ഞണ്ടും കടലമ്മയും
സിൽബാരിപുരംദേശത്തിന്റെ കിഴക്കുദിക്കു മുഴുവനും മനോഹരമായ കടൽത്തീരമായിരുന്നു.
അവിടെ എല്ലാ ദിവസവും വൈകുന്നേരം ഒരു യോഗിവര്യൻ സൂര്യാസ്തമയ സമയത്ത് ധ്യാനിക്കാൻ വരുന്നത് പതിവായിരുന്നു. അദ്ദേഹത്തിന്റെ ദൃഷ്ടി മിക്കപ്പോഴും നീലക്കടലിൽ ആയിരിക്കും. അവിടെ ചില മുക്കുവക്കുട്ടികൾ പഞ്ചാരമണൽപ്പരപ്പിൽ ഓടിക്കളിക്കുന്നുണ്ടാവും. എന്നാൽ, ആ ബഹളമൊന്നും യോഗിയെ തെല്ലും ബാധിക്കാറില്ലായിരുന്നു.
ഒരു ദിനം - അദ്ദേഹം കടൽക്കാറ്റിന്റെ തണുപ്പിൽ സന്തോഷത്തോടെ ഇരിക്കവേ, ഒരു ഞണ്ട് അതിന്റെ കൂട്ടുകാരൻഞണ്ടിന്റെ കാൽപാടുകൾ നോക്കി പിറകേ പോകുന്നതു കണ്ടു.
പെട്ടെന്ന് - ശക്തമായ ഒരു തിര വന്ന് രണ്ടു ഞണ്ടുകളെയും അടിച്ചു തെറിപ്പിച്ച് കടലിലേക്കു തിരികെ കൂട്ടിക്കൊണ്ടുപോയി. പിന്നെ, ഒരു മണിക്കൂർ കഴിഞ്ഞ് ഒരു ഞണ്ടിനെ കടൽത്തിര തീരത്തേക്ക് വീണ്ടും എറിഞ്ഞു. അവൻ ദേഷ്യത്തോടെ മണലിൽ കൂടി നടന്ന് യോഗിയുടെ അരികിലെത്തി. യോഗിയെ ഞണ്ട് ഇറുക്കാൻ ഭാവിച്ചപ്പോൾ അദ്ദേഹം പറഞ്ഞു -
"ഞാൻ നിനക്ക് ദ്രോഹമൊന്നും ചെയ്തില്ലല്ലോ. പിന്നെ, എന്തിനാണ് എന്നെ കുത്തിനോവിക്കുന്നത്?"
"ഹേ... സന്യാസീ... തനിക്ക് കണ്ണു കണ്ടു കൂടെ? ഞാനും കൂട്ടുകാരനും കൂടി ആർക്കും യാതൊരു ഉപദ്രവവും കൂടാതെ മണ്ണിൽ ഓടിക്കളിച്ചുകൊണ്ടിരുന്നപ്പോൾ കടലമ്മയുടെ ശക്തിയുള്ള തിര ഞങ്ങളെ തിരികെ കടലിലേക്കു വലിച്ചെടുത്തു. ആരും കാരണം നോക്കിയല്ല ഉപദ്രവിക്കുന്നത്!"
യോഗിവര്യൻ പുഞ്ചിരിക്കുന്നതു കണ്ടപ്പോൾ ഞണ്ട് ഇറുക്കാനായി കൊമ്പുകൾ ഉയർത്തി. യോഗിവര്യൻ പറഞ്ഞു -
"ഇവിടെ നിനക്കു തെറ്റിപ്പോയിരിക്കുന്നു. നിങ്ങൾ രണ്ടു പേരും കളിച്ചു കൊണ്ടിരുന്നപ്പോൾ സംഭവിച്ച യഥാർഥ കാര്യം നീ കേൾക്കണം. ആ സമയത്ത് ഇവിടെ ഒരു മനുഷ്യൻ ഞണ്ടിനെ പിടിക്കാനുള്ള കൂടയുമായി നിങ്ങളുടെ തൊട്ടു പിറകിലുണ്ടായിരുന്നു. തക്ക സമയത്ത്, കടലമ്മ അതു കണ്ട് ശക്തിയേറിയ തിരയെ വിട്ട് നിങ്ങളെ രക്ഷിച്ചു. അയാൾ ഇപ്പോൾ നിരാശയോടെ വീട്ടിലേക്കു മടങ്ങിയപ്പോഴാണ് കടലമ്മ തീരത്തേക്ക് നിന്നെ വിട്ടത്!"
ഞണ്ട് പൊടുന്നനെ തന്റെ തെറ്റു തിരുത്തി. കടലമ്മയോടും യോഗിവര്യനോടും ക്ഷമാപണം നടത്തി. അടുത്ത തിരയടിച്ചപ്പോൾ രണ്ടാമത്തെ ഞണ്ടും തീരത്തു കയറി. പിന്നീട്, അവർ മണലിലൂടെ ഒളിച്ചുകളിക്കാൻ തുടങ്ങി.
ആശയം-
ഈ പ്രകൃതിയില്‍, ആരുമറിയാതെ ആരൊക്കയോ ആരെയോ സഹായിച്ചുകൊണ്ടിരിക്കുന്നു. ചിലതൊക്കെ ഒരു മനുഷ്യായുസ്സ് മുഴുവനെടുത്താലും മനസ്സിലാക്കാന്‍ സാധിക്കില്ല. നന്മയുടെ പാഠങ്ങള്‍ പ്രകൃതിയില്‍ നോക്കി മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
Comments