മനുഷ്യരുടെ അത്യാർത്തി!
ഒരു കാലത്ത്, സിൽബാരിപുരംദേശമാകെ കാടുപിടിച്ചു കിടക്കുകയായിരുന്നു. എങ്കിലും, അതിനിടയിൽ മനുഷ്യവാസമുള്ള ചില ഗ്രാമങ്ങളുമുണ്ടായിരുന്നു.
അയൽദേശമായ കോസലപുരംദേശവുമായി വേർതിരിച്ചിരുന്നത് രാജമല എന്നാരു പടുകൂറ്റൻ മലയായിരുന്നു. അതിന്റെ അടിവാരത്തിൽ പാറ പൊട്ടിക്കുന്ന പണിയായിരുന്നു കിട്ടുണ്ണിയുടേത്. അവൻ കരുത്തനാണ്. എന്നിരുന്നാലും, കുറെ വർഷങ്ങൾ പണിയെടുത്തപ്പോൾ അയാൾക്ക് ആ ജോലിയോടു വെറുപ്പായിത്തുടങ്ങി. അങ്ങനെ, മരം വെട്ടുന്ന പണിയായി പിന്നീട്.
ഒരു ദിനം- അയാൾ വലിയൊരു ഇലഞ്ഞിമരത്തിന്റെ കീഴിൽ വന്ന് വേരു തെളിക്കാൻ വേണ്ടി കാട്ടുവള്ളിയും പള്ളയും മാറ്റിത്തുടങ്ങി. വേരിൽ മഴു ഓങ്ങിയപ്പോൾ -
"ഹേയ്.... മനുഷ്യാ... അരുത്.. ഈ മരം വെട്ടരുത് !"
അയാൾ മുകളിലേക്കു നോക്കിയപ്പോൾ ഞെട്ടി!
അതു വനദേവതയായിരുന്നു!
തന്റെ കയ്യിൽ അപാരമൂർച്ചയുള്ള മഴുവിൽ മുറുകെ പിടിച്ചു കൊണ്ട് കിട്ടുണ്ണി പറഞ്ഞു -
"സാദ്ധ്യമല്ല, ഞാൻ ഇതു തന്നെ വെട്ടും, കഴിഞ്ഞ പത്തു വർഷമായി പാറ പൊട്ടിച്ച് ഞാൻ കഷ്ടപ്പെട്ടപ്പോൾ വനദേവത എവിടെയായിരുന്നു ?"
വനദേവത വിനീതയായി പറഞ്ഞു -
"ഞാൻ കഴിഞ്ഞ നൂറു വർഷമായി ഐശ്വര്യത്തോടെ കുടിയിരിക്കുന്ന ഇലഞ്ഞിമരമാണിത്. എന്റെ ശക്തിയാൽ നിന്നെ ഒരുപിടി ചാരമാക്കാൻ എനിക്കു കഴിയും. പക്ഷേ, ഇപ്പോൾ ന്യായം നിന്റെ ഭാഗത്താണ്. മരം വെട്ടുന്ന നിന്റെ കർമ്മത്തെ തടയുന്നത് അധാർമികമാണ്. അതു കൊണ്ട് നിനക്ക് എന്തു വരമാണ് പകരമായി വേണ്ടത്? ചോദിച്ചു കൊള്ളുക"
കിട്ടുണ്ണി തന്റെ അമ്പരപ്പ് മറച്ചുവെച്ച് ധൈര്യസമേതം ചോദിച്ചു-
"ഞാൻ ജനിച്ചപ്പോൾ മുതൽ കഷ്ടപ്പാടാണ്, കല്ലു പൊട്ടിച്ച്, മരം വെട്ടി ജീവിതം മടുത്തു. അതുകൊണ്ട് എനിക്കിനി മനുഷ്യനായി ജീവിക്കേണ്ട. മറ്റേതെങ്കിലും ജീവിയായി സുഖമായിട്ടു കഴിയാമല്ലോ. എന്നെ അങ്ങനെ ഇപ്പോൾത്തന്നെ മാറ്റിത്തരണം"
ഉടൻ, വനദേവത പുഞ്ചിരിയോടെ പറഞ്ഞു -
"അതു നിന്റെ തോന്നലാണ്. നീ മറ്റുള്ളവരേക്കാൾ എത്ര ശക്തിമാനാണ്. മാത്രമല്ല, മനുഷ്യജന്മം ആയിരം ജന്മത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ ഭാഗ്യമാണ് ! അതിനെ ചെറുതായി കാണരുത്. മാത്രമല്ല, എല്ലാ ജീവികൾക്കും വേദനയും കഷ്ടപ്പാടുമെല്ലാം ഉണ്ട്"
പക്ഷേ, കിട്ടുണ്ണി ഒട്ടും അയഞ്ഞില്ല -
"വനദേവത എന്നെ പറ്റിക്കാൻ വെറുതെ പറയുന്നതാണ്"
വനദേവത വിശദീകരിച്ചു -
"നീ മരച്ചുവട്ടിൽ കണ്ണടച്ചു കിടന്നോളൂ. നിന്നെ ഈ ലോകത്തിലെ മറ്റു ജീവികളുടെ കാഴ്ചകൾ ഞാൻ കാട്ടിത്തരാം"
അവനു സമ്മതമായി. കണ്ണടച്ചു കിടന്നയുടൻ വനദേവതയുടെ മാസ്മരിക ശക്തിയാൽ ഉറക്കമായി. അനന്തരം വനദേവത അവന്റെ ആത്മാവുമായി യാത്രയായി. പോകുംവഴി പലയിനം കിളികൾ പറന്നതു കണ്ടപ്പോൾ കിട്ടുണ്ണി പറഞ്ഞു-
"എനിക്ക് ഒരു കിളിയായാൽ മതി, ഇഷ്ടംപോലെ പറന്നു നടക്കാമല്ലോ"
വനദേവത: "കിളികൾക്ക് ആയുസ്സ് തീരെ കുറവാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ മറ്റേതെങ്കിലും ജീവികൾ അവയെ ആഹാരമാക്കും. ഏറ്റവും ഉയരത്തിൽ പറന്നു നടക്കുന്ന പക്ഷിരാജനായ കഴുകന്റെ അടുക്കൽ നമുക്കു പോകാം"
അവർ ചെന്നപ്പോൾ ഉയരെ ആകാശത്ത് ശക്തമായ കാറ്റു വീശുന്നുണ്ടായിരുന്നു. കാറ്റു വീശിയ ശക്തികൊണ്ട് ചിറകടിക്കാതെ കഴുകൻ മേലോട്ട് ഉയർന്നതു കണ്ട് കിട്ടുണ്ണിക്ക് കഴുകനായി മാറിയാൽ കൊള്ളാമെന്ന് ദേവതയോടു പറഞ്ഞു. മറുപടിക്കു പകരം കഴുകനെ പിന്തുടർന്ന് അത് ഭൂമിയിലേക്ക് ഊളിയിട്ടതിനൊപ്പം രണ്ടു പേരും കൂടി താഴെ കാട്ടിലെത്തി. അപ്പോൾ കഴുകൻ ഒരു ചത്ത പന്നിയെ കൊത്തിവലിക്കുകയായിരുന്നു. അതു കണ്ട് അറപ്പോടെ കിട്ടുണ്ണി പറഞ്ഞു -
"ഛെ! ഈ ജന്തുവിന്റെ ആഹാരം ഇത്രയും അഴുക്കാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. വേറെ ആരെങ്കിലുമായാൽ മതി"
എങ്കിൽ, കാട്ടുരാജനായ സിംഹമായാൽ മതിയെന്ന് കിട്ടുണ്ണി ആഗ്രഹം പറഞ്ഞതിനെ തുടർന്ന് സിംഹത്തിന്റെ മടയിലേക്കു പോയി. അപ്പോൾ സിംഹം രുചികരമായ മാനിറച്ചി തിന്നുകൊണ്ടിരുന്നപ്പോൾ കിട്ടുണ്ണിക്ക് സന്തോഷമായി. തുടർന്ന്, അല്പം കൂടി ക്ഷമിക്കാൻ വനദേവത പറഞ്ഞു.
സിംഹം വെളിയിലേക്കു നടന്നു നീങ്ങവേ നാഗരാജനായ രാജവെമ്പാല എതിരെ ഇഴഞ്ഞു വരുന്നുണ്ടായിരുന്നു. അതിന്റെ വഴിയിൽ സിംഹം വന്നത് പാമ്പിന് ഇഷ്ടമായില്ല. സിംഹം അതിന്റെ കടിയേറ്റ നിമിഷം തന്നെ പിടഞ്ഞു വീണു മരിച്ചു.
കിട്ടുണ്ണി ഞെട്ടി!
കാട്ടിലെ രാജാവായ സിംഹത്താനേക്കാൾ ശക്തൻ രാജവെമ്പാല തന്നെ! ഈ ജന്തുവിന് ആരെയും പേടിക്കേണ്ട.
ഉടൻ വനദേവത പറഞ്ഞു -
"നീ അല്പം കൂടി കാത്തിരിക്കൂ"
അവർ രാജവെമ്പാലയുടെ പിറകേ പോയി. ആ വഴിയിൽ ഒരു കീരിയും കുടുംബവും താമസിച്ചിരുന്നു. അതിന്റെ കുഞ്ഞുങ്ങളെ തിന്നുമെന്ന് കരുതി കീരി പാമ്പുമായി പൊരിഞ്ഞ പോരാട്ടം തുടങ്ങി. ഒടുവിൽ കീരി പാമ്പിന്റെ തല മുറിച്ചിട്ടു!
കീരിക്കുഞ്ഞുങ്ങൾ എല്ലാവരും കൂടി പാമ്പിന്റെ ഉടൽ തിന്നുന്നതു കണ്ട് കീരിയാണ് ശക്തൻ എന്നു കിട്ടുണ്ണി വിചാരിച്ചു.
പക്ഷേ, അല്പം കഴിഞ്ഞ് കീരിയും കുടുംബവും വെള്ളം കുടിക്കാനായി തടാകത്തിലെത്തി.
അപ്പോൾ- വലിയൊരു മൽസ്യം വന്ന് എല്ലാറ്റിനെയും ഒരുമിച്ചു വിഴുങ്ങി!
മൽസ്യം ശക്തിമാനെന്നു കിട്ടുണ്ണി കരുതിയിരിക്കുമ്പോൾ അവിടെ ചൂണ്ടയിട്ടിരുന്ന ഒരു സാധുമനുഷ്യന്റെ ചൂണ്ടയിൽ കുടുങ്ങി മീൻ അയാളുടെ കുട്ടയിൽ കിടന്നു പിടച്ചു!
കിട്ടുണ്ണി ആകെ വിഷമത്തിലായി. തന്റെ പാറപൊട്ടിക്കലും മരം വെട്ടും പോലെ മീൻപിടിത്തക്കാരനും പലപ്പോഴും പട്ടിണി തന്നെ. അതുകൊണ്ട്, തനിക്ക് മീന്‍കാരന്‍ ആകേണ്ട! അന്നേരം എവിടെ നിന്നോ കാട്ടുതീ പടർന്നു പിടിച്ചു മീൻപിടിത്തക്കാരനും അപകടത്തിലായി.
അപ്പോൾ കിട്ടുണ്ണി പറഞ്ഞു -
"അഗ്നിയാണ് ഏറ്റവും ഉഗ്ര ശക്തിമാൻ. എനിക്ക് അഗ്നിയാവണം"
ഉടൻ വനദേവത പറഞ്ഞു -
"അല്പം കാത്തിരിക്കുക "
കുറച്ചു കഴിഞ്ഞ് അവിടെ ശക്തമായ മഴ പെയ്തപ്പോൾ അഗ്നി പെട്ടെന്ന് അണഞ്ഞു.
കിട്ടുണ്ണി: "ഹൊ! അഗ്നിയെ തോൽപ്പിച്ച മഴ ഏറ്റവും വലിയ പ്രകൃതിവിശേഷംതന്നെ. ഞാൻ മഴമേഘമായി മാറട്ടെ ?"
വനദേവത: "ഇനിയും മറ്റൊരു കാര്യം നിന്നെ കാണിക്കാം"
വീണ്ടും കറുത്തിരുണ്ട മഴമേഘങ്ങൾ ആകാശത്ത് കൂടുകൂട്ടി. അപ്പോൾ ശക്തമായ കാറ്റു വീശിയപ്പോൾ മഴക്കാറ് പേടിച്ച് എങ്ങോട്ടോ പറന്നു പോയി!
കിട്ടുണ്ണി: "അഗ്നിയെയും മഴയെയും തോൽപ്പിച്ച കാറ്റാണ് ഏറ്റവും ശക്തിമാൻ!"
കുറച്ചു കൂടി ക്ഷമിക്കാൻ വനദേവത ആവശ്യപ്പെട്ടു. കാറ്റ് ശക്തമായി വീശിയതിനൊപ്പം അവർ പറന്നു കൊണ്ടിരുന്നു. കാറ്റ് വലിയ ശക്തിയിൽ ചെന്ന് രാജമലയിൽ ചെന്നിടിച്ച് തരിപ്പണമായി. രാജമല അല്പം പോലും കുലുങ്ങാതെ അവിടത്തന്നെ നിന്നു.
കിട്ടുണ്ണി: "ഏറ്റവും ശക്തിമാൻ രാജമലയാണെന്ന് മനസ്സിലായി"
വനദേവത: "മലയുടെ അടിവാരത്ത് നിനക്കു പകരമായി ഒരാൾ രാജമലയുടെ പാറ പൊട്ടിക്കുന്നതു നോക്കൂ. അപ്പോൾ ആരാണ് എറ്റവും വലിയ ശക്തിമാൻ?"
കിട്ടുണ്ണി: "പാറ പൊട്ടിച്ചിരുന്ന ഞാൻ തന്നെ! പക്ഷേ, ശക്തി കൊണ്ട് എന്തു കാര്യം? എന്റെ കഷ്ടപ്പാട് ഭയങ്കരമാണ്. ജീവികളുടെയും അവസ്ഥ മോശമാണ്. അതിനാല്‍, മനുഷ്യരിൽ ഏറ്റവും സുഖമായി വസിക്കുന്ന രാജാവായാൽ കൊള്ളാമെന്നുണ്ട് ''
ഉടൻതന്നെ, രണ്ടു പേരും സിൽബാരിപുരംകൊട്ടാരത്തിലെത്തി. അപ്പോൾ സമയം അർദ്ധരാത്രിയായിരുന്നു. കൊട്ടാരത്തിലെ ഒരു മുറിയിൽ മാത്രം വെളിച്ചമുണ്ട്. അവർ നോക്കിയപ്പോൾ രാജാവ് ഉറക്കമില്ലാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ്.
അപ്പോൾ വനദേവത പറഞ്ഞു -
"രാജാവ് എപ്പോഴും സുഖലോലുപതയിൽ വീഞ്ഞുകുടിച്ചു മയങ്ങുകയാണ് എന്നു നീ വിചാരിക്കുന്നുണ്ടാവും. പക്ഷേ, ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യം നോക്കൂ... കോസലപുരംരാജാവ് ആക്രമിക്കുമെന്ന് ചാരന്മാർ അറിയിച്ചതിനാൽ ഉറക്കം കൂടി പോയിരിക്കുന്നു. കാരണം, മരണഭയംതന്നെ "
വിറച്ചുകൊണ്ട് കിട്ടുണ്ണി പറഞ്ഞു -
"അയ്യോ! എനിക്കു രാജാവാകേണ്ട, വേഗം നമുക്കു തിരികെ പോകാം"
തിരികെ, വനദേവത ഇലഞ്ഞിമരത്തിൽ കുടിയേറി. കിട്ടുണ്ണി ഗാഢനിദ്രയിൽ നിന്ന് എണീറ്റു.
വനദേവത: " ഇനി നീ പറയുക. എന്റെ ഇലഞ്ഞിമരം നിനക്കു വെട്ടണമോ?"
"വനദേവത എന്നോടു ക്ഷമിച്ചാലും. ഞാൻ അവിടെ കാണുന്ന ആഞ്ഞിലിമരം വെട്ടിക്കോളാം"
അവൻ സന്തോഷത്തോടെ തന്റെ പണി തുടങ്ങി.
ഗുണപാഠം -
മനുഷ്യൻ സ്വന്തം വേദനകളും ദുരിതങ്ങളും പ്രതിസന്ധികളും ഈ ലോകത്ത് തനിക്കു മാത്രം സംഭവിച്ചു എന്ന മട്ടിലാകും കാര്യങ്ങളെ അപഗ്രഥിക്കുന്നത്.
പ്രകൃതി ഒരു ജീവജാലത്തിനും സുഖം മാത്രം രൂപകല്പന ചെയ്തിട്ടില്ല.
പലരും വേദന ഉള്ളിലൊതുക്കി ചിരിയുടെ പൊയ്മുഖമണിഞ്ഞു നടക്കുന്നുവെന്ന് സാമാന്യമായി കരുതുമല്ലോ. മനുഷ്യവേദനകളെ സാമാന്യവൽക്കരിച്ചാൽ കുറച്ചെങ്കിലും ആശ്വാസം ലഭിക്കും.
Comments