പുഞ്ചിരി നല്ലൊരു മരുന്ന്!
സിൽബാരിപുരംദേശത്ത് പ്രശസ്തമായ ഒരു ആശ്രമമുണ്ടായിരുന്നു. അവിടെ ഗുരുജിയുടെ കീഴിൽ കുട്ടികൾ ഓരോ വർഷവും കൂടിക്കൂടി വന്നു.
അതിനാൽ, പണ്ടു പഠിച്ചു പോയ മിടുക്കരായ രണ്ടു ശിഷ്യന്മാരെ കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ അദ്ദേഹം നിയമിച്ചു. രങ്കൻ, ശങ്കു എന്നായിരുന്നു അവരുടെ പേരുകൾ. എങ്കിലും, ഈ ശിഷ്യന്മാർ പരസ്പരം മൽസരിക്കാൻ തുടങ്ങി. അതിനൊരു കാരണവുമുണ്ടായിരുന്നു- ഗുരുജിക്ക് പ്രായമേറെയായി. അവിവാഹിതനായ അദ്ദേഹത്തിന്റെ കാലശേഷം, സമ്പന്നമായ ആശ്രമം ഇനി തങ്ങളിൽ ഒരാൾക്ക് ലഭിക്കും!
അവരുടെ മിടുക്ക് കൂടി വന്നപ്പോൾ മൽസരവും അസൂയയും കടന്ന് പരസ്പരം ശത്രുതയിലേക്ക് കാര്യങ്ങൾ കടന്നു. ഗുരുജിക്ക് ചില രോഗങ്ങളാൽ ശ്രദ്ധയും കുറഞ്ഞു.
ഒരു ദിവസം, രങ്കൻ ഉറച്ചൊരു തീരുമാനമെടുത്തു - ശങ്കുവിനെ വിഷം കൊടുത്ത് അപായപ്പെടുത്തുക! എന്നിട്ട്, ഈ ആശ്രമത്തിന്റെ അടുത്ത ഗുരുജിയാവണം!
രങ്കൻ അതിനായി കുറച്ചകലെയുള്ള ഒരു വൈദ്യന്റെ അടുക്കലെത്തി, മനുഷ്യരെ ചികിൽസിക്കുന്ന മരുന്നുകൾ മാത്രമല്ല, വൈദ്യന്റെ കൈവശം എലി, പന്നി, പ്രാണികൾ, കീടങ്ങൾ എന്നിവയെ കൊല്ലുന്ന ഉഗ്രവിഷങ്ങളുമുണ്ട്. അവൻ വിവരങ്ങൾ ബോധിപ്പിച്ചു. നൂറു വെള്ളിനാണയം ഏൽപ്പിക്കുകയും ചെയ്തു.
"വൈദ്യരേ, ശങ്കുവിന്റെ മരണകാരണം വിഷമാണെന്ന് ഗുരുജിക്കു പോലും സംശയം വരാതെ അദ്ദേഹത്തിന്റെ അനുഗ്രഹവും നേടിയാകണം എന്റെ വിജയം. അതാണ് ഞാൻ ഇത്രയും ദൂരം വരാൻ കാരണം"
കുറെ നേരം ആലോചിച്ച ശേഷം വൈദ്യൻ പറഞ്ഞു-
"നീ ശങ്കുവിനെ എത്രയും വേഗം ഇങ്ങോട്ടു പറഞ്ഞു വിടുക. ഞാൻ തന്നെ അവനു വിഷം കൊടുത്തു കൊള്ളാം. മൂന്നു മാസം കൊണ്ട് അവൻ പതിയെ മരിച്ചു കൊള്ളും. പക്ഷേ, നീ ഒരു കാര്യം ചെയ്യണം, അവനോടു പുഞ്ചിരിച്ചു കൊണ്ടു മാത്രമേ ഈ മൂന്നു മാസവും സംസാരിക്കാവൂ. നല്ല സ്നേഹത്തോടെ പെരുമാറുകയും വേണം, അപ്പോൾ ആർക്കും യാതൊരു സംശയവും തോന്നില്ല"
അവൻ സന്തോഷത്തോടെ വേഗം തിരികെ നടന്നു, അവിടെയെത്തി രങ്കൻ ശങ്കുവിനോടു പറഞ്ഞു -
"ഗുരുജിക്കുള്ള ചില അപൂർവ മരുന്നുകൾ വാങ്ങാൻ നീ വൈദ്യന്റെ അടുക്കൽ പോകണം. ഗുരുജിയുടെ അനുവാദം ചോദിച്ചാൽ അതൊന്നും വേണ്ടെന്നു പറയും. ശങ്കു വേഗം പുറപ്പെട്ടോളൂ.. എനിക്കു ചന്തയിൽ പോകാനുണ്ട്"
യാത്രക്കിടയിൽ ശങ്കുവിന്റെ മനസ്സിലും പകയുടെ ആശയം മിന്നി- അതിനൊപ്പം രങ്കനെ കൊല്ലാനുള്ള വിഷവും മേടിക്കണം! അവൻ വൈദ്യനെ കണ്ടപ്പോൾ ഗുരുജിക്ക് കൊടുക്കാനുള്ള ച്യവനപ്രാശവും കാട്ടുതേനും മറ്റു ചില മരുന്നുകളും തുണി സഞ്ചിയിൽ വൈദ്യൻ കൈമാറി.
കുറച്ചു കഴിഞ്ഞ് വൈദ്യന്റെ ശ്രദ്ധയാകർഷിച്ചതിനു ശേഷം ശങ്കു പറഞ്ഞു -
"ആരുമറിയാതെ രങ്കനെ വകവരുത്തുന്ന കൈവിഷം വൈദ്യരു തരണം. അങ്ങനെയെങ്കിൽ ആശ്രമം എനിക്കു ലഭിക്കും. അപ്പോൾ, ഗുരുജിയുടെ നിലവറയിലുള്ള സമ്പാദ്യത്തിന്റെ നേർപകുതി വൈദ്യർക്കു തന്നുകൊള്ളാം"
വൈദ്യൻ പുഞ്ചിരിയോടെ പറഞ്ഞു -
"രങ്കനുള്ള വിഷം ഞാൻ നേരിട്ടു പ്രയോഗിച്ചോളാം. മൂന്നു മാസത്തിനുള്ളിൽ അവൻ മരിക്കും. നീ ഒരു കാര്യം ചെയ്യുക. സംശയം തോന്നാതിരിക്കാൻ ഈ മൂന്നു മാസവും പുഞ്ചിരിയോടെയും സ്നേഹത്തോടെയും അവനോടു പെരുമാറണം''
സന്തോഷത്തോടെ അവനും തിരികെ ആശ്രമത്തിലെത്തി. അവർ രണ്ടു പേരും പുഞ്ചിരിയോടെയും സ്നേഹത്തോടെയും പെരുമാറാൻ തുടങ്ങി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ തങ്ങൾ ചെയ്തിരിക്കുന്ന ക്രൂരതയുടെ അംശം കുറഞ്ഞു തുടങ്ങി. ഒന്നര മാസം കഴിഞ്ഞു. രണ്ടു പേർക്കും പേടിയായി. ചിരിച്ചു കൊണ്ട് എതിരാളിയെ കൊല്ലുകയാണെന്ന് ഓർത്തപ്പോൾ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു.
ഇത്രയും സ്നേഹമുള്ളവനെ കൊല്ലേണ്ടിയിരുന്നില്ല!
സ്നേഹവും ആത്മാർഥതയും കൂടിയപ്പോൾ പശ്ചാത്താപവും ദു:ഖവും പാപഭാരവും കൊണ്ട് അവർ പരവശരായി. കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യവും കിട്ടിയില്ല. ഒടുവിൽ, മൂന്നാം മാസത്തിലെ അവസാന ദിവസമെത്തി
എന്നാൽ, ഇതിനിടയിൽ ഗുരുജി രോഗം ബാധിച്ച് കിടപ്പിലായിരുന്നു.
അന്ന് വൈദ്യൻ ആശ്രമത്തിലെത്തിച്ചേർന്നു!
രങ്കനും ശങ്കുവും പേടിച്ചു വിറച്ചു!
ഒന്നുകിൽ, ഒരാളുടെ നാശം നേരിട്ടു കാണാൻ അല്ലെങ്കിൽ ചതിച്ചവന്റെ കാര്യം ഗുരുജിയോടു പറയാൻ വേണ്ടിയാകണം! കഥ രണ്ടായാലും ഒരുവൻ മരിക്കുമെന്ന് അവർ വിറയലോടെ ഓർത്തു.
ഗുരുജിയുടെ ശിഷ്യനായിരുന്നു വൈദ്യൻ. ഗുരുജിയെ നന്നായി പരിശോധിച്ച് പരിചാരകരോട് പരിചരണ രീതികൾ വിവരിച്ചു കഴിഞ്ഞ് അദ്ദേഹം ആശ്രമത്തിലെ ഉദ്യാനത്തിലൂടെ നടന്നപ്പോൾ രങ്കൻ ഓടി വന്ന് വൈദ്യന്റെ കാൽക്കൽ വീണു -
"വൈദ്യരേ, അങ്ങയുടെ മരുന്ന് ശങ്കുവിന് ഫലിക്കാതെ അവനെ രക്ഷപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ? അവനെ കൊന്നിട്ട് എനിക്ക് ഈ ആശ്രമം വേണ്ട, ഞാൻ ദൂരേക്ക് ഓടി രക്ഷപ്പെടട്ടെ?"
ഇതു കേട്ട് പിന്നിലൂടെ വന്ന ശങ്കുവും ഞെട്ടിത്തരിച്ചു!
വൈദ്യൻ രണ്ടു പേരോടുമായി പറഞ്ഞു-
"ഞാൻ നൽകിയ മരുന്ന് നന്നായി ഫലിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ മനസ്സിലെ വിഷത്തെ കൊല്ലുന്ന അത്ഭുത മരുന്നായിരുന്നു അത്!"
പെട്ടെന്ന്, രണ്ടു പേരും ഒറ്റ ശ്വാസത്തിൽ ചോദിച്ചു -
"എന്തു മരുന്ന്?"
വൈദ്യൻ പുഞ്ചിരിയോടെ പ്രതിവചിച്ചു -
"നിങ്ങൾ പരസ്പരം സ്നേഹത്തില്‍ ചാലിച്ച പുഞ്ചിരിമരുന്ന് കൊടുത്തപ്പോൾ പകയുടെ വിഷമാലിന്യങ്ങൾ നിർവീര്യമായല്ലോ"
ഗുരുജിയുടെ കാലശേഷം ആശ്രമത്തിന്റെ പുതിയ ഗുരുജിയായത് രങ്കന്‍. അതോടൊപ്പം, കൊട്ടാരത്തിനടുത്ത് പുതിയ ആശ്രമം പണിത് അവിടെ ഗുരുജിയായി ശങ്കുവും ചുമതലയേറ്റു.
ആശയം -
ഒരു പുഞ്ചിരിയിലോ സ്നേഹമുള്ള ഒരു നോട്ടത്തിലോ തീരാവുന്ന പ്രശ്നങ്ങൾ പുളിച്ചു ചീറാൻ അനുവദിക്കരുത്. അതേ സമയം, ചിരിയുടെ മറ്റു വകഭേദങ്ങളായ പൊട്ടിച്ചിരിയും അട്ടഹാസവും പരിഹാസവുമെല്ലാം മനുഷ്യബന്ധങ്ങളെ ദോഷമായി ബാധിക്കുമെന്നും ഓർക്കുമല്ലോ. പ്രത്യേകിച്ച്, കുടുംബ ബന്ധങ്ങളിൽ പുഞ്ചിരിയുടെ സ്ഥാനം വളരെ വലുതാണ്. അതുകൊണ്ട്, ഇപ്പോൾത്തന്നെ നല്ലൊരു പുഞ്ചിരി താങ്കളുടെ മുഖത്ത് ഒട്ടിച്ചേരട്ടെ!
Comments