പ്രഭുവിന്റെ പെണ്‍കുട്ടികള്‍
പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത്, ഒരു പ്രഭുകുടുംബമുണ്ടായിരുന്നു. പ്രഭുവിനു നാല് ആൺമക്കളുണ്ട്. അവർ എല്ലാവരും വിവാഹം കഴിച്ച് നാലു പെൺകുട്ടികൾ വീട്ടിലേക്കു വന്നതുമുതൽ പ്രഭുകുടുംബത്തിൽ പിണക്കങ്ങളും കുശുകുശുപ്പും ഉയർന്നു തുടങ്ങി.
പ്രഭു ബുദ്ധിമാനായിരുന്നു. ഈ വിധത്തിൽ പരസ്പരം മൽസരിച്ചാൽ തന്റെ സാമാജ്യം മുഴുവനും തകരുമെന്ന് അയാൾ കണക്കുകൂട്ടി. പ്രഭു വ്യാപാര ആവശ്യങ്ങൾക്ക് മാസത്തിൽ ഒരു പ്രാവശ്യം കോസലപുരത്തേക്കു പോകാറുണ്ട്. അവിടെ ചെല്ലുമ്പോൾ എല്ലായ്പ്പോഴും താമസിക്കുന്നത് ഉറ്റ ചങ്ങാതിയായ നാടുവാഴിയുടെ മാളികവീട്ടിലായിരുന്നു.
ഒരു ദിവസം മൂത്ത മകനെ വിളിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു-
"എന്റെ സുഹൃത്തായ കോസലപുരത്തെ നാടുവാഴിയുടെ വീട്ടിലേക്കു നീ ഭാര്യയും കുട്ടികളുമായി പോകണം. അവർ നിങ്ങളെ സൽക്കരിക്കാൻ വളരെയേറെ ആഗ്രഹിക്കുന്നു"
അവൻ കുടുംബവുമായി കോസലപുരത്തു ചെന്നു. അവിടെ അതിഥിയായി സന്തോഷത്തോടെ കഴിഞ്ഞ് തിരികെ പോരാൻ നേരം, കോസലപുരംനാടുവാഴി പറഞ്ഞു-
"നിങ്ങൾ ഈ മുറ്റത്തു നിൽക്കുന്ന മരം കണ്ടോ? എന്താണ് ഇതിന്റെ പ്രത്യേകത ?"
അതിഥികൾ ഒന്നടങ്കം പറഞ്ഞു-
"ഈ മരം ഉണങ്ങി വരണ്ടു ചെമ്പൻനിറമായിനിൽക്കുന്നു”
അവർ തിരികെയെത്തി. കുറച്ചു മാസങ്ങൾ കഴിഞ്ഞ് രണ്ടാമത്തെ മകനെയും കുടുംബത്തെയും കോസലപുരത്തെ മാളികയിലേക്ക് അതിഥികളായി അദ്ദേഹം അയച്ചു. അവർ തിരികെ മടങ്ങാൻ നേരം നാടുവാഴി ആദ്യത്തെ ചോദ്യം ആവർത്തിച്ചു.
അവർ മറുപടി പറഞ്ഞു -
"ഈ മരം പച്ചനിറത്തിൽ മുങ്ങി നിൽക്കുന്നു. ഇലകൾ കൊണ്ട് മൂടിയിരിക്കുന്നു"
കുറച്ചു മാസങ്ങൾ കഴിഞ്ഞ്, മൂന്നാമത്തെ മകനും കുടുംബവും അവിടെത്തി
നാടുവാഴി ചോദ്യം ആവർത്തിച്ചു. അവരുടെ പ്രതികരണം മറ്റൊരു വിധത്തിലായിരുന്നു-
"മഞ്ഞനിറത്തിലുള്ള ഇലകൾ എത്ര മനോഹരമാണ്!"
നാലാമത്തെ മകന്റെ കുടുംബം ഏതാനും മാസങ്ങൾക്കു ശേഷം വന്നപ്പോൾ അവർ മറുപടി പറഞ്ഞത് ഇങ്ങനെ-
"വെള്ളപ്പട്ടുപോലെ മഞ്ഞുമരം ആയിരിക്കുന്നു"
നാലാമത്തെ കുടുംബവും മടങ്ങിയെത്തിയപ്പോൾ പ്രഭു നാലു കുടുംബത്തെയും ഒരുമിച്ചു നിർത്തിയശേഷം ഒരു ചോദ്യം ചോദിച്ചു-
"എന്റെ സുഹൃത്തായ നാടുവാഴിയുടെ മാളികമുറ്റത്തെ മരത്തിനേക്കുറിച്ച് എന്താണ് അഭിപ്രായം?"
ആദ്യം പോയ മകനും കുടുംബവും പറഞ്ഞു -
"മെലിഞ്ഞുണങ്ങി നിൽക്കുന്ന ആ മരം കാണാൻ ഒരു ഭംഗിയുമില്ല. ഒരു പച്ചില പോലും അതിലില്ല. ചെമ്പിച്ചു കരിഞ്ഞു നിൽക്കുന്നു''
രണ്ടാമനും കൂട്ടരും -
"ഏയ്, അവിടെ അങ്ങനെയൊരു മരമേയില്ല- ആകെയുള്ളത് നിറയെ ഇലകൾ കൊണ്ട് പച്ചപ്പു മൂടി നിൽക്കുന്ന മനോഹര വൃക്ഷം''
അപ്പോൾ മൂന്നാമൻ ഇടപെട്ടു-
"അല്ല. അവിടെ കണ്ട മരം മഞ്ഞ നിറത്തിൽ മനോഹരമായി നിൽക്കുന്ന ഒന്നാണ്"
നാലാമൻ ഇതിനെയെല്ലാം എതിർത്തു-
" ആ മരം വെള്ള നിറത്തിൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മരമാണ്. അതിൽ ഒരില പോലും ഉണ്ടായിരുന്നില്ല"
മക്കൾ നാലുപേരും ഇതിന്റെ പേരിൽ തർക്കിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു -
"നിങ്ങൾ നാലുപേരും പറഞ്ഞതു ശരിതന്നെ! കാരണം, ഒരേ മരം തന്നെ ആദ്യം ചെന്നവർ വേനൽക്കാലത്തു മെലിഞ്ഞുണങ്ങി കണ്ടു. രണ്ടാമൻ മഴക്കാലത്താണു പോയത്. അപ്പോൾ ഇലകൾ മുളച്ചു ആ മരമാകെ പച്ച നിറമായിരുന്നു. മൂന്നാമൻ പോയപ്പോൾ വസന്തകാലമായിരുന്നു. ഇലകളുടെ നിറമാകെ മഞ്ഞ നിറമായി. പിന്നെ, നാലാമൻ ചെന്ന സമയത്ത്, മഞ്ഞുകാലമാകയാൽ, മരം മുഴുവൻ മഞ്ഞുമൂടി വെള്ള നിറത്തിൽ കാണപ്പെട്ടു"
നാലു സംഘങ്ങളും പരസ്പരം മുഖത്തോടു മുഖം നോക്കി വിളറി. അപ്പോൾ, പ്രഭു തുടർന്നു-
"ഇതിനുമുൻപ്, ഈ കുടുംബത്തിലുണ്ടായ പല നീരസങ്ങളും ഏതാണ്ട് ഇതുപോലെ സംഭവിച്ചതാണ്. ഈ വീട്ടിലേക്ക് പല ദേശത്തുള്ള നാലു സ്ത്രീകളാണ് നിങ്ങളുടെ ഭാര്യമാരായി ഇവിടെ വന്നിട്ടുള്ളത്. അതിനാൽത്തന്നെ പല കാഴ്ചപ്പാടുകളും ഉണ്ടാകാം. ഭാഷയും വര്‍ത്തമാന ശൈലിയും അര്‍ത്ഥവുമെല്ലാം മാറാം. ഒരേ കാര്യത്തിൽ പൂർണ യോജിപ്പോടെ തീരുമാനമെടുക്കാൻ പറ്റിയെന്നു വരില്ല. അതിന്, തമ്മിൽ വഴക്കിട്ടു പരിഹാരം കാണാൻ പറ്റുമോ?"
അന്നേരം, എല്ലാവരും തലകുലുക്കി അക്കാര്യം സമ്മതിച്ചു. കുറെ ദിവസങ്ങള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ കുടുംബം മുന്നോട്ടു പോയി. പിന്നെയും വഴക്കുകള്‍ രൂപപ്പെട്ടു തുടങ്ങി. പ്രഭു തന്റെ വലിയ കുടുംബം മുറിക്കാതെ കൊണ്ടുപോകാന്‍ പല സൂത്രവിദ്യകള്‍ പ്രയോഗിച്ചെങ്കിലും അവയെല്ലാം നാലു സ്ത്രീകളും ചേര്‍ന്നു പരാജയപ്പെടുത്തി.
ഒടുവില്‍, പ്രഭു തന്റെ കാര്യസ്ഥനോടു കല്പിച്ചു-
“ഈ ദേശത്തിന്റെ നാലു ദിക്കിലായി ഒരു സ്ത്രീ ഒരു ദിവസംകൊണ്ട് നടന്നു ചെല്ലാന്‍ കഴിയില്ലാത്ത ദൂരത്തിലായി ഓരോ മാളിക പണിയുക"
ആശയം -
സമാധാനമായി കഴിഞ്ഞിരുന്ന വലിയ കുടുംബത്തിലേക്ക് വിവാഹത്തിലൂടെ സ്ത്രീകൾ എത്തുമ്പോൾ പലയിടങ്ങളിലും തമ്മിലടി തുടങ്ങുകയായി. അവസാനം, ആൺമക്കളുടെ എണ്ണം അനുസരിച്ച് അത്രയും പുതിയ വീടുകൾ പണിത് മാറുമ്പോൾ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാവുന്നു. ഇതിനു പിൻബലമാകുന്നത് വന്നു കയറിയ പെണ്ണുങ്ങളുടെ അസൂയയും പൊങ്ങച്ചവും കിടമൽസരവും ഏഷണിയും പാരവയ്പുമൊക്കെയാണ്. 'രണ്ടു മല തമ്മിൽ ചേർന്നാലും രണ്ടു ....ല തമ്മിൽ ചേരില്ല'ന്ന് പഴമൊഴി!
Comments