കള്ളം പറയുന്നവർ സംശയാലുക്കൾ!
ബിനീഷ് തന്റെ പുതിയ ജോലിക്കാര്യം തറവാട്ടിൽ അറിയിച്ചു. അവരാകട്ടെ, ഒരു കുറ്റവാളിയെ നോക്കുന്ന തരത്തിൽ സംശയത്തിന്റെ മുനയൊളിപ്പിച്ച ചോദ്യങ്ങളുടെ ശരവർഷം നടത്തി.
അന്നേരം ബിനീഷ് ചിന്തിച്ചു -
താൻ കള്ളം പറഞ്ഞ് ഇവരെ പറ്റിക്കാറില്ലല്ലോ? പൊങ്ങച്ചം പറയാറുമില്ല. പിന്നെന്തു കൊണ്ടാണ് ഇത്തരത്തിലുള്ള സുഖിക്കാത്ത സംസാരം?
കുറച്ചു മാസങ്ങൾ കഴിഞ്ഞ് ലൈബ്രറിയിലെ ഒരു മാസികയിൽ വന്ന മനശ്ശാസ്ത്ര ലേഖനം ബിനീഷിന്റെ കണ്ണിലുടക്കി. അത് ഇപ്രകാരമായിരുന്നു-
നാം എന്തെങ്കിലും സ്വയംനേട്ടമുള്ള കാര്യം ഒരു വ്യക്തിയോടു പറയുമ്പോൾ തിരികെ അനേകം സംശയങ്ങൾ ഉന്നയിച്ചാൽ ചില കാര്യങ്ങൾ ആ വ്യക്തിയുടെ മനസ്സിൽ കാണും.
ഒന്ന് - മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടി /അസൂയ/ ഇടുങ്ങിയ ചിന്താഗതി.
രണ്ട് - കേട്ടതു സത്യമാണോ എന്നറിയാനുള്ള സിബിഐ ചോദ്യങ്ങൾ പുറത്തു വിടുന്ന അശുഭം അല്ലെങ്കിൽ നെഗറ്റീവ് എനർജി. ചെറു കാര്യങ്ങൾക്കു വരെ കള്ളവും പൊങ്ങച്ചവും പറയുന്ന സ്വഭാവക്കാർ മറ്റുള്ളവർ പറയുന്നതും അങ്ങനെയെന്ന് സംശയിക്കും!
മൂന്ന് - മറ്റുള്ളവരോടു പറഞ്ഞു നടക്കാനുള്ള വിവരം ശേഖരിക്കൽ. നാം പറയുന്ന കാര്യങ്ങളിലെ നല്ല അംശങ്ങളെ ഒതുക്കുകയും ചീത്ത കാര്യങ്ങളെ വലുതാക്കിയെടുക്കുകയും ചെയ്യും.
ഇതിനു സമാനമായ ഒരു കൊച്ചു കഥ പറയാം -
രമേശൻ ഓഫിസിൽ നിന്ന് കൃത്യം നാലരയ്‌ക്ക് ഇറങ്ങി നേരേ നടക്കുന്നത് തൊട്ടടുത്ത ചായക്കടയിലേക്കാണ്. അയാൾ സ്ഥിരമായി ഒരു സ്ട്രോങ് ചായ കുടിക്കും. അതിനൊപ്പം കുട്ടികൾക്കുള്ള എണ്ണപ്പലഹാരങ്ങളും വാങ്ങും.
വാങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മോങ്കുട്ടനും മീനുവും തമ്മിൽ വഴക്കിടും. അതു കൊണ്ട് രണ്ടു പേർക്കും വെവ്വേറെ പൊതി വേണം.
അന്ന് രമേശൻ വീട്ടിലെത്തിയപ്പോഴേക്കും കുട്ടികൾ രണ്ടും ഓടി വന്ന് പൊതികൾ വാങ്ങി. അതു തുറന്നപ്പോൾ മോങ്കുട്ടന്റെ മുഖം വാടി.
"മീനൂട്ടി, എനിക്കിന്ന് ഉഴുന്നുവടയാ. നിനക്കോ?"
"ഹൊ! ഉണ്ണിയപ്പം. ഇന്നലെയും ഇതു തന്നെയായിരുന്നു"
"എടീ, ഉഴുന്നുവട നീയെടുത്തോ. എനിക്ക് ഉണ്ണിയപ്പം വലിയ ഇഷ്ടാ"
അവർ പലഹാരപ്പൊതികൾ വച്ചു മാറി. ഇതിനിടയിൽ എണ്ണ ഒപ്പിയെടുക്കുന്ന തുണിയെടുക്കാൻ മീനു അടുക്കളയിലേക്കു വന്നു. അവൾ അവിടെയിരുന്ന് തിന്നു. മോങ്കുട്ടൻ ഡൈനിങ് ടേബിളിലും.
അന്നു രാത്രി മോങ്കുട്ടന് ഉറക്കം വന്നില്ല. അവൻ പലതും ആലോചിച്ചു കൂട്ടി. മീനൂട്ടി അവളുടെ പൊതിയിലെ ഉണ്ണിയപ്പം മുഴുവനും എനിക്കു തന്നുവോ? അവൾ കിച്ചനിലേക്കു പോയത് ഒന്നോ രണ്ടോ ഒളിപ്പിക്കാനല്ലേ?
അവൻ അങ്ങനെ ആലോചിക്കാൻ ഒരു കാരണവുമുണ്ട്. പൊതികൾ വച്ചുമാറുമ്പോൾ ഒരെണ്ണമെങ്കിലും മേങ്കുട്ടൻ നിക്കറിന്റെ പോക്കറ്റിലിടും. അതേ കൗശലം അവളും പ്രയോഗിച്ചോ എന്നായിരുന്നു അവന്റെ വെപ്രാളം!
ആശയം -
കൂടുതൽ കള്ളം പറയുന്നവർക്ക് മറ്റുള്ളവർ കള്ളമല്ലേ പറയുന്നത് എന്നു തോന്നിയേക്കാം.
സ്വയം സംശയാലുക്കൾ മറ്റുള്ളവരെ സംശയ രോഗിയെന്നു വിളിക്കുന്നു.
മറ്റുള്ളവരെ ചതിച്ചു നടക്കുന്നവർക്ക് എപ്പോഴും പേടി, മറ്റാരെങ്കിലും തന്നെ ചതിക്കുമോയെന്ന്!
മനസ്സിൽ എപ്പോഴും അശ്ലീലം വിചാരിച്ചു നടക്കുന്നവർ സംസാരിക്കുമ്പോൾ ഏതെങ്കിലും പീഢന കാര്യങ്ങളെ വിമർശിക്കുന്നതു കേൾക്കാം.
Comments