നവർ ഉപയോഗിക്കുന്നില്ല.
ചിലർ, ബുക്ക് ഷെൽഫിൽ വാങ്ങിക്കൂട്ടിയിരിക്കുന്ന പുസ്തകങ്ങൾ തുറന്നു നോക്കുന്നില്ല. പൊങ്ങച്ചമൂല്യം മാത്രം കിട്ടുന്നു.
സ്ത്രീകളുടെ അലമാരയിലെ വസ്ത്രശേഖരവും വരാനിരിക്കുന്ന ചടങ്ങുകൾക്കുള്ള വെയിറ്റിങ്ങ് ലിസ്റ്റിലാണ്. അപ്പോള്‍, ഫാഷന്‍പോയവ ഒന്നുപോലും ഉപയോഗിക്കാതെ ദൂരെ കളയുന്നു!
ലക്ഷ്വറികാറുകളുടെ വേഗവും കുതിപ്പുശേഷിയുമൊക്കെ നമ്മുടെ ഗതാഗത അസൗകര്യങ്ങളിൽ വെറും നോക്കുകുത്തിയാവുന്നു!
വീടിന്റെ കാര്യം നോക്കിയാൽ, ആളില്ലാതെ ഉപയോഗിക്കാത്ത മുറികളും സുഖസൗകര്യങ്ങളും പൊടി നിറയുന്ന ദുർഗതിയും കാണാം.
സമ്പത്തു സ്വരൂപിക്കുന്ന ആർത്തി കണ്ടാൽ എല്ലാം അനുഭവിച്ചിട്ടു പോകുമെന്നു തോന്നിയാലും പകുതി പോലും ഉപയോഗിക്കാതെ തലമുറകൾക്കു കൊടുക്കേണ്ടി വരുന്നു അല്ലെങ്കിൽ വഴക്കിട്ട് തട്ടിപ്പറിക്കുന്നു!
ഗുരുത്വം നേടി വളർന്നവരുടെ പാതകളിൽ ഗുരുവിന്റെ അനുഗ്രഹമാർന്ന പാദമുദ്രകൾ കാണാം.
Comments