കോപത്തിന് കാരണമാകുന്ന എടുത്തുചാട്ടം
ഒരിക്കൽ, അവധി ദിനത്തിൽ പപ്പയും മമ്മിയും മോങ്കുട്ടനും കൂടി ഷോപ്പിങ്ങിനു പോയി. അവർ ഷോപ്പിങ് മാളിൽ നിന്ന് കുറെ സാധനങ്ങൾ വാങ്ങിയ കൂട്ടത്തിൽ നാലു വലിയ മാമ്പഴവും വാങ്ങി.
അവർ വീട്ടിലെത്തിയ ഉടനെ മോങ്കുട്ടൻ രണ്ടു മാങ്ങാ ധൃതിയിൽ എടുത്തു. അതിൽ ഒരു ചെറുതും ഒരു വലുതുമുണ്ടായിരുന്നു. ചെറിയ മാമ്പഴം കറമുറാന്ന് കടിച്ചു തിന്നാൻ തുടങ്ങി. പപ്പാ അതു ശ്രദ്ധിച്ചെങ്കിലും ഒന്നും മിണ്ടാതെ നിരീക്ഷിച്ചു. താൻ ഭക്ഷണം കഴിക്കുമ്പോൾ വേണ്ടതായ മര്യാദകൾ പഠിപ്പിച്ചല്ലോ. എന്നിട്ടും മോങ്കുട്ടൻ?ആകെയുള്ള നാലു മാങ്ങയിൽ രണ്ട് എടുക്കുകയെന്നു വച്ചാൽ, അത്യാർത്തി തന്നെ, യാതൊരു സംശയവുമില്ല!
അല്പം ദേഷ്യത്തോടെ അയാള്‍ പറഞ്ഞു-
"എടാ, മോങ്കുട്ടാ, നിന്നോട് എത്ര തവണ പറഞ്ഞു തന്നിട്ടുണ്ട് അത്യാർത്തി കാട്ടരുതെന്ന്, രണ്ടു മാങ്ങാ എന്തിന് എടുത്തു?"
അവൻ നിഷ്കളങ്കമായ ചിരിയോടെ പറഞ്ഞു-
"പപ്പാ, ഒരെണ്ണം എനിക്ക്. മറ്റേത് വൈകുന്നേരം ജോമോൻ വരുമ്പോ കൊടുക്കാനാ"
പപ്പാ ചമ്മിപ്പോയി. അപ്പുറത്തെ വീട്ടിലെ ജോമോൻ എന്നും കളിക്കാൻ വരുന്ന സഹപാഠിയാണ്.
മറ്റൊരിക്കൽ, മോങ്കുട്ടൻ ഷോപ്പിങ് മാളിൽ കയറിയപ്പോൾ ഐസ്ക്രീം ഓർഡർ ചെയ്യാൻ മെനു കാർഡ് കയ്യിലെടുത്തു. അവന്റെ പപ്പ പറഞ്ഞു -
"നമുക്ക് ഇത്തവണ മൂന്നുതരം ഐസ്ക്രീം മേടിക്കാം. ഒരു ചെയ്ഞ്ചായിക്കോട്ടെ "
അവർക്കു സമ്മതമായി. എന്നാൽ, ഐസ് ക്രീം കൊണ്ടു വന്നപ്പോൾ മോങ്കുട്ടന് വല്ലാത്ത ആവേശം!
അവൻ പപ്പായുടെ മുന്നിലെ ഐസ് ക്രീം അവന്റെ മുന്നിലേക്ക് നീക്കിവച്ച് ഒരു സ്പൂൺ കഴിച്ചു. പിന്നെ, അവന്റെ ഐസ് ക്രീം ഒരു സ്പൂൺ തിന്നു!
പപ്പയ്ക്ക് ദേഷ്യം വന്നു. ഇവൻ എന്തൊരു ആക്രാന്തമാണ് കാട്ടിയത്? താൻ നല്ല മാതൃകയൊക്കെ കാണിക്കുന്നതു വെറുതെയായി.
പിന്നെയും അയാള്‍ ദേഷ്യപ്പെട്ടു-
"നിനക്ക് എന്റെതും കൂടി വേണമെങ്കിൽ ഒരെണ്ണം കൂടി ഓർഡർ ചെയ്യാമായിരുന്നല്ലോ? അതിന് ഇങ്ങനെയാണോ ചെയ്യേണ്ടത്?''
പപ്പ പറഞ്ഞതൊന്നും കേൾക്കാതെ ഐസ് ക്രീം രുചിയിൽ ലയിച്ച് രസം പിടിച്ച് അവൻ പറഞ്ഞു -
"പപ്പാ ഞാന്‍ ടേസ്റ്റ് നോക്കിയതാ. എന്റെ ഐസ് ക്രീം എടുത്തോ. അതിനാ ടേസ്റ്റ് കൂടുതൽ!"
അന്നേരം, പപ്പയുടെ ചമ്മി വിളറിയ മുഖം ഒന്നു കാണേണ്ട കാഴ്ചയായിരുന്നു.
ആശയം -
പലപ്പോഴും മറ്റുള്ളവരുടെ നിസ്വാർഥ കർമങ്ങൾ നാം തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. അതിൻപ്രകാരമുള്ള നമ്മുടെ ചടുല നീക്കങ്ങൾ തെറ്റാകാറുണ്ട്. പ്രതികരണത്തിലെ സംയമനവും കാത്തിരിപ്പും നമ്മെ ശരിയായ നിഗമന തീരങ്ങളിലെത്തിക്കുമല്ലോ. പല കോപങ്ങളും ആവശ്യമില്ലാത്തവയെന്നു സ്വയം നിരീക്ഷിച്ചാല്‍ മനസ്സിലാവും.
Comments