ഒരു അത്ഭുത കഥ!
യൂറോപ്പിലേക്ക് കുടിയേറിയ വീട്ടിലെ ദൈവ വിശ്വാസത്തിലൂന്നിയ അനുഭവകഥ വായിക്കാം - ഒരിക്കൽ, കോട്ടയംകാരിയായ നഴ്സും കുടുംബവും, കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ വീട് സന്ദർശിച്ചു. അന്ന് വൈകുന്നേരമായപ്പോൾ, ക്രിസ്ത്യൻ കുടുംബത്തിന്റെ രീതി അനുസരിച്ചുള്ള സന്ധ്യാപ്രാർഥന സമയത്ത്, ആ വീട്ടിലെ കൊച്ചുകുട്ടി മുതിർന്നവരേക്കാൾ തീഷ്ണമായി യേശുവിന്റെ അമ്മയായ പരിശുദ്ധ മാതാവിനോടു പ്രാർഥിക്കുന്നതു കാണാനിടയായി.
അതിഥികൾ ഇതു കണ്ട്, അമ്പരന്നു! അവർ ചോദിച്ചു - "മോൾക്ക് എങ്ങനെയാണ് മാതാവിനോട് ഇത്രയും ഭക്തി കിട്ടിയത്?"
അതിനെപ്പറ്റി അവർ പറഞ്ഞു തുടങ്ങി - സാധാരണ ദൈവഭക്തിയുള്ള ക്രിസ്തീയ കുടുംബത്തിന്റെ പ്രാർഥനയ്ക്കിടയിൽ കുട്ടി ഇടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- "മമ്മീ.. നമ്മൾ പ്രാർഥിക്കുന്ന ഈശോയും മാതാവും എവിടെയാ ഇരിക്കുന്നത്? എനിക്കെന്താ കാണാൻ പറ്റാത്തത് ? അവർക്കു നമ്മളെ കാണാവോ?"
അവളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരമൊന്നും പറയാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവർ തടി തപ്പും. ഒരിക്കൽ, ഒരു പാർട്ടിയിൽ പങ്കെടുക്കാനായി കുടുംബം വളരെ തിടുക്കത്തിൽ ഒരുങ്ങി. അതിനിടയിൽ കുട്ടിയുടെ പപ്പ നേരത്തേ ഗാരിജിൽ എത്തി വാഹനം ക്ലീൻ ചെയ്തു തുടങ്ങി.
കാരണം - അന്ന്, വൈറ്റ് ഷർട്ടായതിനാൽ ചെളി ഒഴിവാക്കാൻ വേണ്ടി പിന്നെ ഡ്രസ് ചെയ്യാമെന്നു കരുതി. എന്നാൽ, ഈ സമയത്ത് ഭാര്യയും മോളും ഒരുങ്ങിക്കഴിഞ്ഞ് മുൻവശത്തെ ഡോറിന്റെ സമീപം വന്നപ്പോൾ ഉച്ചത്തിൽ കൂവി-
" ഇച്ചായാ, മതി.. ഇന്ന് ഷാർപ് ഫൈവ് തേർട്ടിക്ക് ഫങ്ങ്ഷൻ തുടങ്ങും കേട്ടോ "
കാർഷെഡിൽ നിന്നും പ്രതികരണമില്ലാത്തതിന്നാൽ ബാഗും ഫോണും ടേബിളിൽ വച്ചിട്ട് കുട്ടിയോടൊപ്പം അവൾ ഗാരിജിലേക്കു വന്നു. അപ്പോൾ പുറത്ത് നല്ലതുപോലെ കാറ്റു വീശുന്നുണ്ടായിരുന്നു. ആ സീസണിൽ ആൽപ്സ് മലനിരകൾ കടന്നു വരുന്ന ശക്തമായ കാറ്റു വീശാറുള്ള പ്രദേശമാണത്. ഗാരിജും കാറും ഒരുപോലെ ഓട്ടമാറ്റിക് ഡോർ സെൻസർ ഉള്ളവയാണ്. പക്ഷേ , കാർ പഴയതാകയാൽ ഗാരിജ് ലോക്ക് ചെയ്യാറില്ല. അവൾ നോക്കുമ്പോൾ, കാറിനു ചുറ്റും ഒരു തുണികൊണ്ട് അയാൾ വൃത്തിയാക്കുന്നുണ്ട്!
"ഇച്ചായാ, ഇത്തവണ നമ്മൾ മാത്രമേ ലേറ്റാകത്തുള്ളൂ, വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ട് .." അയാൾ കാർ മിനുക്കി കിതച്ചു - "ദാ..വരുന്നു..അഞ്ചു മിനിറ്റ്.."
ഉടൻ, ശക്തമായ കാറ്റ് ഗാരിജിന്റെ ഉള്ളിലേക്ക് വീശിയതിനൊപ്പം അതിന്റെ ഡോർ ചീറിയടഞ്ഞു! ഗാരിജിനുളളിൽ സർവത്ര ഇരുട്ട്!
"ഷിറ്റ്! അതിന്റെ റിമോട്ട് ലോക്ക് എന്റെ ഡ്രോയിലാണ്! നീ ഫോണിൽ ലൂസിയാന്റിയെ വിളിക്ക് ''
''ഞാൻ ഫോൺ എടുത്തില്ല ഇച്ചായാ! "
"അയ്യോ! നമ്മൾ കുടുങ്ങിയല്ലോ!"
അയാൾ കാർ സ്റ്റാർട്ട് ചെയ്ത് ഹെഡ് ലൈറ്റ് ഇട്ടപ്പോൾ അവിടമാകെ പ്രകാശമായി. പിന്നെ, അവർ രണ്ടു പേരും ചേർന്ന് ഗാരിജിന്റെ ഡോർ ശക്തിയായി കുലുക്കിത്തള്ളി തല്ലിനോക്കിയിട്ടും കൈ വേദനിച്ചതു ഫലം. ഗാരിജിന്റെ പിറകുവശത്തായി വീട്ടിലേക്ക് കയറാൻ പറ്റുന്ന ഡോറുണ്ടെങ്കിലും കുറച്ചു വർഷങ്ങളായി അതു തുറക്കാറില്ല. അതേസമയം, കുട്ടി പേടിച്ചു കരയാനും തടങ്ങി!
"എടീ, നാളെ രാവിലെ പള്ളിയിൽ പോകുന്ന വഴി ടോമിച്ചൻ എന്നെ കാണാൻ കയറുമെന്ന് പറഞ്ഞിരുന്നു"
"ഇച്ചായാ, വേറൊരു കുഴപ്പം. ഞാൻ ഫ്രണ്ട് ഡോർ അടച്ചില്ല. അതു തുറന്നു കിടക്കുവാണ്!"
അതേസമയം, മോൾ നിലത്തു മുട്ടുകുത്തി കൈ വിരിച്ച് മാതാവിനോടു പ്രാർഥിക്കാൻ തുടങ്ങി- "മാതാവേ, ഞങ്ങളെ രക്ഷിക്കണേ.."
കൊച്ചിന്റെ പ്രാർഥന കേട്ട് അവരുടെ കണ്ണു നിറഞ്ഞു.- "ഞങ്ങടെ പൊന്നുമോള് വിഷമിക്കാതെ. നമുക്ക് കാറിൽ കിടന്നുറങ്ങാം. നാളെ ഡോർ തുറക്കും കേട്ടോ"
കൊച്ചിനെ മമ്മി കാറിലേക്ക് ഇരുത്തി. അയാൾ ഗാരിജിലൂടെ തലങ്ങും വിലങ്ങും വെറുതെ ഓരോന്ന് ആലോചിച്ചു നടന്നു കൊണ്ടിരുന്നപ്പോൾ കാർ തുടയ്ക്കുന്ന തുണികളും മറ്റും വച്ചിരുന്ന ചെറു മേശമേൽ ഒരു കീ ഇരിക്കുന്നതായി കണ്ടു!
അത്തരമൊരു കീ മുൻപു കണ്ടതായി ഓർമ്മയിൽ വന്നില്ലെങ്കിലും ഡോറിൽ പറ്റുമോയെന്ന് പരീക്ഷിച്ചു. അത്ഭുതം! ഡോർ ഒരു മടിയും കൂടാതെ മലർക്കെ തുറന്നു!
മോൾ അപ്പോൾ വിളിച്ചുകൂവി - ''ഞാൻ പ്രാർഥിച്ചപ്പോൾ മാതാവ് കീ തന്നേ..!"
അങ്ങനെയൊരു സ്പെയർ കീ ഇത്രയും കാലത്തിനിടയ്ക്ക് മേശമേൽ ഉള്ളതായി ആരും കണ്ടിട്ടില്ലത്രെ! ഈ സംഭവത്തോടെ ആ കുട്ടി പരിശുദ്ധ മാതാവിന്റെ ഭക്തയായിത്തീർന്നു!
This is my Malayalam ebooks-326 spiritual stories online reading.
Comments