അറിവ് പൂട്ടി സൂക്ഷിക്കാനുള്ളതല്ല!
ഉണ്ണിക്കുട്ടന്‍ നാലാംതരത്തില്‍ പഠിക്കുന്ന സമയം. അവന്‍ ക്ലാസ്സിലെ ഒന്നാമനായതിനാല്‍ മറ്റു കുട്ടികള്‍ സംശയം ചോദിക്കാന്‍ വരുമെങ്കിലും പറഞ്ഞുകൊടുക്കാന്‍ ഉത്സാഹമില്ലായിരുന്നു. അതു പിടികിട്ടിയ നാണിയമ്മ അതിനുപറ്റിയ ഒരു കഥ ഉറങ്ങാന്‍ നേരം പറഞ്ഞുതുടങ്ങി-
സിൽബാരിപുരംരാജ്യത്ത് പ്രശസ്തനായ ഒരു ഗുരുജി താമസിച്ചിരുന്നു. വീരമണി എന്നു പേരായ അദ്ദേഹത്തിന്റെ സേവനങ്ങളിൽ സംപ്രീതനായി അന്നാട്ടിലെ രാജാവ് ആശ്രമത്തിനായി ഒരുപാടു സ്ഥലം വിട്ടുകൊടുത്തു. അതിൽ, കൃഷിയിടങ്ങളും കാടുപിടിച്ച സ്ഥലങ്ങളും ചതുപ്പുനിലങ്ങളുമൊക്കെയുണ്ട്.
അക്കാലത്ത്, അയല്‍രാജ്യമായ കോസലപുരത്ത് സേതു എന്ന വൻകിട വ്യാപാരിയെ ചില സുഹൃത്തുക്കൾ ചതിച്ചു. വൈകാതെ, കച്ചവടമെല്ലാം പൊളിഞ്ഞ് അയാൾ കടം കയറി നിൽക്കക്കള്ളിയില്ലാതായി.
കോസലപുരത്തെ തടവറയിൽ ഒടുങ്ങുന്ന ജീവിതത്തെ പേടിച്ച് ഒരു രാത്രിയിൽ സേതു സിൽബാരിപുരത്തേക്ക് ഒളിച്ചോടി. കാരണം, ഇവിടേക്കു പോന്നാൽ അതിർത്തി കടന്ന് ആരെയും പിടിച്ചു കൊണ്ടുപോകാൻ ക്ഷിപ്രകോപിയായ രാജാവിന്റെ നിയമങ്ങൾ അനുവദിച്ചിരുന്നില്ല.
വലിയ മാളികയിൽ സുഖസൗകര്യങ്ങളിൽ മുഴുകി ജീവിച്ചുവന്നിരുന്ന സേതുവിന് വഴിയാത്രയിലെ ദുർഘട സാഹചര്യങ്ങൾ താങ്ങാനായില്ല. അയാൾ അവശനായി പാതയോരത്തെ ആൽത്തറയിൽ കിടക്കുമ്പോൾ ആരോ പറഞ്ഞു -
"ഇയാളുടെ നിരാശയൊക്കെ മാറ്റാനുള്ള ദിവ്യശക്തി വീരമണിഗുരുജിക്കുണ്ട്"
അയാൾ അതു ശ്രവിച്ച്, ഗുരുജിയുടെ ആശ്രമം ലക്ഷ്യമാക്കി നടന്നു. അടുത്ത ദിനം, വൈകുന്നേരത്തോടെ സേതു ആശ്രമത്തിലെത്തിച്ചേർന്നു.
അയാൾ ഗുരുജിയോടു യാചിച്ചു -
"അങ്ങ് എന്നെ സഹായിക്കണം. ഞാനിനി എന്തു ചെയ്യുമെന്ന് ഒരു രൂപവുമില്ല"
ഗുരുജി നീരസത്തോടെ പറഞ്ഞു -
"എന്റെ പ്രാർഥനയ്ക്കുള്ള സമയമായി. താൻ നാളെ രാവിലെ വരിക"
"ഗുരുജീ ... എന്നെ കൈവിടല്ലേ. രാവിലെ വരെ എനിക്കു പിടിച്ചു നിൽക്കാനാവില്ല. എന്റെ സമനില തെറ്റി ബോധം മറയുന്ന പോലെ!"
ഗുരുജി പറഞ്ഞു -
"അപ്പോൾ...ശരി...നാളെ രാവിലെ വന്നോളൂ"
അദ്ദേഹം ശക്തിയായി ആശ്രമവാതിലടച്ചു.
അടുത്ത ദിനം, രാവിലെ ഗുരുജിയും ഏതാനും ശിഷ്യരും കൂടി അമ്പലത്തിൽ പോകുകയായിരുന്നു. ആ വഴിയുടെ ഒരു വശം നിറയെ ചതുപ്പുനിലമായിരുന്നു. കുറെ ദൂരം ചെന്നപ്പോൾ ഒരാൾ ചതുപ്പിൽ പുതഞ്ഞു കിടക്കുന്നതു കണ്ടു!
ഒരു ശിഷ്യൻ അതു ഗുരുജിയുടെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹം നോക്കിയപ്പോൾ ഞെട്ടിത്തരിച്ചു!
തലേ ദിവസം തന്റെ മുന്നിൽ യാചിച്ച ആ മനുഷ്യൻ!
എന്നാലോ? അയാൾക്കു മുന്നിൽ താൻ വാതിലടച്ചു!
ഗുരുജി ഒരു നിമിഷം കൊണ്ട് വിവേക ബുദ്ധി വീണ്ടെടുത്തു -
"ഇയാൾ ഈ ദേശവാസിയല്ലെന്നു തോന്നുന്നു. ചിലപ്പോൾ പകർച്ചവ്യാധി പിടിച്ചു മരിച്ചതാകാം. വരൂ... നമുക്കു വേഗം പോകാം, അമ്പലത്തിന്റെ നടയടയ്ക്കും"
പതിവുപോലെ, അന്നും ഗുരുജിയും ശിഷ്യരും അമ്പലത്തിൽ ഭഗവാനോട് തീവ്രമായി പ്രാർഥിച്ചു മടങ്ങി!
ആശയം -
സർവശക്തനായ ദൈവമാണ് പരമമായ അറിവ്. അറിവു തേടാനും നേടാനും ഭഗവാന്റെ കൃപ വേണം. അതായത്, അതെല്ലാം ഒരു നിമിത്തമാണ്. എന്നാൽ, നേടിയ അറിവ് സ്വന്തം തലയിൽ വച്ചുപൂട്ടാനുള്ളതല്ല. കാരണം, മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന് ഭഗവാന് തോന്നിയതു കൊണ്ടാണല്ലോ ഒരാൾ അറിവിന്റെ നിയോഗമായി മാറുന്നത്.
മറ്റൊരാൾക്ക് അത്യാവശ്യ സമയത്തു കൊടുക്കേണ്ട അറിവ് നിഷേധിക്കാൻ ഒരു പണ്ഡിതനും അവകാശമില്ല. അതിന് സമയവും മുഹൂർത്തവും രാശിയും നോക്കേണ്ടതില്ല. എന്തെന്നാല്‍, ചില തല്‍സമയ ജ്ഞാനത്തിനു സന്ദര്‍ഭത്തെ അനുസരിച്ച് ജീവനോളംതന്നെ വിലയുണ്ട്!
Comments