എളിമയെന്നാൽ ഒന്നുമില്ലായ്മയല്ല!

" ഗർർർ..." ശിങ്കൻസിംഹത്തിന്റെ അലർച്ചയിൽ കാടാകെ നടുങ്ങി വിറച്ചു. വീരൻകൊമ്പനാന വഴിമാറി നടന്നു. വരയൻപുലി മരത്തിൽ നിന്ന് ഇറങ്ങിയില്ല. മുരടൻകടുവ മടയിൽ ഒളിച്ചിരുന്നു. കിളികൾ പേടിച്ച് തലങ്ങും വിലങ്ങും പറന്നു പോയി. പതിവുപോലെ ശിങ്കൻസിംഹം രാവിലെ ഇരതേടാൻ ഇറങ്ങിയിരിക്കുന്നു! ഇന്ന് ആരെയാണു പിടിക്കുക?

വനജീവികൾ അങ്കലാപ്പിലായി. ചെറിയ കാട്ടുചെടികളും പൂക്കളും നിറയെ ഉണ്ടായിരുന്ന പ്രദേശത്തിലൂടെ അതെല്ലാം ചവിട്ടിമെതിച്ച് സിംഹരാജൻ നടന്നു നീങ്ങിയപ്പോൾ - "രാജാവേ, ഞങ്ങൾ തേൻ കുടിക്കുന്ന പൂക്കളെ ദയവായി നശിപ്പിക്കല്ലേ. ഈ കാട്ടിൽ ഇവിടെ മാത്രമേ ഇത്തരം പൂക്കൾ വളരുന്നുള്ളൂ" പൊന്നൻതേനീച്ചയായിരുന്നു അത്. അതു കേട്ട് ശിങ്കൻസിംഹം അലറി -

"ഗർർർ..... ഞാൻ രാജാവായിരിക്കുന്ന കാട്ടിൽ എന്റെ നേരേ സംസാരിക്കാൻ ആരാടാ വളർന്നിരിക്കുന്നത്?"
കാരണം, തേനീച്ച സിംഹത്തിന്റെ കണ്ണിൽപ്പെട്ടില്ല.

"രാജാവേ, ഞാൻ ഈ മഞ്ഞപ്പൂവിന്മേൽ ഇരിക്കുന്ന പൊന്നൻതേനീച്ചയാണ്"

സിംഹം അലറിച്ചിരിച്ചു - "എടാ, കീടമേ, എന്നോടു സംസാരിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു?"
സിംഹം ആ പൂവ് ചവിട്ടിമെതിച്ചു. മഞ്ഞപ്പൂവ് ഉണ്ടായിരുന്ന ചെടികളെല്ലാം അവൻ നശിപ്പിച്ചു. അപ്പോൾ വായുവിൽ പറന്നു നിന്ന് പൊന്നൻ അലറി -"നിന്നോടു ഞാൻ മര്യാദയുടെ ഭാഷയിൽ പറഞ്ഞു. നീ രാജാവോ കൂജാവോ ആരായാലും എനിക്കത് അറിയേണ്ട കാര്യമില്ല. ജീവൻ വേണമെങ്കിൽ ഇവിടം വിട്ടു വേഗം പൊയ്ക്കോ !"

ഇതുകേട്ടപ്പോള്‍ ശിങ്കൻസിംഹത്തിന്റെ കോപം ഇരട്ടിച്ചു. അവൻ വായുവിൽ കൈകൾ വീശി പൊന്നനെ വെല്ലുവിളിച്ചു - "ചുണയുണ്ടെങ്കിൽ നേരേ വരിനെടാ.." പെട്ടെന്ന്, പൊന്നൻതേനീച്ച ശിങ്കന്റെ വിടർന്ന മൂക്കിലേക്ക് കയറി ആഞ്ഞു കുത്തി! ശിങ്കൻ വേദന കൊണ്ട് പുളഞ്ഞു. അവൻ തുമ്മിയിട്ടും തേനീച്ച മൂക്കിനുള്ളിൽ അള്ളിപ്പിടിച്ചിരുന്നു വീണ്ടും കുത്തി. ശിങ്കൻ നിലത്തു കിടന്നുരുണ്ടു നിലവിളിച്ചു -

"അയ്യോ! ഞാൻ എന്റെ മടയിലേക്കു തിരിച്ചു പൊക്കോളാമേ.. ഇനി മേലിൽ ഈ പ്രദേശത്തേക്കു വരില്ല. എന്നെ കുത്താതെ മൂക്കീന്നു ഇറങ്ങിപ്പോകാമോ?"
ഉടൻ, പൊന്നൻതേനീച്ച മൂക്കില്‍ നിന്നും ഇറങ്ങി അടുത്ത പൂന്തോട്ടത്തിലേക്കു പറന്നു. അതോടെ, ശിങ്കൻസിംഹത്തിന്റെ അഹങ്കാരത്തിനു ശമനമായി.

ആശയം - ആരെങ്കിലും വിനയത്തിലും എളിമയിലും ഒരു കാര്യം സംസാരിച്ചാലും ആവശ്യപ്പെട്ടാലും ആളുകൾ അവരെ പുഛത്തോടെ കാണാറുണ്ട്. കാരണം എന്താ? വിനയം, എളിമ, പൊങ്ങച്ചമില്ലായ്മ, ലാളിത്യം എന്നിവയൊക്കെ ഒന്നുമില്ലായ്മയുടെ അളവുകോൽ എന്നു മലയാളികൾ തെറ്റിദ്ധരിച്ചിരിക്കുന്ന കാലമാണിത്. എതിരാളിയുടെ ശക്തി ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഒരാള്‍ വിനയം കാണിച്ചാല്‍ അത് നന്മയല്ല. അതുപോലെ, തീര്‍ത്തും ദുര്‍ബലനായ ഒരാള്‍ വിനയം കാട്ടിയാലും അത് യഥാര്‍ത്ഥമാകണമെന്നില്ല.

ഉയര്‍ന്ന - പദവി, തറവാടിത്തം, അധികാരം, സാമ്പത്തിക ശേഷി എന്നിങ്ങനെ എന്തെങ്കിലും ഉള്ളയാള്‍ എളിമയും വിനയവും കാണിച്ചാല്‍ ശ്രേഷ്ഠ വ്യക്തിത്വം എന്നു വിളിക്കാം. ശരിയായ നന്മയുടെ പ്രതിരൂപമായ വിനയവും എളിമയും ലാളിത്യവും അപ്പോഴാണ് കടന്നുവരുന്നത് ! ഈ നിമിഷം എല്ലാവരും ആത്മശോധന ചെയ്യുമല്ലോ.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍