തലച്ചോറില്ലാത്ത ആട്!
ഉണ്ണിക്കുട്ടന്റെ സ്കൂൾ അവധിക്കാലം. ഒരു ദിവസം ഉറങ്ങാൻ നേരം നാണിയമ്മയോട് അവൻ ചോദിച്ചു -
" കിഴക്കേതിലെ രാജു സൂത്രക്കാരൻകുറുക്കനാണെന്ന് നാണിയമ്മച്ചി പറയുന്നതു കേട്ടല്ലോ. അതെന്താ കുറുക്കന് സൂത്രമെല്ലാം അറിയാവോ?"
നാണിയമ്മ മറുപടിയായി ഒരു കള്ളക്കുറുക്കന്റെ കഥ പറഞ്ഞു തുടങ്ങി-
ഒരു കാലത്ത്, സിൽബാരിപുരംരാജ്യം കൊടുംകാടായിരുന്നു. ആ കാട്ടിലെ രാജാവായിരുന്നു ശിങ്കൻസിംഹം. കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ പേടിയായിരുന്നു. ആനയും കടുവയും കരടിയുമെല്ലാം അവന്റെ വഴിയിൽ വരിക പോലുമില്ല.
കാലം മുന്നോട്ടു നീങ്ങവേ, ശിങ്കന്റെ ശൗര്യമെല്ലാം അസ്തമിച്ചു. ഇരയെ ഓടിച്ചു പിടിക്കാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടു. അതിന്റെ മടയിൽ നിന്ന് ഇറങ്ങുന്നത് വല്ലപ്പോഴും മാത്രമായി. അവൻ വിശന്നു വലഞ്ഞു. പട്ടിണിമൂലം അവശനായി. കടുവയും പുലിയും മറ്റും ബാക്കിയാക്കി പോകുന്ന മാംസം എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം.
ഒരു ദിവസം -
കാട്ടിൽ കനത്ത മഴ പെയ്തു. അന്നേരം ഒരു വയസ്സൻകുറുക്കൻ മഴ നനയാതിരിക്കാൻ വേണ്ടി സിംഹത്തിന്റെ മടയിലേക്ക് അറിയാതെ കയറി നിന്നു.
സിംഹം വളരെ സന്തോഷത്തോടെ കുറുക്കനെ വളഞ്ഞു.
ശിങ്കൻസിംഹം പറഞ്ഞു -
"ഹാവൂ... എത്ര നാളായി വായ്ക്ക് രുചിയുള്ള തീറ്റി കിട്ടിയിട്ട്!"
കുറുക്കൻ ഭയം പുറത്തു കാട്ടാതെ അഭിനയിച്ചു -
"മൃഗരാജാവേ, അങ്ങയുടെ ഭക്ഷണമാകാൻ എനിക്കു സന്തോഷമേയുള്ളൂ. എന്നാൽ, എന്നെ തിന്നാതിരുന്നാൽ എന്നും ഓരോ ആടിനെ ഈ ഗുഹയിൽ ഞാൻ എത്തിച്ചു തരാം!"
സിംഹം അലറിച്ചിരിച്ചു -
"ഹും... സൂത്രശാലികളായ അനേകം കുറുക്കന്മാരെ ഞാൻ കണ്ടിട്ടുണ്ട്. നിന്റെ വേല മനസ്സിൽ വച്ചാൽ മതി, എന്റടുത്ത് വേണ്ടടാ കള്ളക്കുറുക്കാ"
"രാജാവേ, വയസ്സൻ കുറുക്കനായ എന്റെ ഇറച്ചിക്ക് രുചി കുറയും. അങ്ങ് എന്റെ കൂടെ പോരൂ... ഒളിച്ചു നിന്ന് എന്നെ ശ്രദ്ധിച്ചോളൂ... ഞാൻ ഓടിപ്പോകില്ല"
സിംഹം കുറുക്കന്റെ ഒപ്പം കുറച്ചു താഴേക്കു നടന്നിട്ട് മരത്തിൻ മറവിൽ ഒളിച്ചിരുന്നു. അതുവഴി വന്ന ഒരു കാട്ടാടിനെ കണ്ടപ്പോൾ കുറുക്കൻ പറഞ്ഞു -
"ദാ ... മുകളിൽ കാണുന്ന ഗുഹയുടെ പിറകിൽ ഒരു പ്ലാവ് നിൽപ്പുണ്ട്. അതിൽ, വിശിഷ്ടമായ രുചിയുള്ള സ്വർണനിറമുള്ള പ്ലാവിലകൾ നിറയെ കാണാം"
"ഒന്നു പോടാ, വയസ്സൻക്കുറുക്കാ. നീ എന്നെ കുടുക്കാനല്ലേ?"
"സംശയമുണ്ടെങ്കിൽ നീ പോയി നോക്കിയിട്ടു വന്നോ. ഞാൻ പോകുവാണ്"
ഇത്രയും പറഞ്ഞിട്ട്, കുറുക്കൻ താഴേക്കു നടന്നതു കണ്ടിട്ട്ആട് കുഴപ്പമില്ലെന്നു കരുതി സാവധാനം മുകളിലേക്കു പോയി. ഗുഹയുടെ പിറകിലേക്കു പോയി പ്ലാവ് അന്വേഷിച്ചു നടന്ന ആടിനെ പിന്തുടർന്ന സിംഹം തല്ലി വീഴ്ത്തി അതിനെ വലിച്ച് ഗുഹയിലേക്കു കൊണ്ടുവന്നു. അപ്പോൾ കുറുക്കൻ ഓടി വന്നു.
സിംഹം പറഞ്ഞു -
"എടാ, സൂത്രക്കുറുക്കാ, നിന്റെ ബുദ്ധി അപാരംതന്നെ"
കുറുക്കൻ പറഞ്ഞു -
"രാജാവേ, എന്റെ കഴിവല്ല, ഞാൻ വനദേവതയോടു പ്രാർഥിച്ചതുകൊണ്ടാണ് എന്നെ വിശ്വസിച്ച് ആട് ഇവിടേക്കു വന്നത്. അതുകൊണ്ട് അങ്ങുന്ന് തിന്നുന്നതിനു മുൻപ്, താഴെയുള്ള ആൽമരത്തിന്റെ ചുവട്ടിൽ കുറച്ചു നേരം പ്രാർഥിച്ചിട്ടു വരണം. എങ്കിൽ എല്ലാ ദിവസവും ഇത്തരം ആടിനെ കിട്ടും!"
ശിങ്കൻ സിംഹം പോയ സമയത്ത് കൊതിയനായ കുറുക്കൻ ആടിന്റെ തല മുഴുവൻ ആർത്തിയോടെ തിന്നു തീർത്തു. സിംഹം പ്രാർഥന കഴിഞ്ഞു വന്നു നോക്കിയപ്പോൾ ആടിന്റെ തല കാണുന്നില്ല! കുറുക്കന്റെ മുഖത്ത് രക്തക്കറ കാണുന്നുമുണ്ട്!
ശിങ്കനു ദേഷ്യം വന്നു -
"എറ്റവും രുചിയുള്ള ഭാഗം നോക്കി ആട്ടിൻതല നീയാണോ തിന്നത്?"
"അല്ല, രാജാവേ, അങ്ങ് പ്രാർഥിച്ചപ്പോൾ വനദേവത ഇവിടെയാണ് പ്രത്യക്ഷപ്പെട്ടത്! ആടിന്റെ തല വനദേവത ആവശ്യപ്പെട്ടപ്പോൾ ഞാൻ മുറിച്ചെടുത്ത് കൊടുക്കുകയും ചെയ്തു!"
മണ്ടനായ ശിങ്കൻസിംഹം പറഞ്ഞു -
"ഹൊ! ഭാഗ്യം! വനദേവത ആടിനെ മുഴുവനായി ചോദിക്കാത്തതു നന്നായി. എങ്കിൽ, ഞാൻ പട്ടിണി കിടന്നേനെ!"
കുറുക്കൻ അന്നേരം രാജാവിനോടു പറഞ്ഞു -
"സിംഹരാജൻ, ഞാൻ ഇനി പൊയ്ക്കോട്ടെ? വീട്ടിൽ കുറുക്കച്ചി നോക്കിയിരിക്കും"
"ഹും.. അതു വേണ്ട, നീ എന്റെ ഗുഹയിൽ ഉറങ്ങിക്കോളൂ, നാളെ ഒരെണ്ണം കൂടി കിട്ടിയിട്ട് നിനക്കു പോകാം''
കുറുക്കന് അതു സമ്മതിക്കാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.
അടുത്ത പ്രഭാതത്തിൽ കുറുക്കൻ ഇതേ സൂത്രത്തിൽ ഒരാടിനെ സമീപിച്ചു. അത് ഒട്ടും സംശയിക്കാതെ തുള്ളിച്ചാടി സിംഹത്തിനു മുന്നിൽ എത്തി. ഇത്തവണയും സിംഹം അതിനെ കൊന്നിട്ട് പ്രാർഥിക്കാൻ പോയി.
കുറുക്കൻ, ആടിന്റെ രുചിയേറിയ തലച്ചോറു തിന്നു തീർന്നയുടൻ സിംഹം മലകയറി വരുന്നതു കുറുക്കൻ കണ്ടു. അവനു പേടിയായി. ഇന്നെന്തു സൂത്രം പറയും?
സിംഹം വന്നപ്പോൾ തലയ്ക്കകത്ത് ഒന്നുമില്ല! അവനു ദേഷ്യം വന്നു -
"നീയാണോ ഇതിന്റെ തലച്ചോറ് തിന്നത്?"
"അയ്യോ! ഞാനല്ല അങ്ങുന്നേ! കുറച്ചു മുൻപ് വനദേവത വന്ന് തല തിന്നാൻ നോക്കിയപ്പോൾ തലച്ചോറില്ലാത്ത ഈ ആടിനെ വേണ്ടെന്നു പറഞ്ഞ് സ്ഥലം വിട്ടു !"
"എടാ, കുറുക്കാ, അതെങ്ങനെ ശരിയാവും? തലച്ചോറില്ലാത്ത ആടിനെ ഞാൻ കണ്ടിട്ടില്ലല്ലോ!"
"അങ്ങനെയുള്ള ആടുകളുണ്ട്. അതിന് തലച്ചോറ് ഉണ്ടായിരുന്നെങ്കിൽ ഞാൻ പറഞ്ഞയുടൻ ഒന്നും ആലോചിക്കാതെ തുള്ളിച്ചാടി ഇങ്ങോട്ടു വരുമായിരുന്നോ?"
സിംഹം: "ഹൊ! നിന്റെ ബുദ്ധിയും അറിവും അപാരം തന്നെ!"
അപ്പോൾ, ശിങ്കൻസിംഹം അനുവദിച്ച ആടിന്റെ കാലുകൾ കടിച്ചു പിടിച്ച് സന്തോഷത്തോടെ സൂത്രശാലിയായ കുറുക്കൻ തന്റെ മാളത്തിലേക്കു പോയി.
Comments