അതൃപ്തിയുടെ മാതൃക!

പണ്ടുപണ്ട്.... സിൽബാരിപുരംദേശത്ത്, ചിന്നൻ എന്നൊരു തവളയുണ്ടായിരുന്നു. അവൻ പുൽമേട്ടിലൂടെ പുൽച്ചാടികളെ തിന്ന് സുഖമായി കഴിയുകയായിരുന്നു.

ഒരു ദിവസം -

പുല്ലിലൂടെ ചാടി നടന്നപ്പോൾ, ഒരു പാമ്പ് അവനെ വിഴുങ്ങാൻ ചാടിപ്പിടിച്ചു. അവൻ ശക്തിയായി പിടച്ചപ്പോൾ പാമ്പിന്റെ വായിൽ നിന്ന് തെറിച്ചു വീണു. തവള ചാടി ആൽമരത്തിൽ കയറി രക്ഷപ്പെട്ടു! അപ്പോൾ മുതൽ മരത്തിൽ നിന്ന് ഇറങ്ങാതെ 'പോക്രോം...പോക്രോം' എന്നു കരഞ്ഞുകൊണ്ടിരുന്നു.

ആൽമരത്തിലായിരുന്നു വനദേവതയുടെ വാസസ്ഥലം. ചിന്നന്റെ തുടർച്ചയായുള്ള ശബ്ദം വനദേവതയ്ക്കു ശല്യമായി.

വനദേവത ചിന്നനു മുന്നിൽ പ്രത്യക്ഷപ്പെട്ടു -

"നിന്റെ പോക്രോം ശബ്ദം എനിക്ക് അരോചകമാണ്. ഒന്നു നിർത്താമോ ഈ ശല്യം?"

"വനദേവത എന്നോടു ക്ഷമിച്ചാലും. ഞാൻ പേടിച്ചു കരയുന്നതാണ്. താഴെയിറങ്ങിയാൽ എന്നെ പാമ്പു പിടിക്കും. എന്നെ രക്ഷിച്ചാൽ കരച്ചിൽ നിർത്താം"

"പാമ്പിന്റെ ആഹാരമാണു തവളകൾ. അതിനാൽ എനിക്ക് പ്രകൃതിനിയമം തെറ്റിക്കാനാവില്ല "

"എങ്കിൽ ഈ മരത്തിനു കീഴിലുള്ള കുളത്തിലെ വെള്ളത്തിൽ കഴിയാൻ അനുവദിക്കണം"

"ശരി... അങ്ങനെയാകട്ടെ. വെള്ളത്തിൽ മുങ്ങുമ്പോൾ നിന്റെ തൊലിയിലൂടെ ശ്വാസമെടുത്തോളൂ. പക്ഷേ, ഒരു കാര്യം ഓർക്കണം - പിന്നെ, കരയിൽ വച്ച് ശ്വാസം എടുക്കാൻ പറ്റില്ല"

അവൻ സന്തോഷത്തോടെ കുളത്തിലെ വെള്ളത്തിൽ എടുത്തു ചാടി നീന്തിക്കളിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുളത്തിലെ തീറ്റകൾ തീർന്നിരുന്നു. അവൻ കരയിലേക്ക് ചാടിക്കയറിയപ്പോൾ ശ്വാസം കിട്ടാതെ വെള്ളത്തിലേക്ക് തിരികെ ചാടി. വീണ്ടും ചിന്നൻതവള 'പോക്രോം... പോക്രോം' എന്ന് ആൽമരത്തിലേക്കു നോക്കി ഉച്ചത്തിൽ കരഞ്ഞു.

അന്നേരം, വനദേവതയ്ക്ക് വീണ്ടും അസഹ്യമായി.

"ഇതു വലിയ ശല്യമായല്ലോ. നീ ആവശ്യപ്പെട്ട പോലെ നിന്നെ വെള്ളത്തിൽ വിട്ടതാണല്ലോ. കരച്ചിൽ നിർത്തൂ...."

"വനദേവതേ , ഇവിടെ തീറ്റി തീർന്നിരിക്കുന്നു. വെള്ളത്തിൽ നീന്തി കൈകാലുകൾ കുഴഞ്ഞു. എനിക്ക് കരയിൽ ജീവിച്ചാൽ മതി"

പെട്ടെന്ന്, വനദേവത കോപിച്ചു -

"ഞാൻ നിനക്ക് നൽകിയ വരം തോന്ന്യാസം കാട്ടാനുള്ളതല്ല. ഇനി മേലിൽ ഇവിടെങ്ങും കണ്ടു പോകരുത്. ഇന്നുമുതല്‍, ഒരേ സമയം കരയിലും വെള്ളത്തിലും  അലഞ്ഞു തിരിയുന്ന ഉഭയജീവിയായി നീയും നിന്റെ വര്‍ഗ്ഗവും അറിയപ്പെടും. പാമ്പുകളും പക്ഷികളും മനുഷ്യരുമെല്ലാം നിന്നെയും കൂട്ടരെയും  പിടിച്ചുതിന്നും!"

ചിന്നൻതവള 'പോക്രോം....' എന്നു കരഞ്ഞുകൊണ്ട് അവിടം വിട്ടു തടാകക്കരയിലേക്കു പോയി. അന്നുതന്നെ ഒരു മനുഷ്യന്‍ ചിന്നനെ പിടിച്ചുതിന്ന് ആദ്യമായി തവളയിറച്ചിയുടെ തകര്‍പ്പന്‍രുചി ലോകത്തെ അറിയിച്ചു. അങ്ങനെ, തവളക്കാലിനു പ്രിയമേറിയതോടെ ആ ജീവികള്‍ക്ക് വംശനാശഭീഷണിയും  നേരിട്ടു തുടങ്ങി.

ആശയം -

ദൈവത്തിൽനിന്ന് എന്തെല്ലാം വരങ്ങൾ അഥവാ അനുഗ്രഹങ്ങൾ കിട്ടിയാലും തൃപ്തിയില്ലാതെ മനുഷ്യർ ഓടി നടക്കുന്നതു കാണാം. അടക്കവും മിതത്വവും ലളിതമായ ജീവിത ശൈലിയും സ്വീകരിക്കുക.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍