തൊഴിൽ സ്നേഹം അമിതമാകരുത്!
സിൽബാരിപുരംകൊട്ടാരത്തിലെ മിടുക്കനായ സ്വർണ്ണപ്പണിക്കാരനായിരുന്നു കേശു. ലഭ്യതയും വിലക്കുറവും രൂപകല്പനയിലെ വൈദഗ്ദ്ധ്യവുമൊക്കെ സ്വര്‍ണ്ണത്തെ ഏറെ പ്രിയങ്കരമാക്കി. ഏതെങ്കിലും ചടങ്ങിൽ പങ്കെടുക്കുമ്പോൾ മിക്കവാറും എല്ലാ സ്ത്രീകളും പുതിയ വ്യത്യസ്തമാർന്ന ആഭരണങ്ങൾ ധരിക്കാൻ ശ്രദ്ധിച്ചിരുന്നു.
അതേസമയം, കേശുവിന്റെ ഭാര്യ രുക്കുവിനും മക്കൾക്കും പുതിയ ആഭരണമൊന്നും ഉണ്ടായിരുന്നില്ല. പഴയ ചുരുക്കം ചില സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം. കേശുവിനോടു ചോദിച്ചാൽ ചുരുങ്ങിയ ചെലവിൽ പലപ്പോഴായി ആഭരണങ്ങൾ വാങ്ങാമെങ്കിലും അവളുടെ ന്യായം ഇതായിരുന്നു -
"അങ്ങേര് കണ്ടറിഞ്ഞ് ഭാര്യക്കും പിള്ളേർക്കും ഉണ്ടാക്കി കൊടുക്കട്ടെ"
രാവിലെ കുട്ടികൾ പായയിൽനിന്നും എണീക്കുന്നതിനു മുൻപുതന്നെ കേശു കൊട്ടാരത്തിലേക്കു പുറപ്പെട്ടിരിക്കും. തിരികെ രാത്രിയിൽ വരുമ്പോൾ അവർ ഉറക്കം പിടിച്ചിരിക്കും. ആഴ്ചയിൽ ഒരു ദിവസം കേശുവിന് അവധി കിട്ടുമ്പോൾ
കുട്ടികൾ പരിഭവം പറയും-
"അച്ഛനെ ഒന്നു കാണാൻ പോലും കിട്ടുന്നില്ല. ഞങ്ങളുടെ കൂടെ കളിക്കാനും ചിരിക്കാനും വരത്തില്ലല്ലോ "
"എന്റെ മക്കളേ... അച്ഛന് ഇഷ്ടല്ലാത്തതു കൊണ്ടല്ല. കൊട്ടാരത്തിലെ ജോലിയാണ്. ഒട്ടും വിശ്രമിക്കാൻ പറ്റില്ല. ഒരാഴ്ചയിൽ ഒരു ദിവസം കിട്ടിയാലോ വല്ലാത്ത ക്ഷീണം. ഞാനൊന്നു കിടക്കട്ടെ"
ക്രമേണ രുക്കുവിനും കുട്ടികൾക്കും അയാളോട് സ്നേഹം കുറഞ്ഞു വന്നു. എന്നാല്‍, കൊട്ടാര തൊഴില്‍ശാലയില്‍ ആളുകള്‍ പുകഴ്ത്തിപ്പാടിക്കൊണ്ടിരുന്നു. മറ്റുള്ളവരുടെ പണികള്‍കൂടി സൂത്രത്തില്‍ കേശുവിന്റെ തലയിലേക്ക് വച്ചുകൊടുത്തു! അങ്ങനെ, കേശു എല്ലാവരുടെയും കണ്ണിലുണ്ണിയായി. ഇതേപ്പറ്റി എന്തെങ്കിലും രുക്കു പറഞ്ഞാൽ അന്നേരം, കേശു തന്റെ ജോലി ഭാരത്തിന്റെയും പണിയുടെ ഗൗരവത്തേപ്പറ്റിയും വാചാലനാകും.
അങ്ങനെ, വർഷങ്ങൾ ഏറെ കടന്നു പോയി. വേണ്ടതായ വിശ്രമമില്ലാതെ തുടർച്ചയായി ജോലിയിൽ മാത്രം ശ്രദ്ധിച്ച് കേശുവിന്റെ ആരോഗ്യം നശിച്ചു തുടങ്ങി. പണിയിലെ കൃത്യത കുറഞ്ഞു വന്നപ്പോൾ അതുവരെ മുഖസ്തുതി പാടിയവര്‍ തിരിഞ്ഞു-
"അയാളുടെ കാലം കഴിഞ്ഞു. ഇനി വീട്ടിലിരിക്കുന്നതായിരിക്കും ഭേദം"
പിരിച്ചുവിടുമെന്ന് സൂചന കിട്ടി. ചിങ്ങമാസം ഒന്നാം തീയതി ജോലിയുടെ അവസാന ദിനമായിരിക്കുമെന്ന് ഉത്തരവും കിട്ടി.
ജോലിയിലെ അവസാന ദിനം -
കേശു തന്റെ കഠിനാധ്വാനത്തേപ്പറ്റിയും പ്രതിഫലത്തേപ്പറ്റിയും വീടു പണിതതുമൊക്കെ ഓർത്തുകൊണ്ട് പൊന്നുരുക്കിയെടുത്തുകൊണ്ടിരുന്നു.
അപ്പോഴാണ് അയാൾ ഒരു കാര്യം ഓർത്തത്!
രുക്കുവിനും മക്കൾക്കും താൻ പണിത ആഭരണങ്ങൾ ഒന്നും തന്നെയില്ല. എല്ലാം പഴയതു മാത്രം. പെട്ടെന്ന്, അതിമനോഹരമായ മാലയും വളയും രുക്കുവിനു വേണ്ടി ഉണ്ടാക്കി. കുട്ടികള്‍ക്ക് പൊന്നരഞ്ഞാണവും പാദസരങ്ങളും. പോരാൻനേരം, അതിന്റെ വില രാജാവ് ഇളവു ചെയ്യുകയും ചെയ്തു.
മാത്രമല്ല, രാജാവ് ഒരു പണക്കിഴിയും കേശുവിനു സമ്മാനിച്ചു. അതീവ സന്തോഷത്തോടെ വീട്ടിലേക്കു നടക്കവേ, തനിക്ക് ഇനി കുട്ടികളുമായി കളിക്കാനും ഭാര്യയുമായി സംസാരിക്കാനും യഥേഷ്ടം സമയം കിട്ടുമല്ലോ എന്നോർത്ത് ആശ്വാസമായി. അങ്ങനെ രാത്രിയില്‍ വീട്ടിലേക്കുള്ള വഴിയിലൂടെ കുറെ ദൂരം നടന്നപ്പോൾ കേശുവിനു തലകറക്കമുണ്ടായി. നിലത്തു വീണയുടൻ ജീവൻ വെടിഞ്ഞു. ആ നിമിഷം തന്നെ, സഞ്ചിയിലെ കിഴിയും ആഭരണങ്ങളും ആരോ തട്ടിയെടുക്കുകയും ചെയ്തു!
അങ്ങനെ, വിലയേറിയ ആഭരണങ്ങൾ കേശു ഉണ്ടാക്കിയതുപോലും രുക്കുവും കുട്ടികളും ഒരിക്കലും അറിഞ്ഞില്ല!
ആശയം -
'പണിയേ ശരണം' എന്നു മാത്രം വിചാരിച്ചു നടക്കുന്ന (workaholic) ആളുകള്‍ നമുക്കു ചുറ്റും അനേകമാണ്. അവരുടെ കഴിവുകളെ പരമാവധി ചോര്‍ത്തിയെടുക്കാന്‍ തൊഴില്‍സ്ഥാപനങ്ങള്‍ വെറുതെയങ്ങ് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു ചൂഷണം ചെയ്തുകൊണ്ടിരിക്കും. സ്വന്തം കുടുംബത്തെ സ്നേഹിക്കാനുള്ള സമയത്ത് അത് കൊടുക്കുകതന്നെ വേണം. സ്വീകരിക്കേണ്ട സമയത്ത് അവഗണിക്കാതെ ഏറ്റുവാങ്ങുകയും വേണം. സ്നേഹത്തിനും കരുതലിനും പരിഗണനയ്ക്കും സൗമ്യ സംസാരങ്ങള്‍ക്കും സമയം, കാലം, സന്ദർഭം എന്നിവയൊക്കെ അനുകൂലമാകാൻ കാത്തിരുന്നാൽ ചിലപ്പോൾ നിഷ്പ്രയോജനങ്ങളാകും. അതിനാൽ, പാത്രമറിഞ്ഞ് വിളമ്പുക. സ്വീകരിക്കുക. ആസ്വദിക്കുക. എങ്കിൽ മാത്രമേ, കുടുംബ ജീവിതത്തിന് സ്വർണ്ണത്തിളക്കം കിട്ടുകയുള്ളൂ.
Comments