അസംതൃപ്തിയുടെ മനസ്സ്
ഉണ്ണിക്കുട്ടന്‍ സ്കൂളില്‍നിന്നും വന്നയുടന്‍ കഴിക്കാനിരുന്നു. പതിവുപോലെ ഉപ്പുമാവിലേക്ക് ശര്‍ക്കര ചീവിയിടാന്‍ നാണിയമ്മ വന്നപ്പോള്‍ അവന് അതു വേണ്ട, ഏത്തപ്പഴം മതിയെന്ന്. നാണിയമ്മ അകത്തേ അടുക്കളയിലേക്കു പോയവഴി ഉപ്പുമാവു കോഴിക്ക് എറിഞ്ഞു കൊടുത്തു. പിന്നെ, ഏത്തപ്പഴം നോക്കിയപ്പോള്‍ അതില്‍ എലി കരണ്ടിരിക്കുന്നു.
“അയ്യോടാ, കുട്ടാ, പഴം എലി കടിച്ചല്ലോ. ഇനി മോന് എന്താ വേണ്ടത്?”
“എന്നാല്‍, ഉപ്പുമാവു തന്നേയ്ക്ക്"
അപ്പോള്‍ നാണിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു-
“ഹി...ഹി...ഉണ്ണിക്കുട്ടനു കടിച്ചതുമില്ല, പിടിച്ചതുമില്ല..."
അന്നു കിടക്കാന്‍ നേരം, അവന്‍ ചോദിച്ചു-
“കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നു പറഞ്ഞാല്‍?”
നാണിയമ്മ ഒരു കഥ പറഞ്ഞു തുടങ്ങി-
പണ്ടുപണ്ട്, സിൽബാരിപുരംരാജ്യമാകെ കൊടുംകാടായിരുന്നു. അതിന്റെ രാജാവ് ശിങ്കൻസിംഹമായിരുന്നു. അവന്റെ അലർച്ച കേട്ടാൽ കാടാകെ നടുങ്ങി വിറയ്ക്കും!
ഒരു ദിവസം- രാവിലെ ശിങ്കൻ എണീറ്റപ്പോൾത്തന്നെ വല്ലാത്ത വിശപ്പു തോന്നി. അവൻ മടയിൽ നിന്ന് പുറത്തേക്കിറങ്ങി, തൊട്ടു മുന്നിൽ ഒരു കരിങ്കോഴി മണ്ണിരകളെ കൊത്തിവലിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. തീറ്റിയിൽ മാത്രമായിരുന്നു അതിന്റെ ശ്രദ്ധ. സിംഹത്താൻ പതിയെ ചെന്ന് അതിനെ കടിച്ചുപിടിച്ചു.
എന്നാൽ, പെട്ടെന്നാണ് സിംഹത്തിന്റെ ദൃഷ്ടിയിൽ ഒരു കാട്ടുപന്നി പെട്ടത്. അതിന്റെ രുചിയോർത്തപ്പോൾ വായിലിരുന്ന കരിങ്കോഴിയെ വിട്ട് പന്നിയുടെ പിറകേ കുതിച്ചു- എന്നാൽ, കാട്ടുപന്നിയാകട്ടെ, പ്രാണരക്ഷാർഥം പാറയുടെ ചെറിയ വിടവിലൂടെ രക്ഷപ്പെട്ടു.
ശിങ്കൻ തന്റെ കൂർത്ത നഖം കൊണ്ട് പാറമേൽ വരഞ്ഞു നിരാശനായി.
എന്നാൽ, അടുത്ത നിമിഷം, ഒരു ശബ്ദം കേട്ട് ശിങ്കൻ തിരിഞ്ഞു നോക്കി. ഒരു മാൻപേടയായിരുന്നു അത്. സിംഹം അതുകണ്ട് അങ്ങോട്ടു കുതിച്ചു. കുറെ ദൂരം ഓടി സിംഹം അതിനെ പിടിക്കുമെന്നായപ്പോൾ മാൻ ഉയർന്നു ചാടി വളളിപ്പടർപ്പു കടന്നു പോയി. എന്നാൽ, സിംഹമാകട്ടെ, വളളിയിൽ കുരുങ്ങി മലർന്നടിച്ചു വീണു!
ഒരു വിധത്തിൽ വള്ളികൾ കടിച്ചു മുറിച്ച് അവശനായി ദേഷ്യത്തോടെ മുന്നോട്ടു നടന്നു.
അപ്പോൾ, ഒരു കൊഴുത്തുമെഴുത്ത കാട്ടുപോത്ത് പുല്ലു തിന്നുകൊണ്ട് നിൽക്കുന്നതു സിംഹം കണ്ടു. അവന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. മെല്ലെ മെല്ലെ പതുങ്ങി ഓരോ ചുവടും വച്ച് പോത്തിന്റെ മേൽ ചാടി വീണു.
ശിങ്കന്റെ പിടിത്തം പോത്തിന്റെ കഴുത്തിലായിരുന്നു.
"മ്രാ.....മ്രാ....."
പോത്തിന്റെ അലർച്ച കേട്ട് ഒരു പറ്റം കാട്ടുപോത്തുകൾ കുതിച്ചെത്തി. അവർ അവിടെയൊരു സുരക്ഷാവലയം തീർത്തു. ഒരു മല്ലൻകാട്ടുപോത്ത് സിംഹത്തെ കൊമ്പിൽ തൂക്കി പന്തുപോലെ മുകളിലേക്ക് എറിഞ്ഞു!
നിലത്തു വീണ സിംഹം, ദേഹം മുഴുവൻ നുറുങ്ങുന്ന വേദനയുമായി വേച്ചു വേച്ച് തിരികെ സ്വന്തം മടയിലേക്കു നടന്നു. അപ്പോഴാണ് താൻ ആദ്യം പിടിച്ച കരിങ്കോഴിയുടെ കാര്യം ശിങ്കന്റെ ഓർമ്മയിലെത്തിയത്.
അവൻ പറഞ്ഞു -
"കരിങ്കോഴിയെങ്കിൽ കരിങ്കോഴി - നല്ല ഔഷധഗുണമുള്ള കറുത്ത മാംസമാണ്. എന്റെ ക്ഷീണമൊക്കെ മാറും"
അവൻ മടയുടെ മുന്നിലെത്തി കോഴിയെ പിടിച്ച സ്ഥലത്ത് അതിന്റെ ഒരു തൂവലുപോലുമില്ല കണ്ടു പിടിക്കാൻ! ഞാൻ പിടിച്ച എന്റെ ഇരയെ തൊടാൻ ആരാടാ ധൈര്യം കാട്ടിയത്?
ദേഷ്യം കൊണ്ട് ശിങ്കൻസിംഹം അലറി -
"ഗർർർ...."
അതിനു മറുപടിയായി ഒരു മരത്തിന്റെ മുകളിലിരുന്ന് ആ പൂവൻകരിങ്കോഴി നീട്ടിക്കൂവി -
"കൊക്കരക്കോ...ക്കോ..."
ശിങ്കൻസിംഹം മുകളിലേക്ക് നോക്കിയപ്പോൾ അമ്പരന്നു!
"ഛെ! ലവൻ തന്നെയല്ലേ, ഇവൻ? കടിച്ചതുമില്ല, പിടിച്ചതുമില്ല, ഭാഗ്യത്തിന് വേറാരും കണ്ടില്ല"
ശിങ്കൻസിംഹം മടയിൽ കയറിയ പാടേ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
ആശയം -
വന്യമൃഗങ്ങൾ മാത്രമല്ല, മനുഷ്യരും പ്രദർശിപ്പിക്കുന്ന സ്വഭാവമാണ് അസംതൃപ്തമായ മനസ്സ്. മനോബലമില്ലാത്തവർ ഇങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കും. ഏതാണ്ട് കുരങ്ങിന്റെ ചപലത പോലെ. കയ്യില്‍ കിട്ടിയ ചെറിയ സൗഭാഗ്യങ്ങളെ വലിയതിനെ പിന്തുടര്‍ന്ന്‍ വിട്ടുകളയും. എന്നാല്‍, അതുകിട്ടാതെ നിരാശയോടെ തിരികെ വരുമ്പോള്‍ സമയവും കടന്നുപോയി പഴയതും അപ്രത്യക്ഷമാകുന്നു.
Comments