പൊട്ടക്കിണറ്റിലെ മനുഷ്യത്തവളകൾ
സിൽബാരിപുരംഗ്രാമത്തിലെ ഒരു പൊട്ടക്കിണറ്റിലായിരുന്നു ചിന്നൻതവളയും കുടുംബവും താമസിച്ചിരുന്നത്.
ചിന്നൻതവള ആകാശത്തേക്കു നോക്കി മക്കളോടു പറയും-
"എന്റെ കുട്ടികളേ, മുകളിലേക്കു നോക്കൂ.... വട്ടത്തിൽ കാണുന്നതാണ് ആകാശം, താഴെ ഭൂമി. അതായത് നാം താമസിക്കുന്ന ഇവിടം. നമ്മളല്ലാതെ ഈ ഭൂമിയിൽ വേറെ ജീവികളില്ല!"
മക്കളെല്ലാം അതേറ്റു പറഞ്ഞുകൊണ്ടിരുന്നു. ചിന്നൻതവളയ്ക്കു കിണറിനു വെളിയിൽ മറ്റാരു ലോകമുണ്ടെന്ന് അറിയില്ലായിരുന്നു. മാത്രമല്ല, കിണർ പള്ള കയറി കിടന്നിരുന്നതിനാൽ പക്ഷികൾ പറക്കുന്നതുപോലും നന്നായി കാണാൻ കഴിഞ്ഞിരുന്നില്ല.
ആ കിണറിന്റെ അരികിലുളള മരത്തിൽ വന്നിരിക്കാറുള്ള പൊന്നൻകാക്കയ്ക്ക് ചിന്നൻതവളയുടെ ഈ വാചകങ്ങൾ കേട്ട് ദേഷ്യം വന്നു.
"ഈ പൊട്ടക്കിണറ്റിലെ തവളയെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം! "
അവൻ താഴേക്കു പറന്ന് ചിന്നൻതവളയെ കൊത്തിയെടുത്ത് മുകളിലേക്ക് പറന്നു. തവള കണ്ണുമിഴിച്ച് ആകാശത്തിലൂടെ പറക്കവേ വിസ്മയിച്ചു!
എന്തുമാത്രം സ്ഥലങ്ങൾ!
എത്ര തരം ജീവികൾ!
കാളവണ്ടിയിൽ മനുഷ്യർ യാത്ര ചെയ്യുന്നു!
പൊന്നൻകാക്ക പറന്നു നടന്ന് വളരെയധികം കാഴ്ചകൾ അവനെ കാട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു -
"ഇപ്പോൾ മനസ്സിലായോ? നീ വെറും പൊട്ടക്കിണറ്റിലെ തവളയാണ്! നിന്റെ വാസസ്ഥലമായ കിണറാണു ഭൂമി എന്നു മേലിൽ പറയരുത്!"
"എന്നോടു ക്ഷമിക്കൂ പൊന്നൻകാക്കേ...... ഞാൻ ജനിച്ചതു മുതൽ ആ പൊട്ടക്കിണർ ആയിരുന്നു എന്റെ ലോകം. എനിക്കിവിടെ ജീവിച്ചാൽ മതി. കിണറ്റിൽ നിന്ന് എന്റെ മക്കളെയും നീ വെളിയിലെത്തിച്ചു തന്നാൽ ഭഗവാൻ നിന്നെ അനുഗ്രഹിക്കും!"
പൊന്നന്‍കാക്ക പത്തു തവളക്കുഞ്ഞുങ്ങളെയും കൊത്തിയെടുത്ത് കരയിലെത്തിച്ചു.
ആശയം-
അറിവ് ആരുടെയും കുത്തകയല്ല. ചിലരുടെ സംസാരം കേട്ടാൽ സ്വന്തമായി കണ്ടു പിടിച്ച അറിവാണു പങ്കുവയ്ക്കുന്നതെന്നു തോന്നിപ്പോകും. അത്തരക്കാർ കടലിലെ വെള്ളം ഒരു പാത്രം കൊണ്ട് തേകി വറ്റിക്കാൻ നോക്കുന്നതുപോലുള്ള വങ്കത്തരമാകും! പൊട്ടക്കിണറ്റിലെ മനുഷ്യത്തവളകള്‍!
Comments