ഭഗവാന്റെ സാമീപ്യം
സിൽബാരിപുരംരാജ്യത്ത് പ്രശസ്തമായ ഒരു ഗുരുകുലമുണ്ടായിരുന്നു. വീരമണി എന്നു പേരായ ഗുരുജി ഓരോ വർഷവും പത്തു കുട്ടികളെ വീതം അവിടെ താമസിച്ചു പഠിക്കാൻ തെരഞ്ഞെടുക്കും. അഞ്ചു വർഷത്തെ പഠനശേഷം ഓരോ സംഘവും തിരികെ വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു.
ഓരോ വർഷത്തെയും ഏറ്റവും മിടുക്കനായ ശിഷ്യന് സമ്മാനമായി നൽകാൻ നൂറു സ്വർണനാണയങ്ങൾ കൊട്ടാരംവകയായി ഏർപ്പെടുത്തിയത് കുട്ടികൾക്കൊരു പ്രോൽസാഹനമായി മാറി.
അങ്ങനെ, ഒരു വിദ്യാരംഭ ദിനം അടുത്തുവന്നു. അന്ന്, പുതിയ കുട്ടികളെ എഴുത്തിനിരുത്തുകയും പഠനം പൂർത്തിയായവർ മടങ്ങുകയും ചെയ്യും.
ഇത്തവണ, പത്തുപേരിൽ സമ്മാനത്തിന് ഒരുപോലെ യോഗ്യരായ നാലു പേരുണ്ടായിരുന്നു. വീരമണിഗുരുജി അവരെ വിളിച്ച് ഇപ്രകാരം പറഞ്ഞു -
"നിങ്ങൾ നാലുപേരും സാൽബാരിവനത്തിൽ പോകണം. അതിനുള്ളിൽ നാലു ദിക്കിലേക്കും ഓരോ ആളും പോയി നിങ്ങൾ ഓരോരുത്തർക്കും ഏറ്റവും ഇഷ്ടമുള്ള പഴം ഇവിടെ എനിക്ക് കൊണ്ടുവന്നു തരണം"
അടുത്ത പ്രഭാതത്തിൽ കയ്യിലൊരു തുണി സഞ്ചിയുമായി അവർ യാത്ര തിരിച്ചു. ഉച്ചയായപ്പോൾ കാട്ടിലെത്തി. പിന്നീട്, നാലു ദിക്കിലേക്കു തിരിഞ്ഞു.
ഒന്നാമന് ഏറ്റവും ഇഷ്ടമുള്ളത് കാട്ടു മുന്തിരിയായിരുന്നു. അവൻ തന്റെ സഞ്ചി നിറയെ മുന്തിരിക്കുല നിറച്ച് തിരികെ നടന്നു.
രണ്ടാമന് ഇഷ്ടമുള്ളത് കാട്ടിലെ അപൂർവ ഇനം മാങ്ങാപ്പഴമായിരുന്നു. അത് സഞ്ചിയിൽ കുത്തിനിറച്ചു.
മൂന്നാമന്റെ ഇഷ്ടപ്പെട്ട ഫലം ചക്കപ്പഴമായിരുന്നു. അതിന്റെ ചുളകൾ സഞ്ചിയിൽ പറിച്ചിട്ടു.
നാലാമന് കൊതിയുണ്ടായിരുന്നത് വലിയ കാട്ടു മൾബറിപ്പഴങ്ങളാണ്. അവൻ അത് സഞ്ചിയിൽ ശേഖരിച്ചു.
തിരികെ കാടിനു വെളിയിൽ വന്നപ്പോൾ അവർക്കു പരസ്പരം കണ്ടുമുട്ടാനായില്ല. തങ്ങൾക്ക് ഏറ്റവും കൊതിയുള്ള പഴങ്ങളുടെ സഞ്ചിയുമായി നടക്കവേ, രണ്ടു ശിഷ്യന്മാർക്ക് കൊതിയടക്കാൻ സാധിച്ചില്ല. അവർ യാത്രക്കിടയിൽ ഓരോന്ന് തിന്നുകൊണ്ടിരുന്നു. ആ സമയത്ത്, അവർ രണ്ടു പേരുടെയും മനസ്സിൽ ഒരേ തരം ചിന്തയുദിച്ചു -
"എത്രയെണ്ണം വേണമേന്നോ, സഞ്ചി നിറയെ വേണമെന്നോ ഗുരുജി പറഞ്ഞിട്ടില്ലല്ലോ. ഇതിൽ നിറയെ പഴങ്ങൾ ഉണ്ടായിരുന്നെന്ന് ഗുരുജി എങ്ങനെ അറിയാനാണ് ?"
അന്ന്, വൈകുന്നേരമായപ്പോൾ നാലുപേരും പഴസഞ്ചി ഗുരുജിയെ ഏൽപ്പിച്ചു. രണ്ടുപേർക്ക് കൊതിയടക്കാൻ പറ്റിയില്ലെന്ന് അദ്ദേഹത്തിനു മനസ്സിലായി.
എന്നാൽ, രണ്ടു പേർ സമനില പാലിച്ചതിനാൽ അദ്ദേഹം പിന്നെയും ഒരു കാര്യം രണ്ടു പേരോടുമായി ആവശ്യപ്പെട്ടു -
"നിങ്ങൾ കൊണ്ടുവന്ന പഴങ്ങൾ ഒന്നുപോലും എനിക്കു വേണ്ട, പക്ഷേ, ഓരോ ആളും ആരും കാണാത്ത സ്ഥലത്തു പോയി തിന്നോളൂ...."
ഒന്നാമൻ, ആശ്രമത്തിലെ അടച്ചിട്ട മുറിയിൽ കയറിയതുപോലെ തിരിച്ചിറങ്ങി കാട്ടിലേക്കു നടന്നു. രണ്ടാമൻ ആശ്രമത്തിന്റെ പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ കയറി വാതിലടച്ചു. മാങ്ങാപ്പഴങ്ങൾ മുഴുവനും പെട്ടെന്നു തിന്നു തീർത്തിട്ട് ഗുരുജിയെ സമീപിച്ചു. അന്നേരം അദ്ദേഹം ആദ്യത്തെ ശിഷ്യനെ അന്വേഷിക്കുകയാണു ചെയ്തത്.
"അവൻ എവിടെയെങ്കിലും ഒളിച്ചിരുന്ന് മുന്തിരിപ്പഴങ്ങൾ കഴിക്കാൻ പോയതായിരിക്കും. എന്തായാലും കാത്തിരിക്കാം"
വൈകുന്നേരമായപ്പോൾ കുനിഞ്ഞ ശിരസ്സുമായി ഗുരുജിയുടെ മുന്നിലെത്തി ഒന്നാമൻ പറഞ്ഞു -
"ഗുരുജീ.... ക്ഷമിക്കണം. ആരും കാണാതെ മുന്തിരിപ്പഴം തിന്നാൻ ഞാൻ കാട്ടിൽ വരെ ചെന്നെങ്കിലും എനിക്ക് ഒന്നു പോലും തിന്നാൻ പറ്റിയില്ല. കാരണം, അവിടെയും ഭഗവാൻ കാണുന്നതായി തോന്നി"
താൻ ആഗ്രഹിച്ച ഉത്തരം കേട്ട് ഗുരുജിക്ക് സന്തോഷമായി. ആശ്രമം വിടാൻനേരം നൂറു സ്വർണനാണയങ്ങൾ ആ ശിഷ്യനു ലഭിക്കുകയും ചെയ്തു.
ആശയം -
ദൈവത്തിന്റെ ശിഷ്യരായ മനുഷ്യരും ചിലപ്പോൾ ഇങ്ങനെയല്ലേ? ആരും കാണുന്നില്ലെന്നു തോന്നിയാൽ അന്യായവും അനീതിയും അധാർമ്മികവുമായ കാര്യങ്ങൾ ചെയ്യാൻ ഒട്ടും മടി കാണിക്കില്ല!
അതായത്, മനുഷ്യര്‍ തങ്ങളുടെ തുണിസഞ്ചിയില്‍ ദുശ്ശീലങ്ങളും തിന്മകളും ചതികളും പ്രലോഭനങ്ങളുമെല്ലാം രുചിയേറിയ മധുരപ്പഴങ്ങള്‍പോലെ സദാസമയവും കൊണ്ടുനടക്കുകയാണ്, തരം കിട്ടിയാല്‍ വിഴുങ്ങാന്‍!
എന്നാല്‍, ദൈവം, സ്വന്തം ചെയ്തികൾ എപ്പോഴും കാണുന്നുണ്ടെന്ന് കരുതിയാൽ? അപ്പോള്‍, ദൈവഭയം മനസ്സിനെ ഭരിച്ചു തുടങ്ങും. കൊതി തോന്നിയാലും വിഴുങ്ങാനാവില്ല!
Comments