പുഞ്ചിരിയുടെ സ്വാഗതം!
പണ്ടു പണ്ട്, കോസലപുരംരാജ്യത്ത് ഒരു സന്യാസി ജീവിച്ചിരുന്നു. ക്ഷമയും ശാന്തതയും കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും. അതുകൊണ്ടുതന്നെ 'പുഞ്ചിരിസന്യാസി' എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു.
ഈ സന്യാസിയുടെ പ്രശസ്തി ദൂരെയുള്ള കൊട്ടാരത്തിലുമെത്തി. വിക്രമ രാജാവിന് സന്യാസിയെ നേരിട്ടു കണ്ടാൽ കൊള്ളാമെന്ന് ആശയുദിച്ചു. എന്നാൽ വേഷപ്രച്ഛന്നനായി പോകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സന്യാസി എന്നും രാവിലെ അമ്പലത്തിൽ പോകുന്നുണ്ടെന്ന് അറിവു കിട്ടി.
ഒരു ദിവസം- രാവിലെ, സാധാരണക്കാരനെപ്പോലെ രാജാവ് അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ കാത്തു നിന്നു. സന്യാസിയെ എങ്ങനെ ദേഷ്യം പിടിപ്പിക്കാമെന്നായി രാജാവിന്റെ ചിന്ത. സന്യാസിയുടെ 'തനിക്കൊണം' പുറത്തുകൊണ്ടുവരണം.
സന്യാസി വന്നപ്പോൾ രാജാവ് പരിഹസിക്കാൻ തുടങ്ങി. അപ്പോൾ സന്യാസി പുഞ്ചിരിച്ചു കൊണ്ട് പോകാൻ തുടങ്ങിയപ്പോൾ ചീത്ത വിളിക്കാൻ തുടങ്ങി. ഉടൻ ആളുകൾ തടിച്ചു കൂടി. അപ്പോഴും സന്യാസി പുഞ്ചിരിച്ചു. പിന്നീട്, രാജാവ് കോപം ഭാവിച്ച് അലറി. ആ സമയത്തും അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി മാഞ്ഞില്ല.
എന്നാൽ, ആളുകൾ രാജാവിനെ വളഞ്ഞു. കയ്യേറ്റം ചെയ്യാൻ തുടങ്ങിയപ്പോൾ സന്യാസി ഇടപെട്ടു -
"ഹേയ്... നിങ്ങൾ അയാളെ വിടുക. എനിക്ക് അയോളോട് യാതൊരു പിണക്കവുമില്ല. കാരണം, ഞങ്ങൾ പരസ്പരം സഹായിച്ചു. നിങ്ങളെയും സഹായിച്ചു!"
ആളുകൾ ഉടൻ ചോദിച്ചു -
"എന്തു സഹായം? നിങ്ങളു രണ്ടുപേരും ഒത്തുകളിക്കുന്നോ?"
സന്യാസി പുഞ്ചിരിയോടെ രാജാവിനെ നോക്കി പറഞ്ഞു -
"മനസ്സിലെ ദേഷ്യവും അസൂയയും നിരാശയും ഞാൻ ഏറ്റുവാങ്ങിയപ്പോൾ താങ്കൾക്ക് കുറച്ചു മനശ്ശാന്തിയും സന്തോഷവും കിട്ടി! ഞാന്‍ താങ്കളെ സഹായിച്ചു. ഞാൻ ഇതു സഹിച്ചപ്പോൾ ഭഗവാന്റെ പക്കൽ നിന്നും പുണ്യം കിട്ടിയത് എനിക്കു നിങ്ങള്‍ നിമിത്തമായ സഹായമാണ്! പിന്നെ, ഇതെല്ലാം കണ്ടു കൊണ്ടിരുന്ന കൂട്ടര്‍ക്ക് എങ്ങനെ ക്ഷമയോടെ പെരുമാറണമെന്ന മാതൃകയും കിട്ടിയല്ലോ! അതാണ് നിങ്ങള്‍ക്കു കിട്ടിയ സഹായം"
ആശയം -
ദുർഘട സാഹചര്യങ്ങളിലും സമചിത്തത കൈവിടാതിരിക്കുക എന്നുള്ളത് ഒരു മിടുക്കാണ്. അർത്ഥശൂന്യമായ വിമർശനങ്ങളിലും വാഗ്വാദങ്ങളിലും പോർവിളികളിലും മനസ്സിടറാതെ പുഞ്ചിരിയോടെ അതൊക്കെ നേരിടാൻ മനസ്സിനെ സജ്ജമാക്കുക.
പുഞ്ചിരിക്കുന്ന മുഖം വിളംബരം ചെയ്യുന്ന ഒരു സന്ദേശമുണ്ട്- എന്റെ സന്തോഷത്തിലേക്ക് നിങ്ങൾക്കു സ്വാഗതം എന്ന്!
ഒരാളുടെ പുഞ്ചിരിക്കുന്ന മുഖം, അതു കാണുന്നവരിലും പ്രതികരണം ഉണ്ടാക്കുന്നുണ്ട്. അങ്ങനെ, ലേശം പുഞ്ചിരി ചുണ്ടിൽ വിരിയുമല്ലോ?
Comments