തളിക പറഞ്ഞ കഥ
ഒരിക്കല്‍, സില്‍ബാരിപുരംകൊട്ടാരം വലിയ പുരോഗതി കൈവരിച്ചിരുന്ന സമയം. കൊട്ടാരത്തില്‍ ജോലിയുള്ള ആളുകളുടെ മക്കള്‍, പലതരം കൊട്ടാര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവതീയുവാക്കള്‍ എന്നിവരുടെ വിവാഹപ്രായം ആകുമ്പോള്‍ ഒരു സംഘമായി ആ ദേശത്തെ ആശ്രമത്തില്‍ ഗുരുജിയുടെ അടുക്കലെത്തുന്ന ഒരു പതിവുണ്ട്. പണ്ടെങ്ങോ, രാജാവ് ഏര്‍പ്പെടുത്തിയ പരിപാടിയാണ്.
നല്ലൊരു കുടുംബ ജീവിതം സാധ്യമാക്കുന്ന ജീവിതശൈലി സ്വീകരിക്കാനും ആശയങ്ങള്‍ പങ്കിടാനും സംശയങ്ങള്‍ ചോദിക്കാനും അവിടെ അവസരമുണ്ട്. ഗുരുജി മാര്‍ഗനിര്‍ദേശം കൊടുക്കാറുമുണ്ട്.
ഒരിക്കല്‍, പത്ത് യുവാക്കള്‍ അവിടേക്കു വന്നു. വിവിധങ്ങളായ സംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ക്കായി പത്തു കോപ്പ(ചൈനയിലെ കളിമണ്ണുകൊണ്ടുള്ള പരന്ന വായുള്ള പാത്രം) ചായ കൊണ്ടു വന്ന് ഒരു തളികയില്‍ വച്ചു. നല്ല ചിത്രപ്പണികള്‍ ഉണ്ടായിരുന്ന കോപ്പകള്‍ ആദ്യമേ ആളുകള്‍ എടുത്തുതുടങ്ങി. പിന്നെ, ഉള്ളവ കാണാന്‍ ഭംഗിയില്ലാത്ത കപ്പുകള്‍ ആയിരുന്നു. ഏറ്റവും ഒടുവില്‍ എടുത്ത കപ്പ് പോറലുകള്‍ വീണ നിറമില്ലാത്ത പഴയ ഒരെണ്ണം.
ചായ കുടിച്ച് കഴിഞ്ഞപ്പോള്‍ അവരോടു ഗുരുജി ചോദിച്ചു-
“ഏറ്റവും നല്ല ചായ ആരാണു കുടിച്ചത്? ഏറ്റവും മോശം ചായയായി തോന്നിയത് ആര്‍ക്ക്?”
പഴയ കപ്പുമായി ഇരുന്ന ആള്‍ പറഞ്ഞു-
“ഇത്രയും നല്ല ചായ ഞാന്‍ ആദ്യമായി കുടിക്കയാണ്"
ഏറ്റവും നല്ല കപ്പ് പിടിച്ച ആള്‍ പറഞ്ഞു-
“ഇത്രയും അഴുക്കു ചായ ഞാന്‍ ഇതുവരെ കുടിച്ചിട്ടില്ല"
അപ്പോള്‍, ഗുരുജി പറഞ്ഞു-
“നാം ഭംഗിയുള്ളത് ആദ്യമേ ഏതു കാര്യവും സ്വീകരിക്കും. എന്നാലോ? അവയൊക്കെ ഗുണമേന്മയില്‍ മുന്നിലായിരിക്കാം എന്നു വിചാരിക്കാനും പാടില്ല. കണ്ടാല്‍ കൊള്ളാവുന്നത് തിന്നാന്‍ കൊള്ളില്ല എന്നുള്ള പഴമൊഴിയും ഓര്‍ക്കണം. ശരീര സൗന്ദര്യത്തില്‍ മാത്രം ആകൃഷ്ടരായി വിവാഹം ചെയ്യരുത്. നിങ്ങളുടെ യുവത്വം കൊഴിയുമ്പോള്‍ സൗന്ദര്യവും മങ്ങാന്‍ തുടങ്ങും. അപ്പോള്‍ പങ്കാളിയെ വെറുക്കാനും അകല്‍ച്ച തോന്നാനും ഇടയാകാം. നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒരു മനസ്സും അതിലൊരു സൗന്ദര്യവും ഉണ്ടെന്നറിയുക. എക്കാലവും കുടുംബം മധുരമായി നീങ്ങാന്‍ അത് ധാരാളമായി"
ആശയം-
സ്ത്രീയുടെ സൗന്ദര്യം മുപ്പതു വയസ്സു പിന്നിടുമ്പോള്‍ തന്നെ മങ്ങിത്തുടങ്ങും. 45-50 വയസ്സിനുള്ളില്‍ പ്രകൃതി പലതും പിന്‍വലിക്കുകയും ചെയ്യും. എന്നാല്‍, പുരുഷനെ പ്രായം അധികം ബാധിക്കാത്ത രീതിയില്‍, ആയുസ്സു തീരും വരെ പ്രകൃതി പല ശേഷികളും കഴിവുകളും പിന്‍വലിക്കുന്നില്ലെന്നു കാണാം.
ഒരു സ്ത്രീയുടെ 'നല്ല കാലം' കഴിയുമ്പോള്‍ അകല്‍ച്ച കാട്ടി ദുര്‍ന്നടപ്പിനു പോകുന്ന ഭര്‍ത്താക്കന്മാരെ ചുറ്റുപാടും കാണാന്‍ കഴിയും. അത്തരത്തിലുള്ള ആണുങ്ങളെ പെട്ടെന്നു തിരിച്ചറിയാന്‍ ഒരു പരിധിവരെ സഹായിക്കുന്ന ചില സൂചകങ്ങള്‍- ദിവസവും കട്ടിക്കറുപ്പില്‍ മീശയും പുരികവും മുടിയും ചായം തേക്കുക, എപ്പോഴും കണ്ണാടിയില്‍ നോക്കുക, ജീന്‍സും ടീഷര്‍ട്ടും ധരിക്കുക, ഒറ്റയ്ക്കു ടൂര്‍ പോകുക, രാവും പകലും ഉള്‍പ്പെടുന്ന കോഴ്സ്/ക്യാമ്പ് എന്നിവയില്‍ പങ്കെടുക്കുക.....
ദാമ്പത്യജീവിതത്തില്‍, സ്ത്രീയുടെ ശരീരത്തേക്കാള്‍ മനസ്സിനെ സ്നേഹിക്കുന്ന പുരുഷന്മാര്‍ക്ക് അത്തരം കാലത്തെ അതിജീവിക്കാന്‍ കഴിയും.
Malayalam eBooks for online free reading about family life.
Comments