ഡയോജനീസ് നൽകിയ സന്ദേശം
പണ്ട്, യവന ദേശം എന്നറിയപ്പെട്ടിരുന്ന ഗ്രീസ് ഒട്ടേറെ മഹാന്മാർക്കു ജന്മം നൽകിയ നാടാണല്ലോ. ഡയോജനീസ് ഒരു ഗ്രീക്ക് ദാർശനികനും തത്വചിന്തകനുമായിരുന്നു. അദ്ദേഹം തുർക്കിയിൽ ബി.സി. 412 കാലത്ത് ജനിച്ചു. പിന്നീട്, ഗ്രീസിലെ ഏതൻസിലേക്ക് വന്നു. അവിടെ വലിയൊരു വീപ്പയിൽ കിടന്നുറങ്ങി. പകൽ, ഭിക്ഷ യാചിച്ച് ഓരോ ദിവസത്തെയും ആഹാരം കണ്ടെത്തിയിരുന്നു. ഈ വിധത്തിൽ ജീവിതകാലം മുഴുവനും ദരിദ്രനായി ജീവിച്ചു. അദ്ദേഹത്തിന്റെ ദർശനങ്ങൾ പരമ്പരാഗത സമ്പ്രദായങ്ങൾക്ക് എന്നും എതിരായിരുന്നു. ബി.സി. 323 കാലഘട്ടത്തിൽ ഡയോജനീസ് അന്തരിച്ചുവെന്ന് കരുതപ്പെടുന്നു.
അന്നത്തെ സമൂഹം ഡയോജനീസിനെ കണ്ടിരുന്നത് ഒരു ഭ്രാന്തനായിട്ടായിരുന്നു. അതേസമയം, തമാശകളിൽ ഒളിപ്പിച്ച ഫിലോസഫി പലർക്കും മനസ്സിലായതുമില്ല.
അദ്ദേഹം കയ്യിലൊരു കത്തിച്ച റാന്തൽ വിളക്കുമായി നടക്കുന്നതു കണ്ടപ്പോൾ ആളുകൾ ചോദിച്ചു -
"ഈ പകൽ സമയത്ത് വിളക്കും വെളിച്ചവും എന്തിന്?"
അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു -
"ഞാൻ മനുഷ്യനെ തേടുകയാണ് !"
സാധാരണ ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. പക്ഷേ, ഇവിടെ നല്ല മനുഷ്യൻ ഇല്ലെന്നും നാം നല്ല മനുഷ്യനെ തിരഞ്ഞു കണ്ടുപിടിക്കണമെന്നുമായിരുന്നു ആ റാന്തല്‍ വിളക്കിന്റെ മഹത്തായ സന്ദേശം!
ഒരിക്കൽ, ഡയോജനീസ് പൊതുവഴിയിൽ നിന്ന് പൊട്ടിച്ചിരിക്കുന്നതു കണ്ട് വഴിപോക്കൻ ചോദിച്ചു -
"നീ എന്തിനാണ് ചിരിക്കുന്നത്?"
അപ്പോള്‍, അദ്ദേഹം വഴിയിലെ ഒരു കൂർത്ത കല്ല് ഇളക്കിയെടുത്തു. അതിനു ശേഷം പറഞ്ഞു -
"ഈ കൂർത്ത കല്ലിൽ തട്ടി പത്തുപേരുടെ കാലുകൾ മുറിഞ്ഞതു ഞാൻ കണ്ടു. എന്നാൽ, പിന്നീടു വന്ന ഒരു കുട്ടിയുടെ കാൽ മുറിഞ്ഞപ്പോൾ അവനു ദേഷ്യം വന്നു. അവൻ വേറൊരു കല്ല് എടുത്തു കൊണ്ടുവന്ന് ഈ കൂർത്ത കല്ലിൽ അലറിക്കൊണ്ട് ഇടിച്ചു! ആ കല്ല് ഞാൻ പിന്നീട് ഇളക്കിയെടുത്തു. അതാണിത്!"
വഴിപോക്കൻ അന്തം വിട്ടു നോക്കി നിൽക്കുമ്പോൾ ഡയോജനീസ് പൊട്ടിച്ചിരികൾക്കിടയിൽ വിളിച്ചുകൂവി -
"കുട്ടികൾ വളരാതിരുന്നെങ്കിൽ!
സ്വാർഥത വളരാതിരുന്നെങ്കിൽ!"
Comments