അന്ധൻ്റെ കാഴ്‌ച
പണ്ടു പണ്ട്, വീരവർമ്മൻരാജാവ് സിൽബാരിപുരംരാജ്യം ഭരിച്ചിരുന്ന കാലം. യാതൊരു മുന്നറിവുമില്ലാതെ കോസലപുരംരാജാവ് മിന്നലാക്രമണം നടത്തി.
ഉഗ്രപതി എന്ന രാജാവിന്റെ സൈന്യത്തിനു മുന്നിൽ വീരവർമ്മനു പിടിച്ചു നിൽക്കാനായില്ല. ദേഹമാസകലം മുറിവേറ്റ് മരിക്കുമെന്ന് ഉറപ്പായപ്പോൾ രാജകീയ വേഷങ്ങളെല്ലാം വലിച്ചെറിഞ്ഞു കൊട്ടാരത്തിന്റെ കുടുസ്സുമുറിയിലെത്തി രഹസ്യ തുരങ്കത്തിലെത്തി അകത്തു കയറി. പിന്നെയാരും പിറകേ കയറാതിരിക്കാൻ വലിയ ഓടാമ്പൽ കവാടത്തിനു കുറുകെ വലിച്ചിട്ടു.
ഏതു കാലത്തും വെളിച്ചം കിട്ടാനായി അനേകം മിന്നാമിനുങ്ങുകളെ തുരങ്കത്തിൽ രാജാവ് പണ്ടേ, കയറ്റിയിട്ടുണ്ടായിരുന്നു. ഇതിനോടകം അതു പെറ്റുപെരുകിയിരുന്നു. ആ വെളിച്ചത്തിൽ രാജാവ് ഏന്തി വലിഞ്ഞ് തുരങ്കം അവസാനിക്കുന്ന കാട്ടിലെത്തി. അവിടെ കാട്ടിലെ ഗുഹയ്ക്കുള്ളിലായിരുന്നു തുരങ്കത്തിന്റെ അവസാന കവാടം. അതാകട്ടെ, അകത്തുനിന്നു മാത്രം തുറക്കാവുന്ന വിധത്തിലായിരുന്നു. കാരണം, കാട്ടിൽ നിന്ന് കൊട്ടാരത്തിലേക്ക് തുരങ്കത്തിലൂടെ ആരും വരാൻ പാടില്ലല്ലോ.
രാജാവ് തുരങ്കത്തിന്റെ കവാടത്തിലെത്തി. മൂടി തുറക്കുന്നതിനിടയിൽ കവാടത്തിനിടയിലൂടെ കല്ലും മണ്ണുമെല്ലാം രാജാവിന്റെ മുഖത്തേക്കു പതിച്ചു!
അയാൾ നിലവിളിച്ചു കൊണ്ട് വാതിൽ തള്ളി നീക്കി.
കണ്ണുകൾ തുറക്കാൻ പോലും പറ്റാത്ത വിധം മുഖമാകെ പരിക്കുകളുണ്ടായിരുന്നു.
പൊടുന്നനെ, ഗുഹയിലുണ്ടായിരുന്ന അജ്ഞാതൻ രാജാവിനെ കൈപിടിച്ചു കയറ്റി. എന്നിട്ട്, മുഖത്തു പിടിച്ചിട്ടു വേഗം ഗുഹയിലൂടെ ഊറി വന്നിരുന്ന വെള്ളം കൈക്കുമ്പിളിൽ പിടിച്ച് പരുക്കേറ്റ മുഖം കഴുകി. ശേഷം, അയാളുടെ ഉടുമുണ്ട് വലിച്ചു കീറി നെറ്റിയും കണ്ണും കെട്ടി-
"താങ്കൾ വല്ലാതെ ക്ഷീണിതനാണ്. കൺപോളയും പുരികവും മുറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് കുറച്ചു ദിവസം ഇവിടെ കിടന്നു വിശ്രമിക്കേണ്ടി വരും"
അന്നേരം, രാജാവ് പറഞ്ഞു -
"ഞാൻ പത്തുകൊല്ലം മുൻപ് ഈ ഗുഹയിൽ കയറി നിന്നിട്ടുണ്ട്. ഇവിടുന്നു താഴേക്കു നോക്കിയാൽ വളരെ മനോഹരമായി കാടിന്റെ സൗന്ദര്യം കാണാനാകും. ഇപ്പോഴും അങ്ങനെ തന്നെയല്ലേ?"
അപരിചിതൻ തുടർന്നു -
" ഇപ്പോൾ ഇവിടം അന്നത്തേക്കാൾ മനോഹരമായിരിക്കുന്നു. സൂര്യൻ പടിഞ്ഞാറ് കടലിൽ താഴാൻ തുടങ്ങിയിരിക്കുന്നു. പല തരം കിളികൾ കൂട്ടിൽ ചേക്കാറാൻ ഒച്ചയിട്ട് പറക്കുന്നതു കാണാം. എന്നാലും മലമുഴക്കിവേഴാമ്പലിന്റെ ശബ്ദം വേറിട്ടു നില്‍ക്കുന്നുണ്ട്. മലമുകളില്‍, അങ്ങു ദൂരെ എവിടെയോ തുടങ്ങുന്ന വെളുത്ത് പതഞ്ഞൊഴുകുന്ന ഒഴുക്ക് താഴെയൊരു വെള്ളച്ചാട്ടമായി മാറിയിരിക്കുന്നു. അവിടെ ചാറ്റൽ മഴയാകട്ടെ കാണാൻ നല്ല രസമുണ്ട്. എവിടെ നോക്കിയാലും കണ്ണിനു കുളിർമയേകുന്ന മരപ്പച്ച ഇടതൂർന്ന് നിൽക്കുന്നുണ്ട്. മാത്രമോ? ഏതു വേനല്‍ക്കാലത്തും ഇവിടെ നല്ല തണുപ്പാണ്. ചിലയിടങ്ങളില്‍ സൂര്യപ്രകാശം ഒരിക്കലും വീഴില്ലാത്ത വിധം വന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. രുചിയേറിയ പഴങ്ങള്‍ അനവധിയാണ്. അതില്‍ ആദ്യം ഏതു തിന്നണം എന്നൊക്കെ ആര്‍ക്കും ആശയക്കുഴപ്പമാകും. ചില കുരങ്ങന്മാർ അതൊക്കെ തിന്നു മരത്തിലൂടെ ചാടിക്കളിക്കുന്നതും വിശേഷപ്പെട്ട കാഴ്ചകളാണ്.....”
രാജാവ് ഒരു പ്രകൃതിസ്നേഹിയായതിനാൽ അപരിചിതന് കാനനഭംഗി വിവരിക്കുന്നതിൽ സന്തോഷമേയുണ്ടായിരുന്നുള്ളൂ. ഇടയ്ക്ക് വെള്ളത്തിൽ ചാലിച്ച് പാറയിടുക്കിൽ ഊറിയിരുന്ന ഔഷധ ഗുണമുള്ള കന്മദം രാജാവിന് കഴിക്കാൻ കൊടുത്തു. അങ്ങനെ, രാജാവിനെ സന്തോഷിപ്പിക്കാനായി അയാൾ കാടിന്റെ ഭംഗിയും രസകരമായ കഥകളും പറഞ്ഞു കൊണ്ടിരുന്നു. അതൊക്കെ, കിടപ്പിലായ രാജാവിനു വലിയ ആശ്വാസമായി. അങ്ങനെ രണ്ടു ദിനങ്ങൾ കൂടി പിന്നിട്ടു.
മൂന്നാം ദിനം, വൈകുന്നേരം മുഖത്തെ കെട്ടഴിക്കാമെന്നു പറഞ്ഞ് ഉച്ചയായപ്പോൾ അപരിചിതൻ യാത്രയായി. തന്നെ രക്ഷിച്ചയാളെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും മുഖത്തെ കെട്ടഴിക്കാൻ വൈകുന്നേരം വരെ രാജാവ് കാത്തു. വൈകുന്നേരമായപ്പോൾ കെട്ടഴിച്ച് ഗുഹയുടെ മുന്നിലെത്തി മനോഹരമായ കാട് കാണാൻ രാജാവ് കണ്ണു തുറന്നു.
രാജാവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!
മരപ്പച്ചയ്ക്കു പകരം, ഒരു പുൽനാമ്പു പോലുമില്ലാത്ത മരുഭൂമി!
രാജാവ് ഗുഹയുടെ മുകളിൽ നിന്ന് വലിയ ശബ്ദത്തിൽ കൂവി. അപ്പോൾ, എവിടെ നിന്നോ തിരിച്ചും കൂവൽ കേട്ടു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു കാട്ടുവാസി അവിടെയെത്തി. അവനോടു രാജാവ് പറഞ്ഞു -
" ഞാൻ സിൽബാരിപുരത്തെ ഒരു പടയാളിയാണ്. യുദ്ധത്തിൽ മുറിവേറ്റതിനാൽ എന്നെ ഇനി പാണ്ഡവപുരത്തേക്ക് പോകാൻ സഹായിക്കണം"
അയാൾ സമ്മതിച്ചു. അവർ നടക്കുന്നതിനിടയിൽ രാജാവ് ചോദിച്ചു -
"പണ്ട്, ഇവിടെ മനോഹരമായ മഴക്കാടായിരുന്നുവല്ലോ. ഇവിടെ എന്തു സംഭവിച്ചു?"
" കഴിഞ്ഞ വർഷം , ഇവിടമാകെ കാട്ടുതീ പടർന്നപ്പോൾ ഭയങ്കര നാശനഷ്ടമാണു സംഭവിച്ചത്. ഇനിയും നൂറുകണക്കിനു വർഷം കഴിഞ്ഞാലേ പഴയ സ്ഥിതിയിലേക്കു വരികയുള്ളൂ''
രാജാവ് തുടര്‍ന്നു ചോദിച്ചു-
"ഈ ഗുഹയിൽ എന്നെ ഒരാൾ സഹായിച്ചിരുന്നു. അയാൾ എവിടേക്കോ ഉച്ചയായപ്പോൾ പോയി. നിന്റെ കൂട്ടരാണോ അയാൾ?"
"അതെ.... അയാൾ ഒരു സാധു... ഗുഹയിലെ കന്മദം ശേഖരിച്ചു വൈദ്യനു കൊടുക്കുന്ന അയാളൊരു അന്ധനാണ്! പാണ്ഡവപുരം ക്ഷേത്രത്തിലേക്കു പോയിക്കാണും. ഇന്നു വൈകുന്നേരം അവിടെ ഉൽസവമാണ്"
രാജാവിനെ ആ വാക്കുകൾ അത്ഭുതപ്പെടുത്തി -
ആ അന്ധൻ ഒരിക്കലും കണ്ടിട്ടില്ലാത്ത കാടിനേക്കുറിച്ചും ഇവിടത്തെ കഥകളേക്കുറിച്ചും എന്തുമാത്രം നന്നായിട്ടാണു പറഞ്ഞു തന്നത്. തന്‍റെ വേദന മറന്ന് സന്തോഷിക്കാൻ വേണ്ടിയായിരുന്നു അത്! ഒന്നുമില്ലായ്മയില്‍ വെറുതെ സൃഷ്ടിച്ചെടുത്ത നന്മയും കരുതലും!
ആശയം -
കേവലം, അന്ധന് ഇങ്ങനെയുള്ള ഉപകാരം ചെയ്യാമെങ്കിൽ പണവും അധികാരവും വിദ്യാഭ്യാസവും നേർക്കാഴ്ചയുമുള്ള മനുഷ്യർക്ക് എന്തുമാത്രം സാധ്യതകൾ ഉണ്ടായിരിക്കണം?
എന്നാലോ?
രണ്ട് കാലുള്ളവന്‍ ദുര്‍ന്നടപ്പു നടക്കുന്നു!
രണ്ട് കണ്ണുള്ളവന്‍ അശ്ലീല കാഴ്ചകള്‍ തേടുന്നു!
രണ്ട് കയ്യുള്ളവന്‍ കയ്യൂക്ക് പ്രയോഗിക്കുന്നു!
രണ്ട് ചെവിയുള്ളവന്‍ കള്ളവും പരദൂഷണവും കേള്‍ക്കുന്നു!
ഒരു നാവുള്ളവന്‍ പത്തു നാക്കിന്റെ ദുഷിച്ച സംസാരം നടത്തുന്നു!
ഹൃദയത്തിലെ സ്നേഹം വറ്റി അത്യാര്‍ത്തിയായിരിക്കുന്നു!
അങ്ങനെ, എല്ലാം ഉള്ളവന് അഭിമാനത്തിനു പകരം- അഹങ്കാരം!
Comments